ആത്മരാഗം💖 : ഭാഗം 42

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഗ്രൗണ്ടിൽ ഫുട്ബോൾ പ്രാക്ടീസ് നടക്കുന്നിടത്തായിരുന്നു അമിതും അക്ഷിതും ഈശ്വറും.....ആ സമയത്തു കുറച്ചു പെൺകുട്ടികൾ അങ്ങോട്ട് വന്നു... "ചേട്ടാ....അനി രണ്ടു ദിവസമായി ലീവ് ആണല്ലോ...എന്ത് പറ്റിയതാണെന്നു അറിയാമോ...???" ആ സംഭവത്തിന് ശേഷം അമിത് അനിയെ കണ്ടിട്ടേ ഇല്ലായിരുന്നു.. തന്റെ മുന്നിൽ വരരുതെന്ന് പറഞ്ഞത് കൊണ്ട് മാറി നടക്കുവാണെന്നായിരുന്നു അമിതിന് ഈ നിമിഷം വരെ തോന്നിയിരുന്നത്...എന്നാൽ അനി കോളേജിലേക്ക് തന്നെ വന്നിട്ടില്ലെന്ന അവരുടെ വാക്കുകൾ കേട്ടതും അമിതിന്റെ ഉള്ള് ചെറുതായൊന്നു പിടഞ്ഞു... "ആ.. അത് ആ കുട്ടിക്ക് പനിയാണ്.. ഞാൻ വിളിച്ചു നോക്കിയിരുന്നു.. പനി മാറിയിട്ട് വന്നോളും.. " "ആണോ.. വേഗം മാറി അവൾ പെട്ടന്ന് വന്നാൽ മതിയായിരുന്നു. അവളില്ലാതെ ക്ലാസ്സിൽ ഇരിക്കാൻ ഒരു സുഖമില്ല.. " അനിക്ക് പനിയാണെന്ന് കേട്ടതും അമിത് മുഖം തിരിച്ച് മുട്ടുകാലിൽ കൈകൾ ഊന്നി തല തടവി കൊണ്ട് മുഖം താഴ്ത്തി ഇരുന്നു.. എന്തോ വലിയ ഭാരം ഹൃദയത്തിൽ കയറി കൂടിയ പോലെ അവന് തോന്നി..

താൻ ചെയ്തത് കൂടി പോയോ എന്നൊരു തോന്നൽ അവനിൽ ഉണ്ടാവാൻ അധികം താമസം വന്നില്ല .. "ഹോ.. എന്റെയൊരു റേഞ്ച്.. ഇന്നേവരെ എന്നോടിങ്ങോട്ട് സംസാരിക്കാൻ ആരും വരാറില്ല.. ഇപ്പോഴിതാ പെൺ പട തന്നെ വന്നിരിക്കുന്നു.. ഈശ്വർ.. നിന്റെ തല വര തെളിഞ്ഞു മോനേ... " തന്നോട് ബഹുമാനപൂർവ്വം സംസാരിച്ച ശേഷം പെൺകുട്ടികൾ പോയതും ഈശ്വർ ആരോടെന്നില്ലാതെ പറഞ്ഞു.. അത് കേട്ട് ചിരിച്ചു കൊണ്ട് അക്ഷിത് തന്റെ ബുക്കുമായി ഒഴിഞ്ഞു പോയിരുന്നു.. ഈ സമയം നോക്കി ഈശ്വർ മെല്ലെ അമിതിന്റെ അടുത്തേക്ക് നടന്നു.. അക്ഷിത് അപ്പുറം തിരിഞ്ഞിരിക്കുന്നതിനാലും കുറച്ചു ദൂരെ ആയതിനാലും സംസാരിക്കുന്നത് ഒന്നും കേൾക്കില്ലെന്ന് അവൻ ഉറപ്പിച്ചു.. തന്റെ കണ്ണുകൾ കൊണ്ട് ചുറ്റും നോക്കി മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ടവൻ അമിതിന്റെ തൊട്ടടുത്തിരുന്നു . "അമിത് ... നീ ചെയ്തത് വളരെ കൂടി പോയി.. ഇന്നലെ തന്നെ ഞാൻ അറിഞ്ഞിരുന്നു അവൾക്ക് നല്ല പനിയാണെന്ന്. ഇന്ന് പിന്നെ നിന്റെ പെരുമാറ്റം അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് പറയാതിരുന്നതാ..... എന്തായാലും ഈ കാര്യം കോളേജിൽ പാട്ടാവാത്തത് നന്നായി.. "

