ആത്മരാഗം💖 : ഭാഗം 72

athmaragam thanseeh

രചന: തൻസീഹ് വയനാട്

 പ്രിയപ്പെട്ടവർക്കാർക്കോ ആപത്ത് സംഭവിച്ചത് പോലെയുള്ള അമിതിന്റെ വെപ്രാളവും മുഖത്തെ പരിഭ്രാന്തിയും കൗതുകത്തോടെ അതിലേറെ അതിശയത്തോടെ മഹിയും മിഥുനും നോക്കി നിന്നു... "ഏട്ടാ... ഏട്ടനിവിടെ നിന്നാ മതി.. ഞാൻ ഹോസ്പിറ്റലിൽ പോയി നോക്കാം..ഇവിടെ നടന്നതൊന്നും അനി അറിഞ്ഞിട്ടില്ല.. പരിപാടി കഴിയുന്നതോട് കൂടി അനി ആര്യയെ അന്വേഷിച്ചിറങ്ങും.. എല്ലാം അറിഞ്ഞാൽ അനിക്കുണ്ടാവുന്ന അവസ്ഥ ഞാൻ പറയേണ്ടല്ലോ.. ഏട്ടൻ അവളുടെ അടുത്ത് ഉണ്ടാവണം.. ഞാനും മിഥുനും കൂടി പോയി കാര്യങ്ങൾ അന്വേഷിച്ച് വരാം.. ഹോസ്പിറ്റലിൽ എത്തിയിട്ട് ഞാൻ വിളിക്കാം.. " ധൃതി പിടിച്ച വാക്കുകളാൽ എല്ലാം പറഞ്ഞുറപ്പിച്ചു കൊണ്ട് അമിത് ഏട്ടന്റെ കൈകളിൽ പിടിച്ചു.. അങ്ങനെ ആവട്ടെ എന്ന അർത്ഥത്തിൽ അക്ഷിത് പുഞ്ചിരിച്ചതും സമ്മതം കിട്ടിയെന്ന സന്തോഷത്തിൽ അമിത് മിഥുനോട് കൂടെ വരാൻ ആംഗ്യം കാണിച്ചു കൊണ്ട് മുന്നിൽ നടന്നു.. പോകുന്നത് അമിതിന്റെ കൂടിയാണെന്ന ഒറ്റ കാരണം കൊണ്ട് മിഥുൻ പോകണോ വേണ്ടയോ എന്ന അർത്ഥത്തിൽ ഓരോ കാൽവെപ്പ് മുന്നോട്ട് വെച്ചു...

പോയേക്കാം അല്ലേ എന്ന അർത്ഥത്തിൽ തിരിഞ്ഞ് മഹിയെയും അക്ഷിതിനെയും നോക്കിയതും അവർ ഇരുവരും അവനെ നോക്കി ചിരിച്ചു... ധൈര്യമായി പോയേച്ചും വാ എന്ന് അവർ തല ചെരിച്ച് കാണിച്ചതും രണ്ടും കൽപ്പിച്ചവൻ അമിതിന്റെ പിറകെ ഓടി.. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. അത് പോലെ കിട്ടാൻ ഉള്ളത് എവിടെ വെച്ചാണെലും കിട്ടും എന്ന് മനസ്സിൽ ഉരുവിട്ട് അമിതിനെ ഇടയ്ക്കിടെ നോക്കി കൊണ്ട് മിഥുൻ അവനോടൊപ്പം നടന്നു........ അവർ പോയതും മഹി ചിരിച്ചു കൊണ്ട് അക്ഷിതിനെ നോക്കി... "അമിതിന് ഒരു മാറ്റവും ഇല്ല അല്ലേ..എന്നും ആ ഗൗരവം തന്നെ.. പക്ഷേ മറ്റെന്തൊക്കെയോ മാറ്റം കാണാനും ഉണ്ട്.. " മഹി സംശയം പ്രകടിപ്പിച്ചതും അക്ഷിത് അതിനെ ചിരിച്ചു തള്ളി.. ************ ഗ്രൗണ്ടിൽ നിന്നും കയറിയ ഉടനെ അമിതും മിഥുനും കണ്ടത് വരാന്തയിൽ അവശനായി കിടക്കുന്ന അരുണിനെ ആണ്... അമിതിനെ പേടിച്ച് അവന്റെ കൂട്ടാളികൾ ആരും അവന്റെ ഏഴകലെ പോലും വന്നില്ല..

