ആത്മരാഗം💖 : ഭാഗം 53

athmaragam thanseeh

രചന: തൻസീഹ് വയനാട്

അനിയേയും ചേർത്ത് പിടിച്ച് ആര്യ ക്ലാസ്സിലേക്ക് പോയതും മറഞ്ഞു നിൽക്കുകയായിരുന്ന അമിത് ചിരിച്ചു കൊണ്ട് പ്രത്യക്ഷത്തിലേക്ക് വന്നു.. രണ്ടു കയ്യും ഇടുപ്പിൽ വെച്ച് അവരെ നോക്കി നിൽക്കുന്ന അമിതിനെ നോക്കി മറ്റൊരാൾ തൂണിന് പിറകിൽ ഉണ്ടായിരുന്നു. അത് മറ്റാരും ആയിരുന്നില്ല.. തന്റെ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങൾ കൂട്ടിയും കിഴിച്ചും അമിതിന്റെ ഭാവമാറ്റത്തെ താരതമ്യം ചെയ്തും ഈശ്വർ തൂണിനോട് ചാരി നിന്ന് ഉത്തരത്തിലേക്കെന്നെ പോലെ മേൽപ്പോട്ടും നോക്കി ചിന്തയിൽ മുഴുകി.. പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്ത് അക്ഷിത് റഫറൻസ് നോട്സ് ലൈബ്രറിയിൽ വെക്കാനായി നടന്നു നീങ്ങിയിരുന്നു... ആര്യയും അനിയുമായി ക്ലാസ്സിൽ കയറുന്നത് വരെ അവളുടെ കണ്ണുകൾ തന്നെ പരതുകയായിരുന്നെന്ന് തിരിച്ചറിഞ്ഞ അമിത് അവർ പോകും വരെ അവളുടെ കണ്ണിൽ പെടാതെ മാറി നിന്നു...

അവർ ക്ലാസ്സിൽ കയറിയെന്ന് ഉറപ്പായതും അമിത് അക്ഷിതിന്റെ അടുത്തേക്കോടി... ലൈബ്രറിയിലേക്ക് പിന്നെ പോവാമെന്ന് പറഞ്ഞ് അമിത് അക്ഷിതിന്റെ ഒപ്പം ക്ലാസ്സിലേക്ക് നടന്നു... കയ്യിലെ ബുക്സ് ഒതുക്കി പിടിച്ചു കൊണ്ട് അക്ഷിത് അമിതിനെ ഇടം കണ്ണിട്ട് നോക്കി. അവന്റെ മുഖത്തെ ചെറു പുഞ്ചിരി അക്ഷിതിൽ കുളിർമഴ പെയ്യിച്ചു. "അമീ.. എന്താ നിന്റെ പ്ലാൻ.." "ഒന്നുമില്ല ഏട്ടാ.. ചുമ്മാ.. അവളെയൊന്ന് വട്ടാക്കണം.. അത്രേ ഉള്ളൂ.. ദേഷ്യം കൂടട്ടെ അവൾക്ക്.. പിടി കൊടുക്കാതെ ഞാൻ കണ്മുന്നിലൂടെ ഇങ്ങനെ നടക്കും.." അവന്റെ ആക്ഷനും സംസാരവും കേട്ട് അക്ഷിത് ചിരിച്ചു.. ഏട്ടന് നേരെ കണ്ണിറുക്കി കൊണ്ട് അമിത് തുടർന്നു. "അവൾക്ക് അഹങ്കാരം ലേശം.. അല്ല ഒരുപാട് കൂടുതലാണ്.. പെൺകുട്ടികൾ സ്മാർട്ട്‌ ആവാം..പക്ഷെ ഇതിത്തിരി ഓവറാ.. അവളുടെ ഭാഗത്ത് തെറ്റില്ലെന്നറിയാം.. നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ നോക്കി നിൽക്കില്ലല്ലോ.. അതേ അവളും ചെയ്തുള്ളൂ.. പക്ഷെ... അവൾക്കൊരു മുരടൻ സ്വഭാവം ഉണ്ട്..

അതൊന്ന് കുറച്ച് ആ വീപ്പ കുറ്റി പോലെ വീർപ്പിക്കാറുള്ള മുഖത്ത് എപ്പോഴും ഒരു ചിരി കൊണ്ട് വരണം... നോക്കട്ടെ എന്നെ കൊണ്ട് അവളെ മെരുക്കാൻ കഴിയുമോ എന്ന്.. " "മ്മ്മ്.. അവസാനം നീ മെരുങ്ങേണ്ടി വരും " തമാശ രൂപേണ അക്ഷിത് പറഞ്ഞതും അമിത് പൊട്ടിച്ചിരിച്ചു... ക്ലാസ്സിൽ എത്തിയ പാടെ അവർ കണ്ടത് ഡസ്കിൽ താടിക്ക് കൈ കൊടുത്തിരിക്കുന്ന ഈശ്വറിനെയാണ്... അമിതിനെ കണ്ടതും വന്നോ എന്ന അർത്ഥത്തിൽ അവൻ അവരെ നോക്കി.. "നീയെപ്പോ കയറി.. " "എപ്പോഴോ കയറി... അവൾ യക്ഷി രൂപം പൂണ്ട് പാറി വരുന്നത് കണ്ടപ്പോഴേ ഞാൻ ഇവിടെ എത്തി.. നിനക്ക് എന്തിന്റെ കേടായിരുന്നു.. വെറുതെ വടി കൊടുത്ത് അടി വാങ്ങിക്കാൻ.." "ഒരടിയും ഇടിയുമില്ലെടാ.. ഇനി ഒതുക്കൽ മാത്രം.. " "ഈയടുത്തായി നീ പറയുന്നതൊന്നും തലയിൽ കയറുന്നില്ല.. ഒന്നും വ്യക്തമായി പറയേം ഇല്ല.. ". മുഖം കോട്ടി ഈശ്വർ പറഞ്ഞതിനോട് അമിത് ചിരിച്ചു കൊണ്ട് തല ചെരിച്ച് പുറത്തേക്ക് നോക്കി.... ************

