ആത്മരാഗം💖 : ഭാഗം 77

athmaragam thanseeh

രചന: തൻസീഹ് വയനാട്

ശിവയെ വീട്ടിലാക്കി ആര്യ പതുങ്ങി പതുങ്ങി തന്റെ വീട്ടിലേക്ക് കയറി.. മുൻ വാതിൽ തുറന്ന് കയറാൻ നിന്നതും എന്തോ ഓർത്തെന്ന പോലെ പിന്തിരിഞ്ഞു നോക്കി.. ഇരുളിനെ ഭേദിച്ചു കൊണ്ട് മാനത്ത് വെള്ള കീറാൻ ഒരുങ്ങുന്നതിന്റെ ഫലമായി പ്രകൃതി ശാന്ത മനോഭാവം കൈവിടുന്നത് നോക്കി ദീർഘ നിശ്വാസത്തോടെ അവൾ ചുറ്റിലും കണ്ണോടിച്ചു... താനല്ലാതെ ഈ യാമത്തിൽ ആരും തന്നെ പുറത്തില്ലെന്ന ആശ്വാസത്തിലവൾ അകത്തേക്ക് കയറി വാതിലടച്ചു... റൂമിലേക്ക് കയറിയ അവൾ ലൈറ്റിട്ട് ക്ലോക്കിലേക്ക് നോക്കി.. സമയം നാല് മണിയോടടുത്തിരിക്കുന്നു... ശിവ കുന്നിൻ മുകളിൽ ഉറക്കം പിടിച്ചിരുന്നതിനാൽ ആണ് ഇത്രയും വൈകിയതെന്ന് അവൾ ഓർത്തു.. ഇനിയൊരിക്കലും അവളെ കൊണ്ട് പോവില്ലെന്ന് നെടുവീർപ്പോടെ അവൾ ഉറപ്പിച്ചു..... പതിവ് തെറ്റിക്കാതെ തോർത്തെടുത്തവൾ ബാത്‌റൂമിലേക്ക് കയറി.. ഇനിയൊരു കുളി കഴിഞ്ഞേ അവൾ കിടക്കൂ.. ആര്യയുടെ റൂമിൽ വെളിച്ചം തെളിഞ്ഞതും മതിലിനപ്പുറത്ത് ബൈക്കിൽ ഇരുന്നയാ അപരിചിതൻ പതിഞ്ഞ കാൽവെപ്പോടെ മതിലിനടുത്തേക്ക് നടന്നു...

ചുറ്റിലും വീക്ഷിച്ചു കൊണ്ട് കല്ലിൽ ചവിട്ടി കയറി അയാൾ മതിൽ എടുത്തു ചാടി... മെല്ലെ ആര്യയുടെ റൂമിന്റെ ജനാലയുടെ അരികിൽ ചെന്നു നിന്നു... എന്നത്തേയും പോലെ ചാരി വെച്ച ജനൽ അയാൾ മെല്ലെ തുറന്നു .... ഈ സമയം ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദ താളത്തോടൊപ്പം ഒരു സംഗീതം ആ റൂമിൽ നിന്നും ഉയർന്നു വന്നതും ചുണ്ടിലൊരു ചിരിയോടെ അയാൾ ചുമർ ചാരി നിന്ന് പതിയെ കണ്ണടച്ചു.... ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ആര്യ ബെഡിൽ കിടക്കുന്ന ഫോൺ എടുത്തതും ആ സംഗീതം നിലച്ചു.... ഫോൺ നെഞ്ചോടു ചേർത്തവൾ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.. രണ്ടു വർഷം മുൻപ് ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും വന്ന് തുടങ്ങിയ തന്റെ ആത്മാവിനെ പിടിച്ചു കുലുക്കിയ ആ സംഗീതം അവളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാവാൻ താമസം വന്നില്ല.. ആ ഓഡിയോ മെസ്സേജ് ന്റെ ഉത്ഭവം എവിടെ നിന്നെന്ന് അവൾ അന്വേഷിക്കാഞ്ഞിട്ടല്ല... മനം കവരുന്ന ആ ശബ്ദം അവളുടെ ഹൃദയത്തിൽ കയറി കൂടിയപ്പോഴും ആ ശബ്ദത്തിന്റെ ഉടമ അമിത് ആണെന്ന് അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല..

