ആത്മരാഗം💖 : ഭാഗം 54

athmaragam thanseeh

രചന: തൻസീഹ് വയനാട്

ആര്യയുടെ ഓരോ കാൽവെപ്പും പതിയെ മുന്നോട്ട് നീങ്ങിയതും അവളുടെ പിറകിലെ തൂണിനപ്പുറം അമിത് വന്ന് എത്തി നോക്കി.. താൻ കണ്ട നിഴൽ ആരെന്നറിയാനുള്ള കൗതുകം അവന്റെ കണ്ണുകളെ മുന്നോട്ട് ചലിപ്പിച്ചു.. സ്റ്റെപ്പുകൾ ഇറങ്ങി നടന്നു നീങ്ങുന്ന ആര്യയെ കണ്ടതും അവന്റെ മുഖം വിടർന്നു... കണ്ണുകളിൽ ഒരു പ്രത്യേക ഭാവം വന്ന് നിറഞ്ഞതും ചുണ്ടുകളിൽ മൃദു മന്ദഹാസം വിരിഞ്ഞു നിന്നു... തല മെല്ലെ ആട്ടി ചുണ്ടിലൊരു മൂളിപ്പാട്ടും പാടി കൊണ്ടവൻ തിരിഞ്ഞു നടന്നു... തന്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തേക്കാൾ കാതിൽ അലയടിച്ചു കൊണ്ടിരിക്കുന്ന ആ ഗീതം ഹൃദയമിടിപ്പിൽ വ്യതിയാനം ചെലുത്തുന്നത് അവളെ പാടെ തളർത്തി..അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.. ചുണ്ടുകളിൽ അമ്മയെന്ന നാമം ഇടതടവില്ലാതെ പരന്നു... അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിനുണ്ടാവുന്ന അതേ കുളിരും ആശ്വാസവും ഈ സംഗീതം കാതിൽ എത്തുമ്പോൾ ഉണ്ടാവുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു... അമ്മയുടെ ഓർമ്മകൾ എല്ലായിപ്പോഴും അവളുടെ മനസ്സിനെ തകർക്കാറുണ്ടെങ്കിലും നിമിഷം തോറും കാതിൽ അലയടിക്കുന്ന നിലക്കാത്ത സംഗീതത്തിൽ അവൾ അവളെ തന്നെ മറന്നു....

ഇനിയും പൂർവസ്ഥിതിയിൽ എത്താത്ത ഹൃദയമിടിപ്പിൽ ആ ശബ്ദഗീതം ലയിച്ചു ചേർന്നെന്നു മനസ്സിലായതും ഒഴിഞ്ഞ ബെഞ്ചിൽ അവൾ ഇരുന്നു.. ഡസ്കിൽ കൈകൾ ഊന്നി മുഖം മറച്ചു... മനസ്സാകെ കൈവിട്ട് ഹൃദയം വീണ്ടും ആ ശബ്ദത്തെ തേടിയതും പെട്ടന്ന് അവൾ കൈകൾ മാറ്റി... കണ്ണുകൾ സങ്കോചത്തോടെ തുറന്നു...നെറ്റി ചുളിച്ചു കൊണ്ടവൾ ഓർമയെ ആ ശബ്ദത്തിന് പിറകെ കൊണ്ട് പോയി... താൻ ശ്രവിച്ച ശബ്ദത്തിന് അമിതിന്റെ മുഖം ആണെന്നോർത്തതും ആ യാഥാർഥ്യത്തെ അംഗീകരിക്കാൻ അവളുടെ മനസ്സ് തയ്യാറായില്ല...... വീണ്ടും ചിന്തകൾ അവളെ അലട്ടാൻ തുടങ്ങിയതും പെട്ടന്ന് ബാഗിൽ നിന്നും ഫോൺ റിങ് ചെയ്തു... ഞെട്ടലോടെ അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു... ഒരു യന്ത്രം കണക്കെ അവൾ എണീറ്റ് പുറത്തേക്ക് നടന്നു..... ഈ സമയം മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അനി ആര്യ നിന്നിടം ശൂന്യമായി കണ്ടതും നെഞ്ചിൽ തടഞ്ഞ ഞെട്ടൽ കണ്ണുകളിൽ പ്രകടമാക്കി ചുറ്റും ആര്യയെ തിരഞ്ഞു... അവളുടെ മനസ്സാകെ വെപ്രാളപ്പെട്ടു..

