ആത്മരാഗം💖 : ഭാഗം 81

athmaragam thanseeh

രചന: തൻസീഹ് വയനാട്

പുലർന്നു വരുന്നതേ ഉള്ളൂ... ഊട്ടുപുരയിൽ കല്യാണതിരക്കിന് ആരംഭം കുറിച്ച് കഴിഞ്ഞു.. തലേന്ന് പാതി ഉറക്കമുറങ്ങി അനിയുടെ അച്ഛനും ആര്യയുടെ അച്ഛനും മാമനും ഊട്ടുപുരയിൽ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്... സ്ത്രീകൾ പന്തലിൽ ഓരോ ജോലിയിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നു... ഊട്ടുപുരയിലേക്കുള്ള വെള്ളം കോരുന്ന ചിലർ, ഭണ്ഡാരിക്കും സഹായികൾക്കുമുള്ള ചായ വിഭവങ്ങൾ ഒരുക്കുന്ന മറ്റു ചിലർ.. കല്യാണത്തിന് തലേന്ന് തന്നെ വന്നവർക്കായി ചായ ഒരുക്കുന്നവർ.. അങ്ങനെ ഓരോരുത്തരും ഓരോ ജോലിയിൽ മുഴുകി കല്യാണത്തെ വരവേറ്റ് കൊണ്ടിരിക്കുന്നു... വീട്ടിലെ ആദ്യത്തെ കല്യാണം ആയതിനാൽ തന്നെ എല്ലാവരും ഉണർവോടെ ഓടി നടക്കുന്നുണ്ട്. രാവിലെ പത്തിനും പത്തരക്കും ഇടയിലാണ് മുഹൂർത്തം.. അതിന് മുൻപ് ജോലികൾ എല്ലാം തീർത്ത് മാറ്റി ഒരുങ്ങണം.. പത്തിന് മുന്നേ ചെറുക്കനും കൂട്ടരും വരും.. അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തണം.. ഇടതടവില്ലാത്ത ശ്വാസോഛ്വാസങ്ങൾ പന്തലിൽ നിറഞ്ഞു നിൽക്കുന്നുണ്ട്....

തലേന്ന് ഒട്ടും ഉറക്കം കിട്ടാത്തതിനാൽ അനി ആര്യയെ കെട്ടിപിടിച്ചു കിടക്കുകയാണ്. സങ്കടം അതിര് കവിഞ്ഞ് മനസ്സേറെ നൊന്ത് എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു... അടുക്കളയിലെയും പന്തലിലെയും തട്ടും മുട്ടും തിരക്കും ബഹളവും കേട്ട് ആര്യ ആദ്യം എഴുന്നേറ്റു... അവളെ വിടാതെ പിടിച്ചിരിക്കുന്ന അനിയെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു... ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ അവൾ തന്നോടൊപ്പം ഉണ്ടാവൂ എന്നോർത്തപ്പോൾ ഉറക്കച്ചടവുള്ള അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.. ചങ്കിലൊരു വേദന പതിയെ കടന്നു കൂടി... നിഷ്കളങ്കമായ മുഖത്തോടെ ഉറങ്ങുന്ന അനിയെ അൽപ്പ നേരം അവൾ നോക്കി നിന്നു... താൻ തളർന്നാൽ അനിയും കൂടെ തളരുമെന്ന് അറിയാവുന്നത് കൊണ്ട് അവളിൽ നിന്നും തന്റെ കണ്ണുനീരിനെ മറച്ചു വെച്ച് ആഹ്ലാദവതിയാവാൻ അവൾ തീരുമാനിച്ചു.. "അനീ.... പെണ്ണേ.. എണീക്കുന്നില്ലേ.. " അവളെ കുലുക്കി വിളിച്ചതും എണീക്കാൻ മടിച്ചു കൊണ്ടവൾ തിരിഞ്ഞു കിടന്നു... "ആഹാ.. എന്നും കാണിക്കുന്ന പോലെ മടിപിടിച്ചിരിക്കാനാണോ ഭാവം..

