ആത്മരാഗം💖 : ഭാഗം 68

athmaragam thanseeh

രചന: തൻസീഹ് വയനാട്

രക്തം പുരണ്ട ഇരുമ്പ് ദണ്ഡ് കയ്യിൽ തൂക്കി പിടിച്ച് ക്രോധ മുഖഭാവത്തോടെ സ്ലോ മോഷനിൽ നടന്നടുക്കുന്ന ആര്യയേയും കയ്യിൽ ഗണ്ണും മറ്റ് ആയുധങ്ങളുമായി ജിനോ സാറും തന്റെ ടീമിലെ അംഗങ്ങളിൽ ചിലരെയും കണ്ടതും അമിത് കണ്ണും മിഴിച്ച് നോക്കി നിന്നു... മഹിയുടെയും അക്ഷിതിന്റെയും മിഥുന്റെയും കണ്ണുകളിലും അമ്പരപ്പ് ദൃശ്യമായി.....ആര്യയുടെ മുഖത്ത് ഒഴുകിയ രക്തം തുടച്ച അടയാളം കണ്ടു അവളുടെ നെറ്റിയിൽ ചെറുതായി പോറലേറ്റിട്ടുണ്ടെന്നു അമിതിനു തോന്നി.... ഇരുമ്പ് പലകയിൽ ചെന്നിടിച്ച് അവശനായി തന്നെ നോക്കുന്ന ഈശ്വറിനെയും കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്ന ആര്യയെയും അവൻ മാറി മാറി നോക്കി കൊണ്ടിരുന്നു... അവളുടെ രൂപം കണ്ടു ഈശ്വർ ഈ അവസ്ഥയിൽ ആവാൻ കാരണക്കാരി ആര്യ ആണെന്ന് അവന് മനസ്സിലായി.... മഹി ആര്യയെ അടിമുടി നോക്കി കൊണ്ട് അക്ഷിതിന്റെ അടുത്തേക്ക് പതിയെ നീങ്ങി നിന്നു.. അവളിൽ നിന്നും കണ്ണെടുക്കാതെ മഹി അക്ഷിതിനെ തോണ്ടി...

"എടാ.. ഇതാണോ നീ പറഞ്ഞ മറ്റേ ജഗജാല കില്ലാടി..." അതേ എന്ന് അവളെ നോക്കി അക്ഷിത് തല കുലുക്കിയതും മഹി അവളെ വീണ്ടും അടിമുടി നോക്കി.. കയ്യിൽ ചോര ഒലിക്കുന്ന ഇരുമ്പ് ദണ്ഡ് ഉം അവളുടെ മുഖഭാവവും കണ്ട് കിളി പോയ അവസ്ഥയിൽ അവൻ നിന്നു..... തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി കൊണ്ട് ഞെരക്കത്തോടെ ഈശ്വർ പതിയെ എഴുന്നേറ്റു നിന്നു.. കണ്ണ് തുറക്കാൻ പാട് പെട്ടു കൊണ്ട് തലയൊന്ന് മെല്ലെ കുടഞ്ഞു കൊണ്ടവൻ ആര്യയേ നോക്കി അമിതിന്റെ അടുത്തേക്ക് മെല്ലെ വെച്ച് വേച്ചു നടന്നു.... മൗനം പാലിച്ചു നിൽക്കുന്ന അമിതിന്റെ കൈകൾ കടന്നു പിടിച്ചു കൊണ്ട് ഈശ്വർ മഹിയെ നോക്കി... ശേഷം അമിതിന് മുന്നിൽ നിന്ന് കരഞ്ഞു.. "അമിത്.. ഇവൻ... ഇവൻ ചെയ്‍തത് കണ്ടില്ലേ നീ... എന്നെ നിന്റെ മുന്നിൽ വെച്ച് ചവിട്ടി വീഴ്ത്തിയിരിക്കുന്നു... ഇവന്റെ ആള് തന്നെയാടാ അവളും.....നോക്ക്,,,,,,നിന്നോടുള്ള ദേഷ്യം തീർത്തത് എന്നോടാ.... " ഇരുമ്പ് പലകയിൽ ചെന്നിടിച്ചതിനാൽ ശരീരമാസകലം അനുഭവപ്പെടുന്ന കടുത്ത വേദന അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു...

