ആത്മരാഗം💖 : ഭാഗം 46

athmaragam thanseeh

രചന: തൻസീഹ് വയനാട്

ബസ്സിറങ്ങി ഒരക്ഷരം മിണ്ടാതെ അനിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആര്യ മുന്നോട്ടു നടന്നു.. അവളുടെ വേഗതക്കനുസരിച്ച് അവളോടൊപ്പം എത്താൻ അനി കുറച്ച് കഷ്ടപ്പെട്ടു.. പിറകിൽ നിന്ന് അനി തന്നെ വിളിക്കുന്നതൊന്നും ആര്യയുടെ ശ്രദ്ധയിൽ പതിഞ്ഞില്ല.. അവളുടെ മനസ്സ് മുഴുവൻ നേരത്തെ കണ്ട ആ വീഡിയോയിൽ ആയിരുന്നു.. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇത് വരെ ഒന്നുമറിയാതെ വിഡ്ഢി വേഷം എല്ലാവരും തനിക്ക് നൽകിയല്ലോ എന്നോർത്ത് അവളിലെ ദേഷ്യം വീണ്ടും വർധിച്ചു... അതിനനുസരിച്ച് അവൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി....അനിയുടെ വീട് കഴിഞ്ഞ് അങ്ങോട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ആര്യ നടന്നു... അനിയും തന്റെ വീട്ടിലേക്ക് കയറാതെ ആര്യയുടെ പിറകെ അവളെ വിളിച്ചു കൊണ്ട് നടന്നു.... ഗേറ്റ് കടന്ന് മുറ്റത്തെത്തിയ ആര്യ ഒരു നിമിഷം അവിടെ നിന്നു.. പിറകെ പാഞ്ഞെത്തിയ അനിയും അല്പം പകച്ചു കൊണ്ട് മുന്നോട്ടു നോക്കി.. അനിയുടെ അച്ഛനും അമ്മയും ശിവയും ആര്യയുടെ അച്ഛനും പൂമുഖത്ത് തന്നെ നിൽപ്പുണ്ടായിരുന്നു...

അവരുടെ മുഖത്തെ ഭാവം കണ്ടതും എല്ലാം പ്രിൻസി അറിയിച്ചെന്ന് ആര്യക്ക് മനസ്സിലായി.. അവളുടെ കണ്ണുകൾ നേരെ ചെന്നത് അവളുടെ അച്ഛന്റെ മുഖത്തേക്കാണ്.. എന്ത് ഭാവമാണ് ആ മുഖത്തെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..പതിയെ അവൾ നടന്ന് അച്ഛന്റെ മുന്നിൽ ചെന്ന് നിന്നു..... അവളുടെ വലത്തേ കയ്യിലെ പെരുവിരലിന്റെ ഇടതടവില്ലാ ചലനം കണ്ട് അവളുടെ ദേഷ്യവും മനസ്സിലെ വീർപ്പുമുട്ടലും മാഞ്ഞു പോയിട്ടില്ലെന്ന് അച്ഛൻ മനസ്സിലാക്കി.... തന്നോട് പലതും പറയാനുണ്ടവൾക്കെന്ന് അദ്ദേഹത്തിന് ബോധ്യമായി... "വാവീ...." സൗമ്യമായി അച്ഛൻ വിളിച്ചതും അത്രയും നേരം നിശബ്ദത പാലിച്ച ആര്യ മുഖം ഉയർത്തി തന്റെ അച്ഛനെ നോക്കി... നിമിഷങ്ങൾക്കകം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "അച്ഛാ... ഞാൻ.... " അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ പൊട്ടിക്കരഞ്ഞു...

മകളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ അച്ഛൻ അവളെ തലോടി ആശ്വസിപ്പിച്ചു.. "ഏയ്‌.. എന്തായിത് വാവീ.. അച്ഛന്റെ പുലി കുട്ടി ആണോ ഇങ്ങനെ കരയുന്നത്.. " നെഞ്ചിൽ നിന്നും അവൾ എണീക്കുന്നില്ലെന്ന് കണ്ടതും അച്ഛൻ സൗമ്യമായ വാക്കുകളോടെ അവളുടെ മുടിയിൽ തലോടി... എന്നിട്ടും അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞില്ല അനിയുടെ നീര് വന്ന മുഖം ഓർക്കും തോറും അവളുടെ ഉള്ളിലെ സങ്കടം തേങ്ങലോടെ പുറത്തേക്ക് തികട്ടി വന്നു.. "വാവീ.. മോളേ... സാരമില്ല.. വിട്ടേക്ക്.. ഇനി അച്ഛന്റെ മോള് ഇങ്ങനെ തല്ല് കൂടരുത്.. പ്രിൻസിയുടെ വിചാരം അച്ഛന്റെ വളർത്തു ദോഷം കൊണ്ടാണ് മോള് തന്റേടി ആയതെന്നാ... മോളിനി തല്ല് കൂടാനൊന്നും പോകേണ്ട " മയത്തോടെയാണ് അച്ഛൻ പറഞ്ഞതെങ്കിലും അത് കേട്ട് ആര്യ വീണ്ടും പൊട്ടിക്കരഞ്ഞു.. അരികിൽ നിന്ന അനിയുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു...ആര്യ തന്റെ ഫീലിംഗ്സ് പുറത്ത് കാണിക്കാൻ ഇഷ്ടപ്പെടാത്തവളാണ്..