അമിതിന്റെ മനസ്സിലെ പിരിമുറുക്കം കാരണം തല വേദന കൂടി നിൽക്കുന്ന സമയം തന്നെ ഈശ്വർ വാക്കുകൾ കൊണ്ട് അവനെ കുറ്റപ്പെടുത്തിയതും അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.. ഈശ്വറിന് നേരെ തിരിഞ്ഞിരുന്നവൻ അവനോട് പൊട്ടിത്തെറിച്ചു... "മിണ്ടരുത്..എന്നെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്തിയവളാ അവൾ.. വേണമെങ്കിൽ എനിക്കിത് പറഞ്ഞ് അവളെ ഇവിടെ നിന്ന് പുറത്താക്കാമായിരുന്നു.. ഞാനത് ചെയ്യാത്തത് പാർട്ടിയോടുള്ള ബഹുമാനം കൊണ്ടും അവളിൽ ഈ കോളേജിലെ പിള്ളേർക്കുള്ള വിശ്വാസം തകർക്കേണ്ട എന്ന് കരുതിയിട്ടുമാണ്... അവളോട്‌ ഞാൻ ക്ഷമിച്ചത് പോലും എന്റെ കാൽക്കൽ വീണ് കരഞ്ഞത് കൊണ്ടാ... ഞാൻ കാരണം ഒരു പെണ്ണിന്റെയും കരച്ചിൽ കാണാൻ എനിക്കിഷ്ടമല്ല.... അവൾ ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ് തന്നെയാ.." ദേഷ്യത്തോടെ ആർത്തു പറയുന്ന അമിതിനോട് ഈശ്വർ ഒന്നടങ്ങാൻ പറഞ്ഞു.. അപ്പുറത്ത് അക്ഷിത് ഇരിക്കുന്നത് കാണിച്ചു കൊടുത്തു...

ഏട്ടനെ കണ്ടതും അമിത് ശബ്ദം കുറച്ച് മിണ്ടാതെ ഇരുന്നു.. "ഇതിപ്പോ നീ എന്നോട് കിടന്ന് കാറിയിട്ടെന്താ കാര്യം. കോളേജിൽ ഈ വിഷയം പാട്ടായാൽ നിന്റെ കാര്യം പോക്കാ.. അതേ ഞാൻ പറഞ്ഞുള്ളൂ.. രണ്ടാം തവണയാ നീ ആ പെണ്ണിന്റെ ദേഹത്ത് കൈ വെക്കുന്നത്.. ചെയർമാന്റെ സ്വഭാവം മോശം ആണെന്നും പെൺകുട്ടികൾക്ക് സുരക്ഷ ലഭിക്കില്ലെന്നും എതിർ പാർട്ടികൾ പറഞ്ഞു നടക്കും." ഈശ്വറിന്റെ വാക്കുകൾക്ക് നേരെ ഒരു നോട്ടം നോക്കി അമിത് എഴുന്നേറ്റു പോയതും ഞാനൊന്നും പറഞ്ഞില്ലേ എന്ന മട്ടിൽ ഈശ്വർ മറ്റെങ്ങോ നോക്കി ഇരുന്നു.. "മ്മ്മ്.. ഞാൻ സത്യം തന്നെയാ പറഞ്ഞെ.. എല്ലാവരും അറിഞ്ഞാൽ കുടുങ്ങുന്നത് നീ തന്നെയാ.. എന്നെ നോക്കി പേടിപ്പിച്ച പോലെ എല്ലാവരെയും നോക്കി പേടിപ്പിക്കാൻ പറ്റില്ല.. " മനസ്സിൽ ഓരോന്ന് വിചാരിച്ചു കൊണ്ട് ഈശ്വർ അമിതിന്റെ പിറകെ നടന്നു... ************