ഇത്രയേറെ അവനെ വെറുക്കുന്നുവോ അതിനേക്കാൾ ഏറെ താൻ അവന്റെ മധുരമേറും ശബ്ദത്തെ പ്രണയിക്കുന്നുണ്ടെന്ന സത്യം വൈകിയാണവൾ മനസ്സിലാക്കിയത്... കോളേജിൽ വെച്ച് പലതവണ തന്നെ മാത്രം വീക്ഷിക്കുന്ന ആ കണ്ണുകൾ അവൾ കണ്ടിട്ടുണ്ട് . താൻ നോക്കുമ്പോൾ നോട്ടം തെറ്റിക്കുന്ന ആ മുഖം അവൾ മനസ്സിൽ ഓർത്തു.... അവന്റെ ശബ്ദത്തോടുള്ള പ്രണയം ഹൃദയത്തെ അടിമപ്പെടുത്തിയതിനാൽ തന്നെ അമിതിനോടുള്ള ദേഷ്യത്താൽ ഫോണിലേക്ക് വരുന്ന ഓഡിയോ മെസ്സേജിലൂടെയുള്ള തന്റെ പ്രിയപ്പെട്ട ശബ്ദത്തെ ഒഴിവാക്കാൻ അവൾക്കായില്ല...... കണ്ണാടിയിൽ നോക്കിയവൾ പുഞ്ചിരിയോടെ ഫോൺ ഓൺ ആക്കി... ഇന്നും വന്നിട്ടുണ്ട് ഓഡിയോ മെസ്സേജ് എന്നവൾ മനസ്സിലാക്കി.. കൊതിയോടെയവൾ അത് ഓപ്പൺ ചെയ്ത് സംസാരിക്കുകയായിരുന്നു... സ്വര മാധുര്യം നിറഞ്ഞു തുളുമ്പുന്ന ആ ഗീതം ആ മുറിയിലാകെ അലയടിച്ചു.... നനഞ്ഞ മുടിയിഴകളിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളത്തുള്ളികൾ തുടച്ചു മാറ്റാതെ കണ്ണിമ വെട്ടാതെ അവളാ ശബ്ദ സംഗീതത്തിൽ ലയിച്ചു നിന്നു....

അവൾ പോലുമറിയാതെ മെല്ലെ നടന്ന് ബെഡിലേക്ക് നടന്ന് ചെരിഞ്ഞു കിടന്ന് ഒരു നേർത്ത ചിരിയോടെ ഫോൺ നെഞ്ചോട് ചേർത്ത് വെച്ചു.... ഫോണിൽ നിന്നും ഒഴുകിയെത്തിയ ആ സംഗീതം അവളുടെ ഹൃദയമിടിപ്പിൽ ലയിച്ചതും ജനലിനിപ്പുറം ചുമരിൽ ചാരി നിന്ന അജ്ഞാതന്റെ ചുണ്ടിൽ പ്രണയാർദ്രമായൊരു ചിരി വിടർന്നു വന്നു.. ഫോണിലൂടെ കേൾക്കുന്ന അതേ രാഗങ്ങൾ അയാൾ കണ്ണുകൾ അടച്ച് മൂളിക്കൊണ്ടിരുന്നു... ജനൽ വഴിയാ മൂളൽ കാതിൽ തുളഞ്ഞു കയറും തോറും ആര്യയുടെ പുഞ്ചിരി വിരിഞ്ഞു വന്ന് അവളുടെ കണ്ണുകൾ ഉറക്കത്തെ കൂട്ട് പിടിച്ചു....... ************ പിറ്റേന്ന് കോളേജ് ഇല്ലാത്തതിനാൽ തന്നെ ആര്യ ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്.. എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങിയ പാടെ അനി മതിൽ ചാടി ഓടി വരുന്നതവൾ കണ്ടു.. രാത്രിയിൽ ശിവയെ റൈഡിന് കൂട്ടി പോയത് വിനയായോ എന്നവൾ ചിന്തിച്ചു . ശിവ അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞ് സീൻ ആക്കിയോ എന്ന ചിന്ത അവളെ അലട്ടി.. ഓടി വരുന്ന അനിക്ക് മുന്നേ ആര്യ നടന്നടുത്ത് അവളുടെ അടുത്തെത്തി.. "എന്താ അനീ... എന്താ കാര്യം... " അനിയുടെ മുഖത്ത് വെപ്രാളമോ പതർച്ചയോ ഒന്നും ഇല്ലെന്നും മറിച്ച് മറ്റെന്തോ ഭാവം ആണെന്നും അവൾ തിരിച്ചറിഞ്ഞു.... ആര്യയുടെ ചോദ്യത്തിന് അനി അവളെ നോക്കി ചിരിച്ചു..

