ആത്മരാഗം💖 : ഭാഗം 76

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അനീ.. ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ " അനിയിൽ നിന്നൊരു മറുപടിയും കേൾക്കാത്തത് കൊണ്ട് തന്നെ ആര്യ അവളുടെ മുന്നിൽ തടസ്സമായി നിന്ന് ചോദ്യം ആവർത്തിച്ചു.. ആദ്യമൊരു പതർച്ച അനിയുടെ മുഖത്ത് വന്നെങ്കിലും വിദഗ്ദ്ധമായി അത് മറച്ചു കൊണ്ടവൾ വീണ്ടും ചിരിച്ചു . "എന്ത് പറയാൻ . അവരിന്ന് പോകുവല്ലേ.. ഇനിയെന്ന് കാണാൻ ആണ്... അതും പറഞ്ഞെന്നെ കരയിച്ചു... അവർ പോകുന്നതിൽ എനിക്കൊരുപാട് വിഷമം ഉണ്ടായിരുന്നു.. എന്നാലതൊക്കെ ഇപ്പോൾ മാറി... " സന്തോഷത്തോടെ അനി പറഞ്ഞതും സംശയത്തോടെ ആര്യ അവളെ നോക്കി... "അതെന്താ...പെട്ടന്ന് സങ്കടം പോയി സന്തോഷം വന്നത്.. അതിന് മാത്രം അവനെന്താ പറഞ്ഞേ " വീണ്ടുമാ ചോദ്യം കറങ്ങി തിരിഞ്ഞ് അനിയിൽ വന്ന് നിന്നു... യാതൊരു സങ്കോചവും കൂടാതെ നിറഞ്ഞ ചിരിയോടെ സന്തോഷത്തോടെ അവൾ, തന്നെ നോക്കി നിൽക്കുന്ന ആര്യയിൽ നോട്ടമെറിഞ്ഞു.. "സന്തോഷം മറ്റൊന്നിനുമല്ല വാവീ.. എനിക്ക് രണ്ട് ഏട്ടന്മാരെയാ കിട്ടിയത്.. ഇതിലും വലിയ സന്തോഷമിനി എനിക്ക് ലഭിക്കാനുണ്ടോ...."

മിഴികളിൽ അൽപ്പം കണ്ണുനീർ പടർത്തി കൊണ്ടവൾ പറഞ്ഞതും അതൊട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ ആര്യ ഒന്ന് മൂളി... അമിതിനെയും അക്ഷിതിനെയും അവൾ ഏട്ടന്മാരുടെ സ്ഥാനത്ത് കാണുന്നുവെന്നത് എന്തോ അവൾക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. കാരണം.. തങ്ങളുടെ കുട്ടേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും അവൾക്കാവുമായിരുന്നില്ല... അനിയുടെ സന്തോഷത്തിൽ ആദ്യമായി ആര്യക്ക് നീരസം അനുഭവപ്പെട്ടു.. മാത്രമല്ല.. അവളെന്തൊക്കെയോ തന്നിൽ നിന്നും മറച്ചു വെക്കുന്നത് പോലെയും അവൾക്ക് തോന്നി... കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ആര്യ തന്റെ വീട്ടിലേക്ക് നടന്നു... ************ ആര്യയോട് മനസ്സ് തുറന്ന് സംസാരിച്ചത് കൊണ്ടും സോറി പറഞ്ഞത് കൊണ്ടും അമിത് തീർത്തും സന്തോഷവാൻ ആയിരുന്നു.. കൂടെ അനിയുടെ വിടർന്ന മുഖവും അവനെ കുളിരണിയിപ്പിച്ചു... കലാലയ ജീവിതം അവസാനിച്ചതിൽ സങ്കടം ഉണ്ടെങ്കിലും അതെല്ലാം സന്തോഷത്തിന് വഴി മാറാൻ ആ ഒരൊറ്റ കാരണം മതിയായിരുന്നു .