ദേ താലി കെട്ടാൻ അനിൽ സാർ വന്നു ട്ടോ.. " കേട്ട പാതി കേൾക്കാത്ത പാതി അനി ഞെട്ടിപ്പിടഞ്ഞെണീറ്റു... എണീക്കുന്ന വേഗത്തിൽ അടുത്ത് കിടക്കുന്ന ശിവയെ തട്ടി തടയാനും അവൾ മറന്നില്ല.. ഉറക്കം പോയതിന്റെ ആലസ്യത്തിൽ ശിവ എഴുന്നേറ്റിരുന്നു... അനി കണ്ണും തുറുപ്പിച്ച് ചുറ്റും നോക്കി.. അവളുടെ നോട്ടം കണ്ട് ആര്യ കുലുങ്ങി ചിരിച്ചു.. "ഓ.. അനിൽ എന്ന് കേട്ടപ്പോഴേക്ക് അവളുടെ ഉറക്കം പോയത് കണ്ടില്ലേ... മ്മ്മ്.. ഇന്നലെ അനിൽ സാർ ആണെന്ന് കരുതി ആവും അല്ലേ എന്നെ കെട്ടിപിടിച്ചു കിടന്നത്... " ആര്യ അവളെ കളിയാക്കിയതും ചമ്മിയ ഭാവം മാറ്റി കൊണ്ട് ആര്യയെ അവൾ തലയിണ കൊണ്ട് അടിക്കാൻ തുടങ്ങി... "ആഹാ.. എഴുന്നേറ്റ് ഇവിടെ തല്ല് കൂടി കളിക്കാണോ.. പോയി കുളിച്ചേ.. " അനിയെ വിളിക്കാൻ വന്ന അമ്മ കണ്ടത് ആര്യയും അനിയും കൂടെ ഉറക്കം കളഞ്ഞതിന് ശിവയും പരസ്പരം തല്ല് കൂടുന്നതാണ്.. കുളിക്കണം എന്ന് പറഞ്ഞതും അനി നിന്ന് വിറക്കാൻ തുടങ്ങി.. അത് കണ്ട് ശിവ വാ പൊത്തി.. "എന്താ അമ്മേ.. ചേച്ചിയോട് തന്നെയാണോ കുളിക്കാൻ പറയുന്നത്...

രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് തണുപ്പാണ് എന്ന് പറഞ്ഞ് കുളിക്കാതെ മേക്കപ്പ് ചെയ്ത് കോളേജിൽ പോകുന്ന ആ ചേച്ചിയോട് തന്നെയാണോ അമ്മ ഈ അഞ്ചുമണിക്ക് കുളിക്കാൻ പറയുന്നേ... " "പോടീ... എനിക്ക് കുളിക്കാൻ മടിയൊന്നുമില്ല.. ഇത്രയും നേരത്തെ വേണോ അമ്മേ.. " "പിന്നെ വേണ്ടേ... വാ.. തലയിൽ എണ്ണയിട്ട് തരാം... ഹാ.. ശിവാ ആര്യാ.. അവളുടെ കഴിഞ്ഞാൽ നിങ്ങളും കുളിച്ചിറങ്ങിക്കോ. അടുക്കളയിലെ പണി കഴിഞ്ഞാൽ ഓരോരുത്തരും കുളിക്കാൻ പോകും. പിന്നെ ബാത്രൂം ഒഴിഞ്ഞ് കിട്ടില്ല.. " ശിവയോട് കുളിക്കാൻ പറഞ്ഞതും അങ്ങനെ വേണമെന്ന് പറഞ്ഞ് അനി അവളെ കളിയാക്കി.. രണ്ടും അടി കൂടി കല്യാണത്തിന്റെ അന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കും എന്ന് തോന്നിയതിനാൽ അമ്മ അനിയെ വിളിച്ചു കൊണ്ട് പോയി.. അടുക്കളയിലെ പിറകു വശത്തെ ബെഞ്ചിൽ അമ്മ അവളെ ഇരുത്തി.. അമ്മ അവൾക്കായി കാച്ചിയ എണ്ണ അവളുടെ തലയിൽ നന്നായി തിരുമ്മി കൊടുത്തു... അനി ആ സമയം തന്റെ മൈലാഞ്ചി ചുവപ്പിലേക്ക് കണ്ണും നട്ടിരിക്കായിരുന്നു...

