ആത്മരാഗം💖 : ഭാഗം 33

athmaragam thanseeh

രചന: തൻസീഹ് വയനാട്

ആര്യയും അമിതും കണ്ണുകൾ കൊണ്ട് കൊമ്പു കോർത്തു... എല്ലാവരും ശ്വാസം അടക്കി പിടിച്ചു കൊണ്ട് ഇരുവരെയും നോക്കി.. ആര്യയുടെ കണ്ണുകൾ കണ്ട് അവളുടെ നേരെ നോക്കാൻ പോലും ഈശ്വർ തുനിഞ്ഞില്ല.. അരികിൽ സ്തബ്ധനായി നിൽക്കുന്ന അക്ഷിതിന്റെ അടുക്കലേക്ക് നീങ്ങി നിന്ന് ഈശ്വർ അവന്റെ ഒരു തോളിൽ കൈവെച്ചു.... "ഇരുവരുടെയും മുഖഭാവം കണ്ട് രണ്ടിലൊരാളേ ഇനി കോളേജിൽ കാണൂ എന്ന് തോന്നുന്നു..അതിനി ആരായിരിക്കും... അമിതിനെ നമുക്കല്ലേ അറിയൂ.. ആ പെണ്ണും ഒട്ടും മോശമല്ല...കാഞ്ഞിരം തന്നെ.. പിടിച്ചു മാറ്റിയില്ലേൽ നമ്മുടെ അമിതിനെ താങ്ങി പിടിച്ചു കൊണ്ട് പോകേണ്ടി വരും.... " അവരെ നോക്കി പറഞ്ഞ ഈശ്വറിന്റെ വാക്കുകൾ കേട്ട് അല്പം ഭയത്തോടെ അക്ഷിത് അമിതിനെ നോക്കി .. കണ്ണിൽ ദേഷ്യം നിറഞ്ഞു നിൽക്കുന്നതിനാൽ അക്ഷിതിനെയോ അവന് കൊടുത്ത വാക്കോ അമിത് ഓർത്തില്ല.. മുന്നിൽ നിൽക്കുന്ന ശത്രു മാത്രമായിരുന്നു അവന്റെ കണ്ണിലും മനസ്സിലും നിറഞ്ഞു നിന്നിരുന്നത്....

അവൻ അവൾക്കു നേരെ നടന്നു.... "വാട്ട്‌ ഈസ്‌ ഗോയിങ് ഓൺ ഹിയർ...? " പെട്ടന്ന് പ്രിൻസിയുടെ ശബ്ദം ഹാളിൽ മുഴങ്ങിയതും ആര്യയും അമിതും കണ്ണുകൾ പിൻവലിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... അവരെ നോക്കി ദേഷ്യത്തിൽ നിൽക്കുന്ന പ്രിൻസിയെ കണ്ടതും ആര്യ ബാറ്റ് താഴ്ത്തി പിടിച്ചു.......... "മേം... അത്... " തന്റെ ഓഫിസ് റൂമിലെ കസേരയിൽ ഇരുന്ന് നിരന്നു നിൽക്കുന്ന വിദ്യാർത്ഥികളെ മാറി മാറി നോക്കുന്ന പ്രിൻസിയോട് അമിത് താഴ്ന്ന സ്വരത്തിൽ പറയാൻ നിന്നതും പറയേണ്ട എന്ന അർത്ഥത്തിൽ പ്രിൻസി കൈകൾ കൊണ്ട് അവനെ വിലക്കി... അമിത്, ആര്യ, അനി, ഈശ്വർ, എതിർപക്ഷത്തിൽ നിന്നും കുറച്ച് പേർ.. ഇത്രയും ആളുകളെയാണ് പ്രിൻസി തന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്...ഇതെല്ലാം മുൻ കൂട്ടി പ്ലാൻ ചെയ്ത പ്രതിപക്ഷത്തിലെ നേതാവായ അരുൺ അമിതിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.. "അമിത്.. എന്ത് എക്സ്പ്ലനേഷൻ ആണ് നിനക്കിതിന് നൽകാനുള്ളത്.. കോളേജിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാവേണ്ട ചെയർമാൻ തന്നെ പ്രശ്നം ഉണ്ടാക്കുക..