കോളേജ് കഴിഞ്ഞ് വന്ന അമിതിന് പിറകെ തന്നെയായിരുന്നു അക്ഷരകുട്ടി... താൻ രാവിലെ പറഞ്ഞ കാര്യം അവൾ മറന്നിട്ടില്ലെന്നവന് ബോധ്യമായി.. അതിനാൽ തന്നെ അവളെ വട്ട് പിടിപ്പിക്കലായിരുന്നു അവന്റെ ജോലി... രാത്രി കിടക്കാൻ നേരമായിരുന്നു മഹിയുടെ ഫോൺ കാൾ അമിതിനെ തേടി എത്തിയത്.. പതിവില്ലാത്ത നേരം ആയത് കൊണ്ടും ഇന്ന് കോളേജിൽ വെച്ച് കണ്ട് പിരിഞ്ഞു പോയതിനാലും ഇപ്പോഴൊരു ഫോൺ കാൾ എന്തിനെന്ന ചിന്തയോടെ അമിത് ഫോൺ എടുത്തു... അമിതിന്റെ മുഖത്തെ ഭാവ മാറ്റം കണ്ട് അക്ഷിതും അടുത്ത് വന്നിരുന്നു.... ഏട്ടനെ നോക്കി കൊണ്ടവൻ കാൾ അറ്റൻഡ് ചെയ്തു.. "മഹീ... എന്ത് പറ്റി.. എന്തെങ്കിലും പ്രോബ്ലം " അൽപ്പം ടെൻഷനോടെ അമിത് ചോദിച്ചതും മറുതലക്കെ നിന്ന് മഹി പറഞ്ഞ വാക്കുകൾ കേട്ട് അവന്റെ മുഖം വിടർന്നു... "ആഹാ... കൺഗ്രാജ്സ്.. എങ്ങനെ ഒപ്പിച്ചു.. " ചിരിച്ച മുഖവുമായി അമിത് സംസാരത്തിൽ ഏർപ്പെട്ടു.. അൽപ്പ സമയം കഴിഞ്ഞ് ഫോൺ വെച്ചതും ചിരിച്ചു കൊണ്ടവൻ അക്ഷിതിനെ നോക്കി. എന്താ മഹി പറഞ്ഞേ എന്ന് ചോദിച്ചു കൊണ്ട് അക്ഷിത് അവനെ നോക്കി.. "ഏട്ടാ... മഹിയുടെയും ലീനയുടെയും മിന്നുകെട്ട് ഉറപ്പിച്ചെന്ന്.... ഡേറ്റ് വരെ ഫിക്സ് ചെയ്‌തെന്ന്.. "

"ആഹാ.....ഇത്ര പെട്ടെന്നോ...." "വീട്ടുകാർ ഉറപ്പിച്ചു കഴിഞ്ഞാണെത്രെ ഇവരോട് രണ്ടു പേരോടും പറയുന്നത്.. എന്തായാലും ഇന്ന് ആരോടൊക്കെ യാത്ര പറഞ്ഞിറങ്ങി അവരെയൊക്കെ അവന്റെ മിന്നു കെട്ടിന് കാണാമല്ലോ... " അതും പറഞ്ഞൊരു കള്ള ചിരിയോടെ അമിത് അക്ഷിതിനെ നോക്കിയതും അക്ഷിത് അർത്ഥം വെച്ച് കൊണ്ടൊരു ചിരി അവനും സമ്മാനിച്ചു................. കൃത്യം ഒരു മാസം കഴിഞ്ഞതും മഹിയുടെയും ലീനയുടെയും മിന്നു കെട്ട് ദിനം വന്നെത്തി... ഇരുവരും ഒരേ കോളേജിൽ ആയതിനാൽ തന്നെ ടീച്ചേഴ്‌സും എല്ലാ സഹപാഠികളും ഉണ്ടായിരുന്നു .. മിന്നുകെട്ട് പള്ളിയിൽ ആയിരുന്നു... മഹിയുടെയും ലീനയുടെയും അടുത്ത ഫ്രണ്ട്സ് മാത്രമേ പള്ളിയിൽ എത്തിയിരുന്നുള്ളൂ... ആര്യയും അനിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു..മഹിയുടെ കൂടെ അമിതും അക്ഷിതും ഉള്ളത് കണ്ടതും അനി വേഗം അവരുടെ അടുത്തേക്കോടി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.. ആര്യ അമിതിന്റെ മുഖത്തേക്ക് പോലും നോക്കിയില്ല... ആര്യ സംസാരിക്കാത്തതിൽ അമിതിന് നിരാശയുണ്ടെന്ന് മനസ്സിലാക്കിയ അനി അവനോട് ചേർന്ന് നിന്നു..