ആ അവൾ ഇങ്ങനെ കരയുമ്പോൾ അവളുടെ ഹൃദയം എത്രമാത്രം നൊന്ത് കാണുമെന്ന് അവൾ ഊഹിച്ചു...അവളിൽ നിന്ന് എല്ലാം മറച്ചു വെച്ചത് തെറ്റായിരുന്നെന്നും താൻ അവളോട് ഒന്നും പറയാത്തതിൽ ഉള്ള സങ്കടമാണ് ഇപ്പോൾ അവളുടെ ഈ കരച്ചിലിന് കാരണം എന്നും അനിക്ക് മനസ്സിലായി... തനിക്ക് വേദനിച്ചാൽ അത് ആര്യയ്ക്ക് ഒട്ടും സഹിക്കില്ലെന്നും വേദനിപ്പിച്ചവരെ എന്ത് ചെയ്യാനും മടിക്കാത്തവളാണ് ആര്യ എന്നും അറിയാവുന്നത് കൊണ്ടാണ് അമിത് തല്ലിയത് മറച്ചു വെച്ചത്.. ഈ കാരണം കൊണ്ട് ആര്യ തന്നോട് കാണിക്കുന്ന മൗനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... അനി നിസ്സഹായതയോടെ തന്റെ അമ്മയെ നോക്കി.. ആര്യയുടെ കരച്ചിൽ കണ്ട് സഹിക്ക വയ്യാതെ നിൽക്കുന്ന അനിയുടെ അമ്മ അനിയുടെ ഭാവം കണ്ട് അവളെ ആശ്വസിപ്പിച്ചു.. അച്ഛന്റെ മാറിൽ കിടന്ന് തേങ്ങുന്ന ആര്യയുടെ അടുത്തേക്ക് അവർ ചെന്നു... "വാവീ... സാരമില്ല മോളേ... നിന്നെ ഞങ്ങൾ ഒരു തെറ്റും പറയുന്നില്ല.. അനിക്ക് വേദനിച്ചാൽ പതിന്മടങ്ങ് വേദന നിനക്കാവുമെന്നും ഞങ്ങൾക്കറിയാം.. പക്ഷെ.എല്ലാം കഴിഞ്ഞു മോളേ.. ആ കുട്ടിയുടെ തെറ്റിദ്ധാരണ മാത്രമായിരുന്നു... " സ്വന്തം മോളുടെ കണ്ണീര് കാണാൻ ഒരമ്മക്കും ആവില്ല..

തന്റെ മകൾക്ക് തുല്യമായ ആര്യ കണ്ണീർ പൊഴിക്കുന്നത് കണ്ടതും അനിയുടെ അമ്മയുടെ ഹൃദയം നൊന്തു.. അവർ അവളുടെ തലയിൽ തലോടി... എന്നാൽ അമ്മയുടെ വാക്കുകൾ കേട്ട് ആര്യ ദേഷ്യത്തോടെ അമ്മയുടെ കൈ തട്ടി മാറ്റി ആരെയും ഗൗനിക്കാതെ റൂമിലേക്ക് നടന്നു... "മോളേ... " അവളുടെ പ്രവർത്തിയിൽ ഒരുപാട് വിഷമം വന്നതിനാൽ അമ്മ അവളെ തടയാൻ നോക്കി.. "വേണ്ടാ.. ആരും എന്റെ അടുത്തേക് വരേണ്ട. എല്ലാവരും എന്നെ നുണ പറഞ്ഞു പറ്റിക്കായിരുന്നു അല്ലേ.. ഒരു വിഡ്ഢിയാ ഞാൻ.. നിങ്ങൾ പറഞ്ഞതൊക്കെ വിശ്വസിച്ച വിഡ്ഢി..ഇവൾക്ക് പനി ആണെന്നറിഞ്ഞ് ഒരു നിമിഷം മനസ്സമാധാനത്തോടെ ഇരുന്നിട്ടില്ല.. ചോദിച്ചതല്ലേ ഞാൻ കവിളിൽ എന്ത് പറ്റിയെന്ന്.. അപ്പോഴൊക്കെ എന്നോട് കള്ളം പറഞ്ഞു... എന്തിന്.. ഞാൻ നിങ്ങളുടെ ആരുമല്ലേ... എന്തിനാ എല്ലാം മറച്ചു വെച്ചത്... " കരച്ചിലോടെ ഉറക്കെ പറഞ്ഞു കൊണ്ട് അവൾ വാതിൽ അമർത്തി അടച്ച് റൂമിൽ വാതിലിനോട് ചാരി ഇരുന്ന് പൊട്ടിക്കരഞ്ഞു..

