ആത്മരാഗം💖 : ഭാഗം 39

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അമീ........" അക്ഷിതിന്റെ നീട്ടിയുള്ള വിളി കേട്ടാണ് അമിത് ഞെട്ടി ഉണർന്നത്.....ക്ലോക്കിൽ സമയം നോക്കി അവനൊന്ന് നെടുവീർപ്പിട്ടു.. "ഓഹ്.. എന്റെ ഏട്ടാ. ലേറ്റ് ആയെന്ന് കരുതി ഞാൻ പേടിച്ചു പോയി.. എട്ടുമണിക്കുള്ളിൽ അവിടെ എത്തിയാൽ മതി..." "അതല്ല അമീ.. ഈശ്വർ നിന്നെ വിളിക്കാൻ വന്നിട്ടുണ്ട്.. " "ഈശ്വറോ....പതിവില്ലാതെ അവനെന്താ ഇവിടെ....എന്നെ വിളിക്കാനാണെങ്കിൽ ഇത്ര നേരത്തെ തന്നെ വരണോ??....ഞാൻ ഫ്രഷ് ആയി വരാം....ഏട്ടൻ കോളേജിൽ പോകാൻ റെഡി ആയിക്കോ.." അമിത് ഫ്രഷ് ആവാൻ പോയതും അക്ഷിത് കോളേജിൽ പോകാൻ റെഡിയാവാൻ തുടങ്ങി.. ഫ്രഷ് ആയി വേഗം അമിത് താഴേക്ക് ചെന്നപ്പോൾ കണ്ടത് സോഫയിൽ ഇരിക്കുന്ന ഈശ്വറിനെയാണ്.. അവന്റെ മുഖം അത്ര പന്തിയല്ലെന്ന് അവൻ മനസ്സിലാക്കി... അമിത് വേഗത്തിൽ സ്റ്റെപ് ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു.. അമിതിനെ കണ്ടതും അവൻ എഴുന്നേറ്റു.. "എന്താ ഡാ.. എന്തെങ്കിലും പ്രോബ്ലം..," "അമിത്.. അത്. " മറുപടി പറയാൻ നിന്നപ്പോഴേക്കും അമ്മ അവിടേക്ക് ഈശ്വറിനുള്ള ചായയുമായി വന്നു..

അത് കൊണ്ട് തന്നെ ഈശ്വർ ചിരിച്ചു കൊണ്ട് മൗനം പാലിച്ചു. സംഗതി സീരിയസ് ആണെന്ന് ഈശ്വറിന്റെ പെരുമാറ്റം അമിതിന് അറിയിച്ചു കൊടുത്തു.. തന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചോ എന്ന ചിന്തയിൽ വരെ അവനെത്തിച്ചേർന്നു "അയ്യോ.. അമ്മേ വേണ്ട.. ചായ മാത്രം മതി.. ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാ ഇറങ്ങിയേ.. " "അത് പറഞ്ഞാൽ പറ്റില്ല.. ഇനിയിപ്പോ പരിപാടി കഴിയുന്നത് വരെ അതിന്റെ ഓട്ടപ്പാച്ചിലിൽ ആയിരിക്കും നിങ്ങൾ.. ഒന്നും കഴിക്കാൻ സമയം കിട്ടില്ല.. അത് കൊണ്ട് കഴിച്ചിട്ട് പോയാൽ മതി . വന്നേ.. " അമ്മയുടെ നിർബന്ധം കാരണം അവർ കഴിക്കാൻ ഇരുന്നു.. ഈശ്വർ നല്ല ടെൻഷനിൽ ആണെന്ന് അമിത് തിരിച്ചറിഞ്ഞു.. കണ്ണുകൾ കൊണ്ട് എന്താ എന്ന് ഇടയ്ക്കിടെ ചോദിച്ചുവെങ്കിലും അമ്മ അടുത്തുണ്ടായതിനാൽ അവന് ഒന്നും പറയാൻ കഴിഞ്ഞില്ല.. ഇടക്കിടെ ഈശ്വറിന് ഫോൺ കാൾസ് വന്നു കൊണ്ടിരുന്നു.. "മതി അമ്മേ... ഞങ്ങൾ പോട്ടെ.. അവർ വിളിക്കുന്നുണ്ട്.. മുഹൂർത്തത്തിന് മുൻപ് ചെയ്യാൻ ഒരുപാടുണ്ട്.. "

