ആത്മരാഗം💖 : ഭാഗം 48

athmaragam thanseeh

രചന: തൻസീഹ് വയനാട്

വാതിൽക്കൽ വന്ന് നിന്ന അമിതും അക്ഷിതും വന്നവരെ മനസ്സിലാവാതെ അകത്തേക്ക് കയറാതെ അവിടെ തന്നെ നിന്നു.. അമ്മ അവരോടൊക്കെ ചിരിച്ചു സംസാരിക്കുന്നത് അവൻ കണ്ടു. അരികിൽ അക്ഷര കുട്ടിയും അമനും ഉണ്ട്.. അമന്റെ കണ്ണുകൾ വന്നവരിൽ ഒരു പെൺകുട്ടിക്ക് നേരെയാണെന്ന് കണ്ടതും ആരാണിവരൊക്കെ എന്ന ചിന്ത അവനെ അലട്ടി.. അവരെ കണ്ടതും സോഫയിൽ ഇരിക്കുന്നവർ ഇരുവരെയും മാറി മാറി നോക്കി.. വന്നവരെ തിരിച്ചറിയാൻ പറ്റാത്തതിനാൽ ഉള്ള അമിതിന്റെയും അക്ഷിതിന്റെയും മുഖത്തെ അമ്പരപ്പിനേക്കാൾ കൂടുതൽ ആയിരുന്നു ഇരുവരെയും കണ്ട അവരുടെ എക്സ്പ്രെഷൻ.. "ആഹ്.. വന്നോ... ദേ ഇതാണ് എന്റെ മൂത്ത മക്കൾ.. അമിത്.. അക്ഷിത്... " അവരെ അകത്തേക്ക് വിളിച്ചു കൊണ്ട് അമ്മ പരിചയപ്പെടുത്തി കൊടുത്തു.. അവർക്ക് ചിരിച്ചു കൊടുത്തെങ്കിലും ആരെന്ന് അറിയാത്തത് കൊണ്ട് അമ്മയെ ഇടം കണ്ണിട്ട് നോക്കി.. അമിതിന്റെ ഭാവം കണ്ട അവരിൽ ഒരാൾ സംസാരത്തിന് തുടക്കം കുറിച്ചു..

"ഞങ്ങളെ മനസ്സിലായി കാണില്ല അല്ലേ.. ഇങ്ങോട്ട് വരുന്നത് വരെ ഞങ്ങൾക്കിങ്ങനെ ഒരു കാഴ്ച കാണാൻ കഴിയുമെന്ന് കരുതിയില്ല.. " ഇരുവരെയും അയാൾ മാറി മാറി നോക്കി കൊണ്ട് ചെറു പുഞ്ചിരിയോടെ പറഞ്ഞു.. "ഇപ്പോഴും ഞങ്ങളൊക്കെ ആരാണെന്ന് പറഞ്ഞില്ല..എന്നല്ലേ മോന്റെ മനസ്സിൽ... ഞാൻ ആര്യയുടെ അച്ഛനാണ്.. ഇത് അനിയുടെ അച്ഛനും അമ്മയും അനിയത്തിയും.. " ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളെ മുന്നിൽ കണ്ടതും അമിത് ഒരു നിമിഷം പകച്ചു.. ഇങ്ങനെ ഒരു കൂടി കാഴ്ച എന്തിനെന്ന ചിന്ത അവനിൽ കുമിഞ്ഞു കൂടി.. അക്ഷിതും അതേ അവസ്ഥയിൽ ആയിരുന്നു... ശിവ ആണേൽ ഇപ്പോഴും അവരെ രണ്ടു പേരെയും ഒരുമിച്ച് കണ്ട ഷോക്കിൽ നിന്നും മോചിതയായിട്ടുണ്ടായിരുന്നില്ല.. അവളുടെ കിളികൾ പാറി പോയെന്നതാണ് സത്യം.. വായും പൊളിച്ചവൾ അക്ഷിതിനെയും അമിതിനെയും സൂക്ഷ്മമായി നോക്കി.. ഈ സമയം അക്ഷരകുട്ടിയെ ചേർത്ത് പിടിച്ച് നിൽക്കുകയായിരുന്ന അമനും അവളെ സസൂക്ഷ്മം നിരീക്ഷിച്ചു.. അമ്മയും ഏട്ടന്മാരും അടുത്ത് നിൽക്കെ നല്ല വെടിപ്പായി തന്നെ അവൻ വായിനോക്കി നിന്നു..

അവളുടെ ശ്രദ്ധ മുഴുവൻ തന്റെ ഇരട്ട സഹോദരങ്ങളിൽ ആണെന്ന് അറിഞ്ഞ അവൻ അവളുടെ ശ്രദ്ധ തിരിക്കാൻ അക്ഷര കുട്ടിയോട് ഓരോന്ന് സംസാരിച്ചെങ്കിലും അവളുടെ കണ്ണുകൾ അമിതിലും അക്ഷിതിലും ആയിരുന്നു.. ഇരുവരും തമ്മിലുള്ള സാമ്യത എത്രത്തോളം ഉണ്ടെന്ന് അടിമുടി പരിശോധിക്കുവായിരുന്നു അവൾ.....മറ്റൊന്നും അവളുടെ കണ്ണിൽ കണ്ടില്ല.. "അമീ.. അക്ഷിത്.. എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത്.. വീട്ടിൽ വന്നവരോട് ഇങ്ങനെ ആണോ പെരുമാറേണ്ടത്.. " തങ്ങളെ പരിചയപ്പെടുത്തി കൊടുത്തിട്ടും അവരോട് ഒന്നും മിണ്ടാതെ അന്തം വിട്ട് നിൽക്കുന്ന ഇരുവരെയും അമ്മ പതിയെ വഴക്ക് പറഞ്ഞു....അമ്മക്ക് മറുപടി കൊടുക്കും മുൻപ് ആര്യയുടെ അച്ഛൻ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു.. വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് അദ്ദേഹം നടക്കുന്നതെന്ന് അമിത് ശ്രദ്ധിച്ചു.. "അമിത്... " ഇരുവരെയും നോക്കി സംശയത്തോടെ അമിതിന് നേരെ വിരൽ ചൂണ്ടിയതും അമിത് അതേ എന്ന അർത്ഥത്തിൽ തലയാട്ടി... അദ്ദേഹം അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി പിന്നീട് മുഖം ചെരിച്ച് മറ്റെങ്ങോ നോക്കി മയത്തോടെ പറയാൻ ആരംഭിച്ചു..

