ആത്മരാഗം💖 : ഭാഗം 83

athmaragam thanseeh

രചന: തൻസീഹ് വയനാട്

വീടും പന്തലും പരിസരവുമാകെ മൗനം തളം കെട്ടി നിൽക്കുന്നു... കളി ചിരി കുസൃതി കുറുമ്പുകളാൽ വീട്ടിൽ ഓടി നടന്നവൾ മറ്റൊരിടത്തേക്ക് യാത്ര ആയതിൽ എല്ലാവരെയും പോലെ ആ വീടും തേങ്ങിയിരിക്കാം.. ആരുടെ മുഖത്തും സന്തോഷത്തിന്റെ വെട്ടമില്ല.. ദുഃഖം എല്ലാവരിൽ നിന്നും മറച്ചു വെക്കാൻ അനിയുടെ അച്ഛൻ പന്തലിൽ ഓരോ ജോലികളിൽ ഏർപ്പെട്ടു... ശിവ ഒരു മൂലയിൽ ഒതുങ്ങിയിട്ടുണ്ട്.. എത്രയൊക്കെ അടിപിടി കൂടിയാലും തന്റെ ജീവനായ ചേച്ചിയുടെ അഭാവം അവളെ തളർത്തിയിട്ടുണ്ട്... കുടുംബക്കാർ ഓരോരുത്തരും പോയി തുടങ്ങി.... തന്റെ കണ്ണുകൾ നിറഞ്ഞാൽ മകളുടെ കരച്ചിൽ നിൽക്കില്ലെന്നോർത്ത് കണ്ണീരിനെ പിടിച്ചു വെച്ച അമ്മ അകത്തളത്തിൽ പോയി ആരും കാണാതെ തേങ്ങി കരയുകയാണ്.. കൂടെ ഓരോ ജോലി ചെയ്യുന്നുമുണ്ട്.. എന്നാൽ ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്നില്ലെന്നത് സത്യം.... അനിയുടെ ഓരോ കുറുമ്പും അമ്മയുടെ മനസ്സിൽ തെളിയും തോറും ആ അമ്മ മനസ്സ് കൂടുതൽ ഉരുകാൻ തുടങ്ങി...

മകൾക്ക് നല്ലൊരു ജീവിതമാണ് കൈവന്നതെങ്കിൽ പോലും തന്റെ ചൂട് പറ്റി നടന്നൊടുവിൽ വിട്ട് പോവുമ്പോൾ പറഞ്ഞയക്കേണ്ടിയിരുന്നില്ല എന്ന് വരെ ആ നിമിഷം തോന്നിപോവും.... പരസ്പരം ആരും ഒന്നും മിണ്ടാതെ എല്ലാവരും അവരുടേതായ ലോകത്ത് ആണെന്ന് കണ്ടതും അമിതിന്റെ അമ്മ പോകാനായി എഴുന്നേറ്റു.. "അമീ... ഇനി പോകാം.. " പോകാമെന്ന് അമിത് തലയാട്ടിയതും അക്ഷിത് അക്ഷര കുട്ടിയുടെ കൈ പിടിച്ച് എഴുന്നേറ്റു... അവരുടെ അമ്മ അനിയുടെ അമ്മയോട് യാത്ര പറയാനായി അകത്തേക്ക് കയറി.. അക്ഷിതും അമിതും ആര്യയുടെ അച്ഛന്റെ അടുത്തേക്കും അനിയുടെ അച്ഛന്റെ അടുത്തേക്കും ചെന്നു... എന്തൊക്കെയോ സംസാരിച്ച ശേഷം അവർ പുഞ്ചിരിയോടെ പരസ്പരം കൈ കൊടുത്തു... ആര്യയുടെ അച്ഛൻ ജീവൻ ഇരുവരെയും ആലിംഗനം ചെയ്തു.... അനിയുടെ അച്ഛനോട് പോയ് വരാമെന്ന് പറഞ്ഞതും സ്നേഹത്തോടെ അച്ഛൻ തലയാട്ടി.... അവർ കാറിൽ കയറിയതും നിറഞ്ഞ മനസ്സോടെ പുഞ്ചിരിയോടെ ജീവൻ അവരെ യാത്രയാക്കി..

