ആത്മരാഗം💖 : ഭാഗം 71

athmaragam thanseeh

രചന: തൻസീഹ് വയനാട്

 അടവുകൾ പ്രയോഗിച്ച് ഇനിയൊരു രക്ഷയില്ലെന്ന് കണ്ട ഈശ്വർ തന്റെ ഇത് വരെയുള്ള ജീവിതം ഒരു തിരശീല കണക്കെ അവർക്ക് മുന്നിൽ തുറന്നു വെച്ചു.............. വർഷങ്ങൾക്ക് മുൻപ്.. ഈശ്വർ പിഞ്ചു കുഞ്ഞായിരിക്കെ ഏതോ അനാഥാലയത്തിൽ സ്വന്തം അമ്മ ഉപേക്ഷിച്ചു പോയി... അവിടെ വെച്ചാണ് ഈശ്വറിന്റെ തുടക്കം.... തന്നെ സംബന്ധിച്ച് എല്ലാം വള്ളി പുള്ളി വിടാതെ പറയണമെന്നതിനാൽ തുടക്കം അനാഥാലയത്തിൽ നിന്ന് തന്നെ അവൻ തുടങ്ങി..... " ശാന്തി സ്നേഹ തീരം... അവിടെ നിന്നായിരുന്നു എന്റെ ജീവിതത്തിന്റെ തുടക്കം.. എന്നോ ഒരുനാൾ ശാന്തി സ്നേഹതീരം എന്ന അനാഥാലയത്തിന് മുന്നിൽ കരഞ്ഞു കിടന്ന കൈക്കുഞ്ഞായ എനിക്ക് പിന്നീടെല്ലാം അനാഥാലയത്തിലെ അന്തേവാസികൾ ആയിരുന്നു... അവരാണ് എനിക്ക് സ്നേഹത്തോടെ ഈശ്വർ എന്ന് പേരിട്ടത്.. ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആയിരുന്നു എന്റെ പതിനാറാം വയസ്സ് വരെ.... ഞാൻ പോലും അറിയാതെ എന്റെ ജീവിതം ഞാൻ നശിപ്പിക്കാൻ തുടക്കം കുറിച്ചത് പ്ലസ് ടുവിലെ ചില പിള്ളേരുമായുള്ള ചങ്ങാത്തമായിരുന്നു....

തങ്ങൾ മുതിർന്നെന്നു സ്വയം ബോധിപ്പിക്കാൻ ആരും കാണാതെ സ്കൂളിന്റെ പിൻവശത്തിരുന്നു സിഗരറ്റ് വലിക്കുന്നുന്ന ഒരു കൂട്ടർ അവിടെ ഉണ്ടായിരുന്നു,,,,ഒരുപാട് തവണ അവർ നിർബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഞാൻ അവർ വലിക്കുന്നത് കണ്ട് ഒന്ന് വലിക്കാനുള്ള ആഗ്രഹത്താൽ തമാശക്ക് തുടങ്ങി... പതിയെ പതിയെ അതെന്നെ വലയിലാക്കി... വേനൽ അവധിക്കാലത്ത് സിഗരറ്റിൽ നിന്നും വഴി മാറി മദ്യത്തിലേക്ക് എത്തിയപ്പോൾ മനസ്സ് പതറിയില്ല.. അന്നതൊരു ഹരമായിരുന്നു... ജീവിതത്തിൽ ഏറ്റവും സുന്ദരം എന്ന് തോന്നിയ നിമിഷങ്ങൾ... പലപ്പോഴും കുടിച്ച് ബോധമില്ലാത്ത അവസ്ഥയിൽ വരെ എത്തിച്ചേരുമായിരുന്നു... മദ്യവും പുകവലിയും ജീവിതത്തിന്റെ ഭാഗം ആയി മാറിയപ്പോൾ അനാഥാലയവും അവിടെ ഉള്ളവരും വഴിയിലൊരു തടസ്സമായി... പിന്നെ ഒട്ടും അമാന്തിച്ചില്ല... അവിടെ നിന്നും പടിയിറങ്ങി.... കൂട്ടത്തിൽ ഒരുത്തന്റെ കൂടെ ആയിരുന്നു ഏറെ കാലം... അതിനിടയിൽ പ്ലസ് ടു പാസ്സ് ആയി.... പിന്നീട് തുടർ പഠനം ആയിരുന്നു ലക്ഷ്യം... എന്തെങ്കിലും ഒക്കെ ആയിത്തീരണമെന്ന മോഹം ഉദിച്ചു...

