ആത്മരാഗം💖 : ഭാഗം 88

athmaragam thanseeh

രചന: തൻസീഹ് വയനാട്

അവരെല്ലാവരും സന്തോഷം പങ്കിടുമ്പോൾ ജീവൻ ആര്യയുടെ കയ്യിൽ പിടിച്ച് അവരുടെ ഇടയിൽ നിന്നും മാറി നിന്നു... "അച്ഛൻ സോപ്പിടാൻ നിൽക്കേണ്ട... എന്നാലും ഒരാളും ഒരു സൂചന പോലും എനിക്ക് തന്നില്ലല്ലോ.... " ആര്യ പിണക്കത്തോടെ മുഖം തിരിച്ചതും ജീവൻ അവളുടെ ചുമലിൽ തട്ടി കൊണ്ട് ചിരിച്ചു... "നിന്നോട് അന്നേ എല്ലാം പറഞ്ഞിരുന്നെങ്കിൽ എന്റെ മോളുടെ മുഖത്ത് ഇത്രത്തോളം സന്തോഷം കാണാൻ കഴിയുമോ ഞങ്ങൾക്ക്... അക്ഷിതിന്റെ കയ്യിൽ പിടിച്ച് നീ വന്നപ്പോൾ നിന്റെ മുഖത്തെയാ ചിരി, നിന്റെ അമ്മ മരിച്ചതിനു ശേഷം ഞാൻ കണ്ടിട്ടില്ല..... അച്ഛൻ ഒരുപാട് സന്തോഷിക്കുന്നുണ്ട് മോളേ ഇപ്പോൾ... ഒരുപാട്... " അച്ഛന്റെ വാക്കുകൾ കേട്ട് ആര്യയുടെ മിഴികൾ നിറഞ്ഞു... സന്തോഷത്തോടെ അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "പരിഭവം മാറിയോ ഇവളുടെ..... " അക്ഷിതിന്റെ ശബ്ദം കേട്ടതും ആര്യ അച്ഛന്റെ നെഞ്ചിൽ നിന്നും തല എടുത്തു കൊണ്ട് ചിരിച്ചു.. "മ്മ്.. രണ്ടു പേർക്കും ഞാൻ വെച്ചിട്ടുണ്ട്.. ഈ ആര്യ ഭദ്രയെ ആണ് ഇത്രയും നാൾ പറ്റിച്ചത്... കാണിച്ചു തരാം.... "

"ഹ്ഹ ഹ്ഹ.. ആരോടാ മോളേ ഈ പറയുന്നേ... നീ ആര്യ ഭദ്ര ആണെങ്കിൽ ഇവൻ അക്ഷിത് സൂര്യയാണ്...പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ...ഇവന്റെയൊരു ഭാഗം മാത്രമേ നീ അറിഞ്ഞിട്ടുള്ളൂ... പതിയെ എല്ലാം അറിഞ്ഞോളും.. അല്ലേ മോനേ...." അർത്ഥം വെച്ചൊരു ചിരിയാലെ അക്ഷിതിന്റെ ചുമലിൽ തട്ടി കൊണ്ട് ജീവൻ പറഞ്ഞതും അതിന്റെ പൊരുൾ അറിയാവുന്നത് കൊണ്ട് അക്ഷിത് കണ്ണും മിഴിച്ച് ജീവനെ നോക്കി.. എല്ലാം എല്ലാവരും അറിഞ്ഞെന്ന് അവൻ മനസ്സിലാക്കിയതും അവന്റെ മുഖത്ത് പ്രത്യേക ഭാവം നിറഞ്ഞു.. മൂടി വെച്ചതൊക്കെ പുറം ലോകം അറിയുമ്പോൾ ഉള്ള ഏതൊരാളുടെയും അവസ്ഥ അവനെയും പൊതിഞ്ഞു... എന്നാൽ അച്ഛൻ പറഞ്ഞതിന്റെ അർത്ഥം അറിയാതെ ആര്യ ഇരുവരെയും മാറി മാറി നോക്കി... "എന്താ അച്ഛാ അച്ഛനിപ്പോൾ പറഞ്ഞത്... എനിക്കൊന്നും മനസ്സിലായില്ല.... " "എല്ലാം പതിയെ നീയറിഞ്ഞോളും..." ഇരുവരുടെയും ചുമലിൽ തട്ടി കൊണ്ട് ജീവൻ അവരുടെ അരികെ നിന്നും നടന്നു പോയി...