ആര്യ കാരണം മുറിപ്പെട്ട ശരീരം അവനെ കാണിച്ചു കൊടുത്തു കൊണ്ട് ഈശ്വർ പറഞ്ഞതിന് മറുപടിയില്ലാതെ സംയമനം പാലിച്ചു നിൽക്കുന്ന അമിതിനെ അവൻ ഒന്നൂടെ കുലുക്കി വിളിച്ചു.. "അമിത്.... നീ കാണുന്നില്ലേ ഒന്നും.. എന്താ പ്രതികരിക്കാത്തത്... നിന്റെ ശത്രുക്കൾ ഇതാ നിന്റെ മുന്നിൽ തന്നെ... അടിച്ചോടിക്ക് രണ്ടിനേം .. " ദേഷ്യത്തോടെ ഈശ്വർ ആര്യയേയും മഹിയെയും നോക്കി ആജ്ഞ സ്വരത്തിൽ അമിതിനോട് പറഞ്ഞതും അമിത് ആര്യയെയും മഹിയെയും നോക്കി തന്റെ ചോര കണ്ണുകൾ ഇറുക്കി അടച്ചു... കൈകൾ ചുരുട്ടി പിടിച്ചു. അമിതിന്റെ മുഖം വലിഞ്ഞു മുറുകി വരുന്നത് കണ്ടതും വിജയ ഭാവത്തോടെ പരിഹാസ ചിരിയോടെ ഈശ്വർ അവളെ നോക്കി... പല്ലിറുമ്പി നിൽക്കുന്ന ആര്യ അവന് നേരെ അടുക്കാൻ നിന്നതും അമിതിന്റെ മുഖം കോപത്താൽ വിറച്ചു... ഞെരമ്പുകൾ പുറത്തേക്ക് തള്ളി പൊട്ടും വിധം അവൻ വലത്തേ മുഷ്ടി ചുരുട്ടി പിടിച്ചു... ഇരുമ്പ് ദണ്ഡ് വായുവിൽ ചുഴറ്റി ഈശ്വറിന് നേരെ അവൾ ഉയർത്തിയതും അടുത്ത നിമിഷം അമിത് അവന്റെ കൈ ഉയർത്തി അതി ശക്തമായ പ്രഹരം ഈശ്വറിന്റെ മുഖത്തേക്ക് നൽകി....

ആര്യയേ നോക്കി നിൽക്കുന്നതിനിടയിൽ തനിക്കേറ്റ പ്രഹരം തടുക്കാൻ അവനായില്ല... വീണ്ടും നിലത്തേക്ക് തെറിച്ച ഈശ്വറിന്റെ വായിൽ രക്തത്തിന്റെ ചുവ പടർന്നു,,,,അവൻ നീട്ടി തുപ്പിയപ്പോൾ നിലത്തേക്ക് രക്തം തെറിച്ചു വീണു..... ആര്യയുടെ കൂടെ ഉള്ളവർ അതിശയത്തോടെ അമിതിനെ നോക്കി നിൽക്കെ അവന്റെ ഓരോ കാൽവെപ്പും ഈശ്വറിലേക്കടുത്തു...ആര്യയിൽ പ്രത്യേകിച്ചൊരു ഭാവമാറ്റവും ഉണ്ടായില്ല..... അമിതിൽ വന്ന ഭാവ മാറ്റത്തിൽ ഈശ്വറിന്റെ ശരീരം വിറക്കാൻ തുടങ്ങി.. ഇടതടവില്ലാതെ ശ്വാസം വലിച്ചു വിട്ട് അവൻ കിടന്നിടത്ത് നിന്ന് പിറകിലേക്ക് നീങ്ങാൻ തുടങ്ങി.. ആ കണ്ണുകളിൽ ഭീതി നിഴലിച്ചിരുന്നു.... ഈശ്വറിന് മുന്നിൽ ഇടത്തെ കാൽമുട്ട് നിലത്തമർത്തി വലത്തേ കാൽ മുട്ടിൽ വലത്തേ കൈ കയറ്റി വെച്ച് അമിത് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. അവന്റെ ഓരോ നോട്ടത്തിലും ഈശ്വർ ഭയന്ന് വിറച്ചു.. "അമിത്.... നീ....." ചുണ്ടുകൾ വിറച്ചു കൊണ്ട് ഈശ്വർ പറഞ്ഞതും ചൂണ്ടു വിരൽ തന്റെ ചുണ്ടിൽ അമർത്തി പല്ലിറുമ്പി കൊണ്ടവൻ ഈശ്വറിനോട് മിണ്ടരുതെന്ന് കാണിച്ചു.... തന്നെ കുറിച്ചുള്ള സത്യങ്ങൾ എല്ലാം മനസ്സിലാക്കിയെന്ന് അമിതിന്റെ പെരുമാറ്റത്തിൽ നിന്നും ഈശ്വറിന് ബോധ്യമായി.. പക്ഷേ എങ്ങനെ...?

