ആത്മരാഗം💖 : ഭാഗം 56

athmaragam thanseeh

രചന: തൻസീഹ് വയനാട്

 അനിയുടെ തമാശയിലും ചിരിയിലും ക്ലാസ്സ് മുഴുവൻ അലിഞ്ഞു ചേർന്നു.. സമയം പോയതേ അവർ ആരും അറിഞ്ഞില്ല.. ബെൽ അടിക്കുന്നതിന് തൊട്ട് മുമ്പായി അടച്ചിട്ട വാതിലിൽ ആരോ വന്ന് മുട്ടിയതും പെട്ടെന്ന് ക്ലാസ്സ് നിശബ്ദമായി...ശബ്ദ കോലാഹലങ്ങൾ കേട്ട് അപ്പുറത്തെ ക്ലാസ്സിലെ മിസ്സ് ആണോ എന്ന സംശയത്താൽ അവർ ഓരോരുത്തരും പരസ്പരം നോക്കി... ഡിഗ്രി ഡിപ്പാർട്ട്മെന്റിൽ ഉള്ള അനിയെ ഇവിടെ ക്ലാസ്സിനുള്ളിൽ കണ്ടാൽ അത് ഉടനെ പ്രിൻസിയുടെ ചെവികളിൽ എത്തുമെന്ന് ഏവർക്കും ഉറപ്പായിരുന്നു... അനിയെ വാതിലിന്റെ മറവിലേക്ക് മാറ്റി നിർത്തി കൊണ്ട് ഈശ്വർ സധൈര്യത്തോടെ വാതിൽ തുറക്കാനായി മുന്നിൽ ചെന്ന് നിന്നു.. പിന്നെ ഒന്ന് പിറകിലേക്ക് നോക്കി ശ്വാസം വിടാതെ നിൽക്കുന്ന എല്ലാവരെയും നോക്കി പേടിക്കേണ്ട ഞാനില്ലേ എന്ന് കൈ കൊണ്ട് കാണിച്ചു കൊണ്ട് വാതിൽ തുറന്നു.... മിസ്സിനെ മയക്കി എടുക്കാനുള്ള ചിരിയുമായി ഈശ്വർ വാതിൽ തുറന്ന് കണ്ണുകൾ വിടർത്തി നോക്കിയതും ക്ഷണ നേരം കൊണ്ടവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി..

മൂർഖൻ പാമ്പിനെ ചവിട്ടിയ പോലെയുള്ള മുഖ ഭാവത്തോടെ അവൻ തന്റെ മുന്നിൽ നിൽക്കുന്ന ആര്യയെ കണ്ട് മുന്നോട്ടും പിന്നോട്ടും നീങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിന്നു.. "സോറി പെങ്ങളെ... എനിക്ക് ക്ലാസ്സ് മാറി പോയി..." ആ ഒരു ഡയലോഗും പറഞ്ഞ് കണ്ണും ചിമ്മി ഈശ്വർ അവളെയും മറി കടന്ന് തിരിഞ്ഞു നോക്കാതെ എങ്ങോട്ടെന്നില്ലാതെ ഓടി.. അവന്റെ ഡയലോഗ് കേട്ട് തല വെളിയിലേക്കിട്ട് നോക്കിയ അനി മുന്നിൽ നിൽക്കുന്ന ആര്യയെയും ഈശ്വറിന്റെ ഓട്ടവും കണ്ട് പൊട്ടിച്ചിരിച്ചു... എന്നാൽ അടുത്ത നിമിഷം തന്നെ ആര്യയുടെ മുഖഭാവം കണ്ട് അവൾ ചിരിയടക്കി... "വാവീ.. വാ പോകാം... " അവളുടെ കയ്യിൽ പിടിച്ച് അനി ക്ലാസ്സിൽ നിന്നും ഇറങ്ങാൻ നോക്കിയതും അവൾക്ക് നേരെ ഒരു നോട്ടം നോക്കി കൊണ്ടവൾ അനിയുടെ കൈ തട്ടി മാറ്റി... ആര്യ രണ്ടും കല്പിച്ചാണെന്ന് മനസ്സിലായതും ദയനീയ ഭാവത്തോടെ അനി ക്ലാസ്സിലേക്ക് തിരിഞ്ഞു നോക്കി.. അവളെ ഒന്ന് നോക്കി കൊണ്ട് ആര്യ നിശബ്ദമായിരിക്കുന്ന ആ ക്ലാസ്സിലേക്ക് കയറി.... അവളെ കണ്ടതും എല്ലാവരും ഒഴിഞ്ഞു മാറി നിന്നു...