കാര്യം എന്തെന്നറിയാൻ അവൾ അക്ഷിത്തിനെ നോക്കി കണ്ണുരുട്ടിയതും അവൻ അവളെ നോക്കി ചിരിച്ചു.. "എല്ലാം ഞാൻ പറയാം... ഇപ്പോഴല്ല നമ്മുടെ മാത്രമായുള്ള ആ സൗകാര്യ നിമിഷങ്ങളിൽ.. എല്ലാം നിന്നെ അറിയിച്ചിട്ടേ പുതിയ ജീവിതത്തിലേക്ക് ചുവട് വെക്കുകയുള്ളൂ.. " അക്ഷിതിനോട് മറുത്തൊന്നും പറയാതെ അവൾ തലയാട്ടി.. താൻ അറിയേണ്ടതാണെങ്കിൽ ഉറപ്പായും അക്ഷിത് തന്നെ അറിയിക്കുമെന്ന് അവൾക്ക് ഉറപ്പുള്ളതിനാൽ തന്നെ അവനെ ബുദ്ധിമുട്ടിക്കാൻ അവൾ ശ്രമിച്ചില്ല... "മതി, മതി..കുറെ നേരം സംസാരിച്ചില്ലേ.. ഇനി ബാക്കി നിങ്ങളുടെ കല്യാണം കഴിഞ്ഞ് സംസാരിക്കാം.. ഇപ്പോൾ നമുക്ക് പോയി ഭക്ഷണം കഴിക്കാം.. വന്നേ ...." ആര്യയുടെയും അക്ഷിതിന്റെയും കൈ പിടിച്ചു കൊണ്ട് അനി മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കാനായി നടന്ന് നീങ്ങി.. ************ "അക്ഷര മോളേ... എങ്ങോട്ടാ എന്നെ വലിച്ചു കൊണ്ട് പോവുന്നേ.. " കല്യാണത്തിന് വന്ന മുതൽ ശിവ അക്ഷര കുട്ടിയുടെ പിറകെയാണ്.. ഇരുവരും നല്ല കൂട്ടായി കഴിഞ്ഞിരുന്നു... ആളില്ലാത്ത സ്ഥലത്തേക്ക് അവളെയും വലിച്ചു കൊണ്ട് പോയി അക്ഷര കുട്ടി കസേരയിൽ ഇരുന്നു... "ആഹാ.. ഇവിടെ ഇരിക്കാനാണോ എന്നെ വലിച്ചു കൊണ്ട് വന്നേ..