മാർക്ക് ഉള്ളതിനാൽ അറിയപ്പെട്ട കോളേജിൽ തന്നെ എനിക്ക് അഡ്മിഷൻ ലഭിച്ചിരുന്നു. അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കോളേജ് ഹോസ്റ്റലിൽ താമസമാക്കി.. പിന്നീടുള്ള എന്റെ ജീവിതത്തിൽ ഫീസും ജീവിത ചിലവും മുന്നിൽ ചോദ്യചിഹ്നമായി മാറിയപ്പോൾ അതിന് ഞാൻ സ്വയം വഴി കണ്ടു.. പകൽ പഠിച്ചും രാത്രി ജോലി ചെയ്തും ദിവസങ്ങൾ ഞാൻ തള്ളി നീക്കി.. ടൗണിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം ബോയ് ആയി ഹോസ്റ്റൽ വാർഡന്റെ റെക്കമെന്റേഷനിൽ എനിക്ക് ജോലി കിട്ടിയത്....അപ്പോഴും എന്നെ വിടാതെ പിന്തുടർന്ന് കൊണ്ട് മദ്യവും പുകവലിയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു..... അതിനിടെ റൂമിൽ പുതിയതായി വന്ന പിള്ളേർ വഴി കുറേശെ ഡ്രഗ്സ് കൂടി ഉപയോഗിക്കാൻ തുടങ്ങി.... പുകവലിയിൽ നിന്നും മദ്യത്തിലേക്ക് നീങ്ങിയ ഞാൻ പതിയെ മയക്ക് മരുന്നിനെ സ്നേഹിച്ചു തുടങ്ങി... എന്റെ നിയന്ത്രണം എനിക്ക് നഷ്ടപെട്ട അവസ്ഥ ആയിരുന്നു.. ആ കൂട്ട് കെട്ട് എന്റെ സ്വഭാവം അടിമുടി മാറ്റി മറിച്ചു...കൂട്ടത്തിൽ ഒരാൾക്കുള്ള ഹൈ റേഞ്ച് പിടിപാട് ഞങ്ങൾക്കാവശ്യമുള്ള ലഹരി കൈകളിൽ എത്താൻ ഏറെ സഹായകമായി..

പിന്നീട് എന്റെ ജീവിതം തന്നെ ലഹരിക്കടിമപ്പെട്ടു പോയി.. പതിയെ ഞാനും മാറി... ദുഷ് ചിന്തകൾ മാത്രം മനസ്സിൽ കയറി പറ്റി... ഈശ്വർ പറഞ്ഞു തുടങ്ങിയ അവന്റെ ജീവിതം ഒരു കഥ പോലെ എല്ലാവരും കേട്ട് നിൽക്കെ യാതൊരു ഭാവഭേദവും കൂടാതെ അവൻ തുടർന്നു.. " ജീവിതം വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ ആണ്, ഒരിക്കൽ പാർട്ടി മീറ്റിംഗ് ഹോട്ടലിൽ വെച്ച് നടത്തപ്പെട്ടത്.. യാദൃശ്ചികമായി അന്ന് മീറ്റിംഗ് കേൾക്കാൻ ഞാൻ ഇടയായി... ഓരോ പാർട്ടി പ്രവർത്തകരെയും ഞാൻ സസൂക്ഷ്മം വീക്ഷിച്ചു... പാർട്ടിയോട് എന്തോ ആകർഷണീയത തോന്നിയതും കൂടുതൽ അറിയാനായി വെമ്പൽ കൊണ്ടു... മീറ്റിംഗ് കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിന് മുൻപ് അവരിൽ ഒരാളെ ഞാൻ പരിചയപ്പെട്ടു.... പിന്നീട് അയാളിലൂടെ പാർട്ടിയെ കൂടുതൽ അറിഞ്ഞ് പാർട്ടി രംഗത്തെ നിത്യ സാന്നിധ്യമായി ഞാൻ മാറി.... എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്.. ആ ജോലി കളഞ്ഞ് പിന്നീട് പാർട്ടിയെ ചങ്കിൽ കൊണ്ട് നടന്നു..

എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന പാർട്ടി പ്രവർത്തകർ എന്റെ ബലമായിരുന്നു.. എന്നിലൂടെ കോളേജിൽ പാർട്ടി ഉയർത്തി കൊണ്ട് വരാൻ അവർ ശ്രമിച്ചു... അതിനായ് അവർ വാഗ്ദാനം ചെയ്തത് പാർട്ടിയിലെ മുതിർന്ന സ്ഥാനം തന്നെ...അതിനായ് അഹോരാത്രം ശ്രമിച്ചെങ്കിലും കോളേജിൽ തങ്ങളുടെ സാനിധ്യം അറിയിക്കാനും ഉയർത്തി കൊണ്ട് വരാനും എനിക്ക് കഴിഞ്ഞില്ല...ജൂനിയർ ആയതിനാൽ തന്നെ പലതിനും പരിധി വന്നതിനാൽ ഒരവസരത്തിനായി ഞാൻ കാത്തിരുന്നു..... ഡിഗ്രി രണ്ടാം കൊല്ലം ആയതോടെയാണ് അമിത് അക്ഷിത് ഇരട്ട സഹോദരന്മാരായ നിങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത്.." അത്രയും പറഞ്ഞ് ഈശ്വർ അമിതിനെയും അക്ഷിതിനെയും നോക്കി.... ഈശ്വർ തങ്ങളോടൊപ്പം കൂടിയ ആ സന്തോഷ നാളുകൾ ഓർത്തപ്പോൾ അമിത് നെഞ്ചിലൊരു പിടച്ചിലോടെ അവനിൽ നിന്നും മുഖം തിരിച്ചു.... അവൻ ഈശ്വറിൽ നിന്നും മുഖം തിരിച്ചെങ്കിലും പിന്നീട് ഈശ്വർ പറഞ്ഞതെല്ലാം അവനെ നോക്കി കൊണ്ടായിരുന്നു..

" നിന്റെ സ്വഭാവം മൂലം കോളേജ് മുഴുവൻ നിന്നെ പേടിയോടെ നോക്കുന്നതും നിന്നോട് ആരും കൂട്ട് കൂടാൻ മടിക്കുന്നതും ഞാൻ നിരീക്ഷിച്ചിരുന്നു.. പാർട്ടി തലക്ക് പിടിച്ച ഞാൻ പലതും മനസ്സിൽ കണക്ക് കൂട്ടി... ഫസ്റ്റ് ഇയർൽ തന്നെ സ്വന്തം പാർട്ടിയിൽ ചേർന്നെങ്കിലും കോളേജിൽ പ്രസിദ്ധമല്ലാത്തതിനാൽ ഇലക്ഷനിൽ പരാജയപ്പെട്ടിരുന്നു....അതോടൊപ്പം തന്നെ പലരെയും കൈ പിടിയിൽ ഒതുക്കണമെങ്കിൽ ക്യാഷ് വേണമെന്ന ചിന്തയിൽ ഞാനും ഡ്രഗ് മാഫിയയുടെ കണ്ണിയായി മാറി,,,,,ഉപയോഗ ശൂന്യമായ എന്നാൽ പുറത്തു നിന്നും ആർക്കും രഹസ്യമായി വരാൻ പറ്റിയ ഒരു കാട് പിടിച്ചയിടം ഞാൻ എന്റെ സാങ്കേതമാക്കി മാറ്റി,,,,പതിയെ ഒരു അണ്ടർഗ്രൗണ്ട് നിർമ്മിച്ച് ഞാനെന്റെ ബിസിനെസ്സ് വർദ്ധിപ്പിച്ചു....പക്ഷേ കോളേജിലെ എന്റെ ഇമേജ് നിലനിർത്താൻ ഞാൻ സ്വയം ഡ്രഗ്സ് ഉപയോഗം കുറച്ചു,,,,,അതിനേക്കാൾ ലഹരി പാർട്ടിയിലെ ഉന്നതസ്ഥാനങ്ങലക്കാണെന്നു ഞാൻ വിശ്വസിച്ചു... അമിതിനെ എന്നോടൊപ്പം ചേർത്താൽ അത് എന്റെ ഭാവിക്ക് നല്ലതാണെന്ന് ഞാൻ ചിന്തിച്ചു..... ആരും കൂട്ട് ഇല്ലാത്ത നിന്നെ നിഷ്കളങ്ക സ്വഭാവം കാണിച്ച് ഞാൻ എന്റെ വരുതിയിലാക്കി... കോളേജിൽ എന്തെങ്കിലും പൊതു പ്രശ്നം ഉണ്ടായാൽ കൈക്കരുത്തു കൊണ്ട് നേരിടുന്ന നിന്നെ എല്ലാവർക്കും ബോധിച്ചത് എന്റെ കണക്ക് കൂട്ടലുകൾ ശെരിയായി മാറാൻ തുടങ്ങി..

പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവക്കരൻ ആയതിനാൽ നിന്നോട് മിണ്ടാൻ പോലും ഭയമായിരുന്നു എല്ലാവർക്കും... അതെനിക്ക് സഹായകമായി.. നീ കോളേജ് ഹീറോ ആയി മാറിയപ്പോൾ നീ പോലും അറിയാതെ നിന്നെ ഞാൻ മുതലെടുത്തു കൊണ്ടിരുന്നു.. ചെയർമാൻ സ്ഥാനത്തേക്ക് എന്റെ നിർബന്ധം മൂലം മത്സരിച്ച നീ വൻ വിജയത്തോടെ അധികാരമേറ്റപ്പോൾ ഉള്ള് തുറന്ന് സന്തോഷിച്ചത് ഞാൻ ആയിരുന്നു... പാർട്ടിയിൽ കിട്ടിയ സ്ഥാനകയറ്റം എന്നിൽ കുറച്ചൊന്നുമല്ല ആഹ്ലാദം ഉണ്ടാക്കിയത്.. പക്ഷേ അത് കൊണ്ട് ഞാൻ തൃപ്തൻ ആയിരുന്നില്ല.. ഏറ്റവും ഉയർന്ന സ്ഥാനം തന്നെ ഞാൻ മോഹിച്ചു.. അതിനുള്ള ഒരേ ഒരു വഴി കോളേജിലെ പാർട്ടി പ്രവർത്തനം ആയിരുന്നു... നീ കോളേജിൽ സ്ഥാനമേറ്റത് മുതൽ അവിടുന്ന് അങ്ങോട്ട്‌ എന്റെ സുവർണ കാലം ആയിരുന്നു.. ഞാൻ തീരുമാനിക്കുന്നതിന് അനുസരിച്ചു നീങ്ങുന്ന കളിപ്പാവ ആയി മാറുകയായിരുന്നു നീ.. എന്നാൽ ഒരിക്കൽ പോലും നീയത് മനസ്സിലാക്കിയില്ല... അതേ... എല്ലാ കളികളും കളിച്ചത് ഈ ഈശ്വർ തന്നെയാണ്...

എന്റെ നിലനിൽപ്പിനു വേണ്ടി ഞാൻ എന്തും ചെയ്യും.. അതിന് വേണ്ടി തന്നെയാണ് നിന്നെയും മഹിയെയും ഞാൻ തെറ്റി പിരിച്ചത്..." ഈശ്വർ തൊടുത്തു വിട്ട വാക്കുകൾ കേട്ട് അമിത് കണ്ണുകൾ ഇറുക്കി അടച്ചു....അവനെ നോക്കാതെ ഈശ്വർ തുടർന്നു... "കോളേജിലെ മന്ത്രിയുടെ ഏക മകൻ.... അവനുമായി നീ ചെങ്ങാത്തം കൂടാൻ പോയപ്പോൾ ഞാൻ ഭയന്നു... എതിർ പാർട്ടിക്കാരൻ ആയ അവരുടെ കൂടെ നീ കൂടിയാൽ എന്റെ എല്ലാ സ്വപ്നങ്ങളും തകരുമെന്ന് ഞാൻ മനസ്സിലാക്കി... മഹിയെ മോശക്കാരനാക്കി, കാരണങ്ങൾ ഉണ്ടാക്കി നിന്നെ മഹിക്ക് നേരെ തിരിച്ചത് ഞാൻ തന്നെയാണ് ..അതിൽ ഞാൻ വിജയിച്ചു.. മഹിയെ നീ ഒതുക്കിയതും മുന്നിൽ തടസ്സങ്ങൾ നീങ്ങിയതോർത്ത് സന്തോഷിച്ച എനിക്ക് കിട്ടിയ തിരിച്ചടി ആയിരുന്നു... അവൾ... അനിരുദ്ര..." പെട്ടന്ന് ഈശ്വറിന്റെ മുഖം മാറി... പേശികൾ ദേഷ്യത്താൽ വലിഞ്ഞു മുറുകി..... "അനിയുടെയും ആര്യയുടെയും കടന്നു വരവോടെയാണ് എന്റെ എല്ലാ കളികളും അവസാനിച്ചു തുടങ്ങിയത് ... അനി കാരണം നീ പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ മികവ് പുലർത്തി മുതിർന്ന നേതാക്കന്മാരുടെ കയ്യടി നേടിയെടുത്തു....

