ആത്മരാഗം💖 : ഭാഗം 49

athmaragam thanseeh

രചന: തൻസീഹ് വയനാട്

അവരെ യാത്രയാക്കി തിരിഞ്ഞ അമിതും അക്ഷിതും നേരെ മുന്നിൽ കണ്ടത് ഇരുവരെയും സംശയത്തോടെ വീക്ഷിക്കുന്ന അമ്മയെയും അക്ഷരയെയും അമനെയും ആണ്.. അമ്മക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടിയുട്ടുള്ളതിനാൽ പ്രത്യേകിച്ച് ഭാവം മുഖത്തുണ്ടായിരുന്നില്ല.. അമൻ ആണേൽ ഒന്ന് വേഗം വാ,,,ചിലരെ കുറിച്ച് കുറച്ച് അറിയാൻ ഉണ്ടെന്ന ഭാവത്തിൽ അമിതിനെ നോക്കുന്നു...പിന്നെ കാര്യ ഗൗരവമായി നോക്കുന്ന ഒരേ ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ....വീട്ടിലെ എല്ലാവരേക്കാളും 'തല മൂത്ത' അക്ഷരകുട്ടി തന്നെ...... അകത്തേക്ക് കയറിയ അമിതിനെയും അക്ഷിതിനെയും അവർ അനുഗമിച്ചു... "ഒന്നവിടെ നിന്നേ... " മുകളിലേക്ക് കയറാൻ നിന്ന അമിതും അക്ഷിതും ആ വാക്കുകൾ കേട്ടതും കയറാതെ തിരിഞ്ഞു നോക്കി.. കണ്ണുകൾ ഉരുട്ടി മുഖം ചുളിച്ചു കൊണ്ട് അക്ഷര കുട്ടി അവരുടെ മുന്നിൽ കയറി നിന്നു.. "അങ്ങനെ അങ്ങ് പോയാലോ.. എന്താ ഇവിടെ നടന്നതിന്റെ ഒക്കെ അർത്ഥം..... മ്മ്മ്മ്..ഓരോരുത്തർ പരാതിയുമായി വീട്ടിലും വന്ന് തുടങ്ങി.....

ഇങ്ങനെ പോയാൽ നിങ്ങളുണ്ടാക്കുന്ന വഴക്കിന് മറുപടി പറയാനേ എനിക്ക് നേരമുണ്ടാവുകയുള്ളല്ലോ........അമ്മേ.. അമ്മയുടെ മക്കളെ ഒന്ന് നിരീക്ഷിച്ചേക്ക്...." " ഓക്കേ മേഡം.. " തല കുനിച്ച് കൈ കൂപ്പി അമ്മ പറഞ്ഞതും അക്ഷരകുട്ടി ഒന്ന് മൂളി കൊണ്ട് മേലേക്ക് കയറി പോയി.. അവളുടെ പോക്ക് കണ്ട് ചിരിച്ച് പിറകെ പോവാൻ നിന്നതും അമ്മ അവരെ തടഞ്ഞു.. "അമിത്.. അവൾ പറഞ്ഞത് പോലെ കോളേജിലെ പ്രശ്നം വീട് വരെ എത്തി.. ഇനി നിന്റെ ഭാഗത്ത്‌ നിന്ന് ഇത് പോലെ ഒരു തോന്നിവാസവും ഉണ്ടാവരുത്.. ഉണ്ടായാൽ ആ നിമിഷം ഞാൻ അച്ഛനെ വിളിച്ച് നിന്നെ അച്ഛന്റെ അടുത്തേക്ക് കൊണ്ട് പോകാൻ പറയും. അവിടെ ആണേൽ നീ മര്യാദ പഠിക്കും.. " "അയ്യോ.. ചതിക്കല്ലേ അമ്മേ... ഇനി ഞാൻ നല്ല കുട്ടി ആയിക്കോളാം. പിന്നെ ഇവർ വന്നത് കൊണ്ട് നല്ലത് മാത്രമല്ലേ ഉണ്ടായത്.. എന്നെ കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണ മാറി.. ആ പെൺകുട്ടികളോട് എന്റെ മനസ്സിൽ ഉള്ള ചെറിയ ദേഷ്യം പോലും ഇല്ലാതായി.." "മ്മ്മ്.. അത് കൊണ്ട് മാത്രമാണ് ഞാൻ ഒന്നും മിണ്ടാത്തത്..