ആ ചോദ്യം ഈശ്വറിന്റെ മുഖത്ത് തെളിഞ്ഞു വന്നു... അതിനുത്തരം അമിതിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു........ അല്പ സമയം മുൻപ് സംഭവിച്ചത് അമിതിനെയും മിഥുനെയും കൂട്ടി തകർന്ന ഗ്രൗണ്ടിൽ എത്തിയ അക്ഷിത് തങ്ങളെ കാത്ത് നിൽക്കുന്ന മഹിയുടെ അടുത്തേക്ക് നടന്നു.. മഹിയെ അവിടെ കണ്ട് അമ്പരപ്പോടെ അതിലേറെ സംശയത്തോടെ അമിത് ഏട്ടനൊപ്പം ചേർന്നു... മഹിയുടെ അടുത്തെത്തിയതും അമിത് തന്റെ നെറ്റി ചുളിച്ചു കൊണ്ട് അക്ഷിതിനെ നോക്കി.. "ഏട്ടാ... ഇവൻ... ഇവനെന്താ ഇവിടെ....??" "ഇവന് നിന്നോട് ചിലതൊക്കെ പറയാനുണ്ട്... ആരും അറിയാത്ത കുറച്ചു കാര്യങ്ങൾ... എല്ലാം കേട്ടിട്ടു നിനക്ക് ആരെയാ തല്ലേണ്ടതെന്നു വെച്ചാൽ പോയി തല്ല്....ഞാൻ എതിർക്കില്ല.... " ഏട്ടന്റെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാവാതെ അമിത് അവനെ നോക്കി... തനിക്ക് പരിചയമുള്ള ആ വ്യക്തിയുടെ മുഖ ഭാവത്തിൽ നിന്നും വ്യത്യസ്തമായ ഭാവം അവനിൽ കണ്ടതും അതിശയത്തോടെ അമിത് അയാൾക്ക് നേരെ കാലുകൾ നടന്നു... "മ്......എന്താ നിനക്ക് പറയാൻ ഉള്ളത്... "

" മഹി എന്തിന് ഇവിടെ വന്നെന്ന് പറയുന്നതിന് മുന്നേ എന്റെ ചോദ്യത്തിനൊരുത്തരം നീയെനിക്ക് തരണം... " അക്ഷിതിന്റെ വാക്കുകൾ കേട്ട് അമിത് എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി.. " ഈ മിഥുൻ എന്ത് തെറ്റാണ് ചെയ്തത്.... നിന്റെ കണ്ണിൽ ഇവൻ വലിയ തെറ്റ് ചെയ്തവൻ ആണല്ലോ... പറ അമീ.. മിഥുൻ ചെയ്ത തെറ്റെന്താണ്... " മിഥുന്റെ നാമം കേട്ടതും അത് വരെ ശാന്തനായ അമിത് ദേഷ്യത്തിൽ മിഥുനെ നോക്കി.. "ഈ പന്ന #%* മോൻ എന്താണ് ചെയ്തതെന്ന് ഏട്ടന് അറിയില്ലേ.. ഇവൻ.. ഇവനൊറ്റൊരുത്തൻ കാരണമാ അനിയെ ഞാൻ തെറ്റിദ്ധരിച്ചത്.... ഇവനെ... ഞാൻ.. " മിഥുനെ കയ്യേറ്റം ചെയ്യാൻ അമിത് മുന്നോട്ട് നീങ്ങിയതും അക്ഷിത് അവനെ തടഞ്ഞു.. "അമീ... ഞാൻ പറഞ്ഞിട്ടില്ലേ കാര്യങ്ങൾ ചിന്തിക്കാതെ എടുത്ത് ചാടി പ്രവർത്തിക്കരുതെന്ന്... " കനമേറിയ ആ വാക്കുകൾ കേട്ടതും അമിത് അടങ്ങി.... അക്ഷിത് തുടർന്നു.. "നീ ഇത് കാണണം അമിത്... കണ്ട് മനസ്സിലാക്കണം സത്യം എന്താണെന്ന്.... " അതും പറഞ്ഞ് അക്ഷിത് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അമിതിന് നേരെ നീട്ടി...