"അവന്റെ ധൈര്യം ഞാൻ തീർത്തു കൊടുക്കുന്നുണ്ട്.. എന്റെ കണ്മുന്നിൽ നിന്നല്ലേ അവൻ നിന്നെ കൊണ്ട് പോയത്.. ഇനി ക്ഷമ ഒട്ടുമില്ല.. അവനെയൊന്ന് മുഖാമുഖം കാണണമെനിക്ക് " "വേണ്ട വാവീ .. ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ പ്രിൻസി നിന്നെ ഡിസ്മിസ് ചെയ്യും.. പിന്നെ അമിത് ചേട്ടൻ എന്നെ അടിച്ചിട്ടൊന്നും ഇല്ല.. വഴക്ക് പോലും പറഞ്ഞിട്ടില്ല.. വെറുതെ ഞാൻ പേടിച്ചു പോയതാ.." "നീയവനെ ന്യായീകരിച്ച് ഒന്നും പറയേണ്ട. കണ്ണിൽ കണ്ടു എല്ലാം ഞാൻ... " ക്ലാസ്സിൽ എത്തി ഏറെ നേരം കഴിഞ്ഞിട്ടും ആര്യയുടെ ദേഷ്യം കുറക്കാൻ അനി എത്ര ശ്രമിച്ചിട്ടും അവൾക്കതിന് കഴിഞ്ഞില്ല... ആര്യയോട് പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് മനസ്സിലാക്കിയ അനി മുഖം തിരിച് ബുക്കിലേക്ക് കണ്ണും നട്ടിരുന്നു.. ആര്യ തന്റെ ദേഷ്യം അടക്കാൻ വേണ്ടി ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു... തന്റെ ശ്രദ്ധ ബുക്കിലേക്കെത്ര കൊടുത്തിട്ടും പല തവണ അനിയതിൽ നിന്ന് വ്യതിചലിച്ചു.. കുറച്ചു മുൻപ് നടന്നതൊക്കെ ഓർത്ത്‌ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.

എത്ര സങ്കടം ഉണ്ടെങ്കിലും ആർക്ക് മുന്നിലും കരയാത്ത താൻ അവർക്ക് മുന്നിൽ പേടിച്ച് കരഞ്ഞതോർത്ത് അവൾ കണ്ണിമ ചിമ്മി മുഖം പൊത്തിയിരുന്നു.. അപ്രതീക്ഷിതമായ അമിതിന്റെ പ്രവർത്തിയിൽ മനസ്സിൽ അല്പം പേടി വന്നത് കൊണ്ടാണ് അനി കരഞ്ഞത്.. അവർ തന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും എന്ന ചിന്ത അവളെ അലട്ടി.. മുഖത്ത് തെളിഞ്ഞ ലജ്ജ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു..ഓരോന്നോർത്തവൾ ഡസ്കിൽ തല ചായ്ച്ചു കിടന്നു.... ഈ സമയം പുറത്ത് നിന്ന് കണ്ണുകളെടുത്ത് അനിയിലേക്ക് മുഖം തിരിച്ച ആര്യ കണ്ടത് ഡസ്കിൽ തല വെച്ച് കിടക്കുന്ന അനിയെ.. മുഖം അപ്പുറത്തേക്ക് തിരിച്ചു കിടക്കുന്നത് കൊണ്ട് തന്നെ അനിയുടെ മുഖത്തെ ഭാവം അറിയാത്ത ആര്യ, അമിതിന്റെ പ്രവർത്തി കാരണം അനിയിൽ നിന്നിപ്പോഴും ഭയം വിട്ട് മാറിയിട്ടില്ലെന്ന് തെറ്റിദ്ധരിച്ചു... അത് മതിയായിരുന്നു അവളിലെ ദേഷ്യം വർധിക്കാൻ.. താൻ കൂടെ ഉണ്ടായിട്ടും അനിയെ സംരക്ഷിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന ചിന്ത അവളെ തളർത്തി..

