ആത്മരാഗം💖 : ഭാഗം 37

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അമ്മേ.. ഞാൻ ഇറങ്ങാ.. " മാറ്റി ഒരുങ്ങി അനി ഗേറ്റിന് അടുത്ത് തന്നെ കാത്തു നിൽക്കുന്ന ആര്യയുടെ അടുത്തേക്കോടി.. അവളുടെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും അമ്മ പൂമുഖത്തേക്ക് വന്നു.. "പോകുന്നതൊക്കെ കൊള്ളാം. കോളേജിലെ മെയിൻ ആളാണ് ഞാൻ എന്നും പറഞ്ഞ് ഇന്നലത്തെ പോലെ ആ കോലത്തിൽ കയറി വന്നേക്കരുത്.. നാട്ടുകാർ കരുതും ഞങ്ങൾ നിന്നെ പണിക്ക് വിടുവാണെന്ന്.... " അമ്മ വിളിച്ചു പറഞ്ഞതും അനി ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു. "എന്റെ അമ്മേ.. ഇതൊക്കെ തന്നെ അല്ലെ കോളേജ് ലൈഫ്.. ഇങ്ങനെ പല കോലത്തിൽ ഞാൻ കയറി വരും.. അമ്മേടെ മോളിപ്പോ വേറെ ലെവലാണ്.. " "ഹും...നീ മറ്റു പെൺകുട്ടികളെ പോലെയല്ല,,,വേറെ ലെവൽ ആണെന്ന് ഈ അമ്മക്ക് നന്നായി അറിയാം....ബസ്സിലൊക്കെ പോരേണ്ടതാണ്.. അടക്കത്തിലും ഒതുക്കത്തിലും നടന്നില്ലേൽ കോളേജിൽ വിടാതെ ഇവിടുത്തെ പറമ്പിൽ കിളക്കാൻ നിർത്തും നിന്നെ...ഓർത്തോ...." അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയതും അനി ആര്യയുടെ അടുത്തേക്ക് പോയി..

"ഇന്നലെ അതിന് മാത്രം മോശമായിരുന്നോ വാവീ ഞാൻ.... " "പിന്നല്ലാതെ.. ഞാൻ പറഞ്ഞതല്ലേ കൈയും കാലും മുഖവും ഒക്കെ കഴുകി ഡ്രസ്സ്‌ ഒക്കെ ശെരിയാക്കിയിട്ട് പോകാമെന്ന്.. അപ്പോ നീയല്ലേ പറഞ്ഞെ ഇപ്പോൾ തന്നെ ലേറ്റ് ആയി ബസ് കിട്ടില്ലെന്ന്‌.. നിന്റെ കോലം കണ്ടാൽ പാടത്ത് പണിക്ക് പോയ പോലെ ഉണ്ടായിരുന്നു..ഇതിന് മാത്രം പണിയൊക്കെ അവിടെ ഉണ്ടായിരുന്നോ.. " "ആകെ കാട് മൂടി കിടക്കുവായിരുന്നില്ലേ.. അതൊക്കെ വെട്ടി തെളിച്ചു.. മുള്ള് കൊണ്ടാ കയ്യൊക്കെ കോറിയത്.. പിന്നെ പ്ലാസ്റ്റിക് പെറുക്കി കൂട്ടലും,,, ഒരു ഭാഗത്ത് മണ്ണിന്റെ കൂമ്പാരം തന്നെ ഉണ്ടായിരുന്നു.. അതൊക്കെ നിരത്തി.. ഞാൻ ഒറ്റക്കല്ല.. അവരുടെ കൂടെ സഹായിച്ചെന്നേ ഉള്ളൂ.. " "മ്മ്മ്.. എന്നിട്ട് കഴിഞ്ഞോ.." "ഇല്ല.. ഇനി അല്ലറ ചില്ലറ പണികൾ.. മൊത്തത്തിൽ ഒന്ന് ക്ലീൻ ആക്കണം.. പിന്നെ അതിർത്തി കെട്ടിയ മതിൽ പൊളിഞ്ഞു വീഴാറായിട്ടുണ്ട്.. അത് കെട്ടണം.. അതിന് കല്ല് ഇറക്കണം. ഇന്ന് ആ കാര്യം പ്രിൻസിയുമായി ചർച്ച ചെയ്യണം. എന്തായാലും അടുത്ത തിങ്കളാഴ്ച ഗ്രൗണ്ട് മുഴുവനായി ശെരിയായി ഗേൾസിന് തുറന്നു കൊടുക്കും..