അതിൽ എന്താണെന്ന സംശയത്തിൽ അമിത് ഫോൺ വാങ്ങി നോക്കി.. താൻ അനിയെ തല്ലുന്ന വീഡിയോ ആണെന്ന് കണ്ടതും ഇതിൽ അതിന് മാത്രം എന്താണെന്ന അർത്ഥത്തിൽ അമിത് ഏട്ടന് നേരെ മുഖം തിരിച്ചു.. "ശെരിക്ക് നോക്ക് അമീ ആ വീഡിയോ...അനിയെ നീ തല്ലുമ്പോൾ അടുത്ത് മിഥുൻ നിൽപ്പുണ്ട്.. പിന്നെ എങ്ങനെ മിഥുൻ ആണ് വീഡിയോ എടുത്തതെന്ന് പറയും.. മാത്രമല്ല കോളേജ് വരെ നിങ്ങളെ ഫോളോ ചെയ്ത് അവിടെ നടന്നതും ഷൂട്ട് ചെയ്യാൻ മിഥുൻ ഒരുങ്ങുമോ.. അവരുടെ പാർട്ടിയുടെ എക്കാലത്തെയും സ്വപ്നം അവിടെ സാക്ഷാത്ക്കരിക്കാൻ പോകുമ്പോൾ അത്രയും വലിയ പരിപാടി വിട്ട് നിങ്ങളുടെ പിറകെ അവൻ വരുമോ... അവിടുത്തെ മെയിൻ ഡ്യൂട്ടി മിഥുന് അല്ലേ.. പിന്നെ എങ്ങനെ മിഥുൻ ഇത് ചെയ്യും. ഇനി അവൻ ഏല്പിച്ച ആരെങ്കിലും ആണെന്ന് പറഞ്ഞാൽ, അതും നടക്കാൻ വഴിയില്ല... ഒരു നാടിന്റെ സന്തോഷ ശുഭ നിമിഷങ്ങൾ അവിടെ അരങ്ങേറുമ്പോൾ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അവരുടെ കഠിന പ്രയത്നത്താലുള്ള പരിപാടി മോശപ്പെടുത്തി അവിടെ വന്ന് നിങ്ങളെ ഫോളോ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അമീ... "

ഏട്ടന്റെ വാക്കുകൾ കേട്ടതും അമിത് അതെല്ലാം ഓർത്തു നോക്കി... പറഞ്ഞതെല്ലാം ശെരിയാണെന്ന് അവന് തോന്നി തുടങ്ങി....ഉത്തരം ഇല്ലാതെ അമിത് ആ വീഡിയോയിലേക്ക് നോക്കി... ഏട്ടൻ പറഞ്ഞ പോലെ ആ വീഡിയോയിൽ അനിയേയും തന്നെയും കൂടാതെ മിഥുനും ഉണ്ടെന്ന് അവന് ബോധ്യമായി.. പിന്നെ ആരാവും എന്ന ചിന്തയിൽ അവൻ ഫോൺ മാറ്റി പിടിച്ച് കണ്ണുകൾ അടച്ചു... പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണുകൾ തുറന്ന് ഫോൺ തന്റെ മുന്നിലായി പിടിച്ച് ആ വീഡിയോയിലേക്ക് നോക്കി... അതിൽ ഈശ്വർ ഇല്ലെന്ന സത്യം അവന് ബോധ്യപ്പെട്ടു..... പക്ഷേ അവനെ അവിശ്വസിക്കാൻ അമിത് തയ്യാറായില്ല... "അമീ.. മിഥുൻ അല്ല ഇതൊന്നും ചെയ്തത്... ഇടയിൽ കളിക്കുന്ന മറ്റാരോ ഉണ്ട്.. നമ്മൾ പ്രതീക്ഷിക്കാത്ത ആൾ.. " തന്റെ മനസ്സിൽ വന്ന രൂപം ഏട്ടൻ വായിച്ചെടുത്ത പോലെയുള്ള വാക്കുകൾ കേട്ടതും ഫോണിൽ നിന്നും കണ്ണുകൾ എടുത്ത് അമിത് ഏട്ടനെ നോക്കി... ഈശ്വർ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന മുഖഭാവത്തോടെ അമിത് അക്ഷിതിനെ നോക്കി...

ഒരു നെടുവീർപ്പായിരുന്നു അക്ഷിതിൽ നിന്നുള്ള മറുപടി... അതിനിടയിൽ മിഥുൻ അമിതിന്റെ അടുത്തേക്ക് വന്നു... "അമിത്.. നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.. അക്ഷിത് പറഞ്ഞത് പോലെ ഞങ്ങളുടെ സ്വപ്നമാണ് ആ പരിപാടി.. അത് മോശമാക്കി കൊണ്ട് നിന്നോടുള്ള വൈരാഗ്യത്താൽ ഒരിക്കലും ഞാൻ ഒന്നും ചെയ്യില്ല.. ഫ്ലെക്സിൽ അങ്ങനെ ഒരു കൃത്രിമം നടത്തി പാർട്ടിക്ക് ചീത്തപ്പേര് ഞാൻ ഉണ്ടാക്കില്ല... ആളുകൾ കൂടുന്നതിന് മുൻപ് ഫ്ലെക്സ് മാറ്റി പുതിയത് വെക്കുന്നതിന്റെയൊക്കെ തിരക്കിൽആയിരുന്നു ഞാൻ.. പിന്നെ അന്ന് ഞാൻ പറഞ്ഞിരുന്നു അനിയോട് വ്യക്‌തി വൈരാഗ്യം തീർക്കാൻ ഇങ്ങനെ ഒരവസരം ഉപയോഗിക്കേണ്ടിയിരുന്നില്ലെന്ന്...അത് ഞാനവിടെ മനഃപൂർവം പറഞ്ഞതല്ല.. നിങ്ങൾ രണ്ടു പേരും പാർട്ടിയിലേക്ക് വന്ന് സമൂഹവിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു തുടങ്ങിയ സമയം പല തവണ ഈശ്വർ എന്റെ അടുക്കൽ വന്നിരുന്നു.. കോളേജിൽ നിങ്ങൾ തമ്മിലുള്ള വഴക്ക് ഇടയ്ക്കിടെ ഓർമിപ്പിക്കും.. രണ്ടു പേരുടെയും മനസ്സിൽ വ്യക്തി വൈരാഗ്യം ഉണ്ടെന്നും ഇങ്ങനെ ഒരവസരത്തിൽ അവർ എന്തെങ്കിലും ചെയ്യുമോ എന്നും പരിപാടിയെ അത് ബാധിക്കുമോ എന്നും പേടിയോടെ അവനെപ്പോഴും പറയുമായിരുന്നു...

