ആത്മരാഗം💖 : ഭാഗം 84

athmaragam thanseeh

രചന: തൻസീഹ് വയനാട്

 "ദേ... ഇതും കൂടി കഴിക്ക്... നന്നേ ക്ഷീണിച്ചു നീ... കഴിച്ചേ... " അനി പറഞ്ഞതിന്റെ പൊരുൾ എന്തെന്നാലോചിച്ചു കൊണ്ട് അകത്തേക്ക് കയറിയ ആര്യ കണ്ടത് അനിയെ തീറ്റിക്കുന്ന തിരക്കിൽ പെട്ട അമ്മയെയാണ്.. അനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ എല്ലാം അവളുടെ മുന്നിൽ നിരന്നിരിപ്പുണ്ട്.... അനിൽ സാറിന്റെ വീട്ടിൽ നിന്നും അനി വിരുന്നിനു വരുന്ന ദിവസങ്ങളിൽ ഇത് പതിവുള്ളതാണ്.. ഇപ്പോൾ ആണേൽ അനിക്ക് വിശേഷവുമുണ്ട്....അതിന്റെ സന്തോഷത്തിലാണ് അമ്മയും അച്ഛനുമെല്ലാം.. പലഹാരത്തിന് മുന്നിൽ ഇരുന്ന് എല്ലാം വെട്ടി വിഴുങ്ങുന്ന അനിയുടെ അടുത്തേക്ക് കുശുമ്പോടെ ശിവ ചെന്നു.. അവളെ കണ്ടതും അനി കണ്ണുരുട്ടി നോക്കി.. "തൊട്ട് പോകരുത്.. ഇതെല്ലാം എനിക്ക് വേണ്ടി മാത്രം അമ്മ ഉണ്ടാക്കിയതാ... " "അയ്യടി മനമേ... അതിനിത്തിരി പുളിക്കും... എനിക്കും വേണം.. " മുഖം കോട്ടി കൊണ്ട് ശിവ പലഹാരം എടുക്കാനായി കൈ നീട്ടിയതും അനി അവളുടെ കയ്യിൽ ഒരടി അടിച്ചു... അമ്മേ എന്നാർത്ത് വിളിച്ചതും അമ്മയുടെ അടുത്ത് നിന്നും കിട്ടി ഒരടി..

"വല്ലപ്പോഴും അല്ലേ അവളൊന്ന് വരാറുള്ളൂ.. അപ്പോഴും അവളുടെ തലയിൽ കയറണം കേട്ടോ.. നിനക്കിതൊക്കെ എപ്പോ വേണേലും ഞാൻ ഉണ്ടാക്കി തരാറില്ലേ.. അത് പോലെയാണോ എന്റെ മോള്... അവൾ കഴിക്കട്ടെ... " "ഓ.. പിന്നേ.. അമ്മേടെ മോൾ അവിടെ ഇതൊന്നും കിട്ടാതെ പട്ടിണി കിടക്കല്ലേ.. " ശിവ മുഖം ചുളിച് പിണക്കം നടിച്ച് തിരിഞ്ഞു നിന്നു.. "അവിടെ നിന്ന് എന്തൊക്കെ കിട്ടിയാലും ഇവിടെ വന്ന് അമ്മയുടെ കയ്യിൽ നിന്നും ഉണ്ടാക്കിയത് കഴിക്കുന്നതിന് വല്ലാത്തൊരു ടേസ്റ്റ് ആണ്.. അതിപ്പോ നിനക്ക് പറഞ്ഞാൽ മനസ്സിലാവൂല... " ഇളിച്ചു കൊണ്ട് അനി വീണ്ടും വെട്ടി വിഴുങ്ങാൻ തുടങ്ങി... ശിവ മുഖം വീർപ്പിച്ചു കൊണ്ട് അവൾ കഴിക്കുന്നത് നോക്കി നിന്നു.. "എന്റെ അമ്മേ.. ഈ ചേച്ചിയുടെ തീറ്റ കണ്ടാൽ തോന്നും അവിടുത്തെ അമ്മ ചേച്ചിക്ക് ഒന്നും കൊടുക്കാറില്ലെന്ന്.. പതിയെ കഴിച്ചാ മതി ചേച്ചീ... എനിക്കൊന്നും വേണ്ട....."

അതും പറഞ്ഞ് ശിവ റൂമിലേക്ക് പോകാനായി തിരിഞ്ഞു.. "അസൂയക്ക് മരുന്നില്ല മോളേ... " അവളെ കളിയാക്കി കൊണ്ട് അനി ചിരിച്ചു കൊണ്ട് പറഞ്ഞതും ശിവ തിരിഞ്ഞു നിന്നു... അനിയെ അടിക്കാൻ വരുന്ന പോലെ അവളുടെ നേരെ വന്ന് പെട്ടന്ന് പത്രത്തിൽ നിന്നും പലഹാരങ്ങൾ വാരിയെടുത്തു കൊണ്ട് ഓടി പോയി... "പോടീ... ദുഷ്ടെ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... " അനി അവളുടെ കൂടെ ഓടാൻ നിന്നതും അമ്മ അവളെ പിടിച്ചു വെച്ചു... ഗർഭിണി ആയിട്ടും കുട്ടിക്കളി വിട്ട് മാറാത്ത അനിയുടെ പെരുമാറ്റവും ശിവയുമായുള്ള അടിയും എല്ലാം കണ്ട് ചിരിച്ചു നിൽക്കുവാണ് അനിയുടെ അച്ഛൻ.. അമ്മ അവളെ സ്നേഹത്തോടെ ശാസിക്കുന്നുണ്ട്... എല്ലാം കണ്ട് മനസ്സിനൊരു കുളിർമ പോലും വരാതെ നിൽക്കുകയാണ് ആര്യ... അവളീ ലോകത്തേ ആയിരുന്നില്ല... അനിയുടെ കുറുമ്പും കളിയും ഒന്നും അവളിൽ ചെറു ചലനം പോലും ഉണ്ടാക്കിയില്ല...