അവളുടെ കണ്ണുകൾ ക്ലാസ്സിനെ മൊത്തം തഴുകിയതും പെട്ടന്ന് തന്റെ ശത്രുവിൽ കണ്ണുകൾ തറച്ചു നിന്നു.. ഏറ്റവും പിറകിലെ ബെഞ്ചിൽ ഇരുന്ന് ഡസ്കിലേക്ക് ഇരു കാലുകളും കയറ്റി വെച്ച്‌ ചുമർ ചാരി ഇരിക്കുന്ന അമിതിനടുത്തേക്കവൾ മെല്ലെ നടന്നു.. എല്ലാവരും ശ്വാസം മുറുകെ പിടിച്ചു നിന്നു... അവളുടെ വരവ് കണ്ടിട്ടും യാതൊരു ഭാവ ഭേദവും ഇല്ലാതെ അമിത് അവളിൽ നിന്നും കണ്ണുകളെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു... അവന്റെ അടുത്തെത്തിയതും ആര്യ അവൻ കാലുകൾ കയറ്റി വെച്ചിരിക്കുന്ന ഡസ്കിൽ കയറി ഇരുന്ന് അവൻ ഇരിക്കുന്ന ബെഞ്ചിൽ കാൽ വെച്ച് അവനെ നോക്കി... അവന്റെ കണ്ണുകളിൽ അപ്പോൾ പകയോ ദേഷ്യമോ അവൾക്ക് കാണാൻ സാധിച്ചില്ല.. കൈകൾ പിണച്ചു വെച്ച് ചിരിയോടെ ഇരിക്കുന്ന അമിതിന്റെ അടുത്തേക്കവൾ മുഖം താഴ്ത്തി.... അവളുടെ കണ്ണുകൾ നിറയെ പകയും ദേഷ്യവും നിറഞ്ഞു നിൽക്കുന്നതവനപ്പോൾ കണ്ടു... "എന്താ മോന്റെ ഉദ്ദേശം...." ഗൗരവം വിടാതെ ആര്യ ചോദിച്ചതും അമിത് ഒന്ന് ചിരിച്ചു.. "എന്തായാലും നിന്നെ വെറുതെ വിടാൻ മാത്രം ഉദ്ദേശിക്കുന്നില്ല...."

"ഓക്കെ,,,,,നല്ല ഉദ്ദേശം.....പക്ഷെ എന്നെ ഒതുക്കാൻ ഇവളെ മുന്നിൽ വെച്ചുള്ള കളിയുണ്ടല്ലോ,,,,അത് വേണ്ട.....രണ്ടു തവണ നിന്നെ വെറുതെ വിട്ടത് അവൾ ഒരാൾ കാരണമാ,,,,,ആ അവളെ തന്നെ തുറുപ്പുചീട്ടാക്കി കളിക്കാനാണ് മോന്റെ ഭാവമാണെങ്കിൽ പൊന്നു മോനെ നിന്നെ ഞാൻ വീട്ടിൽ കയറി മേയും,,,,,ഇത് വരെ കണ്ടതും അറിഞ്ഞതുമല്ല ആര്യയെന്നു നിനക്ക് ഞാൻ നല്ലോണം മനസ്സിലാക്കി തരും,,,,അതിനുള്ള ത്രാണി ഉണ്ടാക്കിയെടുത്തിട്ടു മതി ഇനിയങ്ങോട്ടുള്ള കളി കേട്ടോ ടാ ചെയർമാൻ ചെറ്റെ..... sry ചേട്ടാ......." തനിക്ക് നേരെ ഉതിർത്ത വാക്കുകൾ കേട്ട് അമിത് മുഖത്ത് ഗൗരവം വരുത്തി എഴുന്നേറ്റ് നിന്നു..... "ടീ........ " ക്ലാസ് റൂം മൊത്തം കുലുങ്ങും വിധമുള്ള അവന്റെ അലർച്ചയിൽ എല്ലാവരും പേടിച്ചു.. ഇന്ന് രണ്ടിലൊന്ന് തീരുമാനം ആവുമെന്ന് എല്ലാവരും പരസ്പരം അടക്കം പറഞ്ഞു.. എന്നാൽ ഒട്ടും കൂസലില്ലാത്ത ആര്യയുടെ ഇരുത്തവും അമിതിന്റെ ചാട്ടവും കണ്ട് അപ്പോൾ തന്നെ അനി വന്നു ആര്യയെ എണീപ്പിച്ചു അവിടെ നിന്ന് വലിച്ചു കൊണ്ട് പോയി....