എന്തിനാ ഈ മൂലയിൽ വന്നിരിക്കുന്നെ... " അവളുടെ അടുത്തിരുന്ന് കൊണ്ട് ശിവ ചുറ്റും നോക്കി.. "എനിക്കൊരു സംശയം ഉണ്ടായിരുന്നു... അത് സത്യമാണോ അല്ലെയോ എന്ന് നോക്കാൻ വേണ്ടിയാ.. " "സംശയമോ എന്ത് സംശയം....??? " "അതൊക്കെ ഉണ്ട് ചേച്ചി കുട്ടീ... ചേച്ചി എന്തെങ്കിലും പറ... " "പറയാനോ എന്ത്... " "എന്തെങ്കിലും വിശേഷങ്ങൾ പറ ചേച്ചീ.. ബോറടിച്ചിരിക്കേണ്ടല്ലോ.. " "ഓ.. അതിനായിരുന്നോ.. കല്യാണമൊക്കെ അല്ലേ.. എന്നിട്ടാണോ മോൾക്ക് ബോറടി.. " "കല്യാണം ഏട്ടന്റെ അല്ലേ.. എന്റെ അല്ലല്ലോ.." അവളത് പറഞ്ഞതും ശിവ പൊട്ടിച്ചിരിച്ചു... ആ സമയമൊക്കെ അക്ഷര കുട്ടിയുടെ കണ്ണുകൾ മറ്റെങ്ങോ ആയിരുന്നു.. ശിവ ചിരി നിർത്തിയതും അവൾ നോട്ടം ശിവയിലേക്ക് തന്നെ തിരിച്ചു... "അത് വിട്.. അക്ഷര കുട്ടിക്ക് ഏട്ടന്മാരിൽ ഏറ്റവും ഇഷ്ടം ആരെയാ.... " "അതോ.. അത്... എനിക്ക് മൂന്ന് പേരെയും ഇഷ്ടമാ.." "ഓഹോ... ആയിക്കോട്ടെ.. എങ്ങനെ മൂന്നു പേരും.. മോളെ വഴക്ക് പറയുമോ" ശിവയുടെ ചോദ്യം കേട്ട് അക്ഷര കുട്ടി കുലുങ്ങി ചിരിച്ചു.. "ഏയ്.. ഞങ്ങൾ തല്ല് കൂടാറുണ്ട് എപ്പോഴും.. പക്ഷേ വഴക്കൊന്നും പറയില്ല...." "ആഹാ.. നല്ല ഏട്ടന്മാർ ആണല്ലോ " "പിന്നെ അല്ലാതെ... എന്റെ ഏട്ടന്മാർ നല്ലത് തന്നെയാ.. അമിത് ചേട്ടന് പുറത്ത് അടിപിടി കൂടുന്ന സ്വഭാവം ഉണ്ടെങ്കിലും ആള് പാവമാ..

പിന്നെ അമൻ ചേട്ടൻ.. ആൾക്ക് വായിനോട്ടം കുറച്ചു കൂടുതലാണ്... അല്ലാതെ ആള് കുഴപ്പക്കാരനല്ല.. " അമനെ കുറിച്ച് അക്ഷര പറഞ്ഞതും ശിവ തലയാട്ടി... "മ്മ്മ്.. അതെനിക്കറിയാം.... അതിനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്...." അന്ന് കല്യാണ തലേന്ന് നടന്നത് ഓർത്ത് ചിരിച്ചു കൊണ്ട് ശിവ പറഞ്ഞതും അക്ഷര കുട്ടി എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചു.. "പക്ഷേ അത് ഏറ്റില്ലെന്ന് തോന്നുന്നു.." അക്ഷരയുടെ വാക്കുകൾ കേട്ട് അവൾ നോക്കുന്നിടത്തേക്ക് ശിവയും നോക്കി.. ആ സമയം തൂണിന്റെ മറവിൽ നിന്ന് കൂട്ടുകാരോട് സംസാരിക്കുന്ന അമനെ അവൾ കണ്ടു... ഇടക്ക് അവൻ നോട്ടം അവളിലേക്ക് ചലിപ്പിക്കുന്നതും അവൾ തന്നെ നോക്കുന്നെന്ന് കണ്ട ഉടനെ തൂണിന്റെ മറവിലേക്ക് പോകുന്നതും കണ്ട് അവളൊന്ന് നീട്ടി മൂളി കൊണ്ട് തലയാട്ടി.... അക്ഷര കുട്ടിയും അമനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അവൻ ഇടക്ക് ശിവയെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ അവളെയും കൊണ്ട് മാറി ഇരുന്നത്..

