ആത്മരാഗം💖 : ഭാഗം 55

athmaragam thanseeh

രചന: തൻസീഹ് വയനാട്

 "എവിടെ അവൾ...?? " കോളേജിൽ എത്തി ക്ലാസ്സിൽ കയറുന്നതിന് മുന്നേ അമിത് അക്ഷിതിനെ മാറ്റി നിർത്തി ഈശ്വറിനോടൊപ്പം പുറത്തേക്ക് നടന്നു... അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവത്തിരുന്നു. മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടവൻ കോളേജ് അങ്കണത്തിന് നടുവിൽ നിന്ന് ചുറ്റും പരതി.. "ദേ.. അവളാ.. " ഈശ്വർ ചൂണ്ടിയ ഭാഗത്തേക്ക് തന്റെ കണ്ണുകൾ അമിത് ചലിപ്പിച്ചു.. മൂന്നാല് പേരുടെ കൂടെ സംസാരിച്ചിരിക്കുന്ന ജൂനിയർ പെൺകുട്ടിയുടെ നേരെ അവൻ നടന്നു.. അവന്റെ വരവ് കണ്ടതും അവളാകെ പേടിച്ചു.. ഒപ്പം ഉണ്ടായിരുന്നവർ എല്ലാം അമിത്തിനെ കണ്ട് മാറി നിന്നു.... അമിതിന്റെ മുഖത്തെ ദേഷ്യം നിമിഷം തോറും വർധിക്കുകയായിരുന്നു.. ചൂണ്ടു വിരൽ അവൾക്ക് നേരെ ചൂണ്ടി കൊണ്ടവൻ വാർണിംഗ് എന്ന നിലയിൽ അവളെ അടിമുടി നോക്കി കൊണ്ട് അവളോട് കയർത്തു സംസാരിച്ചു... അവന്റെ രോക്ഷം കണ്ട് മറ്റ് കുട്ടികൾ എല്ലാം കാഴ്ച കണ്ട് നിൽക്കാതെ ക്ലാസ്സിലേക്ക് പോയി.... അമിത്തിന്റെ ദേഷ്യവും സംസാരവും ആ പെൺകുട്ടിയിൽ ഭയം നിറച്ചു..

തല താഴ്ത്തി കൊണ്ടവൾ കരഞ്ഞു കൊണ്ടവനോട് മാപ്പ് ചോദിച്ചു... കോളജിലേക്ക് എത്തിയവരെല്ലാം എന്താണ് സംഭവം എന്നറിയാതെ മിഴിച്ചു നിൽക്കുന്നുണ്ടായിരുന്നു... "ഇനിയൊരു തവണ കൂടി നിന്റെ വായിൽ നിന്ന് ഇമ്മാതിരി വർത്തമാനം വന്നുവെന്ന് ഞാൻ അറിഞ്ഞാൽ.... " ചൂണ്ടുവിരൽ അവൾക്ക് നേരെ അനക്കി ചുവന്ന കണ്ണുകളാൽ അവൻ പറഞ്ഞതും വീണ്ടും മാപ്പ് പറഞ്ഞ് ആ കുട്ടി കരഞ്ഞു കൊണ്ടോടി പോയി.... അവൾ പോയതും അമിത് തന്റെ പിറകിൽ നിൽക്കുന്ന ഈശ്വറിനോട് എന്തോ പറയാനായി തിരിഞ്ഞു..... ആ സമയം ഈശ്വറിന് പിറകിൽ തന്നെ നോക്കി പേടിയോടെ നിൽക്കുന്ന അനിയേയും തന്നെയിപ്പോൾ ഇട്ട് കൊടുത്താൽ പച്ചക്ക് തിന്നാൻ പാകത്തിൽ രോക്ഷത്തോടെ നിൽക്കുന്ന ആര്യയേയും അവൻ കണ്ടു........ ആര്യ തന്റെ പല്ലുകൾ കടച്ചമർത്തി ദേഷ്യത്തോടെ അമിതിനെ നോക്കി.. കരഞ്ഞു കൊണ്ട് ആ പെൺകുട്ടി ഓടി പോയത് കണ്ട് അവനെ ആ നിമിഷം ചവിട്ടി എല്ലൊടിക്കാൻ അവൾക്ക് തോന്നി... "അവളെ വെറുതെ വിട്ടോ ഡാ... രണ്ട് പൊട്ടിക്കാമായിരുന്നു..

അതിന്റെ കുറവുണ്ടവൾക്ക്....പെണ്ണാണെന്നു വെച്ച് എന്ത് തന്തയില്ലാത്തരവും പറഞ്ഞു നടക്കാമെന്നാണോ ഇവളുമാരുടെയൊക്കെ വിചാരം...ഹും...... " അമിത് അവളെ പൊട്ടിക്കുന്നതും കാത്ത് കണ്ണിൽ എണ്ണയൊഴിച്ചിരിക്കായിരുന്ന ഈശ്വർ അവൾ പോകുന്നത് കണ്ട് അമിതിനോട് പറഞ്ഞു... എന്നാൽ അവൻ തന്റെ നേരെ നോക്കാതെ മുന്നോട്ട് നോക്കി നിൽക്കുന്നത് കണ്ട് അവൻ എന്താടാ ഇന്ന് ചോദിച്ച് തിരിഞ്ഞു നോക്കിയതും തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ആര്യയെ കണ്ടവൻ പിറകോട്ട് നീങ്ങി... തന്നെ ഉറ്റു നോക്കുന്ന അവളുടെ മുഖഭാവം കണ്ട് ഈശ്വർ ശ്വാസം പോലും വിടാൻ മറന്നു പോയി.... ആര്യയിൽ നിന്നും കണ്ണെടുക്കാതെ പകച്ചു നിന്ന ഈശ്വറിനെ ഒന്ന് നോക്കിയ ശേഷം ആര്യ അനിയുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് പോയി.. അവർ പോയപ്പോഴാണ് ഈശ്വറിന് ശ്വാസം നേരെ വീണത്.. ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ടവൻ തന്റെ നെഞ്ചിൽ കൈവെച്ചു.. "ഹോ.. ഭാഗ്യം... രക്ഷപ്പെട്ടു.. ആ സിംഹിണി ഇവിടെ നിൽക്കുന്ന കാര്യം ഒന്ന് നേരത്തെ പറഞ്ഞൂടെ... മനുഷ്യന്റെ നല്ല ജീവൻ പോയി.."