മേലാകെ അമിത് കയറി മേഞ്ഞതിനാൽ ഒരടി വെക്കാൻ വയ്യാതെ അവൻ ഒരു മൂലയിൽ ഇരിക്കുവായിരുന്നു... അരുണിന്റെ അവസ്ഥ കണ്ടതും ആത്മാർത്ഥ സുഹൃത്ത് ആയ മിഥുന് അവന്റെ അടുത്തേക്ക് പോകണം എന്നും സഹായിക്കണം എന്നും ഉണ്ടായിരുന്നു.. എന്നാൽ കൂടെ അമിത് ഉള്ളതിനാൽ നിസ്സഹായനായി അവൻ നിന്നു.. ഞെരങ്ങിയും മൂളിയും മുറിവിൽ തൊട്ടും തലോടിയും ഇടക്ക് അമിതിനെ തെറി വിളിച്ചും ഇരിക്കുന്ന അരുണിന്റെ അടുത്തേക്ക് അമിത് നടന്നടുത്തു... അമിതിന്റെ പോക്ക് കണ്ട് ഇന്ന് അരുൺ ബാക്കി ഉണ്ടാവില്ലെന്ന് മിഥുനും ഉറപ്പിച്ചു.. തന്നിലേക്ക് നടന്നടുക്കുന്ന കാലുകളുടെ ഉടമ ആരാണെന്നറിയാൻ അരുൺ മെല്ലെ തല ഉയർത്താൻ ശ്രമിച്ചു.. അടി കൊണ്ട് ശരീരം മൊത്തം വേദന ഉള്ളതിനാൽ തല ഉയർത്താൻ പാട് പെട്ടു..മുന്നിൽ അമിത് ആണെന്ന് കണ്ടതും അരുൺ ഇപ്പോൾ ബോധം പോവും എന്ന അവസ്ഥയിൽ ഇരുന്നു... പിറകെ നിൽക്കുന്ന മിഥുനോട് ഈ മാരണത്തെ എന്തിനാ കൂടെ കൊണ്ട് വന്നെയെന്ന് കണ്ണുകൾ കൊണ്ടവൻ ചോദിച്ചു കൊണ്ടിരുന്നു..

വെറുതെ കാര്യമില്ലാ കാര്യത്തിന് ചെയ്തതിന് ഇത്രയും അനുഭവിക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ആ പണിക്ക് പോവില്ലെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ദയനീയമായി അവൻ അമിതിനെ നോക്കി.... ആ സമയം അമിത് രണ്ടു കയ്യും മുന്നോട്ട് കൊണ്ട് വന്ന് അല്പം കുനിഞ്ഞു. "അയ്യോ.. എന്നെ വീണ്ടും തല്ലല്ലേ... പ്ലീസ്.. ഞാനിനി ഒരിക്കലും അങ്ങനെ ചെയ്യില്ല.." അരുൺ ആർത്തതും അമിത് മെല്ലെ ചിരിച്ചു... "പേടിക്കേണ്ട.. തല്ലാനും കൊല്ലാനും അല്ല " അതും പറഞ്ഞ് അമിത് ഇരു കൈകൾ കൊണ്ടും താങ്ങി അവനെ എണീപ്പിച്ചു നിർത്തി.... അത്ഭുതജീവിയെ കാണുന്ന പോലെ അരുൺ വായും പൊളിച്ച് അമിതിനെ ഉറ്റു നോക്കി.. മിഥുനോട് അവന്റെ കാർ എടുക്കാൻ പറഞ്ഞു കൊണ്ട് അമിത് അരുണിനെ ഒരു ഭാഗത്തിരുത്തി... മിഥുൻ കാറുമായി വന്നതും അവർ അരുണിനെ കാറിൽ കയറ്റി.. അപ്പോഴൊക്കെ അരുൺ അതിശയത്തോടെ അമിതിനെ നോക്കുകയായിരുന്നു.... ഹോസ്പിറ്റലിൽ എത്തിയതും അമിത് കാറിൽ നിന്നും ഇറങ്ങി.. അവൻ ഇറങ്ങിയെന്ന് ഉറപ്പായതും അരുൺ പുറത്തേക്കും കണ്ണും നട്ട് മിഥുനെ വിളിച്ചു... "ഡാാ.. നിന്നെ കൊല്ലാൻ കൊണ്ട് പോയെന്നാ ഞാൻ വിചാരിച്ചേ.. ആ നീയിതാ വടി പോലെ നിൽക്കുന്നു..