കോളേജിലെ എല്ലാവരേയും അടക്കി വാഴുന്ന അമിതിന് ഇനിയൊരു വാർണിങ് തന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ലെന്നവൾ ശപദം ചെയ്തു... അവനെയൊന്ന് നേരിൽ കണ്ടു കിട്ടാൻ അവളുടെ കണ്ണുകളിലെ പക കൊതിച്ചു.... ലഞ്ച് ബ്രേക്ക്‌ ആയതും അമിതും അക്ഷിതും ഈശ്വറും ക്യാന്റീനിലേക്ക് നടന്നു.. അവിടെ എത്തിയപ്പോൾ ഒരു മൂലയിൽ അനിയും ആര്യയും ഇരിക്കുന്നതവൻ കണ്ടു... അവരുടെ അടുത്തേക്ക് പോകാതെ കുറച്ചു ദൂരെയായി അവർ ഇരുന്നു... മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മറവിലൂടെ അമിത് ആര്യയെ നോക്കി കൊണ്ടിരുന്നു... തന്നെ അരിച്ചു പെറുക്കുന്ന അവളുടെ കണ്ണുകളിൽ പെടാതെ അവളെ ഇട്ട് വട്ടം കളിപ്പിക്കാൻ അവൻ തീരുമാനിച്ചു... അവളുടെ കണ്ണുകൾ അമിത് ഇരിക്കുന്ന ഭാഗത്തേക്ക് ചലിക്കുന്ന നേരം അവൻ തല ചെരിച്ച് അവൾക്ക് പിടി കൊടുക്കാതെ ഇരുന്നു...അവളുടെ ദേഷ്യം വന്ന മുഖം പലപ്പോഴായി അവനിൽ ചിരി നിറച്ചു.... ഭക്ഷണം കഴിക്കുന്നതിനിടയിലെ അമിതിന്റെ ചുറ്റിക്കളിയിൽ കണ്ണും മിഴിച്ചിരിക്കുവാണ് ഈശ്വർ..

അമിത് കൈവിട്ട് പോയോ എന്ന് അവൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു... ആര്യയെ അവൾ അറിയാതെ അമിത് വീക്ഷിക്കുമ്പോൾ അമിതിനെയും ആര്യയെയും മാറി മാറി അവർ അറിയാതെ ഈശ്വർ വീക്ഷിച്ചു കൊണ്ടിരുന്നു.. ആര്യ കഴിച്ചെഴുന്നേൽക്കുന്നതിന് മുൻപ് പെട്ടന്ന് കഴിച്ച് തീർത്തു കൊണ്ട് അമിത് വേഗം മാറി നിന്നു.. അവന്റെ ഒളിച്ചും പതുങ്ങിയുമുള്ള പ്രവർത്തിയിൽ ഒരായിരം കിളികൾ പോയി ഇരിക്കുന്ന ഈശ്വറിന്റെ കണ്ണുകൾ നേരെ ചെന്നത് ആര്യയിൽ.. തന്നെ തുറിച്ചു നോക്കുന്ന അവളെ കണ്ട് കണ്ണുകൾ ഞെട്ടി കൊണ്ടവൻ ഇളിച്ചു.. അമിത് അവരുടെ കൂടെ ഇല്ലെന്ന് മനസ്സിലാക്കിയ ആര്യ അനിയേയും കൂട്ടി ക്ലാസ്സിലേക്ക് പോയി..... അമിതിനെ എങ്ങനെ നേരിടുമെന്ന ചിന്തയിൽ ആര്യ ഡസ്കിൽ കൈകൾ അമർത്തി.. അനി വാതോരാതെ അപ്പുറത്ത് ഡസ്കിൽ കയറി ഇരുന്ന് മറ്റുള്ളവരോട് സംസാരിക്കുന്നുണ്ട്..

അവൾക്കെല്ലാം കുട്ടിക്കളി ആണെന്നും അവളുടെ ഈ സ്വഭാവത്തെ അമിത് മുതലെടുത്തു കൊണ്ട് അവളെ മനഃപൂർവം ഉപദ്രവിക്കുകയാണെന്ന് ആര്യ ചിന്തിച്ചു... അമിതിന് ശക്തമായ പ്രഹരം തന്നെ നൽകണമെന്നവൾ ഉറപ്പിച്ചു.. പക്ഷെ എങ്ങനെ എന്ന ചിന്ത അവളിൽ നിന്നുയർന്നതും അവളുടെ കണ്ണുകൾ വീണ്ടും പുറത്തേക്ക് ചലിച്ചു... ആ സമയം കയ്യിൽ ബുക്കുകളുമായി നടന്നു പോകുന്ന അക്ഷിതിനെ ക്ലാസ്സിൽ ഇരുന്ന് ഒരു മിന്നായം പോലെ അവൾ കണ്ടു.....ഉടനെ അവളുടെ ചുണ്ടിൽ വിജയഭാവത്തോടെ ഒരു ചിരി വിരിഞ്ഞു.. അനിയനെ തകർക്കാൻ ഏട്ടൻ തന്നെ നല്ലതെന്നവൾ കണക്ക് കൂട്ടി... അവൻ ലൈബ്രറിയിലേക്കാണ് പോകുന്നതെന്ന് ഊഹിച്ച ആര്യ അനിയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.. ചളി പറഞ്ഞ് ചിരിക്കുന്ന തിരക്കിൽ ആയത് കൊണ്ട് അനി മറുത്തൊന്നും ചോദിചില്ല... മനസ്സിൽ പല തീരുമാനങ്ങളുമായി ആര്യ ലൈബ്രറിയിലേക്ക് നടന്നു.. ************ ലൈബ്രറിയിലേക്ക് കയറാൻ നിന്നതും ക്ലാസ്സിൽ കയറാനുള്ള ബെൽ അടിച്ചു..