അന്നതൊന്നും ഞാൻ കാര്യമാക്കിയില്ല . പക്ഷേ ആ ഫ്ലെക്സ് ന്റെ പ്രശ്നം വന്നപ്പോൾ ഈശ്വർ പറഞ്ഞതെല്ലാം ഓർമ വന്നു.. അങ്ങനെ നാവിൽ നിന്നും വന്ന് പോയതാണ്.... " മിഥുന്റെ വാക്കുകൾ കേട്ട് അമിത് ആകെ സമ്മർദ്ദത്തിലായി.. ഒന്നുമൊന്നും വിശ്വസിക്കാൻ അവന്റെ മനസ്സ് തയ്യാറായില്ല. "നീ പറഞ്ഞതൊക്കെ ശെരിയാവാം.. നീ അല്ല അത് ചെയ്തതെന്നും വിശ്വസിക്കാം.. പക്ഷേ ഈശ്വർ... നോ.. ഒരിക്കലും അവൻ ഇങ്ങനെ ഒന്നും ചെയ്യില്ല.. അത് കൊണ്ട് അവനെന്ത് നേട്ടമാ ഉള്ളത്.. കൂടെ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി... അവൻ ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്... " മനസ്സിൽ നിന്നും ഉതിർന്ന അമിതിന്റെ വാക്കുകൾ കേട്ട് അവന് അപ്പുറത്തായി നിന്ന മഹി പൊട്ടിച്ചിരിച്ചു... "ഹ്ഹഹ്ഹ... അമിത്... നിനക്കറിയില്ല ഒന്നും.. ആട്ടിൻ തോലിട്ട ചെന്നായ ആണവൻ... അവന്റെ യഥാർത്ഥ മുഖം നിനക്ക് മുന്നിൽ ഈ കാലയളവിൽ വെളിവായിട്ടില്ല..... " "ഡാാ..... " ഈശ്വറിനെ കുറിച്ച് മോശമായി പറഞ്ഞതും അത് ഇഷ്ടപ്പെടാത്ത അമിത് മഹിയുടെ കഴുത്തിൽ മുറുകെ പിടിച്ചു.. അവനെ മാറ്റാതെ അടി പതറാതെ മഹി ചിരിച്ചു കൊണ്ട് നിന്നു.. അക്ഷിത് ബലം പ്രയോഗിച്ച് അമിതിനെ മാറ്റി നിർത്തി..

"നിർത്ത് അമീ... മഹിക്ക് എന്താണ് പറയാൻ ഉള്ളതെന്ന് ആദ്യം കേൾക്ക്.. " "നിനക്ക് എടുത്തു ചാട്ടം കുറച്ചു കൂടുതലാണ് അമിത്,,,,എനിക്ക് പറ്റി പോയതും അതാണ്....ഒരു നിമിഷത്തെ എടുത്തു ചാട്ടം കൊണ്ട് എനിക്ക് നഷ്ട്ടപ്പെട്ട സൗഹൃദത്തിന്റെ വില നിനക്ക് അറിയില്ല...." ചുമച്ചു കൊണ്ട് കഴുത്തിൽ തടവി കൊണ്ട് മഹി തന്റെ വാക്കുകൾ തുടർന്നു.. ഇഷ്ടമില്ലാതിരുന്നിട്ടും അവന്റെ വാക്കുകൾ കേൾക്കാൻ അമിത് തയ്യാറായി നിന്നു... "അമിത്... നീയൊന്നും അറിയാത്ത വിധം അപകടകാരിയാണ് ഈശ്വർ..... നിനക്കോർമ്മയുണ്ടോ അമിത്.. ഈ കോളേജിൽ ആദ്യ കാലങ്ങളിൽ നമ്മൾ ഉറ്റ ചങ്ങാതിമാരായിരുന്നു.. രണ്ടാം കൊല്ലമായിരുന്നു നമ്മുടെ ഫ്രണ്ട്ഷിപ്പ് വളർന്നത്. ആ കൊല്ലം തന്നെയാണ് ഈശ്വറും നമുക്കൊപ്പം കൂടിയത്.... നല്ല നാളുകൾ ആയിരുന്നു അത്... പിന്നീട് പകയും ദേഷ്യവും നമ്മിൽ വളർന്നു പന്തലിച്ച് നമ്മൾ അടിച്ചു പിരിയാൻ ഉണ്ടായ കാരണം എന്താണെന്ന് എപ്പോഴെങ്കിലും നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ....?? " ഒരു ചോദ്യമെന്നോണം മഹി അമിതിനെ നോക്കിയതും അമിത് ചിന്തയിലാണ്ടു.. മഹി തുടർന്നു.. "തുടക്കം മുതലേ ഈശ്വർ എന്നോടൊപ്പം ആയിരുന്നു.. എന്നിലേക്കായിരുന്നു ചായ്‌വ്..