കൈ കരുത്തു കൊണ്ട് എല്ലാവരെയും നേരിടുക... ഇതെല്ലാം എന്താണ് അമിത്.. ഈ കോളേജിൽ അനാവശ്യമായി ഒന്നിനും അമിത് വഴക്കിടാറില്ലെന്ന് എനിക്കറിയാം.. ബട്ട്.. ഈ വർഷം നിനക്കെന്താ പറ്റിയത്.. അവസാന വർഷം ആയത് കൊണ്ട് എന്തും ആവാമെന്നാണോ.. " "സോറി മേം.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. ഞങ്ങളുടെ വിജയവും ഞങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും എല്ലാവരിലും എത്തിക്കണം എന്നും ഞങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് ഉറപ്പ് നൽകാനുമാണ് ഞങ്ങൾ മീറ്റിംഗ് വെച്ചത്.. നല്ലത് പോലെ മുന്നോട്ടു പോയ മീറ്റിംഗ് അലങ്കോലപ്പെടുത്തിയത് ഇവരാണ്.. കഴിഞ്ഞ വർഷം ഉണ്ടായത് മേം മറന്നിട്ടില്ലല്ലോ.. ഞാനും ഞങ്ങളുടെ മുന്നണിയും നിരപരാധികളാണ്... " നടന്നതെല്ലാം വ്യക്തമായി പ്രിൻസിയുടെ മുന്നിൽ അമിത് അവതരിപ്പിച്ചതും പ്രിൻസി തലയാട്ടി കൊണ്ട് എഴുന്നേറ്റു നിന്നു.. "അരുൺ.. നിനക്ക് കഴിഞ്ഞ വർഷം കിട്ടിയ സസ്‌പെൻഷൻ മതിയായില്ലേ.. ഇനിയും എന്നെ കൊണ്ടത് ചെയ്യിക്കണോ. " "മേം....ഞങ്ങൾ എന്ത് ചെയ്‌തെന്നാ..

കഴിഞ്ഞ വർഷം ഇവർ പറഞ്ഞ കാര്യങ്ങൾ ഒന്നും നിറവേറ്റാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.. അത് തുറന്നു പറഞ്ഞു.. അത്രേ ഉള്ളൂ... സത്യം പറയുമ്പോൾ എല്ലാവർക്കും ദേഷ്യം വരും.. അത് തന്നെയാ ഇവിടെയും നടന്നത്.. അമിത് അല്ലെ ആദ്യം അടി തുടങ്ങിയേ.. സസ്പെൻഷൻ ശെരിക്ക് കിട്ടേണ്ടത് അവനാണ്.. " "സ്റ്റോപ്പ്‌ ഇറ്റ്.. കോളേജിൽ പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുകയാണോ അരുൺ നീ.. അടി തുടങ്ങിയത് അമിത് ആണേൽ നിങ്ങളുടെ കൈകളിൽ എങ്ങനെ ബാറ്റും വടിയും വന്നു... നിങ്ങൾ പ്ലാൻ ചെയ്ത് പ്രശ്നം സൃഷിടിച്ചതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്.. പോലീസിൽ വിളിച്ചറിയിക്കുകയാണ് വേണ്ടത്.. ഇത്തരം അക്രമ സ്വഭാവം ഉള്ളവർക്കുള്ള മരുന്ന് പോലീസ് തന്നെയാണ്... എന്താ അമിത്.. അരുൺ... പോലീസ് കേസ് ആക്കണോ...? " പ്രിൻസി രണ്ടും കല്പിച്ചാണെന്ന് മനസ്സിലായതും ഇരു കൂട്ടരും വേണ്ടെന്ന് പറഞ്ഞു.. ഇനി പ്രശ്നം ഉണ്ടാക്കില്ലെന്ന് വാക്ക് കൊടുത്തതും പ്രിൻസി ഇത്തവണത്തേക്ക് ക്ഷമിച്ചു... "ഓക്കേ.. എല്ലാവരും ക്ലാസ്സിൽ പൊയ്ക്കോളൂ.. അമിത്..

ഇനി ഇത്തരം വഴക്ക് ഉണ്ടാവാതെ നോക്കേണ്ടത് നിന്റെ ഡ്യൂട്ടി ആണ്..ഈശ്വർ.. പാർട്ടികൾ തമ്മിൽ ഇനിയൊരു അടി ഇവിടെ ഉണ്ടാവരുത്....അക്കാര്യം ശ്രദ്ധിക്കേണ്ടത് നീയാണ്..... " "ഓക്കേ മേം.." എല്ലാവരും പിരിഞ്ഞു പോകാൻ നിന്നതും എന്തോ ഓർത്തെന്ന പോലെ പ്രിൻസി ആര്യയെയും അമിതിനെയും നോക്കി... "ആര്യയും അമിതും അല്ലാത്തവർക്ക് പോകാം.. " കർശന സ്വരത്തിൽ പ്രിൻസി പറഞ്ഞതും ആര്യ അവിടെ നിന്നു.. അനിയെ നോക്കി പൊയ്ക്കോ എന്ന് കാണിച്ച് അവൾ പ്രിൻസിയുടെ മുഖത്തേക്ക് നോക്കി.. എല്ലാവരും പോയതും പ്രിൻസി രണ്ട് പേരെയും മാറി മാറി നോക്കി അവരുടെ അടുത്തേക്ക് ചെന്നു.... "നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.. എല്ലാം ഇവിടേം കൊണ്ട് അവസാനിപ്പിക്കണം.. അമിത്.. നിന്റെ വീറും വാശിയും കോളേജിലെ പ്രവർത്തനങ്ങളിലാണ് കാണേണ്ടത്.. അല്ലാതെ ഒരു പെണ്ണിന്റെ ദേഹത്ത് കൈ വെച്ച് കൊണ്ടല്ല... അറിയാമല്ലോ പോലിസ് കേസ് ആയാൽ ശിക്ഷ എന്താണെന്ന്.. സോ.. ഇനി മേലിൽ ആവർത്തിക്കരുത്.. ഇത് ലാസ്റ്റ് വാർണിങ് ആണ്.... "