എല്ലാം കേട്ട് അനിയുടെ കണ്ണുകൾ ഇടമുറിയാതെ ഒഴുകി. ഒപ്പം അമ്മയുടെയും.. അനിയുടെ അച്ഛനും വല്ലാത്ത വിഷമത്തിൽ നെഞ്ചിൽ തടവി ഇരുന്നു.... ഈ സമയം ശിവ നിലത്ത് കിടന്ന. ആര്യയുടെ ബാഗ് എടുത്ത് ടേബിളിൽ വെച്ചു.. ആ സമയം അല്പം തുറന്ന ബാഗിന്റെ അറയിൽ ഫോൺ കണ്ടതും ശിവ അതെടുത്തു.. എന്തോ ഓർത്ത് അവൾ ഫോൺ ഓൺ ആക്കി... ഗാലറിയിൽ നിന്നും അവളാ വീഡിയോ പ്ളേ ചെയ്തു.. അതിൽ അനിക്ക് തല്ല് കിട്ടുന്നതും അവൾ പൊട്ടിക്കരയുന്നതും വ്യക്തമായി ഉണ്ടായിരുന്നു.. എല്ലാം കണ്ട് ശിവ തേങ്ങലോടെ കരയുന്നത് കണ്ട് എന്താണെന്ന് ചോദിച്ചു കൊണ്ട് അവരുടെ അമ്മ അവളുടെ അടുത്തേക്ക് ചെന്നു... അമ്മയെ നോക്കി കരഞ്ഞു കൊണ്ടവൾ ആ ഫോൺ നീട്ടി. കാര്യം അറിയാൻ രണ്ട് അച്ഛന്മാരും ഫോണിലേക്ക് നോക്കി... വീഡിയോ കണ്ട് അനിയുടെ അമ്മ വാ പൊത്തി കരഞ്ഞു.. അനിക്ക് അടി കിട്ടുന്നതും അവൾ വേദനയോടെ തറയിൽ ഇരിക്കുന്നതും കരഞ്ഞു കൊണ്ട് കാലിൽ വീഴുന്നതും എല്ലാം കണ്ടതും അമ്മ ഇനിയും കാണാൻ വയ്യാതെ കണ്ണുകൾ ഇറുക്കി അടച്ചു..

ശിവ അനിയെ കെട്ടിപിടിച്ചു കരഞ്ഞു.. എല്ലാവരുടെയും മനസ്സ് ഒരുപോലെ വേദനിച്ചു.. എല്ലാവരും അനിക്ക് കിട്ടിയ തല്ല് വീഡിയോയിലൂടെ കണ്ട് മനസ്സ് വേദനിച്ചു നിന്നപ്പോൾ അനിയുടെ വേദന ആര്യയെ ഓർത്തായിരുന്നു.അടഞ്ഞു കിടക്കുന്ന ആര്യയുടെ മുറിക്ക് മുന്നിൽ സങ്കടത്തോടെ അനി നിന്നു.. ഈ കാലം വരെ തന്നോട് മിണ്ടാതെ ഒരു നിമിഷം പോലും ഉണ്ടായിട്ടില്ലെന്നത് അവളെ കൂടുതൽ നോവിച്ചു.. "വാവീ... പ്ലീസ്... വാതിൽ തുറക്ക്... പ്ലീസ്...നിന്റെ അനിയല്ലേ വിളിക്കുന്നത്.. വാതിൽ തുറക്ക് " കരഞ്ഞു കൊണ്ട് അനി വാതിലിൽ ഉറക്കെ ഇടിച്ചു.. "ലീവ് മി എലോൺ..... " റൂമിനകത്ത് നിന്ന് ആര്യ ആക്രോശിച്ചതും അനിയുടെ കരച്ചിലിന്റെ ശക്തി കൂടി.. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം അറിയാവുന്നത് കൊണ്ട് തന്നെ ഇപ്പോഴുള്ള അവരുടെ പിണക്കത്തിൽ ഇരു വീട്ടുകാരും ഒരുപാട് വിഷമിച്ചു... അവരെ തനിയെ വിട്ട് കൊണ്ട് അവരെല്ലാം പോയി... ആര്യ തുറക്കുന്നില്ലെന്ന് കണ്ടതും കരച്ചിലോടെ അനി വീണ്ടും വീണ്ടും വാതിലിൽ മുട്ടി വിളിച്ചു..

