ആത്മരാഗം💖 : ഭാഗം 82

athmaragam thanseeh

രചന: തൻസീഹ് വയനാട്

ചന്ദന കളർ കരയിൽ തീർത്ത മുണ്ടും ഷർട്ടും നെറ്റിയിൽ ചന്ദന കുറിയുമായി അനിയുടെ കണ്ണുകളിൽ അനിൽ സാർ നിറഞ്ഞു നിന്നു.. നിലവിളക്ക് കൊളുത്തി കൊണ്ട് അനിയുടെ അമ്മ അനിൽ സാറിനെ വരവേറ്റു.. നെറ്റിയിൽ ചന്ദനം ചാർത്തി അരിയും പൂക്കളും അനിൽ സാറിന് മേലെ വാരിയെറിഞ്ഞ് കിണ്ടിയിൽ നിന്നുള്ള വെള്ളത്താൽ കാൽ കഴുകി അനിൽ സാർ കതിർമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു.. അച്ഛന്റെ കാൽ തൊട്ട് വണങ്ങി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് മണ്ഡപത്തിലേക്ക് കാൽ വെക്കാൻ നേരം അനിൽ സാറിന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന ആളുകൾക്കിടയിലേക്ക് തിരിഞ്ഞു...തന്നെ കാണാനുള്ള നോട്ടമാണതെന്ന് മനസ്സിലാക്കിയ അനി ജനൽ മറവിലേക്ക് നീങ്ങി നിന്നു.....അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു....ചുണ്ടിൽ വിരിഞ്ഞ ഇളം ചിരിയോടെ മുഖം ഉയർത്തി നോക്കിയ അനി കണ്ടത് തന്നെ നോക്കി കളിയാക്കി തലയാട്ടുന്ന ആര്യയെയും ശിവയേയും ആണ്.. പെട്ടന്ന് തന്നെ അവൾ മുഖം തിരിച്ച് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നിന്നു.....

അപ്പോഴേക്കും അനിൽ സാറിന്റെ അമ്മയും പെങ്ങന്മാരും അകത്തേക്ക് വന്നു.... അവളെ തൊട്ടും തലോടിയും അനിൽ സാറിന്റെ അമ്മ കൂടെ തന്നെ നിന്നു.. "മുഹൂർത്തം ആയി,,,,പെണ്ണിനെ വിളിചോളൂ..." എന്നു പൂജാരി പറഞ്ഞതും അനിയുടെ അമ്മയും മാമിയും അവൾക്കരികിലേക്ക് ചെന്നു.. അനിൽ സാറിന്റെ കൂടെ വന്നവർ പന്തലിലേക്ക് ഇറങ്ങി.. അനിയുടെ അമ്മ അവളുടെ കയ്യിൽ വെറ്റിലയും അടക്കയും വെച്ചു കൊടുത്തു... അച്ഛന്റെയും അമ്മയുടെയും കാൽക്കൽ കൈ തൊട്ട് വണങ്ങിയപ്പോൾ അവളുടെ ഉള്ളം തേങ്ങി.. എന്നാൽ കണ്ണുനീർ പുറത്തേക്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.. അവളുടെ ശിരസ്സിൽ കൈവെച്ച ശേഷം അവളെ താങ്ങി എണീപ്പിച്ചു കൊണ്ട് അച്ഛൻ അവളെ ചേർത്ത് പിടിച്ചു.. "അച്ഛന്റെ മോള് സുന്ദരി ആയിട്ടുണ്ട്.." അച്ഛന്റെ ആ വാക്കിൽ അനി സങ്കടം ഉള്ളിൽ ഒതുക്കി കണ്ണുനീർ കടിച്ചു പിടിച്ചു കൊണ്ട് പുഞ്ചിരിച്ചു..

അമ്മ അവളുടെ കയ്യിൽ നിലവിളക്ക് കൊടുത്ത് മണ്ഡപത്തിലേക്ക് ആനയിച്ചു.. അവൾക്ക് പിറകെ താലത്തിൽ ദീപവുമായി ശിവയും അനിയും നടന്നു. മണ്ഡപത്തെ വലം വെച്ചു കൊണ്ട് അനിൽ സാറിന്റെ അടുത്തിരുന്നതും അനിൽ സാർ ഇടം കണ്ണിട്ട് അവളെ നോക്കി കണ്ണിറുക്കി.. അതോടെ മനസ്സിൽ തിങ്ങിയ സങ്കടം മാഞ്ഞു പോയി നാണത്തോടെ അവൾ തല താഴ്ത്തി.. തനിക്ക് മുന്നിലുള്ള പറയിലെ നെല്ലിലേക്കും കത്തിച്ചു വെച്ച നിലവിളക്കിലേക്കും അഗ്നിയിലേക്കും നോക്കി അവൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ ഇറുക്കി അടച്ചു....കണ്ണുകൾ തുറന്നപ്പോൾ കണ്ടത് മണ്ഡപത്തിന് മുന്നിൽ നിൽക്കുന്ന അമിതിനെയും അക്ഷിതിനെയും ആയിരുന്നു.. അവരെ കണ്ടതും അവളുടെ ഉള്ളം ഏറെ സന്തോഷിച്ചു.. താലികെട്ടിന് മുന്നേ അവർ വന്നല്ലോ എന്നോർത്തവൾക്ക് ആശ്വാസമായി....