അന്നത്തെ കളി പെട്ടന്ന് അവസാനിപ്പിച്ച് അമിത് വീട്ടിലേക്ക് പോകാനായി ഗ്രൗണ്ടിൽ നിന്നും നടന്നു.. അക്ഷിതിനും ഈശ്വറിനും ഒപ്പം അവൻ കോളേജ് ഗേറ്റ് കടന്നതും ആര്യ നടന്നു നീങ്ങുന്നത് ഈശ്വർ കണ്ടു... അവൻ പതുക്കെ അമിതിന്റെയും അക്ഷിതിന്റെയും പിറകിലൂടെ നടന്നു... "ഈശ്വരാ.. എവിടെ നോക്കിയാലും ഇവളെ മാത്രം ആണല്ലോ ഈ കാണുന്നത്.. കോളേജ് വിട്ടാൽ വേഗം പൊയ്ക്കൂടേ ഇവൾക്ക്.. വെറുതെ ബാക്കി ഉള്ളവരെ പേടിപ്പിക്കാനായിട്ട്" അക്ഷിതിന്റെ പിറകിൽ നിന്ന് മെല്ലെ പിറുപിറുത്തതും അക്ഷിത് മുന്നോട്ടു നോക്കി.. ആര്യയെ കണ്ടതും അവൻ അമിതിനെ നോക്കി.. അമിത് ആര്യയെ കണ്ടിരുന്നില്ല.. അവന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.. അത് മനസ്സിലാക്കിയ അക്ഷിത് ഇടം കണ്ണാലെ അവനിലെ നോട്ടം തുടർന്നു... ആര്യ അവർക്ക് രണ്ടു മൂന്നടി മുന്നിൽ ആയിരുന്നു..

അതിനാൽ അവളും അവനെ കണ്ടില്ല.. പക്ഷെ ഇരുവരെയും വീക്ഷിച്ചു കൊണ്ട് ഒരു ഗ്യാങ് റോഡ് സൈഡിന് അപ്പുറം നിൽപ്പുണ്ടായിരുന്നു.... "അരുണേ.. ഇന്നൊരു മൂന്നാം ലോക മഹാ യുദ്ധം ഉണ്ടാവാൻ ഇടയുണ്ട്.. നോക്കിക്കേ.. കോളേജിലെ രണ്ട് വീര ശൂര പരാക്രമികൾ ആണ് നേർക്ക് നേർ വരാൻ പോകുന്നത് " "മ്മ്മ്. ഞാനും കാണുന്നുണ്ട്. എന്തെങ്കിലും ഓക്കേ സംഭവിക്കുമായിരിക്കും... അവൾ ഒന്നൂടെ അവനിട്ട് പൊട്ടിക്കണം " "അതൊക്കെ നടക്കുമെടാ.. ആ അനി രുദ്രയെ അമിത് പൊട്ടിച്ചെന്ന് അവളറിഞ്ഞാൽ മാത്രം മതി.. പിന്നെ നടക്കാൻ പോകുന്നത് ഒരു യുദ്ധം തന്നെ ആയിരിക്കും.." അരുണിന്റെ ഗ്യാങ് കണ്ണും നട്ട് അവരെ നോക്കി നിന്നു.. എന്നാൽ അമിതും അക്ഷിതും ഈശ്വറും വേഗത്തിൽ നടന്ന് ആര്യയെ ക്രോസ് ചെയ്തു പോയി.. ആ സമയം ആര്യ മുഖം ഉയർത്തി നോക്കിയപ്പോഴാണ് അവർ പരസ്പരം കണ്ടത്... ഇരുവരും മുഖത്തോട് മുഖം നോക്കി കണ്ണുരുട്ടി എന്നല്ലാതെ ഒരു വാക്ക് മിണ്ടിയില്ല... അമിത് അമിതിന്റെ വഴിക്കും ആര്യ ആര്യയുടെ വഴിക്കും പോയതും അരുണും കൂട്ടരും നിരാശയോടെ അവർ പോകുന്നത് നോക്കി. "ഛെ.. ഒന്നും നടന്നില്ല.. ഇവളോട് ഇനിയും ആരും ഒന്നും പറഞ്ഞില്ലേ...?? "