. നിവൃത്തിയില്ലാതെ ആര്യ വാതിൽ തുറന്നു.... വാതിൽ തുറന്നതും പൊട്ടിക്കരച്ചിലോടെ അനി ആര്യയെ കെട്ടിപിടിച്ചു.. "സോറി വാവീ. സോറി.. നീ വേദനിക്കേണ്ടെന്ന് കരുതിയാ മറച്ചു വെച്ചത്... സോറി..പ്ലീസ്.. എന്നോട് മിണ്ടാതെയിരിക്കല്ലേ... പ്ലീസ്.. " അനിയുടെ കരച്ചിലും വാക്കുകളും കേട്ടതും ആര്യ അല്പം അയഞ്ഞു..അവളെ തന്നിൽ നിന്നും വേർപ്പെടുത്തി കൊണ്ട് ആര്യ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. "ഐആം സോറി വാവീ... " വീണ്ടും കണ്ഠമിടറി കൊണ്ട് അനി കണ്ണിൽ വെള്ളം നിറച്ചു... "ഇട്സ് ഓക്കേ അനീ... ഓക്കേ.. നീ ഇങ്ങനെ കരയല്ലേ... ഐആം ഓക്കേ.. " അവളെ സമാധാനിപ്പിച്ചതും അനിക്ക് അല്പം ആശ്വാസം കിട്ടി..ആര്യ അടങ്ങി എന്ന് തോന്നിയതും അനി അവളുടെ മുഖത്തേക്ക് നോക്കി കൈകളിൽ പിടിച്ചു.. "വാവീ... ഒന്നും മനപ്പൂർവം ആയിരുന്നില്ല.. അപ്പോഴത്തെ സാഹചര്യം മൂലം അമിത് ചേട്ടന് പറ്റി പോയതാണ്.. നീ മനസ്സിലാക്ക്.. " അനിയുടെ വാക്കുകൾ കേട്ട് ആര്യയുടെ കണ്ണുകൾ ചുവന്നു. "അവന്റെ കാര്യം ഇനി എന്നോട് മിണ്ടി പോകരുത്.. കേട്ടോ "

സമ്മതമെന്ന് തലയാട്ടി കൊണ്ട് അനി പിന്നീടൊന്നും പറയാതെ മിണ്ടാതെ ഇരുന്നു.. കോളേജ് വിട്ട് നേരെ ആര്യയുടെ വീട്ടിൽ കയറുകയായിരുന്നു അനി.. അതിനാൽ തന്നെ ആര്യ ഫ്രഷ് ആവാൻ നിന്നതും തന്റെ ബാഗും എടുത്ത് അനി വീട്ടിലേക്ക് നടന്നു.. ************ കോളേജിൽ നിന്നും വീട്ടിൽ എത്തുന്നത് വരെ അക്ഷിത് മൗനത്തിൽ ആയിരുന്നു.. ഏട്ടന്റെ ഈ മാറ്റം അമിതിൽ നിരാശയുണ്ടാക്കി.. ഹോസ്പിറ്റലിൽ പോയി മുറിവെല്ലാം കെട്ടിയിട്ടാണ് വീട്ടിൽ ചെന്നു കയറിയത്.. കയ്യിലും കാലിലും മുഖത്തും കെട്ടും ബാന്റേജുമായി കയറി വന്ന അമിതിനെ കണ്ട് അക്ഷരകുട്ടിയും അമനും അമ്മയും അന്തം വിട്ട് നിന്നു.. "എന്താ ഡാ.. എന്ത് പറ്റി.... എന്താ ഇതൊക്കെ.. " വെപ്രാളത്തോടെ അവനെ സോഫയിൽ ഇരുത്തി മിഴികൾ നിറച്ച് അമ്മ ചോദിച്ചു.. എന്ത് പറയണം എന്നറിയാതെ അമിത് മൗനം പാലിച്ച് ഏട്ടനെ നോക്കി.. എന്നാൽ ഏട്ടൻ തന്റെ ഭാഗത്തേക്ക് നോക്കുന്നെ ഇല്ലെന്നവന് ബോധ്യമായി.. "എന്താ ഡാ. നിന്റെ നാവിറങ്ങി പോയോ.. എന്ത് അക്രമം കാണിച്ചാ ഈ വന്നിരിക്കുന്നെ... "

അവൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടതും അമ്മ സങ്കടം കൂടി ദേഷ്യപ്പെട്ടു ..മറ്റൊരു മാർഗവും ഇല്ലാതെ അമിത് നടന്ന സംഭവം അമ്മയോട് തുറന്നു പറഞ്ഞു... എല്ലാം കേട്ട് നിന്ന അക്ഷിതിന്റെ മുഖം ദേഷ്യം വന്ന് ചുവന്നു.. "സത്യാവസ്ഥ അറിയാതെ ആ കുട്ടിയെ അടിക്കാൻ നീയാരാ... എനിക്ക് തന്ന വാക്ക് നീ തെറ്റിക്കുമെന്നു സ്വപ്നത്തിൽ കൂടി ഞാൻ വിചാരിച്ചില്ല..എന്നെ നിനക്കൊരു വിലയുമില്ലെന്ന് നിന്റെ ഈ പ്രവർത്തിയിലൂടെ നീ മനസ്സിലാക്കി തന്നു.... ഷെയിം ഓൺ യു അമിത്... " അത്രയും പറഞ്ഞ് അക്ഷിത് ദേഷ്യം കൊണ്ട് അവനിൽ നിന്ന് മുഖം തിരിച്ചു.. ഏട്ടന്റെ നാവിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ കേട്ട് അമിത് തകർന്നു പോയി . ശാന്തനായി മാത്രം കണ്ടിരുന്ന അക്ഷിത് പെട്ടന്ന് ദേഷ്യപ്പെടുന്നത് കണ്ട് അക്ഷരകുട്ടി പേടിച്ചു വിറച്ചു.. അക്ഷിതിന്റെ മുഖത്തേക്ക് നോക്കും തോറും അവളിലെ പേടി കൂടി കരയാൻ ആരംഭിച്ചു . അതോടെ അക്ഷിത് ശാന്തനായി... പഴയ പുഞ്ചിരി മുഖത്തു വരുത്തി അക്ഷരയെയും എടുത്തു തന്റെ റൂമിലേക്ക്‌ പോയി .....

അമനും അവരുടെ പിറകെ പോയതും അമ്മയും അമിതും തനിച്ചായി.. അവന്റെ മുഖത്തേക്ക് നോക്കാതെ അമ്മ എണീക്കാൻ നിന്നതും അവൻ അമ്മയുടെ കയ്യിൽ കയറി പിടിച്ചു.. "അമ്മേ.. ഞാൻ... " "മതി.. നീ റൂമിൽ പോയി റസ്റ്റ്‌ എടുക്ക്.... " "അമ്മേ.. " "അമിത്.. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും നീ ചെയ്തത് കൂടി പോയി.. നിന്റെ അമ്മയും ഒരു സ്ത്രീ ആണെന്ന് നീ മറക്കരുത് " അത് മാത്രം പറഞ്ഞു കൊണ്ട് അമ്മ പോയതും അമിത് വല്ലാതെയായി... നെറ്റി തടവി കൊണ്ടവൻ സോഫയിൽ ഇരുന്നു... രാത്രി മുഴുവൻ അമിത് അക്ഷിതിന്റെ പിറകെ ആയിരുന്നു.. ചെയ്ത തെറ്റിന് ആയിരം തവണ അവൻ സോറി പറഞ്ഞു.. പക്ഷെ.. അക്ഷിത് അവനിൽ നിന്നും വിട്ട് പോയി കൊണ്ടിരുന്നു... ആ സമയത്താണ് വല്യച്ഛന്റെ ഫോൺ കാൾ അവനെ തേടി എത്തിയത്... "അമിത്... എന്തൊക്കെയാ ഞാൻ കേട്ടത്... ശെരിയാണോ.. " ഗൗരവം നിറഞ്ഞ ചോദ്യത്തിന് മറുപടിയായി അമിത് ഒന്ന് മൂളി.. " ഇന്നേ വരെ നീ ചെയ്ത കുരുത്തക്കേടുകൾക്കെല്ലാം ഞാൻ പൂർണ പിന്തുണ നൽകിയിരുന്നു..

