ആത്മരാഗം💖 : ഭാഗം 35

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഫ്രഷ് ആയി കോളേജിലേക്ക് പോകാനായി പുറപ്പെട്ട അമിതിന്റെ മനസ്സും മുഖവും തീർത്തും റിലാക്സ്ഡ് ആയിരുന്നു... അതിനാൽ തന്നെ ചായ കുടിക്കാൻ നേരം അക്ഷരക്കുട്ടി പോലിസുകാരെ പോലെ അവനെ രഹസ്യമായി വീക്ഷിച്ചു.. ഇന്നലെ അവന്റെ ഭാവവും ഇന്നത്തെ അവന്റെ ഭാവവും അവൾ ചേർത്ത് മനസ്സിൽ പലതും കണക്ക് കൂട്ടി.. "എന്താ മേഡം , വലിയ ആലോചനയിൽ ആണല്ലോ " "അതേ.. ഏട്ടന്മാരെ ഒക്കെ കെട്ടിച്ചിട്ട് വേണ്ടേ എനിക്കൊന്ന് കെട്ടാൻ.. അത് ആലോചിക്കായിരുന്നു. " എടുത്തടിച്ച പോലെയുള്ള അക്ഷരക്കുട്ടിയുടെ മറുപടി കേട്ട് അമിത് ചായ തരിപ്പിൽ കയറി ചുമച്ചു.. "ഹമ്പടി.. ഇതൊക്കെ ആണല്ലേ മനസ്സിൽ.. ഞാൻ അച്ഛനെ വിളിച്ചു പറയുന്നുണ്ട്.. " "മ്മ്മ്.. വിളിക്ക്.. എനിക്കും ചിലത് പറയാനുണ്ട്.. ചിലരുടെ ഒക്കെ മനസ്സിൽ പലതും ഉണ്ടെന്ന് മനസ്സിലായി വരുന്നുണ്ട്.. " അവൾ പറഞ്ഞത് മനസ്സിലാവാതെ അമിത് അക്ഷിതിനെ നോക്കി എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു. ചുമൽ കുലുക്കി കൊണ്ട് അറിയില്ലെന്ന് അക്ഷിത് പറഞ്ഞു...

ആ സമയം അമ്മ അവരുടെ അടുത്തേക്ക് വന്നതും ചപ്പാത്തി ഒരു പിച്ച് വായിൽ വെച്ച് കൊണ്ട് അവൾ അമ്മയെ നോക്കി.. "ഇന്നലെ ചിലർക്കൊക്കെ മൗനവൃതം ആയിരുന്നു അമ്മേ.. അമാവാസി പോലെ ഇരുട്ടായിരുന്നു മുഖം. ഇന്നിപ്പോ പൗർണമിയുടെ അപ്പുറം മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതിനോട് ഉപമിക്കായിരിന്നു.. " "ഇവളിതെന്തൊക്കെയാ അമിത് പറയുന്നത് ..." "അമ്മക്ക് മനസ്സിലായില്ലേ... ഇവൾക്ക് വട്ട്... അല്ലാതെ ഒന്നുമില്ല ..." അതും പറഞ്ഞ് അമിത് കൈ കഴുകാൻ എഴുന്നേറ്റു.. അക്ഷിത് അമ്മയോട് യാത്ര പറഞ്ഞ് പുറത്തേക്കും... അമിത് പുറത്തേക്ക് പോകാൻ നേരം അക്ഷരകുട്ടി മുന്നിൽ വന്ന് നിന്നു.. " എനിക്ക് വട്ട് അല്ലെ... ഏട്ടൻ കൊരങ്ങാ... ഇന്നലെ മുഖവും വീർപ്പിച്ച് ഒന്നും മിണ്ടാതെ ഇരുന്നത് ആരാ.. അപ്പോഴേ എനിക്ക് ചിന്ന ഡൌട്ട് തോന്നിയിരുന്നു.. ഇപ്പൊ ഏകദേശം മനസ്സിലായി. " "ഓഹോ.. മഹതിക്ക് എന്താ മനസ്സിലായത് " "ഇന്നലെ ഏട്ടൻ ഏതോ പെണ്ണിനോട് ഇഷ്ടം പറഞ്ഞു.. അവൾ മിണ്ടാതെ പോയി.. അതല്ലേ എന്തോ പോയ അണ്ണാനെ പോലെ കയറി വന്നേ..

