ആത്മരാഗം💖 : ഭാഗം 52

athmaragam thanseeh

രചന: തൻസീഹ് വയനാട്

പ്രിൻസി അറിയിച്ചതിനെ തുടർന്ന് ഉച്ചക്ക് മുൻപ് തന്നെ പോലീസ് കോളേജിൽ എത്തി.. വിദ്യാർത്ഥികൾ എല്ലാവരും ക്ലാസ്സിൽ ആയതിനാൽ തന്നെ ഗ്രൗണ്ടിൽ അന്വേഷണം നടത്താൻ പൊലീസിന് എളുപ്പമായി.. അമിതിനെയും ഈശ്വറിനെയും മറ്റ് പ്രവർത്തകരെയും അറിയിച്ചതിനെ തുടർന്ന് അവരും പോലീസ് അന്വേഷണം നടത്തുന്നിടത്തേക്കെത്തി.. ചെയർമാൻ ആയതിനാൽ അമിതിനോടായിരുന്നു കൂടുതൽ ചോദ്യം ചോദിച്ചത്... ഡ്രഗ്സ് ന്റെ കാര്യം ഒഴികെ അവൻ എല്ലാം വ്യക്തമായി വിവരിച്ചു കൊടുത്തു.. "സാർ.. ഞങ്ങൾ ഒരാഴ്ച മുമ്പേ പണി കഴിപ്പിച്ച ആ മതിൽ തകർത്തു കൊണ്ടാണ് ജെ സിബി ഗ്രൗണ്ടിൽ എത്തിയിട്ടുള്ളത്.. പിറകിൽ കാണുന്ന ആ വഴിയിലൂടെ വരാൻ പാകത്തിലുള്ള ചെറിയ മണ്ണ് മാന്തി യന്ത്രം ആയിരിക്കാം. ആ വഴി ആയത് കൊണ്ട് തന്നെ നാട്ടുകാരുടെ ആരുടേയും ശ്രദ്ധയിൽ പെട്ട് കാണില്ല.." മതിൽ പൊളിച്ചു മാറ്റിയിടത്ത് നിന്ന് വലത്തോട്ടുള്ള ചെറിയ വഴി കാണിച്ചു കൊടുത്തു കൊണ്ട് അമിത് പറഞ്ഞു.. എല്ലാം കേട്ട് അവിടെയാകെ പരിശോധിച്ച് ചില തെളിവുകൾ എല്ലാം ശേഖരിച്ച് പോലീസ് പ്രിൻസിയുടെ നേരെ തിരിഞ്ഞു..

" സാമൂഹ്യ വിരുദ്ധർ തന്നെയാവും ഇതിന് പിന്നിൽ. എന്തായാലും ഞങ്ങൾ വിശദമായി അന്യോഷിക്കട്ടെ.." പോലീസ് പോയതും പ്രിൻസി അവനെ ഏൽപ്പിച്ച കാര്യത്തെ കുറിച്ച് ഒന്നൂടെ അവനെ ഓർമിപ്പിച്ചു.. ഇനിയും ഇത് പോലെ ഒന്നുണ്ടാവാതിരിക്കാൻ അതിയായ ശ്രദ്ധ കൊടുക്കണം എന്നും പ്രിൻസി അവനെ ഉണർത്തിച്ചു..... ************ "ഹഹ ഹഹ.. എനിക്ക് വയ്യാ.... ഹിഹിഹി... എന്തായിരുന്നു അണിഞ്ഞൊരുങ്ങിയുള്ള പോക്ക്.. അമ്മേ... എനിക്ക് വയ്യ.. " വയറു പൊത്തി ചിരിച്ചു കൊണ്ട് ശിവ ബെഡിലേക്ക് വീണു.. അവളുടെ ചിരി കണ്ട് അനി ദേഷ്യത്തോടെ അവളുടെ നേരെ തലയിണ എറിഞ്ഞു.. ആര്യയുടെ റൂമിൽ ഇരുന്ന് ഇന്നുണ്ടായ സംഭവം പറഞ്ഞു തീരും മുന്നേ ചിരി തുടങ്ങിയതായിരുന്നു ശിവ.. "എന്റെ വാവി ചേച്ചീ.. എന്നാലും.. അനി ചേച്ചിയുടെ അണിഞ്ഞൊരുങ്ങിയുള്ള പോക്കും ജാഡയും കണ്ടില്ലല്ലോ.. അത് പോലെ കടന്നൽ കുത്തിയ മുഖവുമായുള്ള ആ വരവും.... " വീണ്ടുമവൾ ചിരിക്കാൻ തുടങ്ങിയതും മുഖം വീർപ്പിച്ചു കൊണ്ട് അനി ആര്യയുടെ അടുത്തിരുന്നു..

