ആത്മരാഗം💖 : ഭാഗം 86

athmaragam thanseeh

രചന: തൻസീഹ് വയനാട്

മഹി പറഞ്ഞു തുടങ്ങിയ വാക്കുകൾക്ക് മുന്നിൽ സ്തബ്ദനായി നിൽക്കാനേ അമിതിന് കഴിഞ്ഞുള്ളൂ..തന്റെ വാക്കുകൾ കേൾക്കാനുള്ള ആകാംഷയിൽ തന്നെ ഉറ്റു നോക്കുന്ന അമിതിന് മുന്നിൽ അവൻ അന്നത്തെ സംഭവം ഓർത്തെടുത്തു...... കോളേജിൽ അമിതും മഹിയും അവസാനമായി അടികൂടിയ ദിവസം രാത്രി..... എന്നും രാത്രി കൂട്ടുകാർക്കൊപ്പം ഇരിക്കാറുള്ള പുഴക്ക് കുറുകെയുള്ള ആ പാലത്തിന്റെ കൈവരിയിൽ കാലുകൾ തൂക്കിയിട്ട് മഹി ഇരുന്നു... അമിതിന്റെ ഓരോ അടിയുടെയും വേദനയും നീറ്റലും അവന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തറഞ്ഞു നിന്നിരുന്നു....ഇപ്പോൾ അനുഭവിക്കുന്ന വേദനയെക്കാളേറെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്തിയതും പരിഹാസ വാക്കുകളും പുച്ഛം നിറഞ്ഞ ചിരികളും അവനെ കൂടുതൽ തളർത്തിയത്....അമിതിനോടുള്ള ദേഷ്യം അവന്റെ സിരകളിലൂടെ ഒഴുകി...

ഇരുളിന്റെ മറവിൽ പക മൂടിയ ചുവന്ന കണ്ണുകളാൽ നിശബ്ദമായ് ഒഴുകുന്ന പുഴയിലേക്ക് കണ്ണും നട്ടിരുന്നു... ആ സമയത്താണ് ഒരു ബൈക്ക് അവന്റെ അരികിലേക്ക് വന്നണഞ്ഞത്.. താൻ പ്രതീക്ഷിച്ചവർ തന്നെ തേടി എത്തിയെന്ന് അവന് മനസ്സിലായതും നോട്ടം മാറ്റാതെ തന്നെ അവന്റെയുള്ളിൽ വിജയഭാവം നിറഞ്ഞു... തന്നിലേക്കടുക്കുന്ന കാലടി ശബ്ദത്തെ കണ്ണുകൾ അടച്ചു കൊണ്ടവൻ ശ്രവിച്ചു.... "എന്താ ഞങ്ങൾ ചെയ്യേണ്ടത്.....??? " വന്നവരിൽ ഒരാളുടെ വാക്കുകൾ കേട്ട് മഹി കണ്ണുകൾ തുറന്നു... തല വെട്ടിച്ച് അവരെ നോക്കിയ ശേഷം അവൻ എഴുന്നേറ്റു നിന്നു.... "പറയാം... " നിശ്ചയിച്ചുറപ്പിച്ച വാക്കുകളോടെ മഹി പാലത്തിന്റെ കൈവരിയിൽ തന്റെ കൈകൾ അമർത്തി വിദൂരതയിലേക്ക് നോക്കി... "പറഞ്ഞ പണം നൽകി നിങ്ങളെ ഇവിടെ എത്തിച്ചതിന് പിന്നിൽ എനിക്ക് ചെറിയൊരു ഉദ്ദേശമുണ്ട്...

പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന നിങ്ങളിൽ ഒരുപാട് വിശ്വാസം ഉള്ളത് കൊണ്ടാണ് ഈ ജോലി നിങ്ങളെ തന്നെ ഏൽപ്പിക്കുന്നത്.. എന്തെങ്കിലും പിഴവ് വന്നാൽ..... അറിയാലോ ഞാൻ ആരാണെന്ന്... " "ഇന്നേവരെ ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഒരു പിഴവും വന്നിട്ടില്ല.. ഇനി വരികയും ഇല്ല... കൊല്ലാൻ ആണോ തല്ലാൻ ആണോ എന്നൊരു വാക്ക് പറഞ്ഞാൽ മതി... ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം... " "മ്മ്മ്... കൊല്ലേണ്ട...കയ്യും കാലും തല്ലി ഒടിച്ചാൽ മതി... എന്നെ നാണം കെടുത്തിയ അവനിനി കോളേജിൽ കാലു കുത്തരുത്... " പല്ലിറുമ്പി കൊണ്ട് അതും പറഞ്ഞ് പോക്കറ്റിൽ നിന്നുമൊരു പേപ്പർ കവർ കയ്യിലെടുത്ത് അവൻ അവർക്ക് നേരെ നീട്ടി... "അമിത് സൂര്യ.... ഇതിലുണ്ട് അവന്റെ ഫോട്ടോ....അവൻ എവിടെയൊക്കെ എപ്പോഴൊക്കെ തനിയെ ഉണ്ടാവുമെന്നതിന്റെ ഫുൾ ഡീറ്റെയിൽസ് ഞാൻ പറഞ്ഞു തരാം... നാളെ തന്നെ അവനുള്ളത്‌ കൊടുത്തേക്കണം... " മഹിയുടെ ആജ്ഞ കേട്ടതും തലയാട്ടി കൊണ്ട് അവർ ഫോട്ടോ വാങ്ങി....