"കോളേജിൽ ഉണ്ടായ പ്രശ്നങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു.. രണ്ടു പേരുടെയും ഭാഗത്ത് തെറ്റുണ്ട്.. എനിക്കറിയാം എന്റെ മകൾ അല്പം എടുത്തു ചാട്ടക്കാരിയാണ്.. ദേഷ്യം വന്നാൽ ആരാ എന്താ എന്നൊന്നും അവൾ നോക്കില്ല... മോന്റെ ദേഹത്ത് അവൾ കൈവെച്ചതിൽ ഈ അച്ഛന് ഒരുപാട് സങ്കടമുണ്ട്... മോൻ ക്ഷമിക്കണം... " ഒന്ന് പറഞ്ഞു നിർത്തി കൊണ്ട് മുഖം അവന് നേരെ തിരിച്ച് അവന്റെ കൈകൾ തന്റെ കൈക്കുള്ളിൽ ആക്കി കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി.. ഒരച്ഛൻ തന്റെ മുന്നിൽ നിന്ന് ക്ഷമാപണം നടത്തിയതിൽ അമിത് ആകെ വല്ലാണ്ടായി.. അരുതെന്ന അർത്ഥത്തിൽ അവൻ തലയാട്ടി... "അവളൊരു മുൻ കോപിയാണ്.. അനിയുടെ കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ചും... അവളുടെ അമ്മയുടെ മരണ ശേഷം അവൾക്കെല്ലാം അവളുടെ അനി ആണ്.. ആ അനിക്ക് ചെറിയ വേദന ഉണ്ടായാൽ അവൾക്കത് സഹിക്കില്ല... ഭ്രാന്ത്‌ പിടിച്ച പോലെ ആവും അവൾ.. അത്രക്ക് ജീവനാ എന്റെ മോൾക്ക് അനിയെ.. അത് കൊണ്ടാ മോൻ അനിയെ തല്ലിയെന്ന് അറിഞ്ഞപ്പോൾ അവളുടെ നിയന്ത്രണം നഷ്ടമായത്... അവൾക്ക് വേണ്ടി ഞാൻ മോനോട് മാപ്പ് ചോദിക്കുന്നു... " എന്ത് മറുപടി പറയണം എന്നറിയാതെ അമിത് അദ്ദേഹത്തിന് മുന്നിൽ തല താഴ്ത്തി നിന്നു..

ഒരു വാക്ക് പോലും അവന്റെ നാവിൽ നിന്നും വന്നില്ല.. ആ ക്ഷമാപണത്തിൽ അത്രയേറെ അവന്റെ മനസ്സ് വേദനിച്ചിരുന്നു.. ആര്യയും അനിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിഞ്ഞതും അമിതിന് താൻ അവർക്ക് മുന്നിൽ ചെറുതായ പോലെ തോന്നി... വീണ്ടും വീണ്ടും കുറ്റബോധം അവനെയാകെ മൂടി... "ശിവാ... നീ അമ്മയെയും കൂട്ടി കാറിൽ ചെന്നിരിക്ക്.. ഞങ്ങൾ ഇപ്പോൾ വരാം.. " കിളി പോയി ഇരിക്കുന്ന ശിവക്ക് നേരെ തിരിഞ്ഞു കൊണ്ട് ആര്യയുടെ അച്ഛൻ പറഞ്ഞു.. എന്നാൽ അവളതിന് തയ്യാറായില്ല.. "ഞാനെന്തിനാ പോകുന്നെ.. എല്ലാവർക്കും ഒരുമിച്ച് പോകാല്ലോ.. എന്നെ എന്തിനാ പറഞ്ഞയക്കുന്നെ...." "തർക്കുത്തരം പറയാതെ എണീറ്റ് പോടീ.. പറഞ്ഞതങ്ങോട്ട് കേട്ടാൽ മതി.. " അല്പം ശബ്ദം ഉയർത്തി കൊണ്ട് ശിവയുടെ അച്ഛൻ അവളെ നോക്കി പേടിപ്പിച്ചു.. "ക്ഷമിക്കണം.. എന്റെ രണ്ടു മക്കളും തല തെറിച്ചവർ ആയി പോയി.. എന്ത് എവിടെ എങ്ങനെ പറയണമെന്ന് ഒരു ബോധവും ഇല്ല.." അമിതിനെയും അക്ഷിതിനെയും അവരുടെ അമ്മയെയും നോക്കി സൗമ്യമായി അവളുടെ അച്ഛൻ പറഞ്ഞു...

