ആത്മരാഗം💖 : ഭാഗം 66

athmaragam thanseeh

രചന: തൻസീഹ് വയനാട്

തന്റെ മുന്നിൽ നിൽക്കുന്ന ശത്രുവിനു നേരെ ഓങ്ങിയ കൈ തടഞ്ഞതും അമിത് മുഖം വെട്ടിച്ച് ആരാണെന്ന് നോക്കി.. ആ സമയം കൈ വിട്ട് അക്ഷിത് മുന്നോട്ട് വന്നു.. ഗൗരവം നിറഞ്ഞ ഏട്ടന്റെ മുഖ ഭാവം കണ്ട് അമിത് മുഖം മുന്നിലേക്ക് തിരിച്ചു.... അമിതിന് മുന്നിൽ ഒന്നും അറിയാത്തവനെ പോലെ അന്ധാളിച്ചു നിൽക്കുകയാണ് മിഥുൻ... അവന്റെ നേരെ വീണ്ടും കൈ ഓങ്ങി കൊണ്ട് അമിത് മുന്നോട്ടാഞ്ഞു.. "അമിത്... " അമിതിനെ വീണ്ടും അക്ഷിത് തടഞ്ഞതും മിഥുനിൽ നിന്നും കണ്ണെടുത്തവൻ ഏട്ടനെ നോക്കി.. "ഏട്ടാ.. ഇവൻ... ഇവനൊറ്റ ഒരുത്തനാണ് മറഞ്ഞിരുന്നു ഈ കളിയെല്ലാം കളിച്ചത് .. അന്ന് അനിയെ തെറ്റിദ്ധരിക്കാൻ കാരണവും ഇവന്റെ ബുദ്ധിയാണ്.. ഇത്രയും കാലം ഒന്ന് നേരിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാനിവനെ....ഇനി നിന്നെ എന്റെ കയ്യിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ.. " ദേഷ്യത്താൽ അടിമുടി വിറച്ചു കൊണ്ട് അമിത് മിഥുന് നേരെ പാഞ്ഞു.. എന്നാൽ തന്റെ ഇരു കൈ കൊണ്ടും അക്ഷിത് അവനെ ഇറുക്കി പിടിച്ചു....

"അമിത്... വേണ്ട... കാര്യം അറിയാതെ എടുത്തു ചാടരുത്.. നീ എന്റെ കൂടെ വാ....എല്ലാം നിനക്ക് മനസ്സിലാവും.. " അമിതിനെ കണ്ട്രോൾ ചെയ്തു കൊണ്ട് അക്ഷിത് അവനെയും വലിച്ചു കൊണ്ട് അവിടെ നിന്നും പോകാനായി നടന്നു.... മിഥുന് നേരെ നോട്ടമെറിഞ്ഞതും അവനും അവരുടെ പിറകെ നടന്നു.....അരുണിനെ മറ്റുള്ളവർ താങ്ങി നിർത്തി,,,അവനാകെ അടി കൊണ്ട് അവശനായിരുന്നു.....ഒന്നര മൈൽ അപ്പുറത്തു കൂടി പോവുന്ന അടി വരെ വിളിച്ചു വരുത്തി വാങ്ങിക്കേണ്ട ആവശ്യവുമുണ്ടായിരുന്നോ എന്നായിരുന്നു അപ്പോഴവന്റെ മനസ്സിൽ..... ആർട്സിന്റെ ആരവങ്ങൾക്കിടയിലൂടെ അക്ഷിത് അമിതിനെയും കൊണ്ട് നേരെ പോയത് തകർന്ന ഗ്രൗണ്ടിലേക്കായിരുന്നു.... എന്തിനാ ഇവിടെ വന്നതെന്ന സംശയത്തിൽ അവൻ ഏട്ടനെ നോക്കി... ഏട്ടന്റെ കണ്ണുകൾ തന്നിൽ അല്ലെന്ന് മനസ്സിലാക്കിയതും അമിത് ഏട്ടൻ നോക്കുന്ന ഭാഗത്തേക്ക് കണ്ണുകൾ ചലിപ്പിച്ചു... ആ സമയം അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത ആളെ കണ്ടതും അമിത് കണ്ണും മിഴിച്ച് അയാളെ നോക്കി നിന്നു.....