അമിത് സ്ഥിരം പോകാറുള്ള വഴികൾ അവർക്ക് വിശദീകരിച്ചു കൊടുക്കുന്നതിനിടയിൽ പെട്ടന്നാണ് കാത് തുളപ്പിക്കും വിധത്തിലുള്ള ബുള്ളറ്റിന്റെ ശബ്ദം അവരുടെ ശ്രദ്ധ തിരിച്ചത്.... അർദ്ധ രാത്രി ആയത് കൊണ്ടും അധികമാരും വരാൻ ഇടയില്ലാത്ത സ്ഥലവും ആയത് കൊണ്ട് ആരാണ് അവിടേക്ക് വന്നതെന്ന് അറിയാൻ മഹി തന്റെ കണ്ണുകൾ അവിടേക്ക് ചലിപ്പിച്ചു... കറുത്ത ജാക്കറ്റ് ഇട്ട് ഹെൽമെറ്റ് വെച്ച ആ രൂപത്തെ അവൻ തുറിച്ചു നോക്കി.... ഹെൽമെറ്റിനുള്ളിലൂടെ അരണ്ട വെളിച്ചത്തിൽ അവന്റെ കണ്ണുകൾ കണ്ടതും മഹി നെറ്റി ചുളിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിന്നു..... "ആരെടാ നീ... " രഹസ്യമായി ഇടപാട് നടത്തുന്നതിനിടയിലേക്ക് സമ്മതമില്ലാതെ വന്ന അവന്റെ നേരെ മഹിയുടെ ഒപ്പമുള്ളവർ ആക്രോശിച്ചതും ഹെൽമറ്റ് ഊരി മാറ്റിയവൻ ബൈക്ക് ഓഫ് ചെയ്തു ... സ്ട്രീറ്റ് ലൈറ്റിലൂടെ അവന്റെ മുഖം മഹിക്ക് മുന്നിൽ വെളിവായതും മഹിയുടെ ഉള്ളമൊന്ന് ഞെട്ടി.... പതിയെ ആ ഞെട്ടൽ പുച്ഛത്തിലേക്ക് വഴി മാറി.... "ഹഹഹഹ..... നോക്കിയേ ആരാ വന്നിരിക്കുന്നെ എന്ന്... തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.. ദേ ഇപ്പോൾ ശെരിക്കും കണ്ടു.... അമിത്......നിന്നെ ഞാനീ ചേട്ടന്മാർക്കൊന്ന് പരിചയപ്പെടുത്തി കൊടുക്കുവായിരുന്നു.... "

പുച്ഛം നിറഞ്ഞ വാക്കുകൾ മഹി ഉതിർത്തു വിട്ടെങ്കിലും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൻ ബൈക്കിൽ കൈകൾ അമർത്തി ഇരുന്നു.... ""എന്നാലും അമിത്... നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു... എന്റെ മുന്നിൽ വന്നു നിൽക്കാൻ നിനക്കെങ്ങനെ സാധിച്ചു.... ഇന്ന് നിന്റെ അവസാനമാടാ....എന്നെ നാണം കെടുത്തിയതിന്,,, എന്നെ നോവിച്ചതിന് ഇന്ന് ഇവിടെ വെച്ച് നിന്നോട് ഞാൻ കണക്ക് ചോദിച്ചിരിക്കും.. " കടപ്പല്ല് കടിച്ചു പിടിച്ച് ദേഷ്യത്താൽ പേശികൾ വരിഞ്ഞു മുറുകിയ കൈകൾ ചുരുട്ടി കൊണ്ട് മഹി അവന്റെ അടുത്തേക്ക് നടന്നു... പക്ഷേ.. അപ്പോഴും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ, ശാന്തനായി നിന്ന് പുഞ്ചിരി തൂകുകയായിരുന്നു അവൻ..... അവന്റെ തൊട്ട് മുന്നിൽ എത്തിയ മഹി അവന്റെ മുഖത്തേക്ക് നോക്കി അൽപ്പ നേരം ചിന്തയിലാണ്ടു..അവന്റെ പെരുമാറ്റത്തിൽ മഹിക്ക് സംശയങ്ങൾ കുമിഞ്ഞു കൂടി... എന്തോ ഓർത്തെന്ന പോലെ മഹി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... പതിയെ അവന്റെ ചുണ്ടുകൾ ചലിച്ചു.. "അക്ഷിത്......? "