തങ്ങൾ ഇരിക്കുന്ന ഭാഗത്ത് മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയ അക്ഷര അമൻ നോക്കുന്നത് ശിവയെ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.... ശിവ താൻ നോക്കുന്നത് കണ്ടെന്ന് ഉറപ്പാക്കിയ അമൻ ഇനിയും അവിടെ നിൽക്കുന്നത് തന്റെ തടിക്ക് കേടാണെന്ന് മനസ്സിലാക്കി കൊണ്ട് മെല്ലെ അവിടെ നിന്നും അവളുടെ കണ്ണെത്താത്തിടത്തേക്ക് മാറി നിന്നു ... ************ ഭക്ഷണം കഴിച്ചു കഴിഞ്ഞ് വീണ്ടും ഫോട്ടോ ഷൂട്ട് തുടങ്ങി.. കുടുംബക്കാരെയും കൂട്ടുകാരെയും ഒപ്പം നിർത്തി ഫോട്ടോ ഷൂട്ട് തകൃതിയായി നടന്നു... കോളേജിൽ നിന്നും ടീച്ചേഴ്സും മറ്റു ഫ്രണ്ട്സും എത്തിയിരുന്നു.. ഒപ്പം അവന്റെ സ്പോർട്സ് ടീമിലെ അംഗങ്ങളും... എല്ലാവരും കൂടെ കല്യാണവും ഫോട്ടോ ഷൂട്ടും ഉഷാറാക്കി... കുഞ്ഞിന് സുഖം ഇല്ലാത്തത് കൊണ്ട് പോകാനായി ഇറങ്ങിയ മഹി അക്ഷിതിനും ആര്യക്കും കൈ കൊടുത്തു... "അധിക ദിവസം കാത്തിരിക്കാൻ ഇനിയും ഇട കൊടുക്കരുതേ.. പെട്ടന്ന് അടുത്ത സദ്യയ്ക്കുള്ള വക ഉണ്ടാക്കി തരണം.. കേട്ടല്ലോ ...." മഹി ചിരിച്ചു കൊണ്ട് പറഞ്ഞതും ആര്യ ചിരിച്ചു കൊണ്ട് ഇടം കണ്ണാലെ അക്ഷിത്തിനെ നോക്കി...

ലീനയും മഹിയും പോകാൻ ഇറങ്ങിയതും അനി ഓടി വന്നു.. "അല്ലാ.. എങ്ങോട്ടാ.. പോകുവാണോ... " "പോട്ടെ അനീ... ഇനി ഇവരുടെ കല്യാണത്തിന് കാണാം.." ലീന അത് പറഞ്ഞതും അനി അവരെ നോക്കി കണ്ണുരുട്ടി.. "ഞാൻ പറഞ്ഞതൊക്കെ മറന്നോ.. " "അതിന് നീയില്ലേ.. " "അത് പോരാ... നിങ്ങളും വേണം.. എല്ലാം ഒന്ന് പ്ലാൻ ചെയ്യണം " "എന്നാ ഓക്കേ.. അമിതിനെയും നൈനികയെയും വീട്ടിൽ ആക്കിയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ.... " മഹി വാക്ക് കൊടുത്തതും അനിക്ക് സന്തോഷമായി.. അവർ സംസാരിച്ചതൊന്നും മനസ്സിലാവാതെ ആര്യയും അക്ഷിതും മുഖത്തോട് മുഖം നോക്കി.. "എന്താ അനീ.. എന്ത് പ്ലാൻ ചെയ്യുന്ന കാര്യമാണ് നിങ്ങൾ പറഞ്ഞത്.. " "അതൊക്കെ ഉണ്ട്... അല്ലേ.. " കണ്ണിറുക്കി കൊണ്ട് അനി സ്റ്റേജിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന അമിതിനെയും നൈനികയെയും നോക്കി.................. "ഇനി വൈകിക്കേണ്ട... വിടവാങ്ങൽ ചടങ്ങ് നടത്തിയാലോ... " സൂര്യ ദാസ് നൈനികയുടെ അച്ഛനോട് പറഞ്ഞതും എന്നാൽ അങ്ങനെ ആവട്ടെ എന്നും പറഞ്ഞ് അതിനുള്ള ഒരുക്കത്തിലേക്കവർ കടന്നു.... പാലും പഴവും നിറച്ച തളിക അമിതിന് മുന്നിൽ കൊണ്ട് വെച്ച് കസവ് തുണി അവന് നൽകി ചന്ദനം ചാർത്തി കൊണ്ട് നൈനികയുടെ അമ്മ ചടങ്ങിന് തുടക്കം കുറിച്ചു...