എന്തായാലും നീ ആ കുട്ടികളെ വീട്ടിൽ പോയി കണ്ട് മാപ്പ് പറയണം.. പിന്നെ എനിക്കും അവരെ കാണണം എന്നുണ്ട്.. " "ആണോ അമ്മേ... എന്നാൽ നമുക്ക് നാളെ തന്നെ അവരുടെ വീട്ടിൽ പോയാലോ " യുറേക്കാ... എന്ന് ബോധോദയം ഇല്ലാതെ വിളിച്ചു പറയുന്ന പോലെ ശിവയെ കുറിച്ചുള്ള ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു കൊണ്ട് അമൻ പറഞ്ഞു.. അവന്റെ പെട്ടന്നുള്ള ഉത്സാഹം കണ്ട് സംശയത്തോടെ മൂവരും അവനെ നോക്കി.. അവരുടെ നോട്ടം കണ്ടതും സംഗതി കയ്യിൽ നിന്ന് പോയെന്ന ഭാവത്തിൽ അവനൊന്ന് ചിരിച്ചു കാണിച്ചു കൊടുത്തു.. "നിനക്കെന്താ അവരുടെ വീട്ടിൽ പോകാൻ ഇത്രയും ആവേശം.. " "അത്... അത് ഒന്നൂല്ല അമ്മേ.. ഏട്ടന്റെ ദേഹത്ത് കൈ വെച്ച ആ ചേച്ചിയെ ഒന്ന് നേരിൽ കാണാൻ ഉള്ള കൊതി കൊണ്ട് നാവിൽ നിന്ന് വന്നതാ.." "ആണോ... എന്നിട്ടെന്തിനാ ഇനിയും എന്നെ തല്ലാനുള്ള കൊട്ടേഷൻ കൊടുക്കാൻ ആണോ ഡാ... അവന്റെ ഒരു കൊതി.. മര്യാദക്ക് പോയിരുന്ന് പഠിച്ചോ.... " അമിത് അവനെ ആട്ടി വിട്ടതും ക്ഷണനേരം കൊണ്ടവൻ സ്ഥലം കാലിയാക്കി.....

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുകളിലെ ഹാളിൽ ഇരുന്ന് ഫോണിൽ കളിക്കുന്ന അമിതിനെ ചുറ്റിപറ്റി അമൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. എന്തോ കാര്യം സാധിക്കാൻ ആണെന്ന് അവന് വ്യക്തമായി.. എന്നാൽ അത് മൈൻഡ് ചെയ്യാതെ അവൻ ഫോണിൽ നിന്നും കണ്ണെടുത്തില്ല.. അമിത് തന്നെ നോക്കുന്നില്ലെന്ന് കണ്ട അമൻ അവന്റെ തൊട്ടടുത്തിരുന്ന് അവന്റെ ഷോൾഡറിൽ മെല്ലെ തോണ്ടി... എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിച് അമിത് വീണ്ടും ഫോണിലേക്ക് തിരിഞ്ഞു.. "അതേയ് ഏട്ടാ.. ഇന്ന് വന്നില്ലേ ആ പെൺകുട്ടി... " അവൻ പറഞ്ഞു തുടങ്ങിയതും അമിത് തല ചെരിച്ച് അവനെ ഒരു നോട്ടം നോക്കി.. അവന്റെ പോക്ക് എങ്ങോട്ടാണെന്ന് അമിതിന് മനസ്സിലായി.. "ആ.. പെൺകുട്ടി വന്നിരുന്നു.. അതിന്.. " അമിതിന്റെ ശബ്ദത്തിന്റെ ടോൺ മാറുന്നെന്ന് തോന്നിയതും അമൻ ഒന്നുമില്ല എന്ന് ചുമൽ കുലുക്കി കാണിച്ച് കൊടുത്ത് എണീക്കാൻ നിന്നു.. അവനെ പോകാൻ സമ്മതിക്കാതെ അമിത് അവനെ പിടിച്ചിരുത്തി.. "അതേയ്.. കാര്യം മനസ്സിലായി...

