ആത്മരാഗം💖 : ഭാഗം 44

athmaragam thanseeh

രചന: തൻസീഹ് വയനാട്

തന്റെ റൂമിന് മുന്നിൽ എത്തിയ അനി പതിവിന് വിപരീതമായി വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് മുഖം ചുളിച്ചു കൊണ്ട് വാതിൽ ഉന്തി.. തുറക്കുന്നില്ലെന്ന് കണ്ടതും രണ്ടു കയ്യും കൊണ്ട് ശക്തിയിൽ മുട്ടി..... "ശിവാ...... !!!! " പിന്നെ ഒരു അലർച്ചയായിരുന്നു.. ശിവ തന്റെ റൂമിൽ കയറിയെന്ന് മനസ്സിലാക്കിയതും അവൾ അവളെ പലതും വിളിച്ച് വാതിൽ ഉന്തുകയും കാൽ കൊണ്ട് ചവിട്ടുകയും ചെയ്തു കൊണ്ടിരുന്നു.... "തുറക്കൂല്ലേടീ ചേച്ചീ... ഇത്രയും നാൾ ഈ വീട്ടിൽ ഈ റൂമിൽ രാഞ്ജിയെ പോലെ വിലസിയില്ലേ.. ഇനി ഞാനൊന്ന് സുഖത്തിൽ ഇവിടെ ഒന്ന് കിടന്നു നോക്കട്ടെ.... " "പോടീ.. മര്യാദക്ക് വാതിൽ തുറന്നോ.. നീ സുഖിച്ച് അതിനുള്ളിൽ ഇരിക്കുകയല്ലെന്ന് എനിക്കറിയാം.. എന്റെ ഏതെങ്കിലും ഒരു സാധനത്തിൽ നിന്റെ കൈ വെച്ചാൽ... ആ കൈ ഞാൻ വെട്ടുമെടീ.... " വാതിലിൽ ശക്തമായി ചവിട്ടി ഉള്ള ഊർജം മുഴുവൻ ശബ്ദത്തിലേക്ക് ആവാഹിച്ച് അനി പുറത്ത് നിന്ന് അലറി.. അതിന് മറുപടിയായി ശിവ പൊട്ടിച്ചിരിച്ചു.. അകത്ത് അനിയുടെ ബെഡിൽ നീണ്ടു നിവർന്ന് കിടക്കുവായിരുന്ന ശിവ പൊട്ടിച്ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു...

അവളുടെ റൂം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു കൊണ്ട് നേരെ അലമാരയുടെ മുന്നിൽ ചെന്ന് നിന്നു.. അലമാര മലർക്കെ തുറന്നിട്ട് തന്നെ നാട് കടത്തിയതിന് ശേഷം അനി വാങ്ങിയ ഡ്രെസ്സും ഓർണമെന്റ്സും നോക്കി ഓരോന്ന് ബെഡിലേക്ക് വലിച്ചിട്ടു... ഈ സമയമൊക്കെ അനി പുറത്ത് നിന്ന് ഓരോന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു... അനിയുടെ അലമാരയും ചുമരിലെ കബോഡും എല്ലാം ചെക്ക് ചെയ്ത് മൊത്തം സാധനങ്ങൾ ശിവ വലിച്ചു വാരിയിട്ടു... "എടീ... മര്യാദക്ക് തുറന്നോ.. അല്ലെങ്കിൽ ഞാൻ ചവിട്ടി പൊളിക്കും.. ഞാൻ അകത്തു വന്നാൽ നിന്റെ അവസാനമാ... " "മിണ്ടാതെ അവിടെ നിന്നില്ലേൽ ചേച്ചിയുടെ പ്രിയപ്പെട്ട സാധനങ്ങൾ ഞാൻ തല്ലി പൊട്ടിക്കും.... ചുപ്.." "ഡീ.... തുറക്കുന്നുണ്ടോ... " "ചേച്ചീ... ഈ കുപ്പി വളകൾ ഒന്നായി നിലത്തേക്കിട്ടാൽ ചിതറുന്നത് കാണാൻ നല്ല ചേലാ അല്ലേ... " "ശിവാ...... " ഒരലർച്ചയോടെ അനി ശക്തിയായി വാതിലിൽ ചവിട്ടി... നിന്നെ കാണിച്ചു തരാടീ എന്ന് പറഞ്ഞ് നേരെ ശിവയുടെ റൂമിലേക്ക് പോയി.. അവിടെ അവളുടെ ബാഗിൽ നിന്ന് സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ടു...