ലൈബ്രറിയിൽ ആകെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ.. ബെൽ കേട്ട് എല്ലാവരും ബുക്ക്‌ എടുത്തു വെച്ച് പുറത്തേക്കിറങ്ങി.. ലൈബ്രറിയിലെ സാറും എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയി.. എല്ലാവരും പോയെന്ന് ഉറപ്പാക്കി കൊണ്ടവൾ ആ ലൈബ്രറി മൊത്തം തന്റെ കണ്ണുകൾ കൊണ്ട് പരതി... ഒരാൾ പോലുമില്ലെന്ന് കണ്ണുകൾ കാണിച്ചു കൊടുത്തതും പിന്നെ അക്ഷിത് എവിടെ പോയെന്ന ചിന്തയോടെ അവൾ തിരിച്ചു പോകാനായി തിരിഞ്ഞു... കാലുകൾ മുന്നോട്ടെടുത്തതും പെട്ടന്ന് ഏതോ മൂലയിൽ നിന്ന് ബുക്സ് വീഴുന്ന ശബ്ദം അവളുടെ കാതിൽ പതിഞ്ഞതും അവൾ തന്റെ കാലുകളെ നിശ്ചലമാക്കി.. ശബ്ദം കേട്ട ഭാഗത്തേക്കവൾ തന്റെ കണ്ണുകൾ ചലിപ്പിച്ച് ശരീരം തിരിച്ചു.. മെല്ലെ നടന്നു കൊണ്ടവൾ ഏറ്റവും പിറകിലായുള്ള ഷെൽഫിലേക്ക് നീങ്ങി... കൈകൾ ഷെൽഫിൽ വെച്ച് അവൾ മുഖം മുന്നോട്ട് കൊണ്ട് പോയി.. അവിടെ, താഴെ കിടക്കുന്ന ബുക്സ് കയ്യിലെടുക്കുന്ന അക്ഷിതിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. പുച്ഛം നിറഞ്ഞ ചിരിയോടെ അവൾ കൈകൾ പിണച്ചു വെച്ച് കൊണ്ട് അവനെ ഉറ്റു നോക്കി..

ബുക്സ് എല്ലാം കയ്യിൽ എടുത്ത് മുഖം ഉയർത്തി എഴുന്നേൽക്കാൻ നിന്നതും തന്നെ തുറിച്ചു നോക്കുന്ന ആര്യയെ പെട്ടന്ന് മുന്നിൽ കണ്ട് അവനൊന്ന് ഞെട്ടി.. അടുത്ത നിമിഷം തന്നെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ ബുക്സ് യഥാ സ്ഥാനത്ത് വെക്കാൻ തുടങ്ങി. അവളെ കണ്ടിട്ടും യാതൊരു കുലുക്കവും ഇല്ലാത്ത അക്ഷിതിന്റെ പെരുമാറ്റം കാരണം ആര്യയുടെ മുഖം വലിഞ്ഞു മുറുകി.. പുഞ്ചിരിയോടെ ബുക്സ് എല്ലാം ഷെൽഫിൽ വെച്ച് തനിക്കാവശ്യമായ ബുക്ക്‌ കയ്യിൽ പിടിച്ചു കൊണ്ട് അക്ഷിത് ക്ലാസ്സിലേക്കു പോകാനായി തിരിഞ്ഞു...ആര്യയെ ഒന്ന് നോക്കി ചിരിച്ചു കൊടുത്തു കൊണ്ട് അവൾക്കരികിലൂടെ പോയതും പെട്ടന്ന് ആര്യ അവന്റെ കയ്യിൽ കയറി പിടിച്ച് തന്റെ മുന്നിലേക്ക് നിർത്തി... അവൾ പിടിച്ച തന്റെ കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി മറു കൈ കൊണ്ട് അക്ഷിത് തന്റെ കണ്ണട ശെരിയാക്കി അവൾക്കൊരു പുഞ്ചിരി കൊടുത്തു.. തന്നെ ഒരു വിലയുമില്ലാത്ത അവന്റെ പ്രവർത്തി അവളിൽ ദേഷ്യം വർധിപ്പിച്ചു..

