ആത്മരാഗം💖 : ഭാഗം 87

athmaragam thanseeh

രചന: തൻസീഹ് വയനാട്

അവരുടെ ചിരി കണ്ട അമിതിന്റെയും മഹിയുടെയും സൂര്യ ദാസിന്റെയും നോട്ടം അവരിലേക്കായി...ആശ്ചര്യത്തോടെ സൂര്യ ദാസ് ജീവനെ നോക്കി.. "എന്താ... എന്ത് പറ്റി..മഹി പറഞ്ഞതിൽ വിശ്വാസം വന്നില്ലേ.....???" "ഏയ് .. അതല്ല... " ചിരി അടക്കി കൊണ്ട് അനിരുദ്ധ് പറഞ്ഞു... അനിരുദ്ധിന്റെ വാക്കുകളുടെ തുടർച്ചയായി ജീവൻ പറയാൻ തുടങ്ങി... "സത്യം പറഞ്ഞാൽ ഈ നിമിഷം വരെ അക്ഷിതിനോടെനിക്ക് സഹതാപം ആയിരുന്നു... ആര്യയെ പോലെ മൂക്കത്തു ദേഷ്യമുള്ള ഒരുത്തിയെ അല്ലേ അവൻ പ്രേമിച്ചത്.. പലപ്പോഴും, പലവട്ടം ഇക്കാര്യം ഞാൻ ചിന്തിച്ചതുമാ...അവനെ പോലെ ഒരാൾ എങ്ങനെ ആര്യയെ ഇഷ്ടപ്പെട്ടു എന്ന്.... ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.. പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ എന്ന് പറയുന്ന അവസ്ഥയായി..," "ചേരേണ്ടതെ ചേരൂ എന്ന് ആളുകൾ പറയുന്നത് ചുമ്മാ ആണോ.... " ജീവന് നൽകിയ മറുപടിയോടെ സൂര്യദാസും അവരുടെ ചിരിയിൽ പങ്ക് ചേർന്നു എന്നാൽ... അപ്പോഴും അമിത് മാത്രം ആ ഷോക്കിൽ നിന്ന് മുക്തനാവാതെ നിന്നു....

അവന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ വല്യച്ഛൻ സൗമ്യമായ് ചിരിച്ചു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു... അപ്പോഴും അക്ഷിതിനെയും ആര്യയേയും കുറിച്ച് പറഞ്ഞ് മറ്റുള്ളവർ ചിരിയിൽ തന്നെ ആയിരുന്നു.... "അമീ.... വാ... " വല്യച്ഛന്റെ ശബ്ദം കേട്ട് ഒന്നും മിണ്ടാതെ അമിത് തല ഉയർത്തി നോക്കി... അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് അവരിൽ നിന്നും വല്യച്ഛൻ കുറച്ച് മാറി നിന്നു... "അമീ... എനിക്കറിയാം നിനക്കൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല... പക്ഷേ.. സത്യങ്ങൾ നീ ഉൾകൊണ്ടേ മതിയാവൂ... " "വല്യച്ഛാ..... വല്യച്ഛനും വിശ്വസിക്കുന്നുണ്ടോ ഇതൊക്കെ....? എന്റെ നിഴലായ് നടന്ന എന്റെ ഏട്ടൻ...? നോ... കാതിൽ കേട്ടത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു..." "ഞാൻ എങ്ങനെ വിശ്വസിക്കാതിരിക്കും അമിത്.... ചെറുപ്പം തൊട്ടേ എനിക്കവന്റെ സ്വഭാവം അറിയാം... പുറമെ ശാന്തനാണ്... എന്നാൽ തന്റെ അനിയനെ ആരെങ്കിലും നോവിച്ചാൽ ആരെന്ന് പോലും അവൻ നോക്കില്ല... മറ്റുള്ളവർക്ക് മുന്നിൽ നീ ഹീറോ ആവണം എന്നാണ് അവന്റെ ആഗ്രഹം...