എല്ലാവരും വധൂ വരന്മാർക്ക് മധുരം നൽകി കൊണ്ട് ചടങ്ങ് പൂർത്തിയാക്കി.... വിട വാങ്ങലിനായി ഇരുവരും നൈനികയുടെ അച്ഛനമ്മമാരിൽ നിന്നും അനുഗ്രഹം വാങ്ങി.... സന്തോഷത്തോടെ കണ്ണുനീരിന്റെ അകമ്പടിയോടെ നൈനിക കാറിൽ കയറി... പോകാനായി എല്ലാവരും കാറിൽ കയറിയതും അനിയും ശിവയും മഹിയുടെയും ലീനയുടെയും കാറിൽ കയറി പറ്റി.... പുതിയ ജീവിതം തുടങ്ങുമ്പോൾ എല്ലാം ചടങ്ങിനനുസരിച്ച് മുന്നോട്ട് പോകണം എന്നതിനാൽ ആര്യയോട് പോകേണ്ടെന്ന് ജീവൻ പറഞ്ഞു...താലി മാലയോടെ നെറ്റിയിലെ സിന്ദൂരത്തോടെ പൂർണ്ണ അധികാരത്തോടെ അക്ഷിതിന്റെ കൈകൾ പിടിച്ചു കൊണ്ടേ ആ വീട്ടിലേക്ക് തന്റെ മകൾ കാലെടുത്തു വെക്കാവൂ എന്ന് ജീവന് നിർബന്ധം ഉണ്ടായിരുന്നു... അത് ശെരിയാണെന്ന് തോന്നിയത് കൊണ്ട് ആരും അതിനെ എതിർത്തില്ല... കാറിൽ കയറും മുന്നേ അക്ഷിത് ആര്യയുടെ അടുത്തേക്ക് ചെന്നു... "ഇനി അധിക നാളുകളില്ല.. ഞാൻ വരും എന്റെ പാതിയാക്കി എന്റെ ജീവിതത്തിൽ കൂടെ കൂട്ടാൻ... " അക്ഷിതിന്റെ വാക്കുകൾക്ക് പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആര്യ അവൻ കാറിൽ കയറി പോകുന്നത് നോക്കി നിന്നു.. കണ്ണിൽ നിന്ന് മറയുന്നത് വരെ അവളുടെ ചുണ്ടിലെ പുഞ്ചിരി വിരിഞ്ഞു തന്നെ നിന്നു..... ************

അമിതും കുടുംബവും പോയതും അനിയും അനിരുദ്ധ് ഉം ജീവനും ആര്യയും വീട്ടിലേക്ക് തിരിച്ചു... യാത്രയിൽ ഉട നീളം ആര്യയുടെയും അക്ഷിതിന്റെയും കല്യാണക്കാര്യം ആയിരുന്നു അവർക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത്... അവർ പറയുന്നതെല്ലാം കേട്ട് നിറഞ്ഞ മനസ്സോടെ അവൾ പുറത്തെ കാഴ്ചകളിലേക് മിഴികൾ പായിച്ചു... വീട്ടിലെത്തിയ ആര്യ പൂമുഖത്തെ ചുമരിൽ തൂക്കിയ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി മിഴികൾ തുടച്ചു... ആ സമയം ജീവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഭദ്രയുടെ ഫോട്ടോയിലേക്ക് നോക്കി... "മോളേ... അമ്മ നിന്റെ അരികിൽ ഉണ്ടായിരുന്ന നാളുകളിൽ നിനക്ക് ചേരുന്നതെല്ലാം നിനക്ക് എത്തിച്ചു തന്നു...പെൺകുട്ടി ആയിട്ട് കൂടിl ആൺകുട്ടികളെ പോലെ തന്റേടമുണ്ടാക്കി നിന്നെയവൾ വളർത്തുമ്പോൾ പലരും പലതും പറഞ്ഞിരുന്നു.. ഇങ്ങനെ തന്റേടക്കാരി ആയാൽ കല്യാണം വരില്ലെന്ന് വരെ പറഞ്ഞവർ ഉണ്ട്.. എന്നാൽ അവരുടെ വാക്കുകളുടെ നേരെ നിന്റെ അമ്മ മുഖം തിരിച്ചിട്ടേ ഉള്ളൂ.. അവൾക്കറിയാമായിരുന്നു നിനക്കെന്താ ചേരുന്നതെന്ത്...