അവർ പോകുന്ന വരെ അവളിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയതും അത് കഴിഞ്ഞ് അവരെ വീട്ടിൽ പോകാൻ ഉള്ള ആവേശവും എല്ലാം ഞാൻ ശ്രദ്ധിച്ചു.. പൊന്നു മോനേ.. അടങ്ങിക്കോ.. അവളെ കണ്ടിട്ടും സംസാരം കേട്ടിട്ടും ഇത് അനിയുടെ പോലെ അല്ല ജഗ ജില്ലി ആണെന്നാ തോന്നുന്നേ.. വെറുതെ അവളെ കൈയ്യിന് പണി കൂട്ടേണ്ട.. മോൻ പോയി ഉറങ്ങാൻ നോക്ക്...., " "ഹിഹി.. ഉറങ്ങാലെ.." അമിതിന് ഇളിച്ചു കൊടുത്തു കൊണ്ട് അമൻ തന്റെ റൂമിലേക്ക് പോയി.. അവൻ പോകുന്നത് നോക്കി ചെറു ചിരിയാലെ തലയാട്ടി കൊണ്ട് അമിത് വീണ്ടും ഫോണിലേക്ക് കണ്ണും നട്ടിരുന്നു... ************ "അല്ല... ഇവരെയെന്താ കാണാത്തത്.. എവിടെ പോയതാണാവോ......??" "അവർ വന്നോളും അനീ.. ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോയതല്ലേ.. കണ്ടിട്ട് വരട്ടെ.." "എന്റെ ബലമായ സംശയം ഏതെങ്കിലും പണിക്കരെ കാണാൻ പോയതാവും.. എന്റെ ജാതകം നോക്കി ഇപ്പൊ ഏത് ശനിയാണ് തലയ്ക്കു മുകളിൽ കറങ്ങുന്നേ എന്ന് നോക്കാൻ പോയതാവും.. വല്ല പരിഹാരമാർഗവും നിർദ്ദേശിച്ച് തന്നാൽ മതിയായിരുന്നു....."

ആര്യയുടെ വീട്ടിൽ ഇരുന്ന് പല കണ്ടെത്തലുകളും നടത്തുകയാണ് അനി.. അവളുടെ പൊട്ടത്തരങ്ങൾ കേട്ട് ചിരിച്ചു കൊണ്ട് ആര്യ ബെഡിൽ ചാരി ഇരിക്കുന്നുണ്ട്... അമിതിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് ഇവരെ രണ്ട് പേരെയും അറിയിച്ചിട്ടില്ല.. അതിനാൽ തന്നെ വാതിൽക്കൽ അവരെ കാത്തു നിൽക്കുകയാണ് അനി..... ഈ സമയം അനിയുടെ വീടിന് മുന്നിൽ കാർ വന്നു നിന്നു.. ചാടിയിറങ്ങാൻ തുനിഞ്ഞ ശിവയെ അമ്മ തടഞ്ഞു കൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. "നോക്ക്.. ഒരു കാരണവശാലും നമ്മൾ എവിടെ പോയെന്ന് അവൾ അറിയരുത്..എങ്ങാനും നിന്റെ വായിൽ നിന്നും വന്നാൽ... " "ഓഹോ.. ഭീഷണിയുടെ സ്വരം....അതും ഈ ശിവയോട്......ചേച്ചീ... " "അലറല്ലേടീ... നിന്നെ ഞാൻ... " അമ്മ ശിവയുടെ വായ പൊത്തിയതും അച്ഛൻ ഇവളെയും കൊണ്ട് പോയത് അബദ്ധം ആയല്ലോ എന്നോർത്ത് തന്റെ നെറ്റിയിൽ അടിച്ചു.. "പൊന്നു മോളല്ലേ.. നല്ല മോളല്ലേ.. നമ്മൾ എവിടെ പോയെന്ന് അവരോടു രണ്ട് പേരോടും പറയല്ലേ. അച്ഛന്റെ ചക്കരയല്ലേ.."