"ഏട്ടാ... ഇവൻ... ഇവനെന്താ ഇവിടെ....??" തങ്ങളുടെ അടുത്തേക്ക് വന്ന ആ രൂപത്തെ അടിമുടി നോക്കി കൊണ്ട് അമിത് ഏട്ടനെ നോക്കി... "ഇവന് നിന്നോട് ചിലതൊക്കെ പറയാനുണ്ട്... ആരും അറിയാത്ത കുറച്ചു കാര്യങ്ങൾ... എല്ലാം കേട്ടിട്ടു നിനക്ക് ആരെയാ തല്ലേണ്ടതെന്നു വെച്ചാൽ പോയി തല്ല്....ഞാൻ എതിർക്കില്ല.... " ഏട്ടന്റെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാവാതെ അമിത് അവനെ നോക്കി... തനിക്ക് പരിചയമുള്ള ആ വ്യക്തിയുടെ മുഖ ഭാവത്തിൽ നിന്നും വ്യത്യസ്തമായ ഭാവം അവനിൽ കണ്ടതും അതിശയത്തോടെ അമിത് അയാൾക്ക് നേരെ നടന്നു... "മ്......എന്താ നിനക്ക് പറയാൻ ഉള്ളത്... " ഒന്നമർത്തി മൂളി കൊണ്ട് കാര്യ ഗൗരവത്തിൽ അമിത് ചോദിച്ചതും അവൻ അമിതിനെയും അക്ഷിതിനെയും മിഥുനെയും മാറി മാറി നോക്കി.. ശേഷം പറയാൻ വന്ന കാര്യങ്ങൾ മറയില്ലാതെ തന്നെ തുറന്നു പറഞ്ഞു........ ഒരു നിമിഷം... സത്യങ്ങൾ എല്ലാം കേട്ടതും അമിത് തരിച്ചു നിന്നു.. കേട്ടത് വിശ്വസിക്കാൻ ആവാതെ ഉൾകൊള്ളാൻ ആവാതെ അവൻ തളർന്നു..അങ്ങനെ അല്ലെന്ന് മനസ്സിൽ പറഞ്ഞ് അവന്റെ വാക്കുകൾ എതിർത്ത് തലയാട്ടി കൊണ്ടിരുന്ന അമിതിന് നേരെ വാക്കുകൾ കൊണ്ട് സത്യങ്ങൾ അവൻ ഊട്ടിയുറപ്പിച്ചു....

നിന്ന നിൽപ്പിൽ നിശ്ചലനായി അമിത് ഹൃദയത്തിൽ കോറിയ മുറിവിന്റെ വേദനയോടെ പകച്ചു നിന്നു.... ************ അനിയുടെ കൂടെ അവിടെ നിന്നും പോരുമ്പോൾ ആര്യ ആകെ അസ്വസ്ഥയായിരുന്നു.. തന്നെ പാടെ മാറ്റിയ ആ ശബ്ദം ഓരോ നിമിഷവും അവളുടെ ഹൃദയത്തെ തളർത്തി കൊണ്ടിരുന്നു... അതേ സമയം രക്തം ഇറ്റു വീഴുന്ന ഹോക്കി സ്റ്റിക്കുമായി നിൽക്കുന്ന അമിതിന്റെ രൂപം കണ്ണിൽ തെളിഞ്ഞതും അവൾ ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു..... ആര്യയുടെ മൂഡ് ശരിയാക്കാൻ അനി അവളുടെ കൂടെ തന്നെ ഇരുന്നു.. എന്നാൽ ആർട്സ് പരിപാടി ആവേശത്തിൽ നടക്കുന്നതിനാൽ അവളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അനിക്ക് കഴിയുമായിരുന്നില്ല.... കുറച്ചു പെൺകുട്ടികൾ എന്തോ ആവശ്യത്തിനായി അനിയെ വിളിക്കാൻ വന്നു.... ആര്യയോട് ഒപ്പം പോരാൻ പറഞ്ഞെങ്കിലും താൻ ഇല്ലെന്ന് പറഞ്ഞവൾ എങ്ങോ നോക്കിയിരുന്നു.... "ഓക്കേ.. മനസ്സ് ശാന്തമാക്ക്.. ഞാൻ കുറച്ചു കഴിഞ്ഞു വരാം...