സ്ഥലമേ പാസ്സായിട്ടുള്ളു ഗ്രൗണ്ട് മാത്രം പോരല്ലോ.. ബാസ്കറ്റ് ബാൾ കളിക്കാനുള്ള എല്ലാ സംവിധാനങ്ങളും റെഡി ആക്കേണ്ടേ.. അതൊക്കെ ഇനി മാനേജ്മെന്റിൽ ഉണർത്തിക്കണം.. " അനി പറയുന്ന കാര്യങ്ങൾക്ക് എല്ലാത്തിനും മൂളി കൊടുത്തു കൊണ്ട് ആര്യ അവളോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു... ************ "ഏട്ടാ.. ഏട്ടൻ ക്ലാസ്സിൽ കയറിക്കോ.. എനിക്ക് പ്രിൻസിയെ കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കണം.." കോളേജിൽ എത്തിയ അമിത് അക്ഷിതിനെ പറഞ്ഞയച്ച് പ്രിൻസിയുടെ ഓഫീസിലേക്ക് നടന്നു.. ഈശ്വർ എത്തിയിരുന്നില്ല.. അവന്റെ പാർട്ടി നടത്തുന്ന എന്തോ വലിയ പദ്ധതിയുടെ ഓട്ടപ്പാച്ചിലിൽ ആണവൻ... ഓഫീസിൽ ചെന്ന് പെർമിഷൻ ചോദിച്ച് അമിത് അകത്തേക്ക് കടന്നു.. "അമിത് ..വെൽ ഡൺ.. ഇത്രയും പെട്ടന്ന് ആ സ്ഥലം ക്ലീൻ ആക്കുമെന്ന് കരുതിയില്ല.. എല്ലാവരും നന്നായി അധ്വാനിച്ചിട്ടുണ്ടെന്ന് കണ്ടാൽ അറിയാം.. ഇനി എത്രയും പെട്ടന്ന് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം.." "അത് പറയാൻ തന്നെയാണ് മേം ഞാൻ വന്നത്.. ആ പൊളിഞ്ഞു വീഴാറായ മതിൽ കെട്ടണം.. അതിനുള്ള ഏർപ്പാട് ചെയ്യണം.. " "ഓക്കേ.. ഞാനത് ബന്ധപെട്ടവരുടെ ശ്രദ്ധയിൽ പെടുത്താം.. നാളെ തന്നെ മതിലിന്റെ പണി ആരംഭിക്കാൻ ഞാൻ വേണ്ടത് ചെയ്തോളാം.. "

മേമിന്റെ വാക്കുകൾ കേട്ട് തലയാട്ടി കൊണ്ട് അമിത് പോകാൻ തിരിഞ്ഞു.. പിന്നെ വീണ്ടും അവരുടെ മുന്നിലേക്ക് തിരിഞ്ഞു. ഇനി എന്താ എന്ന അർത്ഥത്തിൽ പ്രിൻസി അവന്റെ മുഖത്തേക്ക് നോക്കി.. "മേം.. എനിക്ക് മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.. " "എന്താ അമിത്.. സീരിയസ് ആയ വിഷയം ആണോ.. " അവന്റെ മുഖഭാവം കണ്ട് പ്രിൻസി കസേരയിൽ നേരെ ഇരുന്ന് അവനോട് ചോദിച്ചു.. അതേ എന്ന് തലയാട്ടി കൊണ്ട് അവൻ പ്രിൻസിയുടെ ടേബിളിന് കുറച്ചൂടെ അടുത്തേക്ക് നീങ്ങി നിന്നു.. "അതേ മേം..നമ്മുടെ പ്രത്യേകിച്ച് എന്റെ അശ്രദ്ധ കാരണം ഈ കോളേജിൽ പലതും നടക്കുന്നുണ്ട്..