"എന്തിനാ നിന്റെ അനിയൻ മീറ്റിംഗ് ഉണ്ടെന്ന് കള്ളം പറഞ്ഞ് അനിയെ വിളിച്ചു കൊണ്ട് പോയത്.." രൂക്ഷമായി അവനെ നോക്കി കൊണ്ട് ആര്യ ചോദിച്ചതും അക്ഷിത് ചുമൽ കൂച്ചി കൊണ്ട് അറിയില്ലെന്ന ഭാവത്തിൽ നിന്നു... "നിനക്കറിയില്ലേ ഡാ... എന്തോ ഉണ്ടായിട്ടുണ്ടെന്നെനിക്കറിയാം.. എന്നോട് പറയുന്നതാ നിനക്ക് നല്ലത്.. വാ തുറന്നു പറയെടാ എന്തിനാ അവളെ കൊണ്ട് പോയത്.. പേടിച്ചു വിറച്ച് അവൾ കരഞ്ഞതെന്തിനാ... " അവളിൽ നിന്നുതിർന്നു വീഴുന്ന ഓരോ വാക്കുകൾക്കും അറിയില്ലെന്ന ഭാവം ആയിരുന്നു അക്ഷിതിന്റെ മറുപടി... തലയാകെ പെരുത്ത ആര്യ അവന്റെ നേരെ രണ്ടടി വെച്ച് അവനെ ദേഷ്യത്തോടെ നോക്കി... അവളിൽ നിന്നും കൈ വിടുവിച്ച് കൊണ്ട് അക്ഷിത് യാതൊരു സങ്കോചവും കൂടാതെ അവളെ നോക്കി ചിരിച്ചു കൊണ്ട് അവളെ മറി കടന്നു പോയി.. പൊടുന്നനെ ആര്യ പിന്നിലേക്ക് തിരിഞ്ഞ് വാതിൽക്കലേക്ക് കാലടികൾ വെച്ചു .. വാതിൽ പടിയിൽ തന്റെ കാൽ വെച്ചു കൊണ്ടവൾ പോകുന്നതിൽ നിന്ന് അക്ഷിതിനെ തടഞ്ഞു...

"അങ്ങനെ അങ്ങ് പോയാലോ... എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ നീ ഇവിടുന്ന് പോവില്ല... " ഒരു കൈ വാതിലിൽ കുറുകെ വെച്ചു കൊണ്ടവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു.. ആ സമയം പുറത്തേക്കും കയ്യിലെ വാച്ചിലേക്കും അക്ഷിത് നോക്കി.. "പ്ലീസ്.. ബെൽ അടിച്ചിട്ട് കുറച്ചു നേരമായി.. പ്രൊജക്റ്റ്‌ പ്രസന്റ് ചെയ്യേണ്ട ഹവർ ആണിത്.. പ്ലീസ് ഞാൻ പൊക്കോട്ടെ " ദയനീയമായി മയത്തിൽ അക്ഷിത് പറഞ്ഞിട്ടും ആര്യ ഒരടി അനങ്ങിയില്ല.. അവളിൽ യാതൊരു മാറ്റവും ഇല്ലെന്ന് മനസ്സിലാക്കിയ അക്ഷിത് പിന്നീടൊന്നും മിണ്ടിയില്ല.. ചുമരിൽ ചാരി നിന്ന് കയ്യിലെ ബുക്ക്‌ മറിച്ചവൻ അതിലേക്ക് കണ്ണും നട്ടു.... താൻ ചോദിക്കുന്നതിനൊക്കെ അറിയില്ലെന്ന അവന്റെ ഭാവവും ഒട്ടും പേടിക്കാതെയുള്ള ആ നിൽപ്പും കണ്ട് ആര്യയുടെ ക്ഷമ നശിച്ചു.. അവളുടെ രക്തം തിളച്ചു വരാൻ താമസം ഉണ്ടായിരുന്നില്ല.. അവന് നേരെ നിന്ന് കൊണ്ട് അവൾ അവന്റെ മുഖം പിടിച്ചുയർത്തി.. "നിനക്ക് നാവില്ലെടാ.. ചോദിച്ചതും പറഞ്ഞതും ഒന്നും കേട്ടിട്ടുമില്ലേ. പറയെടാ നിന്റെ അനിയൻ എന്തിനാണ് അവളെ കൊണ്ട് പോയത്... ആര്യ ആരാണെന്ന് നിന്റെ അനിയൻ നല്ലത് പോലെ മനസ്സിലാക്കി കാണും.. നിനക്കും അറിയണോ ഡാ ഈ കയ്യിന്റെ ചൂട്..