അത് കൊണ്ടല്ലേ നിനക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലെന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ കോളേജിൽ പോകുമ്പോൾ അവന്റെ കണ്ണട അവൻ ഊരി വെക്കുന്നതും വല്ല്യമ്മയുടെ അടുത്ത് ചെന്ന് വേഷം മാറി കോളേജിൽ പോകുന്നതും..... " ചിരിയോടെ വല്യച്ഛൻ പറഞ്ഞതും അമിത് മൗനം പാലിച്ചു... "സത്യം പറഞ്ഞാൽ നിന്റെ ഏട്ടന്റെ ഗുരു ഞാൻ തന്നെയാണ്... ഓരോ അടി നീ ഉണ്ടാക്കുമ്പോഴും നിന്നെ നോവിച്ചവരെ പെരുമാറാൻ അവൻ ഇറങ്ങി പുറപ്പെടുന്നത് എന്റെ അനുഗ്രഹം വാങ്ങിച്ചിട്ടാ....ഏട്ടൻ ഇതൊക്കെ മറച്ചു വെച്ചതിൽ നീ പരിഭവപ്പെടേണ്ടതില്ല......മൈൻഡ് ഒന്ന് കൂൾ ആക്ക്... പതിയെ മനസ്സ് ഇവയോട് പൊരുത്തപ്പെട്ടോളും.... " കണ്ണുകളിൽ ആശ്ചര്യവും അത്ഭുതവും അവിശ്വാസവും നിറഞ്ഞു നിൽക്കുന്ന അമിതിനെ നോക്കി അവന്റെ തോളിൽ തട്ടി കൊണ്ട് വല്യച്ഛൻ പോയി..... വീണ്ടും കസേരയിൽ ഇരുന്ന് അമിത് തന്നിലേറ്റ പ്രഹരത്തിന്റെ തോത് കുറയ്ക്കാനായി കണ്ണുകൾ ഇറുക്കി അടച്ച് മനസ്സ് കൂൾ ആക്കാൻ ശ്രമിച്ചു...... ************ "എന്നിട്ട്....? "

കൗതുകത്തോടെ ആര്യ അക്ഷിതിന്റെ മുഖത്തേക്ക് നോക്കി.. പലതും ഒളിച്ചു വെച്ച അവന്റെ കണ്ണുകളിൽ നോക്കിയവൾ ചോദിച്ചതും അക്ഷിത് തന്റെ വാക്കുകൾ തുടർന്നു.... " അമിതിനു ക്ഷമ കുറച്ചു കുറവാണ്,,,പലപ്പോഴായി നിന്നെയും അനിയെയും കാണാൻ അവൻ കോളേജിനടുത്തേക്കു വരുമായിരുന്നു..... ഞാൻ പോന്നതിൽ ആര്യക്കു പറ്റിയ എതിരാളികളെയൊന്നും കിട്ടിയില്ലെന്നു തോന്നുന്നു എന്ന് അപ്പോഴൊക്കെ വന്നു പറയും...നിങ്ങൾ അറിയാതെ നിഴല് പോലെ അവൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു.നീ എന്തെങ്കിലും ഏടാകൂടങ്ങളിൽ ചെന്ന് ചാടുമോ എന്ന ഭയമായിരുന്നു അവന്.., അവൻ അടങ്ങി നിന്ന പോലെ ആയിരിക്കില്ലല്ലോ മറ്റുള്ളവർ...." അമിതിനെ ഓർത്ത് ആദ്യമായ് അവളുടെ ഉള്ളിൽ സന്തോഷം വിരിഞ്ഞു നിന്നു... വിടർന്ന ചിരിയാലെ അവളത് പ്രകടമാക്കുകയും ചെയ്തു.... "അമിതിന്റെ കാര്യം അവിടെ നിൽക്കട്ടെ... ഇയാൾക്കെന്നെ കാണാൻ തോന്നിയില്ലേ....? " മറുപടിയായി അക്ഷിത് ചിരിച്ചു... അവന്റെ ആ ചിരിയിൽ ഉണ്ടായിരുന്നു അവൾക്കുള്ള ഉത്തരമെല്ലാം.... "ആര് പറഞ്ഞു തോന്നിയിരുന്നില്ലെന്ന്.. എല്ലാവർക്കും ഒപ്പമുള്ള നിന്നെ കാണുന്നതിലേറെ എനിക്കിഷ്ടം നിന്റെയാ സ്വകാര്യ സന്തോഷത്തിൽ നിനക്കൊപ്പം ചേരുന്നതായിരുന്നു..."