അവളുടെ അലമാരയിൽ അവൾ കാത്ത് സൂക്ഷിച്ചു വെക്കുന്ന പലതും തറയിലേക്ക് വലിച്ചിട്ടു. അനിയുടെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ ശിവ പതിയെ റൂം തുറന്നു.. തല വെളിയിലേക്കിട്ടു.. അവൾ അവിടെ ഇല്ലെന്ന് മനസ്സിലാക്കി.. തന്റെ റൂമിൽ നിന്ന് ശബ്ദം കേട്ടതും അവൾ അവിടേക്കോടി... ശിവയെ കണ്ടതും അനി ബെഡിൽ കയറി നിന്ന് അവളുടെ ടെഡി ബിയർ കയ്യിൽ പിടിച്ചു കൊണ്ട് അതിന്റെ കയ്യും കാലും തലയും പിടിച്ചു വലിച്ചു.. "ഇതിന്റെ കൈ ഇങ്ങനെ പിടിച്ചു വലിച്ചാൽ പൊളിഞ്ഞു പോവുമോ...തല കടിച്ചു പറിച്ചാലോ.......കാലുകൾ വലിച്ചു കീറിയാലോ......" തന്റെ പ്രിയപ്പെട്ട സാധനങ്ങൾ റൂമിൽ പരന്ന് കിടക്കുന്നതും ജീവനായ പാവയെ അനി കയ്യിൽ പിടിച്ചത് കണ്ടതും അവൾ അനിയുടെ നേരെ ചാടി.. രണ്ടും കൂടി മുട്ടൻ വഴക്കും അടിയുമായി ബഹളം വെച്ചു.. ഇത്രയും നേരം ക്ഷമിച്ചു നിന്ന അമ്മ വഴക്ക് മുറുകിയതും അടുക്കളയിൽ നിന്നും ഓടി വന്നു.. ഇരുവരുടെയും മുറിയും തല്ല് കൂടുന്ന പ്രായ പൂർത്തിയായ തന്റെ പെൺമക്കളെയും മാറി മാറി നോക്കി തനിക്കിപ്പോ അറ്റാക്ക് വരുമെന്ന അർത്ഥത്തിൽ അവർ നെഞ്ചിൽ കൈവെച്ചു...

മക്കൾ അടി കൂടുന്നത് കണ്ടിട്ടും കാണാത്ത പോലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുന്ന തന്റെ ഭർത്താവിനെ കണ്ടതും എല്ലാവർക്കും ഞാൻ കാണിച്ചു തരാം എന്ന് മനസ്സിൽ പിറു പിറുത്തു കൊണ്ട് കയ്യിൽ പിടിച്ച കറി ഇളക്കുന്ന തവിയുമായി അവർ ഭർത്താവിന്റെ അടുത്തേക്ക് പോയി.. "നിങ്ങളുടെ മക്കളുടെ അമ്മ എന്ന പദവിയിൽ നിന്ന് ഞാൻ ഒഴിഞ്ഞു പോകുന്നു.. ഇനി എന്താണെന്ന് വെച്ചാ അച്ഛനും മക്കളും ആയിക്കോ.." അതും പറഞ്ഞ് തവി കയ്യിൽ കൊടുത്തു... വായും പൊളിച്ചു നിൽക്കുന്ന ഭർത്താവിനെ മൈൻഡ് ചെയ്യാതെ അവർ പുറത്തേക്ക് പോയി.. ഒന്ന് ഒഴിഞ്ഞു പോയല്ലോ സമാധാനം എന്ന് വിചാരിച് റൂമിൽ വഴക്ക് കൂടുന്ന മക്കളെ പാളി നോക്കുന്നതിനിടയിൽ പോയ അതേ സ്പീഡിൽ അമ്മ തിരിച്ചു വന്ന് റൂമിലേക്ക് പോയി.. എന്താ സംഭവം എന്നറിയാൻ അച്ഛനും പിറകെ പോയി.. അപ്പുറത്ത് മക്കളുടെ ബഹളം ഇപ്പുറത്ത് ഭാര്യ റൂം ഒന്നാകെ പരതുന്നു.. "നീയെന്താ നോക്കുന്നെ... " നമ്മുടെ സുമതി ചേച്ചിയുടെ മോളുടെ കല്ല്യാണത്തിന് പോയപ്പോൾ സുമേഷിനെ കണ്ടിരുന്നു,,,