കടും ചുവപ്പ് ചിത്രപണികളുടെ നടുക്ക് അനിൽ എന്ന നാമം കണ്ടതും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.... ചുണ്ടിലെ പുഞ്ചിരി വിരിഞ്ഞു നിന്നു.. മൈലാഞ്ചി മണം മൂക്കിലേക്ക് ആവാഹിച്ചു കൊണ്ടവൾ ഇരുന്നതും അമ്മ തലയിൽ എണ്ണയിട്ട് കൊണ്ടിരുന്നു.. "അനീ... അവിടെ ചെന്നാൽ നിന്റെയീ കുട്ടിക്കളി മാറ്റണം.. നേരത്തെ എണീറ്റ് കുളി കഴിഞ്ഞേ അടുക്കളയിൽ കയറാവൂ.. അനിലിന്റെ അമ്മയുടെ കൂടെ നിൽക്കണം എല്ലാത്തിനും.. ഓരോന്നും ചെയ്യുമ്പോഴും തെറ്റ് പറഞ്ഞ് തിരുത്തി തരാൻ ഇനി ഞാൻ നിന്റെ പിറകെ ഉണ്ടാവില്ല... " അവസാനം അമ്മ പറഞ്ഞ വാക്കുകളിൽ ഇടർച്ചയുണ്ടെന്ന് അവൾക്ക് തോന്നിയതും അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്നാൽ പുറത്തേക്ക് ഒഴുകാൻ സമ്മതിക്കാതെ അവൾ മെല്ലെ കുലുങ്ങി ചിരിച്ചു.. "പിന്നേ.. എനിക്കൊന്നും വയ്യ ഈ സ്വഭാവം മാറ്റാൻ ഞാൻ ഇവിടെ ഉള്ള പോലെ തന്നെ അവിടെയും പെരുമാറും.. അനിൽ ഏട്ടന്റെ അമ്മ വന്നപ്പോൾ പറഞ്ഞില്ലേ എന്റെ വായാടിത്തരം ഇഷ്ടപ്പെട്ടു എന്ന്.. അമ്മ നോക്കിക്കോ.

. ഞാൻ പാറി നടക്കും അവിടെ.. എനിക്ക് വയ്യേ അടങ്ങി ഇരിക്കാൻ. " "ഇങ്ങനെ തർക്കുത്തരം അവിടെ ചെന്നും പറയണം കേട്ടോ.. " അനി തമാശ പറഞ്ഞതും അമ്മ അവളുടെ തലക്ക് മെല്ലെ കൊട്ട് കൊടുത്തു...കല്യാണത്തിരക്കിന്റെ ഈ ദിവസങ്ങളിൽ അമ്മയുടെ ചൂട് പറ്റിയൊന്നിരിക്കാൻ അവളേറെ കൊതിച്ചിരുന്നു...ഇന്നിപ്പോ അവസാന നിമിഷത്തിൽ അമ്മയുടെ അടുത്തിരിക്കുമ്പോൾ അവളുടെ ഹൃദയം വിതുമ്പുന്നതല്ലാതെ കുളിരണിയുന്നേയില്ല.. തലയിൽ എണ്ണയിടുന്ന അമ്മ തന്നെ പതിയെ തലോടുകയാണോ എന്നൊരു നിമിഷം അനിക്ക് തോന്നി... ഇരുവരും അൽപ നേരത്തേക്ക് ഒന്നും മിണ്ടിയതേയില്ല... മിണ്ടിയാൽ വാക്കുകളിലെ പതർച്ച കണ്ടുപിടിക്കുമോ എന്ന ഭയമാവും കാരണം... തലമുഴുവൻ എണ്ണയിട്ടിട്ടും അമ്മ തലയിൽ നിന്നും കയ്യെടുക്കാതെ തിരുമ്മി കൊണ്ടിരുന്നു.. അമ്മയുടെ കൈകളിൽ നിന്നും ഉൽഭവിക്കുന്നയാ വാത്സല്യം ഇപ്പോഴൊന്നും അവസാനിക്കല്ലേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു അനി... അമ്മയും ചിലപ്പോൾ അതേ പ്രാർത്ഥനയിൽ തന്നെയാവും..