. "വാവീ... അച്ഛനും മാമനും എല്ലാവരും കൂടി അനിൽ സാറിന്റെ വീട്ടിലേക്ക് പോകുവാണെന്ന്....... " അൽപ്പം നാണത്തോടെ അനി പറഞ്ഞതും അതിലിപ്പോ എന്താണെന്ന് ചിന്തിച്ച് ആര്യ അവളെ നോക്കി... "അവർ ഇടയ്ക്കിടെ പോവാറുണ്ടല്ലോ.. അതിനിപ്പോ എന്താ ...???" "എന്റെ വാവി... എന്നും പോകുന്ന പോലെയല്ല.. ഇതിത്തിരി സ്പെഷ്യൽ ആണ്.. " "സ്പെഷ്യലോ.. കാര്യം പറ പെണ്ണെ.. നീയും സാറും തമ്മിൽ പിണങ്ങിയോ.. അത് മാറ്റാൻ വല്ലോം ആണോ കുടുംബക്കാർ പോകുന്നെ.. " ആര്യ തമാശക്ക് പറഞ്ഞതും കണ്ണ് തള്ളി കൊണ്ട് അങ്ങനെ ഒന്നും പറയല്ലേ എന്ന് അനി കണ്ണുകൾ കൊണ്ട് കാണിച്ചു.. "പിന്നെ എന്താ... നീ പറയുന്നുണ്ടോ... എനിക്ക് പണിയുണ്ട്... " "നിൽക്ക്... പോവല്ലേ.. ഞാൻ പറയാം... അത്... നമ്മുടെ ഫൈനൽ എക്സാം ആവാറായില്ലേ.. എക്സാം കഴിഞ്ഞ ഉടനെ ഞങ്ങളുടെ കല്യാണം നടത്തണം എന്ന്... ഇന്നലെ സാറിന്റെ അച്ഛൻ വിളിച്ചിരുന്നു..അച്ഛനോട് സംസാരിക്കുന്നത് ഞാൻ ഒളിഞ്ഞു കേട്ടതാ... " ചിരിയോടെ സന്തോഷത്തോടെ അനി പറഞ്ഞതും ആര്യ അവളെ കെട്ടിപിടിച്ചു..