അവനാണേൽ തലക്കൊരടി കിട്ടിയ പോലെയുള്ള പ്രവർത്തികളും.. എന്താ ഡാ അവിടെ നടന്നെ.. നീ അവന്റെ തലക്കിട്ട് കൊടുത്തോ.. അതാണോ അവനീ മാറ്റം.. " അരുണിന്റെ ചോദ്യം കേട്ട് മിഥുൻ ചിരിച്ചു.. അവൻ പിന്നിലേക്ക് തിരിഞ്ഞിരുന്നു.. "അതേയ്.. അവൻ അമിത് തന്നെയാ.. അതിൽ ഒരു മാറ്റവും വന്നിട്ടില്ല.. ഇനിയും പറഞ്ഞോണ്ടിരുന്ന് ദേഹത്തെ മുറിവുകളുടെ എണ്ണം വെറുതെ കൂട്ടാൻ നിൽക്കേണ്ട.. വേഗം ഇറങ്ങി വാ." മിഥുൻ ഇറങ്ങിയതും അരുണും കൂടെ ഇറങ്ങി.. അമിത് വന്ന് അരുണിനെ പിടിച്ച് റിസപ്‌ഷനിലേക്ക് നടന്നു... അവിടെ നിന്ന് അരുണിനെ മുറിവ് ക്ലീൻ ചെയ്യാനും ഡ്രസ്സ്‌ ചെയ്യാനും റൂമിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞതും അമിത് എല്ലാം മിഥുനെ ഏൽപ്പിച്ച് ആര്യയെ അന്വേഷിക്കാൻ പോകാൻ നിന്നു... അവൻ തിരിഞ്ഞതും അരുൺ അവന്റെ കയ്യിൽ പിടിച്ചു.. "അമിത്.. സോറി.. നീയിപ്പോഴും വിശ്വസിച്ചില്ലെന്നറിയാം... സത്യമായിട്ടും ഞാൻ ഒന്നും ചെയ്തില്ല... " "ഹേയ്.. ഇട്സ് ഓക്കേ.. ഞാനാണ് സോറി പറയേണ്ടത്.. എടുത്തു ചാടി നിനക്ക് ഇത്രത്തോളം പരിക്ക് ഉണ്ടാക്കിയതിന്..

എന്റെ ഭാഗത്താണ് വലിയ തെറ്റ്..ഐ ആം സോറി.. " ഒരിക്കലും കേൾക്കാത്ത വാക്കുകൾ അമിതിൽ നിന്ന് കേട്ടതും കിളി പാറിയ അവസ്ഥയിൽ അരുൺ ഷോക്കടിച്ച പോലെ നിന്നു.. താൻ കേൾക്കുന്നതൊക്കെ യാഥാർഥ്യം തന്നെയാണോ അതോ സ്വപ്നമാണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു അവൻ.. "മിഥുൻ ഇവനെ ഡോക്ടറെ കാണിക്ക്.. ഞാൻ ഇപ്പോൾ വരാം.. " മിഥുൻ തലയാട്ടിയതും അമിത് റിസ്പഷനിലേക്ക് തിരിഞ്ഞു.. "ആര്യ ഭദ്ര എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ഇവിടെ അഡ്മിറ്റ്‌ ആക്കിയിട്ടുണ്ടോ.. " റിസപ്‌ഷനിസ്റ്റിനോട് ചോദിച്ചതും അവർ കമ്പ്യൂട്ടറിൽ ചെക്ക് ചെയ്യാൻ തുടങ്ങി . "യെസ്.. ആര്യ ഭദ്ര.. അരമണിക്കൂർ ആയതേ ഉള്ളൂ...റൂം നമ്പർ 123 ൽ ഉണ്ട് " ആര്യ എവിടെ കിടക്കുന്നതെന്ന് അറിഞ്ഞതും അമിത് സന്തോഷത്തോടെ അങ്ങോട്ട് ഓടി... അവന്റെ പോക്ക് കണ്ട് അരുൺ അന്തം വിട്ട് നിന്നു . കീരിയും പാമ്പും പോലെ പട വെട്ടുന്ന അമിത് ശത്രു ആര്യയെ കാണാൻ വന്നെന്ന് അരുണിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല...കിളികൾ മുഴുവൻ അവന്റെ തലക്ക് ചുറ്റും പാറി കളിച്ചു.. വായും പൊളിച്ചു അമിത് പോയ വഴിയേ നോക്കി നിൽക്കുന്ന അരുണിന്റെ മുഖത്തിന് നേരെ മിഥുൻ വിരൽ ഞൊടിച്ചു... "എന്താ ഡാ നോക്കുന്നെ..."