അവർ പോയതും ക്ലാസ്സിൽ ഓരോരുത്തരുടെയും ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു..... ആര്യയും അനിയും വാതിൽ കടന്ന് പോയതും അക്ഷിത് അമിതിനെയും കൂട്ടി ക്ലാസ്സിന് വെളിയിലേക്ക് പോയി.. കുളിപ്പിക്കാൻ ഇറക്കിയ പോത്ത്, എത്ര വലിച്ചാലും വെള്ളത്തിൽ നിന്ന് കരക്ക് കയറാത്തത് പോലെ ആര്യയെ വലിച്ചു കൊണ്ട് പോവുന്ന അനിയുടെ പോക്കു കണ്ട അമിതിനു ചിരി പൊട്ടി.....പൊട്ടിച്ചിരിച്ചു കൊണ്ടവൻ അക്ഷിതിന്റെ ചുമലിൽ കൈവച്ചു... "എന്റെ ഏട്ടാ... എന്തൊരു ജന്മാ അത്.....അമ്പിനും വില്ലിനും അടുക്കാത്തൊരു ഐറ്റം....ഹോ.. ഇതിനെ മെരുക്കിയെടുക്കാൻ ഒരു ജന്മം പോരാതെ വരുമല്ലോ ഈശ്വരാ...." അവരെ നോക്കിയുള്ള അമിതിന്റെ കമന്റ് കേട്ട് അക്ഷിത് ചിരിച്ചു... "എന്തോ.... എന്നെ വിളിച്ചോ... " എവിടെ നിന്നോ അശരീരി പോലെ ഈശ്വറിന്റെ ശബ്ദം കേട്ടതും ഇരുവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.. ആര്യ പോയോ എന്ന് തന്റെ കണ്ണുകൾ കൊണ്ട് പരതി വരുന്ന ഈശ്വറിനെ കണ്ട് അമിതും അക്ഷിതും ചിരിച്ചു..

" ആര്യയുടെ കാര്യം അവനിപ്പോൾ അറിയേണ്ട.. അറിഞ്ഞാൽ കോളേജ് മുഴുവൻ പാട്ടാക്കും... " അമിതിന്റെ ചെവിയിൽ അക്ഷിത് മെല്ലെ പറഞ്ഞതും അമിത് ചിരിച്ചു കൊണ്ട് തലയാട്ടി.. "എടാ... ആ കാളി പോയോ... " "ഇല്ലല്ലോ.. ദേ നിന്റെ പിറകിൽ തന്നെ...." അവനെ കളിയാക്കി കൊണ്ട് എന്നാൽ കാര്യത്തിലെന്ന പോലെ പറഞ്ഞതും അയ്യോ എന്ന് പറഞ്ഞു കൊണ്ട് ഈശ്വർ ഒറ്റ ചാട്ടത്തിന് ക്ലാസ്സിലേക്ക് കയറി വാതിൽ അടച്ചു... അവന്റെ ചാട്ടം കണ്ട് ചിരിച്ചു കൊണ്ട് അമിതും അക്ഷിതും വാതിൽ തുറന്ന് ക്ലാസ്സിലേക്ക് കയറി.. ************ "എന്റെ വാവീ.. നീ നിന്റെയീ പ്രഷർ ഒന്ന് കുറക്ക്.. അതിന് മാത്രം എന്താ ഉണ്ടായത്.. ഞാൻ പറയാറുള്ളതല്ലേ അമിത് ചേട്ടൻ പാവമാണെന്ന്.. എന്നെയൊന്നും ചെയ്യില്ല വാവീ.." "ഓ.. പാവം ആയത് കൊണ്ടാവും അല്ലെ രണ്ട് തവണ നിന്റെ മുഖമടക്കി പൊട്ടിച്ചത്... നീര് വന്ന് കവിൾ വീങ്ങി ചുവന്നത് ഞാൻ മറക്കില്ല.. നീ മറന്നാലു.... " "അതൊക്കെ കഴിഞ്ഞതല്ലേ വാവീ.. തെറ്റിദ്ധാരണയുടെ പുറത്തല്ലേ എന്നെ തല്ലിയത്.. അല്ലാതെ മനപ്പൂർവം അല്ലല്ലോ.... നോക്ക് വാവീ..

അമിത് ചേട്ടനൊരു പാവമാണ്.. ഈ അരമണിക്കൂർ അവരുടെ ഒക്കെ കൂടെ ചെലവിട്ടപ്പോൾ എനിക്കത് മനസ്സിലായി... എന്ത് രസായിരുന്നു ന്ന് അറിയോ..." അമിതിനെ കുറിച്ച് അനി വാചാലമായതും ആര്യയുടെ രക്തം തിളച്ചു.. പൂർണ സന്തോഷവതിയായാണ് അനി അവനെ കുറിച്ച് പറയുന്നതെങ്കിലും ആര്യക്കെന്തൊ അതൊന്നും ഉൾക്കൊള്ളാനോ മനസ്സ് കൊണ്ട് അംഗീകരിക്കാനോ കഴിഞ്ഞില്ല.. മനസ്സ് മുഴുവൻ അവനോടുള്ള വാശിയും പകയും ദേഷ്യവും ആയിരുന്നു... " വാവീ... നീ നിന്റെ ദേഷ്യം അടക്ക്... അമിത് ചേട്ടൻ...... " "മതി.. നിർത്ത്.. ഇനി അവനെ കുറിച്ച് നിന്റെ നാവിൽ നിന്നും ഒന്നും കേൾക്കരുത്.. ഞാനത്‌ ആഗ്രഹിക്കുന്നില്ല... നീയെന്തൊക്കെ പറഞ്ഞാലും അവനോടുള്ള ദേഷ്യം എന്നിൽ നിന്നീ ജന്മം മാറി പോവില്ല.. അത് നീയെന്നല്ല ആര് വിചാരിച്ചാലും നടക്കില്ല.. " അമിതിന്റെ പേര് കേൾക്കും തോറും ആര്യക്ക് ഉള്ളിൽ ദേഷ്യം തിങ്ങി നിറഞ്ഞു... വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ആര്യ അവളോട് കയർത്തതും ആര്യയോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അനിക്ക് ബോധ്യമായി...