അപ്പോഴേക്കും നാദ സ്വരം മുഴങ്ങിയിരുന്നു.. അനിൽ സാർ അനിയുടെ കഴുത്തിൽ താലി ചാർത്തിയതും അവൾ കൈകൂപ്പി കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു.. കൊട്ടും കുരവയുടെ അകമ്പടിയോടെ വധൂ വരന്മാർക്ക് നേരെ എല്ലാവരും പൂവിതൾ എറിഞ്ഞ് സന്തോഷം പങ്കിട്ടു....തന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന അനിൽ കെട്ടിയ താലി അവളെ അവനെ കണ്ട അന്ന് മുതൽ ഇന്നീ നിമിഷം വരെ നടന്ന സംഭവങ്ങൾ ഓരോന്നായി ഓർമ്മിപ്പിച്ചു..... താലത്തിൽ വെച്ച പട്ടുസാരി അനിക്ക് കൈമാറി അവളുടെ സീമന്ത രേഖയിൽ അനിൽ കുങ്കുമം ചാർത്തി,,,,അനിലിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന അവളുടെ മിഴികൾ സജ്ജലമായി..... പിന്നീടവർ പരസ്പരം പൂമാലകൾ ചാർത്തി... എഴുന്നേറ്റു നിന്ന അനിയുടെ വലതു കൈ അനിൽ സാറിന്റെ വലതു കയ്യോട് ചേർത്ത് വെച്ചു കൊണ്ട് അനിയുടെ അച്ഛൻ ഇരുവരെയും ചേർത്ത് പിടിച്ചു.... മണ്ഡപത്തെ ഇരുവരും ഒരുമിച്ച് വലം വെച്ച് മംഗല്യ കർമ്മങ്ങൾ പൂർത്തിയാക്കി........ ************

കല്യാണം ഭംഗിയായി കഴിഞ്ഞതും മറ്റ് ചടങ്ങുകൾ പൂർത്തിയാക്കി എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി. പന്തലിൽ തിക്കും തിരക്കും ബഹളവും കൂടി..... അതിനിടയിൽ എല്ലാവരും ഒന്ന് വധൂ വരന്മാരുടെ അരികിൽ നിന്നും മാറിയ നേരം ആര്യ അവളുടെ അടുത്തേക്ക് ചെന്നു... ആര്യ അവളെ ഇറുകെ പുണർന്നു.. "ബ്രദറേ... എന്റെ അനിയെ നല്ലത് പോലെ നോക്കണം കേട്ടല്ലോ.. അവളുടെ കണ്ണ് നിറഞ്ഞാൽ... " "ഓ.. അറിയാമേ.. നീയെന്നെ വെച്ചേക്കില്ലല്ലോ... " ആര്യക്ക് അനിൽ സാർ ചിരിയോടെ മറുപടി കൊടുത്തതും അനിയും ചിരിച്ചു.. ആ സമയം അനിൽ അവളെ ചേർത്ത് നിർത്തി.. "ഒന്ന് കൊണ്ടും പേടിക്കേണ്ട.. ഈ വായാടിയെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം.. " "നോക്കിയില്ലേൽ സാർ വിവരമറിയും.. ഞങ്ങൾ ഏട്ടന്മാരുടെ കുഞ്ഞു പെങ്ങളാ അവൾ... " പെട്ടന്ന് അതും പറഞ്ഞ് ചിരിയോടെ അമിത് അക്ഷിതിനൊപ്പം അവരുടെ അടുത്തേക്ക് വന്നു... അവരെ കണ്ടതും അനി അവരുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ചു.. അവളെ ചേർത്ത് നിർത്തി കൊണ്ട് അമിത് അനിൽ സാറിനെ നോക്കി..