"അതിന് ഞാനും ഇപ്പോഴല്ലേ കണ്ടത് രാക്ഷസി വന്ന് നിൽക്കുന്നത്.... " "രാക്ഷസി അല്ല.. ഭദ്ര കളിയാണ്. എന്റെ നെഞ്ചത്ത് കാളി നടനം കാണിക്കാത്തത് എന്റെ ഭാവി കെട്ടിയോളുടെയും പിള്ളേരുടെയും ഭാഗ്യം... നീ വാ.. ഇന്നത്തെ ഡേ നമുക്ക് പൊളിക്കണ്ടേ......" ശ്വാസം നേരെ വീണ ഈശ്വർ അമിതിനെയും കൂട്ടി ക്ലാസ്സിലേക്ക് പോയി.. അക്ഷിത് ബുക്ക്സ് നിരത്തി വെച് ഒരു മൂലയിൽ ഇരുന്ന് പ്രൊജക്റ്റിനുള്ള ആരംഭത്തിൽ ആയിരുന്നു.. അവസാന വർഷം ആയതിനാൽ തന്നെ ഒഴിവില്ലാതെ പ്രൊജക്റ്റും മറ്റ് വർക്കുകളുമായി എപ്പോഴും തിരക്കിലാണവർ.. അതിനിടയിൽ വീണ് കിട്ടുന്ന ഫ്രീ പിരിയഡുകൾ എല്ലാവരും ചേർന്ന് ആഘോഷമാക്കാറുണ്ട്... ടീച്ചേഴ്‌സിന് എന്തോ മീറ്റിങ് ആയതിനാൽ ഒരുപാട് ദിവസങ്ങൾക്ക് ശേഷം കിട്ടിയ ഫ്രീ പിരിയഡുകൾ ആഘോഷമാക്കാൻ തന്നെ അവർ തീരുമാനിച്ചു.. എല്ലാവരും പാട്ടും മേളവും കളിയും ചിരിയുമായി ഡസ്കിന്മേൽ സ്ഥാനം പിടിച്ചു.... എന്നാൽ ഇതിലൊന്നും പങ്കാളിയാവാതെ അക്ഷിത് മാറി ഇരുന്ന് പുസ്തകങ്ങളോട് കൂട്ട് കൂടി..

ഇന്നത്തെ ദിവസം മുഴുവൻ തങ്ങൾക്ക് ഒഴിവ് ആണെന്നറിഞ്ഞതും കളിചിരിക്ക് മാറ്റ് കൂട്ടാൻ അനിയും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം അമിതിന് തോന്നി പോയി.. അവളുടെ വായാടിത്തരം കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ലെന്നറിയാവുന്ന അവൻ അവളെ വിളിച്ചു കൊണ്ട് വരാൻ തീരുമാനിച്ചു .. ഡസ്കിൽ നിന്നും ചാടി ഇറങ്ങി വാതിലിനടുത്തേക്ക് നീങ്ങിയ അമിതിനെ ഈശ്വർ തിരിഞ്ഞു നോക്കി. "എങ്ങോട്ടാ ഡാ... നീ വാ...ഇനി ഇത് പോലൊരു ദിവസം നമുക്ക് കിട്ടിയെന്ന് വരില്ല.. മീറ്റിങ് കഴിഞ്ഞ്‌ ടീച്ചേഴ്സ് വരുന്നത് ഒരു കുട്ട നിറയെ വർക്കുകളുമായ് ആവും..നമ്മുടെ അവസാന വർഷമല്ലേ ഇത്....എൻജോയ് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കല്ലേ ഡാ..... " "അതിനാരാ പാഴാക്കുന്നെ.. ഞാനിപ്പോ വരാം.. കൂടുതൽ എൻജോയ് ചെയ്യാനുള്ള മരുന്നുമായി.. " "എന്ത് മരുന്ന്...." "ഒരു ചിരിക്കുടുക്കയെ കൊണ്ട് വരാൻ പോവാണ്.. " അമിത് പറയുന്നതൊന്നും മനസ്സിലാവാതെ ഈശ്വർ വാതിൽക്കൽ നിന്നു... "തെളിച്ച് പറയെടാ പട്ടി.." "വ്യക്തമായി പറഞ്ഞാൽ ആ ഭദ്ര കാളിയുടെ മൂട്ടിൽ തീയിട്ടിട്ട് വരാം...."