സംശയമുനയോടെ ആ നാമം അവനിൽ നിന്നും ഉതിർന്നതും ഞൊടിയിടയിൽ ബുള്ളറ്റിൽ നിന്നും അവൻ ഇറങ്ങി കൈകൾ കെട്ടി മഹിക്ക് മുന്നിൽ തല ഉയർത്തി നിന്നു... "ആഹാ... നീയായിരുന്നോ.. ഇത് നല്ല തമാശ.. പകൽ വെട്ടത്ത് പോലും നേരെ ചൊവ്വേ ആരുടേയും മുഖത്തു നോക്കാൻ മടിയുള്ള നീയാണോ ഈ പാതിരാത്രി, അതും എന്റെ മുന്നിൽ വന്നു നിൽക്കുന്നെ... ഭേഷ്... " പൊട്ടിച്ചിരിയോടെ മഹി പറഞ്ഞതും അക്ഷിത് സൗമ്യനായി ശാന്തതയോടെ മഹിയെ നോക്കി ചിരിച്ചു... "മഹീ... അമിതിനെ വെറുതെ വിട്ടേക്ക്... " തനിക്ക് മുന്നിൽ നിന്ന് ആജ്ഞാപിക്കുന്ന അക്ഷിതിനെ നോക്കി ചിരിക്കാനേ മഹിക്കായുള്ളൂ... "ഹ്ഹഹ്ഹഹ്ഹ .. ആരാ ഈ പറയുന്നേ.. അനിയന്റെ വക്കാലത്തുമായി വന്നതാണോ... അതോ നീയായിട്ട് എന്നെ ഒതുക്കാൻ വന്നതാണോ... ആരുടെ മുന്നിലും ആണിനെ പോലെ നെഞ്ചും വിരിച്ച് ധൈര്യത്തോടെ നിൽക്കാൻ പോലും കഴിയാത്ത നീയാണോ എന്നെ ഒതുക്കാൻ വന്നിരിക്കുന്നത്.. മോൻ ചെല്ല്.. ചെന്ന് പുസ്തകം വായിച്ചിരിക്ക്... നിന്റെ അനിയന്റെ കയ്യും കാലും ഒടിഞ്ഞു തൂങ്ങി വീട്ടിൽ എത്തുമ്പോൾ തൈലമിട്ട് ഉഴിഞ്ഞു കൊടുക്ക്... " പുച്ഛത്തോടെ പല്ല് ഞെരിച്ചു കൊണ്ട് മഹി പറഞ്ഞു.. അവനിൽ ദേഷ്യം അരിച്ചു കയറാൻ തുടങ്ങിയിരുന്നു...

"പോ... കണ്ണടച്ച് തുറക്കും മുന്നേ പൊയ്ക്കോ ഇവിടുന്ന്.. വെറുതെ ഇവരുടെ കൈക്ക് പണി ഉണ്ടാക്കല്ലേ... അല്ലെങ്കിൽ അനിയന്റെ കൂടെ ഏട്ടനും ബെഡ് റസ്റ്റ്‌ വേണ്ടി വരും... " "മഹീ... അമിതിനെ വെറുതെ വിട്ടേക്ക്...അതാണ് നിനക്ക് നല്ലത്.... " തന്റെ വാക്കുകൾക്ക് ഒരു വിലയും നൽകാതെ വീണ്ടും അമിതിന് വേണ്ടി സംസാരിക്കുന്ന അക്ഷിതിനെ നോക്കി മഹി തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു....അവന്റെ കണ്ണുകളിൽ കോപം ആളിക്കത്തി.. "നിന്നോടല്ലേ ഞാൻ പറഞ്ഞേ മുന്നിൽ നിന്നും പോകാൻ... നിന്റെ അനിയനോടുള്ള പക അവന്റെ കൈകാലുകൾ ഒടിച്ചായിരിക്കും ഞാൻ തീർക്കുന്നത്... ഹീറോയിസം കാണിക്കാൻ ഇനി അവന്റെ കാലുകൾ കോളേജിൽ കുത്തില്ല... എന്റെ നേരെ ഉയർത്താൻ അവന്റെ കൈകൾക്ക് ശക്തിയും ഉണ്ടാവില്ല... വേദന സഹിക്കാനാവാതെ ബെഡിൽ കിടക്കുമ്പോൾ കോളേജ് സ്റ്റുഡന്റ്സിന്റെ മുന്നിൽ വെച്ച് എന്നെ തല്ലി നാണം കെടുത്തിയത് ഓർമ വരണം അവന്... " മഹി നിന്ന് ചീറുകയായിരുന്നു... ദേഷ്യം അവന്റെ കണ്ണുകളെ പാടേ മൂടിയിരുന്നു... എന്നാൽ.... അവന്റെ ഓരോ വാക്കുകളിലും മുറുകി വരുന്ന അക്ഷിതിന്റെ മുഷ്ടി അവൻ കണ്ടില്ല... സിരകളിൽ തിളയ്ക്കുന്ന കോപവും അവൻ അറിഞ്ഞില്ല...