"അത് വിട്ടേക്ക്.. ആ ഭദ്രകാളിയെ മെരുക്കാൻ അത്ര പെട്ടന്നൊന്നും സാധിക്കില്ല .. ഭയങ്കര വാശിക്കാരിയാ...." കണ്ണിറുക്കി കൊണ്ട് അനി പറഞ്ഞതും അമിത് അവളെ നോക്കി തലയാട്ടി ചിരിച്ചു..... മിന്നുകെട്ടും റിസപ്‌ഷനും കഴിയുന്നത് വരെ പല തവണ അനി അമിതിന്റെയും അക്ഷിതിന്റെയും അടുത്തേക്ക് പോകുന്നതും അത്രയും അടുപ്പം ഉള്ളവരോട് സംസാരിക്കുന്നത് പോലെ കളിച്ചു ചിരിച്ചു സംസാരിക്കുന്നതും തമാശ പറയുന്നതും ആര്യ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. തിരിച്ച് വീട്ടിലേക്ക് പോകും വഴി അക്കാര്യം ചോദിക്കണം എന്നുണ്ടെങ്കിലും ആര്യ ഒന്നും മിണ്ടാൻ പോയില്ല... ഏട്ടന്മാരെ കിട്ടിയ സന്തോഷമായിരിക്കുമെന്ന് കരുതി അതിനിയും അവളുടെ നാവിൽ നിന്ന് കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ ചോദിക്കേണ്ടെന്ന് വിചാരിച്ചു..... അന്നും അനി വളരെ സന്തോഷവതിയായി കാണപ്പെട്ടു... ************

ദിവസങ്ങൾ വീണ്ടും പെട്ടന്ന് കടന്ന് പോയി.... ഡിഗ്രി സെക്കന്റ് ഇയറിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് അനിയും ആര്യയും.. സൂപ്പർ സീനിയേഴ്സ് വിട പറഞ്ഞതിനാൽ തന്നെ ആദ്യ നാളുകളിൽ അനിയുടെ ഉന്മേഷം പാടെ കുറഞ്ഞിരുന്നു ... പിന്നെ പിന്നെ അവൾ പഴയ പോലെ എല്ലാവരോടും കൂട്ട് കൂടി.. ഫസ്റ്റ് ഇയറിൽ പറഞ്ഞത് പോലെ അവരുടെ ക്ലാസ്സ്‌ ഒരു ബാൻഡ് ഗ്രൂപ്പ്‌ സംഘടിപ്പിച്ചു.. അതിന്റെ പിറകെ ആയതിനാൽ തന്നെ ഇലക്ഷൻ വന്ന സമയം ചെയർപേഴ്‌സൺ ആവാൻ അനി തയ്യാറായില്ല... ആര്യയുടെ സ്വഭാവത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു.. അമിത് പോയതിൽ പിന്നെ അവൾക്ക് ശത്രുത വെച്ച് പുലർത്താൻ ആരും ഇല്ലാത്തത് കാരണം അവളാകെ മാറി... എല്ലാവരോടും അടുത്തിടപഴകാൻ തുടങ്ങി.. മാത്രമല്ല കോളേജിലെ ബെസ്റ്റ് ബാസ്‌ക്കറ്റ് ബാൾ പ്ലെയറും ആര്യ ആയിരുന്നു... പെൺകുട്ടികൾക്ക് മാത്രമായുള്ള മാർഷൽ ആർട്സ് ഉം ആ കൊല്ലം അവരുടെ കോളേജിൽ നടപ്പാക്കി..... കാര്യമായൊന്നും സംഭവിക്കാനില്ലാതെ ആ കൊല്ലവും അവർക്കിടയിൽ നിന്നും മാഞ്ഞു പോയി..........