ഈശ്വർ എണീറ്റ് കൈ കഴുകി.. ഒപ്പം അമിതും.. അമ്മയോട് പറഞ്ഞ് അമിത് ഈശ്വറിനോടൊപ്പം ടൗൺ ഹാളിലേക്ക് പുറപ്പെട്ടു.. "എന്താ ഡാ കാര്യം.. നീയത് പറ.. " "പറയാം അമിത്.. ചെറിയ പ്രശ്നം ഉണ്ട്.. എല്ലാവരും എത്തുന്നതിനു മുൻപ് എല്ലാം ശെരിയാക്കണം... " ബൈക്ക് സ്പീഡിൽ ഓടിച്ചു കൊണ്ട് ഈശ്വർ കുതിച്ചു . ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായ ടൗൺ ഹാളിൽ അവർ എത്തിച്ചേർന്നു.. മുന്നിൽ തന്നെ പാർട്ടിയിലെ കുറച്ചു പേർ നിൽക്കുന്നുണ്ടായിരുന്നു. അല്ലാതെ ആരും എത്തിയിരുന്നില്ല.. ഗൗരവം നിറഞ്ഞ അവരുടെ മുഖം കണ്ട് എന്താ കാര്യം എന്നറിയാതെ ആകുലതയോടെ അമിത് ഈശ്വറിനെ നോക്കി.. ഉടനെ അമിതിനെ വലിച്ചു കൊണ്ട് ഈശ്വർ കതിർ മണ്ഡപം ഒരുക്കിയ സ്റ്റേജിന് മുന്നിൽ കൊണ്ട് പോയി. അവിടെ സ്റ്റേജിന് അടുത്തായി സ്ഥാപിച്ച വലിയ ഫ്ളക്സ് ഈശ്വർ ചൂണ്ടി കാണിച്ചു.. കാര്യം അറിയാൻ അമിത് അതിലേക്ക് നോക്കി.... ഇരുപത് വധൂ വരന്മാരുടെ ഫോട്ടോ ആയിരുന്നു ആ ഫ്ലെക്സിൽ.. അതിൽ പാവപെട്ട ഒരു പെൺകുട്ടിയുടെ വരന്റെ സ്ഥാനത്ത് തന്റെ ഫോട്ടോ കണ്ടതും അമിത് ഞെട്ടി കൊണ്ട് ആ ഫോട്ടോയിലേക്ക് നോക്കി...

"എന്താ ഇതൊക്കെ അമിത്.. ഇത്രയും വലിയ അബദ്ധം എങ്ങനെ സംഭവിച്ചു.. ഇങ്ങനെ ഒരു കാര്യം എന്ത് കൊണ്ട് ഞങ്ങളെ അറിയിച്ചില്ല.. ഇനി എന്ത് സമാധാനമാണ് ഞങ്ങൾ വരനോടും ബന്ധുക്കളോടും പറയും..." പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർ എല്ലാം ദേഷ്യത്തോടെ ബഹളം വെച്ചു.. എന്നാൽ അതൊന്നും അമിതിന്റെ കാതുകളിൽ പതിഞ്ഞില്ല.. ഒരു തരം ഷോക്കോടെ അവൻ തന്റെ ഫോട്ടോയിലേക്ക് നോക്കി... കാലുകൾ മരവിച്ച പോലെ അവന് തോന്നി.. എങ്ങനെ ഇത് സംഭവിച്ചു എന്നറിയാതെ അവനാകെ തരിച്ചു നിന്നു.. പരിപാടിയുടെ ഫുൾ ഉത്തരവാദിത്തം മിഥുൻ ഏൽപ്പിച്ചത് അമിതിനെ ആയിരുന്നു....എല്ലാം ഓക്കേ ആണോ എന്ന് ചെക്ക് ചെയ്യുന്നതിൽ തനിക്ക് പറ്റിയ വീഴ്ച ഓർത്ത് അമിത് ഒരു വാക്ക് പറയാനാവാതെ തെറ്റ് ചെയ്തവനെ പോലെ ഏവരുടെയും മുന്നിൽ മൗനം പാലിച്ചു... ചുറ്റും നിന്ന് തന്നെ കുറ്റപ്പെടുത്തുന്നവരുടെ മുന്നിലവൻ കണ്ണുകൾ അടച്ചു നിന്നു... ഈ സമയം മിഥുന്റെ വാക്കുകൾ അവന്റെ കാതിൽ തുളഞ്ഞു കയറി... "പ്ലീസ്.. എല്ലാവരും ശാന്തമായിരിക്ക്..