"അമിതിനെ വെറുതെ വിടാനാണ് ഞാൻ പറഞ്ഞത്..." കണ്ണടച്ച് പല്ലിറുമ്പി കോപത്താൽ വിറയ്ക്കുന്ന ശരീരത്തോടെ അക്ഷിത് ഉച്ചത്തിൽ പറഞ്ഞതും മഹിയുടെ പേശികൾ വരിഞ്ഞു മുറുകി... "ഇല്ലെങ്കിൽ നീയെന്താടാ ചെയ്യാ......??? " വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി കൊണ്ട് അക്ഷിതിന്റെ മുഖം നോക്കി മഹി കൈ ഉയർത്തിയതും കണ്ണടച്ച് നിന്ന അടുത്ത നിമിഷം തന്നെ മഹിയുടെ കൈ തന്റെ വലത്തേ കൈ കൊണ്ട് തടഞ്ഞു.... അക്ഷിതിന്റെ ബലിഷ്ഠമായ കൈക്കുള്ളിൽ മഹിയുടെ കൈകൾ അമർന്നു... വേദന കൊണ്ട് പുളഞ്ഞ മഹി അവനെ കോപത്താൽ നോക്കി... അടുത്ത നിമിഷം തന്നെ മഹി തന്റെ മറ്റേ കൈ അവന് നേരെ ഓങ്ങി.. എന്നാൽ അകക്കണ്ണാലെ അവന്റെ നീക്കം മനസ്സിലാക്കിയ അക്ഷിത് ഇടത്തെ കൈ കൊണ്ട് അവന്റെ ആ കയ്യും പിടിച്ചു വെച്ചു... "ഡാാാാ..... " മഹിയുടെ അലർച്ചയിൽ അക്ഷിത് തന്റെ കണ്ണുകൾ തുറന്നു.... രക്തവർണ്ണമായ അവന്റെ കണ്ണുകളും കണ്ണിൽ ജ്വലിക്കുന്ന കോപവും കണ്ട മഹി ഒരു നിമിഷം ഞെട്ടി..... "നീ...... നീ... എന്നോടാണോ കളിക്കുന്നെ.. " ദേഷ്യത്താൽ വിറയ്ക്കുന്ന ചുണ്ടുകളോടെ അതും പറഞ്ഞു കൊണ്ട് മഹി തന്റെ തല കൊണ്ട് ശക്തമായ ഒരിടി അക്ഷിതിന്റെ തലക്ക് കൊടുത്തു...

പിറകിലേക്ക് അൽപ്പം നീങ്ങിയ അക്ഷിത് ക്രോധത്തോടെ മഹിയെ നോക്കി അവന്റെ കൈകൾ പിടിച്ചു തിരിച്ച് ഒടിച്ചു.. ആാാാാ........ എല്ലുകളുടെ പൊട്ടലിന്റെ വേദനയിൽ മഹി ആർത്തതും മഹിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ അക്ഷിതിന് നേരെ പാഞ്ഞടുത്തു.അവരുടെ വരവ് കണ്ട അക്ഷിത് കാലു കൊണ്ട് മഹിയെ ചവിട്ടി വീഴ്ത്തിയ ശേഷം തന്റെ അടുത്തേക്കവർ വന്നടുക്കും മുന്നേ അവരുടെ നേരെ പാഞ്ഞു..സ്ഥിരം കൊണ്ട് നടക്കാറുള്ള ആയുധങ്ങൾ ബൈക്കിൽ നിന്നും അവരെടുത്തതും ആയുധങ്ങൾ ഒന്നുമില്ലാതെ തന്റെ കൈക്കരുത്തിൽ അക്ഷിത് അവരെ നേരിട്ടു.... നീണ്ട ചങ്ങല കറക്കി അക്ഷിതിന്റെ വലത്തേ ഷോൾഡർ നോക്കി അതിൽ ഒരുത്തൻ വീശിയതും തല കുനിച്ച് ഇടത്തെ കൈ കൊണ്ട് തന്റെ കൈക്കുള്ളിൽ ആക്കിയ ചങ്ങല കൊണ്ടവൻ ഓങ്ങിയവന്റെ മുഖത്തേക്ക് ആഞ്ഞു വീശി... ഇരുമ്പ് വടിയുമായി പിറകിൽ വന്നവന്റെ ദേഹത്തേക്ക് ചോര ഒലിപ്പിച്ചു കൊണ്ട് അവൻ തെറിച്ചു വീണതും കയ്യിൽ നിന്നും ഊർന്നു വീണ ഇരുമ്പ് വടി മഹിയുടെ കാൽക്കൽ വന്നു വീണു... "ഡാ.. പട്ടീ.. എന്നെ നോവിക്കാൻ മാത്രം നീ വളർന്നോ... ഇന്ന് നിന്റെ അവസാന രാത്രിയാ ഡാ.. " അക്ഷിതിന് നേരെ ആക്രോശിച്ചു കൊണ്ട് മഹി ഇരുമ്പ് വടി കയ്യിൽ എടുത്ത് അവന് നേരെ പാഞ്ഞടുത്തു..

എന്നാൽ അവൻ ഓങ്ങും മുന്നേ കൈകൾ ചുരുട്ടി കൊണ്ട് അവന്റെ വയറ്റിലേക്ക് തന്റെ കൈകൾ ആഞ്ഞിറക്കിയ അക്ഷിത് അവന്റെ തല മുടിയിൽ പിടിച്ചു കൊണ്ട് തല പിന്നിലേക്ക് തിരിച്ചു. ഇതിനിടയിൽ മറ്റു രണ്ട് പേരും അവന്റെ നേരെ വന്നതും മഹിയെ അവർക്ക് നേരെയവൻ വീശിയെറിഞ്ഞു... അവരിൽ തട്ടി കൈവരിയിൽ ചെന്നിടിച്ച മഹിയുടെ തലയിൽ നിന്നും രക്തം ഒഴുകി ഒലിച്ചു.... "ഡാാാാ.... !!!! " ഞെരങ്ങി കിടക്കുന്ന മഹിയെ നോക്കി അവർ രണ്ടു പേരും അക്ഷിതിനെ തല്ലാനായി വീണ്ടും എഴുന്നേറ്റു വന്നു... എന്നാൽ അക്ഷിതിന്റെ കരുത്തിനും ബലത്തിനും മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. രക്തം ഒഴുകുന്ന ശരീരവുമായി പാലത്തിൽ കിടക്കുന്ന മൂവരെയും നോക്കി കൈകൾ കുടഞ്ഞ് കൊണ്ട് അക്ഷിത് തിരിഞ്ഞു നടന്നു......... അന്ന് രാത്രി തന്നെ മഹിയേയും കൂട്ടരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.. ഗുരുതരമായി പരിക്കേറ്റ മഹിക്ക് ബോധം വരുന്നത് രണ്ടു ദിവസങ്ങൾക്ക് ശേഷം ആയിരുന്നു.... ബോധം വന്നതിന്റെ രണ്ടാം നാൾ മഹിയുടെ അച്ഛൻ അവന്റെ അടുത്ത് വന്നിരുന്നു...