അമിതിനോട് അത്രയും പറഞ്ഞ് പ്രിൻസി ആര്യയുടെ നേർക്ക് തിരിഞ്ഞു... "ആര്യ.. വന്ന് കയറി പാടെ നീ നിന്റെ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയോ.. കഴിഞ്ഞ കോളേജിൽ ആദ്യ ദിനം തന്നെ ഡിസ്മിസ് വാങ്ങി വന്നവളെന്ന് അറിഞ്ഞതും നിന്നെ ഞാൻ നോട്ടമിട്ടിരുന്നു.. നിന്റെ വേലത്തരങ്ങൾ ഇവിടെ വേണ്ട.... നീ കൈവെച്ചത് ഈ കോളേജിലെ ചെയർമാനും സൂപ്പർ സീനിയറുമായ വിദ്യാർത്ഥിയുടെ മേലാണ്....ഒരു പെണ്ണിന് തന്റേടം ആവാം.. പക്ഷെ ആണിന്റെ മുഖത്ത് കൈ വെച്ച് കൊണ്ടാവരുത്... ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായെന്ന് എന്റെ ചെവിയിൽ എത്തിയാൽ ഡിസ്മിസ് അല്ലാതെ മറ്റൊരു ഓപ്ഷൻ നിനക്കുണ്ടാവില്ല...... മ്മ്മ്.. രണ്ടു പേരും ചെല്ല്... " രണ്ടു പേർക്കും വർണിങ് നൽകി കൊണ്ട് പ്രിൻസി കസേരയിൽ ഇരിക്കാൻ വേണ്ടി തിരിഞ്ഞു നടന്നതും ആര്യ മുന്നിൽ തടസ്സമായി നിന്നു... "സോറി മേം.. മേമിനെ അനുസരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. എന്റെ നേരെ എന്ത് വന്നാലും ഞാനത് സഹിക്കും.. പക്ഷെ.. കൂടപ്പിറപ്പല്ലെങ്കിൽ കൂടി ഞാൻ ചങ്കിൽ കൊണ്ട് നടക്കുന്നവളാ എന്റെ അനി.. അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ആരെങ്കിലും വീഴ്ത്തിയാൽ ഈ ആര്യ അവരെ വെറുതെ വിടില്ല..

അതിനിനി മേം എന്ത് ആക്ഷൻ എടുത്താലും എനിക്കൊരു കുഴപ്പവും ഇല്ല.. അവളുടെ നേരെ ആര് മോശമായി പ്രവർത്തിച്ചാലും അവൾക്കേതെങ്കിലും വിധത്തിൽ നൊന്താലും ഈ ആര്യയുടെ യഥാർത്ഥ മുഖം എല്ലാവരും കാണും.. അതിനി ഏത് ചെയർമാൻ ആയാലും... " അമിതിനെ നോക്കി പകയാൽ തീർത്ത വാക്കുകൾ തൊടുത്തു വിട്ടതും അമിതിന്റെ മുഖം ചുവന്നു... "എന്നെ പ്രകോപിതനാക്കിയാൽ പെണ്ണാണ് വർഗ്ഗമെന്നൊന്നും ഞാൻ നോക്കില്ല,,,,അടിച്ചു കരണം പൊളിക്കും...നിനക്കെന്നെ ശരിക്കു അറിഞ്ഞൂടാ.." ഇരുവരും നേർക്ക് നേർ നിന്ന് വാക്കേറ്റം നടത്തി മുഖം തിരിച്ച് പ്രിൻസിയുടെ മുന്നിൽ നിന്ന് പുറത്തേക്ക് നടന്നു... രണ്ടു പേരുടെയും വാക്കുകൾ കേട്ട് പ്രിൻസി നെടുവീർപ്പിട്ട് കൊണ്ട് കസേരയിൽ ഇരുന്നു... ഇരുവരിലും ഒരാൾ താഴ്ന്നു കൊടുക്കില്ലെന്നും രണ്ടു പേരും വാശിയിലാണെന്നും മനസ്സിലാക്കിയ പ്രിൻസി എന്ത് ചെയ്യുമെന്നാലോചിച്ച് കസേരയിലേക്ക് ചാരി ഇരുന്നു... ************ ഓഫിസിൽ നിന്നും ആദ്യം പുറത്തിറങ്ങിയത് അമിത് ആയിരുന്നു...