"ആര് പറയാൻ.. അവളുടെ നേരെ ചെന്നു നിൽക്കാൻ ഉള്ള ധൈര്യം ഈ കോളേജിൽ ആർക്കാ ഉള്ളത്... " "ഛെ.. അപ്പൊ അരുണേ.. അമിതും അവളും തമ്മിൽ ഒരു യുദ്ധം കാണാൻ നമുക്ക് ഭാഗ്യം ഇല്ലെന്നർത്ഥം.. അല്ലേ . " "ആര് പറഞ്ഞു ഇല്ലെന്ന്.. അമിതിനെ അവളൊരു പാഠം പഠിപ്പിക്കും.. ഈ കോളേജ് സാക്ഷിയാക്കി അവളുടെ കയ്യിൽ നിന്നുമൊരു അടി കൂടി അവന് കിട്ടും കണ്ണിൽ എണ്ണ ഒഴിച്ച് നമുക്ക് കാത്തിരിക്കാം... എന്തെങ്കിലും സംഭവിക്കാതിരിക്കില്ല." കൂട്ടുകാരോട് അർത്ഥം വെച്ച് ചിരിച്ചു കൊണ്ട് അരുൺ മനസ്സിൽ പലതും കണക്ക് കൂട്ടി... ************ വീട്ടിൽ എത്തിയ ഉടനെ ആര്യ അനിയുടെ അടുത്തേക്കോടി.. അവളുടെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് പനി ഭേദമായെന്ന് ഉറപ്പ് വരുത്തിയപ്പോഴാണവൾക്ക് ആശ്വാസം വന്നത്... ആര്യ ഒന്നും അറിഞ്ഞിട്ടെല്ലെന്നറിഞ്ഞതും അനിക്കും സന്തോഷമായി.. "എന്റെ വാവീ.. നീയൊന്ന് വന്നല്ലോ.. ഇവിടെ കിടന്ന് ശ്വാസം മുട്ടുകയാ.. എനിക്ക് പുറത്തേക്കൊന്ന് ഇറങ്ങണം.. നീ വാ " "വേണ്ട അനീ.. നീ വിശ്രമിക്ക്.. പനി ശെരിക്ക് മാറട്ടെ.. " "ഓ.. എന്റെ വാവീ.. ഇനി മാറാൻ ബാക്കി ഒന്നുമില്ല.. വെറുതെ ഇതിനുള്ളിൽ എന്നെ അടച്ചിട്ടിരിക്കാ.. ഇങ്ങനെ പോയാൽ പനി മാറി വല്ല ഭ്രാന്തും വരും... നീ വന്നേ... "

"ആഹ്.. ഇനി തുടങ്ങിക്കോ നിന്റെ തുള്ളി ചാട്ടം.. പനി ഒന്ന് മാറി വരുന്നേ ഉള്ളൂ " ആര്യയെ കണ്ട് ബെഡിൽ നിന്നും എണീറ്റ് അവളെ കൂടെ പുറത്തേക്കിറങ്ങാൻ നിന്ന അനിയുടെ മുന്നിലേക്ക് അമ്മ വന്ന് നിന്നു.. "എന്റെ പൊന്നമ്മേ.. എനിക്കതിനിപ്പോ എന്താ.....പനിയൊക്കെ എപ്പോഴേ മാറി..പുറത്തേക്ക് വിടാതെ റൂമിനുള്ളിൽ അടയിരുത്തിയത് അമ്മയല്ലേ.. ഇനിയെങ്കിലും ഞാനൊന്ന് ശുദ്ധ വായു ശ്വസിച്ചോട്ടേ.. " "വായു ശ്വസിക്കുന്നതൊക്കെ കൊള്ളാം.. ഇനീം പനി പിടിച്ചു വന്ന് രാത്രി പിച്ചും പേയും പറഞ്ഞ് മനുഷ്യന്റെ ഉറക്കം കളഞ്ഞാൽ എന്റെ സ്വഭാവം മാറും.... " അമ്മ തീർത്തു പറഞ്ഞതോടെ അനി അമ്മയെ സോപ്പിടാനായി കവിളിൽ ഒരു മുത്തം നൽകി ആര്യയുടെ കൈ പിടിച്ച് പുറത്തേക്കോടി... അതേ സ്പീഡിൽ അവൾ തിരിച്ച് വരുന്നത് കണ്ടതും അമ്മ പാളി നോക്കി.. അച്ഛൻ പടി കടന്നു വരുന്നത് കണ്ടതും അമ്മ മെല്ലെ ചിരിച്ചു.. "പേടി കൊണ്ടൊന്നും അല്ല.. പനി പിടിച്ചു കിടക്കുന്ന മകളെ തല്ലി എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ടല്ലോ... " റൂമിലേക്ക് പോകുന്ന പോക്കിൽ അച്ഛൻ കേൾക്കാതെ അമ്മയോട് പറഞ്ഞു കൊണ്ട് അനി മൂടി പുതച് കിടന്നു... വീട്ടിൽ ചെന്ന് ഫ്രഷ് ആയി ആര്യ വീണ്ടും അനിയുടെ അടുത്തേക്ക് ചെന്നു..