നിനക്ക് മുൻഗണന നൽകിയ നേതാക്കന്മാർ എന്നെ വിസ്മരിച്ചത് പോലെ എനിക്ക് തോന്നി... കോളേജിൽ പ്രവർത്തനങ്ങളിൽ നീ മുന്നിട്ട് നിന്നാൽ പാർട്ടിയിൽ ഞാൻ ആഗ്രഹിച്ച സ്ഥാനം എന്നന്നേക്കുമായി കൈവിട്ടു പോവുമെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി..... കണക്ക് കൂട്ടലുകൾ പാളി പോയതിനാൽ പുതിയ തന്ത്രം മെനയേണ്ടത് എനിക്കത്യാവശ്യം ആയിരുന്നു...അനിയുമായി നീ കൂട്ട് കൂടാൻ സാധ്യത ഉണ്ടെന്ന് തോന്നിയതിനാൽ നിന്നെ പഴയ പോലെ ഫുട്ബാൾ കളിയിൽ മാത്രം ശ്രദ്ധ നൽകിപ്പിക്കാനും കോളേജ് പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും അനിയെ നിന്നിൽ നിന്നകറ്റാൻ ഞാൻ ശ്രമിച്ചു... അവൾ ഉണ്ടായത് കൊണ്ടല്ലേ നീ ഉണർവോടെ പ്രവർത്തിക്കുന്നത്. അതില്ലാതെയാക്കാൻ വേണ്ടിയാണ് സമൂഹവിവാഹത്തിന് ഉണ്ടായ പ്രശ്നം അനി ചെയ്തതെന്ന് വരുത്തി തീർത്തതും നിന്നെ അവൾക്ക് നേരെ തിരിച്ചതും.... എന്നാൽ വീണ്ടും എന്റെ പ്ലാൻ ഫ്ലോപ്പ് ആയി... പാർട്ടി പ്രവർത്തനങ്ങളിൽ ആവേശത്തോടെ തന്നെ അനി മുന്നിട്ട് നിന്നു..

ഞങ്ങളുടെ സ്വകാര്യതക്ക് തിരഞ്ഞെടുത്ത ആരും ശ്രദ്ധിക്കാത്ത ഇടം അവൾ ഗ്രൗണ്ടിന് വേണമെന്ന് വാശി പിടിച്ചതും അതെന്നിൽ അത് കടുത്ത കോപം ഉളവാക്കി... ഞങ്ങളുടെ സാമ്രാജ്യം തകർത്ത അനിക്ക് തിരിച്ചടി നൽകാൻ ഗ്രൗണ്ട് തകർക്കാൻ കൂട്ട് നിന്നതും ഞാൻ തന്നെ ആയിരുന്നു... അതിൽ ഞാൻ വിജയിച്ചു.... " സത്യങ്ങൾ അവന്റെ നാവിൽ നിന്നും കേട്ടതും എല്ലാവരും ഈശ്വറിനെ ദേഷ്യത്തോടെ നോക്കി... അമിതിൽ ദേഷ്യം വർധിച്ചു വരികയായിരുന്നു.. പ്രിൻസിയും പോലീസും അരികിൽ ഉള്ളതിനാൽ അവൻ സ്വയം ദേഷ്യം അടക്കി നിന്നു.. അനിയന്റെ വികാരം മനസ്സിലാക്കിയത് കൊണ്ട് തന്നെ അക്ഷിത് അവന്റെ കൈകളിൽ മുറുകെ പിടിച്ചു..... ആരുടേയും മുഖത്ത് നോക്കാതെ ഈശ്വർ വീണ്ടും തുടർന്നു.. "അതേ... ആര്യ... അവളെ തല്ലിക്കാൻ ആളെ വിട്ടതും ഈ ഞാൻ തന്നെയാണ്... അതും നിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി ആയിരുന്നു... അവളോട് അടി കൂടുന്ന സമയം നിന്റെ മൈൻഡ് പ്രവർത്തനങ്ങളിൽ നിന്നും മാറുമെന്ന് എനിക്കറിയാമായിരുന്നു... എല്ലാം ഞാൻ ആലോചിച്ച് തീരുമാനിച്ചവയാണ്.... പക്ഷേ.. പലതു പാളി പോയി...