" മുഖം വലിഞ്ഞു മുറുകി ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ട് ആര്യ അവനെ നോക്കി.. ദേഷ്യം കൊണ്ടവളുടെ ചുണ്ടുകൾ വിറച്ചു.. എന്നാൽ.. അവളെ ക്ഷമയുടെ നെല്ലിപ്പലകയിൽ നിർത്തിക്കുന്ന പോലെ വീണ്ടും അക്ഷിത് അവളെ നോക്കി പുഞ്ചിരിച്ചു എന്നല്ലാതെ ഒരു വാക്കും മിണ്ടിയില്ല.. അതും കൂടി ആയതും അവൾ കണ്ണിറുക്കി അടച്ച് പല്ലിറുമ്പി മുഷ്ടി ചുരുട്ടി കൊണ്ടവൾ അവന് നേരെ നിന്ന് ചുമരിൽ ആഞ്ഞിടിച്ചു... കൈ നന്നായി വേദനി ച്ചെങ്കിലും അവനെ ഒരു നോട്ടം നോക്കി കൊണ്ട് പലതിനും മുന്നറിയിപ്പ് നൽകുന്ന പോലെ അവന് നേരെ വിരൽ ചൂണ്ടി അവിടെ നിന്നും തിരിഞ്ഞു നടന്നു.... അവളുടെ കോപ്രായങ്ങൾ കണ്ട് അക്ഷിതിന് പൊട്ടിച്ചിരിക്കാൻ തോന്നി... അവളുടെ വേഗത്തിൽ ഉള്ള പോക്ക് കണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ടവൻ ചിരി ഒതുക്കി.. ആ സമയം തന്റെ ഇടത്തെ ചുമലിൽ ആരോ താടി അമർത്തിയതും അക്ഷിതിന്റെ ചിരി വീണ്ടും വിരിഞ്ഞു.. അമിതിന്റെ സാമിപ്യം മനസ്സിലാക്കി കൊണ്ട് അക്ഷിത് അവനെ തലോടി.. "ആ പോയ സാധനം വല്ലാത്തൊരു ജന്മം തന്നെയാ ..

അല്ലേ ഏട്ടാ.. ഇത് പോലൊരെണ്ണം ഇനി സ്വപ്‌നങ്ങളിൽ മാത്രം.. അവളെ മെരുക്കാൻ കുറച്ചു പാട് പെടേണ്ടി വരുമല്ലോ.. " അമിത് പറഞ്ഞത് കേട്ട് അക്ഷിത് അവനെ ഇടം കണ്ണ് കൊണ്ട് നോക്കി ചിരിച്ചു കൊണ്ടവന്റെ കവിളിൽ മെല്ലെ കൊട്ടി..... ************ ആര്യ ക്ലാസ്സിൽ എത്തിയപ്പോഴേക്കും മിസ്സ്‌ ക്ലാസ്സിൽ എത്തി കഴിഞ്ഞിരുന്നു... കയറാൻ അനുവാദം കിട്ടിയതും ആര്യ ആരെയും നോക്കാതെ തന്റെ സീറ്റിൽ ചെന്നിരുന്നു.. "എവിടെ പോയതാ വാവീ.. കുറച്ചു നേരമായല്ലോ നീ പോയിട്ട്" അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും കത്തുന്ന ഒരു നോട്ടത്തോടെ ആര്യ അവളിൽ നിന്നും മുഖം തിരിച്ചു.. എന്താ ഉണ്ടായേ എന്ന് മനസ്സിലാവാതെ അനി കുറച്ചു നേരം അവളെയും നോക്കി ഇരുന്നു... അവളിൽ ഗൗരവം തന്നെ ആണെന്ന് മനസ്സിലാക്കിയ അനി പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല.... "ഹാ.. നീ ഇതെവിടെയായിരുന്നു.. മറന്നോ അടുത്ത ഹവർ ആണ് മീറ്റിംഗ് കൂടേണ്ടത്.. താത്കാലിക ഗ്രൗണ്ട്നായുള്ള സ്ഥലം പെട്ടന്ന് കണ്ടെത്തേണ്ടേ..... " "ആഹ്. വേണം.. മീറ്റിംഗ് ന്റെ കാര്യം മറന്നിട്ടൊന്നുമില്ല..

എല്ലാവരോടും പറഞ്ഞല്ലോ അല്ലേ," "അനിയോടൊഴികെ എല്ലാവരോടും പറഞ്ഞു.. അവളോട്‌ പറയാൻ പേടിയാ.. ആര്യ എന്റെ കഴുത്തറുക്കും " "ഒന്നും വരില്ല.. മറ്റാരോടേലും പറഞ്ഞേക്ക് അനിയെ ചെന്ന് വിളിക്കാൻ..." ആര് പോകാൻ എന്ന് ചിന്തിച്ച് താടിക്കും കൈ കൊടുത്തു കൊണ്ട് ഈശ്വർ ഇരുന്നു.. അല്പം സമയം കഴിഞ്ഞ് മീറ്റിംഗ് ന്റെ പേര് പറഞ്ഞ് ഈശ്വർ പുറത്തേക്കിറങ്ങി.. അടുത്ത ഹവറോടെ ക്ലാസ്സ്‌ അവസാനിക്കുമെന്നതിനാൽ അമിതും മീറ്റിംഗ് ന്റെ പേര് പറഞ്ഞ് മീറ്റിംഗ് ഹാളിലേക്ക് നടന്നു... കസേരകൾ ശെരിയാക്കുന്ന തിരക്കിൽ ആയിരുന്നു ഈശ്വർ അവിടെ.. ലാസ്റ്റ് ഹവർ കഴിഞ്ഞ് ബെൽ അടിച്ചതും പാർട്ടി മെമ്പേഴ്‌സ് ഓരോരുത്തരായി വന്ന് തുടങ്ങി.. "അമിത്....എല്ലാം പറഞ്ഞ പോലെ തന്നെ... എല്ലാവരുടെയും അഭിപ്രായം മാനിക്കണം.. എത്രയും പെട്ടന്ന് തീരുമാനം എടുക്കണം.. " "മീറ്റിംഗ് നീ ഹാൻഡിൽ ചെയ്താൽ മതി..കഴിയാറാവുമ്പോഴേക്ക് ഞാൻ വരാം.. അപ്പോഴേക്ക് എല്ലാവരോടും കാര്യങ്ങൾ അവതരിപ്പിക്ക് " "ഞാനോ... നീയിവിടെ വേണം അമിത്.. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.. നീ വേണം കൈകാര്യം ചെയ്യാൻ.. " "നീ ടോപിക് പറഞ്ഞു തുടങ്ങിക്കോ.. പിന്നെ ആ വെള്ളത്തിന്റെ കാര്യവും പറഞ്ഞേക്ക്...