"അങ്ങനെ വഴിക്ക് വാ... ഓക്കേ.. ഞാൻ പറയില്ല.. പക്ഷെ...." "ഇനിയെന്ത് പക്ഷെ.. " "അമ്മയുടെ പേരിൽ ഉള്ള ഒരേക്കർ ഭൂമി എന്റെ പേരിൽ ആക്കി തരണം....." ഒട്ടും കൂസലില്ലാതെ പറഞ്ഞ ശിവയെ നോക്കി അമ്മ നെഞ്ചിൽ കൈവെച്ചു.. അച്ഛന്റെ കണ്ണുകൾ തള്ളി പോയി.. ആര്യയുടെ അച്ഛൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു.. "എന്താ ഡീൽ അല്ലേ.. " "നിന്റെ വായ അവരുടെ മുന്നിൽ തുറക്കാതെ നിൽക്കാനാണോ ഇത്രേം വലിയൊരു ഡീൽ.." "അതേയ്.. വേണമെങ്കിൽ മാത്രം മതി.. എനിക്ക് നിർബന്ധം ഒന്നുമില്ല.. അപ്പൊ ഞാൻ ഇരിക്കണോ അതോ പോകണോ.." രണ്ടു പേരെയും നോക്കി ഡോർ തുറക്കാൻ നിന്ന് കൊണ്ട് ശിവ പറഞ്ഞു.. "മോളിപ്പോ നടക്ക്.. എല്ലാം നമുക്ക് തീരുമാനിക്കാം.. സമയം ഉണ്ടല്ലോ..." അച്ഛന് ഒന്ന് മൂളി കൊടുത്തു കൊണ്ട് അവൾ ഇറങ്ങി.. പിറകെ ഇറങ്ങിയ അച്ഛൻ പ്ലീസ് പറയരുതെന്ന് ആംഗ്യം കാണിച്ചു... അനിയെ ആര്യയുടെ അടുത്താക്കി പോന്നതിനാൽ അവളെ വിളിക്കാനായി പോകാൻ നിന്ന ശിവയെ അവർ നിർബന്ധിച് തങ്ങളുടെ വീട്ടിലേക്ക് ഉന്തി വിട്ടു...

"ഹോ.. ഇങ്ങനെയും ഉണ്ടോ മക്കൾ.. ഇവളെ കൊണ്ട് പോകേണ്ടിയിരുന്നില്ല.. " "നിങ്ങൾക്കായിരുന്നല്ലോ ധൃതി അവളെയും വലിച്ചു പോകാൻ.. ഇനിയിപ്പോ അനുഭവിക്ക്..ഒരേക്കർ ഭൂമി... ഹോ.. അനി എങ്ങാനും അറിഞ്ഞാൽ വെട്ടും കുത്തും നടക്കുമല്ലോ ദൈവമേ.. " "ആഹ്.. ഇനിയെന്റെ തലയിലേക്ക് എല്ലാം കൊണ്ടിട്.. അവളെ ഇവിടെ ആക്കി പോയിട്ട് വേണം രണ്ടും കൂടെ വീട് പിളർക്കാൻ...എനിക്കെന്റെ വീട്ടിൽ കിടന്ന് വേണം ഒന്ന് അന്ത്യ ശ്വാസം വലിക്കാൻ.. " തന്റെ വീടിനെ നോക്കി അനിയുടെ അച്ഛൻ പറഞ്ഞതും ഇരുവരുടെയും സംസാരം കേട്ട് ചിരിച്ചു കൊണ്ട് ആര്യ യുടെ അച്ഛൻ വീട്ടിലേക്ക് നടന്നു.. അനിയുടെ അച്ഛൻ തന്റെ വീട്ടിലേക്കും നടന്നു... "മ്മ്മ്.. ചെല്ല് മക്കൾ രണ്ടും ഇപ്പോൾ തന്നെ അന്ത്യ ശ്വാസം വലിപ്പിക്കും..." ഭർത്താവ് പോകുന്നതും നോക്കി മുറു മുറുത്തു കൊണ്ട് അമ്മ ആര്യയുടെ വീട്ടിലേക്ക് അനിയെ വിളിച്ചു കൊണ്ട് വരാനായി നടന്നു....... രാത്രി ഭക്ഷണത്തിന് മുൻപ് അമ്മ തനിക്കായി സ്പെഷ്യൽ ഉണ്ടാക്കിയ പലഹാരം വെട്ടി വിഴുങ്ങുന്നതിനിടയിൽ ആണ് ശിവ അവളുടെ റൂമിലേക്ക് കയറി വന്നത്.