അക്ഷിത് പറഞ്ഞതിന്റെ പൊരുൾ അറിയാതെ ആര്യ സംശയത്തോടെ അക്ഷിത്തിനെ നോക്കി... " പതിവായി നീ മൈൻഡ് റിലാക്സ്ഡ് ആക്കാൻ തിരഞ്ഞെടുക്കാറുള്ള ആ വഴിയിൽ നിന്റെ കൂടെ ഞാനും ഉണ്ടാവാറുണ്ട്..... അപ്രതീക്ഷിതമായാണ് ഒരിക്കൽ പാതിരാത്രി നിന്നെ റൈഡിനിങിനിടെ കണ്ടത്... അന്ന് മുതൽ വിടാതെ പിന്തുടർന്ന് കൊണ്ട് ഞാൻ ഉണ്ടാവാറുണ്ടായിരുന്നു.. നിന്നെ കാണാതിരിക്കാൻ ആവാത്തത് കൊണ്ടാണ് ബിസിനസ് പോലും ഞാൻ വേണ്ടെന്ന് വെച്ചത്.. " രാത്രി കാലങ്ങളിൽ തന്നെ പിന്തുടരുന്ന ആൾ അക്ഷിത് ആണെന്ന് അറിഞ്ഞതും ആര്യയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു.... "അന്ന് ഈശ്വറിന്റെ ആളുകൾ നിന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് ഓർമയില്ലേ.. നീയും അമിതും അടികൂടിയ അന്നായിരുന്നു അത്.. അമിത് ക്ഷീണിതനായത് കൊണ്ട് തന്നെ അവന്റെ അരികിൽ നിന്നും മാറാനെനിക്കു പറ്റിയില്ല...അതിനാൽ തന്നെ അന്നവിടെ എത്താനും സാധിച്ചില്ല... പിന്നീട് പരിക്ക് പറ്റി നീ ലീവ് ആയിരുന്നപ്പോഴെല്ലാം നിന്റെ വീടിന് സമീപം നിന്റെ ജനലരികിൽ ഞാൻ ഉണ്ടാവുമായിരുന്നു...

എന്തോ.. പതിവ് തെറ്റിക്കാതെ ആ നേരത്ത് നിന്നെ കാണുന്നത് കൊണ്ടാവാം നീ അമ്മ വീട്ടിൽ പോയ സമയം നീ എവിടെ പോയെന്നറിയാതെ ഞാനാകെ ഭ്രാന്ത് പിടിച്ചു നടന്നത്.... " കള്ള ചിരിയാലെ അക്ഷിത് പറഞ്ഞതും ആര്യ ചിരിച്ചു കൊണ്ട് തലയാട്ടി... "കല്യാണം ക്ഷണിക്കാൻ വേണ്ടി വന്നപ്പോൾ അനി പറഞ്ഞല്ലേ അറിഞ്ഞത് നീ അമ്മ വീട്ടിൽ ആണെന്ന കാര്യം... അല്ലെങ്കിൽ ദിനേന നിന്റെ വീടിന്റെ മതിൽ ചാടി എന്റെ തടി കുറഞ്ഞേനേ... അല്ലേൽ തന്നെ ഞാനിപ്പോ എക്സ്‌പീരിയൻസ്ഡ് ചാട്ടക്കാരൻ ആയിട്ടുണ്ട് ..." തമാശ രൂപേണ അതും പറഞ്ഞ് അക്ഷിത് ചിരിച്ചു... പിന്നെ മെല്ലെ ചിരി മായ്ച്ചു കൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കി... "നിന്നെ ഒരു നിമിഷം പോലും കാണാതിരിക്കാൻ എനിക്കാവുമായിരുന്നില്ല... അങ്ങനെയിരിക്കെ രണ്ട് മൂന്ന് ദിവസം നിന്നെ കാണാത്തത് എന്നെ എത്രത്തോളം ബാധിച്ചിട്ടുണ്ടാവും എന്ന് ചിന്തിച്ചു നോക്ക്.. അനി പറഞ്ഞത് പ്രകാരം നിന്റെ അമ്മ വീട് അന്വേഷിച്ച് അവിടേക്ക് ഞാൻ വന്നിരുന്നു.. അവിടെ വെച്ച് നിന്നെ ഒരു നോക്ക് കണ്ടപ്പോൾ എന്നിലുണ്ടായ സന്തോഷം.. പറഞ്ഞറിയിക്കാൻ ആവില്ല.. " അന്നുണ്ടായ സന്തോഷം മുഴുവൻ അക്ഷിത് തന്റെ കണ്ണുകളിൽ പ്രകടമാക്കിയതും ആര്യയുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പി..