എന്നാൽ അവരുടെ പ്രാർത്ഥന വിഫലമായി കൊണ്ട് അടുക്കളയിൽ നിന്നും അമ്മക്കായി വിളി വന്നു . "ഹാ.. നീ പോയി കുളിച്ചു വാ... ഈ മഞ്ഞളും ഒന്ന് പുരട്ടിയേക്ക്.... " ചന്ദന ഗന്ധമുള്ള മഞ്ഞൾ കൂട്ട് അനിയുടെ അമ്മ അവളുടെ കൈകളിൽ വെച്ച് കൊടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി.. സങ്കടം കടിച്ചു പിടിച്ചു കൊണ്ട് അനി കുളിക്കാൻ കയറി.... കുളി കഴിഞ്ഞ് വന്ന അനിയെ ആര്യ മുടി ഉണങ്ങാൻ എന്നും പറഞ്ഞ് ഫാനിന്റെ ചുവട്ടിൽ ഇരുത്തി... ആര്യ കുളിച്ചു വരാമെന്ന് പറഞ്ഞതും തണുത്തു വിറച്ചു കൊണ്ടവൾ ഹാളിൽ ഇരുന്നു... പന്തലിൽ അപ്പോഴും ബഹളം കൂടി വരികയായിരുന്നു.. ജനലിലൂടെ നോക്കിയപ്പോൾ അച്ഛനും മാമനും ആര്യയുടെ അച്ഛനും പന്തലിൽ ഇരുന്ന് ചായ കുടിക്കുന്നത് കണ്ടു... അങ്ങോട്ട്‌ പോകാൻ അവളുടെ മനസ്സ് കൊതിച്ചെങ്കിലും വേഗം ഒരുങ്ങാൻ ഉണ്ടായതിനാൽ അവൾ അവിടെ ഇരുന്നു.. കുറച്ചു സമയം കഴിഞ്ഞതും അവൾക്ക് കഴിക്കാൻ ഉള്ളതുമായി അമ്മ അങ്ങോട്ടേക്ക് വന്നു.. അത് വാങ്ങാൻ കൈ നീട്ടിയെങ്കിലും അമ്മ അവളുടെ വായിൽ വെച്ച് കൊടുത്തു...

അമ്മ വാരി തരുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു കൊണ്ടേയിരുന്നു... എന്നാൽ അത് മറച്ചു വെച്ച് കൊണ്ട് അവൾ ചിരിച്ചു.. "ആഹാ.. എന്താ ഇവിടെ... ചേച്ചിക്ക് മാത്രേ ഉള്ളൂ.. " ശിവ കുശുമ്പ്മായി എത്തിയതും അനി അവളെയും നോക്കി കൊഞ്ഞനം കാണിച്ചു.. "അതേ.. എനിക്ക് മാത്രമേ ഉള്ളൂ..നിനക്ക് വേണേൽ പോയി അടുക്കളയിൽ ചെന്ന് എടുത്തു കഴിച്ചോ.. " "അമ്മേ..... എനിക്കും താ.. " ശിവ വായും പൊളിച്ചു ചെന്നെങ്കിലും അവൾക്ക് കൊടുക്കാൻ സമ്മതിക്കാതെ അനി പെട്ടന്ന് വാ പൊളിച്ച് അകത്താക്കി... "ഇതെന്താ കല്യാണം ഉള്ളവർക്ക് മാത്രമേ വാരിക്കൊടുക്കുന്നുള്ളൂ.... " ശിവ മുഖം വീർപ്പിച്ചിരുന്നു.. "അതേ.. അങ്ങനെ തന്നെയാണ്.. വേണേൽ പറഞ്ഞോ.. നിനക്ക് വേണ്ടി നല്ലൊരു ചെറുക്കനെ ഞങ്ങൾ കണ്ടെത്താം... " "അയ്യോടാ.. വേണ്ടായേ... ചേച്ചിയെ ഒന്ന് ഇറക്കി വിട്ടിട്ട് വേണം എനിക്കിവിടെ ഒന്ന് വിലസാൻ.. " "അത് അത്യാഗ്രഹം മാത്രമാണ് മോളെ.. അങ്ങനെ ഇപ്പോൾ ചേച്ചിയുടെ കുട്ടി വിലസാൻ നിൽക്കേണ്ട. നിന്നെ ഹോസ്റ്റലിലേക്ക് നാട് കടത്തും. നോക്കിക്കോ... "