പക്ഷെ.. അമിത്.. ഇത്.. ഒരിക്കലും നിന്നിൽ നിന്ന് ഇത്തരം ചെയ്തി ഞാൻ പ്രതീക്ഷിച്ചില്ല... " "വല്യച്ചാ.. സോറി.. അങ്ങനെ അല്ല.. എനിക്കൊരു കൈയബദ്ധം പറ്റിയതാണ്... സോറി.." സംഭവം വിശദമായി വല്യച്ഛന് അവൻ പറഞ്ഞു കൊടുത്തു.. തനിക്ക് തെറ്റ് പറ്റിയെന്ന് അവൻ തുറന്നു പറഞ്ഞു.. എല്ലാം കേട്ട് വല്യച്ഛൻ അവന് ഒരുപാട് ഉപദേശങ്ങൾ നൽകി... വല്യച്ഛൻ വിളിച്ചു വെച്ചതിനു പിറകെ അച്ഛന്റെ കാളും അവനെ തേടി എത്തി.. അച്ഛൻ വിളിച്ചപ്പോഴും അവനെ ഒരുപാട് ഉപദേശിച്ചു...എല്ലാം കൂടി കുറ്റബോധം കൊണ്ട് അവൻ നീറി പുകഞ്ഞു ... കിടക്കാനായി അമിത് റൂമിലെത്തിയപ്പോൾ അക്ഷിത് അനിയെ തല്ലിയ വീഡിയോ കണ്ട് കൊണ്ടിരിക്കുകയായിരുന്നു.. ആ രംഗം കണ്ട് അമിതിന്റെ തല താഴ്ന്നു... അവൻ വന്നത് അറിഞ്ഞതും അക്ഷിത് ഫോൺ ഓഫ് ചെയ്ത് കയ്യിൽ പിടിച്ചു തിരിച്ചു. "ഏട്ടാ... " അരികിൽ എത്തി ഏട്ടനെ വിളിച്ചെങ്കിലും അക്ഷിത് തല ഉയർത്തി അവനെ നോക്കിയില്ല... നിരാശയോടെ പിന്തിരിഞ്ഞു പോകാൻ നിന്നതും അക്ഷിത് ചോദിച്ചു..

"കോളേജിൽ നിന്ന് ആരൊക്കെയാണ് അന്ന് പരിപാടിയിൽ പങ്കെടുത്തത് " " ഞങ്ങൾ 4 പേർ..." അമിത് മറുപടി പറഞ്ഞതും അക്ഷിത് ഒന്ന് മൂളുക മാത്രം ചെയ്തു... ഏട്ടന് മറുപടി കൊടുത്ത് ബാൽക്കണിയിലേക്ക് നീങ്ങവേ പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ അമിതിന്റെ മുഖം മാറി.. പല സംശയങ്ങളും അവന്റെ മുഖത്ത് നിഴലിച്ചു.. ക്ഷണനേരം കൊണ്ട് അവന്റെ മുഖം ചുവന്നു... മനസ്സിൽ പൊടുന്നനെ മിഥുന്റെ രൂപം തെളിഞ്ഞു വന്നു.. ഇനി അവൻ ആണോ ഇതിന് പിന്നിൽ എന്ന ഡൌട്ട് അവനിൽ ഉടലെടുത്തു... ഒരുപാട് ചോദ്യങ്ങൾ മനസ്സിലിട്ട് ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അവൻ നടന്നു.. ഒടുവിൽ ഒരു സ്ഥാനത്ത് നിന്ന് കൊണ്ട് അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... സമൂഹ വിവാഹത്തിന്റെ തലേ ദിവസം തങ്ങൾ പോയി കഴിഞ്ഞതിനു ശേഷവും മിഥുൻ ആ റൂമിൽ തന്നെ ഇരിക്കുകയായിരുന്നെന്നു അവൻ ഓർത്തു.. അവന്റെ നോട്ടവും സംസാരവും മുഖത്തെ കള്ളത്തരവും റീവൈൻഡ് ചെയ്തു കൊണ്ട് അമിത് കണ്ണുകൾ തുറന്നു..