ഇത് എങ്ങനെ സംഭവിച്ചു എന്നറിയില്ല.. അനി രുദ്രയാണ് ഫ്ലെക്സ് ന്റെ കാര്യം ഏറ്റെടുത്തത്. ചിലപ്പോൾ അവളുടെ ഭാഗത്ത്‌ നിന്ന് അറിയാതെ സംഭവിച്ചു പോയതാവും.. " "എന്ത് പറഞ്ഞാലും അമിത് ഇതൊക്കെ നിന്റെ വീഴ്ചയാണ്.. മിടുക്കോടെ ഓടി നടന്ന് നീ തന്നെയാണ് എല്ലാത്തിനും മേൽനോട്ടം വഹിച്ചത്.. സോ.. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും നിനക്കാണ്. ഇങ്ങനെ ഒരു മിസ്റ്റേക് ഒരിക്കലും നിന്റെ ഭാഗത്ത്‌ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല.. മിഥുൻ ആളുകൾ കൂടുന്നതിന് മുൻപ് ഫ്ലെക്സ് മാറ്റാൻ ഉള്ള ഏർപ്പാട് ചെയ്യ്..." ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവർ അവിടെ നിന്ന് പോയി.. അനിക്കായിരുന്നു ഫ്ലെക്സ് ന്റെ ഉത്തരവാദിത്തം എന്ന് ഈശ്വറിനോട് പറയുന്ന മിഥുന്റെ വാക്കുകൾ കേട്ട അമിത് കണ്ണുകൾ പെട്ടന്ന് തുറന്നു.. കൈകൾ ചുരുട്ടി പിടിച്ചു... തന്റെ ചോരക്കണ്ണുകൾ പ്രകടമാക്കിയവൻ ആ ഫ്ലെക്സിലേക്ക് നോക്കി നിന്നു.. ************ "അമ്മേ.. ലേറ്റ് ആയി. ഞാൻ ഇറങ്ങുവാണെ.. " "നിൽക്ക് അനീ... ഹാ.. ഇതിന്റെ കുറവ് ഉണ്ടായിരുന്നു.. " സാരി ചുറ്റി അതി സുന്ദരിയായി ഇറങ്ങിയ അനിക്ക് അമ്മ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു..

മോളെ നോക്കി ഉമ്മറത്തു തന്നെ അച്ഛനും നിൽപ്പുണ്ടായിരുന്നു.. "അച്ഛാ ഞാൻ പോയി.. " "മ്മ്മ്.. പോയിട്ട് ഇങ്ങോട്ട് തന്നെ വരണേ..." "പിന്നെ ഞാൻ എങ്ങോട്ട് പോകാനാ അച്ഛാ.. " "നിന്നെ കണ്ട് ഇനി അവിടെ ഉള്ള ആരെങ്കിലും കെട്ടി കൊണ്ടു പോയാലോ.. സൂക്ഷിച്ചോ.. " "ഓ.. അപ്പൊ സുന്ദരി ആയിട്ടുണ്ട് അല്ലെ.. " സാരി നേരെയാക്കി മുടി ഒതുക്കി അവൾ അച്ഛന്റെ മുന്നിൽ നിന്നു. "അച്ഛന്റെ മോള് സുന്ദരി തന്നെ അല്ലെ.. " അച്ഛന്റെയും അമ്മയുടെയും കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് കൊണ്ട് അവൾ വാച്ചിൽ സമയം നോക്കി വേഗത്തിൽ നടന്നു.. തുള്ളി കളിച്ചു പോകുന്ന മോളെ നോക്കി അച്ഛനും അമ്മയും ചിരിയോടെ നിന്നു.. "വാവീ.. അപ്പൊ ശെരി.. ഞാൻ പോയി എല്ലാം ഭംഗിയായി നടത്തി വരാം.. " "ഓക്കേ.. വൈകുന്നേരം കാണാം.. " ആര്യ കോളേജിലേക്കും അനി പരിപാടി നടക്കുന്നിടത്തേക്കും തിരിഞ്ഞു.. സന്തോഷത്തോടെ നിറഞ്ഞ ചിരിയോടെ അനി ടൗൺ ഹാളിൽ എത്തി. അധികമാരും എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ നേരെ അകത്തേക്ക് ചെന്നു.. അവിടെ മിഥുനും ഈശ്വറും അമിതും നിൽക്കുന്നത് അവൾ കണ്ടു..