തിരക്കിൽ നിന്ന് മാറി നിൽക്കാൻ ആവാത്തത് കൊണ്ടാ.. അല്ലേൽ നിന്റെ കൂടെ ഞാൻ ഇവിടെ ഇരുന്നേനെ.. " "നീ പൊയ്ക്കോ അനീ.. ഐ ആം ഓക്കേ... ഞാൻ കുറച്ചു സമയം തനിച്ചിരിക്കട്ടെ.. " ആര്യയുടെ കവിളിൽ തലോടി കൊണ്ട് അനി എഴുന്നേറ്റു.. അമിതിനോടുള്ള ദേഷ്യം ആര്യയിൽ ഓരോ നിമിഷവും വർധിക്കുകയാണെന്ന് അനിക്ക് മനസ്സിലായി... അരുണിനെ തല്ലി ചതച്ചതിന്റെ കാരണം എല്ലാവർക്കും അറിയാമെങ്കിലും ആര്യ ഒന്നും അറിഞ്ഞിട്ടില്ലെന്നും പറഞ്ഞാൽ തന്നെ അതൊന്നും വിശ്വസിക്കാതെ അമിതിനോടുള്ള പക കൂട്ടുമെന്നും അനിക്ക് അറിയാമായിരുന്നു.. അവളുടെ എല്ലാ തെറ്റിദ്ധാരണകളും മാറുമെന്ന നെടുവീർപ്പിനാൽ അനി തന്റെ ജോലികളിലേക്ക് തിരിഞ്ഞു... അനി പോയതും ആര്യ അല്പ സമയം കണ്ണടച്ചിരുന്നു.... തനിച്ചാവുമ്പോൾ ചിന്തകൾ കാട് കയറുമെന്ന വാക്ക് എത്രയോ സത്യം,,,,ആര്യയുടെ ചിന്തകൾ പല വഴിക്കു സഞ്ചരിച്ചു..... മനസ്സിൽ കൂട്ടിയും കിഴിച്ചും നാളുകളായി മനസ്സിൽ ഉള്ളവ ചികഞ്ഞെടുത്തും വ്യക്തമായ ഒരുത്തരത്തിലേക്ക് അവളെത്തി ചേർന്നു...

അവളുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകാൻ താമസം വന്നില്ല..... ശത്രുവിന് ഇനിയും ആയുസ്സ് നൽകാൻ പാടില്ലെന്നവൾ ഉറച്ച തീരുമാനം എടുത്തു..... ആ സമയം ആര്യ ഇരിക്കുന്ന ക്ലാസ്സിലേക്ക് ഓടി കിതച്ചു കൊണ്ട് ലീനയും രണ്ടു കുട്ടികളും വന്നു...വെപ്രാളപ്പെട്ടു കൊണ്ടുള്ള അവരുടെ മുഖം കണ്ട് സങ്കോചത്തോടെ ആര്യ അവരെ നോക്കി കാരണം ചോദിച്ചു..... ലീനയുടെ കണ്ണുകളിൽ ഭയം വന്ന് നിറയുന്നത് ആര്യ ശ്രദ്ധിച്ചു... "ഹേയ് കൂൾ ലീനാ....ജസ്റ്റ് ബ്രീത് ഇൻ,,,,ബ്രീത് ഔട്ട്....." ആര്യ ചെയ്തു കാണിക്കുന്ന പോലെ ലീന ശ്രമിച്ചു നോക്കി..... "ഇനി പറ,,,,, എന്താ പ്രോബ്ലം...???" കിതക്കുന്ന ലീനയെ ബെഞ്ചിൽ ഇരുത്തി ആശ്വസിപ്പിച്ചു കൊണ്ട് ആര്യ കാരണം തിരക്കി.. "അത്... മഹി.. അവനെ.. അവനെ വീണ്ടും ഞാൻ കണ്ടു..... തിരക്കിട്ട് എങ്ങോട്ടോ പോകുന്നതാ കണ്ടത്... എനിക്ക്.. എനിക്കെന്തോ പേടി തോന്നുന്നു.... " "ഏയ്.. ഒന്നും സംഭവിക്കില്ല.. നിന്നെയവൻ ഒന്നും ചെയാൻ പോവുന്നില്ല...ട്രസ്റ്റ് മി.....ഇന്നെല്ലാത്തിനും തിരശീല വീഴുന്ന ദിനമാണ്.... നിങ്ങൾ പൊക്കോ..