ചുമ്മാ എന്ന് ചുമൽ കുലുക്കി കാണിച്ചു കൊണ്ട് അരുൺ മിഥുനൊപ്പം ഡോക്ടറെ കാണാൻ പോയി.. ************ സ്റ്റെപ്പുകൾ ഓടി കയറി റൂം തപ്പി പിടിച്ച് അമിത് എത്തിയപ്പോൾ റൂമിന് വെളിയിൽ ജിനോ സാർ നിൽക്കുന്നത് അവൻ കണ്ടു... അമിതിനെ കണ്ടതും ആദ്യം അമ്പരന്ന് പിന്നെ ചിരിച്ചു കൊണ്ട് അവനെ നോക്കി... അമിത് വേഗത്തിൽ സാറിന്റെ അടുക്കലേക്ക് നടന്നു.. "സാർ.. ആര്യക്ക്..??" "ഡോണ്ട് വെറി.. ഷീ ഈസ്‌ ഫൈൻ.. ബോധം വന്നിട്ടുണ്ട്.. ഇപ്പോൾ മുറിവ് ഡ്രസ്സ്‌ ചെയ്യുകയാണ്.. " ആര്യ ഓക്കേ ആണെന്ന് കേട്ടതും അമിതിന് ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി... ആശ്വാസത്തോടെ അമിത് ജിനോ സാറെ നോക്കി.. "അമിത്.. എന്തായി അവിടുത്തെ കാര്യങ്ങൾ...? " അവർ പോയതിന് ശേഷം നടന്നതെല്ലാം അമിത് ജിനോ സാറിന് വ്യക്തമായി പറഞ്ഞു കൊടുത്തു... പോലീസ് വന്നതും ഈശ്വറിനെ കൊണ്ട് പോയതും പറഞ്ഞതും ജിനോ സാർ അമർത്തി മൂളി... l മറ്റൊന്നും പറയാതെ കൈകൾ പിന്നിലേക്ക് കൂട്ടി പിണച്ചു കൊണ്ട് ജിനോ സാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. സാറിന്റെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ട് അമിത് മാറി നിന്നു... അവനിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു.. ആര്യ എങ്ങനെയാണ് ഈശ്വറിനെ കുറിച്ച് അറിഞ്ഞതെന്ന് അവന്റെ മനസ്സിൽ കിടന്ന് വീർപ്പു മുട്ടി..

ജിനോ സാറിനോട് ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.. എന്നാൽ ചോദിക്കാനൊരു മടി അവനെ വലയം ചെയ്തു... കാരണം കോളേജിൽ കണ്ട ആ ആളേ അല്ലായിരുന്നു ഇപ്പോൾ ജിനോ സാർ.. ഗൗരവം നിറഞ്ഞ മുഖം... എന്തിനോ വേണ്ടി ടെൻഷൻ അനുഭവിക്കുന്ന പോലെയുള്ള ചലനങ്ങൾ.... ആര്യയെ ഓർത്ത്‌ ജിനോ സാർ വല്ലാതെ ടെൻഷൻ ആവുന്നുണ്ടോ എന്നൊരു സംശയം അമിതിൽ ഉരുത്തിരിഞ്ഞു വന്നു.. പക്ഷേ അത് സംശയം മാത്രം ആയിരിക്കുമെന്ന് അവൻ മനസ്സിൽ വിചാരിച്ചു... പക്ഷേ സാറിന്റെ ചലനങ്ങൾ ഓരോന്നും അത് സത്യമാണെന്ന് ഓരോ നിമിഷവും തെളിയിച്ചു കൊണ്ടിരുന്നു.. ഒന്നിനും വ്യക്തമായ ഉത്തരം ഇല്ലാതെ അമിത് ചിന്താകുഴപ്പത്തിലായി.. അല്പ സമയം കഴിഞ്ഞതും ഒരു നഴ്സ് റൂമിൽ നിന്നും പുറത്തേക്ക് വന്നു.. നഴ്‌സിനെ കണ്ടതും ജിനോ സാർ വേഗത്തിൽ അടുത്തേക്ക് പോകുന്നത് അമിതിന്റെ ശ്രദ്ധയിൽ പെട്ടു... "ആര്യ ഭദ്രയുടെ റിലേറ്റിവ്സ് ആരെങ്കിലും ഉണ്ടോ.. " "യെസ്.. ഉണ്ട്.." "നിങ്ങൾ ആര്യഭദ്രയുടെ ആരാണ്.. " നഴ്സ് ചോദിക്കുന്ന ചോദ്യത്തിന് ജിനോ സാർ എന്ത് ഉത്തരം നൽകുമെന്ന് ആലോചിച് അമിത് കണ്ണും കാതും കൂർപ്പിച്ചു... "ഞാനവളുടെ അങ്കിൾ ആണ്... "