അത് പറയുന്നതിന് മുൻപ് എനിക്ക് ചിലത് കാണിക്കാനുണ്ട്... " പോക്കറ്റിൽ നിന്നും രണ്ട് മൂന്ന് ഉപയോഗശൂന്യമായ സിറിഞ്ചുകളും ചെറിയ വെളുത്ത പ്ലാസ്റ്റിക് കവറുകളും അവൻ പ്രിൻസിക്ക് മുന്നിൽ നിരത്തി... ഒറ്റ നോട്ടത്തിൽ തന്നെ പ്രിൻസിക്ക് കാര്യം പിടികിട്ടി.. "അമിത്.. ഇതൊക്കെ.. " "യെസ് മേം.. ഈ കോളേജിൽ നിന്ന് തന്നെ കിട്ടിയതാണ്.. ഇന്നലെ ഞങ്ങൾ ആ സ്ഥലം വൃത്തിയാക്കിയപ്പോൾ അവിടെ നിന്നും കിട്ടിയതാണ്.. ആ മതിൽ പൊളിഞ്ഞത് കൊണ്ട് പുറമെ നിന്ന് വന്നവർ ആണോ അതോ നമ്മുടെ സ്റ്റുഡന്റസ് തന്നെയാണോ ഇതിന് പിറകിൽ എന്നത് വ്യക്തമല്ല....

ആര് തന്നെയായാലും അവർ വരുന്നത് മതിൽ പൊളിഞ്ഞു വീണ ഭാഗത്തു കൂടിയാണ്....ആരുടേയും ശ്രദ്ധ അങ്ങോട്ട് പതിയില്ലെന്നു നന്നായിട്ടറിയുന്നവർ തന്നെയാണ് ഇതിനു പിന്നിൽ......അത് എന്തായാലും ആരൊക്കെയായാലും ഇക്കാര്യം സീരിയസ് ആയിട്ട് തന്നെ കാണണം മേം.. കാട് മൂടി കിടക്കുന്ന ആ സ്ഥലം പലതിനും ഉള്ള മറ ആയിരുന്നു.. നമ്മുടെ പിള്ളേർ ആവാതിരിക്കട്ടെ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ..... " "അമിത്.. ഇത് ഗൗരവമേറിയ വിഷയം തന്നെയാണ്.. പോലിസ് കേസ് വരെ ആകാം.. അതെല്ലാം നമ്മുടെ കോളേജിന് ചീത്ത പേരുണ്ടാക്കും.. തത്കാലം ഇത് മറ്റാരും അറിയേണ്ട.. ഇതിന് പിറകിൽ ആരെന്ന് കണ്ടെത്തണം.. " "മേം.. അവിടെയിനി ഇത്തരം തോന്നിവാസങ്ങൾ നടക്കില്ല.. ഗ്രൗണ്ട് വരാൻ പോവുകയല്ലേ.. അതിനാൽ ഇനി ആ പേടി വേണ്ട.. പക്ഷെ..ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഈ കോളേജിൽ എല്ലാവരുടെയും കണ്ണ് എത്താത്ത പല ഭാഗങ്ങളും ഉണ്ട്.. അവിടെയെല്ലാം ഇത് പോലെ അവശേഷിപ്പുകൾ ഉണ്ടോ എന്ന് പരിശോധിക്കണം.. അത് പോലെ കോളേജിന്റെ പല ഭാഗത്തായി സിസിടിവി ക്യാമറ വെക്കണം.. " "യെസ്.. യു ആർ റൈറ്റ്.. നമ്മുടെ കണ്ണിൽ പെടാത്ത സ്ഥലങ്ങളിൽ ഇത് പോലെ ദുശീലങ്ങൾ നടക്കുന്നുണ്ടാവും.. അതെല്ലാം ചെക്ക് ചെയ്യണം അമിത്..