അത് കേട്ട് അമ്മ പുഞ്ചിരിയോടെ അവളെ നോക്കി.. അവൾ ഇപ്പോഴും എണീറ്റ് പോകാതെ സോഫയിൽ ഇരിക്കുകയാണ്.. അവളെ എങ്ങനെ എങ്കിലും ഒറ്റക്ക് കിട്ടാനും പറ്റിയാൽ ഒന്ന് മുട്ടാനും കൊതിച്ച അമൻ അവളെ മേലേക്ക് കൊണ്ട് പോകാൻ അക്ഷര കുട്ടിയുടെ ചെവിയിൽ പറഞ്ഞു.... ഉടനെ അക്ഷരകുട്ടി ചെന്ന് ശിവയുടെ കൈകൾ പിടിച്ചു വലിച്ചു.. "ചേച്ചീ വാ. നമുക്ക് മുകളിലേക്ക് പോകാം.." തന്നെ അവരുടെയൊക്കെ മുന്നിൽ പരിഹസിച്ചതിനും കുറ്റം പറഞ്ഞതിനും മുഖം വീർപ്പിച്ചിരിക്കുകയായിരുന്ന ശിവ അക്ഷരകുട്ടി വിളിച്ചതും അവളെ നോക്കി.. അവൾ വിളിച്ചത് കൊണ്ട് തന്നെ പോകാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല..വീട്ടിൽ എത്തിയിട്ട് കാണിച്ചു തരാമെന്ന ഭാവത്തിൽ അച്ഛനെ നോക്കി കൊണ്ടവൾ അക്ഷരയോടൊപ്പം സ്റ്റെപ് കയറി പോയി... അവളുടെ പിറകെ പോകാൻ അമനും ആഗ്രഹം ഉണ്ടെങ്കിലും എല്ലാവരും നോക്കി നിൽക്കെ പോകുന്നത് മോശമല്ലേ എന്നോർത്ത് അവൻ കോണിപ്പിടിയിൽ കൈവെച്ച് എല്ലാവരെയും നോക്കി.. അവരുടെ ശ്രദ്ധ തന്റെ നേരെ അല്ലാ എന്ന് ഉറപ്പ് വരുത്തി കൊണ്ടവൻ ആദ്യത്തെ സ്റ്റെപ്പിൽ കയറി നിന്നു.. അപ്പോഴേക്കും അക്ഷിത് നോക്കിയതും അവൻ സ്റ്റെപ്പിൽ നിന്നും ഊർന്നിറങ്ങി...

ശിവ പോയി കഴിഞ്ഞ് അവരെല്ലാവരും അല്പം മൗനം പൂണ്ടു.. അനിയുടെ അച്ഛൻ അടുത്തിരിക്കുന്ന ഭാര്യയെ നോക്കി. നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അവർ എഴുന്നേറ്റ് അമിതിന്റെ അമ്മയുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നു.. അമിതിന്റെ അമ്മ അവരെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി... അവരെയൊക്കെ മനഃപൂർവം മാറ്റി നിർത്തിയതാണെന്ന് അമിതിന് മനസ്സിലായി.. കാര്യം ഗൗരവം ഉള്ളതാണെന്ന് മനസ്സിലാക്കി അവൻ അമനെയും അവിടെ നിന്ന് പറഞ്ഞയക്കാൻ തീരുമാനിച്ചു.. അമിത് അവനെ നോക്കി മേലേക്ക് പോകാൻ ആംഗ്യം കാണിച്ചു.. എങ്ങനെ ഇവിടെ നിന്ന് രക്ഷപെട്ട് ശിവയുടെ അടുത്തേക്കെത്തും എന്നാലോചിച്ച് നിൽക്കുവായിരുന്ന അമന് ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു മുഖത്ത് . പിന്നെ ഒന്നും നോക്കിയില്ല സ്റ്റെപ്പുകൾ ഓടി കയറിയവൻ മുകളിലേക്ക് പോയി. എല്ലാവരും പോയെന്ന് ഉറപ്പിച്ചു കൊണ്ട് ആര്യയുടെ അച്ഛൻ അമിതിനെ വിളിച്ച് അല്പം മാറി നിന്നു.. കൂടെ അക്ഷിതും അനിയുടെ അച്ഛനും ഉണ്ടായിരുന്നു.. കാര്യം അതീവ ഗൗരവം ആണെന്ന് അദ്ദേഹത്തിന്റെ മുഖത്തു നിന്ന് അവൻ വായിച്ചെടുത്തു.