അവരെ നോക്കി ചിരിച്ചു കൊണ്ടവൾ നടന്നു.. "മ്മ്മ്.. വരുന്നുണ്ട്.. " മിഥുൻ മെല്ലെ പറഞ്ഞതും അമിത് തന്റെ കണ്ണുകൾ അവളിലേക്ക് തിരിച്ചു.. "നിങ്ങളൊക്കെ നേരത്തെ വന്നു അല്ലെ.. എല്ലാം ഓക്കേ അല്ലെ.. പൂജാരി വന്നില്ലേ.. മാലയൊക്കെ എത്തിയോ.. താലം പിടിക്കാൻ ഉള്ളവരോട് നേരത്തെ എത്താൻ പറഞ്ഞിരുന്നു.. ടൈം ആയില്ലേ.. " നിർത്താതെ ഓരോന്ന് ചോദിച്ചു കൊണ്ട് അനി സ്റ്റേജും ഹാളും മൊത്തത്തിൽ വീക്ഷിച്ചു. എന്നാൽ ആരും ഒന്നും മിണ്ടാത്തത് കണ്ട് അനി അവരിലേക്ക് ശ്രദ്ധ തിരിച്ചു. .. "എന്താ.. എന്ത് പറ്റി....???" "ഇനി എന്ത് പറ്റാൻ.. എന്നാലും അനിയുടെ ഭാഗത്ത്‌ നിന്ന് ഇത് പ്രതീക്ഷിചില്ല. നിങ്ങൾ തമ്മിൽ കോളേജിൽ വെച്ചു എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടെങ്കിൽ അതവിടെ തീർക്കണം.. ഇവിടെ വെച്ചൊരു സീൻ വേണ്ടിയിരുന്നില്ല.. അതും ഇങ്ങനെ ഒരു പരിപാടിയിൽ.. മോശമായി പോയി അനീ.. " മിഥുൻ പറയുന്നത് കേട്ട് അനി ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ച് മൂവരെയും നോക്കി.. "എന്താ മിഥുൻ ചേട്ടാ ഈ പറയുന്നേ.. ഞാൻ എന്ത് ചെയ്തെന്നാ.. ആരുടെ വ്യക്തി വൈരാഗ്യത്തിന്റെ കാര്യമാ ഈ പറയുന്നേ.. " നിഷ്കളങ്ക മിഴികളോടെ അനി ചോദിച്ചതും അമിത് അവളുടെ നേരെ തിരിഞ്ഞു.. "നിനക്ക് ഒന്നും അറിയില്ല... അല്ലെ ഡീ.. "

അതും പറഞ്ഞ് അമിത് അവളുടെ കയ്യിൽ മുറുകെ പിടിച്ച് വലിച്ച് ഫ്ലെക്സിന് മുന്നിൽ കൊണ്ട് നിർത്തി.. "നോക്ക്... എല്ലാം ഭംഗിയായിട്ടുണ്ട്.. ഇതല്ലേ നീ ആഗ്രഹിച്ചത്.. കൊള്ളാം.. നന്നായിട്ടുണ്ട്.. " ദേഷ്യത്തോടെ അമിത് പറഞ്ഞതും അവന്റെ മുഖം കണ്ട് അല്പം ഭയന്നു കൊണ്ട് അവൾ ഫ്ലെക്സിലേക്ക് നോക്കി.. അവളുടെ മിഴികൾ വികസിച്ചു.... അമിതിനെയും ഫ്ലെക്സിലേക്കും അവൾ മാറി മാറി നോക്കി.. വിവാഹം നടക്കേണ്ട പെൺകുട്ടിയുടെ വരന്റെ സ്ഥാനത്ത് അമിതിന്റെ ഫോട്ടോ ...അത് എങ്ങനെ വന്നെന്ന് അവൾക്കറിയില്ലെന്ന് പറയാൻ നിന്നെങ്കിലും അവളുടെ വാക്ക് കേൾക്കാൻ നിൽക്കാതെ അമിത് അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു.. ഒട്ടും പ്രതീക്ഷിക്കാത്ത അടിയിൽ അനി നിലത്തേക്ക് തെറിച്ചു വീണു.. ഇരു കൈകളും നിലത്ത് കുത്തി മുഖമവൾ താഴ്ത്തി.. തലയാകെ മരവിച്ചു പോയത് കൊണ്ടും കണ്ണുനീർ കണ്ണിനെ വലയം ചെയ്തത് കൊണ്ടും ഒരു നിമിഷം അവളുടെ കാഴ്ച മറഞ്ഞു.. ചുണ്ടുകൾ പതിയെ വിതുമ്പി വന്നു.. "എന്ത് പറ്റി.. നിന്റെ നാവ് എവിടെ പോയി..