"ആഹാ.. വാവി മോള് എപ്പോഴാ വന്നേ... വാ... വന്ന് കഴിക്ക്.. " അനിയുടെ അമ്മ ആര്യയെ സ്നേഹത്തോടെ വിളിച്ചപ്പോഴാണ് ആര്യ ഞെട്ടലോടെ സ്വബോധത്തിലേക്ക് വന്നത്.. "വേണ്ട അമ്മേ... ഞാനൊന്ന് കുളിച്ചു വരാം... ആകെ ക്ഷീണിച്ചിട്ടുണ്ട്.. " "മ്മ്മ്.. എങ്ങനെ ക്ഷീണിക്കാതിരിക്കും.. പ്രകൃതി കാണണം പ്രകൃതിയെ തൊട്ടറിയണം എന്നൊക്കെ വലിയ സാഹിത്യം പറയും... ഇവിടെ നിന്ന് പോയാൽ പിന്നെ രണ്ടും മൂന്നും ദിവസത്തിന് കാണില്ല.. എന്തെങ്കിലും ഭക്ഷണം കഴിക്കുന്നുണ്ടോ കുടിക്കുന്നുണ്ടോ ആവോ.. ആര് നോക്കാനാ അതൊക്കെ.. പോകേണ്ടെന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ.. എന്റെ വാക്കിന് എന്ത് വിലയാ അല്ലേ.. " അനിയുടെ അമ്മ സങ്കടത്തോടെ പറഞ്ഞതും അനി ആര്യയെ നോക്കി... സംഗതി കൈവിട്ടെന്ന് അനി കണ്ണുകൾ കൊണ്ട് കാണിച്ചതും ആര്യ അമ്മയെ പിറകിലൂടെ പോയി അമ്മയെ വാരി പുണർന്നു... "നോക്കാൻ ആളില്ലേ.... കഴിച്ചില്ലേന്നും ചോദിച്ചു കൊണ്ട് നേരാ നേരത്തിന് വിളിക്കാൻ ഈ അമ്മ ഉണ്ടാവുമ്പോൾ പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത്... "

അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തതും അമ്മയുടെ പരാതിയും പരിഭവവും തീർന്നു . "മ്മ്.. മതി സോപ്പിട്ടത്.. ഇനി എന്തായാലും നിന്നെ ഇങ്ങനെ അഴിച്ചു വിടാൻ ഉദ്ദേശമില്ല.. " "അതേ അമ്മേ.. വാവിയെ നമുക്ക് കെട്ടിയിടണം.. നാളത്തെ എന്റെ ഏട്ടന്റെ കല്യാണം ഒന്ന് കഴിയട്ടെ...." വീണ്ടും അനിയിൽ നിന്നും ആ വാക്കുകൾ കേട്ടതും ആര്യയുടെ മുഖം മങ്ങി.... "ആഹ് ഇനി നാളെ പോകണം അല്ലേ... അവരിവിടേക്കും ക്ഷണിക്കാൻ വന്നിരുന്നു..." "എല്ലാവർക്കും പോകണം അമ്മേ.. " "ആ.. നാളെ അല്ലേ.. നീ ഇപ്പോൾ കഴിക്ക് വാവീ... നീയും അവളോടൊപ്പം ഇരുന്ന് കഴിക്ക്... " "വേണ്ട അമ്മേ...എനിക്കിപ്പോൾ വേണ്ട.. ഞാൻ വരാം.. " മനസ്സാകെ അസ്വസ്ഥത മൂടിയതും ആര്യ തന്റെ വീട്ടിലേക്ക് നടന്നു.... ആരുടെ കാര്യമാണ് ഇവർ പറയുന്നതെന്ന് വീണ്ടും വീണ്ടും ആലോചിച്ചു കൊണ്ട് വാതിൽ കടക്കാൻ നിന്നതും അനി പറയുന്നത് കേട്ടവൾ തിരിഞ്ഞു നോക്കി... "അമിത് ചേട്ടനും അക്ഷിത് ചേട്ടനും ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞതാ.. യാത്ര ചെയ്യാൻ ഈ അവസ്ഥയിൽ ബുദ്ധിമുട്ട് ആയത് കൊണ്ട് വേണ്ടെന്ന് വെച്ചു..

