ആത്മരാഗം💖 : ഭാഗം 38

athmaragam thanseeh

രചന: തൻസീഹ് വയനാട്

"ഞങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നത് ഒരു സമൂഹ വിവാഹമാണ്....ഭീമമായ ചെലവ് വരുന്നൊരു പരിപാടിയാണ്...അതൊക്കെ പാർട്ടി ഫണ്ടിൽ നിന്നും എടുക്കും.. പിന്നെ പലരും സ്പോൺസർ ചെയ്യാനും തയ്യാറാണ്.. മൊത്തം ഇരുപത് വധൂ വരന്മാരാണ് ഉള്ളത്.. പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ ആണ്... അടുത്ത വ്യാഴാഴ്ച ഇവിടെ ടൗൺ ഹാളിൽ വെച്ചാണ് നടത്താൻ ഉദ്ദേശിക്കുന്നത്.... ഇനി അധിക ദിനങ്ങൾ ഇല്ല.. കാര്യങ്ങൾ ഒരുപാടുണ്ട് ചെയ്യാൻ..നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഞങ്ങളുടെ കൂടെ കൂടാം..." "ഇത്രയും നല്ലൊരു കാര്യമായിട്ട് അതിൽ ഒരാളാവുക എന്നത് ഒരു ഭാഗ്യമല്ലേ....ഞാൻ റെഡി....എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി.. " "അതൊക്കെ പറഞ്ഞു തരാം.. നാളെ കോളേജ് ഇല്ലല്ലോ.. നാളെ പാർട്ടി ഓഫീസിൽ നമുക്ക് കൂടാം.. അവിടെ വെച്ച് ഓരോ കാര്യങ്ങൾ തീരുമാനിക്കാം... " "ഓക്കേ.. എന്നാൽ ഇപ്പോൾ ഞാൻ പോട്ടെ.. നാളെ ഞാൻ വരാം.. അമിത് ചേട്ടാ.. മറക്കാതെ വരണേ.. മുങ്ങരുത്.." "ഏയ്‌. ഇല്ല.. വരാം.. " ചിരിച്ചു കൊണ്ട് അമിത് വരാമെന്നേറ്റു..

അനിയോടുള്ള എല്ലാ ദേഷ്യവും അമിതിന്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നു.. "സമൂഹ വിവാഹമോ..?? " "അതേ വാവീ.. നല്ലൊരു കാര്യം ആയത് കൊണ്ടാ ഞാൻ ഏറ്റത്.. നാളെ നമുക്ക് പാർട്ടി ഓഫിസിൽ പോകണം. ഇതിനെ പറ്റി കൂടുതൽ അറിയാൻ.. ഒരുപാട് ആളുകൾ കൂടുന്ന ചടങ്ങാണ്.. മുന്നൊരുക്കങ്ങൾ വേഗത്തിൽ ആക്കേണ്ടി വരും.നാളെ ഇനി പാർട്ടി ഓഫിസിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. പോയി നോക്കണം..ഇങ്ങനെ ഒരു കാര്യത്തിൽ പങ്കാളി ആവുന്നത് ഒരഭിമാനം അല്ലെ.. " മറുത്തൊന്നും പറയാതെ ആര്യ മൂളി കൊണ്ട് അനിയുടെ കയ്യിൽ കൈകോർത്തു പിടിച്ച് മുന്നോട്ടു നടന്നു.. ഗേറ്റ് കടന്നതും റോഡ് സൈഡിൽ ബൈക്ക് സൈഡാക്കി ഫോണിൽ സംസാരിക്കുന്ന അനിൽ സാറിനെ അനി കണ്ടു.. ഒരു നിമിഷം സാറിനെയവൾ നോക്കി നിന്നു.. അടുത്ത നിമിഷം തന്നെ സാർ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ കിടന്ന് തിളച്ചു മറിഞ്ഞു... പിറകെ നടന്ന് ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷ സ്വരത്തിലാണ് സാർ പറഞ്ഞതെന്ന് അവൾ ഓർത്തു.. ഉടൻ തന്നെ അനി ആര്യയുടെ കയ്യിൽ പിടിച്ച് റോഡ് മുറിച്ചു കടന്നു . "ഹേയ് അനീ.. എന്തിനാ ഇവിടെ നിന്ന് ക്രോസ് ചെയ്യുന്നേ.. ബസ് സ്റ്റോപ്പിലേക്ക് ഇനിയും ഉണ്ടല്ലോ.. "