ആ സമയവും അനി കിടക്കുകയായിരുന്നു.. പനിയൊക്കെ മാറിയിട്ടുണ്ട്.. എങ്കിലും അച്ഛന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാണ് ഇപ്പോഴുള്ള കിടപ്പ്.. പനി ഒന്ന് വിട്ടാൽ അവൾ നാലാളാവുമെന്ന് അവർക്കറിയാം. പോയ പനി ഇനിയും വരുത്തേണ്ട എന്ന് കരുതി അവളെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ സമ്മതിക്കാതെ പുറത്ത് കാവൽ നിൽക്കുകയാണ് അവർ.. അവളെ ഒരു നിമിഷം നോക്കി നിന്ന് കൊണ്ട് ആര്യ അവളുടെ കൂടെ കിടന്നു.. ആര്യ അരികിൽ വന്നത് അറിഞ്ഞതും അനി കണ്ണുകൾ തുറന്നു... അവൾ ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ നിന്നതും ആര്യ അവളെ തടഞ്ഞു... "അനീ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്.." ഗൗരവത്തോടെയുള്ള വാക്കുകൾ കേട്ടതും അനിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. എല്ലാം അവൾ അറിഞ്ഞോ എന്ന ഭയം അവളെ പിടികൂടി... കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ ആയിരുന്നിട്ട് കൂടി വിയർപ്പ് കണങ്ങൾ അവളുടെ നെറ്റിയിൽ നിന്നും കഴുത്തിലേക്ക് ഊർന്നിറങ്ങി... "എന്താ... എന്താ വാവീ.. " തന്നിൽ വന്ന പേടി ആര്യയ്ക്ക് തോന്നാത്ത വിധം മറച്ചു പിടിച്ചു കൊണ്ടവൾ ചിരിച്ചു കൊണ്ട് കാര്യം ചോദിച്ചു.. "ഞാനിന്ന് അനിൽ സാറിനോട് സംസാരിച്ചിരുന്നു.. "

പെട്ടന്ന് അനിൽ സാറിന്റെ വിഷയം അവൾ എടുത്തിട്ടതും അനിക്ക് അല്പം ആശ്വാസമായി. ഒപ്പം കൗതുകവും....ആ പേര് കേട്ടതും ഹൃദയത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച സങ്കടം അറിയാതെ പുറത്ത് വന്ന പോലെ അവളുടെ മുഖത്തെ ചിരി മാഞ്ഞു. "ഓഹ്.. എന്ത് പറഞ്ഞു.. " "എല്ലാം പറഞ്ഞു... അനിൽ സാർ നിന്നോട് പറഞ്ഞതെല്ലാം " അനിയുടെ മറുപടിയായി മൂളൽ ഉയർന്നതും ആര്യ അവളുടെ നേരെ ചെരിഞ്ഞു കിടന്നു...അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. "അനീ... നമുക്കീ ബന്ധം വേണ്ട.. പിറകെ നടക്കരുതെന്ന് അയാൾ പറഞ്ഞ സ്ഥിതിക്ക് ഇനിയും നീ എന്തിനാണ് അയാളെ മനസ്സിൽ കൊണ്ട് നടന്ന് നീറുന്നത്... വേണ്ട അനീ. . നിനക്കറിയില്ലേ നിന്റെ ഒരു ചെറിയ വിഷമങ്ങൾ പോലും എനിക്ക് പ്രാണൻ പറിഞ്ഞു പോകുന്ന വേദനയാണ് തരുന്നതെന്നു.. നീ വിഷമിച്ചിരിക്കുന്നത് കാണാൻ എനിക്കാവില്ല.. പുറമെ കളിച്ചു ചിരിച്ചു നടക്കുമ്പോഴും ഉള്ളിൽ നീ കരയുകയാണെന്ന് എനിക്കറിയാം... അതിനി വേണ്ട അനീ.. അനിൽ സാർ നിനക്ക് വേണ്ട... " ആര്യയുടെ വാക്കുകൾ കേട്ടതും അനിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "ഏയ്‌.. നീ എന്തിനാ വാവീ ഇങ്ങനെയൊക്കെ പറയുന്നത്.. ഞാനത് എപ്പോഴേ വിട്ടു..