,ആളെ മനസ്സിലായില്ലേ,,,എന്റെയാ പഴയ കാമുകൻ ...അന്ന് അവന്റെ നമ്പർ തന്നിരുന്നു..അതെവിടെയാ വെച്ചതെന്നു തപ്പുവായിരുന്നു.....ഇവിടുന്നു ഇറങ്ങിയാൽ ആവശ്യം വരുമല്ലോ....ഛെ...അതേവിടെയാ ഞാൻ കൊണ്ട് വെച്ചത്....." ഭാര്യയുടെ വാക്കുകൾ കേട്ടതും അച്ഛൻ നെഞ്ചിൽ കൈവെച്ചു.. ഈ പ്രായത്തിൽ ഇവൾ ഒളിച്ചോടി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കും എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഫ്രിഡ്ജിനു മുകളിൽ വെച്ച ചൂരൽ എടുത്ത് അടി കൂടുന്ന തന്റെ മക്കളുടെ അടുത്തേക്ക് പോയി... തലങ്ങും വിലങ്ങും ഓങ്ങി കൊണ്ട് അവരെ നിലക്ക് നിർത്തിയതും കയ്യിലെ തവി തിരിച്ചു വാങ്ങി കൊണ്ട് ഇളിച്ചു കാണിച്ചു കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.. അടി കിട്ടിയ അനിയും ശിവയും രണ്ടു ഭാഗത്തേക്കോടി.... പൊട്ടലും ചീറ്റലും കഴിഞ്ഞ് അനി മുറി വൃത്തിയാക്കി കോളേജിൽ പോകാനായി റെഡിയായി.. അരമണിക്കൂർ ആയി വന്ന് നിൽക്കുന്ന ആര്യയോട് സംസാരിച്ചു നിൽക്കുന്ന ശിവയെ നോക്കി അനി അടുക്കളയിലേക്കോടി..

"അമ്മേ.. അവളെ എന്റെ റൂമിന്റെ അടുത്തേക്ക് അടുപ്പിക്കരുത്.. പിന്നെ മാമൻ എണീറ്റില്ലല്ലോ.. എണീറ്റാൽ ഇതിനെയും വിളിച്ചു കൊണ്ട് പോകാൻ പറയണം.. " നേരം വൈകിയെന്ന് ആര്യ വിളിച്ചു പറഞ്ഞതും എല്ലാം പറഞ്ഞ പോലെ എന്ന് കാണിച്ച് അവൾ അമ്മയുടെ അടുത്ത് നിന്ന് പുറത്തേക്ക് നടന്നു.. "പോയി വാ ചേച്ചീ.. " പല അർത്ഥവും വെച്ച് ചിരിച്ചു കൊണ്ട് കാലിൽ കാൽ കയറ്റി വെച്ച് സോഫയിൽ ഇരുന്ന് ശിവ പറഞ്ഞതും പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അനി ആര്യയോടൊപ്പം നടന്നു.. "ഏത് നേരത്താണാവോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ അവൾക്ക് തോന്നിയത്..പെട്ടന്ന് പോയാൽ മതിയായിരുന്നു.. അല്ലെങ്കിൽ അമ്മയും അച്ഛനും ഒരുപാട് ചൂരലുകൾ വാങ്ങേണ്ടി വരും .. " അനി കൈ തടവി പറഞ്ഞതും അടി കിട്ടിയല്ലേ എന്ന അർത്ഥത്തിൽ അവളെ നോക്കി ചിരിച്ചു.. "എന്തിനാ അനീ ഇങ്ങനെ വഴക്ക് കൂടുന്നത്.. അവൾ നിന്റെ അനിയത്തി അല്ലേ.. നിങ്ങളുടെ ബഹളം ഈ നാട് മുഴുവൻ കേട്ട് കാണും... " "ഏയ്യ്.. ഇതൊക്കെ ഒരു തമാശ അല്ലേ വാവീ.. നിനക്കറിയില്ലേ...കുറെ ദിവസങ്ങൾ കഴിഞ്ഞു കാണുന്നതല്ലേ,,,അതിന്റെയൊരു സ്നേഹ പ്രകടനം..അത്രയേ ഉള്ളൂ...." അനി പുഞ്ചിരിച്ചതും ആര്യ അവളിൽ നിന്നും കണ്ണെടുത്ത് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു... ************