പിന്നെ സിസിടിവി ക്യാമറയുടെ കാര്യം.. അത് ഞാൻ മാനേജ്മെന്റിൽ അവതരിപ്പിച്ചോളാം.. ഈ വിഷയം ഈ കോളേജിലെ മുഴുവൻ ടീച്ചേഴ്സിനേയും അറിയിക്കേണ്ടതുണ്ട്.. ഉടനെ തന്നെ ഒരു മീറ്റിംഗ് വെക്കാം... പിന്നെ അമിത്.. ഒരു കാരണവശാലും ഈ മാറ്റർ പുറത്താരും അറിയരുത്.. സ്റ്റുഡന്റ്സ് പോലും..." "ഇല്ല മേം.. ഞാൻ ആരോടും പറയുന്നില്ല.. എന്റെ ഉത്തരവാദിത്തം ആണ് കോളേജിലെ എല്ലാ കാര്യവും അന്വേഷിക്കേണ്ടത്.. ഇത്രയും കാലമായി ഇതെന്റെ ശ്രദ്ധയിൽ പെട്ടില്ല എങ്കിൽ അതെന്നിൽ നിന്നും സംഭവിച്ച വീഴ്ചയാണ്.. സോ.. ഈ വിഷയത്തെ ഞാൻ ഗൗരവമായി കാണും. ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും ഒരു തീരുമാനം എടുക്കണം.. പിന്നെ ഏതെങ്കിലും ഒരു ദിവസം ഈ വിഷയവുമായി ബന്ധപെട്ട് നമുക്കൊരു ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കാം...." "ഓക്കേ അമിത്.. ഇനി എല്ലാ കാര്യത്തിലും നിനക്ക് ശ്രദ്ധ വേണം.ഇതിന്റെ ഗൗരവം എല്ലാവരിലും എത്തിക്കാം.. ടീച്ചേഴ്സിനോട് എല്ലാ സ്റ്റുഡന്റ്സ്നെയും വാച്ച് ചെയ്യാൻ ഞാൻ പറയാം..

അമിതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതായിരിക്കും ബെറ്റർ.. " "ഓക്കേ മേം.. ഞാൻ ശ്രദ്ധിച്ചോളാം.. " പ്രിൻസിയുടെ ഓഫിസിൽ നിന്നും ഇറങ്ങിയപ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞ പോലെ ആണ് അമിതിന് തോന്നിയത്.. ഇന്ന് ക്ലാസ്സിൽ കയറാതെ കോളേജ് മുഴുവൻ ഒരു അന്വേഷണം നടത്തണം എന്ന് അവൻ തീരുമാനിച്ചു.. മറ്റെവിടെങ്കിലും ഇത് പോലെ എന്തെങ്കിലും കാണുകയാണേൽ വളരെ ഗൗരവമായി മുന്നോട്ടു പോകണം എന്നും അവൻ തീരുമാനിച്ചു.. ************ അല്പം ലേറ്റ് ആയിട്ടാണ് ആര്യയും അനിയും കോളേജിൽ എത്തിയത്.. ഗേറ്റ് കടന്ന് ക്യാംപസിൽ എത്തിയപ്പോൾ ബൈക്ക് പാർക്ക് ചെയ്ത് നടന്ന് വരുന്ന അനിൽ സാറിനെ അനി കണ്ടു.. ചെറു ചിരിയോടെ അവൾ ശരീരം അല്പം ചെരിച്ച് സാറിനെ നോക്കി.. എന്നാൽ അനിയെ കണ്ണിൽ കണ്ടതും അനിൽ സാർ അവളെ അവോയ്ഡ് ചെയ്തു കൊണ്ട് കുറച്ചപ്പുറത്തൂടെ നടന്നു പോയി.. സാർ അരികിൽ എത്തുമ്പോൾ ഗുഡ് മോർണിംഗ് പറയണം എന്ന് മനസ്സിൽ അനി വിചാരിച്ചിരുന്നു.. എന്നാൽ തന്നെ മൈൻഡ് ചെയ്യാതെ പോയത് കണ്ട് അവൾ നിരാശയോടെ സാർ പോകുന്നത് നോക്കി.. ഫസ്റ്റ് ഹവർ തന്നെ അവർക്ക് ലീവ് ആയിരുന്നു.. ആ സമയം അനി പോർഷൻസ് എല്ലാം ക്ലിയർ ചെയ്തു..