"മോനേ.. ഇനിയൽപ്പം ഗൗരവം ഉള്ള കാര്യമാണ് ഞാൻ പറയാൻ വരുന്നത്.. പ്രിൻസി വിളിച്ചു പറഞ്ഞിരുന്നു മോൻ പറഞ്ഞതനുസരിച്ച് സസ്പെൻഷൻ പിൻവലിച്ചെന്ന്.. പക്ഷെ.. ആര്യയ്ക്ക് ഇനി കുറച്ചു ദിവസം കഴിയാതെ കോളേജിൽ വരാൻ പറ്റില്ല " "അറിയാം അങ്കിൾ. പ്രിൻസി പറഞ്ഞു.. ആര്യക്ക് ആക്സിഡന്റ് ആയെന്ന് " കലർപ്പില്ലാത്ത അമിതിന്റെ മറുപടിയിൽ ഒന്ന് മൂളിയ അദ്ദേഹം മുഖത്ത് ഗൗരവം വരുത്തി... "അത് ആക്സിഡന്റ് അല്ല... ഇന്നലെ രാത്രി അവളെ ചിലർ അപായപെടുത്താൻ ശ്രമിച്ചു.. എന്റെ മോൾ അടവെല്ലാം പഠിച്ച പെൺകുട്ടി ആയത് കൊണ്ട് അവൾ അവരെ ചെറുത്തു. എങ്കിലും സാരമായ പരിക്കുകൾ ഉണ്ട്.. നാലഞ്ചു പേർ ആയിരുന്നു അവർ.. അതിൽ പരിക്കേറ്റ ഒരാളെ നാട്ടുകാർക്ക് കിട്ടിയിട്ടുണ്ട്... ഈ വിവരം ഞങ്ങൾ വീട്ടുകാരെ അറിയിച്ചിട്ടില്ല... അവനെ നാട്ടുകാർ എല്ലാം കൂടി ചോദ്യം ചെയ്തപ്പോൾ അവൻ ഒരു സത്യം പറഞ്ഞു... " ഒന്ന് നിർത്തി കൊണ്ട് അദ്ദേഹം അവനെ നോക്കി.. കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ അമിത് മറ്റെന്തോ ആലോചനയിൽ ആയിരുന്നു.. "ചോദ്യം ചെയ്തപ്പോൾ അവൻ അമിതിന്റെ പേരാണ് പറഞ്ഞത്.... " ഇത്തവണ അമിത് ഞെട്ടി കൊണ്ട് അവരെ നോക്കി.. അക്ഷിതും ഒന്നും മനസ്സിലാവാതെ അമിതിനെ നോക്കി..

അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്ന് തലയാട്ടി കൊണ്ടവൻ അക്ഷിതിനെ നോക്കി... "അമിത്.. കോളേജിൽ പല കാര്യങ്ങൾക്കും അഭിപ്രായവ്യത്യാസം ഉണ്ടാവും.. ചിലപ്പോൾ ഇന്നലെ ഉണ്ടായ പോലെ അടിയും ഉണ്ടാവും.. എന്നാൽ അതൊക്കെ കോളേജിൽ തീർക്കണം.. ഇങ്ങനെ വീട്ടിൽ കയറി കളിക്കരുത്.. എന്റെ മോൾ ഒരു പാവമാണ് അമിത്.. അനിയോട് ചിലപ്പോൾ നിനക്ക് ദേഷ്യം ഉണ്ടായിരിക്കാം... പക്ഷെ.. അവളും ഒരു പാവമാണ്.. അവളെ കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ല.. ഇങ്ങനെ വായാടിയായി പൊട്ടിത്തെറിച്ചു നടക്കുന്ന അനിയെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ.. വർഷങ്ങൾക്ക് മുന്നേ കൂടപ്പിറപ്പുകളുടെ വെള്ളപുതച്ച ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് തളർന്നു വീണ അനിയെ ആർക്കും അറിയില്ല.." ആര്യയുടെ അച്ഛന്റെ വാക്കുകൾ കേട്ട് അമിതും അക്ഷിതും ഒരക്ഷരം ഉരിയാടാനാവാതെ നിന്നു.. അനിയുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു വന്നതവർ കണ്ടു... "അവളോട് നിങ്ങൾക്ക് സഹതാപം ഉണ്ടാവാൻ പറഞ്ഞതല്ല...സത്യമാണ്..പലതും മറച്ചു വെക്കാനുള്ള അവളുടെ മുഖം മൂടി മാത്രമാണവളുടെ ചിരി...

ആ ചിരി മാഞ്ഞു പോയൊരു കറുത്ത ദിനം ഞങ്ങളുടെ ഒക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്... " കണ്ണുനീർ നിശ്ചലമായി കൊണ്ട് ആര്യയുടെ അച്ഛൻ ചുമരിൽ കൈവെച്ച് തല താഴ്ത്തി.. അനിയുടെ അച്ഛനും വിതുമ്പി നിൽക്കുന്നത് കണ്ടത് എന്താ കാര്യം എന്നറിയാതെ അക്ഷിതും അമിതും നിരാശയോടെ അവരെ നോക്കി... "വർഷങ്ങൾക്ക് മുൻപ് ദൈവ സന്നിധിയിലേക്കുള്ള ഞങ്ങളുടെ കുടുംബ യാത്ര മൂന്ന് പേരുടെ മരണത്തിലേക്കാണ് കൊണ്ടെത്തിച്ചത്.. ആ നിമിഷം വരെ എന്റെ മോളും അനിയെ പോലെ ആയിരുന്നു... രണ്ടു പേരും ചേർന്നാൽ ഏത് ദുഃഖവും മറന്ന് ഞങ്ങൾ പുഞ്ചിരിക്കുമായിരുന്നു.. സന്തോഷം നിറഞ്ഞ ഞങ്ങളുടെ കുടുംബം ആ ഒരു ആക്സിഡന്റിൽ തകർന്നു തരിപ്പണമായി.. അനിയുടെ ഏട്ടനും ചേച്ചിയും എന്റെ മോളുടെ അമ്മയും......." വാക്കുകൾ കിട്ടാതെ അദ്ദേഹം വിതുമ്പി കരഞ്ഞതും അനിയുടെ അച്ഛൻ അദ്ദേഹത്തിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു... "എന്റെ മോളെ മുഖത്തെ ചിരി അന്ന് മാഞ്ഞു പോയതാ.. പക്ഷെ അനി... അവളൊത്തിരി കരഞ്ഞിരുന്നു അന്ന്..

