ആത്മരാഗം💖 : ഭാഗം 41

athmaragam thanseeh

രചന: തൻസീഹ് വയനാട്

 അനി ക്ലാസ്സിൽ ഇല്ലാത്തത് കൊണ്ട് ക്ലാസ്സ്‌ മൂകമായിരുന്നു.. അവളുടെ വായാടിത്തരവും കളിയും ചിരിയും ഇല്ലാത്ത നിമിഷങ്ങൾ തള്ളി നീക്കാൻ എല്ലാവരും പാട് പെട്ടു.. അനിൽ സാറിന്റെ കണ്ണുകൾ തന്നെ പല കുറി അനിയുടെ ശൂന്യമായ സീറ്റിനെ തഴുകി.. ബ്രേക്ക്‌ ടൈമിൽ ക്ലാസ്സിൽ ബുക്സ് വായിച്ചിരുന്നും ലൈബ്രറിയിൽ ചെന്നും ആരോടും കൂട്ട് കൂടാതെ ആര്യ അനിയുടെ കുറവ് നികത്തി.. അനിക്ക് എന്താ പറ്റിയെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടെങ്കിലും ആര്യയുടെ മുഖം കാണുമ്പോൾ ഒന്നും ചോദിക്കാതെ അതങ്ങ് വിഴുങ്ങും.. ക്ലാസ്സ്‌ കഴിഞ്ഞതും ആരെയും നോക്കാതെ ഒന്നും മിണ്ടാതെ ആര്യ വേഗത്തിൽ തന്നെ വീട്ടിലേക്ക് തിരിച്ചു.. അനിയുടെ അസുഖം എന്തായെന്നോർത്ത് അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. തന്റെ വീട്ടിലേക്ക് പോകാതെ ആര്യ നേരെ അനിയുടെ വീട്ടിലേക്ക് കയറി ചെന്നു... ആര്യയുടെ വരവ് കണ്ട് ഒരു നിമിഷം അനി ഭയന്നു.. അമിത് തന്നെ തല്ലിയത് ആര്യ അറിയരുതേ എന്ന പ്രാർത്ഥനയിലായിരുന്നു ഈ ദിവസം മുഴുവൻ അവൾ.. ഓടി കിതച്ചു തന്റെ അടുത്ത് വന്നിരുന്ന ആര്യയെ നോക്കി അനി മൗനം പാലിച്ചിരുന്നു.. ആര്യ എല്ലാം അറിഞ്ഞു കാണരുതേ എന്ന പ്രാർത്ഥന വീണ്ടും അവളിൽ ഉയർന്നു...

"അനീ.. എങ്ങനെ ഉണ്ട് ഇപ്പോൾ???.. ഹോസ്പിറ്റലിൽ പോയില്ലേ....??" കയ്യിലും നെറ്റിയിലും കവിളിലും തന്റെ കരം കൊണ്ട് തലോടി ആര്യ ചോദിച്ചതും അനിക്ക് ശ്വാസം നേരെ വീണു.. ഭയം വന്ന് തുടങ്ങിയ കണ്ണുകൾ മെല്ലെ വിടർന്നു.. ചിരിയോടെ അവൾ ആര്യയെ നോക്കി.. "ഇല്ല വാവീ.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല.. ചെറിയ പനിയുണ്ട്.. നാളത്തേക്ക് ഓക്കേ ആവും.. " "മ്മ്മ്.. നീ റസ്റ്റ്‌ എടുക്ക്.. മുഖത്തെ വീക്കം പോവുന്നുണ്ട് അല്ലേ.. ആകെ ചുവന്നിരിക്കുന്നല്ലോ.... " "നല്ല പനി ആയിരുന്നല്ലോ.. അതാ... " "മ്മ്മ്.. നീ കിടന്നോ.. ഞാൻ ഫ്രഷ് ആയി വേഗം വരാം... " അനിയുടെ നെറ്റിയിൽ മുത്തമിട്ട് കൊണ്ട് ആര്യ റൂം വിട്ട് പോയി.. അവൾ പോയതും അനി സന്തോഷത്തോടെ നെടുവീർപ്പിട്ട് കൊണ്ട് ദൈവത്തെ സ്തുതിച്ചു... ഫ്രഷ് ആയി ആര്യ വന്ന് അനിയോടൊപ്പം സമയം ചിലവഴിച്ചു.. അവൾക്ക് സംശയം തോന്നാത്ത രീതിയിൽ അവൾ കോളേജിൽ ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു.. കൂട്ടത്തിൽ അമിതിനെ കണ്ടിരുന്നോ എന്നും ചോദിച്ചു... ആര്യയുടെ മുഖഭാവത്തിൽ നിന്നും അവൾ നൽകിയ ഉത്തരങ്ങളിൽ നിന്നും ആര്യ നടന്നതൊന്നും അറിഞ്ഞിട്ടില്ല എന്നും ആരും അറിയിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവൾക്ക് മനസ്സിലായി. "അനീ.. ഭക്ഷണം കഴിച്ചില്ലേ..