"സത്യമാണോ... ഹോ.. അപ്പൊ ഇനി മോള് പോയി കല്യാണസ്വപ്നം കണ്ടിരിക്ക്...വധുവായി ഒരുങ്ങുന്നതും സാർ വന്ന് കൈപിടിച്ച് കൊണ്ട് പോകുന്നതും.. മ്മ്മ്. മ്മ്മ്മ് " ആര്യ അവളെ കളിയാക്കിയതും അനി ചിരിച്ചു.... ആ സമയം അനിയെ വീട്ടിൽ നിന്ന് അമ്മ വിളിച്ചതും പിന്നെ വരാമെന്ന് പറഞ്ഞവൾ മതിൽ ചാടി പോയി.... കല്യാണം ഉറപ്പിക്കാൻ ഇരിക്കുന്ന പെണ്ണ് മതിൽ ചാടുന്നതു കണ്ട് ആര്യ പൊട്ടിച്ചിരിച്ചു.... രാവിലെ പത്ത് മണി കഴിഞ്ഞതും അനിയുടെ അച്ഛനും ആര്യയുടെ അച്ഛനും മാമനും കല്യാണം ഉറപ്പിക്കാൻ അനിൽ സാറിന്റെ വീട്ടിലേക്ക് പോയി.. ഒരാഴ്ച കഴിഞ്ഞാൽ ഫൈനൽ എക്സാം ആണ്... എക്സാം കഴിഞ്ഞ് അനിൽ സാർ അതിന്റെ തിരക്കിൽ നിന്നെല്ലാം മോചിതനാവുന്നത് കണക്ക് കൂട്ടി അവർ ഒരു തിയ്യതി ഉറപ്പിച്ചു..... കൃത്യമായി പറഞ്ഞാൽ എക്സാം കഴിഞ്ഞ് വെറും ഒരു മാസം മാത്രമേ കല്യാണത്തിന് ഉണ്ടാവൂ... എല്ലാം പറഞ്ഞുറപ്പിച്ച് അവർ മടങ്ങി.... വീട്ടിൽ എത്തിയ അച്ഛനും മാമനും ഡേറ്റ് പറയാതെ അനിയെ ഇട്ട് കളിപ്പിക്കാൻ തീരുമാനിച്ചിരുന്നു... ശിവയും ആര്യയും അനിയും അക്ഷമരായി ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു... അച്ഛനും മാമനും വന്ന് കയറിയതും ശിവയും ആര്യയും അവരുടെ പിറകെ കൂടി...

അനി ആകാംഷയോടെ സോഫയിൽ ഇരുന്ന് അവരുടെ വാക്കുകൾക്ക് കാതോർത്തു.. "അച്ഛാ.. പറ... എന്നേക്കാ നമ്മൾ ചേച്ചിയെ നാട് കടത്തുന്നത്.. " ശിവ എത്ര പിറകെ നടന്നിട്ടും അച്ഛനും മാമനും ഒരക്ഷരം മിണ്ടാതെ സോഫയിൽ ഇരുന്നു.. "അച്ഛാ..... " അനി നീട്ടിയൊരു വിളി വിളിച്ചതും അച്ഛൻ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു.. തിരിച്ച് അവൾ കണ്ണുരുട്ടിയതും കല്യാണ തിയ്യതി അച്ഛൻ പറഞ്ഞു..... "ഐവാ... അപ്പോൾ ഇനി അധിക നാൾ ചേച്ചി ഇവിടെ ഉണ്ടാവില്ല അല്ലേ... എനിക്ക് വയ്യാ.. " ശിവ തുള്ളി കളിക്കാൻ തുടങ്ങിയതും അനി അവളെ പിടിച്ചു തള്ളി.. "പോകുന്നതിന് മുൻപ് നിനക്ക് തരാൻ ഉള്ളത് മുൻകൂട്ടി തന്നിട്ടേ ഞാൻ പോകൂ.. കേട്ടോ ഡീ... " ശിവയും അനിയും വഴക്കായതും ഇവർ നന്നാവില്ലെന്ന് പറഞ്ഞ് അമ്മ തലയിൽ കൈവെച്ചു... തങ്ങളിപ്പോൾ ആരുടെ കല്യാണമാ ഉറപ്പിച്ചേ എന്ന് ആലോചിച്ചു അച്ഛനും മാമനും താടിക്കും കൈ കൊടുത്തിരുന്നു.. ആര്യ വേഗം ചെന്ന് അനിയെ പിടിച്ചു മാറ്റി റൂമിലേക്ക് പോയി.. "എന്റെ അനീ... ഇനിയെങ്കിലും കുട്ടിക്കളി മാറ്റ്.. നോക്ക്.. രണ്ടു മാസം തികച്ചില്ല നിന്റെ കല്യാണത്തിന്.. " ആര്യ പറഞ്ഞതും അനിയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു .. അടുത്ത ക്ഷണം തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..