"അത്......വാവീ.. ആ കടയുടെ മുന്നിൽ കുറെ വായിനോക്കികൾ ഉണ്ട്..നീയും അവരും തമ്മിൽ ഉടക്കേണ്ട എന്ന് കരുതി മാറി നടന്നതാ... " ആര്യയുടെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു.. കുറെ സീനിയേഴ്സ് അവിടെ ഉള്ളതിനാൽ തന്നെ ആര്യയും അനി പറയുന്നതിന് മൂളി കൊണ്ട് നടന്നു... അനിൽ സാറിന്റെ വിഷയം മനഃപൂർവം തന്നെയാണ് അനി മറച്ചു വെച്ചത്. സാർ കാരണം തന്റെ മനസ്സ് വേദനിച്ചു എന്ന് ആര്യ അറിഞ്ഞാൽ സാറിനോടുള്ള അവളുടെ പ്രതികരണം എങ്ങനെ എന്ന് ഊഹിക്കാൻ ആവില്ല... താൻ കാരണം സാറിന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അവൾ ആഗ്രഹിച്ചു.. ആര്യയുടെ മറവിൽ നിന്നവൾ സാറിനെ ഇടം കണ്ണാലെ നോക്കി... ഫോൺ പോക്കറ്റിൽ ഇട്ട് സാർ ബൈക്കെടുത്ത് പോകുന്നത് വരെ അവളുടെ കണ്ണുകൾ സാർ അറിയാതെ സാറിന്റെ അരികിൽ കൂടി തന്നെ ആയിരുന്നു... കണ്ണിൽ നിന്ന് മറഞ്ഞതും അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.. അടുത്ത സെക്കന്റ്ൽ അവൾ മുഖഭാവം മാറ്റി ചിരിച്ചു കൊണ്ട് ആര്യയുടെ നേരെ മുഖം തിരിച്ച് അവളുടെ വായാടിത്തരം പുറത്തെടുത്തു...

പിന്നീടങ്ങോട്ട് വീട് എത്തുന്നത് വരെ, ബസ്സിൽ പോലും നോൺ സ്റ്റോപ്പായി അവൾ സംസാരിക്കാൻ തുടങ്ങി. ************ "ആഹാ.. നല്ലൊരു കാര്യം തന്നെയാണ് അമിത്.. അമ്മക്ക് സന്തോഷമായി.. തല്ല് പിടുത്തം ഒക്കെ വിട്ട് ഇപ്പോഴെങ്കിലും നീയൊരു നന്മ നിറഞ്ഞ കാര്യത്തിൽ പങ്കാളിയാവാൻ തീരുമാനിച്ചല്ലോ.. നമ്മുടെ വകയും നല്ലൊരു തുക ഈ പദ്ധതിയിലേക്ക് സംഭാവന നൽകാം...." "അതേ അമ്മേ.. പാവപെട്ട പെൺകുട്ടികളുടെ വിവാഹമാണ്.. കൂടെ അനാഥരും ഉണ്ട്.. നമ്മളാൽ കഴിയുന്ന സഹായം തീർച്ചയായും ചെയ്യണം.. " അമ്മയും അമിതും സോഫയിൽ ഇരുന്ന് സമൂഹവിവാഹത്തിന്റെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ വാലും തുമ്പും അറിയാതെ ഇടയിലെ മുറിഞ്ഞ വാക്കുകൾ കാതിൽ വലിച്ചെടുത്ത് കാര്യം എന്താണെന്ന് ശെരിക്ക് കേൾക്കുക പോലും ചെയ്യാതെ അപ്പുറത്തെ റൂമിൽ നിന്ന് അക്ഷരകുട്ടി ഓടി വന്നു.. അവളുടെ കണ്ണുകൾ വികസിച്ചു വന്നിരുന്നു.. "എന്താ അമ്മേ.. ഏട്ടന്മാരുടെ വിവാഹമാണോ.. അയ്യേ.. ഇവർക്കൊക്കെ ആരെങ്കിലും പെണ്ണ് കൊടുക്കുമോ..."