പിന്നെ ഫുൾ ഫോണിൽ... ഇന്ന് രാവിലെ നോക്കുമ്പോൾ ഏട്ടൻ ഹാപ്പി... അതിനർത്ഥം ആ പെണ്ണ് ഏട്ടന്റെ ഇഷ്ടം സ്വീകരിച്ചു എന്നല്ലേ... ഫോൺ കയ്യിൽ നിന്ന് വെച്ചിട്ടില്ലല്ലോ.. ഞങ്ങൾ ആരെങ്കിലും വരുമ്പോൾ പറയും സിനിമ കാണുവാണെന്ന്.. ഇപ്പൊ അല്ലെ എല്ലാം അറിഞ്ഞത്.. ആ പെണ്ണിനോട് കൊഞ്ചുവായിരുന്നില്ലേ.... " എന്തോ വലിയ രഹസ്യം താൻ കണ്ടെത്തി എന്ന മട്ടിൽ അക്ഷരകുട്ടി അവന് മുന്നിൽ ഞെളിഞ്ഞു നിന്നു..അവളുടെ സംസാരം കേട്ട് അമിതിന് ചിരി പൊട്ടിയെങ്കിലും അവൻ കടിച്ചു പിടിച്ചു നിന്നു.. അവൾ പറഞ്ഞത് സത്യം എന്ന അർത്ഥത്തിൽ അവൻ മുഖഭാവം ഒക്കെ മാറ്റി.. "പൊന്ന് മോളെ.. ആരോടും ഈ കാര്യങ്ങൾ ഒന്നും പറയല്ലേ ട്ടോ.. ഏട്ടന്റെ ചക്കര വാവ അല്ലെ.. " "ഐവാ.. അപ്പൊ കറക്റ്റ് ആണല്ലേ... മ്മ്മ്മ്... എന്റെ മുന്നിൽ കുറച്ചു താണ് നിന്നാൽ നല്ലത്.. എന്നോട് വഴക്കിടാനോ എന്നെ കളിയാക്കാനോ വന്നാൽ ഞാനീ കാര്യം പാട്ടാക്കും.. " "അയ്യോ.. ചതിക്കല്ലേ " "മ്മ്മ്... ചെല്ല്.. ചെന്ന് അവളോട്‌ കിന്നരിക്ക്.. എന്റെ നാത്തൂൻ ആയി വരാൻ ഉള്ളതല്ലേ..

എങ്ങനെ ഉണ്ടെന്ന് എനിക്കും ഒന്ന് നോക്കണം..." "ഓ.. ആയ്ക്കോട്ടെ.. " കൈകൂപ്പി കൊണ്ട് അമിത് അവളുടെ അടുത്ത് നിന്നും പുറത്തേക്ക് പോയി... അക്ഷരക്കുട്ടിയുടെ കണ്ടു പിടുത്തങ്ങൾ ആലോചിച്ച് അവൻ ബൈക്കിൽ ഇരുന്ന് ഏട്ടനോട് എല്ലാം പറഞ്ഞ് കോളേജ് എത്തുന്നത് വരെ ചിരിച്ചു.... ************ അനിയും ആര്യയും കോളേജിൽ എത്തിയ ഉടനെ കുറച്ചു പെൺകുട്ടികൾ അനിയെ പൊതിഞ്ഞു... ചെയർപേഴ്‌സൺ അവൾ ആയത് കൊണ്ട് തന്നെ കോളേജിൽ അവർക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങൾ പറയാനും അത് മാനേജ്മെന്റിൽ ഉണർത്തിക്കാൻ അനിയോട് ആവശ്യപെട്ട് കൊണ്ടുമാണ് അവർ വന്നത്.. അനിയുടെ ചുമതലകൾ എന്തൊക്കെ എന്ന് അറിയാവുന്ന ആര്യ അവളെ അവരോടൊപ്പം വിട്ട് ക്ലാസ്സിലേക്ക് കയറി.... ആര്യ പോയതും അനി ആ പെൺകുട്ടികളോടൊപ്പം നടന്നു... "ബാസ്കറ്റ് ബാൾ കളിക്കാൻ ഉള്ള സ്ഥലം ഇത് വരെ തീരുമാനം ആയിട്ടില്ല.. ഇന്നലെ തന്നെ ഞങ്ങൾ അത് പ്രിൻസിയോട് സൂചിപ്പിച്ചിരുന്നു.. കുറച്ചു കാത്തിരിക്കണം എന്നാണ് പ്രിൻസി പറഞ്ഞത്...

എന്തായാലും നമുക്ക് ഈ ആഴ്ച നോക്കാം.. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഒരു നീക്കവും ഉണ്ടായില്ലെങ്കിൽ ഞങ്ങൾ ഇടപെട്ടോളാം.. " അനി അവർക്ക് ഉറപ്പ് നൽകി കൊണ്ട് ഈശ്വറിനെയും അമിതിനെയും തേടി പോയി.. അവരുടെ പാർട്ടി സ്ഥിരം മീറ്റിംഗ് കൂടാറുള്ള ക്ലാസ്സ്‌ മുറിയിലേക്ക് അവൾ ചെന്നു.. രാവിലെ ആയതിനാൽ അവർ ഇവിടെ കാണുമെന്ന് അവൾ ഉറപ്പിച്ചിരുന്നു.. വാതിൽ കടന്ന് വരുന്ന അനിയെ കണ്ടതും അമിത് അവളെ ഒന്ന് നോക്കി മുഖം തിരിച്ചു... എന്നാൽ അതൊന്നും കാര്യമാക്കാതെ അനി ഇരുവരോടും ഒരു പോലെ ചിരിച്ചു കളിച്ച് സംസാരിച്ചു... "ഈ ആഴ്ച അവരുടെ ഭാഗത്ത്‌ നിന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ ഞങ്ങൾ പെൺകുട്ടികൾ സമരത്തിനിറങ്ങും... ബാസ്കറ്റ് ബാൾ കളിക്കാൻ ഒരു ഗ്രൗണ്ട്... അത് ഞങ്ങൾ നേടിയെടുക്കും.. പിന്നെ അത് മാത്രമല്ല.. പെൺകുട്ടികൾ ഭൂരിപക്ഷം ഉള്ള ഈ കോളേജിൽ ആവശ്യത്തിന് ടോയ്ലറ്റ്സ് പോലുമില്ല.. ഉള്ളതിൽ ചിലതിൽ ബക്കറ്റില്ല.. കപ്പ് ഇല്ല.. ചിലപ്പോൾ വെള്ളമില്ല... ഈ കോളേജ് തുടങ്ങിയ കാലത്തുള്ള ടോയ്ലറ്റ്സ് ആണല്ലേ അതൊക്കെ..

" നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന അനിയെ ആദ്യം ഒന്നും അമിത് ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ പിന്നെ അവളുടെ സംസാരത്തിൽ അവൻ മയങ്ങി പോയി... അവളുടെ സംസാരവും സംസാരിക്കുമ്പോൾ ഉള്ള ആക്ഷൻസും എല്ലാം കണ്ട് അക്ഷരകുട്ടിയെ അവന് ഓർമ വന്നു... "അത് അനീ കുറെ കാലം മുൻപ് ഉള്ളത് തന്നെയാണ്.. രണ്ടു വർഷം മുന്നേ ഞങ്ങളുടെ പാർട്ടി വിഷയം ഏറ്റെടുത്ത് നിർമിച്ചതാണ് നിങ്ങളുടെ ഡിപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള ബാത്‌റൂംസ്... പക്ഷെ.. എന്ത് ചെയ്യാം.. നല്ല ഹൈ ടെക്ക് ബാത്രൂം ഒക്കെ തന്നെയാ.. പക്ഷെ അതിലേക്കുള്ള വെള്ളം മാത്രം ഇല്ല.. വെള്ള പ്രശ്നം ഞങ്ങൾ പരിഹരിക്കാൻ ഒരുപാട് നോക്കിയതാ.. കുറെ ഒക്കെ ഇപ്പൊ ലെവൽ ആയി വരുന്നുണ്ട് അനീ.. " "അത് പോരാ.. മുഴുവനായി ശെരിയാവണം.. നമ്മുടെ കോളേജിന്റെ തൊട്ടടുത്ത് വരെ പഞ്ചായത്ത് വെള്ളം വരുന്നില്ലേ..

ലൈൻ പൈപ്പ് വഴി.. മാനേജ്മെന്റിൽ ഈ കാര്യം പറയണം.. അതിൽ നിന്നും നമുക്കാവശ്യമുള്ള വെള്ളം നൽകാൻ പഞ്ചായത്തുമായി ബന്ധപ്പെടണം.. മാസം ബിൽ ആയി ചെറിയ തുകയേ ആവൂ.. അത് നമുക്ക് ഫണ്ടിൽ നിന്നും നൽകാം..." ഓരോ കാര്യവും കൃത്യമായി ഗ്രഹിച്ച് നടപ്പിലാക്കുന്ന അനിയുടെ ബുദ്ധി കൂർമ്മതയും കാര്യക്ഷമതയും കണ്ട് അമിതിന്റെ മനസ്സിൽ അവളെ കുറിച്ചുള്ള ധാരണകൾ മാറി മറിഞ്ഞു... അവളുടെ ഓരോ സംസാരവും അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.. ഒരു ലീഡർക്കുള്ള എല്ലാ ക്വാളിറ്റിയും അനിക്കുണ്ടെന്ന് അവൻ മനസ്സിലാക്കി.. സാധാരണ ഇലക്ഷനിൽ ജയിച്ചാൽ തന്റെ എല്ലാ സ്ഥാനവും ഈശ്വറിന് കൊടുക്കാറാണ് അമിത്.. കാൽപന്ത് കളിയിൽ മാത്രമേ അവന് താല്പര്യം ഉള്ളൂ.. ഈശ്വർ ആണ് പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നത്... അനിയുടെ വാക്കുകളും ഓരോ കാര്യങ്ങളും ചെയ്യാനുള്ള ഉന്മേഷവും കണ്ട് അമിത് അവളെ തന്നെ നോക്കി ഇരുന്നു... "പിന്നെ.. ആ ഗ്രൗണ്ടിന്റെ കാര്യം വേഗം റെഡി ആക്കണം.. ഞാൻ അവർക്ക് വാക്ക് കൊടുത്തു പോയി...