അനി ആണോ അത് ചെയ്തതെന്ന് അപ്പോൾ താൻ ചിന്തിച്ചു കൂടി ഇല്ലെന്നും ഫ്ലെക്സിന്റെ ചുമതല അവൾക്കായതിനാലും വ്യക്തി വൈരാഗ്യം മൂലം ചെയ്തതെന്ന് മിഥുൻ അവളോട് പറഞ്ഞത് കേട്ട് കൊണ്ടുമാണ് താൻ അവളാണ് ചെയ്തതെന്ന് വിശ്വസിച്ചതെന്ന് അവൻ ഓർത്തെടുത്തു.. കാര്യങ്ങൾ ശെരിക്ക് ചോദിച്ചറിയാതെ താൻ അവിടെ നിന്നും പോയത് ശെരിയായില്ലെന്ന് അവൻ സ്വയം കുറ്റപ്പെടുത്തി... സത്യാവസ്ഥ അറിഞ്ഞേ തീരൂ എന്ന വാശി അവനിൽ ഉണ്ടായി... ഉടനെ തന്നെ അമിത് പാർട്ടിയിലെ ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചു .. അയാൾ പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ടും അമിതിന്റെ മുഖം മാറി മറിഞ്ഞു.. കണ്ണുകൾ ഇറുക്കി അടച്ചവൻ ചുമരിൽ ആഞ്ഞടിച്ചു... തന്റെ ഭാഗത്ത്‌ തന്നെയാണ് തെറ്റ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ അമിത് ആകെ തളർന്നു.... ഒന്നുമറിയാത്ത ഒരു പാവം പെണ്ണിനെ ആ വിധത്തിൽ തല്ലിയതോർത്ത് അവന്റെ ഉള്ളം പിടഞ്ഞു... ഗ്രൗണ്ടിൽ വെച്ച് അനി തന്റെ കാൽക്കൽ വീണ് കരഞ്ഞത് മനസ്സിൽ തെളിഞ്ഞു വന്നതും അവന്റെ കണ്ണുകൾ നിറഞ്ഞു...

താൻ വലിയ ക്രൂരത തന്നെയാണ് ചെയ്തതെന്ന് അവന് ബോധ്യമായി.. അവളുടെ വാക്കുകൾ കേൾക്കാൻ പോലും താൻ തയ്യാറായില്ല എന്നോർത്ത് അവന്റെ മനസ്സ് നീറി പുകഞ്ഞു... ആര്യ ചെയ്തത് തന്നെയാണ് ശരി എന്ന് അമിതിന് തോന്നി തുടങ്ങി.. സത്യം അറിയാതെ ഒരിക്കലും അനിയുടെ മേൽ കൈ വെക്കാൻ പാടില്ലായിരുന്നു.. താൻ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ തന്നെയാണ് ആര്യ നൽകിയതെന്ന് അവന് ബോധ്യമായി ... അവളുടെ കയ്യിൽ നിന്ന് കിട്ടിയത് കുറഞ്ഞു പോയെ ഉള്ളൂ എന്ന് അവന് തോന്നി.. എന്തോ അവരെ കുറിച്ച് ഓർമ വന്നതും അമിതിന്റെ മുഖത്ത് പ്രത്യേകം ചിരി പരന്നു.. ബാൽക്കണിയിൽ നിന്ന് അമിത് ചിരിക്കുന്നത് കണ്ട് അക്ഷിതിലേക്കും ആ ചിരി പടർന്നു... അമിതിന്റെ കണ്ണുകൾ റൂമിലേക്ക് മാറിയപ്പോൾ അക്ഷിത് ചിരിയോടെ തന്നെ നോക്കുന്നത് അവൻ കണ്ടു.. അക്ഷിത് ഒന്ന് ചിരിച്ചു കണ്ടതും അവൻ റൂമിലേക്കോടി.. ചെവിയിൽ പിടിച്ച് സോറി പറഞ്ഞു കൊണ്ട് അവൻ ഏട്ടനെ കെട്ടിപിടിച്ചു... "സോറി ഏട്ടാ.. ഇനിയൊരിക്കലും ഏട്ടന്റെ അമിത് അങ്ങനെ ചെയ്യില്ല..

പെട്ടന്ന് ദേഷ്യം കണ്ണിനെ മൂടിയപ്പോൾ കൈകളുടെ നിയന്ത്രണം എനിക്ക് നഷ്ടപ്പെട്ടു.. പറ്റി പോയതാ ഏട്ടാ.. സോറി.. " സാരമില്ല എന്ന് പറഞ്ഞ് അക്ഷിത് അവനെ തലോടി.. " നിന്റെ ഈ മുൻ കോപം അല്പം കുറക്കണം.. എടുത്തു ചാടുന്നതിനു മുന്നേ എന്തും നന്നായൊന്നു ആലോചിക്കുന്നത് നല്ലതാ..." അവന്റെ കവിളിൽ തലോടി കൊണ്ട് അക്ഷിത് ബെഡിൽ കിടന്നു.. കൂടെ അവനെ കെട്ടിപിടിച്ചു കൊണ്ട് അമിതും.. ഉറക്കം കണ്ണുകളെ തലോടുന്നത് വരെ അമിത് അക്ഷിതിനോട് സോറി പറഞ്ഞു കൊണ്ടേയിരുന്നു.. "സാരമില്ല അമീ... തെറ്റ് മനസ്സിലായില്ലേ നിനക്ക്.. അത് മാത്രം മതി.. ഇനി ആവർത്തിക്കരുത്.. " അമിതിന്റെ കവിളിൽ മുത്തം നൽകി കൊണ്ട് അക്ഷിത് പറഞ്ഞതും ജീവൻ തിരികെ ലഭിച്ച പോലെ അമിതിന് ആശ്വാസമായി.. അക്ഷിതിനെ കെട്ടിപിടിച്ചു കൊണ്ടവൻ പതിയെ കണ്ണുകൾ അടച്ചു.. ************ " നീ പോകുന്നില്ലെന്നോ.. മര്യാദക്ക് പൊയ്ക്കോ.. നിനക്ക് ക്ലാസ്സ്‌ ഇല്ലേ.. " തിരികെ തറവാട്ടിലേക്ക് പോകാനായി മാമൻ റെഡി ആയതും ശിവ വരുന്നില്ലെന്ന് പറഞ്ഞ് വാശി പിടിച്ചു..