കണ്ണിറുക്കി കൊണ്ട് അതും പറഞ്ഞ് നടന്ന് പോകുന്ന അമിത്തിനെ നോക്കി ഈശ്വർ കണ്ണ് തള്ളി നിന്നു... എന്തൊക്കെയാ അവനീ ചെയ്ത് കൂട്ടുന്നതെന്ന് ഈശ്വറിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല.. ഇനി ഇന്നേതു ചുമരിൽ ആണ് അമിത് പോസ്റ്ററാവാൻ പോവുന്നെ എന്നാലോചിച്ച് കൊണ്ട് ഈശ്വർ അകത്തേക്ക് വലിഞ്ഞു.... ************ ഈ സമയം അനിയുടെ ക്ലാസ്സിനും ഫ്രീ ഹവർ ആയിരുന്നു... അനി തന്റെ സ്ഥിരം ജോലി ആരംഭിച്ചു.. എല്ലാ കുട്ടികളും അവളുടെ ചളിയും ചിരിയും ആസ്വദിച്ചു കൊണ്ട് അവൾക്ക് ചുറ്റും കൂടി... ആര്യ തന്റെ ഇടത്തെ കൈ നെറ്റിയിൽ വെച്ചു തല താഴ്ത്തി ബുക്കിലെ ഒഴിഞ്ഞ പേജിൽ കുത്തി വരഞ്ഞു കൊണ്ടിരുന്നു... ഇന്നലെ, തന്നെ അടിമുടി തളർത്തിയ മനസ്സിനെ പിടിച്ചുലച്ച ആ രാഗങ്ങൾക്ക് പിറകെ ആയിരുന്നു അവളുടെ ഹൃദയം.. ആ സ്വരങ്ങൾ അമിതിൽ നിന്നായിരുന്നെന്ന് വീണ്ടും വീണ്ടും അവളെ മനസ്സ് ഓർമപ്പെടുത്തുന്നതിനനുസരിച്ച് പേജിലെ വരകളുടെ തീവ്രത കൂടി... ആ സ്വരങ്ങൾ അവളുടെ ഹൃദയത്തിൽ തട്ടിയെങ്കിലും ആ ശബ്‌ദത്തിനുടമ അമിത് ആണെന്നവൾക്ക് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.....

ആൺ പെൺ വ്യത്യാസമില്ലാതെ വഴക്ക് കൂടുന്ന ഒരു വഴക്കാളിയായ അമിതിന് ഒരിക്കലും മറ്റൊരാളുടെ ഹൃദയത്തിൽ ചലനം സൃഷ്ടിക്കാൻ കഴിയുകയില്ലെന്നവൾ ഉറച്ചു വിശ്വസിച്ചു.. എന്നാൽ കണ്ണുകൾ നേരിട്ട് കണ്ട യാഥാർഥ്യത്തിന് നേരെ കണ്ണടക്കാനും അവളെ കൊണ്ടായില്ല... അവന്റെ സാന്നിധ്യത്തെയും അവന്റെ മുഖത്തെയും എത്രമാത്രം വെറുക്കുന്നുവോ അതിനേക്കാൾ ഇരട്ടി അവന്റെ ശബ്ദത്തെ താൻ നെഞ്ചോട് ചേർക്കുന്നുണ്ടെന്ന സത്യം അവൾ തിരിച്ചറിഞ്ഞു...... ചിന്തകളും ഓർമകളും വീണ്ടുമാ സ്വരങ്ങളെ തേടി അലഞ്ഞതും വാതിൽക്കലേക്ക് നോക്കി കൊണ്ടിരുന്ന അവൾ പെട്ടന്ന് അമിത് ക്ലാസ്സിലേക്ക് കയറി വന്നത് കണ്ടു... അവനെ കണ്ടതും താളമിട്ടു കൊണ്ടിരുന്ന അവളുടെ ഹൃദയം പൂർവസ്ഥിതിയിൽ ആയി.. മുഖം എന്തിനോ വേണ്ടി വലിഞ്ഞു മുറുകി.... അവരുടെ ക്ലാസ്സിൽ എത്തിയ അമിതിനെ കണ്ടതും ക്ലാസ് പെട്ടെന്ന് നിശബ്ദമായി.. എല്ലാവരും അവന്റെ വഴിയിൽ നിന്നും പേടിയോടെ മാറി നിന്നു. ഡസ്കിൽ കയറി ഇരിക്കുകയായിരുന്ന അനി ഒറ്റ ചാട്ടത്തിന് ഇറങ്ങി വേഗം ആര്യയുടെ അടുത്ത് പോയി ഇരുന്നു..

അവളെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ച് മീശ പിരിച്ചു കൊണ്ടവൻ അവൾക്ക് ഓപ്പോസിറ്റ് ആയിട്ടുള്ള ബെഞ്ചിൽ ഇരുന്ന് കണ്ണിമ വെട്ടാതെ അവളെ നോക്കി ഇരുന്നു... അവൻ അരികിൽ ഇരിക്കുന്നത് കൊണ്ട് തന്നെ അനി വിറക്കുന്നുണ്ടായിരുന്നു.. അത് അമിതിനോടുള്ള പേടി ആയിരുന്നില്ല.. ആര്യയെ കുറിച്ചോർത്തുള്ള ടെൻഷൻ ആയിരുന്നു.. അമിത്തിനെ തല ഉയർത്തി നോക്കിയവൾ പെട്ടന്ന് നോട്ടം ആര്യയിലേക്ക് തിരിച്ചു.. അവളുടെ ചുവന്നു വരുന്ന മുഖം കണ്ട് അവൾ തല താഴ്ത്തി... വീണ്ടും മൂന്നാല് തവണ ഇതാവർത്തിച്ചു... അവളുടെ കാണിച്ചു കൂട്ടൽ കണ്ട അമിത് പൊട്ടിച്ചിരിച്ചു.. അവന്റെ ഓരോ ചിരിയും ക്ലാസ്സിൽ മുഴങ്ങുമ്പോൾ അനിയുടെ ഹൃദയ മിടിപ്പും കൂടി കൂടി വന്നു..... ഈ സമയം ഫ്രീ ഹവർ സ്വന്തമാക്കാൻ വന്ന അനിൽ സാർ അനിയേയും അവളുടെ നേരെ മുന്നിൽ ഇരു കയ്യും കവിളിൽ വെച്ച് കണ്ണും കണ്ണും നോക്കി ചേർന്നിരിക്കുന്ന അമിതിനെയും കണ്ടതും ഹൃദയം നിശ്ചലമായ അവസ്ഥയിൽ ജനാലക്കരികിൽ നിന്നു... പെട്ടന്നുണ്ടായ ബോധോദയത്തിൽ സാർ പെട്ടന്ന് ക്ലാസ്സിൽ കയറി ഡസ്കിൽ ആഞ്ഞടിച്ചു...