വാക്കുകൾ കിട്ടാതെ അവൾ ചിരിതൂകി.... "ഇത്രയൊക്കെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചിട്ടും എന്ത് കൊണ്ട് ഒരിക്കൽ പോലും എന്റെ മുന്നിൽ വന്നില്ലാ.... " സന്തോഷക്കണ്ണീരിലും ആര്യയുടെ ഉള്ളിൽ പരിഭവം നിറഞ്ഞു... " നീയെന്നെ പൂർണ്ണമായി അംഗീകരിക്കുന്ന നാളിനു വേണ്ടിയായിരുന്നു എന്റെ കാത്തിരിപ്പ്.....ആ കാത്തിരിപ്പിനൊരു സുഖം ഉണ്ടായിരുന്നു... ഇപ്പോൾ നിന്റെ കണ്ണുകൾ പറയുന്നുണ്ട് എന്നെ നീ അംഗീകരിച്ചുവെന്ന്... അത് കൊണ്ടാണ് ഒരു അടിയിൽ ഒതുക്കി നീയെന്റെ നെഞ്ചിൽ ഒതുങ്ങിയത്.... " അവളെ തന്നിലേക്ക് ചേർത്തി കൊണ്ട് അക്ഷിത് പറഞ്ഞതും ആര്യയുടെ മുഖം ചുവന്നു തുടുത്തു... "എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല... എന്റെ ഹൃദയത്തെ അടിമപ്പെടുത്തിയ ആ ശബ്ദം അമിതിന്റെ ആണെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസമായിരുന്നു.. ഓരോ തവണ കണ്ണുകൾ അമിതിനെ കാണിച്ചു തരുമ്പോഴും ഹൃദയം മറ്റാർക്കോ വേണ്ടി മിടിക്കുന്നത് പോലെ തോന്നിയിരുന്നു....പക്ഷേ.. ഒരിക്കൽ പോലും അക്ഷിത് ആണെന്നൊരു സൂചന പോലും ഹൃദയം നൽകിയില്ല... "

അവന്റെ കണ്ണുകളിൽ നോക്കി ആര്യ പറഞ്ഞതും അക്ഷിത് അവളുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് നിർത്തി.. "ഹൃദയം സൂചന നൽകിയിരുന്നു... പലപ്പോഴും.. നീ അറിഞ്ഞില്ല എന്ന് മാത്രം.....നിന്നിലേക്കെത്താൻ എന്റെ ഏക പിടിവള്ളിയായിരുന്നു നീ ജീവനായി ഹൃദയത്തിൽ കൊണ്ട് നടക്കുന്ന എന്റെ സ്വരം.... പലപ്പോഴും എന്റെ സ്വര മാധുര്യം നിന്നെ ശാന്തയാക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.. അത് കൊണ്ട് തന്നെയാണ് പ്രൈവറ്റ് നമ്പറിൽ നിന്നും നിനക്കായ് ഞാൻ പാടിയ ഓഡിയോ അയച്ചിരുന്നത്.. ഓരോ തവണ നെഞ്ചോടു ചേർത്ത് വെച്ച് നീ അത് കേൾക്കുമ്പോൾ നിന്റെ ഹൃദയമിടിപ്പ് എങ്ങനെയാണോ.. അതിന് തുല്യം തന്നെയായിരുന്നു എന്റെ ഹൃദയമിടിപ്പും... " "ഇത്രമാത്രം എന്നെ സ്നേഹിക്കാൻ എന്താണ് എന്നിലുള്ളത്... അമിതുമായി വഴക്കിടുമ്പോൾ,,, അവന്റെ മേൽ കൈവെക്കുമ്പോൾ അവനെ നോവിക്കുമ്പോൾ ,, ഒരിക്കൽ പോലും എന്നോട് ദേഷ്യം തോന്നിയിരുന്നില്ലേ.... " ആര്യയുടെ വാക്കുകളിൽ വീണ്ടും അവിശ്വാസവും അത്ഭുതവും നിറഞ്ഞു..