ആര്യയെ കണ്ട് യാത്ര പറയണം എന്നുണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സ് ആകെ വിഷമിച്ച അവസ്ഥയിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവർ അവളോട്‌ യാത്ര പറയാൻ നിന്നില്ല.. അവർ കാറിൽ കയറി ഗേറ്റ് കടന്നു പോയതും ആര്യ അവളുടെ വീടിന്റെ ഉമ്മറത്തേക്ക് വന്ന് വാതിൽ ചാരി നിന്ന് അവരുടെ കാർ പോകുന്നത് നോക്കി.... കയ്യിൽ പിടിച്ച ഫോൺ നെഞ്ചിൽ വെച്ചു കൊണ്ട് നനഞ്ഞ മിഴികൾ അടച്ചവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.... എത്ര ശ്രമിച്ചിട്ടും അവൾക്കതിന് കഴിഞ്ഞില്ല... കണ്ണീർ വാർക്കുന്ന അനിയുടെ കണ്ണുകൾ ആയിരുന്നു അവളുടെ മനസ്സിൽ നിറയെ... അനിൽ സാറിനെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു.. എന്നാൽ അവരിപ്പോഴും അവിടെ എത്തിയിട്ടുണ്ടാവില്ല എന്നും അനിയുടെ ഗൃഹ പ്രവേശനം കഴിഞ്ഞ് വിളിക്കാമെന്നും അവൾ മനസ്സിൽ കരുതി.... അനിയുടെ വീട്ടിൽ ഒരുപാട് ജോലി ഉള്ളതിനാൽ അമ്മയെ സഹായിക്കാൻ പോകാനായി അവൾ കണ്ണുകൾ തുറന്ന് വീട്ടിൽ നിന്നും ഇറങ്ങി..

മതിൽ കടന്ന് അനിയുടെ വീട്ടിൽ എത്തിയതും കണ്ടത് ഒടിഞ്ഞ കൈയുമായി കസേരയിൽ ഇരിക്കുന്ന കിഷോറിനെയാണ്.. കൈ താഴ്ത്തി ഇടാൻ കഴിയാതെ വേദനകൊണ്ട് പുളയുന്ന അവന്റെ അരികിൽ അവന്റെ അമ്മയും പിന്നെ വേറെ പലരും ഉണ്ട്... "നോക്കിയും കണ്ടുമൊക്കെ നടന്നൂടെ.. ഫോണിലേക്കും കണ്ണും നട്ടിട്ടല്ലേ തട്ടിത്തടഞ്ഞു വീണത്.. " ഉഴിയുന്നതോടൊപ്പം അവന്റെ അമ്മ പറഞ്ഞത് കേട്ട് ആര്യ അവരുടെ അടുത്തേക്ക് ചെന്നു... ആര്യയെ കണ്ടതും കിഷോർ അവളെ ഒന്ന് നോക്കി ഉടൻ നോട്ടം മാറ്റി.. അവന്റെ കണ്ണുകൾ കണ്ടാൽ അറിയാം ഭീതി നിഴലിച്ചിട്ടുണ്ടെന്ന്. "മോളേ.. മോള് അടുക്കളയിൽ പോയി ചൂട് വെള്ളം കൊണ്ട് വരാമോ.. " അവന്റെ അമ്മ ആര്യയോട് പറഞ്ഞതും തലയാട്ടി കൊണ്ട് അവൾ നടന്നു... കിഷോറിനെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിയ അവൾ മനസ്സിൽ പല ചോദ്യങ്ങളും ചോദിച്ചു കൊണ്ടിരുന്നു... അവൻ തട്ടി തടഞ്ഞു വീണതല്ലെന്ന് ഉറപ്പാണ്...