"ആഹാ.. ആങ്ങളമാരും ഈ ഫ്രണ്ട്ഉം കൂടി എന്നെ ഒരു വഴിക്കാക്കുമോ.. ഞാൻ അനിയെ കണ്ണ് നനയിക്കാതെ നോക്കിക്കൊള്ളാമേ... " കൈകൂപ്പി കൊണ്ട് അനിൽ സാർ അത് പറഞ്ഞതും എല്ലാവരും ഒരുമിച്ച് ചിരിച്ചു.. ആര്യയുടെ ചിരിക്കുന്ന മുഖം കണ്ട് അമിത് അവളെ തന്നെ നോക്കി... ആര്യയുടെ കണ്ണുകൾ അമിതിൽ ഉടക്കിയതും അവൾ പെട്ടന്ന് മുഖം തിരിച്ചു.... അതിനിടയിൽ അവർക്കിടയിലേക്ക് അമിതിന്റെ അമ്മയും അക്ഷരയും വന്നു.. അമ്മയെ കണ്ടതും അനി അമ്മയുടെ കാൽ തൊട്ട് വണങ്ങി. തലയിൽ കൈവെച്ച് അമ്മ അവളെ അനുഗ്രഹിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു ... "ഹായ്... അനീ.... " പെട്ടന്ന് അവരുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി വന്നതും എല്ലാവരുടെയും നോട്ടം അവനിലായി.... പരിചയം ഇല്ലാത്ത ആ മുഖം ആര്യ ശ്രദ്ധിച്ചു... ഒപ്പം അനിയുടെ മുഖം തെളിയുന്നതും.. "കിഷോർ.... ഇതെപ്പോ ലാൻഡ് ചെയ്തു... ചെറിയമ്മ പറഞ്ഞല്ലോ നിനക്ക് ലീവ് കിട്ടിയില്ല എന്ന്.. " "അതൊക്കെ ഞാൻ ഒപ്പിച്ചു. എന്റെ കുഞ്ഞു പെങ്ങളുടെ കല്യാണത്തിന് എനിക്ക് വരാതിരിക്കാൻ ആവുമോ..

നിനക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി.. അപ്പൊൾ ഹാപ്പി മാരീഡ് ലൈഫ് മൈ ഡിയർ അനി ആൻഡ് അളിയാ.. " അനി അവനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു.... "വാവീ.. സുജാത ചെറിയമ്മയുടെ മോനാണ്.. നിനക്കറിയില്ലേ.. അമേരിക്കയിൽ പഠിക്കുന്ന... നിനക്ക് കണ്ട ഓർമ കാണില്ല.... " ആര്യ തലയാട്ടി കൊണ്ട് അവനെ നോക്കി... കിഷോറിന്റെ നോട്ടവും ചിരിയും ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ അവൾ മുഖം തിരിച്ചു... അമിതിനെയും അക്ഷിതിനെയും പരിചയപ്പെടുത്തി കൊടുക്കുമ്പോഴും കിഷോറിന്റെ കണ്ണുകൾ ഇടയ്ക്കിടെ ആര്യയെ തഴുകി........... അമ്മയും പെങ്ങളും ഏട്ടന്മാരും കല്യാണപ്പെണ്ണിനോട് സംസാരിക്കുന്ന സമയം അമൻ ശിവ എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ണുകൾ കൊണ്ട് പരതുകയായിരുന്നു.. പെട്ടന്ന് അവളെ കണ്ടതും കാണാത്ത പോലെ അവൻ മറഞ്ഞു നിന്നു... അത് കണ്ട ശിവ അവന്റെ അടുത്തേക്ക് ചെന്നു "ഹലോ അമൻ... ഇപ്പോൾ വന്നേ ഉള്ളൂ.. ഭക്ഷണം കഴിക്കാൻ ഇരിക്കൂ ട്ടോ... "