അവളെ പറഞ്ഞയക്കാനുള്ള തത്രപ്പാടിലാണ് അച്ഛനും അമ്മയും അനിയും.. "അമ്മേ.. വേഗം ഇവളെ പറഞ്ഞയക്ക്. ഒരു ദിവസത്തിൽ കൂടുതൽ ഇവളെ ഇവിടെ നിർത്താൻ പറ്റില്ല.. " "നീ പോടീ ചേച്ചീ.. ഞാൻ നാല് ദിവസം കഴിഞ്ഞെ പോകൂ.. " "അപ്പൊ നിന്റെ ക്ലാസ്സോ " അച്ഛൻ ഇടയിൽ കയറി ചോദിച്ചതും എല്ലാവരെയും നോക്കി ശിവ ഇളിച്ചു.. "അതോ.. അത് ഞാൻ അമ്മയുടെ ശബ്ദത്തിൽ ടീച്ചർക്ക് വിളിച്ചു.. പനിയാണ്. നാല് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞ് ലീവ് വാങ്ങി.. " ശിവ പറഞ്ഞത് കേട്ട് അച്ഛൻ അമ്മയെ നോക്കി സോഫയിൽ താടിക്കും കൈ കൊടുത്തിരുന്നു.. "ഓഹോ.. അപ്പോൾ അതൊരു തീരുമാനത്തിൽ എത്തി അല്ലേ.. എന്നാ പിന്നെ ഞാൻ ഇറങ്ങുവാ.. നേരം ഇപ്പോൾ തന്നെ വൈകി. നാളെ രാവിലെ ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.." യാത്ര പറഞ്ഞിറങ്ങിയ മാമനെ അനി തടഞ്ഞു നിർത്തി.. "മാമാ.. അങ്ങനെ പോകാൻ വരട്ടെ.. കൊണ്ട് വന്ന സാധനത്തിനെ തിരിച്ചു കൊണ്ട് പോയാട്ടെ..ഇതിനെ കൊണ്ട് ഇവിടെ ആർക്കും ഒരുപകാരവും ഇല്ല.."

ശിവ അനിയെ തള്ളി മാറ്റി മാമനെ പുറത്തേക്ക് ഉന്തി റ്റാറ്റ കൊടുത്തു.. "അപ്പൊ മാമാ നാല് ദിവസം കഴിഞ്ഞ് വന്നേക്കണെ " "ആ.. നാല് ദിവസം കഴിഞ്ഞ് ഞങ്ങളെ സന്ദർശിക്കാൻ വരണേ അളിയാ... " അച്ഛന്റെ വാക്കുകൾ കേട്ട് ശിവ അച്ഛന്റെ കവിളിൽ നുള്ളി കൊണ്ട് അനിയെ ഒരു തട്ട് കൊടുത്തു.. "എന്ത് കാര്യത്തിനാ നീ ക്ലാസ്സ്‌ ലീവ് എടുത്ത് ഇവിടെ നിൽക്കുന്നെ... " "അതോ.. അമ്മേ.. ആര്യ ചേച്ചിക്ക് സസ്പെൻഷൻ കിട്ടിയില്ലേ.. ചേച്ചിക്ക് ബോർ അടിക്കാതിരിക്കാൻ ആരെങ്കിലും വേണ്ടേ.. സോ.. ഞാനും ചേച്ചിയും അടിച്ചു പൊളിക്കും " അനിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞ് ശിവ ഡാൻസ് കളിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.. കൂടെ മുഖം കോട്ടി കൊണ്ട് അനിയും.. ഇരുവരുടെയും പോക്ക് കണ്ട് ഇനി എന്തൊക്കെ നടക്കും എന്നാലോചിച്ച് അമ്മയും അച്ഛനും സോഫയുടെ രണ്ടറ്റത്തായി ഇരുന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story