"നീ പോടീ ചേച്ചീ... ഹോ.. സമയം ആവുന്നില്ലല്ലോ.. അളിയോ ഒന്ന് വേഗം വന്ന് ഇതിനെ ഒന്ന് കൊണ്ട് പോ... " "പോടീ... " ഇരുവരും വഴക്ക് തുടങ്ങിയതും അമ്മ കണ്ണുരുട്ടി..കല്യാണ ദിവസം അമ്മയുടെ തല്ല് ഇരന്നു വാങ്ങേണ്ട എന്ന് കരുതി അനി മിണ്ടാതെ കഴിച്ചു.. ഇടക്ക് ശിവക്കും അമ്മ വാരി കൊടുത്തു... ആര്യ കുളി കഴിഞ്ഞു വന്നതും അനി മാറ്റാൻ റെഡി ആയി നിൽക്കുവായിരുന്നു.. ആര്യയാണ് അവളെ ഒരുക്കി കൊടുക്കുന്നത്.. മുടി തോർത്ത്‌ കൊണ്ട് കെട്ടി വെച്ച് ആര്യ അനിയെ കണ്ണാടിയുടെ മുന്നിൽ ഇരുത്തി.. "അപ്പോൾ നമുക്ക് തുടങ്ങാം.. അനിൽ സാർ അന്തം വിടണം നിന്നെ കണ്ടിട്ട്.. " അനി പതിയെ ചിരിച്ചു കൊണ്ട് സാരി ഉടുക്കാൻ തയ്യാറായി... ഇരുണ്ട പീകോക്ക് കളർ കാഞ്ചിപുരം സാരിയാണ് വേഷം.. കടുത്ത കൃഷ്ണ ഭക്ത ആയതിനാൽ സാരി തലപ്പിൽ നീണ്ട വലിയ മയിൽ പീലി പ്രിന്റ് ചെയ്തത് തന്നെ സെലക്ട്‌ ചെയ്തിരുന്നു.. അധികം ആഭരണങ്ങൾ ഒന്നും ഇല്ല.. നീണ്ട മാങ്ങാ മാലയും ചെറിയ തണ്ട് മാലയും പിന്നെ അവളുടെ ഇഷ്ട കരിമണി മാലയും...

ഒരു കൈ നിറയെ സ്വർണ്ണ വളകളും മറു കയ്യിൽ സാരിക്ക് മാച്ച് ആയ കളർ ഫാൻസി വളകളും... വലിയ ജിമ്മിക്കി കമ്മൽ കാതുകളിൽ തൂങ്ങിയാടി കൊണ്ടിരിക്കുന്നുണ്ട്. കാലിൽ സ്വർണ്ണ കൊലുസ് വേണ്ടെന്ന് അവൾ പറഞ്ഞിരുന്നു.. അതിനാൽ മുത്തുകൾ കിലുങ്ങുന്ന പാദം മുഴുക്കെയുള്ള വെള്ളി കൊലുസ് അവളുടെ പാദങ്ങൾക്ക് ഭംഗി കൂട്ടി.. നീളമുള്ള മുടി ഉത്തരേന്ത്യൻ സ്റ്റൈലിൽ പിന്നിലേക്ക് കെട്ടി വെച്ച് മുല്ലപ്പൂ ഒതുക്കി വെച്ചു.. എല്ലാം ഒരുങ്ങിയതും അവളെ കണ്ണാടിയുടെ മുന്നിൽ ഇരുത്തി ആര്യ അവൾക്ക് കണ്ണെഴുതി കൊടുത്തു... ഓവർ ആക്കാതെ മിതമായി മുഖം ടച് അപ്പ് ചെയ്തു കൊടുത്തു.. നെറ്റിയിൽ വലിയ പൊട്ടും വെച്ചു.. "ഇപ്പോൾ കല്യാണ പെണ്ണിനെ ആരും ഒന്ന് നോക്കി നിന്ന് പോകും.. " അനിയുടെ ചുമലിൽ താടി അമർത്തി കൊണ്ട് ആര്യ കണ്ണാടിയിൽ നോക്കി പറഞ്ഞതും അനി പുഞ്ചിരിച്ചു.. "ഫോട്ടോ ഗ്രാഫർ ഇപ്പോൾ വരും.. വേഗം ഒരുങ്ങിക്കെ നീ.. " ആര്യയെ ഒരുങ്ങാൻ തള്ളി വിട്ട് കൊണ്ട് അനി മെല്ലെ പുറത്തേക്കിറങ്ങി.. ഒരുങ്ങി വരുന്ന കല്യാണപെണ്ണിന് ചുറ്റും കുടുംബക്കാർ കൂടി..