അതെല്ലാം അനിയും ആര്യയും വന്നതിന് ശേഷം ആയിരുന്നു... അവരോടുള്ള നിന്റെ സമീപനത്തിൽ വന്ന അത്ഭുതകരമായ മാറ്റം എന്റെ നിലനിൽപ്പിനെ ബാധിക്കും എന്നറിഞ്ഞതിൽ പിന്നെയാണ് രണ്ടു പേരെയും കൊന്ന് കളയാൻ എന്റെ മനസ്സിൽ ഞാൻ പ്ലാനിട്ടത്... ഇപ്പോൾ... ആരും എന്റെ രൂപം മനസ്സിലാക്കിയിട്ടില്ലെങ്കിൽ രണ്ടും എപ്പോഴേ പരലോകം പൂണ്ടിരുന്നു.. " "ഡാാാാ.." പല്ലിറുമ്പി കൊണ്ട് ഈശ്വർ പറഞ്ഞതും അമിത് ദേഷ്യത്തോടെ തിരിഞ്ഞു നിന്ന് അവന്റെ കഴുത്തിൽ പിടിച്ചു... ഉടനെ തന്നെ അക്ഷിതും പോലീസും അവനെ മാറ്റി നിർത്തി.. "മേം... കുറ്റങ്ങൾ എല്ലാം ഇവൻ ഏറ്റ് പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾ ഇവനെ അറസ്റ്റ് ചെയ്യുകയാണ് ... കോളേജിൽ ഡ്രഗ്സ് ഉപയോഗിച്ചതിനും പെൺകുട്ടിയെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയതിനും മറ്റ് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാലും ഈ കേസ് ഞങ്ങൾക്ക് ഒതുക്കി തീർക്കാൻ കഴിയില്ല... " പോലീസിനോട് ഒരു മറുപടി പറയാൻ പ്രിൻസിക്ക് കഴിഞ്ഞില്ല.

.എല്ലാവരും നോക്കി നിൽക്കെ പോലീസ് ഈശ്വറിനെയും കൊണ്ട് ജീപ്പിൽ കയറി... ജീപ്പ് മറയും വരെ അമിത് നിറ കണ്ണുകളോടെ നോക്കി നിന്നു... ഈ നിമിഷം വരെ എല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ എന്നായിരുന്നു അവന്റെ ചിന്ത.... അവർ പോയതും പ്രിൻസി മഹിയുടെ നേരെ തിരിഞ്ഞു.. "മഹീ... പ്ലീസ്.. നിന്റെ സ്വാധീനം ഉപയോഗിച്ച് കോളേജിന് ചീത്ത പേര് വരുന്നത് എങ്ങനെ എങ്കിലും തടയണം.. അടിപിടി കേസിൽ വിദ്യാർത്ഥി പിടിയിലായി എന്നേ പുറം ലോകം അറിയാൻ പാടുള്ളൂ.. ഡ്രഗ്സ് ന്റെ കാര്യം ഒരു കാരണവശാലും ആരും അറിയരുത്... അറിഞ്ഞാൽ അത് കോളേജിനെ സാരമായി ബാധിക്കും.. " "മേം പേടിക്കേണ്ട... എല്ലാം ഞാൻ നോക്കിക്കോളാം.. അച്ഛനോട് ഞാൻ പറഞ്ഞോളാം കേസ് വഴി തിരിച്ചു വിടാൻ... എന്നാൽ അവന് ലഭിക്കേണ്ട ശിക്ഷ എന്തായാലും ലഭിച്ചിരിക്കും.. ഡ്രഗ്സ് മാറ്റർ നമ്മൾ അല്ലാതെ മറ്റാരും അറിയാതിരിക്കാൻ ഞാൻ വേണ്ടത് ചെയ്യാം.. " മഹി ഉറപ്പ് നൽകിയപ്പോഴാണ് പ്രിൻസിക്ക് ആശ്വാസം ആയത്.. "മഹീ... ഈശ്വർ ആണ് ഇതിന് പിറകെ എന്ന് നീ എങ്ങനെ അറിഞ്ഞു.. " "മേം.. അന്ന് അന്വേഷണത്തിന്റെ ഭാഗമായി ഞാനും രണ്ടു പോലീസുകാരും ഇവിടെ വന്നിരുന്നു ..