"വാവീ... " അനിയുടെ വിളി കേട്ട് ആര്യ അവളെ നോക്കി.. അനിയുടെ ഒഴുകി വരുന്ന കണ്ണുകൾ കണ്ടതും അവൾ അവളുടെ മുഖം തനിക്ക് നേരെ പിടിച്ചുയർത്തി... "എന്താ ഡീ... ഇത്രയും കാലം അതിനായ് കാത്തിരുന്നിട്ട് ഇപ്പോൾ കരയുവാണോ.. " "വാവീ... എനിക്ക്.. എനിക്കിപ്പോ കല്യാണം വേണ്ട.. " വിങ്ങി കൊണ്ട് അനി പറഞ്ഞു തീർത്ത് ആര്യയെ വാരി പുണർന്നു... ആര്യ അവളുടെ തലയിൽ തലോടി കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. "ഇനി അധിക നാൾ കല്യാണത്തിനില്ല എന്ന് പറയുമ്പോൾ.... നിന്റെ.... നിന്റെ കൂടെ എനിക്കിനി കുറച്ച് ദിവസം മാത്രമേ ഉള്ളൂ എന്നല്ലേ അർത്ഥം... എനിക്ക് നിന്നെ വിട്ട് പോവേണ്ട വാവീ... " അനിയുടെ കണ്ണുനീർ ഒഴുകി ഒലിച്ചതും ആര്യയുടെ ഹൃദയം പിടഞ്ഞു... മറുപടി പറയാൻ ആവാതെ അവൾ പതറി... "ഓർമ വെച്ച കാലം മുതൽ എന്തിനും ഏതിനും താങ്ങായും തണലായും നീയുണ്ടായിരുന്നു... നീയില്ലാതെ ഞാൻ ഇനി എങ്ങനെ..... " വാക്കുകൾ കിട്ടാതെ അനി വിതുമ്പിയതും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.. എന്നാൽ അത് മറച്ചു വെച്ച് കൊണ്ടവൾ ചിരിച്ചു..

പതിയെ അനിയെ അടർത്തി മാറ്റി.. "എടീ പൊട്ടീ.. നീയെന്തൊക്കെയാ ഈ പറയുന്നേ.. കല്യാണം കഴിഞ്ഞ് നീ പോയാലും എന്നെ എപ്പോ കാണണം എന്ന് പറഞ്ഞോ ആ നിമിഷം ഞാൻ നിന്റെ മുന്നിൽ വരില്ലേ..... ഒന്ന് കൊണ്ടും വിഷമിക്കേണ്ട.. നിന്റെ കൂടെ നിന്നെ പ്രാണനായി സ്നേഹിക്കുന്ന അനിൽ സാർ ഉണ്ട്.. ഒരിക്കലും നിന്റെ കണ്ണ് നിറക്കില്ല... സോ... ഈ കണ്ണൊക്കെ തുടച്ചു പുഞ്ചിരിച്ചേ... " ആര്യ അവളുടെ കണ്ണുകൾ തുടച് കൊടുത്ത് പുഞ്ചിരിക്കാൻ കാണിച്ചതും വേദനയേറിയ പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു... "അനിൽ സാറിന് അനിയനോ ഏട്ടനോ ഉണ്ടെങ്കിൽ ആര്യയെ കൂടി അങ്ങോട്ടേക്ക് കല്യാണം കഴിപ്പിച്ചയക്കാമായിരുന്നു അല്ലേ അളിയാ.. " പെട്ടന്ന് വാതിൽക്കൽ നിന്ന് മാമന്റെ ശബ്ദം കേട്ടതും അനിയും ആര്യയും അങ്ങോട്ടേക്ക് നോക്കി... കണ്ണുകൾ നിറച്ച് പുഞ്ചിരിച്ചു കൊണ്ട് അനിയുടെ അച്ഛനും അമ്മയും ശിവയും മാമനും റൂമിലേക്ക് കയറി... അനി കരഞ്ഞതിന് കണക്കിന് കളിയാക്കി കൊണ്ട് ശിവ അവളുടെ അടുത്തിരുന്നു.. അവളോട് തല്ല് കൂടി ഉള്ളിലെ സങ്കടം അനി മറച്ചു വെച്ചു...