"എന്നാലും അനീ ആരാവും ഇതൊക്കെ ചെയ്തത്.. " "ഒരു പിടിയുമില്ല വാവീ.. ആരായാലും വല്ലാത്ത ചെയ്ത്തായി പോയി .. എത്ര കഷ്ടപ്പെട്ടതാ ഞങ്ങൾ..എല്ലാം പോയില്ലേ " അനി വീണ്ടും സങ്കടത്തിൽ ഇരുന്നതും ശിവക്ക് വീണ്ടും ചിരി പൊട്ടി.. "എണീറ്റ് പോടീ കയ്യീന്ന് മേടിക്കാതെ.... " ശിവയെ കയ്യോങ്ങി അനി ആട്ടിയതും അവൾ എണീറ്റ് ഓടി പോയി... "നീ വിഷമിക്കാതെ അനീ. പോലീസ് വന്നിരുന്നു എന്നല്ലേ പറഞ്ഞെ.. ആരാണ് ഇതിന് പിന്നിൽ എന്ന് അവർ കണ്ടെത്തിക്കോളും.. " "എന്നിട്ടെന്താ അനീ. ഗ്രൗണ്ട് തിരിച്ചു കിട്ടുമോ.. എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു.. ഇനി ഗ്രൗണ്ട് പഴയ പോലെ ആവാൻ അടിത്തറ മുതൽ പണി തുടങ്ങണം.. ആദ്യമായി എന്നോട് വിദ്യാർത്ഥികൾ ആവശ്യപെട്ടത് പോലും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല.. ഏതവനാണോ ഇതിന് പിന്നിൽ അവന്റെ തലയിൽ മിനിമം ഒരു ചക്ക എങ്കിലും വീണാൽ മതിയായിരുന്നു.. സാമദ്രോഹി.. " അനി വീണ്ടും തന്റെ ഉള്ളിലെ ഫീലിംഗ്സ് തമാശയിലൂടെയും വിഷാദ ഭാവത്തിലൂടെയും പറഞ്ഞു കൊണ്ടിരുന്നു..

ഈ സമയം ആര്യയുടെ ചിന്ത പോയത് വേറേ വഴിക്കായിരുന്നു.. അവളുടെ മുഖ ഭാവം മാറി വന്നു.. " നീയിനി തനിച്ച് കോളേജിൽ പോകേണ്ട.. നാളെ മുതൽ ഞാനും വരുന്നുണ്ട്.. " "എന്ത് പറ്റി വാവീ.. " അവളുടെ മുഖത്തെ ഭാവം കണ്ട് അനി അവളിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.. "അവനില്ലേ.. അമിത്... എനിക്കുറപ്പുണ്ട് അവൻ ഇനിയും നിന്നെ ഉപദ്രവിക്കുമെന്ന്.. ഇനി നിന്റെ നിഴലിൽ പോലും സ്പർശിക്കാൻ ഞാൻ അവനെ സമ്മതിക്കില്ല " "നീയതെന്തൊക്കെയാ വാവീ പറയുന്നേ.. അമിത് ചേട്ടൻ ഒന്നും ചെയ്യില്ല.." "ചെയ്യും... അവന്റെ ഉള്ളിൽ നിന്നോടുള്ള ദേഷ്യം അടങ്ങിയിട്ടുണ്ടാവില്ല.. പോരാത്തതിന് എന്നോടുള്ള ദേഷ്യവും നിന്നോട് തീർക്കാൻ ശ്രമിക്കും... ഇപ്പോൾ കോളേജിൽ ഉണ്ടായ ഈ പ്രശ്നം മനഃപൂർവം നിന്റെ മേൽ കെട്ടിവെക്കും.. നിന്നെ ദ്രോഹിക്കാൻ.. " "വാവീ....അതിന് ഗ്രൗണ്ട് നാശമാക്കിയത് ഞാൻ അല്ലല്ലോ.. പിന്നെ എങ്ങനെ.." "അപ്പോൾ സമൂഹ വിവാഹത്തിന് നടന്നതെന്താ... അത് നീ ചെയ്തതായിരുന്നോ.. അല്ലല്ലോ.. എന്നിട്ടും നിന്റെ മേൽ അവൻ കൈ വെച്ചില്ലേ.... "

ആര്യ അമിതിനെ പറ്റി പറയുന്നത് തിരുത്താൻ അനി ഒരുപാട് ശ്രമിച്ചെങ്കിലും ആര്യ അതൊന്നും കേൾക്കാൻ തയ്യാറായില്ല. ആര്യയുടെ തീരുമാനം ഉറച്ചതായിരുന്നു.. അന്ന് ചെയ്യാത്ത തെറ്റിന് അമിത് അനിയെ തല്ലിയത് അവളുടെ മനസ്സിലേക്ക് ഇരച്ചു കയറി... അത് പോലെ ഇനി ആവർത്തിക്കാതിരിക്കാൻ താൻ അവളുടെ കൂടെ വേണമെന്ന് ആര്യക്ക് തോന്നി... കയ്യിലെ കെട്ട് സ്വയം അഴിച്ചു കൊണ്ടവൾ അല്പം വേദനയുള്ള കൈ മെല്ലെ ചുഴറ്റി.... പിറ്റേന്ന് ആര്യ വന്ന് വിളിച്ചപ്പോൾ ആണ് അനി വീട്ടിൽ നിന്നിറങ്ങിയത്.. ആര്യ കയ്യിൽ ബാൻഡേജ് ചുറ്റിയിരുന്നു... ഈ അവസ്ഥയിൽ കോളേജിൽ പോകേണ്ടെന്ന് പറഞ്ഞ് അമ്മ സ്നേഹത്തോടെ ശാസിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് അവൾ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല.... ഇന്നലെ ഉണ്ടായ സംഭവം കാരണം അനി അല്പം വിഷമത്തോടെയാണ് കോളജിലേക്ക് പുറപ്പെട്ടത്...... " പെൺകുട്ടികൾക്കായൊരു ഒരു ഗ്രൗണ്ട്.. എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു.. എല്ലാം പോയി.. ഇപ്പോൾ മറ്റവന്മാർക്ക് നമ്മളെ താഴ്ത്തി പറയാനൊരു കാരണമായി"