യാതൊരു സങ്കോചവും കൂടാതെ ജിനോ സാർ പറഞ്ഞതും അമിത് അന്തം വിട്ട് നിന്നു... കയ്യിൽ ഒരു ചീട്ട് കൊടുത്ത് ജിനോ സാറിനെ മരുന്ന് വാങ്ങാൻ നഴ്സ് പറഞ്ഞയച്ചതും അമിത് ഒരിടത്തേക്ക് മാറി ഇരുന്നു.. ജിനോ സാർ കോളേജിൽ വെച്ച് ഒരിക്കൽ പോലും ആര്യയോട് പരിജയം കാണിച്ചിട്ടില്ലെന്ന് അവൻ ഓർത്തു.. ഇനിയിപ്പോ ഹോസ്പിറ്റൽ ആയതിനാലും പോലീസ് കേസ് ഒഴിവാക്കാനും സാർ കളിക്കുന്ന കളി ആണോ ഇതെന്നും അമിതിന് സംശയം വന്നു..... ഒരുപാട് ചോദ്യങ്ങൾ സ്വയം ചോദിച്ചും ഉത്തരം കണ്ടെത്തിയും അമിത് സമയം നീക്കുന്നതിനിടയിൽ ആരുടെയോ കര സ്പർശം അവന്റെ ചുമലിൽ അനുഭവപ്പെട്ടു.. മുഖം തിരിച്ചപ്പോൾ ചിരിച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന ജിനോ സാറിനെ അവൻ കണ്ടു.... "അമിത്.. എന്റെ കൂടെ വരൂ... " എന്തൊക്കെയോ സംസാരിക്കാൻ സാറിന് ഉള്ളത് പോലെ അമിതിന് തോന്നി...

എന്താവും എന്ന് ആലോചിച്ചു കൊണ്ട് അമിത് സാറിന്റെ കൂടെ നടന്നു... ഇരുവരും നടന്ന് ആരുമില്ലാത്ത ഒഴിഞ്ഞ മൂലയിൽ ചെന്ന് നിന്നു... അമിതിന് നേരെ തിരിഞ്ഞ് ഇരു കയ്യും കെട്ടി ജിനോ സാർ അവനെ അടിമുടി നോക്കി... ഒരുപാട് സംശയങ്ങൾ അവനിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നും തന്നോട് പലതും ചോദിക്കാൻ ഉണ്ടെന്നും അമിതിന്റെ ഭാവത്തിൽ നിന്നും അയാൾക്ക് മനസ്സിലായി.. മൗനത്തെ ഭേദിച്ചു കൊണ്ട് സംസാരത്തിന് ജിനോ സാർ തന്നെ തുടക്കമിട്ടു. "അമിത്... എനിക്കറിയാം നിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്ന്.....തത്കാലം അതൊക്കെ നമുക്ക് മാറ്റി വെക്കാം.. മറ്റൊരു കാര്യം പറയാനാണ് ഞാൻ നിന്നെ ഇപ്പോൾ വിളിപ്പിച്ചത്..." ജിനോ സാർ ഒന്ന് പറഞ്ഞു നിർത്തിയതും അമിത് സാറിന്റെ വാക്കുകൾക്കായി കാതോർത്തു.. "കോച്ച് ആയി കോളേജിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ തന്നെ എനിക്ക് അമിതിനെ അറിയാം.. നേരിട്ടല്ല.... ആര്യയുടെ അച്ഛൻ പറഞ്ഞ് നിന്റെ ഏകദേശ രൂപം എന്റെ മനസ്സിൽ ഉണ്ടായിരുന്നു...ആ ഒരു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കോളേജിൽ എത്തിയപ്പോൾ അല്ലേ കേട്ടറിവിനേക്കാൾ വലുതാണ് താനെന്ന് എനിക്ക് മനസ്സിലായത്.. എനിവെയ്‌സ്... ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാൻ പോവുകയാണ്.. അമിത് അനുസരിക്കുമെന്ന പ്രതീക്ഷ ഉണ്ട്.... ആര്യ,, അവളൊരു പ്രത്യേക സ്വഭാവക്കാരിയാണ്.. അത്ര പെട്ടന്നൊന്നും നിന്നോടുള്ള വെറുപ്പ് അവളിൽ നിന്ന് മാഞ്ഞു പോവില്ല... ഏതൊരു വെറുപ്പും ദേഷ്യവും അവളിൽ നിന്നില്ലാതെയാവാൻ കാലതാമസം എടുക്കും.. അത്രയും നാൾ നീയവളുടെ മുന്നിൽ ചെല്ലരുത്.. അതവളുടെ ദേഷ്യം വർധിപ്പിക്കുകയെ ചെയ്യൂ.. നീ മറഞ്ഞിരുന്നാൽ പതിയെ അവളുടെ ദേഷ്യവും വാശിയും അടങ്ങിക്കോളും... സോ.. അവളിൽ നിന്ന് കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്യണം.. കഴിവതും അവളുടെ കണ്മുന്നിൽ ചെന്ന് പെടരുത്... ഇതൊരു അപേക്ഷയായി കാണേണ്ടതില്ല... ഇട്സ് മൈ ഓർഡർ.. " അല്പം ഗൗരവത്തിൽ പറഞ്ഞു കൊണ്ട് സാർ വാക്കുകൾ അവസാനിപ്പിച്ചതും സാർ പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലാവാതെ അമിത് ആശയക്കുഴപ്പത്തിലായി..