"എത്ര പെട്ടന്നാ അല്ലേ വാവീ ഈ ഒരു കൊല്ലം കഴിഞ്ഞു പോയത്...ഇനി നമ്മൾ സീനിയേഴ്സ് അല്ലേ... ഹോ.. എനിക്ക് വയ്യ.. " അവസാന എക്സാമും കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കും വഴി അനി പറഞ്ഞു... ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞു പോയത് ആലോചിച്ചു നടക്കുവായിരുന്നു ആര്യയും... "ഈ കൊല്ലവും ഒന്ന് പെട്ടന്ന് കഴിഞ്ഞാൽ മതിയായിരുന്നു " അനി അത് പറഞ്ഞതും ആര്യ ചിരിച്ചു കൊണ്ട് അവളെ നോക്കി മൂളി.. ജാള്യത മറച്ചു വെച്ച് കൊണ്ടവൾ അവളിൽ നിന്ന് മുഖം തിരിച്ചു.... ഈ കൊല്ലം കഴിഞ്ഞാൽ അനിയും അനിൽ സാറും തമ്മിലുള്ള കല്യാണമാണ്..... മഹിയുമായുള്ള കെട്ട് കഴിഞ്ഞ് ലീന വീണ്ടും പഠിക്കാൻ വന്നിരുന്നു... എന്നാൽ കൊല്ലം കഴിയും മുന്നേ ലീന പ്രെഗ്നന്റ് ആയി... അതിനാൽ തന്നെ നമ്മുടെ കല്യാണമൊക്കെ പഠിത്തം കഴിഞ്ഞു മതിയെന്ന് അനിൽ സാർ അവളോട് തീർത്തു പറഞ്ഞിരുന്നു... ലീനയെ കാണുമ്പോൾ എല്ലാം അവൾ അനിൽ സാറിനെ നോക്കി കണ്ണുരുട്ടൽ പതിവാക്കിയിരുന്നു... ആ സമയം അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു കൊണ്ട് അനിൽ സാർ മുഖം തിരിക്കും...

സാറിന്റെ ഒറ്റ വാക്കിലാണ് കല്യാണം നീണ്ടു പോയതെന്ന് പറഞ്ഞ് ഇടയ്ക്കിടെ അനി വഴക്കുണ്ടാക്കും.. അന്നത്തെ വിശേഷങ്ങൾ സംസാരിച്ചു കൊണ്ട് ആര്യയും അനിയും വീട്ടിലേക്ക് നടക്കവേ വീട്ടു മുറ്റത്തെ കാർ കണ്ട് ഇരുവരും പരസ്പരം നോക്കി... "ദൈവമേ ആ കുരിശിനെ കെട്ടിയെടുത്തോ.. " മാമന്റെ കാർ ആയതിനാൽ ശിവ വന്നെന്ന് അനി ഉറപ്പിച്ചു.. അവളെ കാണാൻ ആര്യയും അനിയോടൊപ്പം വീട്ടിലേക്ക് നടന്നു.. മുറ്റത്തു നിന്നും കയറിയതും പരന്ന ചിരിയുമായി ശിവ വാതിൽക്കൽ തടസ്സമായി നിന്നു.. "ചേച്ചീ... ഞാൻ വന്നൂ... " "അയ്യോടാ.. ആരോട് ചോദിച്ചിട്ട്... " "എന്റെ വീട്ടിലേക്ക് വരാൻ ആരോടും ചോദിക്കേണ്ടല്ലോ.. " "ഓഹോ.. എന്താണ് മഹതിയുടെ ആഗമനോദ്ദേശം.. പെട്ടെന്നെങ്ങാൻ പോകുമോ " അതിന് മറുപടിയായി ശിവ പൊട്ടിച്ചിരിച്ചു.. "വന്ന് കയറിയില്ല.. അപ്പോഴേക്ക് എന്നെ ആട്ടിവിടാൻ ചേച്ചിക്ക് തിടുക്കമായല്ലേ... എന്നാൽ കേട്ടോ.. ഇനി ഞാൻ പോകുന്നില്ല... " "വാട്ട്‌... " ശബ്ദം ഉയർത്തി കൊണ്ട് അനി ചോദിച്ചതും ശിവ വീണ്ടും ചിരിച്ചു.. അനി വന്നുവെന്ന് മനസ്സിലാക്കിയ അമ്മയും അച്ഛനും മാമനും പുറത്തേക്ക് വന്നു.. "അച്ഛാ... ശിവ പോകുന്നില്ലേ ഇനി..." "അവളുടെ പഠിപ്പ് കഴിഞ്ഞില്ലേ.. ഇനി ഡിഗ്രിക്ക് നിന്റെ കോളേജിൽ ആണ് ചേരുന്നതെന്ന്.. "