അത് കണ്ട് അക്ഷിത് അവളുടെ കവിളിൽ തന്റെ കൈ കൊണ്ട് മെല്ലെ ഞൊടിച്ചു.. "അമിതിനെ നീ നോവിച്ചതിനെല്ലാം കാരണങ്ങൾ ഉണ്ടായിരുന്നു.. അമിതിന്റെ പല എടുത്തു ചാട്ടങ്ങൾക്കും നിന്റെ അടി നല്ലൊരു മരുന്നായിരുന്നു.. ആണിന്റെ മേൽ കൈവെക്കുന്ന നിന്റെ സ്വഭാവം പലർക്കും ഇഷ്ടമായിട്ടുണ്ടാവില്ല. തന്റേടക്കാരിയെന്ന് അവരൊക്കെ നിന്നെ മുദ്ര കുത്തിയേക്കാം... പക്ഷേ... ഞാൻ പറഞ്ഞില്ലേ നിന്റെ പുറമെയുള്ള സ്വഭാവമല്ല എന്നെ നിന്നിലേക്ക് അടുപ്പിച്ചതെന്ന്..... നിന്റെ ഉള്ളിനുള്ളിലെ സ്നേഹം.. കെയറിങ്... അതാണ്‌ എന്നെ നിന്നെ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത്.. കോളേജിൽ വെച്ച് തന്നെ അനിയോടുള്ള നിന്റെ കെയറിങ് മനസ്സിൽ കയറി പറ്റിയിരുന്നു.. പക്ഷേ.. ഒരു നാൾ നിന്റെ അച്ഛനും അനിയുടെ അച്ഛനും വീട്ടിൽ വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണോ എന്തോ പിന്നീട് ഒരിക്കലും ഇറങ്ങി പോകാത്ത വിധം നീയെന്റെ മനസ്സിൽ കൂട് കൂട്ടി.. സഹതാപം മൂലമുള്ള പ്രണയം ആയിരുന്നില്ല എന്റേത്.. മറിച്ച് നിന്റെ സ്നേഹത്തോടായിരുന്നു എന്റെ പ്രണയം..

ആ പ്രണയം അന്ന് തന്നെ ഞാൻ നിന്റെ അച്ഛനെ അറിയിച്ചിരുന്നു... " അക്ഷിതിന്റെ വാക്കുകൾ കേട്ട് ആര്യ സ്തബ്ധയായി നിന്നു.. വിശ്വാസം വരാതെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കിയതും അതേ എന്നവൻ ചിരിച്ചു കൊണ്ട് തലയാട്ടി.. അച്ഛനും ഒന്നും പറഞ്ഞില്ലല്ലോ എന്ന ചിന്തയിൽ അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.... "എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നിനക്കെന്താ തോന്നുന്നത്... ഞാൻ നിന്റെ മുന്നിൽ വരാതിരുന്നതിലും മൗനമായി നിന്നെ പ്രണയിച്ചതിലും എന്തെങ്കിലും തെറ്റുണ്ടോ..? പ്രണയം ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നെങ്കിൽ അമിതിനു കിട്ടിയതിന്റെ നാലിരട്ടി ഞാൻ വാങ്ങിക്കേണ്ടി വരില്ലായിരുന്നോ... ഓർത്ത് നോക്ക്.. " " അത് സത്യം... അന്നത്തെ എന്റെ സ്വഭാവം വെച്ച് അതിലപ്പുറം പ്രതീക്ഷിച്ചാൽ മതിയായിരുന്നു" "അപ്പോൾ കുറച്ചു കാത്തിരുന്നാലും പരിക്കൊഴിവാക്കിയുള്ള ഈയൊരു കൂടിച്ചേരലല്ലേ നന്നായത് " അക്ഷിത് പുരികം ഉയർത്തി ചോദിച്ചതും ആര്യ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. "തനിക്ക് കാഞ്ഞ ബുദ്ധി തന്നെയാണെടോ...." വലം കൈ കൊണ്ട് അവന്റെ നെഞ്ചിൽ പതിയെ കുത്തി കൊണ്ട് അവൾ പറഞ്ഞതും അക്ഷിത് ചിരിച്ചു കൊണ്ട് അവളെ പുണർന്നു..... ************