ആ പാവം പെൺകുട്ടിയുടെ ജീവിതം വെച്ച് തന്നെ വേണമായിരുന്നോ നിന്റെ കളി.. അവളുടെ ഇണയുടെ സ്ഥാനത്ത് എന്റെ ഫോട്ടോ വെച്ചത് എന്നെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്താനല്ലേ....നിന്നെയൊരിക്കൽ ഞാൻ അടിച്ചു പോയി,,,അതും നിന്റെ പ്രകോപനം കാരണമാണ്.....അതിനിങ്ങനെയാണോടീ പുല്ലേ പകരം വീട്ടേണ്ടത്....ഇത് ആ വധുവിന്റെ വരൻ കണ്ടിരുന്നെങ്കിലോ..... ഒരിക്കലും നിന്റെ ഭാഗത്ത്‌ നിന്ന് ഇത്തരം തരംതാണ പ്രവർത്തി ഞാൻ പ്രതീക്ഷിചില്ല.. ഷെയിം ഓൺ യു..സത്യം പറഞ്ഞാൽ ഈ ദിവസങ്ങളിൽ എനിക്ക് നിന്നോടുള്ള ദേഷ്യംമൊക്കെ പോയിരുന്നു.... എന്നാൽ.... ഇപ്പോൾ... വെറുത്തു...... വെറുത്തു പോയി..... " ദേഷ്യം മുഴുവൻ വാക്കുകളിൽ പ്രകടമാക്കിയ അമിതിന്റെ വാക്കുകൾ ആ ഹാളിലെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു.... തന്റെ ചെവിയിൽ തുടരെ തുടരെ അലയടിക്കുന്ന ആ വാക്കുകൾ കേട്ട് അനിക്ക് അവളുടെ ബോധം മറയുന്ന പോലെ തോന്നി... അമിതിനെ നോക്കിയവൾ അവളുടെ ഭാഗത്ത് തെറ്റില്ലെന്ന അർത്ഥത്തിൽ തലയാട്ടി....

എന്നാൽ അതൊന്നും അമിതിന്റെ കണ്ണിൽ പതിഞ്ഞില്ല.. ഫ്ലെക്സിന് താഴെ ഇരുന്ന് ഇരു മിഴികളും നിറഞ്ഞു കൊണ്ടവൾ വാ പൊത്തി നിശബ്ദമായി കരഞ്ഞു... അവളുടെ കണ്ണുനീർ കണ്ട് ഏറെ ദേഷ്യം വന്ന അമിത് മുഖം തിരിച്ചു പുറത്തേക്ക് പോയി. കൈകളാൽ മുഖം പൊത്തി പിടിച്ചു കൊണ്ട് അനി തേങ്ങി തേങ്ങി കരഞ്ഞു.. അമിത് തന്നെ തല്ലുന്ന രംഗം വീണ്ടും വീണ്ടും മനസ്സിൽ തെളിഞ്ഞതും അവളുടെ തേങ്ങലിന്റെ ശക്തി കൂടി..വായാടിയായി ഏവരെയും ചിരിപ്പിച്ച് നടക്കാറുള്ള അനിക്ക് ഇത്തവണ കരച്ചിൽ അടക്കാനായില്ല.... ആളുകൾ വരാൻ സമയം ആയത്കൊണ്ട് തന്നെ കരച്ചിൽ അടക്കി മുഖത്ത് ചിരി കൊണ്ട് വരാൻ അവൾ ശ്രമിച്ചു.. എന്നാൽ ഓരോ തവണ കണ്ണുനീർ കവിളിൽ നിന്ന് തുടച്ചു മാറ്റും തോറും വീണ്ടും ശക്തിയിൽ അവ കര കവിഞ്ഞൊഴുകി.. അമിത് തല്ലിയ ഇരു കവിളും വേദന കൊണ്ട് വിങ്ങുന്നുണ്ടായിരുന്നു.. എന്നാൽ അതിനേക്കാൾ ഏറെ അവളുടെ ഹൃദയം വിങ്ങി പൊട്ടി... സന്തോഷകരമായ നിമിഷങ്ങൾക്ക് സാക്ഷിയാവേണ്ട കതിർ മണ്ഡപത്തിന് മുന്നിൽ തന്റെ കണ്ണുനീർ ഇനിയും വീണു കൂടാ എന്നവൾക്ക് തോന്നി.. വേദന കൂടി വരുന്ന, കണ്ണുനീർ പതിഞ്ഞ കവിൾ മെല്ലെ തുടച്ചു...

മുഖം ഉയർത്തി നോക്കിയതും തന്നെ നോക്കി നിൽക്കുന്ന ഈശ്വറിനെ കണ്ടവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... "ഈശ്വർ ചേട്ടാ... ഞാൻ.. ഞാൻ.. അങ്ങനെ ഒന്നും.. " ഇടറിയ ശബ്ദത്തിൽ വാക്കുകൾ മുറിഞ്ഞു പോയതും പൊട്ടി കരഞ്ഞു കൊണ്ടവൾ നിലത്തിരുന്ന് ഈശ്വറിനോട് കൈ കൂപ്പി യാചിച്ചു.പിടിച്ചു നിർത്താനാവാതെ അവളുടെ കണ്ണുനീർ ചാലിട്ടൊഴുകി.. എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കും എന്നറിയാതെ ഈശ്വർ ദയനീയമായി അനിയെ നോക്കി നിന്നു. കൈകൂപ്പി നിലത്തിരിക്കുന്ന അനിയെ ഈശ്വർ പിടിച്ചെഴുന്നേല്പിച്ചു... "ഞാൻ... ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.. പിന്നെ എന്തിനാ അമിത് ചേട്ടൻ എന്നെ.... " കരഞ്ഞു കൊണ്ടവൾ ഈശ്വറിന് മുന്നിൽ നിന്ന് പറഞ്ഞതും പെട്ടന്ന് വാക്കുകൾ മുറിച്ചു കൊണ്ടവൾ അവനെ നോക്കി... പിന്നെ എന്തോ ഓർമ വന്ന പോലെ പുറത്തേക്കോടി.. ആ ഓഡിറ്റോറിയം മുഴുവൻ ഓടി നടന്നവൾ അമിതിനെ തിരഞ്ഞു.. എവിടെയും അവനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല...വർധിച്ച ഹൃദയമിടിപ്പോടെ നിരാശയോടെ അതിലേറെ ഹൃദയഭാരത്തോടെ അവൾ റോഡ് സൈഡിൽ നിന്നു...