ഇന്നലെ മീറ്റിങ്ങിൽ ഉടക്കിയില്ലേ ഒരുത്തൻ... " "ആര്... അരുണോ.. " "അതേ.. അവൻ പറഞ്ഞില്ലേ.. കാട് മൂടി കിടക്കുന്ന സ്ഥലം ഉണ്ടെന്ന്.. ആ സ്ഥലം ഒന്ന് നന്നാക്കി എടുത്ത് അവിടെ ഗ്രൗണ്ട് ആക്കിയാലോ.. " "അത് പറ്റില്ല.. അത് എന്തോ ആവശ്യത്തിന് മാറ്റി വെച്ചിരിക്കുന്നതാ." പെട്ടന്ന് അമിത് അത് പറഞ്ഞതും അനിയുടെ കണ്ണുകൾ അവന്റെ നേർക്കായി.. അനി പറഞ്ഞു വന്ന ആ ഫ്ലോയിൽ മറുപടി കൊടുത്തതാണ് അമിത്.. പറഞ്ഞു കഴിഞ്ഞിട്ടാ അവൻ അവളെ നോക്കിയത്.. "അത് സാരമില്ല അമിത് ചേട്ടാ.. നമുക്ക് പ്രിൻസിയോട് ചോദിക്കാം.. കുറെ ആയി അതവിടെ അങ്ങനെ കിടക്കുന്നു എന്നല്ലേ പറഞ്ഞെ.. ആ പ്രശ്നവും പരിഹരിക്കാം.. " "പ്രിൻസിയോട് ചോദിക്കുന്നതിന് കുഴപ്പമില്ല.. പെർമിഷൻ കിട്ടുമോ എന്നാ.. എന്തായാലും നമുക്ക് നോക്കാം.. " "എന്നാ വാ.. ഈശ്വർ ചേട്ടാ ഇപ്പൊ തന്നെ ചോദിക്കാം.. ഈ കാര്യം റെഡി ആക്കിയിട്ട് നമുക്ക് ക്ലാസ്സിൽ കയറിയാൽ മതി.. വാ.. " അനിയുടെ ഉത്സാഹം കണ്ട് അമിത് താനെ എഴുന്നേറ്റു... അനി തുള്ളി ചാടും വിധത്തിൽ മുന്നിൽ നടന്നു...

വഴിയിൽ കാണുന്നവരോടൊക്കെ കുശലന്യോഷണം നടത്തുന്ന അനിയെ അമിത് കൗതുകത്തോടെ നോക്കി നടന്നു.. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരോടും കൂട്ട് കൂടുന്ന ആളാണ് അവളെന്ന് അവന് ബോധ്യമാവാൻ തുടങ്ങി.. കോളേജിലെ അടിച്ചു വാരാൻ വരുന്ന ചേച്ചി മുതൽ പ്യുൺ, ടീച്ചേഴ്സ്.. എല്ലാവരും അവൾക്ക് ഒരു പോലെ ആയിരുന്നു... ഓഫിസിൽ ചെന്ന ഉടനെ അനി കണ്ടത് പ്രിൻസിയുടെ അടുത്ത് പേപ്പറുകളുമായി നിൽക്കുന്ന അനിൽ സാറിനെയാണ്..അവളെ കണ്ട് സാർ മുഖം തിരിച്ചെങ്കിലും അവൾ പുഞ്ചിരിയോടെ സാറിനെ നോക്കി... പ്രിൻസി ഉണ്ടെന്ന് പോലും ചിന്തിക്കാതെ തന്നെ നോക്കി കൊണ്ടിരിക്കുന്ന അനിയുടെ മനോഭാവത്തിൽ സാറിന് ചെറിയ നീരസം തോന്നി... പ്രിൻസി വന്ന കാര്യം ചോദിച്ചതും അമിത് കാര്യം അവതരിപ്പിച്ചു.. "ആ സ്ഥലമോ... സോറി.. അത് നിങ്ങൾക്ക് വിട്ട് നൽകാൻ നിർവാഹമില്ല.. ആൾ റെഡി അവിടെ മറ്റൊരു പദ്ധതി വരുന്നുണ്ട്.. " പ്രിൻസിയുടെ വാക്കുകൾ കേട്ട് പെട്ടന്ന് അനി അനിൽ സാറിന്റെ മുഖത്തു നിന്നും കണ്ണെടുത്തു... അനിയുടെ മുഖത്ത് കുഞ്ഞു നിരാശ ജനിച്ചു.. എങ്കിലും അവൾ വിഷമിച്ചു നിന്നില്ല.. "മേം.. ഇത് വലിയ ചതിയാണ്.. പദ്ധതി വരുന്നെന്നു പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് രണ്ടു മൂന്ന് വർഷം ആയെന്നാ ഇവരൊക്കെ പറഞ്ഞെ.. എന്തിനാ മേം നല്ലൊരു സ്ഥലം കാട് മൂടാൻ അനുവദിക്കുന്നത്.. ആ ഭാഗത്തേക്ക് പകൽ പോലും പോകാൻ എല്ലാവരും പേടിക്കും..