എന്നാൽ കൂടുതൽ വിശദീകരണം നൽകാതെ ജിനോ സാർ അവിടെ നിന്നും തിരിച്ചു നടന്നു.... തന്റെ മനസ്സിൽ ഉയർന്നു പൊങ്ങുന്ന ചോദ്യങ്ങൾക്ക് ഉത്തരം ജിനോ സാറിന് മാത്രമേ നൽകാൻ കഴിയൂ എന്നുള്ളത് കൊണ്ട് അമിത് സാറിന്റെ പിറകെ ചെന്ന് വഴി തടഞ്ഞു.. "സാർ... ആരാണ് നിങ്ങൾ... എന്താണ് ആര്യയുമായുള്ള ബന്ധം..കോളേജിൽ സ്പോർട്സ് മാസ്റ്റർ ആയി വന്നതിന് പിന്നിൽ എന്തൊക്കെയോ ഉദ്ദേശം ഉണ്ടെന്ന് മനസിലായി... എന്താണത്..?? എല്ലാം എനിക്കറിയണം.. " ജിനോ സാറിന്റെ സംസാര രീതിയും ചലനങ്ങളും കോളേജിൽ നിന്ന് കാണുന്നതിനേക്കാൾ വ്യത്യസ്തമായി അമിതിന് തോന്നി തുടങ്ങിയിരുന്നു. അതിനാൽ തന്നെ സ്പോർട്സ് സാർ എന്നതിലുപരി മറ്റാരോ ആണെന്ന തോന്നൽ അവനിൽ ശക്തമായി തുടങ്ങി.. എല്ലാം ക്ലിയർ ചെയ്യാൻ അവൻ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു... "അറിയണം എന്ന് നിനക്ക് നിർബന്ധം ആണോ " അതിന് മറുപടിയായി അമിത് ഗൗരവത്തിൽ മൂളി.... എല്ലാം പറയാമെന്ന ഭാവത്തിൽ ജിനോ സാർ തല കുലുക്കി... "ഞാൻ ആരാണെന്നെല്ലേ നിനക്കറിയേണ്ടത്... ഓക്കേ.. പറയാം..

നിങ്ങൾ കരുതും പോലെ ഞാനൊരു സ്പോർട്സ് സാർ ഒന്നുമല്ല.. ഒരു പാവം പോലീസുകാരൻ ആണ്.. " ഞെട്ടലോടെ സംശയത്തോടെ അമിത് സാറിൽ നിന്നും കണ്ണെടുക്കാതെ നോക്കി.. "യെസ്.. പോലീസുകാരൻ തന്നെയാണ്.. പക്ഷേ ഇപ്പോൾ സസ്പെൻഷനിൽ ആണ് ട്ടോ... മുഖം നോക്കാതെ നടപടി എടുക്കുന്ന കൂട്ടത്തിൽ ആയത് കൊണ്ട് സസ്പെൻഷനൊന്നും ഒരു കുറവുമില്ല...... പിന്നെ ആര്യയുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ചാൽ... പ്രത്യക്ഷത്തിൽ ഒന്നുമില്ല.. അവളുടെ അമ്മയുമായി ചെറിയ രക്തബന്ധമുണ്ട്.. " ചെറു ചിരിയാലെ ജിനോ സാർ അമിതിനെ നോക്കി... അത് ഉൾകൊള്ളാൻ കഴിയാതെ അമിത് നെറ്റി ചുളിച്ചു.. "നിന്റെ ചിന്ത പോകുന്നത് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി... എന്റെ പേര് കണ്ടിട്ടല്ലെ.. അതൊരു കഥയാണ്.. അന്യ മതത്തിൽ പെട്ട കുട്ടിയെ പ്രണയിച്ചത് കാരണം അവളുമായി കല്യാണം നടത്തി തരില്ലെന്ന് വീട്ടുകാർ ആണയിട്ട് പറഞ്ഞു... അന്ന് വാശി തലക്ക് പിടിച്ചതിനാൽ അങ്ങ് മതം മാറി.. പിന്നെ വീട്ടിൽ കയറ്റിയതുമില്ല...