ഈ അനിയുടെ വായിനോട്ടത്തിൽ നിന്ന് ഒരാൾ കൂടെ രക്ഷപെട്ടു... അത്രേ ഉള്ളൂ.. നീയതൊക്കെ വിട്ടേ.. ഞാനിനി അതിന്റെ പേരിൽ കരഞ്ഞിരിക്കാനൊന്നും പോണില്ല... " ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്ച് അനി എഴുന്നേറ്റിരുന്നു.. മനസ്സിൽ തട്ടിയല്ല അവൾ പറഞ്ഞതെന്ന് ആര്യയ്ക്ക് മനസ്സിലായി.. അനിൽ സാറോടുള്ള ഇഷ്ടം ഒരിക്കലും അവളുടെ ഉള്ളിൽ നിന്നും മാഞ്ഞു പോകില്ലെന്ന് മറ്റാരേക്കാളും നന്നായി ആര്യക്ക് അറിയാമായിരുന്നു.. ഒഴുകി വരുന്ന കണ്ണുകൾ തുടച്ച് ചിരിച്ച് അഭിനയിക്കുന്ന അനിയെ അവൾ വാരിപ്പുണർന്നു.. "പേടിക്കേണ്ട വാവീ.. എനിക്കൊരു വിഷമവും ഇല്ല.. ഇനി ഒരിക്കലും ഞാനായിട്ട് സാറിന്റെ പിറകെ പോവില്ല.. നീയാണ് സത്യം." അനിയുടെ വാക്കുകൾ കേട്ടതും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ അനിയെ ഇറുകെ പുണർന്നു.. ************ വീട്ടിൽ എത്തിയിട്ടും അമിതിന് ഒരു ഉത്സാഹവും ഉണ്ടായിരുന്നില്ല.. അക്ഷരകുട്ടി പല തവണ അവനെ വട്ട് പിടിപ്പിക്കാൻ ഓരോ കുസൃതി കാണിച്ച് അടുത്ത് ചെന്നെങ്കിലും ഒന്നിനും പ്രതികരിക്കാത്തത് കണ്ടപ്പോൾ അമിതിന് സുഖമില്ലെന്ന് അവൾക്ക് മനസ്സിലായി.. അവനെ ശല്യം ചെയ്യേണ്ടെന്ന് അമ്മയുടെ താക്കീത് കിട്ടിയതും അവൾ ഒഴിഞ്ഞു പോയി..

. തല വേദന കാരണം കിടക്കുന്ന അവന്റെ അടുത്തേക്ക് ശല്യം ചെയ്യാനായി ആരും ചെന്നില്ല.. രാത്രി അക്ഷിത് അവന്റെ തലയിൽ തലോടി അവന്റെ അടുത്ത് കിടന്നു.. കയ്യിൽ കരുതിയ വിക്സ് എടുത്ത് അവന്റെ നെറ്റിയിൽ പതിയെ തടവി കൊടുത്തു.. "നീ എന്നോട് കള്ളം പറയാൻ പഠിച്ചു അമീ... " അതും പറഞ്ഞു കൊണ്ട് അക്ഷിത് തിരിഞ്ഞു കിടന്നതും അമിത് എഴുന്നേറ്റിരുന്നു.. "ഇല്ല ഏട്ടാ... അങ്ങനെ ഒന്നും ഇല്ല.. " അക്ഷിതിൽ നിന്നും യാതൊരു മറുപടിയും കിട്ടാത്തത് കൊണ്ട് അമിത് തന്റെ മുഖമാകെ തടവി... ടേബിളിൽ ഇരുന്ന ഫോൺ എടുത്തു കൊണ്ടവൻ ബാൽക്കണിയിലേക്ക് പോയി... അല്പം കഴിഞ്ഞ് ഡ്രസ്സ്‌ മാറി അമിത് ഫോണും എടുത്ത് വാതിൽ തുറന്നു പോയി.. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അക്ഷിത് അമിത് പോകുന്നത് കണ്ടതും പതിവ് പോലെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ കണ്ണടച്ച് കിടന്നു......... അനിയുടെ വീട്ടിൽ നിന്ന് അവളുടെ വിഷമം മാറ്റി, അവളുടെ കളി ചിരികൾ വീണ്ടും കൊണ്ട് വന്ന് അവളെ സന്തോഷിപ്പിച്ച ശേഷം ആര്യ തന്റെ വീട്ടിലേക്ക് പോയി...