ഉടനെ തന്നെ അമിത് തിരിഞ്ഞു നോക്കി എണീറ്റ് നിന്നു.. "എന്താ അമിത്.. എന്താണിത്.. റാഗിങ് ആണോ... ആവശ്യമില്ലാതെ ക്ലാസ് ടൈമിൽ ഈ ഡിപ്പാർട്ടിൽ,,, അതും ക്ലാസ്സിനകത്ത് കയറാൻ ആരാ നിനക്ക് പെർമിഷൻ തന്നത്.... " "എന്താ സർ... സാറിനറിയാൻ പാടില്ലേ.. ഞാനീ കോളേജിലെ ചെയർമാൻ അല്ലേ.. ഏത് ഡിപ്പാർട്ട്മെന്റിലും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്രം എനിക്ക് പ്രിൻസി തന്നിട്ടുണ്ട്... " "സോ വാട്ട്... എന്തും ആവാം എന്നാണോ നിന്റെ തോന്നൽ.. എന്തെങ്കിലും ആവശ്യം ആണേൽ അത് കഴിഞ്ഞാൽ ഉടനെ പോകണം..അല്ലാതെ ക്ലാസ്സിൽ കയറി ഇരിക്കുകയല്ല വേണ്ടത്.. " പതിവിന് വിപരീതമായുള്ള അനിൽ സാറിന്റെ ചൂടൻ സ്വഭാവം കണ്ട് അനി പോലും അന്തം വിട്ട് നിന്നു... എന്നാൽ പതറാതെ ചിരിച്ചു കൊണ്ട് അമിത് അനിയോട് ചേർന്ന് നിന്നു.. "ഞാൻ ചെയർമാനും ഇവൾ ചെയർ പേഴ്‌സണും ആയത് കൊണ്ട് ഞങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടാവും..പലയിടത്തും ഞങ്ങളെ ഒരുമിച്ച് കണ്ടെന്നും വരാം...ഞാനിവിടെ നിന്ന് പോകുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്..." ആര്യയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അമിത് പറഞ്ഞവസാനിപ്പിച്ചു.. "അതൊക്കെ ക്ലാസ്സിന് വെളിയിൽ മതി അമിത്.. ഇവിടെ അലോഡ് അല്ലാ.."

"എന്നാ ഓക്കേ.. ഞങ്ങൾ പുറത്തു പോയി സ്വസ്ഥമായി ഇരുന്ന് ചർച്ച ചെയ്തോളാം...." സാറിനെ നോക്കി ചിരിച്ചു കൊണ്ട് തന്റെ പിറകിൽ നിൽക്കുന്ന അനിയുടെ കയ്യിലവൻ പിടിച്ചു.. ആ ഒരു നിമിഷം സംശയത്തോടെ അവനാ കയ്യിൽ തന്റെ കരം അമർത്തി... അനിയുടെ കൈകൾ ഇത്ര മെലിഞ്ഞിട്ടല്ലല്ലോ എന്ന സംശയത്താൽ അവൻ പിറകോട്ട് നോക്കിയതും കത്തുന്ന മിഴികളോടെ ആര്യ തന്റെ മുന്നിൽ നിൽക്കുന്നത് അവൻ കണ്ടു.. അവളുടെ നേരെ പിറകിൽ പേടിച്ചരണ്ട മിഴികളുമായി അനിയും. ഉടനെ തന്നെ അവന്റെ കണ്ണുകൾ താൻ പിടിച്ച കയ്യിലേക്ക് നീണ്ടു.. ആര്യയുടെ കയ്യിലാണ് താൻ പിടിച്ചതെന്ന് മനസ്സിലായതും അവളുടെ കൈ വീശി എറിഞ്ഞു കൊണ്ട് അമിത്‌ അനിയുടെ കൈ കടന്ന് പിടിക്കാൻ നിന്നതും പെട്ടന്ന് അനിൽ സാർ അവരുടെ രണ്ട് പേരുടെയും ഇടയിലേക്ക് കയറി നിന്നു.. "ഈ കുട്ടിക്ക് അറ്റൻഡൻസിന്റെ ഷോർട്ടേജ് നല്ലവണ്ണം ഉണ്ട്. പ്രിൻസിയുടെ സമ്മതമില്ലാതെ ഇനി ഇവളെ ക്ലാസ് ടൈമിൽ ഏതാവശ്യത്തിനാണേലും പറഞ്ഞയക്കാൻ ബുദ്ധിമുട്ടുണ്ട്....."