"എന്താ ഇവിടെ ഒരു കൂട്ടച്ചിരി..." കുഞ്ഞിനെ കിടത്തി ഉറക്കി ലീനയും അനിയും തിരികെ വന്നപ്പോൾ ആണ് എല്ലാവരും നിന്ന് ചിരിക്കുന്നത് അനിയുടെ ശ്രദ്ധയിൽ പെട്ടത്. .. ഉടനെ അവൾ അച്ഛന്റെ അടുത്തേക്ക് ചെന്ന് എല്ലാവരെയും മാറി മാറി നോക്കി ചോദിച്ചു... അവളെ കണ്ടതും അവർ ചിരി നിർത്തി.. "നിന്റെ വാവിയുടെയും അക്ഷിത് ചേട്ടന്റെയും കാര്യം പറഞ്ഞു ചിരിച്ചതാ.. " "ആഹാ.. അപ്പോൾ കാര്യങ്ങൾ ഇവിടം വരെ ഒക്കെ എത്തി അല്ലേ.. അല്ലാ..മഹാനും മഹതിയും ഇത് വരെ ഇങ്ങോട്ട് വന്നില്ലേ... " ഇല്ലെന്ന് ചുമൽ കുലുക്കി കൊണ്ട് മഹി കാണിച്ചതും അനി അമിതിന്റെ കൈകളിൽ പിടിച്ചു വലിച്ചു.. "അമിത് ചേട്ടാ.. എന്തോന്ന് നോക്കി നിൽക്കാ... അവരെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... വാ ചെന്ന് നോക്കാം..,നിങ്ങളും വാ . " മഹിയെയും ലീനയെയും നോക്കി പറഞ്ഞു കൊണ്ട് അമിതിനെ വലിച്ച് അനി മുന്നിൽ നടന്നു.... ഇപ്പോഴും കേട്ട കാര്യങ്ങളുടെ ഷോക്കിൽ നിന്നും വിട്ട് മാറാത്ത മനസ്സുമായി പാവ കണക്കെ അമിത് അവൾക്കൊപ്പം നീങ്ങി..... അവരുടെ അടുത്തെത്തിയതും ആര്യയും അക്ഷിതും ചേർന്ന് നിൽക്കുന്നതാണ് കണ്ടത്.