ഉടനെ തന്നെ അവൾ പ്ലേറ്റ് മാറ്റി പിടിച്ചു കൊണ്ട് അവളെ മൈൻഡ് ചെയ്യാതെ കഴിക്കാൻ തുടങ്ങി.. എങ്ങോട്ടാ പോയെന്ന് അനിയുടെ ചോദ്യം വന്നപ്പോൾ അടുത്ത ബന്ധു ഹോസ്പിറ്റലിൽ കിടക്കുന്നു അവരെ കാണാൻ പോയെന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞു മാറി.. എന്നാൽ അതിൽ തൃപ്തി വരാതെ അവൾ വീണ്ടും ചോദ്യവുമായി പിറകെ കൂടിയതും പലഹാരം എന്ന ഐഡിയ അമ്മ പുറത്തെടുത്തു.. അവൾക്കിഷ്ടപ്പെട്ട പലഹാരം ഉണ്ടാക്കുവാൻ തുടങ്ങിയാൽ അമ്മയെ ശല്യം ചെയ്യാതെ അവൾ മാറി നിൽക്കും.. അമ്മ ഞൊടിയിടയിൽ ഒരു പലഹാരം ഉണ്ടാക്കി അവൾക്ക് കൊടുത്തതും പിന്നെ ചോദ്യങ്ങളുമായി വരാതെ അവൾ നല്ല കുട്ടിയായി പോയി... "അയ്യോ ഡാ.. എനിക്ക് വേണ്ട നിന്റെ പലഹാരം.. ഞങ്ങൾ പുറത്ത് നിന്ന് നല്ല അടിപൊളി ഫുഡ്‌ കഴിച്ചിട്ടാ വന്നേക്കുന്നത്.. നിന്റെ കണ്ണിൽ പൊടിയിടാൻ ഉണ്ടാക്കിയതാ ഇത്.." അവളെ ദേഷ്യം പിടിപ്പിക്കാൻ ശിവ ഓരോന്ന് പറഞ്ഞു.. പക്ഷെ അതൊന്നും അവൾ മൈൻഡ് ചെയ്തില്ല... "ആണോ.. സാരമില്ല നുണച്ചീ.. വയ്യാതെ കിടക്കുന്ന അമ്മാവനെ കാണാൻ പോയി വരുന്ന വഴി നിനക്ക് ഫുഡ്‌ വാങ്ങി തന്നു...

അല്ലേ..അതും പുറത്ത് നിന്നുള്ള ഭക്ഷണം ഈ വീട്ടിൽ കയറ്റാത്ത അച്ഛൻ.. മ്മ്മ്.. വിശ്വസിച്ചു... ഒന്ന് പോടീ....." അവളിൽ നിന്ന് തിരിഞ്ഞിരുന്ന് അനി വീണ്ടും കഴിക്കാൻ തുടങ്ങി.. ഈ സമയം ശിവ പുറത്തേക്ക് തലയിട്ട് നോക്കി.. അച്ഛനും അമ്മയും ഇല്ലെന്ന് കണ്ടതും അവൾ തന്റെ ജോലി വെടിപ്പായി ചെയ്യാൻ തുടങ്ങി.. "എന്നാൽ ഞാനൊരു നഗ്ന സത്യം പറയട്ടെ ചേച്ചീ... " അവൾ പറയുന്നത് മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും അവൾ അനിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... "എടി ചേച്ചീ.. നിന്നെ പൊട്ടിയാക്കാ ഇവരൊക്കെ.. ഞങ്ങൾ പോയത് എവിടെക്കാ എന്നറിയോ.. നിങ്ങളുടെ കോളേജിലെ ചെയർമാൻ ഇല്ലേ.. നിനക്കിട്ടു പൊട്ടിച്ച... ആ ചേട്ടന്റെ വീട്ടിലേക്ക്.. " പെട്ടന്നവളുടെ വാക്കുകൾ കേട്ടതും വായിൽ വെച്ച പലഹാരം ഇറക്കാതെ അവൾ തല ചെരിച്ച് ശിവയെ നോക്കി.. ശേഷം അവളെ കടിച്ചു പറിക്കും പോലെ അകത്താക്കി.. "വീണ്ടും നുണ.. എന്റെ ശിവാ.. നീ തറവാട്ടിൽ പോയി നുണ പറയാൻ നല്ലവണ്ണം പഠിച്ചല്ലോ... മോള് പൊയ്ക്കെ... എനിക്ക് തിന്നുന്നതിൽ ഉള്ള കോൺസൻട്രേഷൻ പോണൂ.. "