അച്ഛന്റെ മുഖം ആകെ ചുവന്നിരുന്നു.. "മഹീ... പറ.. ആരാണിത് ചെയ്തത്....??? " കൈക്കും തലക്കും സാരമായി പരിക്കേറ്റ മകനെ നോക്കി അയാൾ ചോദിച്ചു... എന്നാൽ മൗനമായിരുന്നു മഹിയുടെ മറുപടി... "ആരാണെങ്കിലും പറ മഹീ... വെച്ചേക്കില്ല ഞാനവനെ... " എത്രയൊക്കെ ചോദിച്ചിട്ടും മഹി വാ തുറന്നില്ല... അതിന്റെ ദേഷ്യത്തിലിരിക്കെ പെട്ടന്നാണ് ആരോ വാതിൽ തുറന്നത്... ആരാണെന്നറിയാൻ മഹിയുടെ അച്ഛൻ തല ചെരിച്ചു നോക്കി... മഹി അപ്പോഴും എങ്ങോട്ടോ ദൃഷ്ടിപായിച്ചു കിടക്കുവായിരുന്നു.... "ആരാണ്....??? " "ഞാൻ.... അക്ഷിത്... " അച്ഛന്റെ ചോദ്യത്തിന് വന്നയാൾ മറുപടി പറഞ്ഞതും ഞെട്ടലോടെ മഹിയുടെ കണ്ണുകൾ അങ്ങോട്ടേക്ക് ചലിച്ചു... അച്ഛന് മുന്നിൽ നിന്ന് അത്ഭുതത്തോടെ അച്ഛനെ നോക്കി നിൽക്കുന്ന അക്ഷിതിനെ കണ്ടതും മഹി അവനെ ഉറ്റു നോക്കി.... "ഓ.. അക്ഷിത്...ഇവൻ പറഞ്ഞിട്ടുണ്ട് അമിത് അക്ഷിത് ഇരട്ട സഹോദരൻമാരെ കുറിച്ച്.. " അക്ഷിതിന്റെ തോളിൽ കയ്യിട്ട് കൊണ്ട് മഹിയുടെ അച്ഛൻ അവനെ മഹിയുടെ അടുത്തേക്ക് കൊണ്ട് പോയി...

ആ സമയമൊക്കെ അക്ഷിത് അമ്പരപ്പോടെ മഹിയുടെ അച്ഛനെ നോക്കുവായിരുന്നു.. തന്നെ കണ്ണെടുക്കാതെ നോക്കുന്ന അക്ഷിത്തിനെ നോക്കി മഹിയുടെ അച്ഛൻ ചിരിച്ചു.. "എന്താടോ ഇങ്ങനെ നോക്കുന്നെ....??? " "ഏയ്.. അത്... അത് ഒന്നുമില്ല.. " അച്ഛന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അക്ഷിത് വാക്കുകൾക്കായി പരതി.. " സർ... ഇവിടെ...???എങ്ങനെ...??? മഹിയുടെ ...??? " മഹിയുടെ അച്ഛൻ ആണെന്ന് അറിയാതെ അക്ഷിത് വീണ്ടും വാക്കുകൾ കിട്ടാതെ നിന്നു. "ഞാൻ മഹിയുടെ അച്ഛനാണ്.... " ചിരിയോടെ അയാൾ പറഞ്ഞതും അക്ഷിത് ഞെട്ടലോടെ മഹിയുടെ അച്ഛനെയും മഹിയെയും മാറി മാറി നോക്കി.. "അച്ഛ..നോ.. " അക്ഷിതിന്റെ ഞെട്ടൽ അവനിൽ നിന്നും വിട്ടൊഴിഞ്ഞതേ ഇല്ല... "അതേടോ.. എന്റെ ഒരേ ഒരു മകനാണ് ഈ കിടക്കുന്നത് . ഇവനൊന്നും പറഞ്ഞു കാണില്ല അല്ലേ.. " പുഞ്ചിരിയോടെയുള്ള അച്ഛന്റെ വാക്കുകൾക്ക് അമ്പരപ്പ് വിട്ട് മാറാതെ തന്നെ ഇല്ലെന്നവൻ തലയാട്ടി കൊണ്ട് മഹിയെ നോക്കി... അവൻ മൗനം പാലിച്ചു കിടക്കുവായിരുന്നു... "എനിക്കറിയാം എന്റെ മകൻ പറഞ്ഞു കാണില്ലെന്ന്...