ഉടനെ അനി അവർ കേൾക്കും വിധം ശക്തിയായി ചുമച്ചു... അവർ വന്നതറിഞ്ഞതും ആര്യ അക്ഷിതിൽ നിന്നും വിട്ട് നിന്നു... "ഏയ്... വിട്ട് നിൽക്കേണ്ട.. ദേ ഇങ്ങനെ ചേർന്ന് നിൽക്ക്.. അതാണ് അതിന്റെ ഭംഗി..." ലീന ഇരുവരെയും യഥാ സ്ഥാനത്ത് നിർത്തി പറഞ്ഞതും അനി മുന്നിൽ വന്ന് നിന്ന് ഇരുവരെയും മാറി മാറി നോക്കി.. "അയ്യോടാ.. എന്റെ വാവി തന്നെയാണോ ഇത്.. എന്താ ഒരു നാണം... ഐശ്... ഇവൾ ജനിച്ചിട്ട് ഇന്നേവരെ ഇക്കോലത്തിൽ നാണിച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.. " അനി ആര്യയെ കളിയാക്കിയതും ആര്യ ചമ്മി നിന്നു...മഹിയും ലീനയും അനിയും അവരെ ഓരോന്ന് കളിയാക്കുമ്പോഴും അമിത് നിശ്ശബ്ദനായിരുന്നു.. അക്ഷിതിൽ നിന്നും കണ്ണെടുക്കാതെ അവൻ നോക്കി നിന്നു.. അവരുടെയൊക്കെ കളിയാക്കലിൽ ചിരിക്കുമ്പോഴും അമിതിൽ വന്ന മാറ്റം അക്ഷിതിന്റെ ശ്രദ്ധയിൽ പെട്ടു.. "ഇവനെന്ത് പറ്റി... " "ഏട്ടന്റെ മുഖം മൂടി അനിയന്റെ മുന്നിൽ അഴിഞ്ഞു വീണതിന്റെ ചെറിയ ഷോക്ക് ആണ്.... " അക്ഷിത് മെല്ലെ ചോദിച്ചതും മഹി അവന്റെ അടുത്ത് വന്ന് പതിയെ പറഞ്ഞു...

അത് കേട്ട് അക്ഷിത് അവനെ നോക്കി കണ്ണുരുട്ടി.. "എന്നെ നോക്കി പേടിപ്പിക്കേണ്ട.. നിന്റെ അച്ഛൻ തന്നെയാ എല്ലാത്തിനും കാരണം.... " മഹി പറഞ്ഞതും അക്ഷിത് അമിതിന്റെ അടുത്തേക്ക് ചെന്നു... അവന്റെ കൈകൾ തന്റെ കൈക്കുള്ളിൽ ആക്കി അവനെ നോക്കി. "നിനക്കൊരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല എന്നറിയാം... എല്ലാം വിശദമായി ഞാൻ പറയാം.. ഇപ്പോൾ നീ ഉഷാറായിക്കെ.. നിന്റെ കല്യാണം ആണെന്നത് മറക്കേണ്ട... നൈനു അവിടെ കാത്തിരിപ്പുണ്ടാവും.. നടക്ക്..." തന്റെ തോളിൽ കൈവെച്ചു കൊണ്ട് ഏട്ടൻ പറഞ്ഞതും അമിത് തലയാട്ടി ചിരിച്ചു...

എല്ലാവരും ഒരുമിച്ച് അവിടെ നിന്നും നടന്നു നീങ്ങി.. കൈ കോർത്തു പിടിച്ച് വരുന്ന അക്ഷിതിനെയും ആര്യയേയും കണ്ട് ജീവന്റെ മനസ്സ് നിറഞ്ഞു.... അനിയുടെ അമ്മയും അവരെ ഒരുമിച്ച് കണ്ട് ഒരുപാട് സന്തോഷിച്ചു... ആര്യയെ ചേർത്ത് പിടിച്ചു കൊണ്ട് അമ്മ അവളെ തലോടി.. "ആദ്യമേ എല്ലാം അറിഞ്ഞിരുന്നെങ്കിൽ ഇന്നത്തെ ദിവസം തന്നെ ഇവരുടെ കല്യാണം കൂടി നടത്താമായിരുന്നു.. " "അതിനി എപ്പോൾ വേണമെങ്കിലും നടത്താമല്ലോ.. ജാതകം നോക്കി നല്ലൊരു ദിവസം തന്നെ നോക്കി ഉറപ്പിക്കാം... " ജീവൻ പറഞ്ഞതും ആര്യ അച്ഛനിൽ നിന്നും പിണക്കത്തോടെ മുഖം തിരിച്ചു... അവളുടെ പരിഭവത്തിന് കാരണം എന്തെന്ന് മനസ്സിലായത് കൊണ്ട് ജീവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് നിർത്തി കൊണ്ട് എല്ലാവരിൽ നിന്നും മാറി നിന്നു...... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story