വീണ്ടും തീറ്റയിലേക്ക് തിരിഞ്ഞ അനിയുടെ ഷോൾഡറിൽ തന്റെ താടി കുത്തി പിടിച്ചു കൊണ്ട് ശിവ അവളുടെ ചെവിക്കരികിൽ ചെന്ന് നിന്നു.. "ട്വിൻസ് ചേട്ടന്മാരെ കാണാൻ അടിപൊളി ആണല്ലേ.. അമ്മ സുന്ദരി.. അനിയത്തി കുട്ടി കാന്താരീ.. അനിയൻ വായിനോക്കി. മൊത്തത്തിൽ പൊളിയാണല്ലോ ചേച്ചീ.., " ഇടി വെട്ടിയ പോലെ അനി അത് കേട്ടതും സ്റ്റക്കായി പോയി.. അവൾ മെല്ലെ ശിവയുടെ അടുത്തേക്ക് തിരിഞ്ഞിരുന്നു.. "ശിവാ.. സത്യം... സത്യമാണോ.. നിങ്ങൾ പോയത് അവിടേക്കാണോ." "അത് തന്നെയല്ലേഡീ ചേച്ചീ ഞാൻ ഇത്രയും നേരം പറഞ്ഞെ.. അമിത് ചേട്ടനെ കാണാൻ പോയതാ.. " "എന്നിട്ട്... എന്നിട്ട് എന്താ ഉണ്ടായേ പറ.." "ഓഹ്.. നമ്മൾ നുണ പറയുന്നവളല്ലേ.. ആര് വിശ്വസിക്കാൻ... " കേൾക്കാൻ ഉള്ള ആവേശത്തിൽ അവളുടെ അടുത്തേക്ക് അനി നീങ്ങി ഇരുന്നു.. എന്നാൽ ശിവ മുഖം തിരിച്ച് ജാഡ കാണിച്ചു.. "നീ പറ... എന്താ അവിടെ നടന്നെ.." അനിക്ക് ടെൻഷൻ കൂടാൻ തുടങ്ങിയിരുന്നു.. അച്ഛനും അമ്മയും നടന്ന കാര്യങ്ങളിൽ ഒരക്ഷരം പോലും അവളോട്‌ പറയരുതെന്ന് പറഞ്ഞതെല്ലാം കാറ്റിൽ പറത്തി വള്ളി പുള്ളി വിടാതെ അവിടെ പോയ വിവരം എല്ലാം നല്ല വെടിപ്പായി ശിവ അനിക്ക് ഓതി കൊടുത്തു..

അമിത് തന്നെ കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിഞ്ഞു കാണുമോ എന്ന ചിന്ത അവളെ അലട്ടി.... അവളുടെ മുഖം പെട്ടന്ന് വാടി.... ഒരാളിൽ നിന്നും സഹതാപത്തിന്റെ ഒരു നോട്ടം പോലും വരുന്നത് അവൾക്കിഷ്ടമല്ല....തന്റെ ദുഃഖങ്ങൾ ചിരിയിലൂടെയും കളിയിലൂടെയും സ്വയം മാറ്റിയെടുക്കുന്നതാണ് അവളുടെ ശീലം....പുറമെ ആരും തന്റെ ഉള്ളിലെ സങ്കടങ്ങൾ അറിയരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ട്.. അമിത് അറിഞ്ഞു കാണുമോ അതോ അറിഞ്ഞിട്ടില്ലയോ എന്ന് അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു... പലഹാര പാത്രം മടിയിൽ വെച്ചവൾ ഓരോന്ന് വായിലേക്കിട്ട് ആലോചനയിൽ ആണ്ടതും ശിവ പ്ലേറ്റ് ഞൊടിയിടയിൽ കാലിയാക്കി...അതൊന്നും അറിയാതെ ശൂന്യമായ പ്ലേറ്റിൽ കയ്യിട്ട് വായിലേക്ക് കൊണ്ട് പോയി കൊണ്ടിരിക്കുന്ന അനിയെ കണ്ട് ശിവക്ക് ചിരി പൊട്ടി.. എന്നാൽ അത് പുറത്തു വരുത്താതെ അവൾ ഫോൺ എടുത്തു വീഡിയോയിൽ എല്ലാം പകർത്തി..... അടുത്ത നിമിഷം തന്നെ അനി സ്വബോധത്തിലേക്ക് വന്നതും കാലിയായ പ്ലേറ്റ് കണ്ട് കണ്ണുകൾ തുറുപ്പിച്ചു കൊണ്ട് ശിവയെ നോക്കി. ഇളിച്ചു കൊണ്ടുള്ള അവളുടെ ഇരിപ്പ് കണ്ട് അനി പ്ലേറ്റിൽ മുറുകെ പിടിച്ച് അവൾക്ക് നേരെ ഓങ്ങി....