സ്വന്തം അച്ഛൻ മിനിസ്റ്റർ ആണെങ്കിൽ അതെല്ലാവരോടും പറഞ്ഞു നടന്ന് ഹീറോ ആവാനേ ഏതൊരാളും ശ്രമിക്കൂ... എന്നാൽ ഇവനെ അതിനൊന്നും കിട്ടില്ല .. എന്റെ പദവിയും പവറും കൂടെ കൂട്ടാൻ ഇവനൊരിക്കലും ശ്രമിച്ചിട്ടില്ല.. അതവന് ഇഷ്ടമല്ല.. അതാവും നിങ്ങളോട് പോലും പറയാഞ്ഞത്...," മഹിയുടെ അച്ഛന്റെ വാക്കുകൾ കേട്ട് അക്ഷിത് മഹിയെ തന്നെ നോക്കി നിന്നു.. ഈ സമയം അച്ഛൻ മഹിയുടെ നേരെ തിരിഞ്ഞു... "മഹീ... ഞാനിപ്പോ പോവുകയാണ്.. തിരിച്ചു വരുമ്പോഴേക്കും അവനെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ് എനിക്ക് കിട്ടിയിരിക്കണം....... അക്ഷിത്... എനിക്കൊരു മീറ്റിംഗ് ഉണ്ട്.. നമുക്ക് പിന്നെ കാണാം..നിങ്ങൾ സംസാരിക്ക്.... നീ തന്നെ ഇവനോട് ചോദിക്ക് ആരാണ് ഇതിന് പിന്നിൽ എന്ന്.. ഞാൻ എത്ര ചോദിച്ചിട്ടും ഇവൻ വാ തുറക്കുന്നില്ല. അവൻ ആരാണെന്ന് അറിഞ്ഞിട്ട് വേണം എനിക്കൊന്ന് കാണാൻ.. എന്റെ മോനെ ഈ അവസ്ഥയിൽ എത്തിച്ച അവനെ ഞാൻ വെറുതെ വിടില്ല... " അച്ഛൻ മുറിയിൽ നിന്നും പോയതും അക്ഷിത് എന്തോ ചിന്തയിൽ ഇരുന്നു...

മഹിയുടെ അച്ഛൻ മന്ത്രി ആണെന്ന വിവരം അറിഞ്ഞതിലുള്ള ഞെട്ടൽ അപ്പോഴും അവന്റെ മുഖത്തു നിന്നും മാഞ്ഞിരുന്നില്ല. മെല്ലെ അവന്റെ കണ്ണുകൾ ബെഡിൽ കിടക്കുന്ന മഹിയുടെ നേർക്ക് ചലിച്ചു. " എന്താ അച്ഛന് എന്നെ കാണിച്ചു കൊടുക്കാതിരുന്നത്.... " അക്ഷിത്തിന്റെ ചോദ്യത്തിന് പുഞ്ചിരി ആയിരുന്നു മഹിയുടെ മറുപടി... "ഒന്ന് പിണങ്ങി പിരിഞ്ഞെന്ന് വെച്ച് നിങ്ങളെന്റെ കൂട്ടുകാർ അല്ലാതിരിക്കുമോ...നമുക്കുള്ളിലുള്ളത് നാം തന്നെ തീർത്താൽ മതി,,പിന്നെ കൊട്ടേഷൻ കൊടുക്കാൻ നോക്കിയത് ആ സമയത്തെ നാണക്കേടും തോൽവിയും എന്നിൽ ഉണ്ടാക്കിയ പക കൊണ്ടായിരുന്നു.. അല്ലാതെ മറ്റൊരു വിധ്വേഷവും എനിക്കില്ല..അറിയില്ല... ഈ സൗഹൃദത്തിൽ എവിടെയാണ് എനിക്ക് തെറ്റ് പറ്റിയതെന്ന്... " കരച്ചിലോടെ അക്ഷിത്തിന്റെ കയ്യിൽ പിടിച്ചത് പറയുമ്പോൾ അക്ഷിത് അവനെ ചേർത്ത് പിടിച്ചു............... ഒരു കഥപോലെ മഹി കഴിഞ്ഞതെല്ലാം പറഞ്ഞു തീർത്തപ്പോൾ ഒരു വാക്ക് മിണ്ടാൻ ആവാതെ തരിച്ചു നിൽക്കുവായിരുന്നു അമിത്...