പലപ്പോഴും ഞാനും ആവലാതി പെട്ടിരുന്നു.. പക്ഷേ അപ്പോഴൊക്കെ എന്നോടും പറയും അവൾക്കിണങ്ങിയ ആള് എവിടെയെങ്കിലും ഉണ്ടാവുമെന്ന്...അവളെ പൂർണമായും അംഗീകരിച്ച് ഇഷ്ടപ്പെട്ട് അവളെ തേടി വരുമെന്ന്... " അച്ഛന്റെ വാക്കുകൾ കേട്ട് ആര്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. പുഞ്ചിരിയോടെ അവൾ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി.... അവളുടെ ചുമലിൽ തട്ടി ജീവൻ കണ്ണ് നിറച്ചു കൊണ്ട് റൂമിലേക്ക് പോയതും ആര്യ അമ്മയുടെ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ മിഴികൾ നിറച്ചു.. "അതേ അമ്മേ . അമ്മ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു... ഞാനിപ്പോൾ ഒരുപാട് സന്തോഷവതിയാണ്... ഈ സന്തോഷത്തിൽ അമ്മയും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ... " പിടഞ്ഞ മനസ്സോടെ അവൾ കണ്ണുകൾ അടച്ചു തുറന്ന് റൂമിലേക്ക് നടന്നു...അമ്മയെ ഓർത്തവൾ കട്ടിലിൽ ഇരുന്ന് തേങ്ങി കരഞ്ഞു.. മനസ്സ് കൈവിട്ടു പോവുന്നെന്ന് തോന്നിയതും അവൾ വേഗം ഫോൺ എടുത്ത് തന്റെ ഹൃദയത്തിൽ കുടിയേറിയ ആ സ്വരം കാതിൽ പതിപ്പിച്ചു....

ഇത്രയും നാൾ ആത്മാവ് മാത്രമുള്ള ആ ശബ്ദത്തിന് ഇപ്പോൾ അക്ഷിതിന്റെ രൂപം വന്നതും അവളുടെ ഹൃദയം ആ രൂപത്തെ ആഴത്തിൽ വരവേറ്റു... പ്രണയത്തോടെ അക്ഷിതിന്റെ മുഖം മനസ്സിൽ ഓർത്ത്‌ അവന്റെ സ്വരം കാതിൽ ലയിപ്പിച്ചതും അവളുടെ ഉള്ളിലെ വിഷമം പതിയെ മാഞ്ഞു പോയി.......... ************ അമിതും നൈനികയും വീട്ടിൽ എത്തുന്നതിനു മുന്നേ അനിയും ശിവയും ലീനയും മഹിയും അമിതിന്റെ അമ്മയും അച്ഛനും അക്ഷര കുട്ടിയും അമനും എല്ലാം അവിടെ എത്തിച്ചേർന്നിരുന്നു.. അവർക്കൊപ്പം അടുത്ത റിലേറ്റിവ്സും അവിടെ എത്തിയിരുന്നു... അക്ഷിതിനൊപ്പം വന്ന അമിതും നൈനികയും കാറിൽ നിന്നും ഇറങ്ങി.. അമിതിന്റെ അമ്മ നിലവിളക്ക് കയ്യിൽ നൽകി കൊണ്ട് ഇരുവരെയും അകത്തേക്ക് കയറ്റി.... സന്തോഷം പങ്കിട്ട് മധുരം നൽകി കഴിഞ്ഞ് നൈനികയെ വസ്ത്രം മാറാനായി അനിയും ലീനയും റൂമിലേക്ക് കൊണ്ട് പോയി... അപ്പോഴേക്കും റിലേറ്റിവ്‌സ് എല്ലാം പോയി കഴിഞ്ഞിരുന്നു... അമിത് അക്ഷിതിനൊപ്പം താഴെ ആണെന്ന് കണ്ടതും അനിയും ലീനയും നൈനികയെ റൂമിൽ ആക്കി മുകളിലെ ഹാളിൽ ഉള്ള സോഫയിൽ സ്ഥാനം പിടിച്ചു.. ശിവയും മഹിയും അമനും ആദ്യമേ അവിടെ ഉണ്ടായിരുന്നു...