എല്ലാവരും ആഭരങ്ങൾ നോക്കുന്ന തിരക്കിൽ ആയിരുന്നു.. അവർക്കിടയിൽ അവൾ തിരഞ്ഞത് അമ്മയെ ആയിരുന്നു... അടുക്കളയിൽ നിന്നും അമ്മ വന്ന് നന്നായിട്ടുണ്ടെന്ന് പറഞ്ഞതും അവളുടെ മുഖം വിടർന്നു.. മുഹൂർത്തത്തിന് മുൻപ് ഒരുങ്ങാനായി എല്ലാവരും പോയതും അനി പന്തലിലേക്ക് ഇറങ്ങി.. "ആഹാ.. ആരിത് കല്യാണപ്പെണ്ണോ.. ചെറുക്കൻ എത്തിയിട്ടില്ലല്ലോ.. പോയി കുറച്ചു കഴിഞ്ഞു വാ.. " ആളുകൾക്ക് ഇരിക്കാനുള്ള കസേര നിരത്തി വെക്കുന്നതിനിടയിൽ അനി വരുന്നത് കണ്ടതും മാമൻ അവളെ കളിയാക്കി.. "മാമാ.. കളിയാക്കല്ലേ ട്ടോ.. ഇന്നത്തെ ദിവസം കഴിയട്ടെ.. ഇതിനൊക്കെയുള്ളത് ഞാൻ തരുന്നുണ്ട്.... എവിടെ അച്ഛൻ...? " അവളുടെ കരിമഷി മിഴികൾ അച്ഛനെ തിരഞ്ഞതും അച്ഛൻ ചിരിച്ചു കൊണ്ട് അവിടേക്ക് വന്നു.. "എങ്ങനെ ഉണ്ട് അച്ഛാ..?? " സ്റ്റൈലിൽ നിന്ന് കൊണ്ട് അനി ചോദിച്ചതും അച്ഛൻ മാമന്റെ ചുമലിൽ കൈവെച്ച് അവളെ അടിമുടി നോക്കി.. "മ്മ്മ്.. ഒരു ആനച്ചന്തം ഒക്കെ ഉണ്ട് അല്ലേ.. ഇങ്ങനെ കൊണ്ട് പോയി ഉത്സവത്തിന് നിർത്തിയാൽ മതി... "

അതും പറഞ്ഞ് അവർ രണ്ടു പേരും ചിരിക്കാൻ തുടങ്ങിയതും മുഖം കോട്ടി കൊണ്ട് അവർക്ക് കൊഞ്ഞനം കാണിച്ച് അനി അകത്തേക്ക് കയറി പോയി... അപ്പോഴേക്കും ആര്യയും ശിവയും മാറ്റി ഒരുങ്ങിയിരുന്നു... കുടുംബക്കാർ എല്ലാവരുടേയും ഒരുക്കങ്ങൾ അവസാനത്തിൽ എത്തിയിരുന്നു.. ആര്യയും ശിവയും ഗോൾഡൻ കളർ സാരിയും കറുത്ത ജാക്കറ്റുമാണ് ധരിച്ചിരുന്നത്.. മുടി പിന്നിലേക്ക് നീട്ടി ഇട്ട് മുല്ലപ്പൂ വെച്ചിരിക്കുന്നു.. കൈകളിൽ നേർത്ത സ്വർണകളർ കമ്പി വളകളും.. മറ്റേ കയ്യിൽ കറുത്ത കുപ്പി വളകളും.. നെറ്റിയിൽ മഞ്ഞ കുറിക്ക് താഴെ കറുത്ത വലിയ പൊട്ടും അതിന് തൊട്ട് താഴെ ഗോൾഡൻ കളർ കുഞ്ഞു പൊട്ടും... അവരെ കണ്ട പാടെ അനി അവളുടെ അടുത്തേക്ക് ഓടി ചെന്നു.. "ഐവാ.. വാവീ പൊളിച്ചല്ലോ.. ഇപ്പോൾ നീയാണ് കല്യാണപെണ്ണെന്നു തോന്നും.. " "മ്മ്.. നിനക്ക് കുശുമ്പ് വന്നല്ലേ.. എല്ലാവരും എന്നെ നോക്കുമെന്ന പേടി ഉണ്ടല്ലേ.." "പോടീ... " ആര്യ കളിയാക്കിയതും അനി അവളുടെ കയ്യിൽ പിച്ചി.. "നീ വാ.. അമ്പലത്തിൽ പോകേണ്ടേ.. മുഹൂർത്തത്തിന് മുൻപ് എത്തണം.. " ആര്യ അത് പറഞ്ഞപ്പോഴാണ് അക്കാര്യം അവൾ ഓർത്തത്.. തന്റെ കുട്ടേട്ടന്റെ സാമിപ്യവും അനുഗ്രഹവും തന്നിൽ ഉണ്ടാവണം എങ്കിൽ അമ്പലത്തിൽ പോയേ തീരൂ എന്നവൾ ഓർത്തു..