"ഓക്കേ.. ഒന്നും പറയുന്നില്ല.. പോരെ.. തത്ക്കാലം നീ നിന്റെ ദേഷ്യം ഒന്നടക്കി ക്ലാസ്സിലേക്ക് പോ.. ഞാൻ ലൈബ്രറിയിലേക്ക് പോയേച്ചും വരാം...." "നീ തനിയെ പോകേണ്ട.. ഞാൻ കൂടെ വരാം.. " "എന്താ വാവീ.. ഞാൻ കൊച്ചു കുട്ടിയാണോ.. ദേ നോക്ക് ഇപ്പോൾ ക്ലാസ്സ് ടൈം ആണ്.. അത് മറക്കേണ്ട.. നീ ചെല്ല്.. ഞാൻ പെട്ടന്ന് വരാം.. റഫറൻസ് ബുക്ക് എടുക്കാനുണ്ട് ..." ആര്യയെ പറഞ്ഞു വിട്ട് കൊണ്ട് അനി നേരെ ലൈബ്രറിയിലേക്ക് നടന്നു .. അനി ലൈബ്രറിയിലേക്ക് കയറി പോയതും അവളുടെ നിഴൽ വെട്ടം കണ്ട് അനിൽ സാർ അവിടേക്ക് തന്റെ കാലുകൾ ചലിപ്പിച്ചു... അനി പോയതും ആര്യ ക്ലാസ്സിലേക്ക് നടന്നു... അകത്തേക്ക് കയറിയതും ലീനക്ക് ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നത് അവൾ കണ്ടു.. ലീനയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് ആര്യ ശ്രദ്ധിച്ചു.... "ഇനി വൈരാഗ്യത്തിന്റെ പേരിൽ ഇവളോട് അവൻ പക തീർക്കുമോ എന്നാ എന്റെ പേടി .... " തന്റെ സീറ്റിനടുത്തേക്ക് നടക്കുന്നതിനിടയിൽ കൂട്ടത്തിൽ ആരുടെയോ വാക്കുകൾ ആര്യയുടെ ചെവികളിൽ എത്തി... ഉടനെ അവൾ ലീനയുടെ അടുത്തേക്ക് നീങ്ങി..

അവളെ കണ്ടതും മറ്റ് കുട്ടികൾ മാറി പോയി "എന്താ പ്രശ്നം... എന്ത് പറ്റി, " ലീനയോടവൾ ചോദിച്ചതും ലീന ഒന്നുമില്ലെന്ന് തലയാട്ടി... അവളെ നോക്കി ആര്യ ഒന്ന് മൂളി... "കണ്ണ് തുടക്ക് " അത് മാത്രം പറഞ്ഞു കൊണ്ട് ആര്യ തന്റെ ഇരിപ്പിടത്തിലേക്ക് പോയി... മൂന്നാല് കുട്ടികൾ മാത്രമേ ലൈബ്രറിയിൽ ഉണ്ടായിരുന്നുള്ളൂ.... അനി തനിക്കാവശ്യമായ ബുക്ക് എടുത്ത് തിരിഞ്ഞതും ഡോറിനടുത്ത് അനിൽ സാർ നിൽക്കുന്നതവൾ കണ്ടു.. ഉടനെ അവൾ ഷെൽഫിനടുത്തേക്ക് നീങ്ങി മറഞ്ഞു നിന്നു.. സാർ പോയിട്ടേ പുറത്തേക്ക് പോകൂ എന്ന് ഉറപ്പിച്ചു കൊണ്ടവൾ അവിടെ നിന്നും അനങ്ങാതെ സാറിനെ വീക്ഷിച്ചു... എല്ലാ കുട്ടികളും പോയിട്ടും ബെൽ അടിച്ച് ഒരുപാട് ആയിട്ടും സാർ പോകാത്തതിൽ അവൾ അക്ഷമയായി... കുറച് കഴിഞ്ഞ് ലൈബ്രറിയിലെ സാറുമായി അനിൽ സാർ എന്തോ സംസാരിച്ച് ഇരുവരും പുറത്തേക്ക് പോകുന്നതവൾ കണ്ടു... പോയല്ലോ എന്ന സമാധാനത്തിൽ പുറത്തേക്ക് പോകാനായി അനി മുന്നോട്ട് നടന്നു... അതിനിടയിൽ പെട്ടന്ന് വാതിൽക്കൽ ചാരി നിൽക്കുന്ന അനിൽ സാറിനെ കണ്ടതും അവളുടെ ഉള്ളം ഞെട്ടി...