തന്റെ കാതുകളെ അവന് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല... ഒരു മെയ്യും ഒരേ മനസ്സുമായ തന്റെ കൂടെപ്പിറപ്പിനെ കുറിച്ച് പറഞ്ഞു കേട്ട കാര്യങ്ങൾ അമിതിന്റെ കണ്ണുകൾ ഉരുണ്ടു വന്നു ഇപ്പോൾ വെളിയിൽ ചാടുമെന്ന നിലയിൽ എത്തിച്ചിരുന്നു.......പക്ഷേ അവിടം കൊണ്ടും തീരുന്നതായിരുന്നില്ല മഹിയുടെ വാക്കുകൾ.... "നഷ്ടപ്പെട്ടു എന്ന് കരുതിയ സൗഹൃദം എനിക്ക് തിരികെ കിട്ടിയ ദിനം ആയിരുന്നു അന്ന്... പിന്നീട് പരാതികളും പരിഭവങ്ങളും ഞങ്ങളന്ന് പറഞ്ഞു തീർത്തു.... ഒന്നും നിന്നോട് പറയാത്തതിന്റെ കാരണം മറ്റൊന്നുമല്ല.. അവന്റെ യഥാർത്ഥ മുഖം നിനക്ക് മുന്നിൽ കാണിക്കാൻ അവൻ ഒരുക്കമായിരുന്നില്ല.. മറഞ്ഞു നിന്ന് നിന്നെ സംരക്ഷിക്കാൻ ആയിരുന്നു അവനിഷ്ടം.... " അവസാന വാക്കുകൾ പുഞ്ചിരിയോടെ ആയിരുന്നു മഹി പറഞ്ഞത്.. "നിന്റെ മേലൊരു അദൃശ്യ വലയം തന്നെ അവൻ തീർത്തിരുന്നു.. ആ വലയം ഭേദിച്ച് ആർക്കും നിന്നെയൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.. നിന്റെ ശത്രുക്കളുടെ മേലും മിത്രങ്ങളുടെ മേലും അവന്റെയൊരു കണ്ണ് എപ്പോഴും ഉണ്ടായിരുന്നു.. നമ്മൾ കാണുന്നതൊന്നുമല്ല അവന്റെ കണ്ണിൽ തെളിയുന്നത്... അത് കൊണ്ടായിരിക്കാം ഈശ്വറിന് മറ്റൊരു മുഖം ഉണ്ടെന്ന് അവനു തോന്നിയത്....

ആ സംശയം ആദ്യം പറഞ്ഞത് എന്നോടായിരുന്നു.. അക്ഷിത് പറഞ്ഞതനുസരിച്ച് രഹസ്യമായി ഈശ്വറിനെ ഞാൻ നിരീക്ഷിച്ചപ്പോഴാണ് എല്ലാ സത്യവും ഞങ്ങൾ മനസ്സിലാക്കിയത്... നമ്മുടെ സൗഹൃദത്തെ അവൻ കളങ്കപ്പെടുത്തിയതും ഒരു കുഞ്ഞു പോലും അറിയാതെ അവൻ നടത്തിയ കൊള്ളരുതായ്‌മകളും ഞങ്ങൾ കണ്ടെത്തി...." ഇനിയും സത്യങ്ങൾ ഏറെ പുറത്ത് വരാനുണ്ടെന്ന് മഹിയുടെ വാക്കുകളിൽ നിന്നും അമിതിന് മനസ്സിലായി... ഈശ്വറിന്റെ പേര് കാതിൽ മുഴങ്ങിയതും മഹിയുടെ വാക്കുകൾക്കായി അവൻ അക്ഷമയോടെ കാത്തിരുന്നു....... "സത്യങ്ങൾ എല്ലാം എല്ലാവർക്ക് മുന്നിലും വെളിവായ ആ ദിനം പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയ ഈശ്വറിനെ പുറത്തിറക്കിയത് ഞാൻ ആയിരുന്നു... അതും അക്ഷിതിന്റെ നിർദ്ദേശപ്രകാരം തന്നെ..." തന്റെ വാക്കുകൾക്ക് കടിഞ്ഞാൺ ഇട്ട് കൊണ്ട് അന്നത്തെ ആ ദിവസം മഹി ഓർത്തെടുത്തു.......... പോലീസ് സ്റ്റേഷൻ "മഹീ.. വാട്ട്‌ ആർ യു ടാക്കിങ്.. ആർ യു മാഡ്.. ഈശ്വർ ചെയ്ത കുറ്റകൃത്യങ്ങൾ എന്തൊക്കെയാണെന്ന് നിനക്ക് നല്ല ബോധമില്ലേ.. അവനെ കുടുക്കാൻ മുന്നിട്ടിറങ്ങിയത് നീ തന്നെയല്ലേ..

എന്നിട്ടിപ്പോൾ അവനെ ജാമ്യത്തിൽ ഇറക്കാൻ വന്നിരിക്കുകയാണോ നീ... നോ... ഇട്സ് നോട് പോസ്സിബിൾ " "പ്ലീസ് സർ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ..." "എന്ത് കേൾക്കാൻ..? അവന്റെ പാർട്ടിക്ക് പോലും അവനെ വേണ്ട... ഇത്ര നേരമായിട്ടും അവനെ ഒരാള് പോലും അന്വേഷിച്ചു വന്നിട്ടില്ല...എന്നിട്ടും നീയെന്ത് ഭ്രാന്ത് ആണ് ചെയ്യാൻ പോകുന്നത്..." "സാർ.. കോളേജിൽ അടിപിടി ഉണ്ടാക്കിയതിന്റെ പേരിലാണ് ഈശ്വർ ഇപ്പോൾ അകത്തു കിടക്കുന്നത്.. മയക്ക് മരുന്നിന്റെ കാര്യം നമുക്ക് മാത്രമല്ലേ അറിയുക.. ഞാൻ അല്ലെങ്കിൽ മറ്റാരെങ്കിലും അവനെ പുറത്തിറക്കാൻ വരും. അതൊഴിവാക്കാൻ ആണ് ഞാൻ തന്നെ നേരിട്ടു വന്നത്.. അവനെ ജാമ്യത്തിൽ വിട്ട് തരണം.. " മഹിയുടെ തീരുമാനം ഉറച്ചതായിരുന്നു... സി ഐക്ക് മുന്നിൽ അവൻ ഈശ്വറിനെ ജാമ്യത്തിൽ വിട്ട് തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നു... "മഹീ... ട്രൈ ടു അണ്ടർസ്റ്റാൻഡ്... നിന്റെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് അവനെ വിട്ട് തരാവുന്നതേ ഉള്ളൂ... പക്ഷേ.. നീയൊന്ന് ചിന്തിക്ക്... ഇത്രയും നാളും അവനെ കുടുക്കാൻ അല്ലേ നമ്മൾ പരിശ്രമിച്ചത്...