അവളെ നോക്കാതെ തലയാട്ടി കൊണ്ട് അവൻ മുഖം തിരിച്ച് ഏട്ടന്മാരുടെ പിറകെ കൂടിയതും അവൾക്ക് ചിരി വന്നു... ഭക്ഷണം കഴിക്കുന്നതിനു മുൻപ് രണ്ടു മൂന്ന് ഫോട്ടോസ് എടുക്കാൻ അനിയേയും അനിലിനെയും സ്റ്റേജിലേക്ക് കയറ്റി .. ആര്യ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. അമിതും ഫാമിലിയും ഭക്ഷണം കഴിക്കാൻ പന്തലിലേക്ക് ചെന്നു .. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് അനിയേയും അനിലിനെയും കൊണ്ട് ആര്യ പന്തലിലേക്ക് നടന്നു.. ഓരോ നിമിഷം കൂടും തോറും അനിയിലെ ഉത്സാഹവും ഉന്മേഷവും കുറഞ്ഞു വരികയായിരുന്നു... പന്തലിൽ എത്തിയ അവൾ അമ്മയോ അച്ഛനോ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ണുകൾ കൊണ്ട് തിരഞ്ഞു.... തിരക്കിനിടയിൽ വിയർത്തൊലിച്ച് ഓടി നടക്കുന്ന അച്ഛനെ കണ്ടപ്പോൾ അവളുടെ ഉള്ളം വിങ്ങി പൊട്ടി.. ചോറ് ഒരു വറ്റ് പോലും ഇറക്കാൻ പറ്റാത്ത വിധം ചങ്കിൽ വേദന പിടിമുറുക്കിയിരുന്നു.. എങ്കിലും ചിരിച്ചു കൊണ്ടവൾ പതിയെ ഭക്ഷണം കഴിക്കാൻ തുടങ്ങി.. ആ സമയം അവിടേക്ക് ശിവയും അമ്മയും അച്ഛനും വന്നു... ആര്യ അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു.. "എന്താ അമ്മേ.. കല്യാണം കഴിഞ്ഞ പാടെ ചേച്ചി ആളാകെ മാറിയോ.. സാധാരണ വാരി വലിച്ചു തിന്നുന്ന ചേച്ചി തന്നെയാണോ ഈ ചിക്കി ചികഞ്ഞിരിക്കുന്നെ.

.." ശിവ ചിരിച്ചു കൊണ്ട് പറഞ്ഞതും അനി അവളെ നോക്കി കണ്ണുരുട്ടി .. ഞാൻ എല്ലാം പറഞ്ഞ് നാറ്റിക്കും എന്ന അർത്ഥത്തിൽ അവൾ അനിയെ നോക്കി... "പാവം ചേച്ചി.. എല്ലാവരും ഉണ്ടായിട്ടാണെന്ന് തോന്നുന്നു .... അടുക്കളയിൽ പോയി നല്ലവണ്ണം വെട്ടി വിഴുങ്ങണോ ചേച്ചീ... " "അമ്മേ... ദേ ഇവൾ... " അനി കൊഞ്ചിയതും അമ്മ ശിവയുടെ കയ്യിൽ പിച്ചി.. അനിൽ സാർ ചിരിച്ചിരിക്കാണ്... "ഒന്ന് മിണ്ടാതിരി ശിവാ... " "ഓ. ഞാൻ മിണ്ടുന്നില്ലേയ്... ചേച്ചിയുടെ ഈ നാണം കണ്ട് പറഞ്ഞു പോയതാ.. " "അവളുടെ കല്യാണം അല്ലേ.. നാണം വന്നാലും തെറ്റില്ല... എന്റെ മോള് കഴിച്ചേ.." വാത്സല്യത്തോടെ അച്ഛൻ പറഞ്ഞതും അനി ചിരിച്ചു... വേദന നിറഞ്ഞയാ ചിരിയിലും അവൾക്ക് ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല... പന്തലിൽ നിന്ന് അച്ഛനെ വിളിച്ചതും അച്ഛൻ പോയി... എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ .. ശിവ ആകെ ഓടി ചാടി നടക്കുന്നുണ്ട്.. ആര്യ അനിയുടെ കൂടെ നിഴലായി തന്നെയുണ്ട്..