കുരിശിനെ അവിടെയും സഹിക്കണോ എന്നർത്ഥത്തിൽ അനി ശിവയെ നോക്കിയതും സഹിച്ചേ പറ്റൂ എന്ന അർത്ഥത്തിൽ ശിവ അവളെ തിരിച്ചും നോക്കി...ശിവ ഇനി തിരിച്ചു പോവില്ലെന്നും എന്നും ഇവിടെ ഉണ്ടാവുമെന്നും അറിഞ്ഞ് അമ്മയും അച്ഛനും നേരത്തെ നെഞ്ച് തടവൽ തുടങ്ങിയിരുന്നു.. വലിയ കുട്ടികൾ ആയില്ലേ ഇനി അവർ വഴക്ക് കൂടില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് മാമൻ സ്ഥലം വിട്ടു..... ശിവയെ വേറെ ഏതെങ്കിലും കോളേജിൽ ആക്കണമെന്ന് അനി ശാട്യം പിടിച്ചെങ്കിലും ചേച്ചി പഠിക്കുന്ന കോളേജ് മതിയെന്ന് ശിവയും വാശി പിടിച്ചു.. അങ്ങനെ നീണ്ട വാക്ക് പോരാട്ടങ്ങൾക്കൊടുവിൽ ശിവ അനിയുടെ കോളേജിൽ തന്നെ ചേർന്നു...... അനിയും ആര്യയും സീനിയേഴ്സ് ആയി അവരുടെ അവസാന വർഷം അടിച്ചു പൊളിച്ചു.... കോളേജിൽ ഒതുങ്ങിയ ആര്യക്ക് പകരം ജൂനിയർ ആര്യയുടെ പിറവി പോലെ ആയിരുന്നു ശിവയുടെ വരവ്.. മോഡേൺ സുന്ദരി ആയ ശിവയെ ഒന്ന് നോക്കാത്തവർ കുറവായിരുന്നു കോളേജിൽ... ഒലിപ്പീര് ഒട്ടും ഇഷ്ടമില്ലാത്ത അവൾ തന്റെ പിറകെ വരുന്നവർക്ക് മൂക്കിനിട്ട് കൊടുക്കാനും മറന്നില്ല... അവൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടക്കുന്ന തിരക്കിൽ ആയിരുന്നു അനി..

ആര്യയുടെ സഹോദരി ആണ് ശിവ എന്ന് അറിഞ്ഞതും ഒലിപ്പീരുമായ് ആരും അവളുടെ പിറകെ പോകാൻ കൂട്ടാക്കിയില്ല... ആൺ വർഗത്തിനൊരു പേടി സ്വപ്നം പോലെ ശിവ കോളേജിൽ വിലസി.... ************* ആര്യ തന്റെ സ്വഭാവം ആകെ മാറ്റിയെങ്കിലും രാത്രി കാലങ്ങളിലുള്ള തന്റെ റൈഡ് മാത്രം ഒഴിവാക്കിയില്ല... അനിൽ സാറുമായി കൊഞ്ചുന്ന തിരക്കിൽ ആയതിനാൽ തന്നെ ആര്യ തനിച്ചായിരുന്നു പോയി കൊണ്ടിരുന്നത്.... പതിവ് പോലെ ആര്യ പോകാനായി റെഡി ആയി മെല്ലെ ഇറങ്ങിയതും മുറ്റത്തെത്തിയപ്പോൾ ആരുടെയോ അനക്കം അവൾ കണ്ടു... അനിയുടെ വീട്ടിൽ നിന്ന് ആയതിനാൽ തന്നെ കാത് കൂർപ്പിച്ചവൾ മതിൽ ചാടി. ഉടനെ ഒരു അലർച്ച ഉയരാൻ തുടങ്ങിയതും അവൾ വേഗം വായ പൊത്തി... ബാത്‌റൂമിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയ ശിവ ആയിരുന്നു അത്.. ആര്യ പെട്ടന്ന് മതിൽ ചാടിയപ്പോൾ അവൾ പേടിച്ചു പോയതാണ്. പോരാത്തതിന് അമ്മാതിരി വേഷവും... അവളുടെ വായ പെട്ടന്ന് പൊത്തിയ കാരണം ആരും ഒന്നും കേട്ടില്ല....