അല്ലേൽ അവിടെ പോയി അടിച്ചു പൊളിച്ചിരുന്നു... സാരമില്ല... എന്റെ ഏട്ടന്റെ അല്ലെ കല്ല്യാണം.. ഞാൻ നാളെ പൊളിച്ചടുക്കും...." ആ വാക്കുകൾ കേട്ട ആര്യക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല... ചങ്കിൽ എന്തോ തറച്ച പോലെ അവൾ ഓരോ അടിയും മുന്നോട്ട് വെച്ചു... മുറ്റത്തേക്ക് ഇറങ്ങിയപ്പോഴും അനിയുടെ സംസാരം കേൾക്കാമായിരുന്നു.. അവളുടെ ഓരോ വാക്കുകളിൽ നിന്നും അമിത് -അക്ഷിത്.. ഇവരിൽ ആരുടേയോ ഒരാളുടെ കല്യാണം ആണെന്ന് അവൾക്ക് മനസിലായി..... വീട്ടിൽ ചെന്ന് കയറിയ ആര്യ റൂമിലേക്ക് പോയി ബെഡിൽ ഒരു നിമിഷം ഇരുന്നു. അവളുടെ മനസ്സാകെ നീറി പുകയുന്നുണ്ടായിരുന്നു..... ക്ഷീണം നല്ലത് പോലെ ഉണ്ടെങ്കിലും ഒരു പോള കണ്ണടക്കാനോ എന്തെങ്കിലും കഴിക്കാനോ അവൾക്ക് തോന്നിയില്ല... രാത്രി മുഴുവൻ അവൾ എന്തൊക്കെയോ ചിന്തയിൽ ആയിരുന്നു..... ഫോണിൽ നിന്നും ഒഴുകി വരുന്ന ആ ഗീതം കേൾക്കും തോറും ഹൃദയം വിങ്ങുന്ന പോലെ അവൾക്ക് തോന്നി.... കാരണമറിയാത്ത നെഞ്ചിടിപ്പ് അവളിൽ ഉയർന്നു പൊങ്ങി... ************

"വാവീ....എണീക്ക്... എന്തൊരു ഉറക്കമാ..... " അതിരാവിലെ അനി വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ആര്യ എഴുന്നേൽക്കന്നത്.. ഇന്നലെ മുഴുവൻ ഉറക്കമില്ലാതെ പലതും ചിന്തിച്ചിരിക്കുകയായിരുന്നു അവൾ... അനിയെ കണ്ടതും ആര്യ ക്ലോക്കിലേക്ക് നോക്കി... പിന്നെ കണ്ണ് തിരുമ്മി കൊണ്ട് എഴുന്നേറ്റിരുന്നു... "എന്താ അനീ.. സമയം ആറുമണി ആവുന്നല്ലേ ഉള്ളൂ... എന്തിനാ ഇപ്പോൾ വിളിച്ചേ.. " കോട്ടു വാ ഇട്ട് കൊണ്ട് ആര്യ ഇരുന്ന് കൊണ്ട് കണ്ണുകൾ വീണ്ടും അടച്ചു.. "എന്റെ വാവീ... കല്യാണത്തിന് പോകേണ്ടേ... പത്തിനും പത്തരക്കും ഇടയിലാ മുഹൂർത്തം.. അതിന് മുന്നേ നേരത്തെ തന്നെ എത്തണം... നീ എണീറ്റെ...." കല്യാണം എന്ന് കേട്ടതും ആര്യ കണ്ണുകൾ തുറന്നു...മുഖത്തു വന്ന വിഷാദം മറക്കാനായി ആര്യ അവളിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ചെരിഞ്ഞു കിടന്നു.. "ഏയ് ഞാനില്ല... നീ പൊയ്ക്കോ.. അമ്മയും അച്ഛനും ശിവയും ഒക്കെ ഇല്ലേ... ഞാൻ എന്തിനാ... എനിക്ക് നല്ല ക്ഷീണം ഉണ്ട്.. ഞാൻ എവിടേക്കും ഇല്ല.. " "ഒരു ക്ഷീണം... നീ എണീറ്റെ വാവീ..

. നിന്നെയും കൂട്ടി ചെല്ലാമെന്ന് ഞാൻ അമിത് ചേട്ടനോട് വാക്ക് കൊടുത്തതാ.. അവരുടെ താലി കെട്ടിന് മുന്നേ എത്തണം.. നീ വാ.. " ആര്യയെ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് അനി അവളെ ബാത്റൂമിലേക്ക് ഉന്തി വിട്ടു..മനസ്സില്ലാ മനസ്സോടെ ആര്യ അവൾ പറയുന്നത് അനുസരിച്ചു.... പോകാൻ ഒട്ടും ഇഷ്ടവും താല്പര്യവും ഇല്ലായിരുന്നു അവൾക്ക്.. എന്തൊക്കെയോ അവളെ അലട്ടി കൊണ്ടിരുന്നു... ഏറെ നേരം ഷവർ തുറന്നിട്ടവൾ കീഴെ നിന്നു.. ഇടക്ക്.. കണ്ണുകൾ നിറഞ്ഞു പോകുന്ന പോലെ തോന്നിയതും അതിന് സമ്മതിക്കാതെ അവൾ പെട്ടന്ന് കുളിച്ചിറങ്ങി...... എട്ടു മണി ആയതും എല്ലാവരും കല്യാണത്തിന് പോകാനായി ഒരുങ്ങി.. ആര്യ ഇപ്പോഴും ഉഷാറില്ലാതെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.. സാരി ഉടുത്തു വന്ന ആര്യയെ അനി കെട്ടിപിടിച്ചു.. "ഇനി പോകാം.. എന്റെ വാവി സുന്ദരിയായി... " അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അനി കാറിലേക്ക് കയറി.. ആര്യയുടെ അച്ഛനും ആര്യയും അനിയും ഒരു വണ്ടിയിലും ശിവയും അമ്മയും അച്ഛനും മറ്റൊരു വണ്ടിയിലും ആയിരുന്നു....