കരഞ്ഞു കരഞ്ഞ് തളർന്നവൾ കണ്ണുനീർ വറ്റി പുതിയ അനിയായി മാറി.. അതെന്റെ വാവി മോൾക്ക് വേണ്ടി ആയിരുന്നു...എനിക്ക് വേണ്ടി ആയിരുന്നു.. അവളുടെ അച്ഛനും അമ്മയും കരയാതിരിക്കാൻ വേണ്ടി ആയിരുന്നു... അന്ന് തളർന്നു പോയ ഞങ്ങളെ അവൾ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.. അവളുടെ ദുഃഖങ്ങൾ മറച്ചു വെച്ചവൾ തകർന്നു പോയ എന്റെ മോൾക്ക് കൂട്ടായി.. കുസൃതിത്തരം കാണിച്ചും കുരുത്തക്കേട് കാണിച്ചും വായാടി ആയും ഞങ്ങളുടെ മുഖത്തെ പുഞ്ചിരി അവൾ തിരിച്ചു തന്നു.... എത്രയൊക്കെ വിഷമം ഉണ്ടെങ്കിലും ചിരിച്ചു കൊണ്ടവൾ പൊട്ടിത്തെറിച്ചു നടക്കും.. അവളിലെ അവളെ മറച്ചു വെക്കാനുള്ള അവളുടെ ശ്രമം....." വാക്കുകൾ ഇടറിയതും ആര്യയുടെ അച്ഛൻ ഒന്ന് നിർത്തി.. കണ്ണുകൾ നിറഞ്ഞു കൊണ്ട് അദ്ദേഹം അമിതിനെ നോക്കി.. എല്ലാം കേട്ട് ഒരുതരം തരിപ്പോടെ നിൽക്കുന്ന അമിതിന്റെ ഷോൾഡറിൽ അദ്ദേഹം കൈ വെച്ചു... "മോനേ.. ആര്യയുടെ അമ്മയുടെ മരണ ശേഷമാണ് അവളുടെ സ്വഭാവം മാറി മറിഞ്ഞത്.. ദേഷ്യം കൂടി വാശി കൂടി...

അതെല്ലാം അവളുടെ സങ്കടം മറക്കാൻ അവൾ തിരഞ്ഞെടുത്ത വഴിയാണ്.. . ആക്സിഡന്റ്ൽ അമ്മ പോയി.. കൂടപ്പിറപ്പുകളെ പോലെ കണ്ട സഹോദരങ്ങൾ പോയി.. ബാക്കിയായ അച്ഛന്റെ കാലും പോയി . ഈ പ്രായത്തിനിടെ എന്റെ മോൾ ഒത്തിരി വിഷമിച്ചിട്ടുണ്ട്.....ആർത്തു കരഞ്ഞിട്ടുണ്ട്... പല സർജറിയും ചെയ്താണ് ഇന്നിങ്ങനെ എനിക്ക് നടക്കാൻ കഴിയുന്നത്.. എല്ലിന്റെ ബലകുറവ് കാരണം എപ്പോഴാണ് കാൽ തളർന്നു പോവുക എന്നറിയില്ല... ഞാൻ കിടപ്പിലായാൽ എനിക്കിനി എന്റെ വാവി മാത്രമേ ഉള്ളൂ കൂട്ടിന്... പ്ലീസ്... അവളെ ഇനിയും ഉപദ്രവിക്കരുത്... എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം.. എന്റെ മോളെ വേദനിപ്പിക്കരുതേ.. പാവമാണ് അവൾ.... " കരഞ്ഞു കൊണ്ട് അമിതിന്റെ കാലിൽ വീഴാൻ നിന്നതും അമിതും അക്ഷിതും അനിയുടെ അച്ഛനും അദ്ദേഹത്തെ പിടിച്ചു കൊണ്ട് സോഫയിൽ ഇരുത്തി.. "നിന്നിൽ അനി അവളുടെ ചേട്ടനെ ആണ് കാണുന്നത്. അതാണ് എത്ര ആട്ടിയകറ്റിയാലും അവൾ നിന്റെ അടുത്തേക്ക് തന്നെ വരുന്നത്.. അല്ലാതെ നിന്നെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചൊന്നുമല്ല....മറ്റുള്ളവർക്ക് അവളുടെ സാമീപ്യം ബുദ്ധിമുട്ടാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത പൊട്ടി പെണ്ണാണ് അവൾ....

അനിയും വാവിയും എന്റെ രണ്ടു മക്കളാണ്.. അവർ കാരണം ഇനിയൊരു പ്രശ്നവും ഉണ്ടാവില്ല... അവരെ ഞാൻ ആ കോളേജിൽ നിന്ന് മാറ്റിക്കോളാം... അവർ കാരണം ഒരു ബുദ്ധിമുട്ടും രണ്ടു പേർക്കും ഉണ്ടാവില്ല...നിങ്ങളും എല്ലാം മറക്കണം..എന്റെ മക്കളെ ദ്രോഹിക്കരുത്.. പ്ലീസ്..." കൈകൂപ്പി കൊണ്ടുള്ള അദ്ദേഹത്തിന്റെ ഇടറിയ വാക്കുകൾ കേട്ട് അമിതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒഴുകിയ കണ്ണുകൾ തുടക്കുന്ന അദ്ദേഹത്തിനു മുന്നിൽ അമിത് മുട്ട് കുത്തി ഇരുന്നു... രണ്ടു കയ്യും തന്റെ കൈക്കുള്ളിൽ ആക്കി കൊണ്ട് അവൻ തന്റെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് തല താഴ്ത്തി കരഞ്ഞു.. "എന്നോട് ക്ഷമിക്കണം... എനിക്ക്... എനിക്കിതൊന്നും അറിയില്ലായിരുന്നു.. ആര്യയെ പോലെ പെട്ടന്ന് ദേഷ്യം വരുന്നവനാണ് ഞാനും.. അത് കൊണ്ടാണ് അന്ന് അനി ചെയ്ത കുസൃതിയിൽ ദേഷ്യം വന്ന് അവളെ തല്ലിയത്.. പിന്നെ.. ഇപ്പോൾ.. അത് എന്റെ ഭാഗത്ത്‌ നിന്ന് വന്ന തെറ്റാണ്.. അവളെ ഞാൻ തെറ്റിദ്ധരിച്ചു.. അവളുടെ ഭാഗം കേൾക്കുക പോലും ചെയ്യാതെ ഞാൻ അവളെ........ സോറി അങ്കിൾ.. ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഓരോന്ന് ചെയ്തു പോയതാ... മുന്നും പിന്നും നോക്കാതെ എടുത്തു ചാടി ചെയ്തതിനുള്ള ശിക്ഷ തന്നെയാ ആര്യ എനിക്ക് തന്നത്..