ആര്യ അമിതുമായി പ്രശ്നം ഉണ്ടാക്കാൻ പോയോ എന്ന തോന്നൽ അവളുടെ കാലുകളെ മുന്നോട്ട് നയിച്ചു... വിജനമായ കോളേജ് അങ്കണവും ക്ലാസ്സ്‌ മുറികളും കണ്ട് ആര്യ എവിടെ പോയെന്ന ചിന്ത അവളെ തളർത്തി... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ വ്യാകുലതയോടെ തുടച്ചു മാറ്റുന്നതിനിടയിൽ പെട്ടന്ന് അവളുടെ കണ്ണുകൾ നടന്നു വരുന്ന ആര്യയിൽ തറച്ചു.. അവളെ കണ്ട പാടെ അനിയിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്ന് വന്നു.. വേഗം ആര്യയുടെ അടുത്തേക്കവൾ ഓടി ചെന്നു.. "എന്റെ വാവീ... നീയെവിടെ ആയിരുന്നു.. മീറ്റിംഗ് പെട്ടന്ന് കഴിഞ്ഞു.. പുറത്ത് വന്നു നോക്കിയപ്പോൾ നിന്നെ കാണാനില്ല.. ഹോ.. ഞാൻ കരുതി നീ അമിതിനെ ഇടിച്ചിടാൻ പോയെന്ന്.. " ആര്യയുടെ കൈകളിൽ പിടിച്ച് അനി എന്തെല്ലാമോ പറഞ്ഞു.. എന്നാൽ.. മറ്റേതോ ലോകത്തെന്ന പോലെ ചിന്തയിൽ ലയിച്ചു പോയ ആര്യ അവൾ പറയുന്നതൊന്നും കേട്ടില്ല.. "വാവീ.... " താൻ പറഞ്ഞതിനൊരു മറുപടിയും നൽകാതെ കണ്ണിമ ചിമ്മാതെ നിൽക്കുന്ന ആര്യയെ കണ്ട് അനി അവളുടെ ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു..

അടുത്ത നിമിഷം കണ്ണുകൾ അവളിലേക്ക് ചലിപ്പിച്ച ആര്യ യാതൊരു ഭാവവും വരുത്താതെ അവളെ നോക്കി.. "ഹാ.. പോകാം.. " അത് മാത്രം പറഞ്ഞു കൊണ്ട് മുന്നിൽ നടന്ന ആര്യയെ നോക്കി അനി അന്തം വിട്ടു നിന്നു.. തന്നെ നോക്കാതെ പോകുന്ന ആര്യക്ക് പിറകെ അനി മെല്ലെ നടന്നു.. ആര്യക്കെന്ത് പറ്റി എന്നാലോചിച്ച് കൊണ്ട് അനി ആര്യയുടെ ഒപ്പമെത്തി.. അവളീ ലോകത്തൊന്നും അല്ലെന്ന് അനിക്ക് മനസ്സിലായി..അമിതിനോടുള്ള ദേഷ്യം ആണോ അവളുടെ മുഖത്തെന്ന് ഇടയ്ക്കിടെ ഒളികണ്ണിട്ട് അനി നോക്കി.. എന്നാൽ എന്ത് ഭാവമാണ് അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നതെന്ന് അനിക്ക് മനസ്സിലായില്ല.. വീട്ടിൽ എത്തുവോളം എന്നത്തേയും പോലെ അനി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ ആര്യ പതിവിലും കൂടുതലായി നിശബ്ദയായിരുന്നു.. അനിയുടെ വീട്ടിൽ എത്തിയതും അവിടുന്ന് തന്റെ വീട്ടിലേക്ക് നടന്നതൊന്നും അവൾ അറിഞ്ഞതെ ഇല്ല.. ചെന്ന് കയറിയ ഉടനെ ആര്യ നേരെ റൂമിൽ ചെന്ന് ബെഡിൽ ഇരുന്ന് കണ്ണുകൾ അടച്ചു.. ************

ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച് അല്പം വൈകിയാണ് അമിത് അക്ഷിതിനൊപ്പം വീട്ടിലേക്ക് തിരിച്ചത്.. എന്തോ ഒരു ഉന്മേഷം അവനെയാകെ പൊതിഞ്ഞിരുന്നു.. കളിക്കാൻ വല്ലാത്തൊരു ഉഷാറായിരുന്നു അവനിന്ന്.. നേരം ഒരുപാടായെന്ന് അക്ഷിത് വിളിച്ചു പറഞ്ഞപ്പോൾ മാത്രമാണ് അവൻ കളിക്കളത്തിൽ നിന്നും കയറിയത്... വീട്ടിലേക്കുള്ള യാത്രയിൽ മുഴുനീള ചുണ്ടിൽ പുഞ്ചിരിയും മൂളിപ്പാട്ടും അവൻ മായാതെ നിലനിർത്തി.. എല്ലാം കണ്ട് അർത്ഥം വെച്ചൊരു നോട്ടവും ചിരിയും നൽകി മിററിലൂടെ അക്ഷിത് നോക്കി കൊണ്ടിരുന്നു... വീട്ടിൽ ചെന്ന് കയറിയ പാടെ സോഫയിൽ ഇരിക്കുന്ന അക്ഷര കുട്ടിയെ ഇരു കൈകൾ കൊണ്ടും വാരിയെടുത്ത് ഹാളിൽ നിന്നവൻ വട്ടം കറങ്ങി... "ആാാ.. അമ്മേ.... " പെട്ടന്നുള്ള എടുത്തുയർത്തലിൽ അക്ഷര കുട്ടി ആർത്തു വിളിച്ചു... ഉടനെ തന്നെ അമിത് അവളെ സോഫയിലേക്കിട്ടു.. "എന്താ ഡീ... നാമം ജപിക്കാനും സമ്മതിക്കില്ല.. " അക്ഷരയുടെ നിലവിളി കേട്ട് ഒച്ചയെടുത്ത് വന്ന അമ്മയുടെ ഇരു കൈകളും അമിത് കടന്നു പിടിച്ചു..

അമ്മയുടെ അരയിൽ കൈ ചേർത്ത് വെച്ച് മൂളിപാട്ടും പാടിയവൻ ചുവടുകൾ വെക്കാൻ തുടങ്ങി.. അവന്റെ കോപ്രായങ്ങൾ കണ്ട് വായും പൊളിച്ച് അക്ഷര സോഫയിൽ എണീറ്റു നിന്നു.. "എന്താ ഡാ....എന്ത് പറ്റി???എന്നെ വിട്ടേ... " ചിരിച്ചു കൊണ്ട് അമ്മ അവനെ വിടുവിച്ചെങ്കിലും കൈ വിടാതെ അമ്മയെ മെല്ലെ കറക്കി കൊണ്ട് അമിത് സ്വയം ചുവടുകൾ വെച്ചു.. എന്താ ഇവന് പറ്റിയെന്ന് അമ്മ അക്ഷിതിനോട് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചതും ചുമൽ കുലുക്കി അറിയില്ലെന്ന് കാണിച്ച് അക്ഷിത് അവന്റെ ഓരോ പ്രവർത്തിയിലും ചിരിച്ചു... അമ്മയും അക്ഷരയും അന്തം വിട്ട് നിൽക്കെ അമിത് സ്റ്റെപ്പുകൾ കയറി പോയി.. ശരീരം കുലുക്കി കൈകൾ വായുവിൽ ചലിപ്പിച്ച് പ്രത്യേക ചുവടുകളുമായി കയറി പോകുന്ന ഏട്ടന് പിറകെ അമ്മയെ നോക്കി എന്തുവാ ഇതെന്ന് കാണിച്ച അക്ഷര സ്റ്റെപ് കയറാൻ നിന്നു.. മുകളിൽ നിന്ന് അമന്റെ ഉയർന്ന ശബ്ദം കേട്ടതും മൂവരും മേലേക് നോക്കി... "അമ്മേ.. ഇത് ചങ്ങലയിൽ ഒതുങ്ങുമെന്ന് തോന്നുന്നില്ല.. എത്രയും പെട്ടന്ന് കൊണ്ട് പോകുന്നതാ നല്ലത് ....