അവളുടെ വാക്കുകൾ കേട്ട് പരസ്പരം നോക്കി ഇരുന്ന അമ്മയും അമിതും ചിരി കടിച്ചു പിടിച്ചു... അക്ഷരയുടെ സംസാരം കേട്ട് അമനും അങ്ങോട്ട്‌ വന്നു.. "വാട്ട്‌.. കല്യാണം.. എപ്പോ.. ഞാൻ അറിഞ്ഞില്ലല്ലോ.. ഹോ.. അപ്പോൾ ഇനി ഞാനാണ് ഇവിടുത്തെ സ്റ്റാർ.. എപ്പോഴാ അമ്മേ ഏട്ടന്മാരുടെ കല്യാണം....?? " അമ്മയുടെ അടുത്ത് വന്നിരുന്ന് അമൻ പറഞ്ഞതും അമ്മയുടെ പിറകിലൂടെ കൈ നീട്ടി കൊണ്ട് അമിത് അവന്റെ തലക്കൊരു കൊട്ട് കൊടുത്തു.. "എവിടെയോ എന്തോ വാക്ക് കേട്ട് ഓരോന്ന് ചിന്തിച്ചു കൂട്ടി വന്നോളും.. അക്ഷരേ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് നിന്റെ ഈ സ്വഭാവം നിർത്തിക്കോ എന്ന്.. കാര്യം എന്താണെന്ന് കേട്ടത് പോലും ഇല്ല അവൾ.." "അമ്മ തന്നെ അല്ലെ കല്യാണം എന്നൊക്കെ പറഞ്ഞെ.. എന്നിട്ടിപ്പോ കുറ്റം എനിക്ക്.. " "എന്റെ കാന്താരീ... എന്റെയും വല്യേട്ടന്റെയും കല്യാണമല്ല.. അടുത്ത ആഴ്ച്ച നമ്മുടെ നാട്ടിൽ നടത്താനിരിക്കുന്ന ഒരു സമൂഹവിവാഹത്തിന്റെ കാര്യമാണ് പറഞ്ഞത്.... " "ഓഹ്.. അതായിരുന്നു... എങ്കിൽ പിന്നെ ഞാൻ പറഞ്ഞത് വെറുതെ ആവേണ്ട അമ്മേ.. അതിന്റെ കൂട്ടത്തിൽ ഏട്ടന്റെതും നടത്താം.. തല്ല് കൂടി കളിച്ചു നടക്കുന്ന സ്വഭാവം ഏട്ടത്തിയമ്മ വന്നാൽ നിന്നോളും..