താടിക്കും കൈ കൊടുത്തു കൊണ്ട് ഈശ്വർ പറഞ്ഞതും ചീനി മരച്ചുവട്ടിൽ തണലിൽ ഇരിക്കുകയായിരുന്ന അമിത് ചിന്തകളിൽ മുഴുകി.. "ഇനിയിപ്പോ കുടിവെള്ള സംരഭം എങ്കിലും വിജയിച്ചാൽ മതിയായിരുന്നു.. അതിലും മണ്ണ് വാരിയിട്ടാൽ മുന്നണിയുടെ കാര്യത്തിൽ ഒരു തീരുമാനം ആവും.." "അതിനൊന്നും ഒരു പ്രശ്നവും വരില്ല.. ഇന്നലെ മീറ്റിംഗ് കൂടി തുക തീരുമാനിച്ചില്ലേ.. അനി ആ വിവരം എല്ലാവരെയും അറിയിച്ചിട്ടുണ്ടാവും. ഇന്നിനി ഓരോ ക്ലാസ്സിലും ചെന്ന് തുക പിരിക്കണം.. ആ തുക പ്രിൻസിയെ ഏൽപ്പിക്കണം.. അടുത്ത ദിവസം തന്നെ പൈപ്പുകളും മറ്റും വാങ്ങി കണക്ഷൻ കൊടുക്കണം.... അത്രേ ഉള്ളൂ.. " " മ്മ്മ്.. അത്രേ ഉള്ളൂ.. അതിനിടയിൽ കണ്ടക ശെനി എഴുന്നള്ളാതിരുന്നാൽ മതിയായിരുന്നു.. സമയം ഒട്ടും ശെരിയല്ല..." താടിയെ താങ്ങി നിർത്തിയ കൈ മാറ്റി കൊണ്ട് ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് ഈശ്വർ മുഖം തിരിച്ചെതും അവന്റെ കണ്ണുകൾ വെളിയിൽ ചാടും വിധം ഉരുണ്ട് വന്നു.... ശബ്ദം പുറത്ത് വരാതെ അവൻ അമിതിനെ നോക്കി കണ്ണുകൾ കൊണ്ട് ഗേറ്റിന് അടുത്തേക്ക് കാണിച്ചു കൊടുത്തു .

എന്നാൽ അമിത് മറ്റെവിടേക്കോ നോക്കിയിരുന്നത് കൊണ്ട് തന്നെ അവൻ പറയുന്നത് കേട്ടില്ല..... മനസ്സിൽ അമിതിനെ തെറി വിളിച്ച് അവൻ വീണ്ടും ഗേറ്റിന് അടുത്തേക്ക് നോക്കി... അനിയുടെ പിറകിലായി വന്ന ആര്യ പെട്ടന്ന് മുന്നിലേക്ക് കയറി നിന്നതും ഈശ്വർ ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് അമിതിന്റെ പിറകിൽ പോയി ഒളിച്ചു.. "ഡാ.. അങ്ങോട്ട്‌ നോക്കല്ലേ.. മറ്റവൾ കാലു കുത്തിയിട്ടുണ്ട്.. ആ ആര്യ " ഒളികണ്ണിട്ട് ആര്യയുടെ വരവ് നോക്കി ഈശ്വർ പറഞ്ഞതും അമിതിൽ ചെറിയ ഞെട്ടൽ ഉളവാക്കിയെങ്കിലും ആ നിമിഷം തന്നെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. അവർ അരികിൽ എത്തിയെന്ന് ഈശ്വറിന്റെ ഭാവത്തിൽ നിന്നും മനസ്സിലായതും അമിത് തിരിഞ്ഞു നോക്കി.. അവനെ കണ്ടതും അമിതിന് നേരെ രൂക്ഷ നോട്ടം എറിഞ്ഞ് കൊണ്ട് ആര്യ അനിയുടെ കയ്യിൽ പിടിച് ക്ലാസ്സ്‌ ലക്ഷ്യം വെച് നടന്നു പോയി.. "ഹോ.. എന്താ അവളുടെ പോക്ക്.. ജാഡക്കാരി... അല്ല.. അവളുടെ കയ്യിനെന്താ പറ്റിയെ.. ആഹ്.. നിന്നെ തല്ലിയതല്ലേ ഒടിഞ്ഞു പോയി കാണും.. ഉരുക്കിൽ അല്ലെ അവൾ കൈ വെച്ചേ..