ആര്യക്ക് ബുദ്ധിമുട്ട് ആവുമെന്ന് കരുതിയവൾ സ്വയം എല്ലാം മനസ്സിലാക്കി പഠിച്ചു..... ചില ഭാഗങ്ങളിൽ ഡൌട്ട് കൂടിയതിനാൽ അവൾ അത് മിസ്സിനോട് ചോദിക്കാൻ തീരുമാനിച്ചു.. സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ അവിടെ മൂന്ന് നാല് ടീച്ചേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്കിടയിൽ അനിൽ സാറിനെയും അവൾ കണ്ടു.. സാർ ബുക്സ് എടുത്ത് ക്ലാസ്സിലേക്ക് പോകാൻ നിൽക്കായിരുന്നു...അനിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അനിൽ സാർ നടന്നു പോയി... അത് കാര്യമാക്കാതെ അവൾ മിസ്സിന് അടുത്തേക്ക് ചെന്നു.. "ആഹാ.. അനിരുദ്രയോ.. ഇപ്പൊ സ്ഥാനമാനം ഒക്കെ കിട്ടിയപ്പോൾ ക്ലാസ്സ്‌ മറന്നു അല്ലെ..ഇങ്ങനെ പോയാൽ നീ പഠിത്തത്തിൽ ഉഴപ്പും.. അല്പം തരികിട ആണേൽ കൂടി നീ പഠിക്കാൻ മിടുക്കി ആയിരുന്നു.. ഇനിയിപ്പോ അത് നിൽക്കുമല്ലോ " "ഏയ്‌.. ഇല്ല മിസ്സ്‌.. ക്ലാസ്സിൽ കയറാൻ പറ്റാറില്ലെങ്കിലും ഞാൻ മിസ്സ്‌ എടുക്കുന്ന പോഷൻസ് പിന്നീട് നോക്കാറുണ്ട്. ചില ഭാഗങ്ങളിൽ കുറച്ചു ഡൌട്ട്സ് ഉണ്ട്.. അത് ചോദിക്കാനാ വന്നത് ..." കയ്യിലെ ബുക്സ് അവൾ മിസ്സിന് മുന്നിൽ വെച്ച് ഡൌട്ട് എന്താണെന്ന് വ്യക്തമാക്കി... അതെല്ലാം മിസ്സ്‌ ക്ലിയർ ചെയ്തു കൊടുത്തു... പേജുകൾ മറിച്ച് വീണ്ടും വീണ്ടും അവൾ ഓരോ ഡൌട്ട് ചോദിച്ചു കൊണ്ടിരുന്നു..

ഒടുവിൽ ഏതോ ഒരു ഭാഗത്ത് അവൾ അടിവരയിട്ടവയിൽ കണ്ണോടിച്ച മിസ്സ്‌ അവളെ അത്ഭുതത്തോടെ നോക്കി... "അനിരുദ്ര... ഈ പോഷൻസ് ഒന്നും ഞാനതിന് എടുത്തിട്ടില്ലല്ലോ... " മിസ്സ്‌ കണ്ണും മിഴിച്ചുകൊണ്ട് അവളെ നോക്കിയതും അവൾ പേജുകൾ മറിച്ച് ചെക്ക് ചെയ്തു.. ഏത് പോഷൻ വരെയാണ് താൻ ക്ലാസ്സിൽ എടുത്തതെന്ന് മിസ്സ്‌ അവൾക്ക് കാണിച്ചു കൊടുത്തു.. "ഓഹ്.. സോറി മേം.. ക്ലാസ്സിൽ കയറാൻ പറ്റാത്തത് കൊണ്ട് പോഷൻസ് എവിടെ വരെ എത്തി എന്നറിയില്ലായിരുന്നു... ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ലൈബ്രറിയിൽ നിന്ന് റഫറൻസ് എടുത്താണ് ഞാൻ ഇന്നലെ പഠിച്ചത്.. ഓരോ ഭാഗവും നോക്കി നോക്കി ഇത് വരെ എത്തിയത് അറിഞ്ഞില്ല.. " "ഗുഡ്.. ക്ലാസ്സിൽ കയറാതെ തന്നെ നീ ഇത്ര പെർഫെക്ട് ആയിട്ട് എല്ലാം പഠിക്കുന്നുണ്ടല്ലോ.. ക്ലാസ്സിൽ ഇരുന്നവർ പോലും ഇത്ര ഡീപ് ആയിട്ട് നോക്കിയിട്ടുണ്ടാവില്ല.. " "അത് മേം. നോട്സ് എഴുതാതെ അല്ലെ മേം പോഷൻസ് എടുത്തു തരുന്നത്.. അങ്ങനെ വരുമ്പോൾ ഈ ബുക്ക്‌ മാത്രം വായിച്ചത് കൊണ്ട് ഒന്നും തലയിൽ കയറില്ല.ഡീറ്റൈൽ ആയി മനസ്സിലാവണമെങ്കിൽ ഗൈഡ് തന്നെ വേണം..