അക്ഷിതും അമിതും കോളേജിൽ എത്തിയതും അമിതിന്റെ കണ്ണുകൾ ആർക്കോ വേണ്ടി പരതി.. അക്ഷിത് നേരെ ക്ലാസ്സിലേക്ക് പോയതും അവൻ വാക മര ചുവട്ടിൽ ഇരുന്നു.. ഈ സമയം ഈശ്വർ അവന്റെ അടുത്തേക്ക് വന്നു.. "ഇന്ന് മീറ്റിംഗ് വിളിക്കാൻ ഉള്ള ഏർപ്പാട് ചെയ്യുന്നില്ലേ അമിത്..നിന്റെ ഉഷാറൊക്കെ പോയോ.. " "അതെല്ലാം നീ ചെയ്താൽ മതി.. എല്ലാവരെയും വിളിക്ക്.. സമയവും നീ തീരുമാനിക്ക് ... " കുറച്ചു നാൾ മുൻപ് എല്ലാ കാര്യങ്ങളും ആവേശത്തോടെ ചെയ്ത അമിത് താല്പര്യമില്ലാത്ത പോലെ എല്ലാം ഈശ്വറിന് വിട്ട് കൊടുത്ത് അമിത് നീണ്ടു കിടന്ന് കയ്യാലെ മുഖം മറച്ചു. അവനോട് എന്തോ ചോദിക്കാൻ നിന്നെങ്കിലും അത് വേണ്ടെന്ന് വെച്ച് ഈശ്വർ അവന്റെ അടുത്തിരുന്നു.. ഈ സമയം അനിയും ആര്യയും കോളേജ് അങ്കണത്തിലൂടെ ക്ലാസ്സിലേക്ക് നടന്നു. അനിയുടെ മനസ്സ് അസ്വസ്ഥമാണെങ്കിലും അവളത് മറച്ചു വെച്ചു.. അമിതിനെ കാണരുതെ എന്നവൾ പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു നടന്നു.. അതിനിടയിൽ പെട്ടന്ന് അനിൽ സാർ മുന്നിൽ വന്നതും അവൾ ഒരു നിമിഷം സ്റ്റക്കായി നിന്നു.. അപ്രതീക്ഷിതമായി കണ്ടതിനാൽ സാറും പോകാൻ ആവാതെ അവളെ നോക്കി..