ഇനി നീ മരുന്ന് കുടിച്ച് കിടന്നോ.. അച്ഛൻ വരാറായി ഞാൻ പോവാണ്.." അമ്മ നൽകിയ കഞ്ഞി അനിയെ കുടിപ്പിച്ച് അവൾക്കുള്ള മരുന്ന് എടുത്ത് കൊടുത്ത് ആര്യ പറഞ്ഞു.. ഇന്ന് ടീച്ചേഴ്സ് എടുത്ത പോഷൻസ് എല്ലാം ആര്യ അനിക്ക് പറഞ്ഞു കൊടുത്ത് കഴിഞ്ഞിരുന്നു.. ബുക്സ് എല്ലാം കയ്യിൽ പിടിച്ച് ആര്യ പോകാൻ നിന്നതും അനി അവളെ പിടിച്ചു വെച്ചു.. "നിൽക്ക് വാവീ.. കുറച്ചു കഴിഞ്ഞ് പോകാം.. ഇന്നത്തെ ദിവസം മുഴുവൻ ഞാനീ മുറിയിൽ ഒറ്റക്കിരിക്കായിരുന്നു.. നീ വന്നപ്പോഴാ ആശ്വാസമായത്.. എന്റെ അടുത്ത് കുറച്ചു സമയം കൂടി ഇരിക്ക്.. "അനീ.. നീ ഉറങ്ങിക്കോ.. നിനക്ക് നല്ല ക്ഷീണം ഉണ്ട്.. ഞാൻ പോവില്ല. നിന്റെ കൂടെ ഉണ്ട്.. നീ ഉറങ്ങിക്കോ.." അനി ഉറങ്ങാൻ വേണ്ടി ആര്യയും അവളുടെ കൂടെ കിടന്നു.. ആര്യ തന്റെ അരികിൽ ഉള്ള സന്തോഷത്താൽ അനി അവളെ കൈ കൊണ്ട് വലയം ചെയ്ത് അവളോട്‌ ചേർന്ന് കിടന്നു.. കുട്ടിക്കാലത്ത് ഒരുമിച്ച് ഒരുപാട് തവണ ഇങ്ങനെ കിടന്നത് മനസ്സിൽ തെളിഞ്ഞതും ആര്യ അവളെയും ചേർത്ത് പിടിച്ച് അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.. ആര്യയുടെ തലോടലിൽ അറിയാതെ ഉറങ്ങി പോയ അനി പെട്ടന്ന് ഞെട്ടി ഉണർന്നു... കണ്ണുകൾ ആദ്യം തന്നെ ചെന്നത് ആര്യ കിടന്നിടത്തേക്കായിരുന്നു..

പിന്നെ ക്ലോക്കിലേക്കും... നല്ല ഉറക്കത്തിൽ ആയതിനാൽ ആര്യ എഴുന്നേറ്റു പോയതൊന്നും അവൾ അറിഞ്ഞിരുന്നില്ല... ക്ലോക്കിൽ സമയം നോക്കിയതും അനിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. ആര്യയുടെ നൈറ്റ്‌ റൈഡ് തുടങ്ങി കാണുമെന്ന് അവൾ മനസ്സിൽ ഓർത്ത്‌ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു...... എന്നത്തേയും പോലെ കൃത്യ സമയം തന്നെ ആര്യ തന്റെ ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ബുള്ളറ്റുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു... അവളറിയാതെ തന്നെ അവളുടെ കൈ വിരലുകളാൽ സ്പീഡ് അധികമായി കൊണ്ടിരുന്നു.. സ്ഥാനം മാറിയുള്ള, വേഗത കൂടിയും കുറഞ്ഞുമുള്ള അവളുടെ പോക്ക് അവളെ പിന്തുടർന്ന് വന്ന ആ അപരിചിതൻ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു... പല തവണ ഓവർ ടേക്ക് ചെയ്യാതെ അവളോട് ഒപ്പം ചേർന്ന് ബൈക്ക് ഓടിച്ചിട്ടും തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലെന്ന് അയാൾക്ക് മനസ്സിലായി. അതിനെല്ലാം അർത്ഥം അവളുടെ മനസ്സ് ഇവിടെ ഒന്നുമല്ലെന്നും അവളുടെ ചിന്തകൾ മറ്റെന്തിലോ ഉറച്ചു നിൽക്കുവാണെന്നും അയാൾക്ക് പൂർണ ബോധ്യമായി....