ആര്യ ആണെന്ന് തിരിച്ചറിഞ്ഞ ശിവ അന്നാണ് ആര്യയുടെ നൈറ്റ്‌ റൈഡിനെ കുറിച്ച് അറിയുന്നത്... അനിയും ഉണ്ടാവാറുണ്ടെന്ന് അറിഞ്ഞതും ശിവക്കും കൊതിയായി... "വാവി ചേച്ചീ.. പ്ലീസ്.. ഞാൻ കൂടെ.. " "ഏയ്.. വേണ്ട... വേഗം അകത്തേക്ക് കയറി പോ.." ആര്യ ശാസിച്ചെങ്കിലും ശിവ വഴങ്ങിയില്ല.. അവളും കൂടെ വരുമെന്ന് പറഞ്ഞ് ചിണുങ്ങി കൊണ്ടിരുന്നു... ഒടുവിൽ കരഞ്ഞ് അലമ്പാക്കുമെന്ന് തോന്നിയതും ആര്യ അവളെയും കൂടെ കൂട്ടി.... ബൈക്കിൽ രാത്രി ഇങ്ങനെയൊരു റൈഡ് ശിവക്ക് പുതിയ അനുഭവം ആയിരുന്നു... വഴിയിലുടനീളം അവൾ കൂക്കി വിളിച്ചും ബൈക്കിൽ നിന്നെണീറ്റ് നിന്ന് കൈകൾ വായുവിൽ ഉയർത്തി ഉറക്കെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്ത് കൊണ്ടിരുന്നു.. അവളെ അടക്കി നിർത്താൻ ആര്യ കുറച്ച് പാട് പെട്ടു....

കുന്നിൻ ചെരുവിൽ എത്തിയതും ഒരോട്ടമായിരുന്നു ശിവ മുകളിലേക്ക്... അവൾ ഒരുപാട് എൻജോയ് ചെയ്‌തെന്ന് ആര്യക്ക് മനസ്സിലായി.. പക്ഷേ കുന്നിൻ ചെരിവിൽ നിന്നും കൂവി വിളിക്കുന്ന ശിവയെ ആര്യ വാ പൊത്തി പിടിച്ച് വഴക്ക് പറഞ്ഞ് ഒരു ഭാഗത്ത് ഇരുത്തി...... അൽപ നേരം കഴിഞ്ഞ് ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ആര്യ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കൂർക്കം വലിച്ചുറങ്ങുന്ന ശിവയെ ആണ്... അവിടുത്തെ സുഖമുള്ള കാറ്റിൽ മയങ്ങിയതാണ് അവൾ... അവളെ വലിച്ച് എഴുന്നേൽപ്പിച്ച് തിരികെ പോരുമ്പോൾ ഇനി അവളെ കൂടെ കൊണ്ട് വരില്ലെന്ന് ആര്യ ഉറപ്പിച്ചിരുന്നു....... വീട്ടിൽ എത്തിയ അവർ അകത്തേക്ക് കയറി പോയതും മതിലിനോട് ചേർന്നൊരു ബൈക്ക് വന്നു നിന്നു....ഇത്രയും നേരം തങ്ങളെ വീക്ഷിച്ച് അപരിചിതൻ തങ്ങൾക്ക് തൊട്ട് പിറകിൽ ഉണ്ടായിരുന്നു എന്ന് ശിവയും അറിഞ്ഞില്ല ആര്യയും അറിഞ്ഞിരുന്നില്ല..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story