പെട്ടന്ന് വായിൽ വന്നത് അവരുടെ മുന്നിൽ പറഞ്ഞതും അമിത് ഓക്കേ എന്ന് പറഞ്ഞു കൊണ്ട് ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.. ആശ്വാസത്തോടെ നെടുവീർപ്പിട്ട് കൊണ്ട് അനിൽ സർ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു.. അനിയുടെ നേരെ കണ്ണുകൾ ചലിച്ചെങ്കിലും അവൾ തന്നെ നോക്കാതെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടതും സാറിന്റെ മുഖത്തെ തെളിച്ചം മാഞ്ഞു.. ബുക്ക് എടുത്ത് അനിൽ സാർ ക്ലാസ് ആരംഭിച്ചു. തന്നെ നോക്കാതെ ഇരിക്കുന്ന അനിയിലേക്ക് ഇടയ്ക്കിടെ സാറിന്റെ കണ്ണുകൾ പോയി കൊണ്ടേ ഇരുന്നു.. ഡിഫിക്കൾട്ട് ഭാഗങ്ങൾ വരുന്ന സ്ഥലത്ത് അനി ഡൗട് ചോദിക്കാൻ എണീക്കുന്നുണ്ടോ എന്ന് സാർ നോക്കിയെങ്കിലും അവളിൽ യാതൊരു മാറ്റവും സാർ കണ്ടില്ല... അതിനിടയിൽ വാതിലിൽ തട്ടി തന്റെ സാനിധ്യം അമിത് അറിയിച്ചു.. അനിയേയും ആര്യയെയും മാറി മാറി നോക്കി അനിൽ സാർ അമിതിന് നേരെ നടന്നു.. "എന്താ ടോ ഇനി വേണ്ടത്.. " "സാർ.. അനിരുദ്ര..... പ്രിൻസിയുടെ സ്‌പെഷ്യൽ പെർമിഷൻ വാങ്ങിയിട്ടുണ്ട്.. " അത് കേട്ടതും സാറിന്റെ കണ്ണുകൾ തള്ളി പോയി.. അമിത് ഇക്കാര്യം സീരിയസ് ആക്കി പ്രിൻസിയോട് സമ്മതം ചോദിക്കുമെന്ന് അനിൽ സാർ കരുതിയിരുന്നില്ല.. എന്ത് ചെയ്യണം എന്നറിയാതെ സാർ പകച്ചു നിന്നതും

അമിത് ക്ലാസ്സിലേക്ക് കയറി അനിയുടെ അടുത്തേക്ക് നടന്നു.. അവളുടെ കയ്യിൽ പിടിച്ച് കൂളായി പിന്തിരിഞ്ഞു നടക്കാൻ നോക്കിയ അമിത് മുന്നോട്ട് നീങ്ങാൻ പ്രയാസം ഉള്ളത് പോലെ തോന്നി.. അനി ബലം പിടിച്ചു നിൽക്കുന്ന പോലെ അനുഭവപ്പെട്ടതും അവൻ തിരിഞ്ഞു നോക്കി... തന്റെ നേരെ ഉഗ്രൻ നോട്ടം എറിഞ്ഞ് അനിയുടെ ഇടത്തെ കൈ മുറുകെ പിടിച്ചിരിക്കുന്ന ആര്യയെ കണ്ടതും അനിയുടെ വലത്തേ കയ്യിലെ പിടി അവൻ മുറുക്കി.. പിന്നെ അവിടെ ഒരു വടം വലി തന്നെ ആയിരുന്നു.. രണ്ട് പേരുടെയും വലിയിൽ തളർന്ന അനിക്ക് അമിത് പിടിച്ച വലത്തേ കൈ ഇപ്പോൾ മുറിഞ്ഞ് അവന്റെ കൈക്കുള്ളിൽ എത്തുമോ എന്ന് വരെ തോന്നി പോയി... ദയനീയമായ മിഴികളോടെ അവൾ ആര്യയെ നോക്കി.. അവൾക്ക് വേദനിക്കുന്നുണ്ടെന്നറിഞ്ഞ ആര്യ പെട്ടന്ന് താൻ പിടിച്ച അവളുടെ കൈ വിട്ടു.. അപ്പുറത്ത് ശക്തിയിൽ വലിച്ചു കൊണ്ടിരുന്നതിനാൽ തന്നെ ആര്യ കൈ വിട്ട ഉടനെ അനി നേരെ ചെന്ന് അമിതിന്റെ നെഞ്ചിലേക്ക് പതിച്ചു.. അവളുമായി വീഴാതിരിക്കാൻ ഒരു കൈ പിറകിലെ ഡസ്കിൽ ഊന്നി മറു കൈ കൊണ്ട് അമിത് അവളെ ചേർത്ത് പിടിച്ചു...

ഈ രംഗം കണ്ട് അനിൽ സാർ തന്റെ ഹൃദയത്തിൽ മുള്ള് തറച്ച വേദനയോടെ അവരെ നോക്കി.... അമിതിനോട് ചേർന്ന് നിൽക്കുന്ന അനിയിൽ നിന്ന് കണ്ണുകളെടുക്കാതെ വർധിച്ച ഹൃദയ ഭാരത്തോടെ സാർ നിന്നു.... അനിയെ പെട്ടന്ന് തന്നെ തന്റെ പിറകിലേക്ക് നിർത്തി വിജയ ഭാവത്തിൽ ഇപ്പോൾ എങ്ങനെ ഉണ്ടെന്ന അർത്ഥത്തിൽ നോക്കാനായി ആര്യക്ക് നേരെ തിരിഞ്ഞതും ഞൊടിയിടയിൽ ഒരു നൂലിഴക്കപ്പുറം തന്റെ അരികിൽ വന്ന് നിൽക്കുന്ന ആര്യയെ അവൻ കണ്ടു.. പ്രതീക്ഷിക്കാത്ത നീക്കം ആയതിനാൽ തന്നെ ഒന്ന് ഞെട്ടി കൊണ്ട് അമിത് ഒരടി പിറകിലേക്ക് നിന്നു.. ആര്യയുടെ മുഖ ഭാവം കണ്ട് അവൾ ഒരങ്കത്തിന് തയ്യാറായി നിൽക്കുകയാണെന്ന് അനിക്ക് ബോധ്യമായി... ഉടനെ നിസ്സഹായയായി അവൾ അനിൽ സാറിനെ നോക്കി.. കാര്യം മനസ്സിലായ അനിൽ സാർ മുന്നോട്ട് വന്നു.. "അമിത്.. അനിയേയും കൂട്ടി വേഗം പുറത്തു പോകൂ..ആര്യാ..നിന്റെ സീറ്റിൽ ഇരിക്ക് " സാറിന്റെ സമ്മതം കിട്ടിയതും അമിത് ചിരിച്ചു കൊണ്ട് ആര്യയെ നോക്കി അനിയുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് പോയി..