ഇതേ സമയം ആര്യ തന്റെ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി കൊണ്ടിരുന്നു.. കലുഷിതമായ തന്റെ മനസ്സിനെ ഭ്രാന്തമാക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആയി അവൾ വീണ്ടും സ്പീഡ് അധികരിപ്പിച്ചു.. അവളുടെ കാതുകളിൽ ഒരേ ഒരു ശബ്ദം മാത്രമേ മുഴങ്ങുന്നുണ്ടായിരുന്നുള്ളൂ. അവളുടെ കണ്ണുകളിൽ ഒരേ ഒരു കാഴ്ച മാത്രമേ തെളിയുന്നുണ്ടായിരുന്നുള്ളൂ.. "ഞാനല്ല അത് ചെയ്തത്... ഞാനല്ല.." ഉറക്കത്തിൽ ഞെട്ടി എണീറ്റ് കൈകൾ കൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞ അനിയുടെ വാക്കുകൾ... അത് മാത്രമായിരുന്നു അനിയുടെ മനസ്സിൽ.. ആരോ അവളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ആര്യയ്ക്ക് മനസ്സിലായി.. അതിന്റെ ഫലമാണ് അവൾക്കുണ്ടായ പനിയെന്നും അവൾക്ക് ബോധ്യമായി.. പക്ഷെ.. ആര്? ആ ചോദ്യം അവളുടെ മനസ്സിൽ കിടന്ന് കളിച്ചു... ബുള്ളറ്റ് ഒരിടത്ത് നിർത്തി അവൾ കുന്നിൻ ചെരുവിലേക്ക് കയറി... ഒരുപാട് നേരം അവൾ ഇരുട്ടിലേക്ക് നോക്കി നിന്നു.. ആരായിരിക്കും അവളെ നോവിച്ചത്... അതറിയാതെ അവളുടെ ഉള്ളം പുകഞ്ഞു... എങ്ങനെ എങ്കിലും അത് കണ്ടെത്തണമെന്നവൾ തീരുമാനിച്ചു...

അനിയെ നോവിക്കുന്നവരെ കൊല്ലാൻ പോലും അവൾ മടിക്കില്ല.. അത് കൊണ്ടാണ് അനി പോലും സത്യം അവളിൽ നിന്ന് മറച്ചു വെച്ചത്.. നേരം പുലരാൻ, കിഴക്ക് വെള്ള കീറാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ആര്യ തിരികെ വീട്ടിലേക്ക് തിരിച്ചു.. ഇത്രയും സമയം നിൽക്കുന്നത് ഇതാദ്യമായാണ്... അവളുടെ മനസ്സ് ഇവിടെ എങ്ങും അല്ല.. അതിനാൽ തന്നെ സമയം നീങ്ങിയതൊന്നും അവൾ അറിഞ്ഞതെ ഇല്ല.. അനിയെ വേദനിപ്പിച്ചയാൾ... അത് മാത്രം ആയിരുന്നു അവളുടെ മുന്നിലേ ലക്ഷ്യം... വീട്ടിലേക്കുള്ള യാത്രയിലും അവളിൽ നിന്നും നിശ്ചിത അകലം പാലിച്ച് അയാൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു..ഇത്രയും നേരം അവിടെ ഇരുന്നതും താൻ ഫോളോ ചെയ്യുന്നത് മനസ്സിലാക്കാമായിരുന്നിട്ടും അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അയാൾക്ക് മനസ്സിലായി.. എന്തോ കാര്യമായി അവൾക്ക് പറ്റിയിട്ടുണ്ടെന്ന് അയാൾ കണക്ക് കൂട്ടി... ആര്യ വീട്ടിൽ കയറി വാതിൽ അടക്കുന്നത് വരെ അയാൾ മതിലിനപ്പുറം അവളെ വീക്ഷിച്ചു കൊണ്ടിരുന്നു... ************