അതിലെനിക്കൊരു പരിഭവവുമില്ല.. ഞാനത് അർഹിക്കുന്നതാണ് അങ്കിൾ.. അനിയോടും ആര്യയോടും എനിക്കിപ്പോ ഒരു ദേഷ്യവുമില്ല... വീട്ടിൽ വന്ന് മാപ്പ് പറയാൻ വരെ ഞാൻ വിചാരിച്ചിരുന്നു.. " അമിതിന്റെ വാക്കുകളിൽ വിശ്വാസം വരാതെ ആര്യയുടെ അച്ഛൻ അവനെ നോക്കി.. "ട്രസ്റ്റ്‌ മി അങ്കിൾ.. അവരെ ഉപദ്രവിക്കാൻ വേണ്ടി ഞാൻ ആരെയും പറഞ്ഞു വിട്ടിട്ടില്ല... തല്ലി തീർക്കാൻ ഉള്ളത് ആരോടായാലും നേരിട്ട് ആണുങ്ങളെ പോലെ തല്ലി തീർത്താണ് എനിക്ക് ശീലം... ആര്യയ്ക്ക് എത്രത്തോളം അനി ജീവനാണ് അത് പോലെയാണ് എനിക്കെന്റെ ഏട്ടനും..ആ ഏട്ടന്റെ മേൽ ആണയിട്ട് ഞാൻ പറയുവാ.. ഞാൻ പറഞ്ഞിട്ടല്ല ഇന്നലെ അവർക്ക് നേരെ അക്രമം ഉണ്ടായത്... " അത്രത്തോളം ഉറപ്പോടെ അമിത് പറഞ്ഞതും ആര്യയുടെയും അനിയുടെയും അച്ഛന്മാർ തമ്മിൽ നോക്കി... പിന്നെ അവർ ആരെന്നായിരുന്നു അവരുടെ ഉള്ളിൽ.. അമിത് എഴുന്നേറ്റു നിന്നതും ആര്യയുടെ അച്ഛനും എണീറ്റു.. "ക്ഷമിക്കണം.. അവരിൽ ഒരാൾ മോന്റെ പേര് പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ സംശയിച്ചത്.. " "അങ്കിൾ... എന്റെ അനിയൻ ഭയങ്കര ദേഷ്യക്കാരൻ ആണ്.. വാശി ഉണ്ട്.. എടുത്തു ചാടി പലതും ചെയ്യാറുമുണ്ട്.. പക്ഷെ.. എനിക്ക് ഉറപ്പുണ്ട് ഇത്തരം പ്രവർത്തി ഒരിക്കലും അവൻ ചെയ്യില്ല..

ഇനി ഒരുപക്ഷെ അവനോട് വിരോധമുള്ള ആരെങ്കിലും അവനെ കുടുക്കാൻ ചെയ്തതാവും... അവൻ അങ്ങനെ ചെയ്യില്ല.. " അക്ഷിത് കൂടി ഉറപ്പിച്ചു പറഞ്ഞതും അമിതിൽ ഉള്ള സംശയങ്ങൾ അവരിൽ നിന്നും നീങ്ങി.. "എന്തായാലും ഇവിടേക്ക് വരാൻ തോന്നിയത് നന്നായി... സത്യങ്ങൾ മനസ്സിലാക്കാൻ പറ്റിയല്ലോ.. അനിയെ തല്ലുന്ന വീഡിയോ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതിയ മോന്റെ രൂപവും ഭാവവും ഇങ്ങനെ ആയിരുന്നില്ല.. ഞങ്ങൾ വന്നത് ഇഷ്ടമാവുമോ ഇറങ്ങി പോകാൻ പറയുമോ എന്നൊക്കെ മനസ്സിൽ കരുതി.. " അനിയുടെ അച്ഛൻ തമാശയോടെ പറഞ്ഞതും അവരിലത് ചിരി പടർത്തി.. "അങ്കിൾ.. ക്ഷമിക്കണം.. അനിയോട് എനിക്കൊരു ദേഷ്യവും ഇല്ല.. അറിയാതെ സംഭവിച്ചു പോയതാണ്.. അച്ഛനും അമ്മയ്ക്കും എല്ലാം വിഷമം ആയിട്ടുണ്ടെന്നറിയാം.. എന്നോട് ക്ഷമിക്കണം.. " "ഏയ്‌.. അതൊക്കെ കഴിഞ്ഞില്ലേ.. ഇനിയിപ്പോ സോറി പറച്ചിലൊന്നും വേണ്ട.. അല്ലെങ്കിലും അവൾക്ക് രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവ് നല്ലോണം ഉണ്ട്.. എന്റെ മോളായത് കൊണ്ട് പറയുകയല്ല.. ഇങ്ങനെ ഒരു മരം കേറി പെണ്ണിനെ ഞാൻ എവിടെയും കണ്ടിട്ടില്ല.. ഇനി അവൾ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് മോൻ പൊട്ടിച്ചോ.. ഒരു കുഴപ്പവും ഇല്ല.. "