ഇനിയും വർഷങ്ങൾ കഴിഞ്ഞാലും അവിടെ ഒരു പദ്ധതിയും വരില്ല.. പ്ലീസ് മേം.. ആ ഭാഗം വെട്ടി തെളിച്ച് നല്ലൊരു ഗ്രൗണ്ട് ആക്കാം.. മേം വിചാരിച്ചാൽ മാനേജ്മെന്റ് ഇതിന് അനുവദിക്കും... പ്ലീസ്.. " അനിയുടെ വാക്കുകൾ കേട്ട് പ്രിൻസി കസേരയിൽ ചാരിയിരുന്ന് അവൾ പറഞ്ഞതിനെ കുറിച്ച് കുറച്ചു സമയം ആലോചിച്ചു.... "അനിരുദ്ര... പറഞ്ഞതൊക്കെ ശെരി തന്നെയാണ്.. അവിടെ അപകടമായ വിധത്തിൽ കാട് മൂടി കിടക്കുന്നുണ്ട്.. പക്ഷെ.. ആ സ്ഥലം ലാബിന് വേണ്ടി കോളേജിന് ലഭിച്ച സ്ഥലമാണ്... ഈ കോളേജിന് ലാബ് അത്യാവശ്യമാണ്.. ഇപ്പോഴുള്ള ലാബിൽ സൗകര്യങ്ങൾ വളരെ കുറവാണ്.. സോ.. ഒരു ലാബ് അത്യാവശ്യം ആയിരുന്നു..വളരെ കാലത്തെ പരിശ്രമത്തിന് ശേഷമാണ് കോളേജിന് ആ സ്ഥലം അനുവദിച്ചത്..നമ്മുടെ അതിർത്തിക്കപ്പുറമുള്ള കുറച്ചു സ്ഥലം കോളേജിന് വേണ്ടി സർക്കാർ തന്നെ നൽകിയതാണ് അതും ലാബ് എന്ന ആവശ്യത്തിന്... സ്ഥലം കിട്ടിയിട്ടും മൂന്ന് വർഷമായി അവിടെ പുരോഗതിയൊന്നും വരാത്തത് ചില പ്രശ്നങ്ങൾ മാനേജ്മെന്റിന് അകത്തുള്ളത് കൊണ്ടാണ്..

ലാബ് അവിടെ വേണ്ടെന്നും ലൈബ്രറി നിൽക്കുന്ന ഡിപ്പാർട്ട്മെന്റിനോട് ചേർന്നായാൽ വിദ്യാർത്ഥികൾക്ക് സൗകര്യം ആവുമെന്നും പറഞ്ഞ് പുതിയ മാനേജ്മെന്റ് അംഗങ്ങൾ ശബ്ദം ഉയർത്തി.. ഇന്ന് വരെ അതിനൊരു തീരുമാനം ആയിട്ടില്ല.. എങ്കിലും ലാബിന് മാറ്റി വെച്ച സ്ഥലം ഗ്രൗണ്ടിന് ഉപയോഗിക്കാൻ പെർമിഷൻ നൽകാൻ ആവില്ല... " പ്രിൻസി ക്ലിയർ ആക്കിയതും അനിയുടെ മുഖം വാടി... ഇനി നിന്നിട്ട് കാര്യം ഇല്ലെന്ന് മെല്ലെ പറഞ്ഞ് പോകാനായി ഈശ്വർ അവളെ വിളിച്ചെങ്കിലും അനി അവിടെ തന്നെ നിന്നു... "മേം.. ഈ മൂന്ന് വർഷം കൊണ്ട് അവിടെ ഒരു മാറ്റവും വരുത്താൻ കോളേജിന് പറ്റിയില്ലെങ്കിൽ പിന്നെ ഇപ്പോൾ ഒരു മാറ്റം വരുമോ.. അവിടെ ഒരു ലാബ് എന്ന വിഷയത്തിൽ രണ്ട് അഭിപ്രായം ആണെന്ന് മാനേജ്മെന്റിന് എന്ന് മേം പറഞ്ഞില്ലേ.. അത് ഇത് വരെയും ക്ലിയർ ചെയ്യാതെ അതിനോട് ഒരു പ്രാധാന്യവും കൽപ്പിക്കാതെ ഈ മൂന്ന് വർഷം കണ്ണടച്ചില്ലേ മാനേജ്മെന്റ്.....ഇപ്പോൾ ഗ്രൗണ്ടിന് വേണ്ടി ഞങ്ങൾ ആ സ്ഥലം ചോദിച്ചപ്പോൾ മാത്രമല്ലേ മേം ഈ കാര്യം എടുത്തിട്ടത്....