എല്ലാവരും സന്തോഷത്തോടെ സംസാരത്തിൽ ഏർപ്പെടുന്നത് നോക്കി ഇരുന്ന അനിയുടെ ഹൃദയം ഉരുകുകയായിരുന്നു.. ഈ ഭക്ഷണം കഴിക്കൽ കൂടി കഴിഞ്ഞ് ഏതാനും നിമിഷങ്ങൾ മാത്രം.. അതിന് ശേഷം വിടവാങ്ങൽ ആണെന്ന് ഓർത്ത്‌ അവൾ തേങ്ങി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി കൊണ്ട് അനി അനിലിന്റെ കൂടെ എണീറ്റു... ആര്യയോടൊപ്പം തനിച്ച് കുറച്ചു സമയം ഇരിക്കാൻ അവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു... എന്നാൽ പിന്നീട് ഫോട്ടോ ഷൂട്ടിനായി മറ്റൊരു ഡ്രസ്സ്‌ അണിയാനായി അനിയെ അനിലിന്റെ വീട്ടുകാർ റൂമിലേക്ക് കൊണ്ട് പോയി.. സിമ്പിൾ ഗോൾഡൻ കളർ കസവു സാരിയും അതിനിണങ്ങിയ ആഭരണങ്ങളും ധരിച്ച് അനി അനിലിന്റെ കൂടെ ക്യാമറക്ക് മുന്നിൽ നിന്നു.. പിന്നെ മണിക്കൂറുകൾ നീണ്ട ഫോട്ടോസ് എടുക്കൽ ആയിരുന്നു. അനിയുടെ കുടുംബവും അനിലിന്റെ കുടുംബവും അവരോടൊപ്പം നിന്ന് ഫോട്ടോസ് എടുത്തു.. കൂടെ അമിതും ഫാമിലിയും നിന്നു.. ഒരുപാട് നേരമായുള്ള ഫോട്ടോ എടുക്കലിൽ അനി ആകെ തളർന്നിരുന്നു.. പോകാനുള്ള സമയം അടുക്കും തോറും ആ തളർച്ച കൂടി.. ആദ്യമൊക്കെ ചിരിച്ചു കൊണ്ട് പോസ് ചെയ്ത അവൾ പിന്നെ പിന്നെ വാടിയ മുഖവുമായി ക്യാമറക്ക് മുന്നിൽ നിന്നു..

ദൂരെ നിന്ന് ആര്യ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു... അവളുടെ ചങ്കും പിടഞ്ഞു തുടങ്ങിയിരുന്നു....നിസ്സഹായയായി നോക്കി നിൽക്കാനേ ആര്യക്കും കഴിഞ്ഞിരുന്നുള്ളൂ.. തന്നെ കണ്ടാൽ തന്റെ മുഖം കണ്ടാൽ അനി പിടിച്ചു വെച്ച കണ്ണുനീർ മുഴുവൻ ഒഴുക്കുമോ എന്ന ഭയത്താൽ അവൾ പന്തലിലേക്ക് നടന്നു... പെട്ടന്ന് ആരോ അവളെ പിന്തുടരുന്ന പോലെ അവൾക്ക് തോന്നി..തിരിഞ്ഞു നോക്കിയ അവൾ കണ്ടത് അമേരിക്കയിൽ നിന്നും വന്ന അനിയുടെ കസിനെയാണ്... അവന്റെ ഒരുമാതിരിയുള്ള നോട്ടം ആര്യക്ക് പിടിച്ചില്ല... അവനെ മൈൻഡ് ചെയ്യാതെ അവൾ തിരിഞ്ഞു നടന്നു... പന്തലിൽ ഓരോ സ്ഥലത്തും തന്റെ പിറകെ അവൻ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.. കല്യാണം ആയത് കൊണ്ട് മാത്രം ആര്യ ദേഷ്യം അടക്കി പിടിച്ചു... അവനിട്ട് ഒന്ന് കൊടുക്കാൻ കൈ തരിച്ചെങ്കിലും വേണ്ടെന്ന് വെച്ചു..... പന്തലിൽ നിന്ന് ആകെ വിയർത്തൊലിച്ചതിനാൽ ആര്യ മുഖം കഴുകാനായി ബാത്‌റൂമിലേക്ക് പോയി.. മുഖം വാഷ് ചെയ്തു കൊണ്ട് അവൾ തന്റെ റൂമിലേക്ക് പോയി.. അവളുടെ വീട്ടിൽ അധികമാരും ഉണ്ടായിരുന്നില്ല.. റൂമിൽ എത്തിയ അവൾ മുഖം തുടച്ച് കണ്ണെഴുതി.... തിരക്കിനിടയിൽ അൽപ്പം തനിച്ചിരിക്കാൻ തോന്നി