മനസ്സിലേക്ക് കടന്നു വന്ന ഓരോ ചിന്തയിലും അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു.. "നോ.. വാവി ഇതറിയാൻ പാടില്ല... " അരുതെന്നു തലയാട്ടി കൊണ്ടവൾ എന്തോ മനസ്സിൽ ഉറപ്പിച്ച് കണ്ണുകൾ തുടച്ചു.. അമിത് കോളേജിലേക്ക് പോയി കാണുമോ എന്ന സംശയത്താൽ ഒരു ഓട്ടോ വിളിച്ച് അനി നേരെ കോളേജിലേക്ക് പുറപ്പെട്ടു..... കോളേജിൽ എത്തിയാൽ ആര്യ തന്നെ കാണുമോ എന്നൊരു ഭയം അവളിൽ ഉണ്ടായിരുന്നു.. ഈ കോലത്തിൽ അവൾ തന്നെ കണ്ടാൽ പിന്നെ എന്താ സംഭവിക്കുക എന്ന് ഊഹിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.. കോളേജിൽ എത്തിയ അവൾ ആകെ നോക്കി.. ശൂന്യമായിരുന്നു കോളേജ് അങ്കണം.. ക്ലാസ്സ്‌ ടൈം ആയതിനാൽ എല്ലാവരും ക്ലാസ്സിൽ ആയിരുന്നു.. അനി വേഗത്തിൽ തന്റെ ഡിപ്പാർട്ട്മെന്റിന് മുന്നിൽ നിന്നും ഓടി പോയി മാറി നിന്നു.. അമിത് ഉണ്ടാവാൻ ഇടയുള്ള ഓരോ സ്ഥലത്തും അവൾ ചെന്ന് നോക്കി.. ക്ലാസ്സിൽ കയറില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു... ഇറ്റ് വീഴുന്ന കണ്ണുനീർ തുള്ളികളോടെ പിടയുന്ന ഹൃദയത്തോടെ അവൾ ഓരോ മൂലയിലും അമിതിനെ തിരഞ്ഞു .

ചെയ്യാത്ത തെറ്റിന് എല്ലാവരും കുറ്റം പറഞ്ഞതും അമിത് കൈ വെച്ചതും അവളുടെ ഹൃദയത്തിൽ നോവായി കിടന്നു.. എങ്കിലും എത്രയും പെട്ടന്ന് തന്നെ അമിതിനെ കണ്ട് സംസാരിക്കണം എന്നവൾ ആഗ്രഹിച്ചു... അവസാനം അവളുടെ കാലുകൾ അമിതിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ ഗ്രൗണ്ടിലേക്ക് ചലിച്ചു . ഗ്രൗണ്ടിലെ ഒരു മൂലയിൽ പുറം തിരിഞ്ഞിരിക്കുന്ന അമിതിനെ കണ്ടതും അവൾ ഒരു നിമിഷം നിന്നു.. മിഴികൾ ഇടമുറിയാതെ അവൾ അവന്റെ അടുത്തേക്ക് നടന്നു... വരണ്ട ചങ്കിൽ നിന്നൊരു തേങ്ങൽ മാത്രം അവളിൽ നിന്നും പുറത്ത് വന്നു.. തന്നിലേക്കടുക്കുന്ന കാൽവെപ്പിന്റെ ശബ്ദം അമിതിന്റെ കാതിൽ പതിഞ്ഞതും അവൻ അടച്ചു വെച്ചിരുന്ന കണ്ണുകൾ മെല്ലെ തുറന്നു... കുപ്പി വളകളുടെ കിലുക്കവും കരച്ചിലിന്റെ നേരിയ തേങ്ങലും അവന്റെ കാതുകളിൽ നിറഞ്ഞതും പല്ലിറുമ്മി അവൻ വീണ്ടും കണ്ണുകൾ അടച്ചു.. താൻ അരികിൽ എത്തിയിട്ടും യാതൊരു ഭാവ മാറ്റവും ഇല്ലാത്ത അമിതിന്റെ പെരുമാറ്റം അനിയിൽ വല്ലാത്ത നോവുണർത്തി.