താൻ അവന്റെ കൈ തട്ടി മാറ്റി അവന്റെ മുഖത്തേക്കൊന്ന് കൊടുത്ത് അവിടെ നിന്ന് പോയതിന് ശേഷം അനി പോകാൻ നേരമൊക്കെ ഒരു കുഴപ്പവും ഇല്ലാതെ അവനെയും പന്തലിൽ കണ്ടിരുന്നു.. അപ്പോൾ താൻ അല്ല അവന്റെ ഈ അവസ്ഥക്ക് കാരണം... പിന്നെ എന്താവും.... എന്തിനാ അവൻ പേടിയോടെ നോക്കിയത്... ഉത്തരമില്ലാത്ത ചോദ്യങ്ങൾ നെറുകിൽ കയറിയതും എന്തെങ്കിലും ആവട്ടെ എന്നും അവന്റെ ശല്യം ഇന്നത്തോടെ തീരുമല്ലോ എന്നും ഓർത്തവൾ അടുക്കളയിലേക്ക് നടന്നു.... ************ അൽപ ദൂര യാത്രക്ക് ശേഷം അനിൽ സാറിന്റെ വീട് എത്തിയതും കരഞ്ഞു കലങ്ങിയ മിഴികളോടെ അനി കാറിൽ നിന്നും ഇറങ്ങി..വീട്ടിലെ അവസാനത്തെ കല്യാണം ആയത് കൊണ്ട് തന്നെ വലിയ കല്യാണം ആയിരുന്നു അവിടെ.. ഒരുപാട് പേർ പുതു പെണ്ണിനെ കാണാനായി തിരക്ക് കൂട്ടി.. കരഞ്ഞു കൊണ്ട് പുതു ജീവിതത്തിലേക്ക് കാലെടുത്തു വെക്കേണ്ടല്ലോ എന്ന് കരുതി അനി ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു.. അനിലിന്റെ അമ്മ വന്ന് നിലവിളക്ക് അവളുടെ കയ്യിൽ കൊടുത്തതും അനിൽ സാറിന്റെ കൂടെ വലതു കാൽ വെച്ച് അനി അകത്തേക്ക് കയറി.....

അനിലിന്റെ കുടുംബക്കാർ അനിയെ പരിചയപ്പെടാനായി വന്നു കൊണ്ടിരുന്നു.. പരിചയമില്ലാത്ത ആളുകൾ ആയതിനാലും നന്നേ ക്ഷീണിച്ചതിനാലും അനി അവരോടൊക്കെ ചിരിച്ചു എന്നല്ലാതെ കൂടുതൽ ഒന്നും മിണ്ടിയില്ല... തന്റെ വീട്ടിൽ അച്ഛനും അമ്മയും ശിവയും ആര്യയും ഒക്കെ എന്ത് ചെയ്യുവായിരിക്കും ഇപ്പോൾ എന്നായിരുന്നു അവളുടെ മനസ്സിൽ... അവരെയൊക്കെ ഒന്ന് വിളിക്കാനും അവരുടെ ശബ്ദം കേൾക്കാനും അവൾക്ക് കൊതി തോന്നി... മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ അവിടെ നിന്നും തിരിച്ചിട്ട് എങ്കിലും ഒരുപാട് നാളുകളുടെ ദൈർഘ്യം അനിക്ക് അനുഭവപ്പെട്ടു..... അനിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയ അനിൽ സാർ അവളുടെ കയ്യിൽ പിടിച്ച് ആശ്വസിപ്പിച്ചു... വാക്കുകൾ കൊണ്ടല്ലെങ്കിലും നോട്ടം കൊണ്ടുള്ള ആ സമാധാനിപ്പിക്കൽ മാത്രം മതിയായിരുന്നു അനിക്ക് അവളുടെ ഹൃദയ വേദന കുറയാൻ... തിരക്കുകൾ എല്ലാം ഒഴിഞ്ഞതും അനിയെ വേഷം മാറ്റാനായി മുറിയിലേക്ക് കൊണ്ട് പോയി... തനിച്ചായപ്പോൾ അവളുടെ സങ്കടം വർധിച്ചു..