" ഈശ്വറിനോട് അതിനെ കുറിച്ചൊന്നും പറയാതെ അമിത് അവർ പോകുന്നത് നോക്കി.. "ഇവളെന്താ അനിയുടെ ബോഡിഗാർഡോ.." "ആണല്ലോ.. അതല്ലേ അവൾക്ക് നൊന്തപ്പോൾ നിന്റെ കരണം പുകഞ്ഞേ.." "കൂട്ടുകാരിയെ നോവിച്ചാൽ അവൾക്ക് സഹിക്കില്ല അല്ലേ... വഴി ഉണ്ടാക്കാം.. " "ഏഹ്. നീയിത് എന്താ ഈ പിച്ചും പേയും പറയുന്നേ.. " ഒന്നും മനസ്സിലാവാതെ ഈശ്വർ അവന്റെ മുഖത്തേക്ക് നോക്കി.. അതൊക്കെ ഉണ്ടെന്ന അർത്ഥത്തിൽ അവൻ കണ്ണിറുക്കി.. ഒന്നും മനസ്സിലാവാതെ ഈശ്വർ എന്താ അവനിപ്പോ പറഞ്ഞെന്ന് ആലോചിച്ചു.. അവന്റെ തലക്കൊരു കൊട്ട് കൊടുത്തു കൊണ്ട് അമിത് ക്ലാസ്സിലേക്ക് പോകാനായി എഴുന്നേറ്റു. കൂടെ ഈശ്വറും.. ************ ആര്യ ക്ലാസ്സിൽ കാലു കുത്തിയതും എല്ലാവരുടെയും കണ്ണുകൾ അവളുടെ നേർക്കായി.. അല്പം ഭയത്തോടെ എല്ലാവരും അവരുടെ സ്ഥാനത്തിരുന്ന് അവളെ പാളി നോക്കി.. കോളേജ് ഹീറോയെ രണ്ടാം തവണയും കയ്യേറ്റം ചെയ്തതിനാൽ എല്ലാവരിലും ഭയം കൂടിയിരുന്നു... ആ ഭയം കാരണം അനിയോട് പോലും നേരാവണ്ണം ആരും മിണ്ടിയില്ല.. അനിയതിൽ നീരസം പ്രകടിപ്പിച്ചു കൊണ്ട് എല്ലാവരെ കൊണ്ടും സംസാരിപ്പിക്കാൻ ഓടി നടന്നു... എന്നാൽ ആര്യ തീർത്തും നിശബ്ദയായിരുന്നു....

ഫസ്റ്റ് ഹവർ മിസ്സ്‌ ലീവ് ആയതിനാൽ തന്നെ അനിയും ആര്യയും പുറത്തേക്കിറങ്ങി. ആര്യ എത്തിയ വിവരം പ്രിൻസിയെ അറിയിക്കാൻ വേണ്ടി അവർ പ്രിൻസിയുടെ ഓഫീസിലേക്ക് പോകാനായി വരാന്തയിൽ നിന്നിറങ്ങി.. ആര്യ വന്നാൽ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസി അറിയിച്ചെന്ന് ആര്യയുടെ അച്ഛൻ അവളോട്‌ പറഞ്ഞിരുന്നു.. രാവിലെ ലേറ്റ് ആയി എത്തിയത് കാരണം ക്ലാസ്സിൽ കയറിയ ഉടനെ ബെൽ അടിച്ചു.. അതിനാൽ പ്രിൻസിയെ കാണാൻ കഴിഞ്ഞില്ല...ഇനി താൻ ചെല്ലാത്തതിന്റെ പേരിൽ പ്രശ്നം വേണ്ടന്ന് തീരുമാനിച്ചാണ് അവൾ ക്ലാസ്സിൽ നിന്നിറങ്ങിയത്.. വരാന്തയിൽ നിന്നിറങ്ങി പ്രിൻസിയുടെ ഓഫിസ് ഉള്ള ബിൽഡിങ്ലേക്ക് അവർ നടന്നു.... ആ വരാന്തയിലേക്ക് കയറിയതും എതിരെ സ്പീഡിൽ വന്ന ഒരാൾ അനിയെ ഇടിച്ചതും ഒപ്പമായിരുന്നു.. "അമ്മേ... " പെട്ടന്നുണ്ടായ ഇടി ആയതിനാൽ അനി ഒന്ന് ഞെട്ടി.. പതുക്കെ ഷോൾഡറിൽ തടവി കൊണ്ട് ഇടിച്ചയാളെ നോക്കി.. ആളെ കണ്ടതും അവളുടെ കണ്ണുകൾ ഉരുണ്ട് വന്ന് പ്രത്യേകം ഭാവങ്ങൾ നിറഞ്ഞു നിന്നു...

ആ സമയം അനിയെ തന്റെ പിറകിലാക്കി ആര്യ മുന്നിൽ വന്നു നിന്നു.. "ഡാ... നിനക്ക് കിട്ടിയതൊന്നും പോരാ.. അല്ലേ... ഞാൻ പറഞ്ഞിട്ടില്ലേ നീ കാരണം ഇവൾക്ക് ചെറിയൊരു നോവുണ്ടായാൽ നിന്നെ ഞാൻ വെച്ചേക്കില്ലെന്ന്.. " മുന്നിൽ നിൽക്കുന്ന തന്റെ ഒരേ ഒരു ശത്രുവായ അമിതിന് നേരെ അവൾ ചീറി.. അനി വേണ്ടെന്ന് പറഞ്ഞ് അവളെ തടുത്തു.. പേടി മൂലം അനിയുടെ കണ്ണുകൾ താഴ്ന്നിരുന്നു... അമിതിനെ വാർണിങ് എന്ന നിലയിൽ ഒന്ന് നോക്കി കൊണ്ട് പ്രിൻസിയെ കാണാൻ നിൽക്കാതെ അനിയുടെ കയ്യിൽ പിടിച്ച് ആര്യ ക്ലാസ്സിലേക്ക് പോയി.. ആര്യയുടെ പ്രകടനം കണ്ട് തിരിച്ചൊന്നും പറയാതെ നിൽക്കുകയായിരുന്ന അമിത് ചുണ്ടിൽ ചെറുതായ് പുഞ്ചിരി വിരിയിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.. സീൻ മൊത്തം വീക്ഷിച്ചു കൊണ്ട് രണ്ടു പേർ അവിടെ നിൽക്കുന്നുണ്ടായിരുന്നു.. "എന്ത് ജന്മമാ അത്... ഇങ്ങനെ നോക്കി പേടിപ്പിക്കാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ.. നടന്നു പോകുന്നതിനിടയിൽ നീയൊന്ന് അവളെ തട്ടി... അത്രല്ലേ ഉള്ളൂ.." തൊട്ടടുത്ത ക്ലാസ്സിൽ പ്രൊജക്റ്റ്‌ വർക്ക് ചെയ്തു കൊണ്ടിരുന്ന ഈശ്വർ മുഖം ചുളുക്കി..