ഏട്ടനെ വരച്ച വരയിൽ നിർത്താൻ കഴിവുള്ള ആരെയെങ്കിലും തപ്പി പിടിക്ക് അമ്മേ.. " "അയ്യോടാ... എന്നാൽ പിന്നേ നിന്റെ കല്യാണവും നടത്താം.. നാത്തൂൻ പോര് ഒഴിവാക്കാമല്ലോ.. " "ആണോ.. " അതും പറഞ്ഞ് അക്ഷര അവന്റെ മടിയിൽ ഇരുന്ന് അമിതിന്റെ മുടി വലിക്കാൻ തുടങ്ങി.. അങ്ങോട്ടും ഇങ്ങോട്ടും തല്ലിയും ഇക്കിളി ആക്കലും തുടർന്നതും അമ്മയുടെ കയ്യിൽ നിന്നവർക്ക് ചീത്ത കിട്ടി.. അതോടെ അമിത് അവളുടെ മുടി പിടിച്ചു വലിച്ച് വേഗം മേലോട്ട് ഓടി പോയി... പിറ്റേന്ന് രാവിലെ അമിത് പാർട്ടി ഓഫിസിലേക്ക് പോകാനായി പുറപ്പെട്ടു. ആദ്യമായാണ് അമിത് അവിടേക്ക് വരുന്നത്.. ഈശ്വർ അവന് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു.. ചർച്ചകൾ തുടങ്ങുന്നതിനു അനി വരട്ടെ എന്നും പറഞ്ഞവർ അവൾക്കായി കാത്തിരുന്നു........ ************ " ഇന്ന് കോളേജ് ഇല്ലാത്തത് കൊണ്ട് എവിടെയെങ്കിലും കറങ്ങാൻ പോകാനുള്ള പരിപാടി ആണോ.. " "അല്ല അച്ഛാ.. ഞാൻ പറഞ്ഞതല്ലേ.. അച്ഛന്റെ മോള് വലിയൊരു നേതാവ് ആവുന്നത് അച്ഛൻ കണ്ടോ... " "മ്മ്മ്.. നടന്നത് തന്നെ.. ഇതിന്റെ കൂട്ടത്തിൽ നിന്റെ കല്യാണം കൂടി നടത്തിയാലോ എന്നൊരു ആലോചന ഞങ്ങൾക്കുണ്ട്.. വേണേൽ ലിസ്റ്റ് തയ്യാറാക്കുമ്പോൾ നിന്റെ പേര് കൂടി വെച്ചോ.. "

"അയ്യോ.. അച്ഛന്റെ ആഗ്രഹം കൊള്ളാം.. അങ്ങനെയിപ്പോ ഫ്രീ ആയിട്ട് എന്നെ പറഞ്ഞു വിടാൻ അച്ഛൻ നോക്കേണ്ട.. ഈ അടുത്തൊന്നും അച്ഛന്റെ മോള് പോവൂല....പോവുകയാണെങ്കിൽ തന്നെ എന്നെ ഇട്ടു മൂടാനുള്ള സ്വർണ്ണം കൊണ്ടേ ഞാൻ പോവൂ..... " "ആഹ്.. അറിയാം.. എന്നെങ്കിലും ഞങ്ങൾക്കും നല്ല കാലം വരും.. " "അച്ഛാ...... " തിരിഞ്ഞു നിന്ന് കൊണ്ട് അച്ഛനെ നീട്ടി വിളിച്ചതും അച്ഛൻ ചിരിച്ചു കൊണ്ട് പൊയ്ക്കോ എന്ന് കാണിച്ചു.. അതോടെ അവൾ ചിരിച്ചു കൊണ്ട് ഓടി ചെന്ന് കവിളിൽ ഉമ്മ നൽകി കൊണ്ട് ആര്യയുടെ അടുത്തേക്കോടി.. "രാവിലെ തന്നെ എന്നെ കെട്ടിച്ചയക്കാൻ നോക്കാണ്.." ഗേറ്റ് തുറന്ന് ചിരിച്ചു കൊണ്ട് അനി പറഞ്ഞതും ആര്യയും ചിരിച്ചു. അനിയെ തനിച്ചു വിടാൻ ആര്യയ്ക്ക് ആഗ്രഹം ഇല്ലായിരുന്നു.. എന്നാൽ അനി തനിയെ പൊയ്ക്കോളാം എന്ന് പറഞ്ഞു.. അവളുടെ നിർബന്ധം കാരണം ആര്യ മറുത്തൊന്നും പറഞ്ഞില്ല. മാത്രമല്ല ഇന്ന് ലീവ് ആയതിനാൽ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നു..