ആർക്കും ഉപകാരമില്ലാത്ത വെറുതെ അതവിടെ കിടക്കണോ.. പ്ലീസ് മേം..മാനേജ്മെന്റിൽ ഈ കാര്യം ഒന്ന് അവതരിപ്പിക്കണം. " അനി വിടാൻ ഭാവം ഇല്ലെന്ന് മനസ്സിലാക്കിയ മേം അവളെ നോക്കി പുഞ്ചിരിച്ചു.. "ഓക്കേ.. ഞാൻ ഒരു തീരുമാനം പറയുന്നില്ല.. നാളെ മാനേജ്മെന്റ് മീറ്റിംഗ് വെക്കാം.. അവിടെ ഈ കാര്യം ചർച്ച ചെയ്യാം.. അല്ലാതെ നിങ്ങൾക്ക് പെർമിഷൻ നൽകാൻ എനിക്ക് അധികാരമില്ല.. മാനേജ്മെന്റ് എന്താണ് തീരുമാനിക്കുന്നത് അത് പോലെ നിങ്ങൾക്ക് മുന്നോട്ടു പോകാം.. " "ഓക്കേ.. താങ്ക്യൂ മേം.. " അവളെ ശ്രദ്ധിക്കാതിരിക്കാൻ പല തവണ അനിൽ സാർ മുഖം തിരിച്ചെങ്കിലും അനിയുടെ സംസാരം കൊണ്ട് പല വട്ടം സാർ അവളെ നോക്കി നിന്നു പോയി... അവൾ പോകാൻ നേരം സാറിനെ നോക്കി ചിരിച്ചതും അറിയാതെ ഇരുവരുടെയും കണ്ണുകൾ ഉടക്കി.. ഉടനെ തന്നെ സാർ മുഖം തിരിച്ചു.. അവൾ പോയതും തല ചെരിച്ച് അവൾ പോകുന്നത് നോക്കി നിന്നു... "അമിത്.... ആള് നല്ലൊരു ലീഡർ ആണ്.. നിങ്ങളുടെ പാർട്ടിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ലത് തന്നെ... "

പോകാൻ നിന്ന അമിതിനെ വിളിച് പ്രിൻസി പറഞ്ഞതും ഈശ്വറും അമിതും ചിരിച്ചു കൊണ്ട് പുറത്തേക്ക് ചെന്നു.. അവിടെ അവരെ കാത്ത് അനി നിൽപ്പുണ്ടായിരുന്നു.. "അനീ.. ക്ലാസ്സിൽ പൊയ്ക്കോളൂ.. മേം കാര്യം മാനേജ്മെന്റ് മീറ്റിംഗ് ൽg അവതരിപ്പോച്ചോളും.. " "ഓക്കേ... എന്തായാലും ഈ ആഴ്ച നമുക്ക് ഗ്രൗണ്ട് ശെരിയാക്കണം.. " ഈശ്വർ ഉറപ്പ് നൽകിയതും അനി ക്ലാസ്സിലേക്ക് പോയി.. അവളുടെ പിറകെ തങ്ങളുടെ ക്ലാസ്സിലേക്ക് ഇരുവരും നടന്നു.. "അനി വിചാരിച്ച പോലെ ഒന്നും അല്ല അമിത്.. എന്ത് ഉഷാറാണ് ഓരോ കാര്യത്തിനും.. സാധാരണ പെൺകുട്ടികൾ ഇങ്ങനെ ഇറങ്ങാറില്ല.. ഇവൾ പൊളിക്കും.. " ഈശ്വർ അനിയുടെ കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമിത് അവളിലേക്ക് ചിന്തകളെ കൊണ്ട് പോയി.. അവളിലെ നെഗറ്റീവ് മാത്രം ആയിരുന്നു ഇത്രയും നാൾ അവന്റെ മനസ്സിൽ.. ആൺകുട്ടികളെ വായിനോക്കി വീഴ്ത്താൻ അവൾക്ക് നല്ല മിടുക്കാണെന്ന ധാരണ ഇപ്പോൾ അവന് മാറി കിട്ടി.. പാറി പറന്ന് നടക്കുന്ന പ്രകൃതം ആണ് അവളുടേതെന്നും വായാടിയായി എല്ലാവരെയും ഒരു കണ്ണ് കൊണ്ട് കണ്ട് തന്റെ സാനിധ്യം അറിയിക്കുകയാണെന്നും അവന് മനസ്സിലായി.. അക്ഷിത് പറഞ്ഞത് പോലെ ഒരു പാവം, പൊട്ടി തെറിച്ചു നടക്കുന്ന പെൺകുട്ടി തന്നെയാണ് അവളെന്ന് അവൻ നേരിൽ കണ്ട് മനസ്സിലാക്കി....

************ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് അനിയും ആര്യയും ക്ലാസ്സിൽ സംസാരിച്ചിരുന്ന സമയം ഈശ്വർ അവളെ വിളിക്കാനായി വന്നു.. ആര്യയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി... അനിയുടെ കോളേജ് പ്രവർത്തനങ്ങളൊക്കെ ആര്യയ്ക്ക് ഇഷ്ടമാണെങ്കിലും അമിതിന്റെ കൂടെ ആണല്ലോ എന്നോർത്ത് ദേഷ്യമുണ്ട്.. ഈശ്വർ വിളിക്കാൻ വന്ന സമയത്ത് അപ്പുറത്തായി മാറി നിൽക്കുന്ന അമിതിനെ കണ്ടതും ആര്യ മുഖം തിരിച്ചു... ക്ലാസ്സിലെ കുട്ടികൾക്കിടയിൽ തന്നെ നോക്കി കണ്ണുരുട്ടുന്ന രണ്ടു കണ്ണുകളെ അമിത് തിരിച്ചറിഞ്ഞതും അവനും മുഖം തിരിച്ചു..... " അനീ.. ആ സ്ഥലം മാനേജ്മെന്റ് നമുക്ക് ഗ്രൗണ്ടിനായ് അനുവദിച്ചു തന്നില്ലെങ്കിൽ മറ്റൊരു ഇടം നമ്മൾ അന്വേഷിക്കേണ്ടി വരും.. ഇപ്പോൾ തന്നെ അത് ആലോചിക്കണം.. " "ഈ കാര്യം ഞാനും ആലോചിച്ചിരുന്നു...പക്ഷെ.. ഗ്രൗണ്ടിന് യോജിച്ച സ്ഥലം ഈ കോളേജ് കോമ്പൗണ്ടിൽ അവിടെ മാത്രം അല്ലെ ഉള്ളത്.. " "അല്ല.. മറ്റൊരു സ്ഥലം കൂടി ഉണ്ട്.. ഇപ്പോൾ ഉള്ള ഗ്രൗണ്ടിന് അപ്പുറത്തെ ഒഴിഞ്ഞ സ്ഥലം ബാസ്കറ്റ് ബാളിനായുള്ള ഗ്രൗണ്ടിന് അനുയോജ്യമാണ്.. ആവശ്യത്തിന് വിസ്താരം ഒക്കെയുണ്ട്.. "