അടുക്കളയിൽ നിന്നും കാതടപ്പിക്കുന്ന ശബ്ദം വീട്ടിൽ മുഴങ്ങിയതും ചെവി പൊത്തി പിടിച്ചു കൊണ്ട് അമ്മ അവിടേക്ക് ചെന്ന്.. ഈ സമയം റൂമിൽ നിന്നും അടുക്കളയിലേക്ക് എത്തിയ അനിയും ശിവയും പരസ്പരം കൊമ്പ് കോർക്കുന്ന കാഴ്ചയാണ് അവർ കണ്ടത്.. സ്റ്റീൽ പ്ലേറ്റ് കൊണ്ട് ശിവയെ അറഞ്ചം പുറഞ്ചം തല്ലുന്ന അനിയും തവിയും പുട്ട് കുറ്റിയുമായി അടിയെ തടുക്കുന്ന ശിവയും... അടി കൂടുന്ന മക്കളെ നോക്കുന്നതിന് പകരം അമ്മയുടെ കണ്ണുകൾ പോയത് താൻ ദിനേന മക്കളെക്കാൾ സ്നേഹിച് ഒരു കേട് പാടും വരുത്താതെ പരിപാലിക്കുന്ന പാത്രങ്ങൾക്ക് നേരെയാണ്.... പ്ലേറ്റിന്റെ അവസ്ഥ ഏതാണ്ട് കുഴിയിലേക്കെടുക്കും വിധം ആയിട്ടുണ്ട്.. തവിയാണേൽ തവിയാണോന്ന് പോലും സംശയിക്കത്തക്ക വണ്ണം മാറി പോയിരിക്കുന്നു.. പുട്ട് കുറ്റിയുടെ അവസ്ഥ അതിലും ദയനീയം.. എല്ലാം കൊണ്ടും തന്റെ 'മക്കളുടെ' അവസ്ഥ പരിതാപകാരമെന്ന് കണ്ടതും ഇനിയും മറ്റ് പാത്രങ്ങളിലേക്ക് തന്റെ തല തെറിച്ച മക്കളുടെ ശ്രദ്ധ പോകുന്നതിന് മുൻപ് അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി മാക്സി അല്പം പൊന്തിച്ച് ഇടുപ്പിൽ കുത്തി

പ്രപഞ്ചത്തിലെ ആ പോരാളി അടുപ്പിനരികിൽ കൂട്ടിയിട്ട വിറക് കൊള്ളിയിൽ ഏറ്റവും കനമുള്ളത് തന്നെ കയ്യിലെടുത്ത് യോദ്ധാവിനെ പോലെ തിരിഞ്ഞു... അമ്മയുടെ കയ്യിലെ വടി ആദ്യം കണ്ട അനി തന്റെ റൂമിലേക്ക് ഓടി.. ഓട്ടത്തിനിടയിൽ പ്ലേറ്റ് ഒരേറു എറിഞ്ഞതും കറക്ട് ആയി കൊണ്ടത് ബഹളം കേട്ട് വന്ന അച്ഛന്റെ കാലിൽ..ഒറ്റക്കാലിൽ നൃത്തം വെക്കുന്ന അച്ഛന് അടുത്ത ഏറു കൊണ്ടത് ഇളയ സന്തതിയുടെ വക.. അതും നെഞ്ചത്തേക്ക് തന്നെ... "ആാാ.. എന്റമ്മേ.." കാൽ തടവണോ നെഞ്ച് ഉഴിയണോ എന്നറിയാതെ സംശയിച്ചു നിന്ന അച്ഛന് നേരെ അടുത്ത ആളുടെ എൻട്രി... "ഇന്ന് നിങ്ങളുടെ അവസാനമാ.....കയറി കയറി എന്റെ അടുക്കളപുറത്തും കയറാൻ തുടങ്ങി അല്ലെ..അവിടെ നിക്ക് രണ്ടും " ഒച്ചയെടുത്ത് കൊണ്ട് മക്കൾക്ക് പിറകെ കണ്ണും മൂക്കുമില്ലാതെ ഓടിയ അമ്മ അച്ഛൻ ഉള്ളത് നോക്കാതെ അച്ഛനെ ഇടിച്ചു വീഴ്ത്തി മക്കൾക്ക് നേരെ പാഞ്ഞു...