വണ്ടി നീങ്ങും തോറും ആര്യയുടെ മനസ്സാകെ കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു.... ************ അതേ സമയം ആഡിറ്റോറിയത്തിൽ കല്യാണതിരക്കേറി കൊണ്ടിരിക്കുവായിരുന്നു.. വരനും വധുവും എത്തിയിട്ടില്ല.. അമിതിന്റെ അമ്മ കുടുംബക്കാർക്കൊപ്പം മണ്ഡപത്തിൽ എന്തെങ്കിലും കുറവ് ഉണ്ടോ എന്ന് നോക്കുന്ന തിരക്കിൽ ആയിരുന്നു... അമൻ കൂട്ടുകാർക്കൊപ്പം സെൽഫി എടുത്തു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... ബ്ലു കളർ സിൻഡ്രല്ല ഡ്രെസ്സിൽ തിളങ്ങി നിൽക്കുകയാണ് അക്ഷര കുട്ടി... മുഹൂർത്തം ആവാറായിട്ടും വധുവിനെയും വരനെയും കാണാത്തതു കൊണ്ട് അമ്മ ഫോൺ വിളിച്ചു ഓഡിറ്റോറിയത്തിലൂടെ വെപ്രാളപ്പെട്ടു നടക്കുന്നതിനിടയിൽ ആണ് പുറത്ത് പടക്കങ്ങളുടെ പൊട്ടൽ കേട്ടത്.... കൂടെ ആർപ്പ് വിളികളും... അവൻ വന്നോ എന്ന് ചോദിച്ചു കൊണ്ട് അമ്മ പുറത്തേക്ക് വേഗത്തിൽ നടന്നു.... കാറിൽ നിന്നും വരൻ ഇറങ്ങിയതും മഹി അവനെ പോയി കെട്ടിപിടിച്ചു... ആർപ്പ് വിളികളോടെ വരൻ സ്റ്റേജിലേക്ക് കയറി.... ഈ ബഹളത്തിലേക്കാണ് അനിയും ആര്യയും ഫാമിലിയും വന്നിറങ്ങുന്നത്... അനി ഉത്സാഹത്തോടെ കാറിൽ നിന്നും ഇറങ്ങി... ആര്യ ഇറങ്ങാൻ മടിച്ചു കൊണ്ട് അൽപ്പ നേരം ഇരുന്നു..

അവിടെയുള്ള ഓരോരുത്തരിലേക്കും അവളുടെ കണ്ണുകൾ നീളുന്നതിനനുസരിച്ചു കൊണ്ട് അവളുടെ ഹൃദയമിടിപ്പ് വർധിക്കാൻ തുടങ്ങി.. "ഇറങ്ങുന്നില്ലേ മോളേ.... " അനിയുടെ അമ്മ വന്ന് ചോദിച്ചതും തലയാട്ടി കൊണ്ട് ആര്യ പുറത്തേക്ക് ഇറങ്ങി. ഓരോ അടി നടക്കുമ്പോഴും അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.... ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് കടക്കാൻ നിന്നതും പുറത്ത് വലിയ ഫ്ലെക്സ് അവളുടെ ശ്രദ്ധയിൽ പെട്ടു.. മുന്നിൽ പോയ അനിയെ ഒന്ന് നോക്കിയ ശേഷം അവൾ കാലുകൾ ആ ഫ്ലെക്സിന് അടുത്തേക്ക് ചലിപ്പിച്ചു... വധുവിന്റെയും വരന്റെയും ഫോട്ടോ പതിപ്പിച്ച ഭംഗിയേറിയ ആ ഫ്ലെക്സ് അവളുടെ കണ്ണിൽ നിറഞ്ഞു നിന്നു...കാഴ്ചയെ വ്യതിചലിപ്പിക്കാതെ കണ്ണിമ ചിമ്മാതെ ആ ഫോട്ടോയിലേക്കവൾ നോക്കി... ഉമിനീർ പോലും തൊണ്ടയിൽ നിന്നിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ ആയതും അവളുടെ കണ്ണുകളിൽ ചെറിയ നനവ് രൂപപ്പെട്ടു.. അതിനനുസരിച്ചു കൊണ്ട് അവളുടെ ഉള്ളം വിങ്ങി... "അമിത് സൂര്യ Weds നൈനിക " ഫ്ലെക്സിൽ വലിയ ഭംഗിയിലുള്ള നിറങ്ങളാൽ ആ നാമം കണ്ട് പെട്ടന്ന് അവളുടെ ഹൃദയം ശാന്തമായി.....