ആര്യയുടെ മൂഡ് ശരിയല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ സാർ അങ്ങോട്ട് നോക്കാനേ പോയില്ല..അവളുടെ കൂർപ്പിച്ചുള്ള ആ നോട്ടത്തിൽ തന്നെ സാർ ഉരുകി പോയിരുന്നു.. അനിയെ രണ്ടാം തവണയാണ് തന്റെ അടുത്ത് നിന്നവൻ കൊണ്ട് പോകുന്നതെന്ന് ആലോചിച്ച് ആര്യ പേന കൊണ്ട് ബുക്കിൽ അമർത്തി കുത്തി.. ദേഷ്യം മുഴുവൻ അവൾ അതിൽ പ്രകടമാക്കി.. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം തന്റെ ദേഷ്യം അടക്കി ക്ലാസ്സിൽ ഇരിക്കാൻ ആയിരുന്നു അവളുടെ വിധി... അതേ വിധി തന്നെ ആയിരുന്നു സാറിനും.. ശരീരം ക്ലാസ്സിൽ ആണെങ്കിലും മനസ്സ് അനിക്കൊപ്പം പോയതിനാൽ ക്ലാസ്സിൽ ഇരുന്ന് വീർപ്പുമുട്ടുകയായിരുന്നു അനിൽ സാർ.. ************. അമിതിന്റെ ക്ലാസ്സിലേക്ക് അവനോടൊപ്പം കയറി ചെന്ന അനിയുടെ കണ്ണുകൾ കലങ്ങിയിരുന്നു.. ചെയ്യാത്ത തെറ്റിന് എന്തിന് അമിത് വീണ്ടും തന്നെ നോവിക്കുന്നെന്ന തോന്നൽ അവളുടെ കണ്ണുകളെ ഈറനണിയിച്ചു.. അവളെ കണ്ട പാടെ ചാടി ഓടി കൊണ്ട് ഈശ്വർ കതക് കുറ്റിയിട്ടു... ഏത് നിമിഷവും ആര്യ വരുമെന്നും വന്നാൽ ചോര പുഴ ഒഴുകുമെന്നും അവനറിയാമായിരുന്നു..

നിസ്സഹായയായി നിൽക്കുന്ന അനിയുടെ മുഖം കണ്ടു പെട്ടെന്ന് തന്നെ അവളുടെ അരികിലേക്ക് അക്ഷിത് നടന്ന് വന്നു... "അമീ.. എന്തൊക്കെയാ ഇത്.. എന്തിനാ ഈ പാവത്തെ ഇങ്ങനെ പേടിപ്പിക്കുന്നത്.. ഇനി ഇത് ആവർത്തിക്കരുത്....." കലങ്ങി മറിയുന്ന മനസ്സുമായി തല താഴ്ത്തി നിൽക്കുന്ന അനിയെ ചേർത്ത് പിടിച്ച് കൊണ്ട് അക്ഷിത് അമിതിനെ വാണിംഗ് ചെയ്തു..എന്നിട്ടു അവളെ കൊണ്ട് പോയി തന്റെ അടുത്തായി ഇരുത്തി.. "ഇവളെ പേടിപ്പിക്കാൻ ഒന്നുമല്ല ഏട്ടാ.. ഇവൾക്കൊരു ഫ്രണ്ട് ഇല്ലേ.. അവൾക്ക് ഇത് പോലെ ചെറിയ ഡോസ് ഇടയ്ക്കിടെ നൽകണം.. എല്ലാവരുടെയും മുന്നിലിട്ട് എന്നെ തല്ലിയവളല്ലേ.. അങ്ങനെ സുഖിക്കേണ്ടാ.. " താൻ കാരണം അനി പേടിച്ചിരിക്കേണ്ട എന്ന് കരുതി അതും പറഞ്ഞ് അമിത് മറ്റുള്ളവരുടെ കൂടെ കൂടി.. അവന്റെ വാക്കുകൾ ഇടിത്തീ പോലെയാണ് അനിയിൽ കൊണ്ടത്.. അമിതിനേക്കാൾ പേടി അവൾക്ക് ആര്യയിൽ തോന്നി.. അവളിനി എന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് അവൾക്കൊരു ഊഹവും ഉണ്ടായിരുന്നില്ല.. അരികിൽ ഇരുന്ന അക്ഷിത് ഒന്നുമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും അവളുടെ ഹൃദയം കിടന്ന് പിടഞ്ഞു...