തന്റെ പ്രൊജക്റ്റ്‌ വർക്ക് മുഴുവനാവാത്തത് കൊണ്ട് ക്ലാസ്സിൽ കയറാതെ അക്ഷിതിനെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു ഈശ്വർ.. അവന്റെ വാക്കുകൾ കേട്ട് അക്ഷിത് ഒന്ന് പുഞ്ചിരിച്ചു.. " ജീവനായി കണ്ട് ചിലർക്ക് ഹൃദയത്തിൽ സ്ഥാനം കൊടുത്തവർ അങ്ങനെയാണ്.. അവർക്കൊരു ചെറിയ ബുദ്ധിമുട്ട് വരുന്നത് പോലും അവർക്ക് സഹിക്കില്ല.. " അക്ഷിത് അമിതിനെ നോക്കി മറുപടി പറഞ്ഞതും അവർ പോകുന്നത് നോക്കി അമിത് പുഞ്ചിരിച്ചു.. "ഓഹ്. അങ്ങനെ ആണല്ലേ..... ഇവളെ ഒന്ന് മെരുക്കി എടുക്കണമല്ലോ.... " "മ്മ്മ്.. അവസാനം നിന്നെ എടുത്ത് കൊണ്ട് പോകേണ്ടി വരും.. അത് വിട്ടേക്ക്.. നിന്റെ കയ്യിൽ ഒതുങ്ങില്ല.. ഐറ്റം വേറെയാ.. " "നോക്കാമല്ലോ.. അവളുടെ അഹങ്കാരം കുറച്ചു കുറക്കണം.. അതിന് ആദ്യം അവളെ ഒന്ന് വട്ട് പിടിപ്പിക്കണം " അമിതിന്റെ വാക്കുകൾ കേട്ട് വായും പൊളിച്ചു കൊണ്ട് അവൻ അമിതിനെ നോക്കി.. "അമിത് തന്നെ ആണോ ഈ പറയുന്നേ... രണ്ടെണ്ണം പൊട്ടിക്കാൻ അല്ലേ നിനക്കറിയൂ.. ആ നീയാണോ അവളുടെ അഹങ്കാരം കുറക്കാൻ പോകുന്നെ..

നീ മുന്നിൽ ചെന്നാൽ മതി അവൾ കാളീ രൂപം പുറത്തെടുക്കാൻ.." "അതിന് ഞാൻ അവളുടെ മുന്നിൽ ചെല്ലില്ലല്ലോ.. അനിയല്ലേ അവളുടെ വീക്നെസ്.. അനിയുടെ കാര്യത്തിൽ അല്ലേ അവളീ മുരട് സ്വഭാവം കാണിക്കുന്നേ " "അമിത്... നീയെന്താ ചെയ്യാൻ പോകുന്നെ.. അനിയെ ഇനീം ഉപദ്രവിക്കാൻ നോക്കിയാൽ ആര്യ നിന്നെ വെച്ചേക്കില്ല.... " "ഞാൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് നീ കണ്ടോ.. അവളുടെ കൂട്ടുകാരി ഇനി മുതൽ എന്റെയും കൂട്ടുകാരി....ഞാനിപ്പോ വരാം.. " കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഓടി ചാടി പോവുന്ന അമിതിനെ കണ്ട് എന്താ ഇപ്പൊ ഉണ്ടായേ എന്നർത്ഥത്തിൽ തലയും ചൊറിഞ്ഞ് ഈശ്വർ അക്ഷിതിനെ നോക്കി.. എനിക്കും അറിയില്ല എന്ന അർത്ഥത്തിൽ അക്ഷിത് പുഞ്ചിരിയോടെ മുഖം തിരിച്ചു.. അമിത് നേരെ പോയത് അനിയുടെ ക്ലാസ്സിലേക്കായിരുന്നു.. കൃത്യ നിഷ്ഠതയുടെ കാര്യത്തിൽ മുൻപന്തിയിൽ ആയ അനിൽ സാർ ബെൽ അടിച്ച ഉടനെ തന്നെ സെക്കൻഡ് ഹവറിലെ ക്ലാസ്സ്‌ ആരംഭിച്ചു കഴിഞ്ഞിരുന്നു. അമിത് വെളിയിൽ നിന്നും ക്ലാസ്സിലേക്ക് എത്തി നോക്കി... പിൻ ബെഞ്ചിൽ തല താഴ്ത്തി ഇരിക്കുന്ന അനിയേയും തൊട്ടടുത്തിരുന്ന് ഗൗരവം പൂണ്ട് ബുക്കിൽ നോക്കുന്ന ആര്യയെയും അവൻ കണ്ടു...