ഇപ്പോഴാണെങ്കിൽ നടത്തി കൊണ്ട് പോവാം....ഇതെങ്ങാനും കൂടിയാൽ ആന വലിച്ചാലും ഏട്ടൻ അനങ്ങില്ല....." അവളുടെ വാക്കുകൾ കേട്ട് ചിരിച്ച അക്ഷിത് അവളെയും എടുത്ത് മേലേക്ക് കയറി പോയി.. അവരുടെ പിറകെ അമ്മയും മേലേക്ക് ചെന്നു... മുകളിൽ എത്തിയ അമിത് കണ്ടത് സോഫയിൽ ഇരുന്ന് പഠിക്കുന്ന അമനെയാണ്.. അവൻ വായിക്കുന്ന ബുക്ക്‌ തട്ടിയെടുത്തതും അമൻ അത് വാങ്ങാനായി എണീറ്റു.. എന്നാൽ ബുക്ക്‌ കൊടുക്കാതെ അവനെയിട്ട് വട്ടം കറക്കിയ അമിതിനെ കയ്യിൽ കിട്ടിയ ഫ്‌ളവർ വൈസ് കൊണ്ട് അമൻ എറിഞ്ഞു.. ഞൊടിയിടയിൽ പിടിച്ച അമിത് സോഫയിലെ പില്ലോ എടുത്ത് അമന്റെ പിറകെ ഓടി... അവരുടെ ബഹളം കേട്ട് കൊണ്ടാണ് അക്ഷരയും അമ്മയും അക്ഷിതും മുകളിലേക്ക് എത്തിയത്... അമന്റെയും അമിതിന്റെയും അടി കണ്ട് അമ്മ രണ്ടു പേർക്കും അടി കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു... അമിതിന് അടി കിട്ടിയതിൽ വാ പൊത്തി ചിരിച്ച അക്ഷര കുട്ടിയുടെ കവിളിൽ നുള്ളി കണ്ണിറുക്കി കൊണ്ട് അമിത് റൂമിലേക്ക് പോയി...അമിതിന്റെ വിചിത്ര സ്വഭാവം കണ്ട് അമൻ തല ചൊറിഞ്ഞു... അക്ഷര കുട്ടിയാണേൽ അവളുടേതായ പല കണ്ടെത്തലുകളും ഊഹാപോഹങ്ങളും നടത്തുന്ന തിരക്കിൽ ആയിരുന്നു.... ************