മറ്റു കുട്ടികളോട് ചളി അടിച്ച് ചിരിച്ചിരിക്കുന്ന അമിതിനെ അവൾ നോക്കി ഇരുന്നു.. അവളുടെ നോട്ടം അമിതിൽ ആണെന്ന് തിരിച്ചറിഞ്ഞ അക്ഷിത് മെല്ലെ ചിരിച്ചു.. "അവനിതൊക്കെ തമാശ ആണ്.. താൻ പേടിക്കുകയൊന്നും വേണ്ട.. ഇങ്ങനെ ഇടയ്ക്കിടെ കുസൃതി ഒപ്പിച്ചില്ലെങ്കിൽ അവനൊരു സുഖം കിട്ടില്ല.. അവന്റെ ദേഹം നോവിച്ചവൾ അല്ലെ ആര്യ.. അതിനാൽ അവൾക്കിത് പോലെ പണി അവൻ കൊടുത്തു കൊണ്ടിരിക്കും.. അതൊന്നും താൻ കാര്യമാക്കേണ്ട.. ഒന്നും അതിര് കടക്കില്ല.. " അക്ഷിത് ആശ്വാസ വാക്കുകൾ ചൊരിഞ്ഞതും അവൾ വീണ്ടും അമിതിനെ നോക്കി.. എപ്പോഴും ഗൗരവത്തോടെ കാണാറുള്ള അമിതിനെ ചിരിച്ച മുഖവുമായി കണ്ട് അവൾക്ക് ഉള്ളിൽ സഹതാപം തോന്നി.. "അമിത് ചേട്ടൻ ഭയങ്കര ഹാപ്പി ആണല്ലോ.. എന്തിനോ തിളയ്ക്കുന്ന സാമ്പാറിനെ പോലെയുണ്ട്.. എന്താവുമോ എന്തോ ...." അവളുടെ കമന്റടി കേട്ട് അക്ഷിത് അവളെ നോക്കി ചിരിച്ചു.... ആട്ടും പാട്ടും കളിയും മടുത്ത ഈശ്വർ അവരുടെ അടുത്ത് വന്നിരുന്നു... "എന്താ ചെയ്യാ. നമ്മളെ ചളിയടിയൊന്നും ഇപ്പോൾ പണ്ടത്തെ പോലെ ഏൽക്കുന്നില്ലന്നെ.. "

"പുരോഗമനം ഇല്ലാത്ത ചളികൾ വിതറിയാൽ ഇങ്ങനേ ഉണ്ടാവൂ.. കുറച്ച് സ്റ്റാൻഡേർഡ് ഉള്ളതെടുത്തോടെ... " "ഇത്രയൊക്കെ സ്റ്റാൻഡേർഡ് മാത്രേ ഉണ്ടാവൂ.. അങ്ങനെ ഉള്ളവന്മാരല്ലേ കൂടെ ഉള്ളത് ..." അമിതിനെ നോക്കി പറഞ്ഞതും അനി വാ പൊത്തി ചിരിച്ചു.. സംസാരിക്കാൻ ഒരാളെ കിട്ടിയതിൽ സന്തോഷിച്ച് അനി ഈശ്വറിനോട് കത്തിയടിക്കാൻ തുടങ്ങി.. "അല്ലാ.. രാവിലെ എന്തായിരുന്നു അവിടെ.... അമിത് ചേട്ടൻ നല്ല ദേഷ്യത്തിൽ ആയിരുന്നല്ലോ.." "ഓഹ്.. അതോ.. നിന്നെയും അക്ഷിതിനെയും ചേർത്ത് വേണ്ടാത്തതെന്തോ അവൾ പറഞ്ഞുണ്ടാക്കി.. ഏട്ടനെ പറഞ്ഞാൽ അനിയൻ അടങ്ങി ഇരിക്കുമോ... അവന്റെ കയ്യിൽ നിന്ന് അടി കിട്ടാത്തത് അവളുടെ ഭാഗ്യം...." ഈശ്വറിന്റെ വാക്കുകൾ കേട്ടതും അനിയുടെ മുഖം വിടർന്നു... അമിതിനെ കുറിച്ചുള്ള ധാരണ മാറി വരുന്നതിൽ അവൾ സന്തോഷിച്ചു.. ആര്യയും കൂടി അവനെ മനസ്സിലാക്കി പ്രശ്നങ്ങൾ അവസാനിച്ചെങ്കിൽ എന്നവൾ ആഗ്രഹിച്ചു. "നിങ്ങൾ രണ്ട് പേരും അമിത് ചേട്ടനോട് ഒന്ന് സംസാരിച്ച് ആര്യയുമായുള്ള പ്രശ്നം ഒന്ന് സോൾവ് ആക്കുമോ..

അവർ ഇങ്ങനെ പരസപരം പക കൊണ്ട് നടക്കുന്നത് കണ്ട് നിൽക്കാൻ ആവുന്നില്ല.. " അഭ്യർത്ഥനയോടെ താഴ്മയായി അനി അക്ഷിതിനെയും ഈശ്വറിനെയും നോക്കി യാചിച്ചു.. അക്ഷിത് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല... എന്നാൽ ഈശ്വർ അവളുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ചു.. "എന്റെ പൊന്നു അനീ.. അമിത് പറഞ്ഞാൽ കേൾക്കുന്ന സ്വഭാവക്കാരൻ ആണെന്ന് നിനക്ക് തോന്നീട്ടുണ്ടോ.. ഈ കോളേജിലെ കുട്ടികളുടെ മുന്നിൽ വെച്ചാണ് അവൾ അവനെ അടിച്ചൊതുക്കിയത്.. അത് അത്ര വേഗം അവൻ മറക്കില്ല.. അവൾക്ക് മാപ്പ് കൊടുക്കുകയുമില്ല.. നീ വേറെ വല്ലതും പറ,...." ഈശ്വറിന്റെ വാക്കുകൾ കേട്ട് അനി നിരാശയിലായി.. അവളുടെ മൗനം കാര്യമാക്കാതെ ഈശ്വർ അവളോട് ചളി അടിച്ചിരുന്നു.. അവന്റെ തമാശയിൽ അനി തന്റെ വിഷമം പാടെ മറന്നു.. അവനോട് ഓരോന്ന് പറഞ്ഞ് തർക്കിക്കുന്നതിനിടയിൽ അവളൊരു കാര്യം ഓർത്തെടുത്തു.... "അല്ലാ.. ഞാനന്ന് ചോദിക്കാൻ വിട്ടു.. എന്നെ അന്ന് ചേട്ടൻ വീട്ടിൽ ആക്കിയില്ലേ.. ഗ്രൗണ്ട് ന്റെ ഉദ്ഘടനത്തിന്റെ തലേന്ന്.. അന്ന് ഞാൻ ഭയങ്കര എക്സൈറ്റ്മെന്റിൽ ആയിരുന്നു..നോൺ സ്റ്റോപ്പ് ആയി സംസാരിക്കുന്നതിനിടയിൽ വീട്ടിലേക്കുള്ള വഴി പറയാൻ വിട്ടു പോയി.. പക്ഷേ കൃത്യമായി ചേട്ടൻ എന്നെ അവിടെ കൊണ്ടാക്കിയല്ലോ.. അതെങ്ങനെ.... " അമിതിന്റെ ചളിയടിയിൽ ശ്രദ്ധ തിരിഞ്ഞ ഈശ്വർ ഒന്ന് ഞെട്ടി കൊണ്ട് അനിയെ നോക്കി.. "എന്ത്.. നീയിപ്പോ എന്താ പറഞ്ഞെ.... "