അനിയുടെ വീട്ടിൽ നിന്നും തന്റെ വീട്ടിൽ എത്തിയ ആര്യയുടെ മനസ്സിൽ അനി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... ഇനി കുറച്ചു ദിവസം മാത്രമേ അനി തന്റെ കൂടെ ഉണ്ടാവൂ എന്നോർത്ത് അവളുടെ ഹൃദയം തേങ്ങി.. അമ്മയുടെ ഫോട്ടോക്ക് മുന്നിൽ ചെന്നവൾ വിലപിച്ചു... അമ്മ പോയ സമയം എല്ലാമെല്ലാമായിരുന്നു അനി അവൾക്ക്.. ആ അനിയും തന്നെ തനിച്ചാക്കി പോകുകയാണല്ലോ എന്ന് ചിന്തിച്ചു അവൾ തളർന്നു... റൂമിലേക്ക് കയറി ആര്യ ബെഡിൽ ഇരുന്ന് കണ്ണുകൾ അടച്ച് നിശബ്ദമായി കരഞ്ഞു... ആ സമയം തനിച്ചല്ല അവളെന്ന് തെളിയിക്കുന്നതിനായി ഒരു ഓഡിയോ മെസ്സേജ് അവളുടെ ഫോണിലേക്കെത്തി... കണ്ണുകൾ തുറന്ന് വിരലുകൾ ഫോൺ ഡിസ്പ്ലേയിൽ തലോടിയതും മധുരഗീതം അവളുടെ ഹൃദയത്തിലെ മുറിവിനെ തുടച്ചു മാറ്റി... മുഖത്ത് കണ്ണുനീർ തുള്ളികൾക്ക് പകരം പ്രത്യേക ഭാവം നിറഞ്ഞു... തീർത്തും ശാന്തയായി മാറിയ ആര്യ അതിൽ ലയിച്ചിരുന്നു.... ************ ഒരാഴ്ച കഴിഞ്ഞതും അവരുടെ ഫൈനൽ എക്സാം എത്തി.. എക്സാം ചൂടിൽ ആയിരുന്നു ആര്യയും അനിയും .

അവസാന എക്സാം കഴിഞ്ഞപ്പോഴേക്കും കോളേജിലെ മിക്കവരും അനിയുടെയും അനിൽ സാറിന്റെയും വിവാഹകാര്യം അറിഞ്ഞിരുന്നു... എക്സാം കഴിഞ്ഞ് ആര്യയും അനിയും ഫ്രീ ആയെങ്കിലും അനിൽ സാർ മറ്റ് പല തിരക്കുകളിലും പെട്ട് പോയി.. കൂടെ കല്യാണത്തിരക്കും കാരണം ഫോൺ വിളി കുറഞ്ഞു... അനിയും തിരക്കിൽ ആയിരുന്നു... വീട് പെയിന്റ് അടിക്കുന്നതിന്റെയും കല്യാണം ക്ഷണിക്കുന്നത്തിന്റെയും പിറകെ ആയിരുന്നു അനി....... എക്സാം കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞതും ആര്യയുടെ തറവാട്ടിൽ നിന്നും ഒരു ഫോൺ കാൾ ആര്യയുടെ അച്ഛനെ തേടിയെത്തി... ആര്യയുടെ അമ്മയുടെ അച്ഛൻ ആയിരുന്നു വിളിച്ചത്... കുറെ കാലത്തിനു ശേഷം തങ്ങളെ മുത്തച്ഛൻ വിളിക്കാൻ കാരണം എന്തായിരിക്കും എന്നോർത്ത് ആര്യ അച്ഛന്റെ അടുത്തിരുന്നു.. "ഹാ.. ഞങ്ങൾ ഇന്ന് തന്നെ പുറപ്പെടാം... ആ.. അവളെയും കൂടെ കൂട്ടാം.. " അച്ഛന്റെ മുഖം അത്ര പന്തിയല്ലെന്ന് കണ്ടതും ആര്യ സങ്കോചത്തോടെ അച്ഛനെ നോക്കി.. കാൾ കട്ട് ആയതും ആര്യ വിവരം അറിയാൻ കൗതുകം പ്രകടിപ്പിച്ചു..