ഇപ്പൊ കാണിച്ചു തരാമെന്ന മട്ടിൽ ചിരിച്ചു കൊണ്ടവൻ എല്ലാവരും കാൺകെ വാതിൽക്കൽ വന്ന് നിന്നു... "എക്സ്ക്യുസ് മി സർ.. " അമിതിന്റെ ശബ്ദം കേട്ട് ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുകയായിരുന്ന അനിൽ സാർ വാതിൽക്കലേക്ക് നോക്കി.. അടുത്ത നിമിഷം സാറിന്റെ കണ്ണുകൾ ആര്യയിലേക്കായി.. അമിതിനെ കണ്ട് അവളുടെ കണ്ണുകളിൽ ദേഷ്യം വർധിച്ചു വരുന്നത് കണ്ടതും രണ്ടു പേരും ഇനി അടി തുടങ്ങാനുള്ള ഭാവം ആണോ എന്ന സംശയത്തിൽ സാർ അവനെ നോക്കി.. സാറിന്റെ നോട്ടം മനസ്സിലായത് കൊണ്ട് തന്നെ അമിത് നോട്ടം അനിയിലേക്ക് ചലിപ്പിച്ചു.. "സാർ.. അടിയന്തിരമായി ഒരു മീറ്റിംഗ് ഉണ്ട്.. അതിന് ചെയർ പേഴ്‌സണെ വിളിക്കാൻ വന്നതാണ് ഞാൻ.." ഇതായിരുന്നോ കാര്യം എന്ന് മനസ്സിൽ വിചാരിച്ച് അല്പം ആശ്വാസത്തോടെ അനിൽ സാർ ശ്വാസം എടുത്തു വിട്ടു... എന്നാൽ അമിതിന്റെ വാക്കുകൾ കേട്ട് അനിക്ക് വയറ്റിലൊരു കാളൽ അനുഭവപ്പെട്ടു. ഇപ്പോൾ മീറ്റിംഗ് ഉള്ള കാര്യം ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും മാത്രമല്ല ഇന്നേ വരെ മീറ്റിംഗ് ന് വിളിക്കാൻ അമിത് വന്നിട്ടില്ല..

പതിവിന് വിപരീതമായി അമിത് വന്നത് കൊണ്ട് തന്നെ അവളിൽ ഭയം നിറഞ്ഞു... അവൾ തല താഴ്ത്തി ആര്യയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... അനിയോട് പോകാൻ പറയാനായി സർ അവളെ നോക്കിയതും ആര്യയുടെ മുഖഭാവം കണ്ട് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ അമിതിനെ നോക്കി.... തന്നെ കിട്ടിയാൽ ചോര ഊറ്റി കുടിക്കുമെന്ന അവസ്ഥയിൽ ഇരിക്കുന്ന ആര്യയെ കണ്ട് അമിത് ഉള്ളിൽ പൊട്ടിച്ചിരിച്ചു.. സ്വമേധയാ അനി ഇറങ്ങി വരില്ലെന്നും സാറിന്റെ നിൽപ്പ് കണ്ട് ഇന്ന് അനുവാദം കൊടുക്കില്ലെന്നും അറിയാവുന്നത് കൊണ്ട് അമിത് ഒട്ടും മടിക്കാതെ പേടിക്കാതെ ക്ലാസ്സിലേക്ക് കയറി.. നേരെ അനിയുടെ സീറ്റ് ലക്ഷ്യം വെച്ച് നടന്നു... തല താഴ്ത്തി ഡസ്കിൽ കിടക്കുന്ന അനിയുടെ കയ്യിൽ പിടിച്ചതും ഞെട്ടലോടെ അനി തല പൊന്തിച്ചു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ തല ചെരിച്ച് ആര്യയെ നോക്കി.. ആ സമയം ആര്യ ദേഷ്യത്തോടെ എഴുന്നേറ്റു നിന്നു.... "അതേയ്.. മീറ്റിംഗ്ന് ചെയർ പേഴ്‌സൺ മാത്രം മതി.. ബോഡിഗാർസ് വേണ്ട.."

ആര്യയോട് അവിടെ ഇരിക്കാൻ ആംഗ്യം കാണിച് വാക്കുകൾ തൊടുത്തു വിട്ടു കൊണ്ട് അമിത് അനിയെ നോക്കി കണ്ണിറുക്കി... കണ്ണിൽ കോപത്തിന്റെ അഗ്നി ജ്വലിപ്പിച്ച് വേദന ഉണ്ടെന്ന് നോക്കാതെ ആര്യ കൈ രണ്ടും ഡസ്കിൽ അമർത്തി അടിച്ചു കൊണ്ട് അവിടെ ഇരുന്നു..... അനിൽ സാറിനോട്‌ പുഞ്ചിരിച്ചു കൊണ്ട് സാറിനെ മറികടന്നു കൊണ്ട് അമിത് അനിയുടെ കയ്യിൽ നിന്ന് പിടി വിടാതെ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.. ഈ സമയം അനിൽ സാറിന്റെ കണ്ണുകൾ അനിയുടെ കൈകളിൽ പതിഞ്ഞ അമിതിന്റെ കൈയിലേക്കായിരുന്നു.. തന്നിൽ നിന്നെന്തൊക്കെയോ നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിൽ സാറിന്റെ ഹൃദയം തേങ്ങി.... അമിതിനൊപ്പം പോയ അനിയുടെ ദയനീയ ഭാവം ആര്യയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. എത്രയൊക്കെ ദേഷ്യം അടക്കാൻ ശ്രമിച്ചിട്ടും അവൾക്കതിനായില്ല.. അമിത് അനിയെ എന്തെങ്കിലും ചെയ്യുമോ എന്ന തോന്നൽ അവളിൽ ശക്തമായി... അനിയെ ഒരിക്കലും കരയിക്കില്ലെന്ന വാക്ക് അവൾ ഓർത്ത് കൊണ്ട് എഴുന്നേറ്റു നിന്ന് സാറിനെ വിളിച്ചു..