"അനീ... ഡീ... " ശിവയുമായി അടി കൂടുന്ന അനിയെ അടുക്കളയിൽ നിന്നും അമ്മ വിളിച്ചു കൂവി... അത് മൈൻഡ് ചെയ്യാതെ അനി വീണ്ടും ശിവയുമായി തല്ല് പിടിക്കാൻ തുടങ്ങി.. തവിയുമായി റൂമിൽ എത്തിയ അമ്മ അനിയുടെ കൈക്ക് നല്ലൊരു അടി കൊടുത്തു.. "വിളിച്ചാലും കേൾക്കില്ലേ....നേരം ഇത്രയും ആയിട്ടും വാവി വന്നില്ലല്ലോ... നീയൊന്ന് ചെന്ന് നോക്കിക്കേ.. എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട്.. എന്തെങ്കിലും വയ്യായ്ക ഉണ്ടോ ആവോ അവൾക്ക്.... " വേവലാതിയോടെ അമ്മ പറഞ്ഞതും അനി ക്ലോക്കിലേക്ക് നോക്കി.. സമയം ഏഴുമണി കഴിഞ്ഞതൊന്നും അനി അറിഞ്ഞില്ല... റൂമിൽ നിന്നും പുറത്തിറങ്ങാതെ ശിവയെ ദേഷ്യം പിടിപ്പിച്ചിരുന്നത് കൊണ്ട് ആര്യ വരാത്തതിനെ കുറിച്ച് അവൾ ചിന്തിച്ചതുമില്ല.. അമ്മയുടെ വാക്കുകൾ കേട്ട ഉടനെ അനി ആര്യയുടെ വീട്ടിലേക്കോടി... അടഞ്ഞു കിടന്ന മുൻ വാതിൽ തുറന്ന് കൊണ്ടവൾ അകത്തേക്ക് കയറി അവളെ വിളിച്ചു.. എന്നാൽ യാതൊരു അനക്കവും ഉണ്ടായില്ല.. ഉമ്മറത്ത് ദീപം തെളിയിക്കാത്തതും വീട്ടിൽ ലൈറ്റ് ഒന്നും ഇടാത്തതും കണ്ടതും അനിയിൽ അല്പം ഭയം വന്നു... ലൈറ്റ് തെളിച്ച് പൂജാമുറിയിൽ ചെന്ന് ദീപം കത്തിച്ച് അമ്മയുടെ ഫോട്ടോക്ക് താഴെ അവൾ ദീപം തെളിയിച്ചു..

ശേഷം ഉമ്മറത്തേക്ക് ചെന്ന് ജപ നാമം ചൊല്ലി വിളക്ക് വെച്ചു.. എത്ര വയ്യായ്ക ആണെങ്കിലും ഇതിലൊന്നും മുടക്ക് വരുത്താത്ത ആര്യക്ക് ഇന്നെന്ത്‌ പറ്റിയെന്ന ചിന്ത അവളെ അലട്ടി... വേഗം അവളുടെ റൂമിലേക്ക് ചെന്ന അനി റൂമിൽ ലൈറ്റ് ഇട്ടു... കട്ടിൽ മലർന്ന് കിടന്ന് കൈകൾ രണ്ടും നെറ്റിയിൽ കയറ്റി വെച്ച് കണ്ണുകൾ അടച്ചു കിടക്കുന്ന ആര്യയെ കണ്ട് അനി അന്തം വിട്ട് നിന്നു... കോളേജിൽ നിന്നും വന്ന വേഷം ഇത് വരെ അഴിച്ചു മാറ്റാതെ കുളിക്കാതെ കിടക്കുന്ന ആര്യയുടെ അടുത്തേക്കവൾ നടന്നു.. "വാവീ... " അവളുടെ കൈകളിൽ തൊട്ട് മെല്ലെ വിളിച്ചതും ആര്യ കൈകൾ മാറ്റി.. അനിയെ കണ്ടതും അവൾ വേഗം എഴുന്നേറ്റിരുന്നു.. "ഞാൻ.. ഞാനൊന്നുറങ്ങി പോയി... സമയം ഒരുപാടായല്ലോ.." വെപ്രാളത്തോടെ ജനലിലൂടെ പുറത്തേക് നോക്കിയവൾ എഴുന്നേറ്റു.. "ഞാൻ വിളക്ക് വെച്ചു വാവീ.. " അവളെ അവിടെ ഇരുത്തി കൊണ്ട് അനി പറഞ്ഞതും ആര്യയുടെ മുഖത്തെ വെപ്രാളം ഒന്നടങ്ങി.. അവളെ വീക്ഷിച്ചു നോക്കി കൊണ്ട് അനി അവളുടെ നെറ്റിയിൽ കൈവെച്ചു.. "എന്താ വാവീ.. എന്ത് പറ്റി.. സുഖമില്ലേ.. " "എനിക്കൊരു കുഴപ്പവുമില്ല അനി.. ഞാൻ ഉറങ്ങി പോയതാ... നീ പൊയ്ക്കോ. ഞാൻ കുളിക്കട്ടെ.. അപ്പോഴേക്കും അച്ഛൻ വന്നോളും.. നീ ചെല്ല് "