അതാ ഞാൻ ലൈബ്രറിയിൽ ചെന്ന് റഫറൻസ് നോട്ട് തയ്യാറാക്കി പഠിച്ചത്.. " "കീപ് ഇറ്റ് അപ്പ്‌.. " പുഞ്ചിരിയോടെ അനി മിസ്സ്‌ നോട്‌ താങ്ക്സ് പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു....അവളെ നോക്കി അഭിമാനത്തോടെ മിസ്സ്‌ അനിയെ കുറിച്ച് മറ്റ് ടീച്ചേഴ്സിനോട് പറഞ്ഞു തുടങ്ങി... ലഞ്ച് ബ്രേക്കിന് ശേഷം അനി ബുക്സ് ഓരോന്ന് എടുത്തു നോക്കി. അടുത്തത് ഡൗട്സ് ക്ലിയർ ചെയ്യാൻ ഉള്ളത് അനിൽ സാറിന്റെ വിഷയം ആയിരുന്നു..ആര്യയോട് കാര്യം പറഞ്ഞ് ബുക്കും എടുത്തവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു.. സ്റ്റാഫ് റൂമിൽ അനിൽ സാറിനെ കൂടാതെ ആരും ഇല്ലെന്ന് മനസ്സിലാക്കിയ അനിയുടെ മനസ്സ് തുള്ളി ചാടി... അത് പുറമെ കാണിക്കാതെ വാതിൽക്കൽ നിന്ന് ഡൌട്ട് ചോദിക്കാൻ ആണെന്ന് പറഞ്ഞതും അനിൽ സാർ വരാൻ പറഞ്ഞു.... ആരുമില്ലാത്ത ആ നാല് ചുമരുകൾക്കുള്ളിൽ അനിയുടെ ഹൃദയമിടിപ്പ് മുഴങ്ങി.. ഓരോ കാൽവെപ്പിലും അവളുടെ മുഖം വിടർന്നു... അവളെ നോക്കാതെ അനിൽ സാർ ബുക്ക്‌ വാങ്ങി തുറന്നു വെച്ചു.. അടി വരയിട്ട ഭാഗമാണ് ഡൌട്ട്സ് എന്ന് അനി പറഞ്ഞതും അനിൽ സാർ അത് എക്സ്പ്ലെയിൻ ചെയ്തു കൊടുത്തു..