ആര്യയുടെ മുത്തച്ഛൻ. അതായത് എന്റെ അച്ഛൻ ശിവശങ്കരൻ പിള്ള വലിയ അഭിമാനി ആയിരുന്നു.. മതം മാറിയ മകൻ ആയ ഞാൻ മരിച്ചെന്ന് വിധിച്ചു . അതോടെ കുടുംബവുമായുള്ള കോൺടാക്ട് എല്ലാം നിലച്ചു.. ആകെ ഉണ്ടായിരുന്നത് ആര്യയുടെ അമ്മ,,, എന്റെ ചേച്ചിയുമായി മാത്രം ആയിരുന്നു.. അതും അച്ഛൻ അറിയാതെ... നാട്ടിൽ നിൽക്കാതെ ആയപ്പോൾ നേരെ പഞ്ചാബിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയി...ചേച്ചിയുടെ മരണ ശേഷം വല്ലപ്പോഴും നാട്ടിലേക്കുള്ള വരവും നിന്നു . പിന്നെ ഇപ്പോൾ വന്നത് സസ്പെൻഷൻ ആയത് കൊണ്ട് മാത്രം അല്ല.... ചിലതൊക്കെ കണ്ട് പിടിക്കാൻ ആയിരുന്നു... " അത്രയും പറഞ്ഞു കൊണ്ട് ജിനോ സാർ അമിതിനെ നോക്കി... കേട്ടതൊന്നും ഉൾകൊള്ളാൻ കഴിയാതെ ആലോചനയിൽ ആയിരുന്നു അമിത്.. അവനെ നോക്കാതെ സാർ തുടർന്നു.. "ആര്യക്ക് നേരെ ഉണ്ടായ അക്രമം അവളുടെ അച്ഛൻ എന്നെ വിളിച്ചറിയിച്ചിരുന്നു.. അളിയന്റെ നിർബന്ധം മൂലമാണ് ഞാൻ നാട്ടിൽ എത്തിയത്.

അവളെ ഇരുട്ടടി അടിച്ചവരിൽ ഒരാളെ അവൾ കോളേജിൽ വെച്ച് കണ്ടെന്നു പറഞ്ഞപ്പോൾ കാര്യം ഗൗരവം ഉള്ളതാണെന്ന് എനിക്ക് തോന്നി.. അത് കൊണ്ട് അതന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. മുകളിൽ ഉള്ളവരുടെ സ്വാധീനം ഉപയോഗിച്ച് കോളേജിൽ സ്പോർട്സ് സാർ ആയി കയറി പറ്റാൻ എനിക്ക് സാധിച്ചു.. ആർക്കും ഒരു സംശയവും തോന്നിയില്ല.. നിങ്ങളുടെ പ്രിൻസി വരെ ഒന്നും അറിഞ്ഞിരുന്നില്ല.. എല്ലാം വെൽ പ്ലാൻഡ് ആയിരുന്നു... സ്പോർട്സ് പരിശീലത്തിനിടെ നിന്റെ ടീമിലെ ബ്രില്ല്യന്റ് ആയ മൂന്നാല് പേരെ ഞാൻ നോക്കി വെച്ചു .. അവരോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു.. എന്തിനും ഒപ്പം നിൽക്കാമെന്നും ആരും അറിയില്ല എന്നും അവർ വാക്ക് തന്നപ്പോൾ പിന്നെ എല്ലാം എളുപ്പമായി.. അവർ മുഖേനയാണ് ഞാൻ അന്വേഷണം ആരംഭിച്ചത്.. ആദ്യം തന്നെ ആര്യ കണ്ടെന്നു പറഞ്ഞവനെ ഞങ്ങൾ നിരീക്ഷിച്ചു.. പലതിനും എനിക്ക് പരിധി ഉണ്ടായതിനാൽ എന്റെ പിള്ളേർ ആ ജോലി ഏറ്റെടുത്തു.. അവനെ കൂടുതലായി അവർ നിരീക്ഷിച്ചു... അന്വേഷണം ഒടുവിൽ ചെന്നെത്തിയത് ഈശ്വറിൽ ആയിരുന്നു..