തല താഴ്ത്തി കൊണ്ടവൾ സാറിനെ മറി കടക്കാൻ ഒരുങ്ങിയതും സാർ അവളെ തടഞ്ഞു.. "അനീ.. ഒരു നിമിഷം... എനിക്കല്പം സംസാരിക്കാനുണ്ട്.. " "സാർ.. ഞാനിപ്പോൾ നന്നായി പഠിക്കുന്നുണ്ട്.. മനപ്പൂർവ്വം ഉഴപ്പുന്നില്ല.. ഇനി അങ്ങനെ ഉണ്ടെങ്കിൽ ഞാൻ ശ്രദ്ധിച്ചോളാം.., " തല ഉയർത്താതെ അതും പറഞ്ഞു കൊണ്ട് അനി മുന്നോട്ട് നീങ്ങിയതും പെട്ടന്ന് അനിൽ സാർ അവളുടെ കൈ പിടിച്ച് തന്നരികിലേക്ക് വലിച്ചു.. ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ അനി നേരെ സാറിന്റെ നെഞ്ചോട് ചേർന്ന് നിന്നു..... ഒരു നിമിഷം അവളുടെ ഹൃദയമിടിപ്പ് നിന്നു.. കാലുകൾക്ക് ബലം കുറഞ്ഞു പോകുന്ന പോലെ അവൾക്ക് തോന്നി.. തന്റെ വലത്തേ കൈ അനിൽ സാറിന്റെ നെഞ്ചോരത്താണെന്നറിഞ്ഞതും അവളിലെ ഹൃദയമിടിപ്പ് കൂടി... തന്നിലെ മിടിപ്പിനെക്കാൾ വേഗതയാണ് സാറിന്റെ ഹൃദയമിടിപ്പിനെന്ന് അവൾക്ക് തോന്നി പോയി.. താഴ്ത്തി പിടിച്ച തല മെല്ലെയവൾ ഉയർത്തി... സാറിന്റെ കണ്ണുകൾ കണ്ടതും മനസ്സിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചതെല്ലാം ഒരു നോട്ടത്താൽ അവൾ പ്രകടമാക്കി...

എന്നാൽ സാർ അതീവ ദേഷ്യത്തിലാണെന്ന് ആ മുഖം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി.. സാറിൽ നിന്നുള്ള ഈ പെരുമാറ്റത്തിന്റെ കാരണമറിയാനായി അവൾ സാറിനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു... "എപ്പോഴും പിറകെ നടന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കരുതെന്ന് പറഞ്ഞതിനർത്ഥം എനിക്ക് നിന്നെ ഇഷ്ടമല്ല എന്നല്ലാ.. അതാദ്യം മനസ്സിലാക്ക്... " സാറിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ കേട്ട് കണ്ണും മിഴിച്ചവൾ നിന്നു.... ഒന്നും മനസ്സിലാവാതെ തിരിച്ചെന്തോ പറയാൻ നിന്നതും സാർ അവളെ വാക്കുകൾ കൊണ്ട് വിലക്കി.. " തുള്ളി ചാടി നടക്കുന്നതൊക്കെ കൊള്ളാം.. പക്ഷെ ഒരു ബോധം വേണം എപ്പോഴും.. ഇനി മേലാൽ നിന്നെയും അമിതിനെയും ഒരുമിച്ച് കണ്ട് പോകരുത്... അത് എന്തിന്റെ പേരിലായാലും... " തന്നിൽ പൂർണ അധികാരം ഉള്ളത് പോലെയുള്ള സാറിന്റെ വാക്കുകൾ കേട്ട് അനി ഒന്നും മിണ്ടാതെ സാറിനെ നോക്കി നിന്നു... അവളെ ഒന്ന് നോക്കി സാർ അവളെ സ്വതന്ത്രമാക്കി കൊണ്ട് തിരിഞ്ഞു നടന്നതും.....

കൈകൾ പിണച്ചു വെച്ച് ചുമരിൽ ചാരി നിന്ന് തല ചെരിച്ച് തങ്ങളെ വീക്ഷിക്കുന്ന ആളെ കണ്ടതും സാറിന്റെ നെറ്റിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകി... "ആര്യ...... " സാറിന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു കൊണ്ട് അവളെയും തന്റെ പിറകിൽ നിൽക്കുന്ന അനിയേയും മാറി മാറി നോക്കി... ചുമർ ചാരി നിന്ന ആര്യ സാറിനെ അടിമുടി നോക്കി അവരുടെ അടുത്തേക്ക് നടന്നു.. അവളുടെ ഓരോ കാൽവെപ്പിലും സാറിൽ നിന്നും പൊടിയുന്ന വിയർപ്പ് കണങ്ങളുടെ തോത് വർധിച്ചു.. തന്റെ അടുത്തെത്തിയതും സാർ അവളെ ഒന്ന് നോക്കി പിന്നോട്ട് അടി വെച്ചു.. ആ നിമിഷം മറ്റേതോ ലോകത്ത് സ്വയം മറന്ന് നിൽക്കുന്ന അനിയുടെ കൈകളിൽ പിടിച്ച് കൊണ്ട് ആര്യ സാറിന്റെ മുന്നിലൂടെ നടന്ന് പോയി.. "സാർ... ഈ ഹവറും സാർ ആണ്.. ബെൽ അടിച്ചിട്ട് ഒരുപാട് നേരമായി.." പോകുന്ന പോക്കിൽ തിരിഞ്ഞു നിന്ന് ആര്യ പറഞ്ഞതും സാർ ഇമയുടെ ഞെട്ടലോടെ അവളെ നോക്കി തലയാട്ടി... ആര്യയിൽ നിന്നൊരടി പ്രതീക്ഷിച്ച സാറിന് അവൾ പോയപ്പോൾ ആണ് ശ്വാസം നേരെ വീണത്.....