"അവിടെയോ.. അത് അങ്ങ് അറ്റത്തായി പോയല്ലോ.. മാത്രമല്ല അതൊരു പബ്ലിക് പ്ലേസ് അല്ലെ.. ഒരു പ്രൈവസി അവിടെ ഉണ്ടാവില്ല.. എന്റെ അഭിപ്രായം ആണ്.. ഞാൻ എല്ലാവരോടും ചോദിക്കട്ടെ..ഭൂരിപക്ഷം പേരുടെ അഭിപ്രായം നോക്കാം.. " "ഓക്കേ.. എന്നാൽ അനി എല്ലാവരോടും ചോദിക്ക്.. ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്.. കോളേജ് വിട്ടതിനു ശേഷം നമുക്ക് കാണാം.. " ഈശ്വർ പറഞ്ഞതും അവൾ അവിടെ നിന്നും തന്റെ ക്ലാസ്സിലേക്ക് പോയി.. ഇത്രയും സമയം അമിത് സൈലന്റ് ആയിരുന്നു... അനിയെ കുറിച്ച് കൂടുതൽ പഠിക്കുകയായിരുന്നു അവൻ.. താൻ തല്ലിയതിന് ഒട്ടും പരിഭവം ഇല്ലെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല എന്ന മട്ടിലാണ് അവൾ പെരുമാറുന്നതെന്നും അവന് മനസ്സിലായി... കുറച്ചു സമയം കൊണ്ട് അനിയുടെ ക്യാരക്ടർ നെ പറ്റി അവന് കൂടുതൽ അറിയാൻ കഴിഞ്ഞു....... "ഇനിയിപ്പോ എല്ലാ ക്ലാസ്സിലും കയറി ഇറങ്ങണം എന്നാണോ നീ പറയുന്നേ.. " "അതേ വാവീ.. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ടേ ഒരു തീരുമാനം എടുക്കാൻ ആവൂ.. രണ്ടു സ്ഥലങ്ങൾ ആണ് മുന്നിൽ ഉള്ളത്..

അതിൽ ഒന്ന് കിട്ടുമെന്ന് ഉറപ്പില്ല.. മറ്റേത് ആണേൽ പബ്ലിക് പ്ലേസ് ആണ്.. ഒരു പ്രൈവസി ഇല്ല.. എല്ലാവരുടെയും അഭിപ്രായം അറിയണം.. എന്നാലേ ഈ സ്ഥലം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റൂ.. " "ഓഹ്... എന്നാ നീ നിന്റെ ജോലി തുടങ്ങിക്കോ.. നിന്റെ കൂടെ എനിക്ക് വരാൻ പറ്റില്ല.. അടുത്ത ഹവർ ആ മിസ്സ്‌ ആണ്.. എന്നെ കുറിച്ച് എന്തെങ്കിലും പരാതി പ്രിൻസിയോട് പറയാൻ കാത്ത് നിൽക്കാ.. അല്ലേൽ എപ്പോഴേ ഞാൻ നിന്റെ കൂടെ വന്നിരുന്നു.. " "നീ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തോ വാവീ.. ഞാൻ പൊയ്ക്കോളാം. കൂട്ടിന് ജോയിന്റ് സെക്രട്ടറി ഉണ്ട്.. ഞങ്ങൾ എല്ലാ ക്ലാസ്സും കവർ ചെയ്തോളാം... " അനിയും ജോയിന്റ് സെക്രട്ടറിയും കൂടി അവരുടെ ഡിപ്പാർട്ട്മെന്റിലെ മുഴുവൻ ക്ലാസ്സിലും കയറി ഇറങ്ങി.. ഓരോരുത്തരോടും അഭിപ്രായം ചോദിച്ചു.. പുതുതായി ഉള്ള പരാതികളും ചോദിച്ചറിഞ്ഞു... അമിതിന്റെ പിജി ഡിപ്പാർട്ട്മെന്റിലെ ഓരോ ക്ലാസ്സിലേക്കും പോകാൻ അവൾ അമിതിന്റെ സഹായം തേടി.. ഈശ്വറിന് ഇന്നൊരു മീറ്റിംഗ് ഉള്ളതിനാൽ അവൻ അതിന്റെ അറേഞ്ച്മെന്റ്സ്ൽ ആയിരുന്നു.. അതിനാൽ തന്നെ ഈശ്വർ അമിതിനെ അവളോടൊപ്പം വിട്ടു. കോളേജ് വിടാൻ നേരത്താണ് എല്ലാം കവർ ചെയ്ത് അനിയും അമിതും ഈശ്വറിന്റെ അടുത്തെത്തിയത്..