എങ്കിലും അനിയുടെ കൂടെ ഇപ്പോൾ താൻ വേണമെന്നും ഇനി ഇങ്ങനെ കൂടെ നടക്കാൻ അവൾ ഇവിടെ ഉണ്ടാവില്ല എന്ന ചിന്ത അവളെ മുറിയിൽ നിന്നും വെളിയിൽ ഇറക്കി... പന്തലിലേക്ക് ഇറങ്ങാൻ നിന്നതും പെട്ടന്ന് കിഷോർ അവളുടെ മുന്നിൽ വന്നു... "ഹേയ്.. തന്നെ ശെരിക്ക് പരിചയപ്പെടാൻ കഴിഞ്ഞില്ല..ഞാൻ കിഷോർ... " കൈ നീട്ടി കൊണ്ട് അവൻ ചിരിച്ചു... ആര്യ എന്ന് മാത്രം പറഞ്ഞു കൊണ്ട് കൈ കൊടുക്കാതെ അവൾ പോകാൻ നിന്നതും അവൻ അവളെ തടഞ്ഞു കൊണ്ട് മുന്നിൽ കൈവെച്ചു.. "എവിടെക്കാ ഈ പോകുന്നത്... നമുക്ക് വിശദമായി ഒന്ന് പരിചയപ്പെടാമെന്നെ.. ഇവിടെ എനിക്ക് പറ്റിയ കൂട്ടൊന്നും ഇല്ല... താനിവിടെ ഇരിക്ക്... നമുക്ക് കുറച്ചു സമയം സംസാരിക്കാം.. " അവന്റെ ഓരോ വാക്കും നോട്ടവും അവൾക്ക് അരോചകമായി തോന്നി... അവളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.. "കൈമാറ്റ്... " കോപത്തോടെ അവൾ പറഞ്ഞെങ്കിലും മാറ്റിയില്ലെങ്കിൽ എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി... സാരി ചുറ്റി മുന്നിൽ നിൽക്കുന്ന അവളെ അടിമുടി തലയാട്ടി കൊണ്ടവൻ നോക്കി കൊണ്ടിരുന്നതും ആര്യ ശക്തിയിൽ അവന്റെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നു..

"അങ്ങനെ അങ്ങ് പോയാലോ.. " അവളുടെ പ്രവർത്തി ഇഷ്ടപ്പെടാത്ത കിഷോർ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. അടുത്ത നിമിഷം...... കിഷോർ ചുമരിലേക്ക് ആഞ്ഞുന്തപ്പെട്ടു... അവനിലേക്കൊരു നോട്ടം നോക്കി ആര്യ പോയതും കവിളിൽ കൈ വെച്ച് കിഷോർ പേടിയോടെ അവളെ നോക്കി..എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അവനു ഇത്തിരി സമയം എടുത്തു.... വേദനയോടെ വായ തുറന്നതും ഒലിച്ചു വരുന്ന ചോരയിലൂടെ ഇളക്കിയ പല്ല് അവന്റെ കൈകളിൽ വന്നു വീണു.... ************ ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ ആര്യ തിരികെ അനിയുടെ അടുത്തേക്ക് ചെന്നു... ഫോട്ടോ എടുക്കൽ അവസാനത്തോട് അടുത്തിരുന്നു... ഇനി മതിയെന്ന് അനിലിന്റെ അമ്മ പറഞ്ഞതും ആര്യ അവളുടെ അടുത്തേക്ക് ചെന്നു... ദയനീയമായ കണ്ണുകളോടെ അനി അവളെ നോക്കി എങ്കിലും അവളെ നോക്കാതെ ആര്യ അനിൽ സാറുമായി ചിരിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു... "ഇനി വൈകിക്കേണ്ട... പോകാം മോനേ.. " അനിലിന്റെ അമ്മ പറഞ്ഞതും അനിയുടെ ഹൃദയമിടിപ്പ് വർധിച്ചു..

എന്തൊക്കെയോ കണ്ണുകളിൽ ഒളിപ്പിച്ചു കൊണ്ട് അവൾ ആര്യയെ നോക്കി.. ആര്യയുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.. അവൾ അനിയിൽ നിന്നും മാറി നിന്നു.. പോവല്ലേ എന്ന് പറയാൻ നിൽക്കവേ അനിലിന്റെ അമ്മ അവളെ കൈപിടിച്ച് കൊണ്ട് സ്റ്റേജിൽ നിന്നും ഇറക്കി..... പിന്നീടുള്ള നിമിഷങ്ങൾ വിടവാങ്ങലിന് ഉള്ളതായിരുന്നു.. അനിയുടെ ഉള്ളം പിടഞ്ഞു തീർന്നിരുന്നു അപ്പോഴേക്കും... ഓരോരുത്തരും വന്ന് സന്തോഷത്തോടെ പോയി വാ എന്ന് പറയുമ്പോഴും അവൾ തേടിയത് അച്ഛനെയും അമ്മയെയും ആയിരുന്നു.. ഇരുവരെയും കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അനിയും അനിലും ഒരുമിച്ച് അച്ഛന്റെ കാലു തൊട്ട് വണങ്ങിയതും ഇരുവരെയും അച്ഛൻ എണീപ്പിച്ചു നിർത്തി.. "സന്തോഷത്തോടെ പോയി വാ മക്കളെ.. " നെഞ്ചിൽ തിങ്ങിയ സങ്കടം മറച്ചു വെച്ച് അച്ഛൻ പുഞ്ചിരിച്ചെങ്കിലും അനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. ഇത്രയും നേരം അവൾ പിടിച്ചു വെച്ച കണ്ണുനീർ അണപൊട്ടി ഒഴുകി.. "അച്ഛാ..... "

അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു... ഇരു കൈ കൊണ്ടും അവളെ വലയം ചെയ്ത് തലയിൽ തലോടി ആശ്വസിപ്പിക്കുമ്പോൾ ആ അച്ഛന്റെ കണ്ണുകളും നിറഞ്ഞൊഴുകി കൊണ്ടിരുന്നു... നെഞ്ചിൽ നിന്നും പിടി വിടാതെ, ഈ തണലിൽ നിന്നെനിക്ക് എങ്ങോട്ടും പോകേണ്ടെന്ന് പറയാതെ പറഞ്ഞു കൊണ്ടവൾ അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ച് പൊട്ടിക്കരഞ്ഞു.. എല്ലാവരും വന്നവളെ ആശ്വസിപ്പിച്ചു കൊണ്ട് പിടിച്ചു മാറ്റാൻ നോക്കി എങ്കിലും അവൾ ചെറിയ കുട്ടിയെ പോലെ അച്ഛന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു.. "അനീ...മോളേ.. എന്തായിത്.. സന്തോഷത്തോടെ പോയി വാ നീ.. കരയല്ലേ മോളേ... " അച്ഛന്റെ ഉള്ളിലെ സങ്കടം വാക്കുകളിൽ പതർച്ച വരുത്തി..അനി പിടി വിടാതെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. അനിൽ സാർ അവൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതി മാറി നിന്നു... മാമൻ വന്ന് ബലം പ്രയോഗിച്ചു കൊണ്ട് അനിയെ പിടിച്ചു മാറ്റി.... കുടുംബത്തിലെ ഓരോരുത്തരും വന്ന് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു..

അപ്പോഴും തേങ്ങലോടെ അവൾ അച്ഛനെ നോക്കുവായിരുന്നു.. അരികിൽ നിൽക്കുന്ന അമ്മ സാരി തലപ്പ് കൊണ്ട് മുഖം തുടക്കുന്നത് കണ്ടതും അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു... കരയാതെ പിടിച്ചു വെച്ച അമ്മയുടെ മുഖം കണ്ട് അവൾ തേങ്ങി..മകളുടെ തേങ്ങൽ കേട്ടതും അമ്മ അവളെ വാരിപ്പുണർന്നു.. താൻ കരഞ്ഞാൽ അവളും കരയും എന്നതിനാൽ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്ത് കരയല്ലേ എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു.. പക്ഷേ.. കരയാതിരിക്കാൻ അവൾക്കായില്ല.. സങ്കടം വീണ്ടും തേട്ടി വന്നതും അവളുടെ കണ്ണുകൾ ആര്യയെ തിരഞ്ഞു... തന്നെ കാണാതെ മറഞ്ഞു നിൽക്കുന്ന ആര്യയെ കണ്ട് അവൾ നിറഞ്ഞ കണ്ണുകൾ കൊണ്ട് ആര്യയെ നോക്കി.. ആര്യ സങ്കടം കടിച്ചു പിടിച്ചു നിൽക്കുവായിരുന്നു... അവൾ അനിയുടെ കണ്ണുകൾ തുടച്ചു.. "അനീ.. കരയരുത്.. സന്തോഷത്തോടെ വേണം നീ വീട്ടിൽ നിന്നും ഇറങ്ങാൻ... എന്നും ഞാൻ നിന്റെ കൂടെ തന്നെ കാണും.. " കരയാതെ ആര്യ അവളെ സമാധാനപ്പെടുത്തി..