പുറത്തിറങ്ങിയതും അവൻ ആരെയും നോക്കാതെ വേഗത്തിൽ നടന്നു പോയി.. അവനെയും കാത്ത് കുറച്ചപ്പുറത്തായി അക്ഷിതും ഈശ്വറും ഉണ്ടായിരുന്നു.. എന്നാൽ കണ്ണുകളിൽ ചൂട് കയറിയത് കൊണ്ട് തന്നെ ആരെയും നോക്കാൻ നിൽക്കാതെ അവൻ നടന്ന് പോയി.. അവന്റെ പിറകെ പോവാൻ നിന്നതും പെട്ടന്ന് വാതിൽ തുറന്ന് ആര്യ അവരുടെ മുന്നിലേക്ക് വന്നു.. അവളെ കണ്ടതും ഈശ്വർ അക്ഷിതിന്റെ പിറകിൽ ഒളിച്ചു.... നടന്ന് പോകുന്ന അമിതിനെ ഒന്ന് നോക്കി കൊണ്ട് ആര്യ അക്ഷിതിന് നേരെ വിരൽ ചൂണ്ടി.. "ഡോ... ഏട്ടൻ വരച്ച വരയിൽ നിൽക്കുന്ന അനിയൻ അല്ലെ അവൻ.. നിന്റെ ഇരട്ട സഹോദരനോട് അടങ്ങി ഒതുങ്ങി നിൽക്കാൻ പറ.. പെണ്ണിനോട് കളിച്ചാൽ കളി പഠിപ്പിക്കുമെന്നും പറ.. ഇനിയും അവന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ... അവനെയും നിന്നെയും ഞാൻ വെച്ചേക്കില്ല... ആര്യയാ പറയുന്നേ..." ചൂണ്ടു വിരൽ ചൂണ്ടി അക്ഷിതിന് വാർണിങ് കൊടുത്തതും അവന്റെ പിറകിൽ നിന്ന് ഈശ്വർ തല ചെരിച്ച് അവളെ നോക്കി..

അവനെ കണ്ടതും ചൂണ്ടിയ വിരൽ ഈശ്വറിനെ നേരെ ചലിപ്പിച്ചു കൊണ്ട് കണ്ണുകൾ കൊണ്ടൊരു നോട്ടം നോക്കി അവൾ മുന്നിൽ നടന്നു... അവളുടെ പിറകെ പോയ അനി തിരിഞ്ഞ് അക്ഷിതിനെ നോക്കി തന്റെ ഒരു ചെവിയിൽ നുള്ളി കൊണ്ട് സോറി എന്ന് കാണിച്ചു.. അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് അക്ഷിത് തിരിഞ്ഞതും ഈശ്വർ അവന്റെ പിറകിൽ നിന്ന് മാറി മുന്നിലേക്ക് കയറി . "ആഹാ... വാർണിങ്...അതും അമിതിന്റെ പ്രിയപ്പെട്ട ചേട്ടനോട്.. ഇപ്പൊ ശെരിയാക്കി തരാം.. " ഈ കാര്യം എത്രയും പെട്ടന്ന് അമിതിൽ എത്തിക്കാൻ തിടുക്കം കാണിച്ച ഈശ്വറിനെ പോകാൻ സമ്മതിക്കാതെ അക്ഷിത് തടഞ്ഞു.. "നോ.. ഇവിടെ ഇപ്പോൾ നടന്നതൊന്നും അവൻ അറിയേണ്ട.. അല്ലെങ്കിൽ തന്നെ ആകെ ഭ്രാന്ത് പിടിച്ച് നിൽക്കാ അവൻ.. ഈ കാര്യം കൂടി അറിഞ്ഞാൽ ഞാനിട്ട തുടലും പൊട്ടിച്ചു അവൻ അവളെ എടുത്തു കറക്കും...." അക്ഷിതിന്റെ വിലക്ക് അനുസരിച്ചു കൊണ്ട് ഈശ്വർ തലയാട്ടി.. ഇരുവരും അമിതിനെ തിരഞ്ഞ് നടന്നു.... "എന്റെ വാവീ.. നീയെന്തിനാ അതൊക്കെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നെ..നോക്ക്.. ഒന്നും വേണ്ട.. ദേഷ്യവും, വാശിയും പോരും എല്ലാം വിട്ടേക്ക്.. തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയിരുന്നല്ലോ..