മനസ്സാകെ അയഞ്ഞു.. ഉള്ളിലെ വിങ്ങൽ എവിടേക്കോ ഓടി ഒളിച്ചു... വീണ്ടും വീണ്ടും ആ നാമം അവളുടെ ചുണ്ടുകൾ തഴുകിയതും ഹൃദയം വല്ലാതെ തണുത്തുറഞ്ഞു.... ഇത്രയും നേരം അവളുടെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന കനൽ ഞൊടിയിടയിൽ അണഞ്ഞില്ലാതെയായി.. അതോർത്തവൾ പോലും അത്ഭുതപ്പെട്ടു... "വാവീ... അവിടെ നിൽക്കാണോ... ഇങ് വാ " അനി അവളെ വിളിച്ചതും നോട്ടം തെറ്റിച്ച ആര്യ അനിയുടെ അടുത്തേക്ക് നടന്നു പോയി... തിരിഞ്ഞൊരു വട്ടം കൂടി ആ ഫ്ലെക്സിലേക്ക് നോക്കാനവൾ മറന്നില്ല..... സ്റ്റേജിന് മുന്നിൽ എത്തിയ ആര്യയും അനിയും മണ്ഡപത്തിനടുത്ത് അമിത് നിൽക്കുന്നത് കണ്ടു... ചന്ദന കളർ മുണ്ടും ഷർട്ടും ധരിച്ച് തനി നാടൻ കല്യാണ ചെറുക്കനെ പോലെ ഒരുങ്ങി നിൽക്കുവാണ് അമിത്...എല്ലാവരെയും ചിരിച്ചു കൊണ്ട് നോക്കുന്ന അമിത് ഫോണിൽ തിരക്കിട്ട് ആർക്കോ വിളിക്കുന്നുണ്ട്... വധു എത്താത്തത് കൊണ്ടാവും മുഖത്തെ പരിഭ്രമം എന്ന് അനി ഊഹിച്ചു... അമിതിനെ കണ്ട പാടെ അവൾ ഓടി പോയി കെട്ടിപിടിച്ചു...

അനിയെ കണ്ടതും അമിതിന്റെ മുഖം തെളിഞ്ഞു വന്നു.. "ആഹാ.. നല്ല ആളാ..മുഹൂർത്തം ആവാറായി.. എന്നിട്ടിപ്പോഴാണോ വരുന്നേ... നല്ല പെങ്ങൾ തന്നെ.. " "അതിനെങ്ങനെ.. ഇവിടെ ഒരാളെ കയറിട്ട് വലിച്ചു കൊണ്ട് വന്നതല്ലേ.. " ആര്യയെ നോക്കി അനി പറഞ്ഞതും അമിതിന്റെ കണ്ണുകൾ അവളിലേക്കായി... എന്നാൽ അവൾ അമിതിനെയോ അവരുടെ സംസാരമോ ശ്രദ്ധിച്ചില്ല... അവൾ ആരെയോ തിരയുകയായിരുന്നു... അവൾ അല്ല.. അവളുടെ ഹൃദയം..... ആൾത്തിരക്കിൽ അവളാകെ കണ്ണോടിച്ചു..... അമിത് അവളോട് സംസാരിക്കാൻ മുന്നോട്ട് വന്നതും പെട്ടന്നാണ് വധു വന്നെന്ന് ആരോ പറഞ്ഞത്... ഉടനെ അവന്റെ ശ്രദ്ധ മാറി.... "എങ്ങോട്ടാ ഈ പോകുന്നെ.. അവൾ ഇങ്ങോട്ട് വരാൻ ഉള്ളത് തന്നെയാണ്.. കല്യാണ ചെക്കൻ മണ്ഡപത്തിൽ പോയി ഇരിക്ക്.. എന്റെ നാത്തൂനേ ഞാൻ പോയി കാണട്ടെ..., " വധു വന്നെന്ന് അറിഞ്ഞ് അങ്ങോട്ട്‌ പോകാൻ നിന്ന അമിതിനെ അനി തടഞ്ഞു.. അവനെ പിന്നിലേക്ക് തള്ളി മാറ്റി കൊണ്ട് അവൾ ആര്യയുടെ കയ്യിൽ പിടിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങുന്ന വധുവിനെ കാണാനായി തിരക്ക് കൂട്ടി... യെല്ലോ കളർ ബോർഡറോട് കൂടിയ മെജന്ത കളർ സാരിയും അതിലേക്ക് ഗോൾഡൻ കളർ എംബ്രോയ്ഡറി വർക്ക് ഉള്ള പച്ച കളർ ബ്ലൗസും ആയിരുന്നു വധുവിന്റെ വേഷം..