എല്ലാം തെളിയിച്ച് അവന് ശിക്ഷ വാങ്ങി കൊടുക്കുന്നതിനു മുൻപ് അവനെ നീ രക്ഷപ്പെടുത്തുകയാണോ.... " "എന്തെങ്കിലും കാണാതെ മഹി ഒന്നും ചെയ്യില്ല.. " മഹിയുടെ വാക്കുകൾക്ക് മുന്നിൽ സി ഐ ക്ക് താഴ്ന്നു കൊടുക്കേണ്ടി വന്നു... വക്കീലുമായി വന്ന മഹി ഈശ്വറിനെ ഇറക്കാനുള്ള നടപടി ആരംഭിച്ചു.. ഈശ്വർ പുറത്തിറങ്ങിയതും തന്നെ ഇറക്കിയ ആളെ കണ്ട് അവനൊന്ന് ഞെട്ടി.. പക്ഷേ മഹിയുടെ മുഖത്ത് പുച്ഛഭാവം ആയിരുന്നു... ഈശ്വറിൽ നിന്നും മുഖം തിരിച്ച മഹി പുറത്തേക്ക് നടന്നു..... "അക്ഷിത്... അവനിപ്പോൾ എന്റെ കൂടെയുണ്ട്... ഓക്കേ.. " അക്ഷിതിന്റെ നിർദേശം കേട്ട് കൊണ്ട് മഹി ഈശ്വറിനെയും കൊണ്ട് ആളൊഴിഞ്ഞ കുന്നിൻ ചെരിവിലേക്ക് പുറപ്പെട്ടു.. യാത്രയിൽ സംശയത്തോടെ ഈശ്വർ മഹിയെ നോക്കുന്നുണ്ടായിരുന്നു... "എന്തിന് വേണ്ടിയാ എന്നെ പുറത്തിറക്കിയത്....??" അവന്റെ ചോദ്യത്തിന് മഹി മറുപടി പറയാതെ പുച്ഛത്തോടെ ചിരിച്ചു...അക്ഷിത് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയതും മഹി അവനോട് ഇറങ്ങാൻ പറഞ്ഞു... ചുറ്റും നോക്കിയ ഈശ്വർ സംശയമുനയോടെ മഹിയെ തുറിച്ചു നോക്കി...

പിന്നെ പതുക്കെ ഇറങ്ങി... അവൻ ഇറങ്ങിയെന്ന് ഉറപ്പാക്കിയതും മഹി കാർ സ്റ്റാർട്ട് ചെയ്തു.... "അവനെ അവിടെ ഇറക്കിയ ശേഷം ഞാൻ മാറി നിന്നു. അൽപ്പ സമയം കഴിഞ്ഞ് ഞാൻ ചെന്ന് നോക്കിയപ്പോൾ കണ്ടത് അവശ നിലയിൽ കിടക്കുന്ന ഈശ്വറിനെ ആയിരുന്നു .. അക്ഷിത് അവനെ നല്ലവണ്ണം പെരുമാറിയെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി... അവനിൽ കുറ്റബോധത്തിന്റെ ഒരു അംശവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല പുറത്തിറങ്ങിയാൽ അമിതിനെയും ആര്യയെയും ജീവനോടെ വെച്ചേക്കില്ലെന്നു ഈശ്വർ പറഞ്ഞതായി അക്ഷിത് എന്നോട് പറഞ്ഞു...അവന്റെ ആ വാക്കുകൾ അക്ഷിത്തിനെ ചൊടിപ്പിച്ചു കാണണം... അന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന ഈശ്വറിനെ ഹോസ്പിറ്റലിൽ എത്തിച്ചത് ഞാൻ ആയിരുന്നു.... " സത്യങ്ങളെല്ലാം തന്റെ മുന്നിൽ വെളിവായിട്ടും ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽക്കുവായിരുന്നു അമിത്.. അവൻ മാത്രമല്ല അനിരുദ്ധ് ഉം ജീവനും അമ്പരപ്പ് വിട്ട് മാറാതെ പരസ്പരം നോക്കി... അക്ഷിത്തിനെ കുറിച്ചുള്ള കാര്യങ്ങൾ കാതിൽ നിന്നും മായുന്നതിന് മുന്നേ അനിയുടെ അച്ഛൻ ജീവനെ ഒന്ന് തോണ്ടി.. പരസ്പരം മുഖത്തോടു മുഖം നോക്കി നിന്ന അവർ പിന്നീട് ചിരിക്കാൻ തുടങ്ങി........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story