അനിയുടെ കാര്യത്തിൽ ഇടം വലം നോക്കാത്ത ആര്യ എപ്പോഴെങ്കിലും തനിക്കിട്ട് പൊട്ടിച്ചാലോ എന്ന ചിന്ത ഒരു ഭയത്തോടെ സാറിൽ നിറഞ്ഞു തന്നെ നിന്നു..... എങ്കിലും ഇത്രയും നാൾ മനസ്സിൽ അടക്കി വെച്ച ഭാരം അനിയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഒഴിഞ്ഞ് പോയതിൽ അനിൽ സാർ സന്തോഷിച്ചു...... ************ അനിൽ സാറിന്റെ പ്രവർത്തിയിൽ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു അനി... ആര്യ അവളോട് അതിനെ കുറിച്ച് ഒന്നും ചോദിക്കാൻ ചെന്നില്ല.... കോളേജ് വിട്ട് വീട്ടിൽ എത്തിയിട്ടും അനിയുടെ മനസ്സ് അനിൽ സാർ പറഞ്ഞ വാക്കുകളിൽ ആയിരുന്നു... തന്നോട് പിറകെ നടക്കേണ്ടെന്ന് പറഞ്ഞ ആൾ ആണോ ഇന്നങ്ങനെ പറഞ്ഞെന്ന് അവൾ ആലോചിച്ചു കൊണ്ടിരുന്നു... ശല്യം ചെയ്താൽ കോളേജിൽ നിന്നും റിസൈൻ ചെയ്ത് പോകുമെന്ന് പറഞ്ഞ സാർ ഇന്ന് അമിതിന്റെ കൂടെ കണ്ട് പോവരുതെന്ന് പറയുന്നു... എന്താണ് ഇതിനൊക്കെ അർത്ഥമെന്ന് നിഷ്കളങ്ക മനസ്സുള്ള അനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. ബെഡിൽ കമിഴ്ന്ന് കിടന്ന് തല ഉയർത്തിയവൾ ചിന്തയിൽ മുഴുകി...

കോളേജ് വിട്ട് വന്നപ്പോൾ മുതൽ ചോദിക്കുന്നതിനൊക്കെ പരസ്പര ബന്ധം ഇല്ലാതെ ഉത്തരങ്ങൾ തന്ന് ചിന്തയിലാണ്ട് കിടക്കുന്ന അനിയെ നിരീക്ഷിക്കാൻ ശിവ റൂമിലെത്തി... താൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ലെന്ന് ശിവക്ക് മനസ്സിലായി... അതോടെ അവളെ വട്ട് പിടിപ്പിക്കാൻ ശിവ തീരുമാനിച്ചു.. ഷെൽഫിൽ നിന്ന് അവളുടെ കുപ്പിവളകൾ എടുത്ത് കിലുക്കിയിട്ടൊന്നും അനി തന്റെ മായിക ലോകത്ത് നിന്നും ഉണർന്നില്ല.. കാര്യം ഇത്തിരി ഗൗരവം ഉള്ളതാണെന്ന് മനസ്സിലാക്കിയ ശിവ അവളുടെ ബാഗിൽ നിന്ന് ബുക്ക്സ് എല്ലാം ബെഡിലേക്ക് ഇട്ടു... "ആഹാ... ഇതെന്താ... " അനിൽ സാറിന്റെ വിഷയത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്നതിനാലും സാറിനോട് അടുക്കാൻ ഡോട്ട് ചോദിക്കാൻ ഇടയ്ക്കിടെ പോകുന്നതിനാലും പല ഭാഗങ്ങളും അനി മാർക് ചെയ്ത് വെക്കാറുണ്ട്... ആ ബുക്കിൽ മാത്രം പ്രത്യേകം വരയും കുറിയും കണ്ട ശിവ കൃത്യമായി അത് തന്നെ കയ്യിലെടുത്ത് അത് മൊത്തം അരിച്ചു പെറുക്കി... "ഡീ.... ആരോട് ചോദിച്ചിട്ടാ എന്റെ ബുക്കിൽ കൈവെച്ചത്...