പ്ധോം..... ചക്ക വീഴുന്ന പോലെ വീണ അച്ഛന് ഉഴിയേണ്ട സ്ഥലം വ്യക്തമായി മനസ്സിലായതും അവിടെ നിന്നെഴുന്നേറ്റ് ഊരക്ക് കയ്യും കൊടുത്ത് റൂമിൽ പോയി വാതിൽ കുറ്റിയിട്ടു.. ഉടനെ തന്നെ അളിയന് ഫോൺ ചെയ്തു...... "ഹലോ.. അളിയാ.. എന്താ വിളിക്കാത്തെ.. വിളിക്കാത്തേന്ന് കരുതിയെ ഉള്ളൂ.. ഇപ്രാവശ്യം ഏതായാലും അളിയൻ വിളിക്കാൻ ലേറ്റ് ആയി..." "ചളി പറയാതെ പൊന്നളിയാ ഏതെങ്കിലും ഒന്നിനെ വിളിച്ചു കൊണ്ട് പോ ഡാ.." "ഇന്ന് ശരീരത്തിന്റെ ഏത് പാർട്ട്‌സ് ആണ് ഇളകിയെ " "മൂന്നും കൂടെ ഒരിഞ്ചു സ്ഥലം ബാക്കി വെച്ചിട്ടില്ല.. ഇങ്ങനെ പോയാൽ എന്റെ ഗതി അധോ ഗതിയാവും.. അളിയാ.. ഒന്ന് വന്ന് കൊണ്ട് പോ.." "ഓക്കേ.. ഞാൻ നാളെ തന്നെ വരാം.." "ഓ.. വല്യേ ഉപകാരം.. " സ്വർഗം കിട്ടിയ സന്തോഷത്തിൽ ആശ്വാസത്തോടെ നടു ഉഴിഞ്ഞു കൊണ്ട് അച്ഛൻ ബെഡിൽ ഇരുന്നു...

റൂമിൽ കയറി അനിക്കും ശിവക്കും അമ്മയിൽ നിന്ന് വയറു നിറയെ കിട്ടിയതും ബഹളം കേട്ട് ആര്യ വീട്ടിൽ നിന്ന് ഇറങ്ങി..അവളെ കണ്ടതും അമ്മ ഒരടി കൂടുതൽ രണ്ടു പേർക്കും കൊടുത്തു. "സ്വസ്ഥമായി ഒന്ന് കിടക്കാൻ ആരെയും അനുവദിക്കരുത്... കേട്ടോ.. പാവം.. വയ്യാതെ കിടക്കുന്ന വാവിയെ എഴുന്നേൽപ്പിച്ചപ്പോൾ തൃപ്തി ആയില്ലേ രണ്ടിനും.. ഇങ്ങനെ ഉണ്ടോ മക്കൾ, " അനിയേയും ശിവയേയും ശകാരിച്ചു അമ്മ ആര്യയെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോയി കിടത്തി.. "മോൾക്ക് നല്ല ക്ഷീണം ഉണ്ട്.കിടന്നോ.. അവിടെ അങ്ങനെ പലതും നടക്കും അമ്മാതിരി സാധങ്ങൾ രണ്ടല്ലേ അവിടെ ഉള്ളത്.. മോളത് കാര്യമാക്കേണ്ട.. കിടന്നോ.." ആര്യക്ക് പുതച്ചു കൊടുത്തു കൊണ്ട് കവിളിൽ മുത്തം നൽകി കൊണ്ട് അവർ തിരികെ വീട്ടിൽ എത്തി.. അനിയേയും ശിവയെയും വിളിച്ചു വരുത്തി ആര്യക്ക് ഭേദമാവും വരെ ഒരു ബഹളവും ഉണ്ടാക്കരുതെന്ന് താക്കീത് നൽകി.. ഇരുവരും തലയാട്ടി കൊണ്ട് രണ്ടു ഭാഗത്തേക്ക് പോയി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story