ഉള്ളിൽ അടക്കി വെച്ച കണ്ണുനീർ പുറത്തെടുക്കാതെ അവൾ അമിതിനെ വിളിക്കാനായി ശബ്ദം ഉയർത്തി.. എന്നാൽ അത് മനസ്സിലാക്കിയ അമിത് പെട്ടന്ന് എഴുന്നേറ്റു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാതെ അവളെ കടന്നു പോയി.. അവനെ പോകാൻ സമ്മതിക്കാതെ അനി മുന്നിൽ കയറി നിന്ന് അമിതിന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു..... അമിത് അവളെ നോക്കാതെ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ച് മറ്റെങ്ങോ നോക്കി നിന്നു.. വാടി തളർന്ന മുഖമുയർത്തിയവൾ കാലിൽ നിന്നും പിടി വിടാതെ അവനെ നോക്കി.. "പ്ലീസ്..എന്നെ വിശ്വസിക്കണമെന്നില്ല....പക്ഷെ ഞാൻ പറയുന്നത് കേട്ടിട്ട് എവിടെ വേണേലും പൊയ്ക്കോ.. ഒരേ ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ.. അവിടെ നടന്ന ഒരു കാര്യവും കോളേജിൽ ആരും അറിയരുത്.. പ്രത്യേകിച്ച് എന്റെ വാവി... അവൾ.. അവൾ ഒന്നും അറിയരുത്...." തേങ്ങൽ അടക്കി പിടിച്ചു കൊണ്ട് അനി പറഞ്ഞു.. ഗൗരവം വിടാതെ അമിത് അവളെ നോക്കി.. "നീ ചെയ്ത പോലെ നാണം കെടുത്തുന്ന പരിപാടി ഞാൻ ചെയ്യില്ല..

പെണ്ണെന്ന പരിഗണന കൊണ്ടും കോളേജിൽ പല മാറ്റങ്ങൾക്കും നീ കാരണമായത് കൊണ്ടും ആരോടും ഞാൻ ഒന്നും പറയില്ല... പക്ഷെ.. ഇനിയെന്റെ മുന്നിൽ വന്നേക്കരുത്.. നിന്റെ നിഴൽ പോലും ഇനി എന്റെ കൺവെട്ടത്ത് കണ്ടു പോകരുത്.. " ചൂണ്ടു വിരൽ അനിക്ക് നേരെ ചൂണ്ടി കൊണ്ട് അമിത് പറഞ്ഞു... അവന്റെ വാക്കുകൾ അനിയുടെ ഹൃദയത്തിൽ തട്ടി.. തേങ്ങലിന്റെ ശക്തിയിൽ വിറക്കുന്ന അവളുടെ ചുണ്ടുകൾ കാണാതിരിക്കാൻ സാരി തലപ്പ് കൊണ്ടവൾ മുഖം പാതി മറച്ചു.. കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊലിച്ചു.. അമിതിന് തലയാട്ടി കൊണ്ടവൾ കാലിൽ നിന്നും പിടി വിട്ട് കൊണ്ട് അവിടെ നിന്നും ഓടി പോയി... താനല്ല അത് ചെയ്തതെന്ന് വിളിച്ചു പറയാൻ അവൾക്കാഗ്രഹം ഉണ്ടെങ്കിലും അമിതിന്റെ അടിയിൽ അവളുടെ മനസ്സൊന്നാകെ പതറി പോയിരുന്നു.. സത്യം ബോധിപ്പിക്കാൻ അവളുടെ നാവുകൾ ചലിച്ചില്ല.. അത്ര മാത്രം അവളുടെ ഹൃദയം നീറി കൊണ്ടിരുന്നു... ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് അനി കണ്ണുനീർ ഒഴുക്കി കളഞ്ഞു....