. അവനും ഈശ്വറും തമ്മിൽ ആരും കാണാതെ ഉള്ള സംസാരവും മറ്റും അവരുടെ ശ്രദ്ധയിൽ പെട്ടു... പിന്നെ ഈശ്വറിനെ ചുറ്റി പറ്റിയായി അന്വേഷണം... അതിൽ അവൻ ചെയ്ത എല്ലാ കൊള്ളരുതായ്മയും കണ്ടു പിടിക്കുക തന്നെ ചെയ്തു.. ലാസ്റ്റ് നിന്നെയും അനിയേയും അവൻ റൂമിൽ ലോക്ക് ചെയ്തത് വരെ.. " കാര്യങ്ങളുടെ കിടപ്പ് അങ്ങനെ ആണെന്ന് മനസ്സിലായ അമിത് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് സാറിനെ നോക്കി... സാർ വീണ്ടും തുടർന്നു.. " ഈശ്വർ നിന്നെ മുതലെടുത്തു അനിയെ നാറ്റിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ആര്യക്കു നിന്നോട് ദേഷ്യം,,,പിന്നെ അനിയുടെ ദേഹത്ത് കൈ വെച്ചത് കൊണ്ടും.. അനിയെ വേദനിപ്പിച്ചത്, അത് ആരായാലും ആര്യ ഇങ്ങനൊക്കെയോ പ്രതികരിക്കൂ... ..സൊ അവളുടെ മുന്നിൽ നിന്ന് നീ മാറി നിന്നേ പറ്റൂ... പിന്നെ,, ഈശ്വറിന്റെ ഡ്രഗ് ഡീലിനെ പറ്റി ആര്യക്ക് ഒന്നും അറിയില്ല,,,അതൊന്നും അവളെ അറിയിക്കാനും പോവേണ്ട...ആ കാര്യം കോളേജിൽ ആരും അറിയാതിരിക്കുകയാണ് നല്ലത്.. പറഞ്ഞത് മനസ്സിലാവുന്നുണ്ടോ അമിത് "

"ഉണ്ട് സാർ.. സാർ പറഞ്ഞത് പോലെ ഇനി അവളുടെ മുന്നിൽ പെടാതിരിക്കാൻ ഞാൻ നോക്കിക്കോളാം...അവളുടെ ദേഷ്യം കുറയട്ടെ " പുഞ്ചിരിയോടെ അമിത് പറഞ്ഞതും ജിനോ സാർ ചിരിച്ചു കൊണ്ട് അവന്റെ ചുമലിൽ തട്ടി.. ഇരുവരും ആര്യ കിടക്കുന്ന റൂമിലേക്ക് ചെന്നു.. ആര്യയുടെ മുറിവെല്ലാം ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.. ജിനോ സാർ റൂമിലേക്ക് കയറി പോയതും അവളെ വാതിലിനപ്പുറം ഒന്ന് നോക്കി കണ്ട് അമിത് തിരിഞ്ഞു നടന്നു... ജിനോ സാർ പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലിട്ട് സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടയിൽ അക്ഷിതും അനിയും വരുന്നതവൻ കണ്ടു... അനിയുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിരിക്കുന്നത് കണ്ടതും അമിത് അക്ഷിതിനെ നോക്കി... അനി ആരെയും നോക്കാതെ വേഗത്തിൽ ആര്യ കിടക്കുന്ന റൂമിലേക്ക് ഓടി പോയി.. "ഏട്ടാ.. ഏട്ടനും ചെല്ല്.. ഞാൻ പുറത്ത് കാത്ത് നിൽക്കാം... " അക്ഷിത് തലയാട്ടി കൊണ്ട് സ്റ്റെപ്പ് കയറാൻ തുടങ്ങി .. ആര്യക്ക് പരിക്ക് പറ്റിയെന്ന് അറിഞ്ഞത് മുതൽ അനി ഒരേ ഒരു കരച്ചിൽ ആയിരുന്നു . താൻ കാരണമാണ് ആര്യ അടി ഉണ്ടാക്കിയെതെന്നാണ് അവൾ വിചാരിച്ചു വെച്ചത്.. കരഞ്ഞു വീർത്ത മുഖവുമായി അനി ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കയറി... ആ സമയം അവിടുത്തെ കാഴ്ച കണ്ട് അനി അന്തം വിട്ട് നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story