എന്നാൽ എന്നോ ഒരു ദിവസം സൂപ്പർ സീനിയേർസുമായി നീയെന്തോ പ്രശ്നം ഉണ്ടായിരുന്നു.. അതിൽ ആളും തരവും നോക്കാതെ നീ അവർക്കിട്ട് പെരുമാറുന്നത് ഈശ്വറിന്റെ ശ്രദ്ധയിൽ പെട്ടതും അവൻ നിന്റെ കൂടെ കൂടി.. കോളേജിലെ എല്ലാവരും നിന്നെ പേടിയോടെ നോക്കുന്നതും ബഹുമാനിക്കുന്നത് കണ്ടതും അവന്റെ മറ നീ തന്നെയാണെന്ന് അവൻ ഉറപ്പിച്ചു.. നിനക്കുള്ള ബലം കാരണം നിന്നെ ചെയർമാൻ ആക്കിയാൽ അത് അവന്റെ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അവൻ കണക്ക് കൂട്ടി.. ആ ഒരു ലക്ഷ്യം കൊണ്ട് മാത്രമാണ് പാർട്ടി പ്രവർത്തനങ്ങളിൽ ഇഷ്ടമില്ലാതിരുന്ന നിന്നെ നിർബന്ധിച്ചവൻ സ്ഥാനാർഥി ആക്കിയത്.. നീ വിജയിക്കുമെന്ന വ്യക്തമായ ധാരണ അവനുണ്ടായിരുന്നു... ചെയർമാനായി നീ സ്ഥാനമേറ്റപ്പോൾ അവൻ വിചാരിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോയി... വെറും പേരിന് മാത്രം ആയിരുന്നു നിനക്ക് സ്ഥാനം.. കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും അവന്റെ താല്പര്യം അനുസരിച്ചായിരുന്നു... അങ്ങനെ അല്ലെന്ന് നിനക്ക് പറയാൻ ആവുമോ....??"

വീണ്ടും ചോദ്യം ഉയർന്നു വന്നതും അമിത് മൗനം പാലിച്ചു... "എല്ലാം ഈശ്വർ കണക്ക് കൂട്ടിയ പ്രകാരം തന്നെയാണ് നടന്നത്.. അതിനിടയിൽ മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഞാൻ നിന്നോട് വന്ന് പറയാൻ തുടങ്ങിയതും നീയത് ശ്രദ്ധിക്കാൻ തുടങ്ങിയതും ഈശ്വർ അറിഞ്ഞപ്പോൾ മുതൽ എന്നെയും നിന്നെയും പിരിക്കാൻ അവൻ പലതും പ്ലാൻ ചെയ്തു... നിന്റെ ശ്രദ്ധ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി കളിക്കളത്തിൽ മാത്രം ആക്കാൻ അവൻ പരമാവധി ശ്രമിച്ചു.. അതിന് തടസ്സം നിന്നതിനാലാണ് നമ്മളെ രണ്ട് പേരെയും പിരിക്കാൻ അവൻ തീരുമാനിച്ചത്.. മറ്റുള്ളവരെ കൊണ്ട് എന്നേക്കാൾ ബെറ്റർ നീയാണെന്ന് എന്നെ കേൾക്കെ അവൻ പറയിപ്പിച്ചു .... ആദ്യമൊന്നും ഞാനത് കാര്യമാക്കിയില്ല.. പക്ഷേ കളിക്കളത്തിൽ നീ ക്യാപ്റ്റൻ ആയപ്പോൾ ഈശ്വർ അതും പറഞ്ഞെന്നെ പിരികയറ്റി.. കോളേജ് ഹീറോ അവൻ ആണെന്നും ഞാൻ സീറോ ആണെന്നും എല്ലാവർക്കുമിടയിലും സംസാരം വരുന്നുണ്ടെന്ന് അവൻ പറഞ്ഞപ്പോൾ എന്നിൽ വാശി കയറി.. അവിടെ മുതലാണ് ഞാൻ ചെറുതായ് അകലം പാലിച്ചു തുടങ്ങിയത്...