വീണ്ടും വീണ്ടും ഓരോ ഡൌട്ട് അനി ചോദിച്ചു കൊണ്ടിരുന്നു.. അതെല്ലാം തന്നെ ബുക്കിലേക്ക് മാത്രം നോക്കി അനിൽ സാർ ക്ലിയർ ചെയ്തു കൊടുത്തു.. തന്നെ ഒന്ന് നോക്കാൻ വേണ്ടി അവൾ സാറിന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവളുടെ കൈ സാറിന്റെ കയ്യിൽ വെക്കാനും ഡൌട്ട് ചോദിക്കാൻ എന്ന വണ്ണം മുഖം താഴ്ത്തി സാറിനോട് കൂടുതൽ അടുക്കാനും ശ്രമിച്ചു.. അവളുടെ കുസൃതിത്തരങ്ങൾ അതിര് കടക്കാൻ തുടങ്ങിയതും അനിൽ സാർ പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റു മാറി നിന്നു.. "അനി രുദ്ര... ബീഹെവ് യുവർ സെൽഫ്.. വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കരുത്.. ഐആം യുവർ ടീച്ചർ.. ആ കാര്യം മറക്കരുത്.. നാളെ മുതൽ എന്റെ ക്ലാസ്സിൽ നിർബന്ധമായും അനിരുദ്ര ഹാജർ ആയിരിക്കണം.. ഇനിയും ഡൌട്ട് ചോദിച്ചു കൊണ്ട് ഇങ്ങനെ വരണം എന്നില്ല.. ആർ യു ക്ലിയർ... " അല്പം ദേഷ്യത്തോടെ അനിൽ സാർ പറഞ്ഞതും അനി മെല്ലെ തലയാട്ടി.. ബുക്ക്‌ ടേബിളിൽ നിന്നും എടുത്തു കൊണ്ട് അവൾ സാറിനെ നോക്കി. തിരിഞ്ഞു നടന്ന അവളെ വീണ്ടും സാർ വിളിച്ചു..

"അനിരുദ്ര... ഇനിയും പിറകെ നടന്ന് ബുദ്ധിമുട്ടിക്കരുത്.. ഈ കോളേജിൽ നിന്ന് റിസൈൻ ചെയ്യാൻ എന്നെ പ്രേരിപ്പിക്കരുത്.. " സാറിന്റെ നാവിൽ നിന്ന് ആ വാക്കുകൾ വീണതും അനിയുടെ മുഖം വാടി... എങ്കിലും അത് പുറമെ കാണിക്കാതെ അവൾ ചിരിക്കാൻ ശ്രമിച്ചു... "ഇല്ല സാർ ഞാൻ ഇനി ബുദ്ധിമുട്ടിക്കില്ല.. ഈ കോളേജിൽ നിന്നും ഞാൻ കാരണം പോകേണ്ട... പിറകെ നടക്കാൻ അല്ലെ സാറിന്റെ സമ്മതം വേണ്ടത്.. സ്നേഹിക്കാൻ വേണ്ടല്ലോ.. " അതും പറഞ്ഞവൾ വേഗത്തിൽ തിരിഞ്ഞു നടന്നു.. അവൾ പോകുന്നത് കണ്ണെടുക്കാതെ അനിൽ സാർ നോക്കി നിന്നു.. അവിടെ നിന്നും ഇറങ്ങിയ അനി ഒരു കാര്യം മനസ്സിൽ തീരുമാനിച്ചു.. ഇനി സാറിന്റെ മുന്നിൽ പോവുകയോ സാറിന്റെ ക്ലാസ്സിൽ കയറുകയോ ചെയ്യില്ലെന്ന്. സാർ അറിയാതെ സാറിനെ നോക്കുകയും മനസ്സിൽ പ്രണയിച്ചാൽ മതിയെന്നും ആ സ്വാതന്ത്ര്യത്തെ വിലക്കാൻ ആരും വരില്ലെന്ന് അവൾ ആലോചിച്ചു.. ലഞ്ച് ബ്രേക്കിന് ശേഷമുള്ള അടുത്ത പിരിയഡ് സാറിന്റെ ആയതിനാൽ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി.. ഗ്രൗണ്ട് നിർമ്മാണം നടക്കുന്നിടത്തേക്കാണ് അവൾ പോയത്.. അവിടെ ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുകയാണ്.. അമിതും ഈശ്വറും അവിടെയുണ്ട്..