അടുത്ത നിമിഷം തന്നെ അനി മുഖം തിരിച്ചു.. ആര്യ അവളെയും കൊണ്ട് വഴി മാറി പോയി.. തന്നോട് ഒന്നും മിണ്ടാതെ പോയതും വിഷമത്തിൽ കണ്ണുകൾ അടച്ചു തുറന്ന് അനിൽ സാർ സ്റ്റാഫ് റൂമിലേക്ക് നടന്നു..... അനി ക്ലാസ്സിൽ എത്തിയതും എല്ലാവരും സന്തോഷത്തോടെ അവളെ പൊതിഞ്ഞു.. രണ്ടു ദിവസം ഉറങ്ങി കിടന്ന ക്ലാസ്സ്‌ പെട്ടന്ന് ഉണർന്നു.. താൻ ഇല്ലാത്ത രണ്ടു ദിവസത്തെ കണക്ക് തീർത്തു കൊണ്ടവൾ ക്ലാസ്സിൽ അനക്കം സൃഷ്‌ടിച്ചു....ആദ്യ ഹവർ അനിൽ സാർ ക്ലാസ്സിലേക്ക് വന്നു.. സാറിന്റെ പിരിയഡ് അറ്റൻഡ് ചെയ്യണം എന്ന് നിർബന്ധം പറഞ്ഞതിനാൽ അനി ക്ലാസ്സിൽ തന്നെ ഇരുന്നു.. എന്നാൽ ഹവർ കഴിയുന്നത് വരെ സാറിന്റെ മുഖത്തേക്ക് നോക്കിയില്ല.. അവൾ ഉണ്ടായത് കൊണ്ട് തന്നെ അനിൽ സാറിന് അല്പം ആശ്വാസം കിട്ടിയ പോലെ ആയിരുന്നു മുഖ ഭാവം.. എന്നാൽ ഒരു വിഷാദ ഭാവം കണ്ണുകളെ പൊതിഞ്ഞിരുന്നു.. ഇടയ്ക്കിടെ അവളുടെ നേരെ കണ്ണുകൾ ചലിച്ചെങ്കിലും അവൾ തല താഴ്ത്തി ബുക്കിൽ നോക്കുന്നത് കാണുമ്പോൾ സാർ നിരാശയോടെ മുഖം തിരിച്ചു.... ക്ലാസ്സ്‌ കഴിഞ്ഞ് സാർ പോയതിന് ശേഷമാണ് അനി മുഖം ഉയർത്തിയത്.. ഉള്ളിലെ സങ്കടം മറച്ചു വെച്ചവൾ എല്ലാവരോടും സംസാരിച്ചിരുന്നു...

ഈ സമയം ഈശ്വർ മീറ്റിംഗ് കൂടാനായി അനിയെ പുറത്തേക്ക് വിളിച്ചു.. അവനോടൊപ്പം നടന്ന് നീങ്ങിയ അനി മീറ്റിംഗ് നടക്കുന്ന റൂമിന് അടുത്തെത്തിയതും അകത്തേക്ക് കടക്കാൻ നിന്നപ്പോൾ അവിടെ അമിത് ഇരിക്കുന്നത് കണ്ടു.. ഉടനെ തന്നെ അവൾ ഈശ്വറിന്റെ മുഖത്തേക്ക് നോക്കി മാറി നിന്നു... "എന്താ അനീ.. വരുന്നില്ലേ.. മീറ്റിംഗ് തുടങ്ങാനായി... " വരുന്നില്ലെന്ന് പറഞ്ഞ് മാറി നിന്ന അനിയെയും ക്ലാസ്സ്‌ റൂമിൽ ഇരിക്കുന്ന അമിതിനെയും ഈശ്വർ മാറി മാറി നോക്കി.. സംഗതി പിടി കിട്ടിയ ഈശ്വർ അവളെ നിർബന്ധിക്കാതെ അകത്തേക്ക് കയറി... അനി എവിടെ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് അവൾ വന്നോളും എന്ന് മാത്രം പറഞ്ഞു ...അമിതിനെ നോക്കി പറഞ്ഞത് കൊണ്ട് തന്നെ അമിതിന്റെ കണ്ണുകൾ പുറത്തേക്ക് ചലിച്ചു.. അവിടെ ജനലിനപ്പുറത്ത് അനി നിൽക്കുന്നത് അമിത് കണ്ടു. താൻ ഉള്ളത് കൊണ്ടാണ് അനി മാറി നിൽക്കുന്നതെന്ന് അവന് മനസ്സിലായി.. അടുത്ത നിമിഷം തന്നെ അവൻ എഴുന്നേറ്റു. "ഇനി നീയെങ്ങോട്ടാ...??" "നിങ്ങൾ തുടങ്ങിക്കോ..