പിറ്റേ ദിവസം പല കാര്യങ്ങളും മനസ്സിൽ കണക്ക് കൂട്ടി കൊണ്ടാണ് ആര്യ കോളേജിലേക്ക് ഇറങ്ങിയത്.. താൻ പലതും മനസ്സിലാക്കിയത് അനി അറിയാതിരിക്കാൻ അവൾ ശ്രമിച്ചു.. അനിയോട് ഒന്നും ചോദിക്കാൻ അവൾ നിന്നില്ല... അനിയുടെ പനി ഒട്ടും ഭേദമാവാത്തത് കൊണ്ട് തന്നെ ആര്യക്ക് ഇന്നും ഒറ്റക്ക് കോളേജിൽ പോകേണ്ടി വന്നു.. കോളേജിൽ എത്തിയ ആര്യ തന്റെ കണ്ണുകൾ ആകെ ചലിപ്പിച്ചു... എന്തെങ്കിലും എവിടെയെങ്കിലും ആരെങ്കിലും പറയുന്നുണ്ടോ എന്നവൾ നിശബ്ദമായി തേടി... എന്നാൽ അവൾക്ക് സംശയം തോന്നാൻ മാത്രം ഒന്നും പിടികിട്ടിയില്ല.. അമിതും അക്ഷിതും ഈശ്വറും അവളുടെ കണ്ണിൽ പെട്ടെങ്കിലും അവരാണെന്ന് തോന്നാൻ മാത്രം ഒന്നും അവരിലും അവൾ കണ്ടില്ല.. ഈ ദിവസങ്ങളിൽ അമിതിനെ കുറിച്ച് നല്ലത് മാത്രമേ അനി പറഞ്ഞിട്ടുള്ളൂ എന്നും അവൾ ഓർത്തു... അനിയെ ഇന്നും കാണാത്തത് കാരണം ക്ലാസ്സിലെ പലരും നിരാശ പ്രകടിപ്പിച്ചു.. ആര്യയോട് ചെന്ന് ചോദിക്കാൻ ലീനയും ധൈര്യപ്പെട്ടില്ല.. അസ്വസ്ഥമായ മനസ്സുമായി ആര്യ ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് അനിൽ സാർ ക്ലാസ്സിലേക്ക് വന്നത്..

ഉടനെ അവളുടെ കണ്ണുകൾ സാറിലേക്ക് ചലിച്ചു... അവളുടെ മുഖത്ത് പല സംശയങ്ങളും മാറി മാറി വന്നു.. അനിയുടെ സീറ്റ് ഇന്നും ഒഴിഞ്ഞു കിടക്കുന്നത് കണ്ടതും സാർ അല്പം ദേഷ്യത്തോടെ ആര്യയുടെ അടുത്തേക്ക് വന്നു.. "നോൺസെൻസ്.. ഞാൻ പറഞ്ഞതല്ലേ ഇന്നെന്റെ ക്ലാസ്സിൽ അനിരുദ്ര ഉണ്ടായിരിക്കണം എന്ന്.. അനുസരണ ഒട്ടുമില്ലേ അവൾക്ക്.. ഇങ്ങനെ ആയാൽ അവളുടെ അറ്റൻഡൻസ് മുഴുവൻ ഞാൻ കട്ട്‌ ചെയ്യും ..." സാറിന്റെ വാക്കുകൾ കേട്ടതും വല്ലാത്തൊരു ഭാവത്തോടെ ഒരു നോട്ടം അവൾ നോക്കി എന്നല്ലാതെ ഒരക്ഷരം അവൾ മിണ്ടിയില്ല.. സാറിനെ തല്ലി എന്ന ചീത്തപ്പേര് കൂടി ഉണ്ടാക്കുമെന്ന അവളുടെ ഭാവം കണ്ട് സാറും ഒന്ന് അടങ്ങി.. അവളിൽ നിന്നും പെട്ടന്ന് മുഖം തിരിച്ച് സാർ ക്ലാസ്സ്‌ ആരംഭിച്ചു...കുറച്ചു ദിവസങ്ങൾ ആയി സാറും ഉണർവോടെ ആയിരുന്നില്ല ക്ലാസ്സിൽ... വിഷമത്തോടെയുള്ള കണ്ണുകൾ ഇടയ്ക്കിടെ അനി ഇരിക്കുന്ന ഭാഗത്തേക്ക് പോയി കൊണ്ടിരുന്നു... അവളുടെ കുസൃതിത്തരങ്ങൾ ഇല്ലാതെ ഈ നാല് ചുമരുകൾക്കുള്ളിൽ നിശ്വാസങ്ങൾ വീർപ്പു മുട്ടുന്ന പോലെ സാറിന് തോന്നി..