വീണ്ടും മിഴികൾ നിറഞ്ഞു കവിയാൻ തുടങ്ങി.. അലങ്കരിച്ച ആ മണിയറക്കുള്ളിൽ ഇരുന്നവൾ തന്റെ പ്രിയപ്പെട്ടവരെ ഓർത്ത് തേങ്ങി.... വേഷം മാറി ചുരിദാർ ധരിച്ച് കണ്ണുകൾ തുടച്ച് ഉള്ളിലെ സങ്കടം മറച്ച് പുറമെ പുഞ്ചിരിച്ചു കൊണ്ടവൾ റൂമിൽ നിന്നും ഇറങ്ങി... അനിൽ അവൾ വരാൻ കാത്ത് നിൽക്കുകയായിരുന്നു.... അനിയെ കണ്ടതും അനിൽ അവളുടെ അടുത്തേക്ക് ചെന്നു... "ഇങ്ങനെ കരഞ്ഞൊലിപ്പിക്കുന്ന അനിയെ കാണാൻ ഭംഗിയില്ല.. വായാടിയായ ഒന്ന് പറഞ്ഞാൽ നാലെണ്ണം തിരിച്ചു പറയുന്ന ആ അനിയെ മതി ഈ വീടിന്.. വേഗം ഈ സങ്കടമൊക്കെ മാറ്റിക്കോ... " ചിരിച്ചു കൊണ്ട് അനിൽ അവൾക്ക് നേരെ ഫോൺ നീട്ടി.. വീട്ടിലേക്ക് വിളിക്കാൻ വേണ്ടി പറഞ്ഞതും അനിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. "വിളിക്കുന്നതൊക്കെ കൊള്ളാം.. പക്ഷേ വിളിച്ചു കഴിഞ്ഞ് പിന്നേം ഇരുന്ന് കരയരുത്... കേട്ടല്ലോ.... " അനിയുടെ തലക്ക് ഒന്ന് കൊട്ടി കൊണ്ട് വിളിക്കെന്ന് ആംഗ്യം കാണിച്ചു കൊണ്ട് അനിൽ അവിടെ നിന്നും പോയി... തന്റെ മനസ്സ് മനസ്സിലാക്കിയ അനിലിനെ അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു..

പിന്നെ മറ്റൊന്നും ആലോചിക്കാതെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു... ************* "അമ്മേ.... ദേ.. അനി ചേച്ചി വിളിക്കുന്നു.... " ആളും ആരവവും ഒതുങ്ങി ഒടുവിൽ വീട് പഴയ പോലെ ആയി.... ഒഴിഞ്ഞ പന്തലും ശോക മൂകമായ വീടിനുള്ളവും മൗനം തളം കെട്ടി നിന്നു.. എല്ലാവരും പോയതും ശിവയും അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി... അപ്പോഴാണ് അനിയുടെ ഫോൺ കാൾ എത്തുന്നത്...പുറത്ത് ചെലവുകളുടെ കണക്കുകൾ നോക്കുവായിരുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഫോണുമായി ശിവ ഓടി ചെന്നു.. അനിൽ സാറിന്റ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ വാടിയ അവരുടെ എല്ലാം മുഖം വിടർന്നു.. കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടതും മറു തലക്കെ നിശബ്ദതയായിരുന്നു.. "മോളേ... " അച്ഛന്റെ വാത്സല്യത്തോടെയുള്ള വിളി അനിയുടെ കാതിൽ എത്തിയതും അവളുടെ ചുണ്ടുകൾ വിതുമ്പി.. "അച്ഛാ... " തേങ്ങൽ അടക്കിയുള്ള ആ വിളി അച്ഛനിലും അമ്മയിലും ഒരുപോലെ സങ്കടം ജനിപ്പിച്ചു... "എടീ ചേച്ചീ... ഹോ.. ഇപ്പോൾ ഇവിടെ വല്ലാത്തൊരു സമാധാനം...