അവൾ വീണ്ടും അതാവർത്തിച്ചതും അവനൊന്ന് ചിരിച്ചു.. "ഹാ.. ശെരിയാ..അന്ന് നീ കോളേജിൽ നിന്ന് കയറിയപ്പോ തുടങ്ങിയ സംസാരം ആയിരുന്നു.. വീട്ടിൽ എത്തി ഗേറ്റ് കടക്കാൻ നേരം വരെ നിന്റെ വായ പൂട്ടിയിട്ടില്ല.. ഹോ. ആര്യ നിന്നെ എങ്ങനെ സഹിക്കുന്നു... ഞങ്ങളുടെ പാർട്ടിയിലെ ഒരുത്തന്റെ വീട് അവിടെയാ .. അവിടം വരെ പോകുമ്പോൾ ഒരിക്കെ ആരോ മതിൽ ചാടുന്നത് കണ്ടു.. ഈ പട്ടാപ്പകൽ ആരിത് മതിൽ ചാടി പോകുന്നെ എന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ അല്ലേ ആളെ പിടികിട്ടിയെ....ഗേറ്റ് മലർക്കെ തുറന്നു കിടന്നിട്ടും നീ എന്തിനാ മതിൽ ചാടുന്നെ എന്ന് വിചാരിച്ചു അന്ന് കുറച്ചൊന്നുമല്ല അവിടെ നിന്ന് ഞാൻ ചിരിച്ചത്... അങ്ങനെ മനസ്സിലായി അത് നിന്റെ വീട് ആണെന്ന്.. അല്ലെങ്കിൽ നിന്റെ സംസാരത്തിൽ മുഴുകി വല്ല ഊളം പാറയിലും കൊണ്ടാക്കിയേനെ ഞാൻ.... " അവന്റെ വാക്കുകൾ കേട്ട് അനി ചമ്മലോടെ അക്ഷിതിനെ നോക്കി ചിരിച്ചു.. പിന്നെ പരിഭവത്തോടെ ഈശ്വറിലേക്ക് തിരിഞ്ഞു.. "നല്ല ആളാ. അത് വഴി വന്നിട്ട് വീട്ടിൽ കയറാതെ പോയി അല്ലെ.... "

"ഓഹ്.. സോറി.. അത്യാവശ്യം ഉള്ളത് കൊണ്ടാ പോയത്.. അടുത്ത പ്രാവശ്യം ഉറപ്പായും കയറാം.. പോരേ...." മതിയെന്ന് പറഞ്ഞ് അനി ചിരിച്ചതും അവളുടെ മതിൽ ചാട്ടത്തെ പറ്റി പറഞ്ഞ് ഈശ്വർ കളിയാക്കി കൊണ്ടിരുന്നു.. അവനോട് തല്ല് കൂടി അനി തന്റെ വായാടിത്തരം പുറത്തെടുത്തു.. അവളുടെ കുറുമ്പും സംസാരവും കേട്ട് അക്ഷിത് കൗതുകത്തോടെ അവളെ നോക്കി ചിരിച്ചു.. ഈ സമയം അവരുടെ ഇടയിലേക്ക് ക്ലാസ്സിലെ കുട്ടികൾ എല്ലാം വന്നു.. എല്ലാവരെയും പരിചയപ്പെട്ട അനി നിമിഷ നേരം കൊണ്ട് അവരിലൊരാളായി... അവളുടെ കളിചിരികൾ വീക്ഷിച്ചു കൊണ്ട് അമിത് ചിരിയോടെ മാറി നിന്നു. അവളെ കാണുമ്പോഴൊക്കെ അവനു വല്ലാത്ത കുറ്റബോധം തോന്നി....പ്രത്യക്ഷ്യത്തിൽ ഒരാളെ കണ്ടു വിലയിരുത്താൻ പാടില്ലെന്ന പാഠം അവൻ പഠിച്ചു.... ഈ സമയം ചളിയടിച്ചു എല്ലാവരെയും ചിരിപ്പിക്കുന്ന ഈശ്വറിന്റെ മനസ്സിൽ ഭയം സമയം നീങ്ങും തോറും വർധിച്ചു കൊണ്ടിരുന്നു... ആര്യ വാതിൽ വഴി വരുമ്പോൾ ചാടി പോകാനുള്ള ജനൽ വരെ അവൻ കണ്ടു വെച്ചു... ആര്യ വന്നാലുള്ള അവസ്ഥ ആലോചിച്ച് ഉമിനീർ പോലും ഇറക്കാൻ പറ്റാതെ അവൻ സംസാരിച്ചു കൊണ്ടിരിക്കുന്ന അനിയേയും അവളെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന അമിതിനെയും മാറി മാറി നോക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story