പലപ്പോഴും എടുക്കുന്ന പോഷൻസ് വഴുതി പോകുന്നുണ്ടായിരുന്നു.. ഇത് ആവർത്തിച്ചതും ക്ലാസ്സിലെ ചിലർ എഴുന്നേറ്റു നിന്നു.. "സാർ... ആ ഭാഗം ക്ലിയർ ആയില്ല.. എപ്പോഴും വ്യക്തമാക്കി പറഞ്ഞു തരാറുണ്ടല്ലോ.. ഈയിടെ എന്ത് പറ്റി സാർ.. നോട്സ് പോലും ശെരിക്ക് തരുന്നില്ല.. നോട്സ് തന്നാൽ ഞങ്ങൾക്ക് ഈസിയായി പഠിക്കായിരുന്നു " "അതേ സാർ.. സാർ ഇവിടെ ഒന്നുമല്ലേ.. ഇന്നലെ നിർത്തി വെച്ചിടത്ത് നിന്നല്ലല്ലോ ഇന്ന് തുടങ്ങിയെ.. അപ്പൊ ആ ഭാഗം ഞങ്ങൾ തനിയെ പഠിക്കണോ " ഓരോരുത്തരും ഓരോന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയതും അനിൽ സാറിന് ബോധം വന്നു... താൻ എടുക്കേണ്ട പോഷൻ അല്ല ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായതും സാർ സോറി പറഞ്ഞ് വീണ്ടും ക്ലാസ്സ്‌ തുടർന്നു.. എങ്കിലും മനസ്സ് പൂർണമായി പഠിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുക്കാൻ അദ്ദേഹത്തിനായില്ല... ഇടക്ക് വീണ്ടും ഡൌട്ട്സ് ചോദിച് ചിലർ എഴുന്നേറ്റു നിന്നു.. അതെല്ലാം ക്ലിയർ ചെയ്തു കൊടുക്കുന്നതിനിടെ സാറിന് അനിയുടെ ഓർമ വന്നു.. ഡൌട്ട്സ് ഇല്ലെങ്കിലും തന്റെ അടുത്ത് വന്ന് ഡൌട്ട്സ് ഉണ്ടാക്കി ചോദിക്കുന്ന അനിയുടെ കുസൃതി സാറിനെ അസ്വസ്ഥമാക്കി..

ബാക്കി നാളെ പറഞ്ഞു തരാം എന്നും പറഞ്ഞ് അനിൽ സാർ ക്ലാസ്സിൽ നിന്നും ഇറങ്ങി... സാറിന് പിറകെ ആര്യയും ക്ലാസ്സിൽ നിന്നിറങ്ങി.. സാറിനെ പിന്തുടർന്ന് വരാന്തയുടെ ഒഴിഞ്ഞ ഭാഗത്ത്‌ വെച്ച് തടഞ്ഞു നിർത്തി കൈകളിൽ പിടിച്ചു വലിച്ച് ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിലേക്ക് കൊണ്ട് പോയി ഡോർ ലോക്ക് ചെയ്തു.. "സാർ എന്താണ് അനിയോട് പറഞ്ഞത്.. " അവളുടെ പ്രവർത്തിയിൽ അമ്പരന്നു പോയ സാറിനെ നോക്കിയവൾ ചോദിച്ചു.... ഒരു നിമിഷം പതറി എങ്കിലും സാർ മുഖത്ത് ദേഷ്യം വരുത്തി മുന്നോട്ടു നടന്നു.. "വാതിൽ തുറക്ക്.. " മുന്നോട്ട് നീങ്ങി അവൾക്ക് നേരെ കയർത്ത സാറിനെ രൗദ്ര ഭാവത്തിൽ നോക്കി തന്റെ സ്ലീവ് മടക്കി വെച്ച് സാറിന്റെ അടുത്തേക്ക് ഓരോ അടി അവൾ വെച്ച് നടന്നു.. അവളുടെ വരവിനനുസരിച്ച് അനിൽ സാർ പിറകിലേക്ക് നീങ്ങി.. ആര്യക്ക് ആരെയും പേടിയില്ല എന്ന് അനിൽ സാറിന് മനസ്സിലായി.. "അനിയോട് സാർ എന്താണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നാണ് ഞാൻ ചോദിച്ചത്...,???" ചോദ്യം അവൾ ആവർത്തിച്ചതും വേറെ നിവർത്തി ഒന്നുമില്ലെന്ന്‌ മനസ്സിലായ സാർ നടന്നതൊക്കെ തുറന്നു പറഞ്ഞു..