ഇനി ഇപ്പോൾ അടുത്തൊന്നും വരല്ലേ ട്ടോ... അവിടെ നിന്നോ...." "അയ്യോ ഡീ.. ആ പൂതി മനസ്സിൽ വെച്ചോ.. നാളെത്തന്നെ ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്.. അങ്ങനെയിപ്പോ മോള് സുഖിക്കേണ്ട.. " "ഇനി വന്നിട്ടും കാര്യമില്ല.. ഇപ്പോഴെയ് ഞാനാ അച്ഛന്റെയും അമ്മയുടെയും മോള്.. " "അമ്മേ.... അവളെ വേഗം തറവാട്ടിലേക്ക് പറഞ്ഞയച്ചെ.... " രംഗം വീണ്ടും സങ്കടകടലിലേക്ക് വഴിമാറാൻ തുടങ്ങിയപ്പോൾ ശിവ ഫോൺ കൈക്കലാക്കി അനിയെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി.. അവളുടെ ഓരോ വാക്കുകൾ കേട്ട് അതിനനുസരിച്ചുള്ള മറുപടിയും പറഞ്ഞ് അനി അവളുടെ സങ്കടം പാടേ മറന്നു.... പിന്നെ കളി ചിരിയോടെ അനി എല്ലാവരോടും സംസാരിച്ചു... "ശിവാ... എവിടെ വാവീ.. എനിക്കവളോടും ഒന്ന് സംസാരിക്കണം.. " "മോളേ അനീ... വാവി ഇപ്പോൾ ഇവിടെ നിന്ന് പോയിട്ടേ ഉള്ളൂ.. കുളിക്കാൻ കയറിയിട്ടുണ്ടാവും.. നീ പിന്നെ അവളുടെ ഫോണിലേക്ക് വിളിക്ക്.. ഇപ്പോൾ തന്നെ ഒരുപാട് നേരം ആയില്ലേ.. ഇനി നീ വെക്ക്.. അവരൊക്കെ എന്ത് വിചാരിക്കും..

ഫോൺ വെച്ച് അവരോടൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്ക്.. " അമ്മ ഫോൺ വെക്കാൻ പറഞ്ഞതും മനസ്സില്ലാ മനസ്സോടെ അനി കാൾ കട്ടാക്കി.. ഇനിയും ഒരുപാട് വിശേഷങ്ങൾ പറഞ്ഞു തീരാത്ത പോലെ അവൾക്ക് തോന്നി.. കൂടെ ആര്യയോട് സംസാരിച്ചില്ലല്ലോ എന്ന സങ്കടവും.. എങ്കിലും അവരോടൊക്കെ കുറച്ചു സമയം സംസാരിച്ച് അവരുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അനിയുടെ സങ്കടം എല്ലാം മാഞ്ഞു പോയിരുന്നു.... പിന്നീട് അനി സാഹചര്യത്തോട് പൊരുത്തപ്പെട്ടു... അനിലിന്റെ അമ്മ അവളെയും വിളിച്ച് വീട്ടിലെ എല്ലാവരെയും പരിചയപ്പെടുത്തി.. പതിയെ പതിയെ അനി അനിലിന്റെ വീട്ടിലൊരാളായി മാറി... കല്ല്യാണതിരക്കെല്ലാം ഒഴിഞ്ഞ ശേഷം അനി ആര്യയെ വിളിച്ച് വാതോരാതെ സംസാരിച്ചു.. ആദ്യമൊക്കെ വിഷമം ഉള്ളിൽ വെച്ച് സംസാരിച്ചെങ്കിലും പതിയെ അവൾ സന്തോഷവതിയായി.. കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും തിരക്കുകളും വരും ദിവസങ്ങളിൽ തുടർന്നു.... എല്ലാം കഴിഞ്ഞ് അനിയും അനിലും പുതിയ ജീവിതത്തിലേക്ക് കടന്നു..