"വാവീ.. സത്യം പറ.. നിനക്കെന്തെങ്കിലും വിഷമം ഉണ്ടോ.. എന്താ പറ്റിയെ നിനക്ക്.." ആധിയോടെ അനി ചോദിച്ചതും ആര്യ പുഞ്ചിരിച്ചു കൊണ്ട് അനിയുടെ കവിളിൽ തട്ടി.. "ഒന്നുമില്ലെന്ന് പറഞ്ഞില്ലേ.. ഞാൻ കുളിച്ചു വരാം.. ആകെ മുഷിഞ്ഞു നാറുന്നുണ്ട്.. നീ വീട്ടിലേക്ക് ചെല്ല്.. അമ്മയോട് പറഞ്ഞേക്ക് അവൾ ഉറങ്ങി പോയെന്ന് ..." അനിയെ നിർബന്ധിപ്പിച്ച് ആര്യ പറഞ്ഞയച്ചു.. മനസ്സില്ലാമനസ്സോടെ അനി തന്റെ വീട്ടിലേക്ക് നടന്നു... രാത്രി എല്ലാവരും ഉറങ്ങിയതും പതിവ് പോലെ അനി എഴുന്നേറ്റ് റൈഡിന് പോകാൻ റെഡിയായി.. ജനൽ വഴി നോക്കിയപ്പോൾ ആര്യ എഴുന്നേറ്റിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി.. കുറച്ചു സമയം വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന അനി മെല്ലെ വീട്ടിൽ നിന്നും ഇറങ്ങി.. മതിൽ ചാടി കൊണ്ട് അവൾ ആര്യയുടെ വീട്ടിൽ എത്തി..എന്നാൽ അവളെ കാണാത്തത് കൊണ്ട് ഉറങ്ങുകയാണെന്നും ശല്യം ചെയ്യേണ്ടെന്നും വിചാരിച്ച് അനി തന്റെ വീട്ടിലേക്ക് പോയി... അവൾ പോയതും ഇരുട്ടിൽ നിന്നൊരു രൂപം മെല്ലെ നടന്നു വന്ന് ആര്യയുടെ ജനലിന് അരികിൽ വന്ന് നിന്നു.....നിരാശ നിറഞ്ഞ കുറച്ചു ദിവസങ്ങൾക്കപ്പുറം ഇന്നാണ് പ്രത്യാശയുടെ ആ ജാനലയുടെ പാളികൾ തുറന്നു കിടക്കുന്നതെന്നു അയാൾ ശ്രദ്ധിച്ചു.....