അടിമുടി പൊന്നിൽ കുളിച്ചു നിൽക്കുന്ന വധുവിനെ അനി അന്തം വിട്ടു നോക്കി നിന്നു.. വിടർന്ന കണ്ണുകളും അതിലേറെ വിരിഞ്ഞ ചിരിയും മേക്കപ്പ് അധികമില്ലാത്ത മുഖവും.. അവളെ അടിമുടി നോക്കിയ ശേഷം അനി ആര്യയുടെ ചുമലിൽ ചാഞ്ഞു.. "ഹോ.. എന്താ ഒരു ഭംഗി കാണാൻ.. അമിത് ചേട്ടന് നല്ല മാച്ച് തന്നെ.. " അപ്പോഴാണ് ആര്യയും അവിടേക്ക് നോക്കുന്നത്... എല്ലാവരും സ്വീകരിച്ച് ആനയിച്ചു കൊണ്ട് വരുന്ന വധുവിനെ അവളും ഒരു പ്രാവശ്യം നോക്കി.... അണിഞ്ഞൊരുങ്ങി സുന്ദരിയായി വരുന്ന അവളുടെ കണ്ണുകൾ മണ്ഡപത്തിന് അടുത്ത് നിൽക്കുന്ന അമിതിലേക്കാണെന്ന് കണ്ടതും ആര്യ മെല്ലെ മുഖം തിരിച്ചു. മുഹൂർത്തത്തിന് സമയം ആയതും അമിത് തന്റെ വധുവിനൊപ്പം മണ്ഡപത്തിലേക്ക് കയറി .... ഇരുവരും സദസ്സിനെ വണക്കം ചെയ്തു കൊണ്ട് മണ്ഡപത്തിൽ ഇരുന്നു... കൊട്ടും കുരവയും നാദ സ്വരങ്ങളും മുഴങ്ങി.... മണ്ഡപത്തിലെ കോലാഹലങ്ങളേക്കാൾ ഉച്ചത്തിൽ ആര്യയുടെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുകയായിരുന്നു... താലി കെട്ട് അടുത്ത് നിന്ന് കാണണം എന്ന് പറഞ്ഞ് അനി ആര്യയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് മണ്ഡപത്തിലേക്ക് കയറി... അമിതിന്റെയും നൈനികയുടെയും കുടുംബക്കാർക്കിടയിൽ അനി കയറി നിന്നു..

താല്പര്യം ഇല്ലാത്തത് കൊണ്ട് ആര്യ അവളുടെ പിറകിലായി നിന്നു... ആ സമയത്താണ് അനിയുടെ മുന്നിലായി നിൽക്കുന്ന ആളിലേക്ക് ആര്യയുടെ കണ്ണുകൾ നീണ്ടത്... താലികെട്ട് സമയം ആയതിനാൽ എല്ലാവരുടെയും ശ്രദ്ധ വധു വരന്മാരിലേക്കാണ്.. അതിനാൽ തന്നെ അയാളുടെ മുഖം കാണുന്നുണ്ടായിരുന്നില്ല.... അവിടെ അത്രയും ആളുകൾ ഉണ്ടായിട്ടും ആര്യയുടെ കണ്ണുകൾ അയാളിലേക്ക് തന്നെ ചലിച്ചു കൊണ്ടിരുന്നു... നോട്ടം മാറ്റാൻ ശ്രമിച്ചിട്ടും വീണ്ടും അയാളിലേക്ക് തന്നെ എത്തിപ്പെടുന്ന അവസ്ഥ.... അതിനിടയിൽ ഉയർന്ന നാദ സ്വരത്തിന്റെ അകമ്പടിയോടെ അമിത് നൈനികയുടെ കഴുത്തിൽ താലി ചാർത്തി.... എല്ലാവരും മണ്ഡപത്തിൽ നിന്നും അല്പം മാറി നിന്നതും അനി ആര്യയുമായി മണ്ഡപത്തിൽ നിന്നും ഇറങ്ങി.. അനി ഒരുപാട് സന്തോഷവതിയാണെന്ന് ആര്യക്ക് മനസിലായി...എന്നാൽ ആര്യ തീർത്തും മൂകയായിരുന്നു.. കലുഷിതമായി കൊണ്ടിരിക്കുന്ന മനസ്സുമായവൾ പിന്തിരിഞ്ഞു നടക്കാൻ ശ്രമിക്കവേ പെട്ടന്ന്..... എന്തിനോ വേണ്ടി വീണ്ടും അവളുടെ ഹൃദയം മിടിച്ചു...

തല തിരിച്ചവൾ മണ്ഡപത്തിലേക്ക് നോക്കി... ആ സമയം അയാൾ അമിതിനെ ഇറുകെ പുണരുന്നത് അവളുടെ കണ്ണുകളിൽ ഉടക്കി... നോട്ടം തെറ്റിക്കാതെയവൾ അങ്ങോട്ട്‌ തന്നെ നോക്കി... അമിത് പുഞ്ചിരിയോടെ ഇരു കൈകൾ കൊണ്ടും അയാളെ ചേർത്ത് പിടിക്കുന്നുണ്ട്. അമിതും നൈനികയും അയാളുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയതും അയാൾ അവരെ പിടിച്ചെഴുന്നേല്പിച്ചു... അതെല്ലാം നോക്കി നിന്ന ആര്യയുടെ മുന്നിലേക്ക് പെട്ടന്ന് അയാൾ മുഖം തിരിച്ചതും വർധിച്ചു കൊണ്ടിരുന്ന അവളുടെ ഹൃദയമിടിപ്പാകെ താളം തെറ്റി... ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്ന നെഞ്ചിടിപ്പിൽ അവൾ പോലും അറിയാതെ ഒരടി പിന്നിലേക്ക് നീങ്ങി.. പുഞ്ചിരി തൂകി അമിതിനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അയാളുടെ മുഖം കണ്ട് അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല... ഞെട്ടലോടെ ആര്യയുടെ കണ്ണുകൾ അയാളെ തഴുകി... കണ്ണുകൾ യാഥാർഥ്യം മനസ്സിലാക്കിയതും അടുത്ത നിമിഷം അവളുടെ കണ്ണുകൾ ഇടുങ്ങി.... മുഖം വലിഞ്ഞു മുറുകി....... "ചേച്ചീ...... "