ഇനി മേലിൽ തന്റെ മുന്നിൽ കണ്ട് പോകരുതെന്ന് പറഞ്ഞെന്ന് ആര്യയോട് പറയും വേള സാറിന്റെ തല അല്പം താഴ്ന്നു.. മുഖത്ത് നിരാശ പടർന്നു.... "മറ്റെന്തെങ്കിലും സംഭവിച്ചോ " വീണ്ടും അവളുടെ ചോദ്യം ഉയർന്നതും ഇല്ലെന്ന് അനിൽ സാർ തലയാട്ടി.. മൂളി കൊണ്ട് ആര്യ കതക് തുറക്കാനായി പിന്തിരിഞ്ഞു നടന്നു.. ലോക്കിൽ കൈ വെച്ച് തുറക്കാൻ നിന്നതും അവൾ ഒന്ന് തിരിഞ്ഞു നിന്നു.. "അവൾക്കു സാറിനോടുള്ള ഇഷ്ടം ആത്മാർത്ഥമായിരുന്നു......അവളെ അവളായി കാണുന്ന അംഗീകരിക്കുന്ന ഒരാളെ മാത്രമേ സ്നേഹിക്കാവൂ എന്ന അവളുടെ ഏട്ടന്റെ വാക്ക് മനസ്സിൽ ഉള്ളത് കൊണ്ടാണ് അവൾ സാറിന്റെ പിറകെ വരുന്നതും സ്നേഹിക്കുന്നതും.....

പൊട്ടി തെറിച്ചു നടക്കുന്ന അവളുടെ സ്വഭാവം സാർ മാത്രമാണ് ശെരിക്ക് അറിഞ്ഞിട്ടുള്ളത്..സാറിൽ നിന്നുമൊരു എതിർപ്പ് ഉണ്ടാവാത്തത് കൊണ്ട് മാത്രമാണ് വീണ്ടും വീണ്ടും കുസൃതിയോടെ സാറിന്റെ അടുത്ത് വരുന്നത്... എന്നാൽ ഇപ്പോൾ സാർ ആയിട്ട് എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി അവളും സാറിന്റെ പിറകെ വരാതെ ഞാൻ നോക്കിക്കോളാം... പക്ഷെ... ഇനി ഒരിക്കൽ കൂടി അവളുടെ മനസ്സ് വിഷമിപ്പിച്ചാൽ.... സാർ ആണെന്നുള്ള പരിഗണന എന്നിൽ നിന്നും ഉണ്ടാവില്ല.. " ഭീഷണിയോടെയുള്ള വാക്കുകൾക്ക് മുന്നിൽ അനിൽ സാർ വല്ലാതെയായി ബെഞ്ചിൽ തന്നെ ഇരുന്നു.. ആര്യ കതക് തുറന്ന് പോയതും അനിൽ സാർ തല താഴ്ത്തി ഇരുന്നു.. അനിയുടെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു വന്നതും പലതും തന്നിൽ നിന്നിപ്പോൾ നഷ്ടപ്പെട്ടു അല്ലെങ്കിൽ താൻ നഷ്ടപ്പെടുത്തി എന്ന ചിന്ത സാറിനെ കൂടുതൽ തളർത്തി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story