എന്താ വേണ്ടതെന്ന് എനിക്കറിയാം..." ആര്യയുടെ കണ്ണും മുഖവും മാറി മറിയുന്നത് കണ്ടതും ലീന ഒന്ന് സംശയിച്ചു നിന്നു... കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ,,,, ആര്യ കൂടെ ഉണ്ടാവുമ്പോൾ തനിക്ക് പേടിക്കേണ്ട ആവശ്യം ഇല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ആശ്വാസത്തിൽ ലീനയും കൂട്ടരും അവിടെ നിന്ന് പോയി..... അവർ പോയതും ആര്യ കണ്ണുകളെ വ്യതിചലിക്കാൻ സമ്മതിക്കാതെ നോട്ടം പുറത്തേക്ക് ശക്തമാക്കി... എല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ആര്യ തന്റെ കാലുകളെ മുന്നോട്ട് ചലിപ്പിച്ചു.... ലക്ഷ്യ സ്ഥാനം അവളുടെ കണ്ണുകളിൽ തെളിഞ്ഞതും അവളുടെ കൂടെ മറ്റൊരാളും കൂടി.... "അവൻ തന്നെയാണോ ഇതിനു പിന്നിലും....???" ഒന്ന് മൂളിയ അയാൾക്ക് നേരെ അർത്ഥം വെച്ച് നോക്കി തലയാട്ടി കൊണ്ട് ആര്യ ഒഴിഞ്ഞു കിടക്കുന്ന ആ ബിൽഡിങ്ങിനെ ലക്‌ഷ്യം വെച്ച് നടന്നു... തകർന്ന ഗ്രൗണ്ടിന് സമീപത്തെ ആ ബിൽഡിങ്ങിലേക്ക് ആര്യയും കൂടെ ഉള്ളവനും പ്രവേശിച്ചതും നാലഞ്ചു പേർ അവർക്കു പിന്നിലായി അണി നിരന്നു.. അതിലൊരാൾ ഒരു ഇരുമ്പ് ദണ്ഡ് ആര്യയുടെ നേരെ നീട്ടി..

മുഖത്തേക്ക് നോക്കാതെ കണ്ണുകൾ മുന്നോട്ട് തന്നെ ചലിപ്പിച്ച് അവളത് വാങ്ങി ഓരോ കാൽവെപ്പും അതീവ ശ്രദ്ധയോടെ വെച്ചു... ആദ്യം അവൾക്കൊപ്പം കൂടിയ ആൾ അരയിൽ നിന്നും ഗൺ എടുത്ത് അവളുടെ പിറകെ നടന്നു..മറ്റുള്ളവരും ഓരോ ആയുധങ്ങൾ കൈകളിൽ മുറുകെ പിടിച്ച് അവരെ പിന്തുടർന്നു.. ************ ഈ സമയം.... ഒഴിഞ്ഞതും അല്ലാത്തതുമായ മദ്യ കുപ്പികൾക്ക് ചുറ്റും ഒരു കൂട്ടം ചെറുപ്പക്കാർ തങ്ങളുടെ ഫ്ലോപ്പ് ആയ പ്ലാനിനെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്നു.. പാതി ബോധത്തോടെ ആയിരുന്നു അവരിൽ ചിലർ.. എന്നിട്ടും വീണ്ടും വീണ്ടും ഗ്ലാസ്സിലേക്ക് ഒഴിക്കപ്പെടുന്ന മദ്യം അവർ ഒറ്റ വലിക്ക് കുടിച്ചു... തങ്ങളുടെ പ്ലാൻ ചീറ്റി പോയതിന്റെ അമർഷം ഗ്ലാസ്സിലേക് ഒഴിച്ച് കുടിക്കുന്ന മദ്യത്തിൽ അവർ തീർത്തു കൊണ്ടിരുന്നു.... "ഛെ... എന്നാലും.... എല്ലാം ചീറ്റി പോയല്ലോ മച്ചാനെ.. എന്തൊക്കെ പ്ലാൻ ആയിരുന്നു.. എല്ലാം വീണുടഞ്ഞില്ലെ... ഇനി ഇത് പോലൊരു അവസരം കിട്ടുമോ... പല അവസരങ്ങളും നമ്മൾ കളഞ്ഞു കുളിച്ചു.. ഇതെങ്കിലും ഓക്കേ ആവുമെന്ന് കരുതി... "