അമിത് ചേട്ടനെ ദേഷ്യം പിടിപ്പിച്ചത് കൊണ്ടല്ലേ എനിക്ക് തല്ല് കിട്ടിയത്.. അല്ലേലും എനിക്കാ തല്ലിന്റെ കുറവുണ്ടായിരുന്നു.." അക്ഷിതിന് വാർണിങ് കൊടുത്ത് ക്ലാസ്സിലേക്ക് നടക്കും വഴി അനി അമിതിനോടുള്ള ആര്യയുടെ ദേഷ്യം കുറക്കാൻ നോക്കി.. പക്ഷെ ആര്യ ഒന്നിനും വഴങ്ങിയില്ല.... "വാവീ.. ഞാൻ പറഞ്ഞില്ലേ.. ആ അക്ഷിത് ചേട്ടൻ ഒരു പാവമാണ്.. അമിത് ചേട്ടൻ ആണേൽ നിന്നെ പോലെ തന്നെ .നീ മോശക്കാരി അല്ലല്ലോ.. തെറ്റ് കണ്ടാൽ പ്രതികരിക്കില്ലേ..അതേ ഈ ക്യാംപസിൽ അമിത് ചേട്ടനും ചെയ്യുന്നുള്ളൂ..ഇനിയും നീ അവരോടുള്ള വഴക്ക് മനസ്സിൽ വെക്കേണ്ട.. അതൊക്കെ മറക്കാം.. എന്നെ കണ്ടില്ലേ.. തല്ല് കിട്ടിയ എനിക്ക് എന്തെങ്കിലും ഉളുപ്പ് ഉണ്ടോന്ന് നോക്ക്.. ഞാനതൊക്കെ ആ സെക്കന്റ്ൽ വിട്ടു.. " "നീ മനസ്സിൽ വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യ്.. പക്ഷെ ഞാൻ ഒന്നും മറക്കില്ല.. ആദ്യമായാണ് നിന്നെ ഒരാൾ വേദനിപ്പിക്കുന്നത്.. എന്നിട്ട് ഞാനത് മറക്കണം എന്നോ . ഒരിക്കലുമില്ല അനീ.. ഞാനായിട്ട് ഒന്നിനും പോവില്ല.. പക്ഷെ.. നിനക്കിനി ചെറുതായെങ്കിലും അവൻ കാരണം വേദനിച്ചു എന്ന് ഞാനറിഞ്ഞാൽ..... " ആര്യയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അനിക്ക് ബോധ്യമായി.. അതിനാൽ തന്നെ അവൾ പിന്നെ ഒന്നും പറയാൻ പോയില്ല...

ആര്യയും അനിയും ക്ലാസ്സിലേക്ക് കയറിയതും ബഹളം വെച്ച് കൊണ്ടിരുന്ന ക്ലാസ്സ്‌ പെട്ടന്ന് നിശബ്ദമായി.. ഡസ്കിൽ കയറി ഇരുന്നവർ യഥാ സ്ഥലത്ത് പോയി ഇരുന്ന് ബുക്സ് തുറന്നു വെച്ചു... വളരെ സ്ട്രിക്ട് ആയ എല്ലാവർക്കും പേടിയുള്ള ഒരു ടീച്ചർ ക്ലാസ്സിലേക്ക് വന്ന പ്രതീതി ആയിരുന്നു ഏവരിലും.. ആര്യ അതൊന്നും ശ്രദ്ധിക്കാതെ തന്റെ സീറ്റിൽ ചെന്നിരുന്നു... അമിതിനോടുള്ള വാക്ക് കൊണ്ടുള്ള ഏറ്റ് മുട്ടലും അത് കഴിഞ്ഞ് അവന്റെ സഹോദരൻ അക്ഷിതിനെ കണ്ടതും എല്ലാം കൂടെ ആയി ആര്യ തലക്ക് ചൂട് പിടിച്ച് മിണ്ടാതെ ഇരുന്നു...ഇടംകണ്ണിട്ട് ആര്യയേ നോക്കി ക്ലാസ്സിലെ കുട്ടികൾ മുഴുവൻ മൗനമായി ബുക്കിലേക്ക് കണ്ണും നട്ടിരുന്നു .... ഇതെല്ലാം അനിക്ക് അരോചകമായി തോന്നി.. ഒരു നേരം മിണ്ടാതിരുന്ന് ശീലമില്ലാത്ത അവൾ ആര്യയുടെ നേരെ തിരിഞ്ഞിരുന്ന് സംസാരത്തിന് മുതിർന്നു.എന്നാൽ അവൾ ദേഷ്യത്തിൽ ആണെന്ന് മനസ്സിലാക്കിയതും മുഖം കോട്ടി കൊണ്ടവൾ ക്ലാസ്സ്‌ മുഴുവൻ നോക്കി....ബാക്കിയുള്ളവരോട് മിണ്ടാൻ ചെന്നെങ്കിലുംഅവർക്കെല്ലാം ഒരു ദയനീയ ഭാവമായിരുന്നു....എല്ലാവരെയും വീക്ഷിച്ച അവൾക്ക് പെട്ടന്നൊരു ആശയം മനസ്സിൽ ഉദിച്ചു.. ഉടനെ തന്നെ അവൾ എഴുന്നേറ്റ് ഫ്രണ്ട്ൽ പോയി നിന്നു..