ആര്യ വിളിച്ചപ്പോഴാണ് ഇത്രയും നേരം താൻ അനി പോയതും നോക്കി നിൽക്കുവായിരുന്നെന്ന് സാറിന് മനസ്സിലായത്.. "സാർ.. എനിക്ക് ലൈബ്രറിയിൽ പോകണം.. " എങ്ങനെ എങ്കിലും അനിയുടെ അടുത്തെത്താൻ ഇത് തന്നെ പറ്റിയ മാർഗം എന്നവൾക്ക് തോന്നി.. എന്നാൽ അവിടെയും നിരാശ ആയിരുന്നു ഫലം.. "നോ... ക്ലാസ്സ്‌ ടൈമിൽ ലൈബ്രറിയിലേക്ക് പോകാൻ അനുവാദം നൽകാൻ കഴിയില്ല.. പ്രിൻസിയുടെ കർശന നിർദ്ദേശം ഉണ്ട്.... സോ.. പ്ലീസ്.." ആര്യയെ ഇപ്പോൾ വിട്ടാൽ അവർ തമ്മിൽ വലിയ പ്രശ്നം ഉണ്ടാക്കുമോ എന്ന ഭയം കാരണം അവളോട്‌ ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് സാർ പോകുന്നതിൽ നിന്ന് വിലക്കിയതും വേറെ നിർവാഹമില്ലാത്തതിനാൽ ആര്യ അവിടെ ഇരുന്നു........ "ഈ അമിത് ഇതെവിടെ പോയി.. എന്തെങ്കിലും ഏടാകൂടത്തിൽ ചെന്ന് ചാടിയോ.. " അമിത് എന്ത് ചെയ്യാനാണ് പോയിരിക്കുന്നെ എന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടാത്തത് കൊണ്ട് നഖവും കടിച്ച് അമിത് വരുന്നതും നോക്കി ഈശ്വർ എഴുന്നേറ്റും ഇരുന്നും അങ്ങോട്ടും ഇങ്ങോട്ടും നടന്നും സമയം നീക്കി..

ആ സമയം അമിത് വരുന്നത് കണ്ടതും ഈശ്വർ ചിരിച്ചു കൊണ്ട് അവിടേക്ക് നോക്കി.. അടുത്ത ക്ഷണം അവന്റെ പിറകെ അവന്റെ കയ്യും പിടിച്ച് വരുന്ന അനിയെ കണ്ടതും ഈശ്വറിന്റെ കിളികൾ പാറി... ഒരു പാവ കണക്കെ അനി അമിതിന്റെ കൂടെ നടന്നു.. പേടിച്ചിറുകിയ അവളെ ഒന്ന് തിരിഞ്ഞു നോക്കി അവൻ അക്ഷിതിന്റെ അടുത്ത് കൊണ്ടിരുത്തി.. അവളുടെ അടുത്ത് അമിതും ഇരുന്നു... ഇരുവർക്കും നടുവിൽ ഇരിക്കുന്ന അനിയെ നോക്കി ഈശ്വർ വായും പൊളിച്ചു നിന്നു. "അമിതേ.. നിനക്കിത് എന്തിന്റെ കേടാ.. ആര്യ ഇപ്പോൾ ഇങ്ങെത്തും.. " ഈശ്വർ മുന്നറിയിപ്പ് കൊടുത്തെങ്കിലും അമിത് അതിനെ ചിരിച്ചു തള്ളി.. അനിയാണേൽ ഇപ്പോൾ കരയുമെന്ന അവസ്ഥയിൽ തല താഴ്ത്തി അക്ഷിതിനോട് ചേർന്നിരുന്നു.. "ഏയ്‌.. എന്താ ഇത്.. പേടിക്കേണ്ട.. ഇവനിതൊക്കെ ചുമ്മാ കാണിക്കുന്നതല്ലേ.. ഇങ്ങനെ പേടിച്ചാലോ.." അക്ഷിത് അനിയെ തല ചെരിച്ചു നോക്കി സമാധാനിപ്പിച്ചു.. അക്ഷിതിന്റെ വാക്കുകൾ കേട്ട് അനിക്ക് സമാധാനം ആയെങ്കിലും അരികിൽ ഇരിക്കുന്ന അമിതിന്റെ സാമിപ്യം അവളിൽ ഭയവും വെപ്രാളവും വർധിപ്പിച്ചു..