ഈ സമയം കണ്ണുകൾ തുറന്നു കിടന്ന ആര്യ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എന്നും തന്റെ മനസ്സിന് ആശ്വാസമേകുന്ന നൈറ്റ് റൈഡ് പോലും ഇന്നവൾ മറന്നു പോയിരിക്കുന്നു.. അത്രമേൽ അവളുടെ മനസ്സ് കാതിൽ പതിഞ്ഞ ആ സ്വരങ്ങളിൽ അടിമപ്പെട്ടു പോയി... ചിന്തകൾ ഓടി നടക്കുന്ന അവളുടെ കൺ ഇമകൾ ചിമ്മാതെ ഒരു വസ്തുവിൽ കേന്ദ്രീകരിച്ചതും ജനലിനപ്പുറത്തെ ആ രൂപം അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.. പെട്ടന്ന് ആകെ അസ്വസ്ഥമായ അവൾ എഴുന്നേറ്റിരുന്നു.. ഉടനെ തന്നെ ആ രൂപം ഇരുട്ടിന്റെ മറവിലേക്ക് നിന്നു.. ഒരു മിന്നായം പോലെ അവളുടെ ശ്രദ്ധയിൽ അത് പതിഞ്ഞതും അവൾ ജനലിനടുത്തേക്ക് നടന്നു.. എന്നാൽ അവിടെ ഒന്നും ആരെയും കാണാത്തതിനാൽ തന്റെ തോന്നലാവും എന്ന് സ്വയം മനസ്സിൽ വിചാരിച്ചു കൊണ്ട് വീണ്ടും അവൾ കട്ടിലിൽ ചെന്നിരുന്നു.. ഉറക്കം വരാത്ത അവളുടെ കണ്ണുകളെ ഇരുട്ടിന്റെ മറവിൽ നിന്നും ആ രൂപം വീക്ഷിച്ചു കൊണ്ടേയിരുന്നു... പിറ്റേന്ന് രാവിലെ ഉന്മേഷത്തോടെ അമിത് കോളജിലേക്ക് പോകാൻ റെഡിയായി.. പ്രാതൽ കഴിക്കാനായി താഴേക്ക് ചെന്നതും അമിതിനെ കണ്ട് അക്ഷര കുട്ടി ഒന്ന് ചുമച്ചു. "എന്താ മേഡം ടോണിക് വേണോ... "

"മ്മ്മ്.. വേണ്ടി വരും.. അല്ലാ.. ഇന്നലത്തെ കെട്ടിറങ്ങിയോ " ഒന്നാക്കി കൊണ്ടവൾ പറഞ്ഞതും പുരികം പൊക്കി കൊണ്ട് അമിത് അവളുടെ നേരെ നോക്കി... "അല്ലാ.. രണ്ടെണ്ണം വീശിയ പോലെ ആയിരുന്നല്ലോ ഇന്നലത്തെ പ്രകടനം..... " "ഓ.. അത്... ഇന്ന് അതുക്കും മേലെ ആണ്.. " "ആണോ.. ഞാൻ അച്ഛനോട് പറഞ്ഞ് ഒരു റൂം ബുക്ക്‌ ചെയ്യിപ്പിച്ചിട്ടുണ്ട്.. അങ്ങ് മെന്റൽ ഹോസ്പിറ്റലിൽ.. ഇന്ന് നേരത്തെ വരണേ.. " "ഓക്കേ.. മേഡം.. പെട്ടന്ന് വരാവേ.." കളിയാക്കി കൊണ്ട് അക്ഷര പറഞ്ഞതും അമിത് അവളുടെ മുടി വലിച്ചു കൊണ്ട് വേഗം എഴുന്നേറ്റു പോയി....അവരുടെ കളികൾ കണ്ട് ചിരിയോടെ അക്ഷിത് അമിതിന് പിറകെ പുറത്തേക്ക് നടന്നു... "വാവീ.. എഴുന്നേൽക്കുന്നില്ലേ... " ആര്യയെ കുലുക്കി വിളിച്ചതും അവൾ ഞെട്ടി ഉണർന്നു... "എന്ത് ഉറക്കാ വാവീ ഇത്.. നേരം എത്ര ആയെന്നാ.. എന്താ നിനക്ക് പറ്റിയെ.. " അനിയുടെ ചോദ്യങ്ങൾ കേട്ട് തലയിൽ കൈ വെച്ച് അവൾ ക്ലോക്കിലേക്ക് നോക്കി... സമയം ഒരുപാട് ആയെന്ന് അറിഞ്ഞതും അവൾ വേഗം എണീറ്റു.. "തലവേദന ഉണ്ടോ വാവീ... വേഗം ഫ്രഷ് ആയി വാ.. ഞാൻ അമ്മയോട് പറഞ്ഞ് മരുന്ന് തപ്പട്ടെ..." "ഒരുപാട് നേരമായല്ലേ അനീ.... ഞാൻ ഒന്നും അറിഞ്ഞില്ല. " "എത്ര നേരമായി നിന്നെ വിളിക്കുന്നു.. അച്ഛൻ വിളിച്ച് മടുത്തിട്ട് എന്നെ ഏല്പിച്ചു പോയതാ.. ഇന്നലെ നല്ലൊരു ഉറക്കം ഉറങ്ങി അല്ലേ.. സാരമില്ല.. അത് തന്നെയാ വേണ്ടത്.. നീ ചെല്ല്.. ഫ്രഷ് ആയി വാ.. കോളജിൽ പോകേണ്ടേ.. "