പെട്ടന്നാണ് അക്ഷര കുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നത്... അമ്മയും കൂടെ ഉണ്ടായിരുന്നു. "നിങ്ങൾ വന്നത് കണ്ടില്ല.. മുഹൂർത്തം അടുത്തിരുന്നു.. ആ തിരക്കിൽ പെട്ടു പോയി... എല്ലാവരും ഇരിക്ക്... " അവരുടെ അമ്മ സ്നേഹത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു... ആരോ വിളിച്ചതും അമ്മ അവിടെ നിന്നും പോയി.. അനി അക്ഷരകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് ഇരുന്നു.. "അക്ഷര കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ... ഇതിപ്പോ കണ്ടാൽ കല്യാണപെണ്ണ് മോളാണെന്ന് കരുതും.. " അനിയും അക്ഷരയും വാതോരാതെ സംസാരിക്കുമ്പോഴും ആര്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവത്തിരുന്നു.. "വാവീ.. വാ. നമുക്ക് വധുവിനെ പരിജയപ്പെടാം.. " അനി പറഞ്ഞതും അച്ഛനും അമ്മയും ശിവയും എല്ലാം വധുവിന്റേയും വരന്റെയും അടുത്തേക്ക് പോകാനായി എഴുന്നേറ്റു... ആര്യ തല താഴ്ത്തി ഇരിക്കുന്നത് കണ്ട അനി അവളുടെ സമ്മതത്തിന് കാത്തു നിൽക്കാതെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് സ്റ്റേജിലേക്ക് നടന്നു... ആര്യയെ കണ്ടതും അമിതിന്റെ മുഖം വിടർന്നു....

അവൻ തന്റെ വധുവിന് അവരെ പരിചയപ്പെടുത്തി കൊടുത്തു... "എന്നാലും അമിത് ചേട്ടാ... ഒരു വാക്ക് മുൻപ് പറഞ്ഞില്ലല്ലോ.. വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപ്പോയി,.. " "ആരും അറിയാതെ രഹസ്യമാക്കിയത് കൊണ്ട് പരസ്യമായി താലി കെട്ടാൻ പറ്റി.. ആര്യക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു... ഇവൾ നൈനിക... എന്റെ അമ്മാവന്റെ മകൾ..കളിക്കൂട്ടുകാരി.. പോരാത്തതിന് ചെറുപ്പം തൊട്ടേയുള്ള എന്റെ ഒരേയൊരു പ്രണയിനിയും.... " നൈനികയെ ചേർത്ത് പിടിച്ചു കൊണ്ട് അമിത് ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഹാ.. എന്റെ അച്ഛനെ കണ്ടിട്ടില്ലല്ലോ.." "ഇല്ലാ... എപ്പോഴാ വന്നേ.. അമ്മയെയും അക്ഷരയെയും കണ്ടു.. അച്ഛനെ കണ്ടില്ല" "അച്ഛൻ എൻഗേജ്മെന്റ് ന് മുന്നേ വന്നു... ഒരുപാട് കാലത്തിനു ശേഷമാണ് നാട്ടിലേക്കുള്ള വരവ്.. അച്ഛൻ വന്ന പാടെ കല്യാണം അങ്ങ് ഉറപ്പിച്ചു... വന്നിട്ട് അധികം ആയില്ലല്ലോ... കുടുംബക്കാരുമായി സംസാരത്തിൽ ആവും.. ഞാനിപ്പോ വരാം.. " അച്ഛനെ വിളിച്ച് അവർക്ക് പരിചയപ്പെടുത്തി കൊടുക്കാനായി അമിത് അവിടെ നിന്ന് പോയതും അനി നൈനികയെ പരിജയപ്പെട്ടു..

"ഹായ്.. ഞാൻ അനി.. ഇത് ആര്യ.." സംസാരത്തിന് അനി തുടക്കം കുറിച്ചതും നൈനിക മനോഹരമായി ഒന്ന് ചിരിച്ചു.. "എനിക്കറിയാം... നിങ്ങളെ കുറിച്ചൊക്കെ അമിത് ചേട്ടൻ പറഞ്ഞിട്ടുണ്ട്.... " "ഓഹോ.. അപ്പോഴേക്ക് ഫുൾ ഡീറ്റെയിൽസ് തന്നല്ലേ.. എന്തൊക്കെയാ പറഞ്ഞേ.. " അനി പെട്ടന്ന് തന്നെ നൈനികയുമായി കൂട്ടായി.. ആര്യ അപ്പോഴും ദേഷ്യത്താൽ മൗനം പാലിച്ചു നിൽക്കുവായിരുന്നു... അപ്പോഴേക്കും അമിത് അച്ഛനെയും കൊണ്ട് അങ്ങോട്ടേക്ക് വന്നു.. "ദേ ഇതാണ് എന്റെ അച്ഛൻ.. സാക്ഷാൽ കേണൽ സൂര്യ ദാസ്... " അമിത് അച്ഛന്റെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞതും അച്ഛൻ ചിരിച്ചു.. ഘാംഭീര്യം നിറഞ്ഞ മുഖ ഭാവവും കനപ്പെട്ട ശബ്ദവും എന്നാൽ പുഞ്ചിരി തൂകുന്ന ചുണ്ടുകളും... അനി അച്ഛനെ തന്നെ നോക്കി നിന്നു.... അനിയുടെ അച്ഛനും ആര്യയുടെ അച്ഛനും എല്ലാം അമിതിന്റെ അച്ഛനെ പരിചയപ്പെട്ടു.. വലിയവർ സംസാരിക്കാൻ തുടങ്ങിയതും അവർ അവിടെ നിന്ന് മാറി നിന്നു.... അനിയും നൈനികയും നല്ല സംസാരത്തിൽ ആയിരുന്നു.. ആര്യ ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്നത് അമിതിന്റെ ശ്രദ്ധയിൽ പെട്ടു.. .. ഇവൾക്ക് എന്ത് പറ്റി എന്ന് കണ്ണുകൾ കൊണ്ട് അമിത് അനിയോട് ചോദിച്ചു.. അറിയില്ല എന്ന് അനി ചുമൽ കുലുക്കി കാണിച്ചു..