ആര്യ പറഞ്ഞ കാര്യങ്ങളിൽ അതിയായ സങ്കടം അനിക്കുണ്ടായെങ്കിലും താൻ കാരണം മറ്റാരും വിഷമിക്കുന്നത് ഇഷ്ടമില്ലാത്ത അനി അതെല്ലാം മനസ്സിൽ മൂടി വെക്കാൻ തീരുമാനിച്ചു.. ആര്യ പറഞ്ഞത് പോലെ ഇനി അനിൽ സാറിന്റെ പിറകെ നടക്കില്ലെന്നവൾ വേദനയോടെയാണെങ്കിലും തീരുമാനിച്ചു...... നാളെ കോളേജിൽ പോകുന്നതും ആലോചിച്ചു കൊണ്ടവൾ മെല്ലെ കണ്ണുകൾ അടച്ചു..... പിറ്റേന്ന് വെളുപ്പാൻ കാലത്ത് അനിയുടെ വീടിന്റെ കാളിങ് ബെൽ തുടരെ തുടരെ അടിച്ചതും അമ്മ ഞെട്ടി ഉണർന്നു.. ഉറക്കം വിട്ട് പോവാത്ത കണ്ണുകൾ തുറക്കാൻ പ്രയാസപ്പെട്ടു കൊണ്ടവർ ക്ലോക്കിലേക്ക് നോക്കി.. "ഈ നാലുമണിക്ക് ഇതാരാ വന്ന് മുട്ടുന്നേ.. ഇവർക്കൊന്നും ഉറക്കമില്ലേ... " ഓരോന്ന് പിറു പിറുത്തു കൊണ്ടവർ എഴുന്നേറ്റു വാതിൽ തുറന്ന് ഹാളിലേക്ക് പോയി... നിൽക്കാത്ത കാളിംഗ് ബെൽ കേട്ട് ചെവി പൊത്തി പിടിച്ച് ഹാളിലെ വാതിലിൽ കൈ വെച്ചു.. "ഓ.. ഇതാ വരുന്നു.. അത് ഞെക്കി പൊടിക്കല്ലേ.... " ഈർഷ്യയോടെ പറഞ്ഞു കൊണ്ട് അമ്മ വാതിൽ തുറന്നു..

ഈ സമയം ബാഗും തോളിൽ ഇട്ട് പിന്തിരിഞ്ഞു നിൽക്കുന്ന രൂപത്തെ കണ്ട് അമ്മ വായും പൊളിച്ചു നിന്നു... വേഗം അകത്തേക്ക് ചെന്ന് തന്റെ ഭർത്താവിനെ തട്ടി വിളിച്ചു... "ദേ... എണീറ്റേ.. ആരാ വന്നേ എന്ന് നോക്കിയേ " അച്ഛനെ കുലുക്കി വിളിച്ചു അദ്ദേഹം ആരാ എന്ന് ചോദിച്ചു കൊണ്ട് കണ്ണുകൾ തുറന്ന് വേഗം ഹാളിലേക്ക് നടന്നു... അവിടെ പുറത്ത് വന്ന് നിൽക്കുന്ന രൂപത്തെ കണ്ടതും അച്ഛന്റെ കണ്ണുകൾ നേരെ ക്ലോക്കിലേക്ക് ചലിച്ചു.... സമയം നാലുമണി എന്ന് കണ്ണിൽ തെളിഞ്ഞതും ക്ലോക്കിലേക്കും വന്നയാളുടെ മുഖത്തേക്കും മാറി മാറി നോക്കി അദ്ദേഹം അന്തിച്ചു നിന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story