ശിവ അടുത്തുള്ളത് കൊണ്ട് തന്നെ അമൻ അവളെ ശ്രദ്ധിക്കാത്ത പോലെ നിന്നു.. എന്നാൽ ഇടയ്ക്കിടെ നോട്ടം അവളിലേക്കെത്തിക്കുകയും ചെയ്തിരുന്നു.. "അപ്പോൾ ഇനി എന്താ പ്ലാൻ.. " മഹി ചോദിച്ചതും അനി ഗാഢ ചിന്തയിൽ മുഴുകി.. "എന്തെങ്കിലും കണ്ട് പിടിക്കണം.. രണ്ടു പേർക്കും നല്ലൊരു പണി കൊടുക്കണം.. അമിത് ചേട്ടൻ ഒരാള് പോലും അറിയാതെ മനസ്സിൽ കൊണ്ട് നടന്നില്ലേ.. അതിനൊരു ശിക്ഷ ആവട്ടെ.. എത്ര പെൺകുട്ടികൾ വായിനോക്കിയതാ... പിറകെ നടന്നതാ...മനസ്സിൽ ഒരാൾ ഉണ്ടായിട്ടാണ് ആരെയും നോക്കാത്തതെന്ന് അറിഞ്ഞില്ലല്ലോ.." നെടുവീർപ്പിട്ട് കൊണ്ട് അനി പറഞ്ഞതും മഹിയും ലീനയും ചിരിച്ചു.. അമിതിന്റെ ആദ്യ രാത്രി എങ്ങനെ എങ്കിലും കുളമാക്കാൻ ആയിരുന്നു അവരുടെ പ്ലാനിങ്.. പക്ഷേ എങ്ങനെയെന്ന് ആലോചിച്ചിട്ട് അവർക്കൊരു വഴിയും കിട്ടിയില്ല... "ഐവാ... കിട്ടി..." പെട്ടന്ന് അനി പറഞ്ഞതും എന്താണെന്നറിയാൻ എല്ലാവരും ആകാംഷയോടെ അവളെ നോക്കി... തന്റെ മനസ്സിൽ ഉള്ള പ്ലാൻ പറഞ്ഞതും എല്ലാവരും അതിൽ തൃപ്തരായി..

"മ്മ്മ് കുറച്ചു കടന്ന കൈ ആണ്.. എങ്കിലും കുഴപ്പമില്ല... " എല്ലാം പ്ലാൻ ചെയ്ത ശേഷം നേരം ഒരുപാട് ആയതിനാൽ മഹിയും ലീനയും യാത്ര പറഞ്ഞിറങ്ങി.. "അമിത്... ആൾ ദ ബെസ്റ്റ് ട്ടോ.. എല്ലാം നല്ലതിനാണ്.. " അവനെ നോക്കി കണ്ണിറുക്കി കൊണ്ട് അതും പറഞ്ഞ് മഹി കാറിൽ കയറി.. അവൻ പറഞ്ഞത് മനസ്സിലാവാതെ അമിത് അക്ഷിത്തിനെ നോക്കി.. തനിക്കും മനസ്സിലായില്ലെന്ന് അക്ഷിത് ചുമൽ കുലുക്കി കാണിച്ചു... അവരെ യാത്രയാക്കി കൊണ്ട് അമിതും അക്ഷിതും അകത്തേക്ക് കയറി... തിരക്ക് കാരണം അനിൽ സാറിന് കല്യാണത്തിന് വരാൻ പറ്റാത്തത് കൊണ്ട് വൈകുന്നേരം അമിതിന്റെ വീട്ടിലേക്ക് എത്താം എന്ന് അനിൽ സാർ പറഞ്ഞിരുന്നു.. അതിനാൽ സാർ വരുന്നത് വരെ അനിയും ശിവയും നൈനികയോട് സംസാരിച്ചിരുന്നു... വസ്ത്രം മാറാനായി അമിത് റൂമിലേക്ക് വന്നപ്പോൾ ആണ് റൂമിൽ നൈനിക ഇല്ലെന്ന് അവൻ മനസ്സിലാക്കിയത്.. ഇവൾ എവിടെ പോയെന്ന് ആലോചിച്ചു കൊണ്ട് അമിത് റൂമിൽ നിന്നും ഇറങ്ങിയതും അവന്റെ മുന്നിൽ ഇളിച്ചു കൊണ്ട് അനി വന്ന് നിന്നു..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story