കോളേജിൽ താൻ വന്നത് ആരെയും അറിയിക്കാതെ അവൾ തിരിച്ച് ഓഡിറ്റോറിയത്തിലേക്ക് തന്നെ പോയി.. താലി കെട്ട് തുടങ്ങാൻ ആയിരുന്നു.. ഫ്ലെക്സ് മാറ്റി പുതിയ ഫ്ലെക്സ് സ്ഥാപിച്ചത് അവൾ കണ്ടു... മനസ്സ് വേദനയാൽ അണപൊട്ടി ഒഴുകുന്നുണ്ടെങ്കിലും പുറമെ അത് കാണിക്കാതെ അവൾ ചുണ്ടിൽ ചിരി വിരിയിച്ചു... താലി കെട്ടും അതിന് ശേഷമുള്ള ഭക്ഷണം കഴിക്കലും അങ്ങനെ പരിപാടി അവസാനിക്കുന്നത് വരെ കണ്ണുകൾ നിറയാതെ പുഞ്ചിരിയെ കഷ്ടപ്പെട്ടവൾ ചുണ്ടിൽ പിടിച്ചു നിർത്തി... എല്ലാം അവസാനിച്ചതും അനി താൻ വർക് ചെയ്ത ലാപ്പും ലിസ്റ്റ്ന്റെ കോപ്പിയുമായി പാർട്ടി നേതാക്കൻമാരുടെ അടുത്തേക്ക് ചെന്നു.. മിഥുനും അവിടെ ഉണ്ടായിരുന്നു.. "ഈ ലാപ്പിലാണ് എല്ലാ വിവരവും ശേഖരിച്ചു വെച്ചിട്ടുള്ളത്.. എല്ലാവരുടെയും പേരും ഫോട്ടോയും ഇതിൽ ഉണ്ട്.. ഇതിന് അനുസരിച്ചാണ് ഞാൻ ലിസ്റ്റ് കടലാസിലേക്ക് പകർത്തിയത്.. ഇതേ ലിസ്റ്റ് തന്നെയാണ് ഫ്ലെക്സ്നായി ഞാൻ കൊടുത്തയച്ചത്.. ആ ലിസ്റ്റ് ന്റെ ഒറിജിനൽ കോപ്പി ആണിത്.." തന്റെ ഭാഗത്ത് തെറ്റില്ലെന്ന് അനി വ്യക്തമായി വിവരിച്ചു കൊടുത്തു..

എല്ലാം ചെക്ക് ചെയ്ത നേതാക്കന്മാർ അനിയോട് സോറി പറഞ്ഞു.. " എവിടെയോ ആർക്കോ അബദ്ധം പറ്റിയതാണ്.. ഫ്ലെക്സ്ന്റെ ചുമതല തനിക്കായതിനാൽ ആണ് തന്നെ എല്ലാവരും കുറ്റപ്പെടുത്തിയത്. എന്തായാലും പരിപാടി ഉഷാറായി നടന്നു... " തന്റെ നിരപരാധിത്വം കുറച്ചു പേർക്കെങ്കിലും മനസ്സിലായെന്നതിൽ അനിയുടെ ഉള്ള് തണുത്തു.. എന്നാൽ മറ്റാരും അംഗീകരിച്ചില്ലേലും താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കേണ്ടത് അമിത് ആണെന്ന് അവൾ ഓർത്തു.. എന്നാൽ ഇനി മുന്നിൽ കണ്ടു പോകരുതെന്ന് പറഞ്ഞതിനാൽ തന്നെ അമിതിന് മുന്നിൽ സത്യം തെളിയിക്കാൻ പറ്റില്ല.. അതറിയാവുന്നത് കൊണ്ട് അനി ഈ കാര്യങ്ങൾ ബോധിപ്പിക്കാൻ ഈശ്വറിനെ അവിടെയാകെ തിരഞ്ഞു... എന്നാൽ അവിടെ ഒന്നും അവനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല...

ഈശ്വറിനെ തേടുന്നതിനിടയിൽ ഓഡിറ്റോറിയത്തിന് പിറകിൽ ആരുടേയോ സംസാരം അവൾ കേട്ടു.. മെല്ലെ പാളി നോക്കിയതും മിഥുൻ ആരെയോ ഫോണിൽ വിളിക്കുന്നതാണ് കണ്ടത്.. സന്തോഷത്തോടെ അവൻ ഫോണിലൂടെ പറയുന്ന കാര്യങ്ങൾ കേട്ട് അനി സ്തംഭിച്ചു നിന്നു.. (തുടരും) ഓയ് മുത്തുമണീസ് 😍 ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കണേ.. ഡെയിലി പോസ്റ്റ്‌ ചെയ്യുന്നത് കണ്ട് അഭിപ്രായം അറിയിക്കാതെ ആരെങ്കിലും മാറി നിന്നാൽ ഡെയ്‌ലി പോസ്റ്റ്‌ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടി വരും 😌 ലൈക് ചെയ്യുന്നവരിൽ വായിക്കുന്നവർ ഉണ്ടെങ്കിൽ രണ്ട് വരി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു... പരമാവധി ലെങ്ത് ൽ തന്നെ എഴുതി പോസ്റ്റുന്നുണ്ട്.. ഇനിയും ലെങ്ത് വേണമെന്ന് പറയുന്നത് അത്യാഗ്രഹം അല്ലേ 😉..ആ ചിന്ത മാറ്റി വെച്ച് ഊഹാപോഹങ്ങൾ ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story