അന്നത്തെ തിരച്ചിലിൽ ആ അണ്ടർ ഗ്രൗണ്ട് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.. അവിടെയുള്ള ഡ്രഗ്സിന്റെ ശേഖരം കണ്ട് ഞങ്ങൾ അമ്പരന്ന് പോയിരുന്നു.. ആരാണ് ഇതിന് പിറകിലെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. അപ്പോഴാണ് ആരുടെയോ ഞെരക്കം കേട്ടത്.... നോക്കിയപ്പോൾ അത് വിപിൻ ആയിരുന്നു.. കോളേജ് സെക്രട്ടറി.. അവനിൽ നിന്നാണ് ഈശ്വർ ആണ് ഇതിന് പിറകിൽ എന്നറിഞ്ഞത്... എന്തോ പിരിവിന്റെ തുക മുഴുവൻ വിപിന്റെ കയ്യിൽ ആയിരുന്നെന്നും അത് കൈക്കലാക്കി അവനെ കെട്ടിയിടുകയായിരുന്നെന്നും അവൻ പറഞ്ഞു.....ആകെ അവശനായ വിപിനെ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു....വിപിനെ ഭീഷണിപ്പെടുത്തി അവന്റെ വീട്ടിൽ വിളിച്ചു അത്യാവശ്യമായി ഒരിടത്തേക്കു മാറി നിന്നതാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാൽ അവനെ ആരും അന്വേഷിച്ചിരുന്നില്ല..പിന്നീട് അണ്ടർ ഗ്രൗണ്ടിൽ എത്തിയ ഈശ്വർ വിപിനെ കാണാത്തതിൽ ആകെ അസ്വസ്ഥനായിരുന്നെന്ന് ഞങ്ങൾ നിരീക്ഷണത്തിലൂടെ കണ്ടെത്തി.. വിപിനെ കാറിൽ കയറ്റിയതിനു ശേഷം ആയിരുന്നു അമിത് അങ്ങോട്ടേക്ക് വന്നത്. കൂടെ ഈശ്വർ ഉണ്ടായതിനാൽ വിപിനെ കാണേണ്ട എന്ന് കരുതി ഞങ്ങൾ വേഗം തിരിച്ചു... "

ഇതിനിടയിൽ വിപിനും അവന്റെ ഇര ആയിരുന്നോ എന്ന ചിന്തയിൽ അമിത് മുഴുകി.. കേട്ടതൊക്കെ ചെവിയിൽ കുരുങ്ങി തരിച്ച് നിൽക്കുകയായിരുന്നു അവൻ... ഇവിടെ നടന്നതൊന്നും ആരും അറിയേണ്ട എന്ന നിബന്ധന പ്രിൻസി മുന്നോട്ട് വെച്ചു കൊണ്ട് എല്ലാവരും പിരിഞ്ഞു പോയി.. അമിതും അക്ഷിതും മഹിയും മിഥുനും മാത്രം അവിടെ ബാക്കിയായി.... മരവിച്ചു നിൽക്കുന്ന അമിതിനെ മഹി വാരിപുണർന്നു "നീയിപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണെന്ന് എനിക്ക് മനസ്സിലാവും അമിത്.. സത്യം എന്നാണേലും തെളിയാൻ ഉള്ളതാണ്.. ഇപ്പോൾ തന്നെ നിനക്ക് മുന്നിൽ തെളിഞ്ഞത് നന്നായി..അല്ലെങ്കിൽ രണ്ടു പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ ആയേനെ.. " അമിതിൽ നിന്ന് വിട്ട് നിന്ന് അവന്റെ ഷോൾഡറിൽ തട്ടി അക്ഷിതിന് കണ്ണടച്ച് കാണിച്ച് പുഞ്ചിരിച്ചു.. മഹിയുടെ വാക്കുകൾ കാതിൽ അലയടിച്ചപ്പോൾ ആണ് ആര്യയെ അവൻ ഓർത്തത്.. ഉടനെ അവൻ ഏട്ടനെ നോക്കി.. "ഏട്ടാ... ആര്യ.. അവൾക്ക് എങ്ങനെ ഉണ്ടെന്നാവോ.. നമുക്ക്...... നമുക്ക് ഹോസ്പിറ്റലിൽ പോയാലോ.. " അമിതിന്റെ വിഭ്രാന്തി വാക്കുകളിലും മുഖത്തും പ്രകടമായതും അക്ഷിത് തലയാട്ടി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story