മര്യാദക്ക് അവിടെ വെക്കുന്നതാ നിനക്ക് നല്ലത്.. " കട്ടിലിൽ നിന്നും ചാടി എണീറ്റ് കൊണ്ട് അനി പറഞ്ഞതും ബാക്കി ബുക്ക്സ് എല്ലാം ബെഡിലേക്കിട്ട് അനിൽ സാറിന്റെ വിഷയം മാത്രം കയ്യിൽ പിടിച്ചു.. "അയ്യോടാ...തരാൻ സൗകര്യമില്ല . വന്ന പാടെ മേഡം ഏതോ ലോകത്താണല്ലോ.. എന്താണെന്ന് ഞാനൊന്ന് തപ്പട്ടെ... വല്ല പ്രേമവും ആണെങ്കിൽ ഞാൻ കട്ട സപ്പോർട്ട് ആണ്....മോള് എത്രയും പെട്ടന്ന് ഒളിച്ചോടി പൊയ്ക്കോ.." "അയ്യോ.. ആ ആഗ്രഹം നീ മനസ്സിൽ വെച്ചാൽ മതി.. അങ്ങനെയിപ്പോ നീയെന്നെ കെട്ട് കെട്ടിക്കാൻ നോക്കേണ്ട... ആ ബുക്ക് തരാനാ പറഞ്ഞത്.... " "എന്തോ ഇതിൽ ഉണ്ടല്ലോ.. വല്ല ലൗ ലെറ്ററും തടയുമോന്ന് ഞാനൊന്ന് നോക്കട്ടെ... എന്നിട്ട് തരാം... " "ഡി.... " ശിവ ബുക്ക് മറിച്ചു നോക്കാൻ നിന്നതും അനി കയ്യിൽ കിട്ടിയ തലയിണ അവളുടെ നേരെ എറിഞ്ഞ് ബുക്ക് വാങ്ങാനായി ചെന്നു... അവളെ കളിപ്പിക്കാനായി ശിവ കട്ടിലിന് ചുറ്റും ഓടി... അവളുടെ ബഹളം കേട്ടതും ഹാളിൽ നിന്നും അമ്മയുടെ വക നല്ല നാടൻ ചീത്ത ഒഴുകി വന്നു..... എന്നിട്ടും നിർത്തുന്നില്ലെന്ന് കണ്ടതും അമ്മ താക്കീതുയർത്തി....

"ഞാൻ അങ്ങോട്ട് വന്നാൽ രണ്ടിനും വയറു നിറച്ച് തരും...എന്നെ അങ്ങോട്ട് വരുത്തിക്കാതിരിക്കുന്നതാ നിങ്ങൾക്ക് നല്ലത്... ഹോ.. എന്റെ ഈശ്വരാ.. സന്ധ്യാ നേരത്ത് നാമം ജപിക്കുന്നതിന് പകരം എന്നുമിങ്ങനെ ശകാരം പുറപ്പെടുവിക്കാനാണല്ലോ എന്റെ വിധി.... " "ശിവാ.. അടങ്ങി ഒതുങ്ങി നിന്നോ.. അല്ലെങ്കിൽ നാളെ രാവിലെ ആദ്യത്തെ വണ്ടിക്ക് നിന്നെ ഞാൻ കയറ്റി അയക്കും...നിന്റെ റൂമിലേക്ക് പോ... ". അച്ഛനും അമ്മയും രംഗത്തെത്തിയതും ഇരുവരും അടങ്ങി....അനിയെ കൊഞ്ഞനം കുത്തി കാണിച്ച് കയ്യിലെ ബുക്ക് അവൾക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് ശിവ റൂമിൽ നിന്നും പോയി.. ബുക്ക് ക്യാച് ചെയ്ത് നെഞ്ചോട് ചേർത്തവൾ ബെഡിൽ ചാരി ഇരുന്നു... ************ പിറ്റേന്ന് രാവിലെ അക്ഷര കുട്ടിയുടെ കുസൃതി കാരണം അമിത് നേരത്തെ എണീറ്റു.. അവനെ ഉറക്കത്തിൽ നിന്നും എണീപ്പിച്ച് അക്ഷരകുട്ടി നേരെ അമ്മയുടെ അടുത്തേക്കോടി പോയി... ഉറക്കച്ചടവുള്ള കണ്ണുകൾ പാതി അടച്ച്‌ കോട്ടു വാ ഇട്ട് അമിത് ഫോണിൽ നോക്കി ഇരുന്നു...