അവളെ ബാത്‌റൂമിലേക്ക് തള്ളി വിട്ട് കൊണ്ട് അനി പുറത്തേക്ക് പോയി.. കോളേജ് എന്ന് കേട്ടതും വീണ്ടും ആര്യയുടെ ഹൃദയത്തിൽ ആ സ്വരങ്ങൾ താളമിട്ടു... കണ്ണുകൾ അടച്ച് സ്വയം നിയന്ത്രിച്ചവൾ ഷവർ തുറന്നിട്ട്‌ തന്റെ മേലേക്ക് വന്ന് പതിക്കുന്ന വെള്ള തുള്ളികളിൽ ആശ്വാസം കണ്ടെത്തി....... കോളേജിലേക്കുള്ള യാത്രയിൽ ആര്യ തീർത്തും മൗനി ആയിരുന്നു.. അവളുടെ മാറ്റം തിരിച്ചറിഞ്ഞിട്ടും അനി കൂടുതൽ ഒന്നും ചോദിച്ചില്ല.. അമിത്തുമായുള്ള പ്രശ്നത്തിൽ അവളുടെ മനസ്സാകെ വ്രണപ്പെടുന്നുണ്ടെന്ന് അനി മനസ്സിൽ വിചാരിച്ചു.. താൻ കാരണം ആണല്ലോ ആര്യയും അമിതും തമ്മിൽ പ്രശ്നം ഉണ്ടാവുന്നതെന്നതിൽ അവൾ വിഷമിച്ചു... എങ്ങനെ എങ്കിലും അമിതും ആര്യയും തമ്മിലുള്ള വഴക്ക് എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്നവൾ ഉറപ്പിച്ചു... അതിനായ് അമിതിനെ കുറിച്ചുള്ള ആര്യയുടെ തെറ്റിദ്ധാരണ മാറ്റാൻ അവൾ തീരുമാനിച്ചു.. അവനെ കുറിച്ച് പോസിറ്റീവ് ആയ കാര്യങ്ങൾ പറയാനായി അവൾ ആര്യയുടെ മുഖത്തേക്ക് നോക്കി... എന്നാൽ അവളുടെ മുഖം വരിഞ്ഞു മുറുകുന്നത് കണ്ട അനി കാര്യം അറിയാൻ മുന്നിലേക്ക് നോക്കി.. കോളേജ് ഗേറ്റ് കടന്ന് കോളേജ് അങ്കണത്തിൽ എത്തിയ അവരുടെ നേരെ മുന്നിലേ കാഴ്ച കണ്ട അനി ആര്യയെ ഇടം കണ്ണാലെ നോക്കി വിഷമിച്ചു നിന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story