അനി വീണ്ടും വായാടിയായി അനിലിന്റെ വീട്ടിൽ പാറി നടന്നു.. ദിവസവും അവൾ വീട്ടിലേക്കും ആര്യക്കും വിളിച്ച് മണിക്കൂറുകൾ വിശേഷങ്ങൾ പറഞ്ഞിരിക്കും... അവൾ അവിടെ പൂർണ്ണ സന്തോഷവതിയാണെന്ന് ആര്യക്ക് ബോധ്യപ്പെട്ടു... പക്ഷേ.. ഇവിടെ ആര്യ അനിയില്ലാതെ ഓരോ ദിവസവും ഒറ്റപ്പെട്ടു... അവൾ ഒട്ടും സന്തോഷവതി ആയിരുന്നില്ല... ഡിഗ്രിക്ക് നല്ല മാർക്ക് കിട്ടിയിട്ടും തുടർന്ന് പഠിക്കാൻ ആര്യ താല്പര്യം കാണിച്ചില്ല... ആര്യ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കട്ടെ എന്ന് അവളുടെ അച്ഛനും വിചാരിച്ചു.. പൂർണമായും അച്ഛൻ അവളുടെ ജീവിതം അവൾക്ക് തന്നെ വിട്ട് കൊടുത്തു.... അനി പോയതിന്റെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ ആര്യ ഒരു ലോങ്ങ്‌ ട്രിപ്പ് പോവാൻ കൊതിച്ചു... തന്റേടിയായ മകളെ തനിച്ചു വിടുന്നതിൽ ജീവനും യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.. എന്നാൽ അനിയുടെ അമ്മ എതിര് പറഞ്ഞു.. ഒറ്റക്ക് പോകേണ്ടെന്ന് തീർത്തു പറഞ്ഞു... അമ്മയെ സോപ്പിട്ട് അനി പോയ വിഷമം ഒക്കെ പറഞ്ഞ് കരഞ്ഞു കാണിച്ചപ്പോൾ അമ്മ താഴ്ന്നു കൊടുത്തു...

ശിവയും കൂടെ വരുന്നെന്നു വാശി പിടിച്ചെങ്കിലും അവൾക്ക് ക്ലാസ്സ്‌ തുടങ്ങിയതിനാൽ അമ്മ വിട്ടില്ല... അങ്ങനെ നേരം പുലരുന്നതിനു മുന്നേ ആര്യ യാത്രയായി... വെയിലും മഴയും മഞ്ഞും മണ്ണും മലയും പുഴയും അരുവിയും എല്ലാം തൊട്ടറിഞ്ഞു കൊണ്ടുള്ള ആ യാത്ര ആര്യയുടെ മനസ്സ് തീർത്തും ശാന്തമാക്കി...കൂടെ ഫോണിലൂടെ ഉള്ള അവളുടെ ആ പ്രിയപ്പെട്ട ശബ്ദവും... അവൾ തികച്ചും സന്തോഷത്തോടെ നിമിഷങ്ങൾ തള്ളി നീക്കി... കാണാത്ത കാഴ്ചകൾ തേടിയുള്ള ആ യാത്ര ഒരാഴ്ച നീണ്ടു നിന്നു... തിരികെ വന്നപ്പോൾ എല്ലാ വിഷമവും പാടെ അവൾ മറന്നിരുന്നു.... എങ്കിലും വീട്ടിൽ നിൽക്കാൻ അവൾ തയ്യാറായില്ല.. ദിവസവും അവൾ ഓരോ യാത്ര പോയി.... നാളുകൾക്ക് ശേഷം അനി വീട്ടിൽ വിരുന്ന് വന്നപ്പോൾ അവിടെ ഒരു ആഘോഷം തന്നെയായിരുന്നു.. ഉറങ്ങി കിടന്ന വീട് വീണ്ടും ഉണർന്ന പോലെ..