എനിക്ക് ചെറിയൊരു ജോലി ഉണ്ട് ..." അതും പറഞ്ഞ് അമിത് പോയതും ഈശ്വർ മറുത്തൊന്നും പറയാതെ അവൻ പോകുന്നത് നോക്കി നിന്നു.. അമിത് പോയത് കൊണ്ട് തന്നെ ഈശ്വർ അനിയെ വിളിച്ചു.. അമിത് ഇല്ലെന്ന് ഉറപ്പായത് കൊണ്ട് മാത്രം അവൾ മീറ്റിംഗ് ൽ പങ്കെടുക്കാനായി അവരോടൊപ്പം ചേർന്നു.... ഇന്റർവെൽ ആയതും ക്ലാസ്സിലെ എല്ലാവരും വരാന്തയിലേക്കിറങ്ങി.. അനി മീറ്റിംഗ് ൽ ആയതിനാൽ ആര്യ ക്ലാസ്സിൽ തന്നെ ഇരുന്നു... വല്ലാതെ ബോറടിച്ചപ്പോൾ അവൾ ബാഗിൽ കയ്യിട്ട് തന്റെ ഫോൺ എടുത്തു അത് ഓൺ ആക്കി.. നോട്ടിഫിക്കേഷൻസ് വന്നതും എല്ലാം ഒന്ന് കണ്ണോടിച്ചു.. പെട്ടന്നാണ് അറിയാത്ത നമ്പറിൽ ഒരു മെസ്സേജ് വന്ന് കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. ഉടനെ തന്നെ അവളത് ഓപ്പൺ ആക്കി.. ഒരു വീഡിയോ ആയിരുന്നു.. അവളത് പ്ലേ ചെയ്തു... ************ മീറ്റിംഗ് നടക്കുന്നിടത്ത് നിന്ന് അമിത് നേരെ പോയത് സ്പോർട്സ് റൂമിലേക്കായിരുന്നു....

അവിടെ സ്പോർട്സിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന പിള്ളേർ ഉണ്ടായിരുന്നു... അമിതിന്റെ ഫുട്ബാൾ ടീം മെമ്പേഴ്സ് അവനെ കണ്ടതും എല്ലാവരും അവന്റെ മുന്നിൽ അണി നിരന്നു.. അവർക്ക് മുന്നിൽ ഒരു കസേരയിട്ട് അവൻ ഇരുന്നു... "എല്ലാവരും പ്രാക്ടീസ് യഥാ സമയം നടത്തുന്നുണ്ടല്ലോ അല്ലേ.. നമ്മുടെ സ്പോർട്സ് വരാറായി.. പിന്നെ ഞാനിപ്പോൾ വന്നത് ഒരു കാര്യം പറയാനാണ്.. ഇത്തവണ മാനേജ്മെന്റ് നമുക്ക് വേണ്ടി ബ്രില്യന്റ് ആയ സ്പോർട്സ് ടീച്ചറെ നിയമിച്ചിട്ടുണ്ട്. ഇനി ആ സാറിന്റെ കീഴിൽ ആയിരിക്കും നിങ്ങളുടെ പരിശീലനം.. വൈകാതെ സാർ നമ്മുടെ കോളേജിൽ ജോയിൻ ചെയ്യും...." അവരോട് സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടന്ന് ഒരു ചവിട്ടേറ്റ് അമിത് മുഖമടിച്ചു നിലത്തേക്ക് മറിഞ്ഞു വീണു... ദേഷ്യത്തോടെ കിടന്നിടത്ത് നിന്ന് അവൻ തിരിഞ്ഞു നോക്കിയതും തനിക്ക് മുന്നിൽ മുഷ്ട്ടി ചുരുട്ടി ഉറഞ്ഞു തുള്ളുന്ന ആര്യയെ കണ്ടു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story