ഉള്ളിലെ സങ്കടം മറച്ചു വെച്ച് അവൾ ചിരിയോടെ അവർക്കൊപ്പം കൂടി.. വൈകുന്നേരം ആയതും ഏകദേശം എല്ലാം കഴിഞ്ഞു.. ഓരോരുത്തരായി പോകാൻ തുടങ്ങി.. ഒടുവിൽ അവർ മൂന്ന് പേരും ബാക്കിയായി.. "അനീ.. എല്ലാം കഴിഞ്ഞു.. ഇനി നാളെ മുതൽ മതിൽ പണി തുടങ്ങും.. നാളെ ഒരു ദിവസം മാത്രമേ ഉണ്ടാവൂ.. അത് കഴിഞ്ഞ് ബാക്കി സെറ്റ് ചെയ്യണം.. " "ആഹ്.. അപ്പോൾ ഈ വർഷത്തെ നമ്മുടെ മുന്നണിയുടെ ആദ്യത്തെ ഉദ്യമം വിജയിച്ചു അല്ലെ.. ഇനിയിപ്പോ ഇത് പോലെ ഓരോ മാറ്റവും കൊണ്ട് വരണം.. " "അനീ.. നിനക്കിത് പോലെ ഉള്ള കാര്യങ്ങളിൽ നല്ല ഇന്ട്രെസ്റ്റ് ആണല്ലേ.. നിന്റെ ഉണർവ്വ് കണ്ട് ഇന്നേവരെ ഈ കാര്യങ്ങളിൽ ഒന്നും തലയിടാത്ത അമിത് വരെ രംഗത്തേക്കിറങ്ങാൻ തുടങ്ങി.." അമിതിനെ നോക്കി ഈശ്വർ പറഞ്ഞതും അനി ചിരിച്ചു. അമിത് അവളെ നോക്കി ചിരിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. "അനീ.. ഞാൻ നിനക്ക് അടുത്ത ഒരു ഉദ്യമം കൂടി തന്നോട്ടെ.. " "എനിക്കോ.. ഇനിയെന്താ." "കോളേജ് വിഷയം അല്ല.. പുറമെ ഉള്ളതാണ്..

നമ്മുടെ നാട്ടിൽ ഞങ്ങളുടെ പാർട്ടിയുടെ വക നടത്തുന്ന ഒരു സഹായം.. പദ്ധതി എന്നും പറയാം.. നീ ഉണ്ടെങ്കിൽ ഉഷാറായേനെ " "ഓഹ്. പാർട്ടി പ്രവർത്തനം ആണല്ലേ.. ഈശ്വർ ചേട്ടൻ എന്നെ പാർട്ടിക്കാരി ആക്കാൻ ഉള്ള പരിപാടി ആണോ.. " "അങ്ങനെയും കൂട്ടിക്കോ " "മ്മ്മ്.. നോക്കാം.. എന്റെ അച്ഛനും ഒരു സഖാവ് ആയത് കൊണ്ട് വീട്ടിൽ പ്രശ്നം ഉണ്ടാവില്ല.. എന്താണ് നടത്താൻ പോകുന്നത്.. എന്ത് പദ്ധതിയാണ്... എന്തായാലും ഞാനും അമിത് ചേട്ടനും ഉറപ്പായും ഉണ്ടാവും.. അല്ലെ.." അമിതിനെ നോക്കി പറഞ്ഞതും ഈശ്വർ ഒന്ന് ചിരിച്ചു.. ഇതിലൊന്നും താല്പര്യം ഇല്ലാത്ത അവൻ പങ്കാളിയാവില്ല എന്നായിരുന്നു ഈശ്വറിന്റെ ധാരണ.. എന്നാൽ അതിന് വിപരീതമായി അമിത് തലയാട്ടി... അത് കണ്ട് ഈശ്വർ അന്തം വിട്ടു.. "ഹാ.. നോക്കാം.. നീയാദ്യം എന്താണ് കാര്യം എന്ന് പറ.. " അമിത് പറയാൻ പറഞ്ഞതും ഈശ്വറിന്റെ പാർട്ടി നാട്ടിൽ നടത്താൻ ഉദ്ദേശിച്ച സഹായ പദ്ധതി അവൻ അവരോട് പങ്ക് വെച്ചു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story