"അച്ഛാ... എന്താ കാര്യം... എന്താ മുത്തച്ഛൻ പറഞ്ഞേ.. " "അത് മോളേ.. നമുക്ക് തറവാട് വരെ ഒന്ന് പോകാം... " "എന്തെങ്കിലും പ്രശ്നം ഉണ്ടോ അച്ഛാ.." "പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ.. ചെറിയൊരു പ്രശ്നം.. മുത്തച്ഛൻ ഒന്ന് അവിടേം വരെ ചെല്ലാൻ പറഞ്ഞിരിക്കാ.. നിന്നെ കൂട്ടണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.. നീ വേഗം റെഡിയാവ് " അച്ഛൻ പറഞ്ഞതനുസരിച്ച് കൂടുതൽ ഒന്നും ചോദിക്കാതെ ആര്യ എഴുന്നേറ്റു.. അമ്മയുടെ ആങ്ങള ജിനോ അങ്കിളിനെ തറവാട്ടിൽ നിന്നും പുറത്താക്കിയ ശേഷം അങ്കിളുമായി കോൺടാക്ട് ഉണ്ടായതിനാൽ മുത്തച്ഛൻ ആര്യയുടെ അമ്മയായ ഭദ്രയോട് പിണക്കത്തിൽ ആയിരുന്നു.. ജിനോക്ക് എല്ലാ വിധ സപ്പോർട്ടും നൽകിയത് അവരുടെ കുടുംബത്തിൽ ഭദ്ര മാത്രം ആയിരുന്നു.. ഒരിക്കെ അവരുടെ വീട്ടിൽ എത്തിയ മുത്തച്ഛൻ ജിനോയെ അവിടെ കണ്ടതും ദേഷ്യത്തിൽ ഇറങ്ങി പോയി.. അമ്മ മരിച്ച അന്നാണ് ആര്യ അവസാനമായി മുത്തച്ഛനെ കാണുന്നത്.. മുത്തച്ഛൻ തന്നെയും കൂട്ടി വരണം എന്ന് അച്ഛനോട് പറഞ്ഞത് ഓർത്ത്‌ ആര്യ ഒരുപാട് സന്തോഷിച്ചു

അനിയേയും ശിവയേയും കൂടെ പോരാൻ വിളിച്ചെങ്കിലും ആരെയോ വിവാഹം ക്ഷണിക്കാൻ പോകാൻ ഉള്ളതിനാൽ പിന്നെ വരാമെന്നവർ പറഞ്ഞു..... കാറിൽ കയറി തന്റെ അമ്മയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ ആര്യയുടെ മനസ്സ് പഴയ കാലങ്ങളിലേക്ക് ഓടിപോയി....അമ്മയും മുത്തച്ഛനും ഒത്തുള്ള ഒരുപാട് ഓർമ്മകൾ അവളുടെ കണ്ണിൽ മിന്നി മറഞ്ഞു.... അതേ സമയം തന്നെ എന്തിനാവും തങ്ങളെ വിളിച്ചെന്ന ചിന്ത അവളുടെ മനസ്സിൽ കിടന്നു കളിച്ചു..... ദീർഘ ദൂര യാത്രക്ക് ശേഷം അച്ഛനും ആര്യയും തറവാട്ടിൽ എത്തി...ഒരുപാട് കാലങ്ങൾക്ക് ശേഷം അവിടുത്തെ കാഴ്ചകൾ കണ്ട് ആര്യയുടെ മനസ്സ് നിറഞ്ഞു... കാറിൽ നിന്നും ഇറങ്ങി മണ്ണിലേക്ക് കാൽ കുത്തിയതും തന്നെ നോക്കി ഉമ്മറത്ത് നിൽക്കുന്ന മുത്തച്ഛനെയും മുത്തശ്ശിയേയും അവൾ കണ്ടു... ഒരു ചിരിയോടെ അവൾ നടന്നടുത്തതും ഒരു നിമിഷം..... സ്വന്തം മകൾ ഭദ്ര നടന്ന് വരുന്ന പോലെ ആ വൃദ്ധദമ്പതികൾക്ക് തോന്നി........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story