കോളേജിൽ നിന്നെ വാഴ്ത്താൻ മാത്രമേ എല്ലാവർക്കും നേരം ഉണ്ടായിരുന്നുള്ളൂ.. അതെല്ലാം എന്റെ കണ്മുന്നിൽ ആയതും പിന്നെ ഈശ്വർ ഇടയ്ക്കിടെ വന്ന് പിരി കയറ്റുന്നതും ആയപ്പോൾ ഞാൻ സ്വയം വില്ലനായി മാറുകയായിരുന്നു... കോളേജിൽ നിന്റെ റീച് എനിക്കുണ്ടാക്കിയെടുക്കാൻ ഞാൻ ശ്രമിച്ചു... നല്ലതാണോ മോശമാണോ എന്നൊന്നും ഞാൻ നോക്കിയില്ല... നിന്നെ പിന്തള്ളണം എന്ന ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.. പക്ഷേ അതെല്ലാം ദയനീയമായി പരാജയപ്പെട്ടപ്പോൾ ഞാൻ കോളേജിലെ വില്ലൻ ആയി മാറി... " മഹി പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് അമിത് കണ്ണുകൾ അടച്ചു തുറന്നു... അവന്റെ നേരെ ശരീരം തിരിച്ചു.. "നീ ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ടൊന്നും ഈശ്വറിനെ അവിശ്വസിക്കാൻ എനിക്കാവില്ല.. " അമിത് തന്റെ വാക്കിൽ ഉറച്ചതും അക്ഷിത് അവന്റെ കൈകളിൽ പിടിച്ചു.. "ഇതെല്ലാം നീ വിശ്വസിച്ചേ പറ്റൂ അമിത്.... ഈശ്വർ നീ വിചാരിക്കുന്ന പോലെയൊന്നും അല്ല.. കോളേജിൽ പല തിരിമറികളും അവൻ നടത്തിയിട്ടുണ്ട്... അന്നത്തെ ആ വീഡിയോ എടുത്തതും അത് കോളേജിലെ എല്ലാവരിലും എത്താൻ കാരണം ആയതും അവനാണ്.. കോളേജിൽ ആരും ആ കാര്യം ആര്യയെ അറിയിക്കുന്നില്ലെന്ന് കണ്ടതും അനിയിൽ നിന്നും സൂത്രത്തിൽ ആര്യയുടെ നമ്പർ സംഘടിപ്പിച്ച് അവൾക്ക് അയച്ചു കൊടുത്തു...

എല്ലാം ചെയ്തത് അവൻ ഒരാളാണ്... ദേ ഈ ഗ്രൗണ്ട് ഇങ്ങനെ ആവാൻ കാരണവും അവനാണ്..അത് മാത്രമല്ല.. അന്ന് ആര്യക്ക് നേരെ ഉണ്ടായ അക്രമണം..അതിന് പിറകിലും ഈശ്വർ തന്നെയാണ്.. അനിയേയും നിന്നെയും റൂമിൽ അടച്ചതിന്റെ പിന്നിലെ കൈകളും അവന്റേതാണ് ...." ഏട്ടൻ പറയുന്ന കാര്യങ്ങൾ കേട്ട് ഉൾകൊള്ളാൻ ആവാതെ അമിത് തളർന്നു.. ഈശ്വറിനെ അവിശ്വസിക്കാൻ അവനാവുമായിരുന്നില്ല.. എന്നാൽ ഏട്ടന്റെ വാക്കുകൾ ഒരിക്കലും അസത്യമാവില്ലെന്ന് അവന് ഉറപ്പുണ്ടായിരുന്നു.. മനസ്സാകെ തകർന്ന് നിൽക്കുന്ന അമിതിനെ അക്ഷിത് ചേർത്ത് പിടിച്ചു.. "അമീ... ഇതൊന്നുമല്ല അവൻ.. മഹിയെ ഇവിടേക്ക് തിരിച്ചു കൊണ്ട് വന്നത് എന്തിനാണെന്ന് ഞാൻ പറയാം... അതിന് ഈശ്വറിന്റെ സാമ്രാജ്യം നീ നേരിൽ കാണണം... വാ... " അവനെയും കൂട്ടി അക്ഷിത് മുന്നോട്ട് നടന്നു.. പിറകെ മഹിയും മിഥുനും.. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായി തകർന്നു കിടക്കുന്ന മതിൽ കെട്ടിലിനടുത്തു അവൻ ചെന്ന് നിന്നു,,,,അവിടെയായി സ്ഥിതി ചെയ്യുന്ന ചെറിയൊരു ആഞ്ഞിലി മരത്തിന്റെ അടുത്തേക്ക് അക്ഷിത് അമിതിനെ നീക്കി നിർത്തി...