"സ്റ്റുഡന്റസ്.. ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കൂ....നാട് നന്നാക്കും മുന്നേ വീട് നന്നാക്കണം എന്നാണല്ലോ ചൊല്ല്.,,,,അല്ലെ....അത് കൊണ്ട് നമുക്കിവിടെ നിന്ന് നമ്മുടെ ക്ലാസ്സിൽ നിന്ന് തന്നെ തുടങ്ങാം...ഞാനീ സ്ഥാനത്തിരിക്കുന്നത് നിങ്ങളുടെയൊക്കെ സഹായം ഉണ്ടാവുമെന്ന് കരുതിയാണ്...." എല്ലാവരുടെയും മുന്നിൽ നിന്ന് അത്രയും പറഞ്ഞിട്ടും ആരും അതിന് മൈൻഡ് നൽകിയില്ല.. അനിയോട് സംസാരിക്കാൻ എല്ലാവർക്കും പേടിയാണെന്നത് തന്നെ കാരണം.. ആര്യയെ ഇടയ്ക്കിടെ നോക്കി എല്ലാവരും മിണ്ടാതിരുന്നു.. എന്നാൽ അനി അത് കൊണ്ടൊന്നും നിരാശയായില്ല.... ആരും തന്നെ നോക്കുന്നു പോലും ഇല്ലെന്ന് കണ്ട അവൾ മുൻ നിരയിലെ ഡസ്കിൽ ആഞ്ഞു കൊട്ടി... "ഒന്ന് ശ്രദ്ധിക്കേടോ... !!" നിശബ്ദമായിരിക്കുന്ന ക്ലാസ്സിൽ ആ വാക്ക് പറഞ്ഞതും എല്ലാവരും ബുക്കിൽ നിന്നും കണ്ണെടുത്ത് അനിയെ നോക്കി.. എല്ലാവർക്കും ചിരിച്ചു കൊടുത്തു കൊണ്ട് അവൾ തുടർന്നു.. "നിങ്ങൾ പഠിച്ച് ഡോക്ടർ ആവാൻ പോകുന്നൊന്നും ഇല്ലല്ലോ.. അത് കൊണ്ട് മക്കൾ എല്ലാവരും ആ ബുക്ക്‌ ഒക്കെ ഒന്ന് മാറ്റി വെക്ക്.. ഏത് നേരവും അതിൽ കണ്ണും നട്ടിരുന്നാൽ നിങ്ങളുടെ കണ്ണ് കുഴിഞ്ഞു പോകും.. ദേ എനിക്ക് കരി നാവാണ്.. പറഞ്ഞാൽ പറഞ്ഞതാ... " അനിയുടെ വാക്കുകൾ കേട്ട് എല്ലാവരും അന്തം വിട്ട് പരസ്പരം നോക്കി... "ഇനിയും നിങ്ങൾ എന്നോട് സഹകരിച്ചില്ലേൽ ഞാനൊരു പാട്ട് പാടും.. ഞാൻ പാടി തുടങ്ങിയാൽ ഈ ഹവർ കഴിയുന്നത് വരെ ഞാൻ നിർത്തില്ല.. അത് വേണോ... "