കൂട്ടത്തിൽ ഒരാൾ കുഴഞ്ഞു പോകുന്ന നാവിൽ നിന്നും വാക്കുകൾ ഉതിർത്തു.... "ശരിയാ....പല അവസരങ്ങൾ ഉണ്ടായിട്ടും അവന്റെ രോമത്തിൽ പോലും തൊടാൻ നമുക്കായില്ല... ഇങ്ങനെ പോയാൽ അവനെ പിടിച്ചാൽ കിട്ടില്ല.... " കൂട്ടാളികളുടെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ച് കയ്യിൽ പരത്തിയ വെളുത്ത പൊടി മൂക്കിൽ വലിച്ചു കയറ്റി ശ്വാസം എടുത്തു വിട്ട് അവരുടെ തലവൻ എഴുന്നേറ്റു നിന്നു... തലയൊന്ന് കുടഞ്ഞ് മൂക്കിനറ്റം ഒന്ന് തിരുമ്മി കണ്ണുകളിൽ ദേഷ്യം ആളിക്കത്തിച്ചു കൊണ്ടവൻ ചുമരിൽ ആഞ്ഞിടിച്ചു... "നമ്മുടെ എല്ലാ കളികൾക്കും അറുതി വരുത്തിയ ഒരേ ഒരാളെ ഉള്ളൂ... അനിരുദ്ര,,,അവളൊറ്റ ഒരുത്തിയാണ് നമ്മുടെ ഈ വീഴ്ചക്കു കാരണം,,,പക്ഷെ അവളുടെ കൂടെ ഒരുത്തിയുണ്ടല്ലോ,,,എന്റെ മുഖം മൂടി അഴിഞ്ഞു വീഴുമെന്നു വിചാരിച്ചപ്പോൾ അവളെ വെച്ച് ഞാനെന്റെ സാമ്രാജ്യത്തെ തന്നെ മറച്ചു പിടിച്ചു...അമിതിനെ ഞാൻ നല്ലോണം മുതലെടുത്തിട്ടുണ്ട്,,,മണ്ടൻ എനിക്ക് വേണ്ടി കഥയറിയാതെ കുറെ ആടിയിട്ടുമുണ്ട്,,, പക്ഷേ കാൽപന്തിൽ നിന്ന് മാറി എന്നവന് സ്വയം കോളേജ് കാര്യങ്ങളിൽ മുന്നിട്ടിറങ്ങാൻ തുടങ്ങിയോ അന്ന് എന്റെ പതനം തുടങ്ങി കഴിഞ്ഞു,,,,ആര്യഭദ്രയെ വെച്ച് അവന്റെ ചാപ്റ്റർ ക്ലോസ് ചെയ്യാൻ നോക്കി,,

,അവൻ അതി വിദഗ്ദ്ധമായി അതിൽ നിന്നൊക്കെ വഴുതി പോയി,,,,അന്നവളെ തല്ലാൻ ആളെ വിടുന്നതിനു പകരം അനിരുദ്രയെ കൊല്ലാൻ വിട്ടിരുന്നെങ്കിൽ ഒരേ സമയം അമിതിനെയും ആര്യയെയും എനിക്ക് പൂട്ടാമായിരുന്നു...അവിടെയും എനിക്ക് പാളിപോയി.... ഇനിയൊരു പാളിച്ച സംഭവിക്കാതെ തീർത്തേക്കണം രണ്ടിനെയും,,,,നാളത്തെ പുലരി അവർക്കു വേണ്ടി മൗനം ആചരിക്കാനുള്ളതായിരിക്കണം...." പുച്ഛത്തോടെ ഗൗരവം തീണ്ടിയ മുഖത്തോടെ ഉറച്ച വാക്കുകൾ അവൻ ചൊരിഞ്ഞതും.... പെട്ടന്ന്....ആ മുറിയുടെ വാതിൽ ആരോ ചവിട്ടി തുറന്നു... ഞെട്ടി പോയ അവരുടെയെല്ലാം മിഴികൾ അവിടേക്ക് പാഞ്ഞു... തകർത്ത വാതിലിലൂടെ ഒരാൾ മുന്നോട്ട് വന്നതും അവരെല്ലാം കാളലോടെ അയാളെ നോക്കി.. "സ്പോർട്സ് ടീച്ചർ... " അവരുടെ ഓരോരുത്തരുടേയും ചുണ്ടുകൾ മന്ത്രിച്ചു... അതേ സമയം സാറിന്റെ തൊട്ട് പിറകെ കടന്നു വന്ന ആളെ കണ്ടതും കണ്ണുകളിൽ ഭീതിയും അത്ഭുദവും പടർത്തി കൊണ്ട് അവരെല്ലാം ഒരടി പിറകിലോട്ട് നീങ്ങി നിന്നു... അയാൾക്കു പിറകെ റൂമിലേക്ക് വന്ന് കയറിയവരെ കണ്ടതും തങ്ങൾ പിടിക്കപ്പെട്ടുവെന്ന സത്യം ഭയത്തോടെ അവർ മനസ്സിലാക്കി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story