അച്ഛനെ വീട്ടിൽ ഒറ്റക്കാക്കി പോകാനും അവൾക്കാവുമായിരുന്നില്ല. അത് കൊണ്ട് തന്നെ അവൾ അനിയോട് പോകാൻ പറഞ്ഞു.. .. അമിതിനെ കണ്ട് ഒരു പ്രശ്നം അവർ തമ്മിൽ ഉണ്ടാകേണ്ട എന്ന് കരുതി അനി മനഃപൂർവം ആര്യയെ മാറ്റിയതാണ്... അവൾ വേഗം പാർട്ടി ഓഫിസിലേക്ക് പുറപ്പെട്ടു.. അവിടെ എത്തിയതും ഈശ്വറും അമിതും പുറത്ത് തന്നെ കാത്ത് നിൽക്കുന്നത് അവൾ കണ്ടു. "ഇത്രയും നേരമായിട്ടും കാണാത്തത് കണ്ടപ്പോൾ ഞാൻ കരുതി വരില്ലെന്ന്.. അകത്തേക്ക് വാ.. " അവളെ ഈശ്വർ അകത്തേക്ക് ക്ഷണിച്ചു..അമിത് ചിരി മാത്രം നൽകി അകത്തേക്ക് കയറി കസേരയിൽ ഇരുപ്പുറപ്പിച്ചു. "അപ്പോൾ നമുക്ക് തുടങ്ങാം അല്ലെ... നമ്മുടെ പാർട്ടിയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ് ഈ സമൂഹവിവാഹം. ഒരുപാട് തവണ നമ്മൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്രാവശ്യം ഇരുപത് പാവപ്പെട്ട പെൺകുട്ടികൾക്കാണ് നമ്മൾ മംഗല്യ ഭാഗ്യം നൽകുന്നത്.. വലിയ കല്യാണം ആയത് കൊണ്ട് തന്നെ ഒരുപാട് ആളുകളെ ക്ഷണിക്കാനും മറ്റ് കാര്യങ്ങളും പെർഫെക്ട് ആയി ചെയ്യേണ്ടതുണ്ട്.. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഒരുമയോടെ ഈ പരിപാടി വിജയിപ്പിക്കണം.. " എല്ലാവരും കയ്യടിച്ചു കൊണ്ട് പ്രോത്സാഹനം അറിയിച്ചു..

ഓരോരുത്തർക്കും ഉള്ള ഡ്യൂട്ടി പാർട്ടി പ്രസിഡന്റ് തന്നെ ഡിവൈഡ് ചെയ്തു കൊടുത്തു.. "അമിത്.. നമുക്ക് രണ്ട് പേർക്കും കിട്ടിയ ജോലി ഇതിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്.. എല്ലാം നോക്കി നടത്തണം.. അനീ.. നീയും മിഥുനും വധുക്കളുടെയും വരന്മാരുടെയും ലിസ്റ്റും ഇൻവിറ്റേഷൻ കാർഡും തയ്യാറാക്കണം.. ഓരോരുത്തരുടെയും പേരും അവരുടെ ഇണയെയും ഫോട്ടോയും ഇവർ നൽകും.. എല്ലാം നിങ്ങൾ സെറ്റ് ചെയ്യണം.. പിന്നെ വരുന്ന ആൾക്കാരുടെ ലിസ്റ്റും വേണം... " "ഓക്കേ.. മിഥുൻ ആരാ....??" തന്റെ കൂടെ സഹായത്തിന് ഈശ്വർ നിശ്ചയിച്ചത് ആരെന്ന് അനി ചുറ്റും നോക്കി ചോദിച്ചു.. ഈശ്വർ മിഥുനെ കൈ കാണിച്ചു വിളിച്ചു കൊണ്ട് അവൾക്ക് കാണിച്ചു കൊടുത്തു.. അപ്പോഴാണ് അമിതും അവനെ ശ്രദ്ധിച്ചത്... അവൻ ഈശ്വറിനെ മാറ്റി നിർത്തി മിഥുനെ നോക്കി... "എടാ.. ഇവൻ... ഇവനാ അരുണിന്റെ വലം കൈയല്ലേ....." "അതേ.. അവൻ തന്നെയാണ്.." "അവനെയൊക്കെ എന്തിനാ നീ കൂടെ കൂട്ടിയത്..... എന്തെങ്കിലും ലക്ഷ്യം വെച്ചാവും അവൻ വന്നത്. ഈ പരിപാടി നല്ലത് പോലെ നടത്താൻ അവന്മാർ സമ്മതിക്കില്ല.." "ഏയ്‌.. അങ്ങനെ ഒന്നും ഉണ്ടാവില്ല അമിത്.. അരുണിന്റെ ഫ്രണ്ട് ആണെന്നെ ഉള്ളൂ.. പക്ഷെ ഇവൻ ഞങ്ങളുടെ പാർട്ടിയുടെ സെക്രട്ടറി ആണ്..."