"അയ്യോ.. വേണ്ട.. മേഡം എന്താണ് പറയാൻ വിചാരിക്കുന്നതെന്ന് വെച്ചാൽ പറ.. പാട്ട് പാടി ഞങ്ങളെ ഉറക്കല്ലേ.. അടുത്ത ഹവർ രേഖ മിസ്സ്‌ ആണ്.. ഉറങ്ങാൻ ഉള്ളതാ...ഇപ്പോൾ തന്നെ ആ ഉറക്കം.വേസ്റ്റ് ആക്കല്ലേ പ്ലീസ് " ക്ലാസ്സിലെ ഒരാൺകുട്ടി എണീറ്റു നിന്ന് പറഞ്ഞതും എല്ലാവരും ചിരിച്ചു.. "ഛെ.. പാടാൻ ഉള്ള നല്ലൊരു അവസരം പോയി.. സാരമില്ല. എന്റെ പാട്ട് മറ്റൊരു ദിവസം കേൾപ്പിച്ചു തരാം.. ഇപ്പോൾ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ ക്ലാസ്സിൽ നിന്നും നമുക്ക് പുതുതായി പ്രവർത്തികൾ ചെയ്യണം.. മീൻസ്.. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന എന്തെങ്കിലും.. അത് ചെയ്യും വഴി ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാവുകയും വേണം.. അങ്ങനെ മറ്റുള്ള ക്ലാസുകൾക്ക് നമ്മളൊരു പ്രചോദനം ആയി മാറണം... " അനി പറഞ്ഞു നിർത്തിയതും എല്ലാവരും പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി.. ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു.. "അനീ.. നമുക്ക് ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയാലോ.. " "ആഹാ.. എന്റെ പാട്ട് കേൾക്കാൻ നിനക്ക് അത്രക്ക് ധൃതി ആയോ...

ഞാൻ പാടിയാൽ മ്യൂസിക് ബാൻഡിനെ സപ്പോർട്ട് ചെയ്യാൻ ഒറ്റ എണ്ണം ഈ കോളേജിൽ കാണില്ല.." "അതിന് നീ വായ മൂടി ഇരുന്നാൽ മതി.. പാട്ട് പാടാൻ അറിയുന്നവർ പാടട്ടെ....അതിൽ നിന്നും കിട്ടുന്ന തുക, നമ്മുടെ ഈ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി ഉണ്ട്, ഫസ്റ്റ് ഇയർ തന്നെ..അവൾക്ക് കൊടുക്കാം.. നല്ല വണ്ണം പഠിക്കാൻ കഴിവുള്ള കുട്ടിയാണ്.. വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്.. നമ്മൾ എന്തെങ്കിലും സഹായം ചെയ്താൽ അതവൾക്ക് ഒരുപാട് സന്തോഷമാവും... " മുന്നോട്ടു വെച്ച ഈ ആശയം നല്ലതാണെന്ന് അനിക്കും തോന്നി..അവളും അതിന് പൂർണ സമ്മതവും പിന്തുണയും നൽകി.. "ഓക്കേ.. എത്രയും വേഗം നമുക്ക് നമ്മുടെ ക്ലാസ്സിൽ നിന്നും ഒരു മ്യൂസിക് ബാൻഡ് തുടങ്ങണം..താല്പര്യം ഉള്ളവർ മടി കാണിക്കാതെ മുന്നോട്ടു കടന്നു വരൂ .... നമുക്കൊരു ഓഡിഷൻ വെച്ച് നല്ല ടീമിനെ സെലക്ട്‌ ചെയ്യണം...പിന്നെ നിങ്ങൾ നിർബന്ധിക്കുകയാണേൽ എന്റെ ഒരു പാട്ടോടെ നമുക്കീ ചർച്ച അവസാനിപ്പിക്കാം.. " "അയ്യോ..വേണ്ടെന്ന് പറഞ്ഞില്ലേ... " "പാട് അനീ.. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. " "ആണോ മോനെ.. എങ്കിലേ വീട്ടിൽ ചെന്ന് അമ്മയോട് താരാട്ട് പാടി തരാൻ പറ.. ഞാനൊരു തട്ട് പൊളിപ്പൻ സോങ് പാടാം... " നിശബ്ദത നിറഞ്ഞ ക്ലാസ്സ്‌ വളരെ പെട്ടന്ന് തന്നെ അനിയുടെ കളിയിലും ചിരിയിലും മുങ്ങി..