ഞാനിപ്പോൾ തന്നെ വരും... അനിയും ഉണ്ടാവുമല്ലോ.. അവൾ നോക്കിക്കോളും.. മീറ്റിംഗ് ന് നീ തുടക്കം കുറിക്ക് " അവനെ മീറ്റിംഗ് ന്റെ ചുമതല ഏല്പിച്ചു കൊണ്ട് അമിത് പുറത്തേക്കിറങ്ങി... വാതിൽക്കൽ നിന്നും കാൽ പുറത്തേക്ക് വെച്ചതും കണ്മുന്നിൽ കണ്ടത് ആര്യയെയും അനിയേയും.. താൻ നോക്കി നടക്കുന്ന ശത്രു കണ്ണിൽ വന്ന് പെട്ടതും ആര്യ അവനെ തുറിച്ചു നോക്കി കൊണ്ട് അവന് നേരെ കാൽ വെച്ചു.. വേണ്ടെന്ന് പറഞ്ഞു കൊണ്ട് അനി അവളെ മുറുകെ പിടിച്ചു... അനിയുടെ പിടി കൂടുതൽ മുറുകിയതും ആര്യ ദേഷ്യത്തോടെ അവനെ നോക്കി... അവളെ അടിമുടി നോക്കിയ ശേഷം അനിയിലേക്ക് അമിതിന്റെ കണ്ണുകൾ ചലിച്ചു.. ആര്യയുടെ ദേഷ്യം കൂട്ടാനായി അമിത് അനിയുടെ അടുത്തേക്കൽപ്പം നീങ്ങി.. "മ്മ്മ്.. നിന്നെ പിന്നെ ഞാൻ എടുത്തോളാമെടീ.. എന്റെ കയ്യിൽ കിട്ടും നിന്നെ " ഉള്ളിൽ ചിരിച്ചു കൊണ്ട് ആര്യയെ ഒന്ന് നോക്കി അമിത് അവിടെ നിന്നും പോയി.. "നോക്ക്.. ഞാൻ പറഞ്ഞതല്ലേ അവൻ നിന്നെ മനഃപൂർവം ഉപദ്രവിക്കാൻ നോക്കുമെന്ന്..

ഇപ്പോൾ അവന്റെ നാവിൽ നിന്ന് തന്നെ വന്നില്ലേ.. കൈ വിട് അനീ.. ഞാൻ അവനെ.... " അനിയുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും അനി അവളെ വിട്ടില്ല.. "പ്ലീസ് വാവീ... ഞാൻ പറയുന്നതൊന്ന് കേൾക്ക്.. അപ്പുറത്ത് പ്രിൻസിയുടെ ഓഫിസ് ആണ്.. ഇവിടെ നടക്കുന്നത് പ്രിൻസി കണ്ടാൽ അത് മതി.. പ്ലീസ് വാവീ... " ആര്യ ഒന്ന് ശാന്തമായെന്ന് തോന്നിയതും അനി അവളെ വിട്ടു.. "നോക്ക്.. ഒരു പ്രശ്നത്തിനും പോവരുത്.. മീറ്റിംഗ് തുടങ്ങി എന്ന് തോന്നുന്നു.. ഞാൻ പോട്ടെ.. നീ ഇവിടെ തന്നെ നിൽക്കണേ വാവീ.. പ്ലീസ് " കൊഞ്ചി കൊണ്ട് അനി അവളുടെ കയ്യിൽ പിടിച്ചതും ആര്യ തലയാട്ടി.. അനി സന്തോഷത്തോടെ അകത്തേക്ക് കയറി പോയി... മീറ്റിംഗ് നടക്കുന്നതിനിടയിൽ പല തവണ അനി ആര്യയെ തിരിഞ്ഞു നോക്കി.. അവൾ പുറത്ത് തന്നെ നിൽക്കുന്നുണ്ടെന്ന് ബോധ്യമായ അനി ആശ്വാസത്തോടെ മീറ്റിംഗ് ലേക്ക് ശ്രദ്ധ പതിപ്പിച്ചു... അനിയുടെ ശ്രദ്ധ മുഴുവനായി മീറ്റിംഗ് ൽ ആയെന്ന് മനസ്സിലാക്കിയ ആര്യ അവിടെ നിന്നും ഉൾവലിഞ്ഞു... നേരെ അമിത് പോയ വഴിയേ അവൾ നടന്നു.. ലാബ് പ്രവർത്തിക്കുന്ന ബിൽഡിങ്ലേക്കാണ് അവൻ പോയതെന്ന് ആര്യ ആദ്യമേ ശ്രദ്ധിച്ചിരുന്നു.