പാർട്ടിയുടെ ഒരു പ്രവർത്തനത്തിനും ഇത് വരെ ഇറങ്ങാത്ത അമിതിന് ആരൊക്കെയാണ് നേതാക്കന്മാരായി ഉള്ളതെന്ന് അറിയില്ലായിരുന്നു.. അവന് മൂളി കൊടുത്തു കൊണ്ട് അമിത് ചർച്ചയിലേക്ക് ശ്രദ്ധ കൊടുത്തു.. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ സമൂഹവിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന തിരക്കിൽ ആയിരുന്നു അവരെല്ലാവരും.. എല്ലാവരോടും പെട്ടന്ന് ഇണങ്ങി അനി ഉന്മേഷത്തോടെ എല്ലാ കാര്യങ്ങളും ഭംഗിയോടെ നിർവഹിച്ചു.. അവളുടെ കൂടെ കൂടി പാർട്ടി പ്രവർത്തനങ്ങളിൽ അമിത് കൂടുതൽ ശ്രദ്ധ ചെലുത്തി.. ഈശ്വർ കോളേജിൽ വലിയ പാർട്ടി പ്രവർത്തകൻ ലുക്കിൽ ആണെങ്കിലും പാർട്ടി ഓഫീസിൽ തീരുമാനം എടുക്കുന്നത് അവിടുത്തെ പ്രസിഡന്റ് ഉം സെക്രട്ടറി ആയ മിഥുനും ആയിരുന്നു.. മുതിർന്ന നേതാക്കന്മാർ എല്ലാവരും അമിതിന്റെ പ്രവർത്തനങ്ങൾ വീക്ഷിച്ച് അവനെ പുകഴ്ത്തി.. ഓരോ കാര്യങ്ങളും മിടുക്കോടെ ചെയ്യുന്ന അമിത് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകനായി മാറി..ഒപ്പം അനിയും എല്ലാവർക്കും കാര്യമായിരുന്നു...... ************