അനിയെ കുറിച്ച് വാതോരാതെ പറഞ്ഞതും ഗൗരവത്തിൽ തുടങ്ങിയ സംസാരം നർമത്തിലേക്കും ചിരിയിലേക്കും വഴി മാറി.. ************. ഓടി കിതച്ചു കൊണ്ട് മുകളിൽ എത്തിയ അമൻ അക്ഷരയെയും ശിവയേയും ചുറ്റി പറ്റി നടന്നു.. .. ശിവയെ ഒരുപാട് ഇഷ്ടപ്പെട്ട അക്ഷരകുട്ടി വാതോരാതെ അവളോട്‌ സംസാരിച്ചു കൊണ്ടിരുന്നു.. തിരിച്ച് ശിവയും... അവരുടെ അടുത്ത് വന്നിരുന്ന അമനെ നോക്കി അവൾ ചിരിച്ചു.. ഒരു ചിരി അവളിൽ നിന്ന് കിട്ടിയതും അമൻ അവൾക്ക് നേരെ തിരിഞ്ഞിരുന്നു.. "ഹായ്... " "ഹായ് ഞാൻ ശിവ.. " "ഞാൻ അമൻ.. " ആവേശത്തോടെ പൗർണമി ഉദിച്ച മുഖവുമായി അവൻ സ്റ്റൈലിൽ തന്നെ പേര് പറഞ്ഞു.. "ഓഹ്. നൈസ് നെയിം.. പത്തിൽ ആണല്ലേ.. " അവന്റെ കയ്യിലെ ബുക്കിലേക്ക് നോക്കി അവൾ പറഞ്ഞതും അതേ എന്നവൻ തലയാട്ടി. "ഞാൻ പ്ലസ് വണ്ണിൽ ആണ്.. " അത് കേട്ടതും തന്നെക്കാൾ മൂത്തത് ആണല്ലോ എന്നറിഞ്ഞ് അവന്റെ മുഖം വാടി കരിഞ്ഞു.. എങ്കിലും വായിനോട്ടത്തിനെന്ത് പ്രായം എന്നോർത്ത് വീണ്ടും അവൻ ചിരിച്ച മുഖത്തോടെ ഇരുന്നു...

അമൻ അവളെ കൊണ്ട് സംസാരിപ്പിക്കാൻ വിഷയം ഓരോന്നെടുത്തിട്ടു.. ആദ്യം ഫാമിലിയെ പറ്റി ചോദിച്ചറിഞ്ഞു പിന്നെ സ്‌കൂളിനെ പറ്റിയും പഠിപ്പിനെ പറ്റിയും.. ആദ്യമായി കണ്ട ഒരാൾ എന്നൊന്നും ആലോചിക്കാതെ യാതൊരു മടിയും ഇല്ലാതെ ശിവ വാതോരാതെ സംസാരിച്ചു... " നിങ്ങളുടെ സ്കൂളിൽ വായിനോക്കികൾ ഒരുപാടുണ്ടോ... " ചുളുവിൽ അമൻ ചോദിച്ചതും അവൾ ചിരിച്ചു.. "ഹ്ഹ്ഹ്.. ഉണ്ടോ എന്നോ.. കുറെ എണ്ണം ഉണ്ട്.. സീനിയേഴ്സ്ന്റെ ഇടയിൽ.. പക്ഷെ.. എന്റെ അടുത്ത് അവരുടെ ഒരു നോട്ടവും നടക്കില്ല.. എന്റെ പിറകെ എങ്ങാനും ഒലിപ്പിച് വന്നാൽ മൂക്കിടിച്ചു പരത്തും ഞാൻ...അതറിയാവുന്നത് കൊണ്ട് ആരും എന്നെ നോക്കാറില്ല.. പേടിയാ.. " ചിരിച്ചു കൊണ്ടവൾ പറഞ്ഞതും അമന്റെ കൈ മൂക്കിലേക്ക് ചലിച്ചു... "ഏയ്.. അതൊക്കെ ചുമ്മാ പറയുന്നതല്ലേ.. താൻ അങ്ങനെ ഒക്കെ ചെയ്യുമോ.. " "ചുമ്മാ പറയുന്നതാണോ എന്നോ.. നല്ല കഥ.. എന്നെ അറിയാത്തതു കൊണ്ടാ.. കഴിഞ്ഞ ആഴ്ച കൂടി ഒരുത്തനിട്ട് കൊടുത്തേ ഉള്ളൂ.. എനിക്കിതെന്നൊന്നും വിഷയമില്ല..