"ക്ഷീണിച്ചോ രണ്ടു പേരും.. ഇനിയും ഇത് പോലെ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യേണ്ടതാണ്.... ആ.. എന്തായി കാര്യം.." "അത് വേണ്ട.. എല്ലാവരും അത് തന്നെയാണ് പറയുന്നത്.. അവിടെ വേണ്ടെന്ന്.. ആ കാട് മൂടി കിടക്കുന്ന സ്ഥലം ആണെങ്കിൽ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിനോട് ചേർന്നും ആയി എല്ലാ സൗകര്യങ്ങളും ഉണ്ട്.. മാത്രമല്ല അവിടെ പ്രൈവസി ഇല്ലെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്.. അതൊരു പബ്ലിക് പ്ലേസ് ആണെന്ന്.. അത് കൊണ്ട് ഇവിടെ മതി എന്നാ പറയുന്നേ.. " "ഓഹ്.. ഓക്കേ.. എങ്കിൽ പിന്നെ നമുക്ക് മാനേജ്മെന്റ് ന്റെ തീരുമാനത്തിന് കാത്തിരിക്കാം.. " "അതിന് മുൻപ് നമുക്കാ സ്ഥലം ഒന്ന് കാണാൻ പോകാം.. " "ഇന്ന് വേണോ.. എനിക്കൊരു മീറ്റിംഗ് ഉണ്ട്.. " "അവിടെ ഇപ്പോൾ തന്നെ വൃത്തിയാക്കാൻ അല്ല പോകുന്നത്. ജസ്റ്റ്‌ ഒന്ന് കാണാൻ ആണ്.. അമിത് ചേട്ടാ പ്ലീസ്. നമുക്കൊന്ന് പോകാം.. ആ സ്ഥലം നമുക്ക് അനുവദിച്ചു കിട്ടിയാൽ ക്ലീനിങ് സംബന്ധിച്ച് ഒരു ഐഡിയ ഉണ്ടാക്കേണ്ടെ.. അതിന് ആദ്യം ആ സ്ഥലം ഒന്ന് മുഴുവനായി കാണണം.."

അനിയുടെ നിർബന്ധം കാരണം അമിതും ഈശ്വറും അവിടേക്ക് നടന്നു... കാട് മൂടപ്പെട്ട ആ സ്ഥലം ആകെ അവർ വീക്ഷിച്ചു.. വള്ളിച്ചെടികളും മറ്റും പടർന്ന് കാട് ആയിരിക്കുകയാണ്.. കൂടുതൽ അങ്ങോട്ട്‌ പോകാതെ അവർ എല്ലാം നിരീക്ഷിച്ചു.. "ഹോ.. ഇത് മൂന്ന് ദിവസത്തെ പണി ഉണ്ടാവും... ഇതെല്ലാം വെട്ടി തെളിച്ച് ഗ്രൗണ്ട് ആക്കി എടുക്കണം.. " "അനീ.. മൂന്നല്ല മൂന്ന് വർഷം വേണ്ടി വരും എന്നാ തോന്നുന്നേ.. " "നോക്കാം.. പണി ആയുധങ്ങൾ എല്ലാം ഒരുക്കി വെക്കണം.. കഴിയുന്നത്ര പിള്ളേരെ ഇതിന് ഏർപ്പെടുത്തണം " അതൊക്കെ ഞാൻ ഏറ്റു.. മുന്നണിയിൽ നല്ല തണ്ടും തടിയുമുള്ള നമ്മുടെ പിള്ളേർ ഉണ്ട്.. അവരെ ഇറക്കാം.. " തിരികെ പോകാൻ നേരം അനിയും ഈശ്വറും ഭയങ്കര ചർച്ചയിൽ ആയിരുന്നു... അമിത് അപ്പോഴും പിറകിലേക്ക് നോക്കി കൊണ്ടിരുന്നു.. തന്റെ കാൽക്കൽ തടഞ്ഞ ഒരു സാധനം അവന്റെ കയ്യിൽ ഭദ്രമായിരുന്നു..... സംശയ കണ്ണുകളോടെ അവനാ കാട് മൂടിയ സ്ഥലത്തേക്ക് വീണ്ടും വീണ്ടും നോക്കി അവരോടൊപ്പം തിരിച്ചു നടന്നു... നാളെ തന്നെ അവിടെ വൃത്തിയാക്കണം എന്നവൻ മനസ്സിൽ ഉറപ്പിച്ചു.. കയ്യിൽ മുറുകെ പിടിച്ച വസ്തു അവൻ പോക്കറ്റിലേക്കിട്ടു.. പല ഊഹങ്ങളും സംശയങ്ങളും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story