ആര്യയുടെ അടുത്ത് നിന്ന അമിതും അക്ഷിതും അവളെ ചേർത്ത് നിർത്തി.. തന്റെ സ്വന്തം ഏട്ടന്മാരെ പോലെ അവരെ കെട്ടിപിടിച്ചു കൊണ്ട് അനി കരഞ്ഞു.. അവളുടെ കണ്ണുനീർ അമിതിലും അക്ഷിതിലും ഒരുപാട് സങ്കടം ഉണ്ടാക്കി.. എങ്കിലും ചിരിച്ചു കൊണ്ട് തന്നെ അവർ അവളെ യാത്രയാക്കി.. "ചേച്ചീ... കരഞ്ഞൊലിപ്പിക്കാതെ പോയേ... അച്ഛാ ചേച്ചിയെ വേഗം പറഞ്ഞയക്ക്.. ഈ ശിവ ഇനി വാഴട്ടെ ഇവിടെ.. " പാതി കരഞ്ഞും പാതി ചിരിച്ചും ശിവ പറഞ്ഞതും അനിയും കരഞ്ഞും ചിരിച്ചും അവളുടെ കയ്യിൽ മുറുകെ പിടിച്ചു.... ഇനി പോകാമെന്നു പറഞ്ഞ് അനിയെ അനിലിന്റെ അമ്മ കൈ പിടിച്ചതും എന്നെ പറഞ്ഞയക്കല്ലേ അച്ഛാ എന്ന അർത്ഥത്തിൽ അനി അച്ഛനെ നോക്കി.. അപ്പോഴേക്കും അനിയെ കാറിൽ കയറ്റിയിരുന്നു... കണ്ണുനീർ വീണ്ടും അവളിൽ ചാലിട്ടൊഴുകി.. പുറത്തേക്ക് തലയിട്ടവൾ എല്ലാവരെയും നോക്കി.. ആര്യ ചിരിക്കെന്ന് പറഞ്ഞ് ആംഗ്യം കാണിച്ചതും അവൾ നേർത്ത ചിരിയോടെ കണ്ണുകൾ നിറച്ച് അവളെ നോക്കി കൈവീശി..

കാർ വീട്ടിൽ നിന്നും അകലും തോറും ആ വീട്ടിലെ കളി ചിരികളുടെ ഓരോ ഓർമകൾ അവളുടെ കണ്ണിനെ വീണ്ടും വീണ്ടും ഈറനണിയിച്ചു.. അരികിൽ ഇരുന്ന അനിൽ അവളുടെ കൈ മുറുകെ പിടിച്ചതും അവളുടെ കരച്ചിൽ ശക്തിയായി..... ************ അനിയുടെ കാർ കൺമുന്നിൽ നിന്ന് മറഞ്ഞതും ഓരോരുത്തരും ഓരോ വഴിക്ക് പോയി.. ആര്യ മാത്രം അവിടെ നിന്നും അനങ്ങാൻ ആവാതെ നിന്നു.. തന്റെ പ്രാണൻ തന്നിൽ നിന്ന് അകന്ന വേദനയോടെ അവൾ തരിച്ചു നിന്നു.. താൻ കരഞ്ഞാൽ അനിയും കരയും പിന്നെ ആ കരച്ചിൽ നിയന്ത്രിക്കാൻ ആവില്ല എന്നറിയാവുന്നത് കൊണ്ട് പിടിച്ചു വെച്ച കണ്ണുനീർ ധാര ധാരയായി ഒഴുകി... ആ സമയം ആരോ അവളുടെ കയ്യിൽ മുറുകെ പിടിച്ചതും അവൾ തല ചെരിച്ചു നോക്കി.. തന്നെ നോക്കാതെ മുന്നിലേക്ക് നോക്കുന്ന അമിതിനെ കണ്ടതും അവൾ ഒന്ന് തേങ്ങി... അവളെ ആശ്വസിപ്പിക്കുന്ന പോലെ ആ കൈ ഒന്നൂടെ മുറുകിയതും അവൾ കണ്ണുകൾ അടച്ചു... പതിയെ കൈ അയഞ്ഞതും അവൾ കണ്ണുകൾ തുടച്ച് തന്റെ വീട്ടിലേക്ക് ഓടി..

അവളുടെ പോക്ക് കണ്ട അമിത് പിന്തിരിഞ്ഞു നിന്ന് അവൾ പോകുന്നത് നോക്കി നിന്നു... റൂമിൽ എത്തിയ ആര്യ വാതിൽ അടച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു... അനി തന്നെ വിട്ട് പോയതിൽ ഉള്ളകം നീറി ആ വേദനയിൽ അവൾ ഉരുകി... കണ്ണുനീർ അവൾക്ക് നിയന്ത്രിക്കാൻ ആവാതിരിക്കെ പെട്ടന്ന് അവളുടെ ഫോണിലേക്കൊരു മെസ്സേജ് വന്നു... കണ്ണ് തുടച്ചു കൊണ്ടവൾ ഓപ്പൺ ആക്കിയതും ആ ശബ്ദം അവളുടെ ഹൃദയത്തിലെ നോവിനെ തുടച്ചു മാറ്റി... അനി പോയതിൽ താൻ തനിച്ചായെന്ന അവളുടെ ചിന്തയെ മാറ്റി, എപ്പോഴും കൂടെ ഉണ്ടാവും എന്നുറപ്പ് പോലെ ആ സ്വരങ്ങൾ അവളിലേക്ക് ഒഴുകി........... തുടരും..

 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story