"എന്താ അമീ ഈ കാണിക്കുന്നേ.. പാവം.. ആകെ പേടിച്ചിട്ടുണ്ട്.. " "ഹഹഹ.. ഏട്ടാ.. ഇവളുടെ ഫ്രണ്ട്ന് ദേഷ്യം അല്പം കൂടുതലാ.... അതൊന്ന് കൂടി കൂട്ടണം.. അവളൊന്ന് ഹാലിളകട്ടെ.. " ചിരിച്ചു കൊണ്ട് അനിയെ നോക്കി അമിത് പറഞ്ഞതും അക്ഷിത് തലയാട്ടി ചിരിച്ചു.. തന്നോടുള്ള അനിയുടെ പേടി മാറ്റണം എന്ന ഉദ്ദേശം വെച്ച് അവളെ സമാധാനിപ്പിക്കാൻ വേണ്ടി അമിത് അവളുടെ തോളിലൂടെ കൈ ഇടാൻ വേണ്ടി ഉയർത്തിയതും തന്നെ അടിക്കാൻ ഓങ്ങുകയാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് അനി അക്ഷിതിനോട് ഒട്ടി ഇരുന്നു കൊണ്ട് അവന്റെ തോളിൽ തല വെച്ച് പൊട്ടി കരഞ്ഞു... ആ സമയം തന്നെ ബെൽ അടിച്ചതും ഈശ്വർ ഷോക്കടിച്ച പോലെ മൂവരെയും നോക്കി.. ആര്യ ഇപ്പോൾ തന്നെ പാറി പറന്ന് വരുമെന്ന് തന്റെ മനക്കണ്ണ് കൊണ്ട് അവൻ കണ്ടു.. ഉടനെ തന്നെ അവൻ മെല്ലെ അവിടെ നിന്നും മുങ്ങി.. അനിയുടെ കരച്ചിൽ കണ്ട് അമിതിന് ആകെ വല്ലാണ്ടായി... മുഖം വാടി കൊണ്ട് അമിത് അക്ഷിതിനെ നോക്കിയതും സാരമില്ല എന്നർത്ഥത്തിൽ അവൻ കണ്ണുകൾ അടച്ചു തുറന്നു...

അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കെന്ന് അക്ഷിതിനോട് കണ്ണുകൾ കൊണ്ട് പറഞ്ഞ് അമിത് ഈശ്വറിന് പിറകെ പോയി...... ഈശ്വർ മനസ്സിൽ കണ്ട പോലെ ആര്യ അനിയെ തിരഞ്ഞ് കോളേജിൽ ഓടി നടന്നു.. മീറ്റിംഗ് നടക്കുന്നിടം ശൂന്യമായി കണ്ടതും അവളുടെ ഉള്ള് കോപം കൊണ്ട് നിറഞ്ഞു... എല്ലായിടത്തും അന്വേഷിച്ചൊടുവിൽ അവർ ഇരിക്കുന്നിടത്തേക്ക് അവൾ ഓടി കിതച്ചെത്തി... അക്ഷിതിന്റെ തോളിൽ തലവെച്ച് കരയുന്ന അനിയെ കണ്ടതും അവളുടെ സകല നിയന്ത്രണവും പോയി.. "അനീ.... " ഉച്ചത്തിൽ അവൾ വിളിച്ചതും അനി ഞെട്ടി കൊണ്ട് എഴുന്നേറ്റു.. ആര്യയെ കണ്ടതും അവളുടെ തേങ്ങൽ കൂടി.. ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു കരയുമ്പോഴും ആ തേങ്ങൽ അക്ഷിതിന് കേൾക്കാമായിരുന്നു... അനിയെ ചേർത്ത് പിടിച്ചു കൊണ്ട് ആര്യ കോപത്തോടെ അക്ഷിതിനെ നോക്കി..

എന്നാൽ അവരെ നോക്കി പുഞ്ചിരി തൂകി കൊണ്ട് ബുക്ക്‌സ് കയ്യിൽ എടുത്തു കൊണ്ട് അവൻ ലൈബ്രറിയിലേക്ക് നടന്നു.. അനി തന്നെ ഇറുകി നിൽക്കുന്നതിനാൽ ആര്യയ്ക്ക് ഒന്നും ചെയ്യാനായില്ല.. അവൻ പോകുന്നതും നോക്കി പല്ലിറുമ്പി കൊണ്ടവൾ അനിയെ സമാധാനിപ്പിച്ചു.. അവളെയും ചേർത്ത് പിടിച്ചു കൊണ്ട് ആര്യ നടന്നു.. "എന്താ ഉണ്ടായേ അനീ.. പറ.. അവൻ നിന്നെ ഉപദ്രവിച്ചോ " അനി ഒന്ന് ഓക്കേ ആയെന്ന് തോന്നിയതും ആര്യ കാര്യങ്ങൾ അറിയാൻ തിടുക്കം കൂട്ടി "ഇല്ല വാവീ.. ഒന്നും ചെയ്തിട്ടില്ല.. എന്നെ കൊണ്ട് വന്ന് ഇവിടെ ഇരുത്തി.. ഒന്നും പറഞ്ഞിട്ട് പോലും ഇല്ല.. പക്ഷെ.. ഞാൻ പേടിച്ചു പോയി.. " അനിയുടെ നനവ് മാറാത്ത കണ്ണുകൾ കണ്ട് ആര്യയുടെ പക കൂടി... അമിതിന് ഇനി തന്നിൽ നിന്നൊരു വിട്ടു വീഴ്ചയുമില്ലെന്ന് അവൾ മനസ്സിൽ പറഞ്ഞു.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story