അമ്മയോടും അച്ഛനോടും സമ്മതം വാങ്ങിയ അവർ അമ്പലത്തിലേക്ക് പോയി.. സാരി ആദ്യമായി ഉടുക്കുന്നതിനാൽ തട്ടി തടഞ്ഞു കേടു വരുത്തുവാൻ വയ്യെന്ന് പറഞ്ഞ് ശിവ വന്നില്ല.. അമ്പലം അടുത്തായതിനാൽ ഇരുവരും വേഗം അവിടെ എത്തി... അമ്പലത്തിലേക്ക് കയറി പ്രാർത്ഥിക്കുമ്പോൾ തന്റെ കുട്ടേട്ടനും ചേച്ചിയും തൊട്ടരികിൽ ഉള്ള പോലെ അവൾക്ക് തോന്നി... തന്നെ തഴുകുന്ന കാറ്റിൽ കുട്ടേട്ടന്റെ വാത്സല്യം ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു... "ഏയ്.. എന്താ അനീ ഇത്.. ഇങ്ങനെ കണ്ണ് നിറച്ചാൽ കണ്മഷി ആകെ മുഖത്ത് പരക്കും.. പിന്നെ കെട്ടാൻ വരുന്ന അനിൽ സാർ ആളെ തിരിച്ചറിഞ്ഞില്ല എന്ന പരാതിയുമായി എന്റെ അടുത്തേക്ക് വരരുത് കേട്ടോ.. " ചിരിച്ചു കൊണ്ട് ആര്യ അവളുടെ കണ്ണ് മെല്ലെ തുടച്ചു കൊടുത്തു. ഒരുപാട് നേരം അവിടെ നിൽക്കാൻ കഴിയാത്തത് കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു....

വീട്ടിൽ എത്തിയപ്പോഴേക്ക് ഒരുപാട് ആളുകൾ വന്ന് നിറഞ്ഞിരുന്നു.. എല്ലാവർക്ക് മുന്നിലും ഒരു കാഴ്ച വസ്തുവായി വിയർത്തവൾ നിന്നു.. ആ തിരക്കിനിടയിൽ അവളിലെ സങ്കടം അവൾ പതിയെ മറന്നിരുന്നു.. എല്ലാവരോടും ചിരിച്ചു കളിച്ചവൾ സമയം നീക്കി... എട്ട് മണി കഴിഞ്ഞതും ഫോട്ടോഗ്രാഫർ എത്തി.. പിന്നീട് ഫോട്ടോ എടുക്കുന്ന തിരക്കായിരുന്നു... അവളുടെ സ്റ്റിൽ ഫോട്ടോയും പിന്നെ ആര്യക്ക് ഒപ്പവും കുടുംബക്കാർക്ക് ഒപ്പം ഉള്ളതെല്ലാം എടുത്തു... പന്തലിൽ നിന്ന് അച്ഛനെ വിളിച്ചു വരുത്തി അവരുടെ കുടുംബ ഫോട്ടോയും എടുത്തു... "ഇനി മതി... മുഹൂർത്തം ആവാറായി.. " പ്രായമുള്ള ആരോ പറഞ്ഞതും അനിയുടെ ഹൃദയം മിടിച്ചു കൊണ്ടേയിരുന്നു.. അവളുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് ആര്യ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. അതിനിടയിൽ ചെറുക്കൻ വന്നെന്ന് ആരോ പറഞ്ഞതും അനിയുടെ മുഖം വിടർന്നു.. ഹാളിലേ ജനാലയുടെ അരികിൽ ചെന്നവൾ പുറത്തേക്ക് കണ്ണുകൾ ചലിപ്പിച്ചു........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story