അവളും അങ്ങോട്ട്‌ നടന്നു... അവിടെ എങ്ങും ആരും ഇല്ലെന്ന് നോക്കി കണ്ട് അവൾ മുന്നോട്ട് കാൽ വെച്ചു.. പെട്ടന്ന് അവളുടെ കാലുകളുടെ ചലനം അവൾ നിർത്തി... കാതിൽ ഒഴുകി എത്തിയ സംഗീതം അവളുടെ ഹൃദയമിടിപ്പിൽ ലയിച്ചതും ഒരു ശില കണക്കെ അവൾ അവിടെ നിന്നു... കൺ കോണിലെ കൃഷ്ണമണിയെ മാത്രം ചലിപ്പിച്ചു കൊണ്ടവൾ ആ ശബ്ദം ശ്രവിച്ചു...സ്വയം മറന്ന് അതിൽ ലയിച്ച് അവൾ പോലും അറിയാതെ ആ ആലാപനത്തിന്റെ ഒഴുക്കിലവൾ മുന്നോട്ടു നടന്നു...... കാലുകളെക്കാൾ കൂടുതൽ വേഗത്തിൽ അവളുടെ കണ്ണുകൾ ആ ശബ്ദത്തിന്റെ ഉടമയെ അലഞ്ഞു.. മനസ്സിൽ കുളിർ മഴ പെയ്യിക്കുന്ന ആലാപനം കൂടുതൽ ശബ്ദ തീവ്രതയോടെ അവളുടെ കാതിൽ വീണടിഞ്ഞു... ഒഴിഞ്ഞു കിടക്കുന്ന ആ ക്ലാസ്സ്‌ റൂമിലേക്കവളുടെ കാലുകൾ വേഗത്തിൽ ചലിച്ചു... ഹൃദയം അതിന് മുന്നേ അവിടെ എത്തിയ പോലെ അവൾക്ക് തോന്നി... ആ സ്വര മാധുര്യം ആരുടേതാണെന്ന് അറിയാൻ അവൾ വെമ്പൽ കൊണ്ടു... വർധിച്ച ഹൃദയമിടിപ്പോടെ അവൾ ആ ക്ലാസ്സ്‌ റൂമിലേക്കെത്തി നോക്കി...

ആ സമയം കയ്യിലൊരു വീണയുമായി പുറം തിരിഞ്ഞിരിക്കുന്ന അമിതിനെ അവൾ കണ്ടു......ആശ്ചര്യത്തോടെ കണ്ണുകൾ വിടർത്തി കൊണ്ട് അവൾ നിശ്ചലയായി ചുമരിനോട് ചാരി നിന്ന് അവന്റെ ഗീതത്തിൽ സ്വയം മറന്ന് കണ്ണുകൾ അടച്ചു..... അതെ സമയം തന്നെ പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തതും ആ ശബ്ദം നിലച്ചു.... കണ്ണുകൾ ഞൊടിയിടയിൽ തുറന്ന് വേഗത്തിൽ ആര്യ പിന്തിരിഞ്ഞോടി... അമിത് തിരിഞ്ഞു നോക്കി, എഴുന്നേറ്റ് പെട്ടന്ന് തന്നെ വാതിൽക്കൽ വന്ന് ആരാണെന്ന് അറിയാൻ കണ്ണുകൾ കൊണ്ട് പരതി.. ആരോ ഒരാൾ ഓടി പോവുന്നതു മിന്നായം പോലെ അവൻ കണ്ടു... കാലുകൾക്ക് വിശ്രമം കൊടുക്കാതെ അവൾ അവിടെ നിന്നും ഓടി ഏതോ ക്ലാസ്സ്‌ റൂമിലേക്ക് കയറി ചുമരിൽ ചാരി നിന്നു... കിതക്കുന്ന ശരീരത്തെ വിശ്രമിക്കാൻ അനുവദിച്ചു കൊണ്ടവൾ കണ്ണടച്ച് നിന്നു... മിടിക്കുന്ന ഹൃദയത്തിൽ കൈ വെച്ചു കൊണ്ടവൾ ആ ശബ്‌ദാലാപനത്തെ ഒന്നൂടെ ഓർത്തു.... കാതിൽ ഇപ്പോഴും ആ സ്വരങ്ങൾ നിറഞ്ഞു നിൽക്കുന്ന പോലെ അവൾക്ക് തോന്നി... ഓരോ താളവും കാതിൽ വീണ്ടും മുഴങ്ങുമ്പോൾ അവളുടെ മനസ്സിൽ ഒരു വേലിയേറ്റം തന്നെ നടക്കുവായിരുന്നു...ആ സ്വര മാധുരിയിൽ അവൾക്കു എന്നോ നഷ്ട്ടപ്പെട്ടു പോയ അവളെ തന്നെ തിരിച്ചു കിട്ടുന്ന പോലെ തോന്നി പോയി.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story