അവൾ കൂടെ ഉള്ളതിനാൽ ആ ദിവസങ്ങളിൽ ആര്യ യാത്ര ഒഴിവാക്കി.. സദാ സമയവും അനിയുടെ കൂടെ നടന്നു... അനിലിന്റെ വീട്ടിലെ ഓരോ വിശേഷങ്ങൾ പറഞ്ഞ് അനി എല്ലാവരെയും ഹാപ്പി ആക്കി... തിരിച്ച് അവൾ പോകുമ്പോൾ എല്ലാവർക്കും ഒരുപാട് സങ്കടം ആവുമായിരുന്നു... ആര്യ ആ സങ്കടത്തിൽ നിന്നും മോചിതയാവാൻ യാത്രകൾ പോയി കൊണ്ടിരുന്നു.... അങ്ങനെ നാളുകൾ പിന്നിടവേ... ഒരിക്കൽ യാത്ര കഴിഞ്ഞ് എത്തിയ ആര്യയെ കാത്ത് വലിയൊരു സന്തോഷം വീട്ടിൽ ഉണ്ടായിരുന്നു.. മറ്റാരും അല്ല.. അനി തന്നെ... പതിവില്ലാതെ ഒരു മുന്നറിയിപ്പും കൂടാതെ അനി വന്നത് അറിഞ്ഞതും ആര്യ അവളുടെ അടുത്തേക്ക് ചെന്നു... "എന്താ അനീ.. പെട്ടന്ന്.. വിളിച്ചപ്പോൾ വരുന്നതിനെ കുറിച്ച് പറഞ്ഞില്ലല്ലോ...." "അതൊക്കെ വരേണ്ടി വന്നു വാവീ.. " അവളുടെ മുഖത്ത് നാണവും സന്തോഷവും വിരിഞ്ഞു നിൽക്കുന്നത് കണ്ട ആര്യക്ക് കാര്യം പിടികിട്ടിയില്ല.. "എന്താ അനീ.. എന്താ കാര്യം.. " ആര്യ ചോദിച്ചതും ശിവ അകത്തു നിന്നും ഓടി വന്നു.. "വാവി ചേച്ചീ... വേറൊന്നും അല്ല.. അളിയൻ പണി പറ്റിച്ചു... "

അനിയുടെ വയറിലേക്ക് നോക്കെന്ന് ആംഗ്യം കാണിച്ചു കൊണ്ട് ശിവ കണ്ണിറുക്കിയതും ആര്യ അത്ഭുതത്തോടെ അവളെ നോക്കി.. സത്യമാണോ എന്നവൾ ചോദിച്ചതും അനി തലയാട്ടി.. ഉടനെ ആര്യ അവളെ വാരി പുണർന്നു.. "വാവീ... ഞാനിപ്പോൾ ഒരുപാട് സന്തോഷവതിയാണ്.. " അതും പറഞ്ഞ് അനി തുള്ളി കളിച്ചു.. "അനീ... എന്തായിത്... നിന്റെ കുട്ടിക്കളി മാറ്റാൻ സമയമായി.. അടങ്ങി ഒതുങ്ങി നിൽക്കേണ്ട സമയമാണ് ഇപ്പോൾ.. ഇങ്ങനെ ചാടി കളിക്കാതെ പോയി റസ്റ്റ് എടുത്തേ...." ആര്യ ശാസനയോടെ പറഞ്ഞതും അനി സന്തോഷത്തോടെ അവളുടെ കയ്യിൽ പിടിച്ചു... "ഞാൻ എന്റെ സ്വന്തം ഏട്ടന്റെ കല്യാണം കൂടാൻ വേണ്ടി വന്നതാ.. കൂടെ നിന്നെയും കല്യാണത്തിന് കൊണ്ട് പോവണം.. അത് കഴിഞ്ഞൊക്കെ മതി റസ്റ്റ്.. " അതും പറഞ്ഞ് അനി തുള്ളി കൊണ്ട് അകത്തേക്ക് പോയി.. അനിയുടെ വാക്കുകൾ കേട്ട് ആര്യ അന്തം വിട്ട് നിന്നു... ഏട്ടന്റെ കല്യാണം എന്ന് പറഞ്ഞത് ആരുടെയാണെന്ന് ആലോചിച്ചവൾ സംശയത്തോടെ അനിയുടെ പിറകെ അകത്തേക്ക് കയറി......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story