മിണ്ടാതിരുന്ന എല്ലാവരും അനിയോട് കൗണ്ടർ അടിച്ച് സംസാരിക്കാൻ തുടങ്ങി.. അനിയുടെ വായാടിത്തരത്തിൽ ആര്യയെ കുറച്ചു നേരത്തേക്ക് അവർ മറന്നു.. അനിയെ കളിയാക്കി കൊണ്ടും തിരിച്ചവൾ പറയുന്ന തമാശക്ക് ചിരിച്ചും ആ ഹവർ പെട്ടന്ന് കടന്ന് പോയി... ബെൽ അടിച്ചപ്പോഴാണ് എല്ലാവർക്കും ബോധം വന്നത്... അതിനിടയിൽ ക്ലാസ്സിന് പുറത്ത് അനിയുടെ നർമ്മം നിറഞ്ഞ സംസാരവും ചിരിയാൽ മൂടിയ മുഖവും അവളുടെ കലപില സംസാരവും ആസ്വദിച്ച് ക്ലാസ്സ്‌ എടുക്കാൻ വന്ന വിവരം മറന്ന് കൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു... അവളുടെ കുസൃതിത്തരത്തിന് താൻ കാരണം കോട്ടം വരേണ്ടെന്ന് കരുതി മാറി നിന്ന അനിൽ സാർ പതിയെ അവളുടെ സംസാരത്തിലും പ്രവർത്തികളിലും സ്വയം മറന്നു നിന്നു.. ബെൽ അടിച്ചപ്പോഴാണ് താൻ വന്നത് ക്ലാസ്സ്‌ എടുക്കാൻ ആണല്ലോ എന്ന തിരിച്ചറിവ് സാറിന് വന്നത്.. ക്ലാസ്സിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അനിൽ സർ സ്റ്റാഫ് റൂമിലേക്ക് നടന്നു... ************ ഇതേ സമയം അവരുടെ തൊട്ടടുത്ത ഒഴിഞ്ഞ ക്ലാസ്സിൽ ഇരിന്നു പ്രൊജക്റ്റ് തയാറാക്കി കൊണ്ടിരുന്ന അമിതും അക്ഷിതും ഈശ്വറും അനിയുടെ ക്ലാസ്സിലെ കളിയും ചിരിയും ശ്രവിച്ചു കൊണ്ടിരുന്നു..

ആദ്യമൊക്കെ അവളുടെ ശബ്ദം കേട്ട് വലിഞ്ഞു മുറുകിയ അമിതിന്റെ ശരീരം പിന്നേ പിന്നെ അയഞ്ഞു തുടങ്ങി... അവളുടെ കുസൃതി നിറഞ്ഞ ശബ്ദവും നിഷ്കളങ്കമായ ചിരിയും കേട്ട് അവന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു.. അമിതിന്റെ മുഖം കണ്ട് ചിരിച്ചു കൊണ്ട് അക്ഷിത് കയ്യിലെ ബുക്ക്‌ മടക്കി വെച്ച് കൊണ്ട് അവന്റെ നേരെ നോക്കി.. "അവളൊരു പാവം കുട്ടിയാണെടാ.. നമ്മുടെ അക്ഷരകുട്ടിയുടെ കുസൃതിത്തരം മുഴുവനും ഉണ്ട്.. പുറമെ കാണുന്ന പോലെ അല്ല.. ഉള്ള് ശുദ്ധമാണ്.. " "അത് ശരിയാ അമിത്.. അവൾ പാവാ.. പക്ഷെ കൂടെ ഒന്നുണ്ടല്ലോ... അനിയുടെ നേരെ വിപരീതം..ഹാ.. നീയും നിന്റെ ഏട്ടനേയും പോലെ തന്നെ... " ഇടയിൽ കയറി ഈശ്വർ പറഞ്ഞതും അക്ഷിത് ചിരിച്ചു.. ആര്യയേ കുറിച്ച് വീണ്ടും ഓർമിപ്പിച്ചതും അമിതിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു..

അത് മനസ്സിലാക്കിയ അക്ഷിത് അവന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു.. "വാ.. പോകാം. ഇനി ആകെ ഈ ഹവർ കൂടെ ഉള്ളൂ.. അത് മിസ്സ്‌ ആക്കേണ്ട.. ഇപ്പോൾ തന്നെ നിന്റെ ദേഷ്യം ഒന്ന് തണുക്കാനാ ഈയൊരു പ്രൊജക്റ്റ് സ്വയം ചെയ്യാനേല്പിച്ചു ഒഴിഞ്ഞ ക്ലാസ് റൂമും നോക്കി ഇവിടെ വന്നിരുന്നെ....വാ പോകാം.." "നിങ്ങൾ പൊയ്ക്കോ.. ഞാൻ വരാം.. എനിക്കൊരു മീറ്റിംഗ് ഉണ്ട്.. " ഈശ്വർ അവരെ പറഞ്ഞയച്ച് ഒഴിഞ്ഞു മാറിയതും അമിത് തിരിഞ്ഞു നോക്കി.. "ഈ സമയത്ത് എന്ത് മീറ്റിംഗ് ആണെടാ നിനക്ക്.. " "മുന്നണിയുടെ ഒരു യോഗം ഉണ്ട്.. ഇന്നത്തെ മീറ്റിംഗ് ആകെ കുളമായില്ലേ.. അതൊക്കെ ചർച്ച ചെയ്യണം.. നിങ്ങൾ പൊക്കോ.. ഞാൻ ക്ലാസ്സിൽ കയറുന്നില്ല.. നാളെ കാണാം.. " അവരോട് ബൈ പറഞ്ഞ് ഈശ്വർ പുറത്തേക്കിറങ്ങി.. അമിതും അക്ഷിതും നേരെ ക്ലാസ്സിലേക്കും............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story