"അമിത് ചേട്ടാ .. എല്ലാം സെറ്റ് ആയില്ലേ.. ഇനി നാളെ കല്യാണം ഒരു കുറവും വരാതെ നടന്നാൽ മതിയായിരുന്നു.." "അതൊക്കെ ഓക്കേ ആണ് അനീ.. ഒരു പേടിയും പേടിക്കേണ്ട.. " കോളേജിൽ തങ്ങളുടെ മീറ്റിംഗ് റൂമിൽ വെച്ച് സംസാരിക്കുകയായിരുന്നു അമിതും അനിയും.. കൂടെ ഈശ്വറും ഉണ്ട്..മൂന്നാല് ദിവസമായിട്ട് ഗ്രൗണ്ടിന്റെ ജോലിയിലും സമൂഹവിവാഹത്തിന്റെ ഒരുക്കങ്ങളുടെ പിറകെയും ആയിരുന്നു മൂവരും... അതിനാൽ തന്നെ ക്ലാസ്സിൽ കയറാൻ കഴിയാറില്ല.. പ്രത്യേകിച്ച് അനിൽ സാറിന്റെ ക്ലാസ്സ്‌ ആണേൽ ആ വഴിക്ക് തന്നെ അവൾ പോകാറില്ല...ഈ ഒരാഴ്ച അവൾ സാറിന്റെ മുന്നിൽ പോലും പോയില്ല..എന്നാൽ സദാ സമയവും അനിയുടെ കണ്ണുകൾ സാറിന്റെ പിറകെ തന്നെ ആയിരുന്നു.... നാളെ നടക്കാൻ പോകുന്ന സമൂഹവിവാഹത്തിന്റെ അവസാന ഘട്ട ചർച്ചയിലേക്ക് വീണ്ടും മൂവരും തിരിഞ്ഞു.. അവർക്കൊപ്പം മിഥുനും ചേർന്നു.. ആദ്യമൊക്കെ അമിതിന് അവനിൽ സംശയം ഉണ്ടായിരുന്നു.. എന്നാൽ പാർട്ടിയുടെ സെക്രട്ടറി ആയത് കൊണ്ടും ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്നതെന്ന് അമിത് മനസ്സിലാക്കി.. അവന്റെ കീഴിൽ ആണ് അമിതും ഈശ്വറും ഓരോ പ്രവർത്തനങ്ങൾ ചെയ്തത്.. നേതൃ സ്ഥാനം അവനായിരുന്നു..

എങ്കിലും അരുണിന്റെ ആളായത് കൊണ്ട് തന്നെ പൂർണമായി അവനെ വിശ്വസിക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.. "അപ്പൊ ശെരി.. ഞാൻ പോട്ടെ.. നാളെ കാണാം.. പരിപാടി നമുക്ക് ഉഷാറാക്കണം.. പിന്നെ പെട്ടെന്ന് തന്നെ ഗ്രൗണ്ട് തുറന്നു കൊടുക്കേണ്ടതുണ്ട്....അത് മറക്കേണ്ട.. " "ഏയ്‌.. മറന്നിട്ടില്ല അനീ.. നീ ചെല്ല്..നമുക്ക് നാളെ കാണാം.. " അമിത് ചിരിച്ചു കൊണ്ട് അവളെ പറഞ്ഞയച്ചു.. ഈ ദിനങ്ങളിൽ അമിതും അനിയും കൂടുതൽ അടുത്തിരുന്നു.. എങ്കിലും അധികം സംസാരിക്കാറില്ല.ഓരോ പ്രവർത്തനങ്ങളിലും അവർ ഒരുമിച്ചായിരുന്നു.. അവളോട്‌ സംസാരിക്കുമ്പോൾ എല്ലാം അമിതിനു അക്ഷരകുട്ടിയെ ഓർമ വന്നു.. അനി കൂടെ ഉള്ളത് കൊണ്ട് തന്നെ കോളേജ് കാര്യങ്ങളിൽ ആയാലും പാർട്ടി വിഷയം ആയാലും അമിത് ആത്മാർത്ഥതയോടെ പ്രവർത്തിച്ചു... അനി പോയതും അവസാന മിനുക്ക് പണി നടക്കുന്ന ഗ്രൗണ്ടിലേക്ക് പോയി നോക്കി വരാമെന്ന് പറഞ്ഞ് അമിത് എഴുന്നേറ്റു പോയി. മിഥുൻ നാളെ നടക്കാനുള്ള പരിപാടിയുടെ ഓരോ ഒരുക്കവും കൃത്യമല്ലേ എന്ന്ചെക്ക് ചെയ്തു കൊണ്ടിരുന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story