. "ഈ ഗ്രൗണ്ട് നിങ്ങൾ നന്നാക്കാൻ ഇറങ്ങി തിരിച്ചപ്പോൾ നീയും അനിയും അല്ലാതെ ഈശ്വർ വിളിച്ച കുറച്ചു പേരല്ലാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ....??" അന്നത്തെ ദിവസം ഓർത്തെടുത്തു കൊണ്ട് ഇല്ലെന്നു അമിത് തലയാട്ടി.... "ഈ ഗ്രൗണ്ട് നിർമ്മാണത്തിനും മതിൽ പുനർനിർമ്മിച്ചതിനുമൊക്കെ മുന്നിൽ നിന്നത് അവനായിരുന്നു അല്ലേ.....??" അതേയെന്ന് അമിത് തലയാട്ടി.... "അവൻ ഇവിടെ മുന്നിൽ നിൽക്കാൻ വ്യക്തമായ കാരണമുണ്ട് അമിത്,,,, അവൻ എല്ലാവരിൽ നിന്നും മറച്ചു പിടിക്കുന്ന അവന്റെ സാമ്രാജ്യം ഇപ്പോൾ നീ നിൽക്കുന്നിടത്തു നിന്റെ കാൽചുവട്ടിലാണ് ഉള്ളത്....." സംശയത്തോടെ ഏട്ടനെ നോക്കിയ അമിതിനോട് അക്ഷിത് അവന്റെ കാൽ കൊണ്ട് തറയിലേക്ക് കുറച്ചു ബലത്തിൽ ചവിട്ടി നോക്കാൻ പറഞ്ഞു...അവൻ അതേ പടി അനുസരിച്ചപ്പോൾ ഇരുമ്പു പാളിക്കു മേലെ ചവിട്ടിയ പോലൊരു ശബ്ദം കേട്ടു... ഞെട്ടി കൊണ്ട് അമിത് അക്ഷിതിനെ നോക്കി...അക്ഷിത് അവനെ കുറച്ചു മാറ്റി നിർത്തി നിലത്തെ പുൽവിരി മെല്ലെ മാറ്റി,,,അതടർന്നു ഒരുഭാഗത്തേക്കു മാറിയപ്പോൾ അമിത് രണ്ടടി പിന്നോട്ട് വെച്ചു....

ആ പുൽവിരിക്കു താഴെ ഒരു ഇരുമ്പു വാതിൽ ദൃശ്യമായി....അക്ഷിത് അതിന്റെ ഒരു പാളി വലിച്ചു തുറന്നു,,,കിരു കിരാ ശബ്ദത്തോടെ ആ വാതിൽ തുറന്നു വന്നു....താഴേക്കു കാണുന്ന പാടികളിലൂടെ ഇറങ്ങിയവർ ഒരു അണ്ടർഗ്രൗണ്ടിലേക്ക് എത്തിപ്പെട്ടു.. അവിടെ കണ്ട കാര്യങ്ങൾ അമിതിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. കാര്യങ്ങൾ എല്ലാം പൂർണമായി ബോധ്യപ്പെട്ട അമിത് മനസ്സ് ആടിയുലഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു.. കണ്ണിൽ കണ്ടതും ചെവിയിൽ കേട്ടതുമായ സത്യങ്ങൾ വിശ്വസിക്കാൻ ആവാതെ അവൻ തറഞ്ഞു നിന്നു....... മനസ്സിൽ കളി ചിരികളും ചളികളുമായി കൂടെ നടക്കുന്ന ഈശ്വർ മാത്രമായിരുന്നു.. ഒരിറ്റ് കണ്ണുനീർ കണ്ണിനെ നനയിച്ചതും പെട്ടന്ന് ആരോ ഓടി വരുന്ന ശബ്ദം അവൻ കേട്ടു.. തല ഉയർത്തി നോക്കിയപ്പോൾ ചോര ഒലിപ്പിച്ച നിലയിൽ തന്റെ മുന്നിലേക്ക് വീണ ഈശ്വറിനെ അവൻ കണ്ടു........................... സത്യങ്ങൾ എല്ലാം തന്റെ മുന്നിൽ വെളിവായെന്ന ഭാവത്തോടെ അമിത് ഈശ്വറിനെ കോപത്താൽ നോക്കി... ഉമിനീരിറക്കാൻ പ്രയാസപ്പെട്ടു കൊണ്ട് ഈശ്വർ ഇനി എന്ത് സംഭവിക്കുമെന്നോർത്ത് നെഞ്ചിടിപ്പോടെ അമിതിനെ നോക്കി .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story