ആ സമയം കുളിച്ചിറങ്ങിയ അക്ഷിത് നനഞ്ഞ ടവൽ അവന്റെ മേലേക്കിട്ടു... ബനിയൻ മാത്രം ധരിച്ചിരുന്ന അവന്റെ മേലേക്ക് ടവൽ വന്ന് വീണതും അവനൊന്ന് ഞെട്ടി... ഏട്ടൻ ആണെന്ന് കണ്ടതും അവൻ ചിരിച്ചു . "ആഹാ... ഏട്ടനും തുടങ്ങിയോ . അക്ഷരകുട്ടിയുടെ വക ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ... " അതും പറഞ്ഞ് അമിത് വീണ്ടും ബെഡിൽ കിടന്നു.. "പോയി ഫ്രഷ് ആയി വാ അമീ.... " "കുറച്ചു നേരം കൂടി കിടക്കട്ടെ ഏട്ടാ... രണ്ട് ദിവസം കഴിഞ്ഞാൽ പ്രാക്ടീസ് തുടങ്ങണം.. രാവിലെയും വൈകിട്ടും ഒരൊഴിവും ഉണ്ടാവില്ല.. ഇന്റർ കോളേജ് ഫുട്ബാൾ മാച്ച് അല്ലെ വരാൻ പോകുന്നത്....ഉറങ്ങാൻ കിട്ടുന്ന ഈ അവസരം ഉപയോഗിക്കട്ടെ.. പ്രാക്റ്റിസ് ഒക്കെ തുടങ്ങിയാൽ ഇനി മാച്ച് കഴിയും വരെ ഊണും ഉറക്കവും ഉണ്ടാവില്ല... " ഉറക്ക ചടവോടെ അവൻ പറഞ്ഞു തീർത്തതും അക്ഷിത് തലമുടിയിലെ വെള്ളത്തുള്ളികൾ കുടഞ്ഞു കൊണ്ട് അവന്റെ അടുത്ത് ചെന്നിരുന്നു.. അപ്പോഴേക്കും അമിത് ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു... പുഞ്ചിരിയോടെ അവന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അക്ഷിത് പുതപ്പ് നേരെ പുതച്ചു കൊടുത്തു കൊണ്ട് താഴെ പൂജാമുറിയിലേക്ക് നടന്നു.........

കോളേജിൽ അല്പം നേരത്തെ എത്തിയ അനിയും ആര്യയും ക്ലാസ്സിൽ കയറാതെ കോളേജ് മുറ്റത്ത് ചുറ്റി നടന്നു... അനിയുടെ മനസ്സ് പലപ്പോഴും വ്യതിചലിച്ചു പോകുന്നുണ്ടെന്ന് ആര്യയ്ക്ക് മനസ്സിലായെങ്കിലും അവൾ ഇന്നലെ നടന്നതിനെ കുറിച്ചൊന്നും ചോദിച്ചില്ല...ബെൽ അടിച്ചതും ഇരുവരും ക്ലാസ്സിലേക്ക് നടന്നു... ആ സമയം അനിൽ സാർ പെട്ടന്ന് മുന്നിൽ വന്നതും അനി സ്‌റ്റക്കായി നിന്നു.... ആര്യ അവളുടെ അടുത്തുണ്ടായതിനാൽ തന്നെ എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നിട്ടും അനിൽ സാർ സ്റ്റാഫ് റൂമിലേക്ക് നടന്നു.... സാർ പോകുന്നതും നോക്കി അനി ക്ലാസ്സിലേക്ക് കയറി... മിസ്സ് വരുന്നത് വരെ അവൾ മനസ്സ് ഫ്രീ ആക്കാൻ ചളികൾ വാരി വിതറാൻ തുടങ്ങി.. അതിനിടയിൽ അവൾ പലപ്പോഴായി ലീനയുടെ മുഖം ശ്രദ്ധിച്ചു....

അവളാകെ അപ്സെറ്റ് ആണോ എന്ന് അവളിൽ സംശയം ജനിച്ചു.. മിസ്സ് വന്നത് കൊണ്ട് തന്നെ ലീനയോട് സംസാരിക്കാൻ അവൾക്കായില്ല.. അടുത്ത പിരിയഡ് ആവുന്നത് വരെ അനി ലീനയെ വീക്ഷിച്ചു കൊണ്ടിരുന്നു... ബെൽ അടിച്ച് മിസ് ക്ലാസ്സിൽ നിന്നും പോയതും അനി എഴുന്നേറ്റ് ലീനയുടെ മുന്നിലെ ബെഞ്ചിൽ ചെന്നിരുന്നു.. "എന്താടോ... രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. എന്താ പറ്റിയെ... " കരഞ്ഞു കലങ്ങിയ ഭയം തിങ്ങിയ മിഴികളാൽ ലീന അനിയെ നോക്കി ഒന്നുമില്ലെന്ന് പറഞ്ഞു... "എന്താണെങ്കിലും പറ ലീനാ... നീ ആരെയാ ഈ പേടിക്കുന്നത്.. " അവളുടെ കണ്ണുകളിൽ നോക്കി അനി ചോദിച്ചതും അവൾ തല താഴ്ത്തി ഇരുന്നു... ഈ സമയം പെട്ടന്ന് ഡസ്കിൽ ഒരടി വീണതും ഞെട്ടലോടെ ലീന തല ഉയർത്തി നോക്കി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story