ടീച്ചേഴ്സിന് പോലും എന്നെ പേടിയാ.." "ഓ... " അവളുടെ വീര കഥകൾ ഒന്നൊന്നായി അവൾ വിളമ്പാൻ തുടങ്ങി. എല്ലാം കേട്ട് വിയർത്തൊലിച്ച് ചിരിച്ചു കൊടുത്തു കൊണ്ട് അമൻ ബുക്കിലേക്ക് ശ്രദ്ധ കൊടുത്തു.. അതിനിടെ അക്ഷരകുട്ടി ഇടയിൽ കയറിയതും ശിവ അവളോടായി സംസാരം.. ശിവ ആളൊരു പോക്കിരി ആണെന്ന് അമന് മനസിലായി.. എങ്കിലും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അവളെ തഴുകി....... അവൾ നോക്കുമ്പോൾ മുഖം തിരിക്കും.. അല്ലാത്തപ്പോൾ അവളെ തന്നെ നോക്കി നിന്നും അമൻ അവരോടൊപ്പം കൂടി ആദ്യമൊക്കെ അമന്റെ കാര്യത്തിൽ ഒന്നും തോന്നാതിരുന്ന ശിവക്ക് പതിയെ പതിയെ അവന്റെ റൂട്ട് പിടി കിട്ടി.. അക്ഷരകുട്ടി അവളുടെ ഡ്രോയിങ് ബുക്ക്‌ എടുക്കാൻ പോയ തക്കത്തിന് ശിവ അവന്റെ അടുത്തേക്ക് നീങ്ങി. "ഹെലോ... " വിരൽ ഞൊടിച്ചു കൊണ്ടവൾ അവനെ വിളിച്ചു.. എന്നെയോ എന്ന് ചോദിച്ചു കൊണ്ട് അമൻ അവളുടെ നേരെ തിരിഞ്ഞു.. "അല്ല.. എന്താ മോൻ ഉദ്ദേശിക്കുന്നത്.. " "അയ്യോ.. എന്ത്.. " "അച്ചോടാ.. ഒന്നും അറിയില്ല അല്ലേ.. മോനേ.. നിന്നെ പോലെ കുറെ എണ്ണത്തിനെ ദിവസവും കാണുന്നവളാ ഈ ഞാൻ.. എന്റെ മുന്നിൽ ഈ പൈങ്കിളി സ്റ്റൈലുമായി വരല്ലേ.. ഇത് ഐറ്റം വേറെയാ.. "

"ഏയ്‌.. ഞാൻ അതിന് അങ്ങനെ ഒന്നും....." തന്റെ മനസ്സിൽ ഉള്ളത് ഇവളെങ്ങനെ കണ്ട് പിടിച്ചെന്ന അമ്പരപ്പിൽ അവൻ വാക്കുകൾക്കായി തപ്പി.. ഇളിച്ചു കൊണ്ടവൻ മാറി നിന്നു... അക്ഷരകുട്ടി വന്നതും അവനെ ഒന്ന് അടിമുടി നോക്കി കൊണ്ട് ശിവ പോയി.... കുറച്ചു സമയം കഴിഞ്ഞതും ശിവയെ അമ്മ വിളിച്ചു കൊണ്ട് പോയി. കൂടെ അമനും അക്ഷരയും പോയി. "ആഹാ.. എന്താ.. പോരാൻ ഉള്ള ഭാവം ഒന്നുമില്ലേ " താഴേക്ക് വന്ന ശിവയെ നോക്കി അവളുടെ അമ്മ ചോദിച്ചു. "ഇല്ലെങ്കിൽ ഇവിടെ നിന്നോ..ഞങ്ങൾക്ക് അത്രയും സമാധാനം " "അച്ഛാ..... " ശിവ നീട്ടി വിളിച്ചതും എല്ലാവരും ചിരിച്ചു.. ശിവയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പുറത്തേക്കിറങ്ങി.. ശിവ പോകുന്നത് കണ്ടതും അമന്റെ കണ്ണുകൾ അവളുടെ പിറകെ പോയി.. തന്നെക്കാൾ ഒരു വയസ്സിന് മൂത്തതാണ് അവളെങ്കിലും അമന് അവളെ നന്നായി ബോധിച്ചു..

"അപ്പോൾ ഞങ്ങൾ ഇറങ്ങുവാ... അരുതാത്തത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.." പോകാൻ നേരം ആര്യയുടെ അച്ഛൻ അമിതിനെ നോക്കി പറഞ്ഞു.. അങ്ങനെ പറയല്ലേ എന്ന് കാണിച്ച് അമിത് അദ്ദേഹത്തെ വാരി പുണർന്നു... അമിതും അക്ഷിതും കൂടി ആര്യയുടെ അച്ഛനെ കാറിന് അടുത്തേക്ക് കൊണ്ട് പോയി..."അങ്കിൾ.. ഇനിയൊന്ന് കൊണ്ടും പേടിക്കേണ്ട.. ആരും ഇനി അനിയുടെയും ആര്യയുടെയും നേരെ വരില്ല... ആരാണ് അവരെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് ഞാൻ കണ്ടെത്തും.. അവർക്കുള്ളത് ഞാൻ കൊടുത്തോളാം.. അങ്കിൾ ധൈര്യമായി പൊയ്ക്കോളൂ ...." പുഞ്ചിരിയോടെ അമിത് അവരെ യാത്രയാക്കി.. അവർ പോയതും അമിത് അക്ഷിതിനെ നോക്കി.. അക്ഷിത് കണ്ണുകൾ അടച്ചു തുറന്നു കൊണ്ട് അവനെ ചേർത്ത് പിടിച്ചു... തിരികെ വീട്ടിലേക്ക് കയറാൻ നിന്നതും തങ്ങളെ നോക്കുന്ന മൂവർ സംഘത്തെ കണ്ട് അമിത് അക്ഷിതിനെ നോക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story