"ആര്യാ.. ഞങ്ങൾ വീട്ടിൽ വന്നിരുന്നു വിവാഹം ക്ഷണിക്കാൻ.. അപ്പോൾ നീ എവിടേക്കോ യാത്ര പോയിരിക്കുവാണെന്ന് പറഞ്ഞു... എപ്പോഴാ വന്നത്... യാത്ര ഒക്കെ സുഖമായിരുന്നോ.... " പുഞ്ചിരി വിടാതെ അമിത് ചോദിച്ചതും ആര്യ കത്തുന്ന മിഴികളോടെ തല ഉയർത്തി... അവളുടെ ദേഷ്യം മുഖത്ത് ആളിക്കത്തിയതും അമിത് ആശ്ചര്യത്തോടെ അവളെ നോക്കി...പെട്ടന്നിത് എന്താ അവൾക്ക് പറ്റിയത് എന്നറിയാതെ അനി അവളെ അന്തം വിട്ട് നോക്കി നിന്നു.. അവരെയൊക്കെ നോക്കി മുഖം വലിഞ്ഞു മുറുക്കി കൊണ്ടവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി... എന്താ ഇവൾക്ക് പറ്റിയെ എന്നറിയാതെ അമിതും അനിയും പരസ്പരം നോക്കി...... അൽപ്പ നേരം തനിച്ചിരുന്ന് മനസ്സിനെ റിലാക്സ് ആക്കുവാൻ വേണ്ടി ഓഡിറ്റോറിയത്തിലെ ആരും ഇല്ലാത്ത ഒരു ഭാഗത്തേക്കവൾ പോയി.. ദേഷ്യം കൊണ്ടവൾ അടിമുടി വിറക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ അടച്ചു കൊണ്ടവൾ തന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ ശ്രമിച്ചതും ആരുടെയോ കാൽ പെരുമാറ്റം അവളുടെ കാതിൽ പതിഞ്ഞു... .

ആരോ ഒരാൾ അവളുടെ പിറകിൽ വന്നെന്ന് അവൾക്ക് മനസ്സിലായി.. ആളെ അറിഞ്ഞെന്ന പോലെ അവളിലെ ദേഷ്യം വർധിച്ചു... മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടവൾ പല്ലിറുമ്പി.. അവളുടെ ദേഷ്യം മുഴുവൻ ചുരുട്ടി പിടിച്ച മുഷ്ടിയിൽ ആണെന്ന് കണ്ടതും പിറകിൽ നിന്ന വ്യക്തിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു വന്നു.... മെല്ലെ അവൻ അവളുടെ അടുക്കലേക്ക് നീങ്ങി വന്നു... തന്റെ മുഖം അവളുടെ പിൻ കഴുത്തിലേക്ക് കൊണ്ട് പോയ ശേഷം അവളുടെ കാതിൽ ചെറുതായൊന്നു ഊതി... പെട്ടന്നൊരു തരിപ്പവളിൽ പടർന്നു കയറിയതും അവൾ കണ്ണുകൾ അടച്ചു... വർധിച്ചു വരുന്ന ശ്വാസോച്ഛാസത്തിൽ അവളുടെ കൈകൾ താനേ അയഞ്ഞു വന്നു.... അവന്റെ ചുടു നിശ്വാസം അവളുടെ മേനിയിൽ പടരും തോറും അവൾ നെഞ്ചിടിപ്പോടെ നിന്നു.... "ആരെയോ കാര്യമായിട്ടു ഇവിടെയൊക്കെ തേടുന്നത് കണ്ടല്ലോ....ആളെ കണ്ടു കിട്ടിയോ മിസ്സ് ആര്യഭദ്രാ ....???" ആർദ്രമായ അവന്റെ ചോദ്യത്തിൽ അവളുടെ മിഴകൾ എന്തിനെന്നില്ലാതെ നിറഞ്ഞു വന്നു.....കൺപോളകളെ ഭേദിച്ചു കൊണ്ട് അവ ഇരു കവിളിലൂടെയും ഒലിച്ചിറങ്ങി.. അവളുടെ ഹൃദയതാളത്തിൽ വന്ന വ്യതിയാനം തേങ്ങലിലേക്ക് വഴി മാറുന്നെന്ന് മനസ്സിലായ അവൻ തന്റെ കൈകൾ അവളുടെ വയറിനെ വലയം ചെയ്തു..... പെട്ടെന്ന്... വെട്ടി തിരിഞ്ഞ ആര്യ അവന്റെ കരണം നോക്കി ആഞ്ഞടിച്ചു....... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story