ആത്മരാഗം💖 : ഭാഗം 9

athmaragam thanseeh

രചന: തൻസീഹ് വയനാട്

തരിപ്പിൽ കയറി ചുമച്ച അമിതിനെ വെള്ളം കുടിപ്പിച്ചു കൊണ്ട് അക്ഷിത് അവന്റെ തല കൊട്ടി കൊടുത്തു..തല താഴ്ത്തി ഇരുന്ന് ഫുഡ്‌ കഴിക്കുകയായിരുന്ന അമ്മയും അമനും അവരെ തന്നെ നോക്കി ഇരുന്നു... "എന്താ ചോദിച്ചത് കേട്ടില്ലേ... എന്നുമില്ലാത്തൊരു ഊട്ടൽ ഇന്നെന്താ.. ഏട്ടന്റെ കയ്യെന്താ ചുവന്നിരിക്കുന്നെ " സംശയ ചുവയോടെ അമിതിന്റെ കയ്യിലേക്ക് നോക്കി അക്ഷരകുട്ടി പറഞ്ഞതും അമിത് കൈകൾ ടേബിളിന് താഴേക്ക് പിടിച്ച് അമ്മക്ക് ഇളിച്ചു കാണിച്ചു കൊടുത്തു... "ഫുഡ്‌ കഴിക്കുമ്പോൾ എങ്കിലും നിന്റെ ഈ സംസാരം നിർത്തിക്കൂടെ കാന്താരീ.. എനിക്കെന്റെ ഏട്ടൻ അല്ലേ വാരി തരുന്നേ. അതിന് നിനക്കെന്താ.. കുശുമ്പി പാറു.. " "ഏട്ടൻ ട്രാക്ക് മാറ്റി ചവിട്ടൊന്നും വേണ്ട.. കയ്യെന്താ വീങ്ങിയിരിക്കുന്നെ" മയത്തിൽ വിഷയം മാറ്റാൻ നിന്ന അമിത് തലക്കടി കിട്ടിയ പോലെ ഇരുന്നു. അമ്മയുടെ തുറുപ്പിച്ചുള്ള നോട്ടം നേരിടാനാവാതെ അവൻ അക്ഷിതിനെ നോക്കി... "അമിത്... കൈ കാണിച്ചേ.. " അമ്മക്ക് മുന്നിൽ മറച്ചു വെക്കാൻ ആവാത്തത് കൊണ്ട് അവൻ കൈ കാണിച്ചു കൊടുത്തു...

കൈ തിണർത്തു വന്നത് കണ്ട് ആ അമ്മ മനസ്സ് നൊന്തു.. പക്ഷേ സങ്കടം ഉള്ളിൽ അടക്കി വെച്ച് അവർ അവനെ ദേഷ്യത്തോടെ നോക്കി.. "എന്താ ഡാ ഇത്.. എങ്ങനെ ഈ കൈ ഇങ്ങനെയായേ.. സത്യം പറഞ്ഞോ.. " "എന്റെ പൊന്ന് അമ്മേ... ഞാൻ കളിക്കാൻ പോയതല്ലേ.. അപ്പൊ ഇങ്ങനൊക്കെ ഉണ്ടാവും.. അതിനൊക്കെ വഴക്ക് പറയണോ " "ഓ പിന്നേ.. ഏട്ടൻ കളിക്കളത്തിൽ കൈക്കോട്ടും കൊണ്ടല്ലേ കളിച്ചത്... ഫുഡ്‌ ബാൾ കളിയിൽ എങ്ങനെ കൈയ്യിൽ ഇത് പോലെ മുറിവ് വരാ..ഇത് മറ്റെങ്ങനെയോ പറ്റിയതാ അമ്മേ " ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന അക്ഷരക്കുട്ടിയെ നോക്കി അമിത് കണ്ണുരുട്ടി... അവൾ വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല.. " അമ്മേ.. ആ ചീന മുളക് പറയുന്നത് അമ്മ കേൾക്കേണ്ട.. ഫുട്ബാൾ കളി കാൽ കൊണ്ട് മാത്രം ആണേലും പ്രാക്ടീസ് ചെയ്യുന്ന ടൈമിൽ കയ്യിലിത് പോലെ ഒക്കെ മുറിവ് പറ്റും " "അപ്പൊ കയ്യിന്റെ ആ സൈഡ് എന്താ ഏട്ടാ വരഞ്ഞിരിക്കുന്നെ.. നീളത്തിൽ ഉണ്ടല്ലോ.. " ഷോൾഡറിന് താഴെ കയ്യിന്റെ വശം ഉരഞ്ഞിരിക്കുന്നത് അക്ഷര അമ്മക്ക് കാണിച്ചു കൊടുത്തതും അമ്മ അവിടേക്ക് നോക്കി..

'ഇവളെ ഞാനിന്ന് ശെരിയാക്കും.. ഉണ്ടക്കണ്ണി എല്ലാം കണ്ണിൽ കാണും ' പിറു പിറുത്തു കൊണ്ടുള്ള അമിതിന്റെ നോട്ടം കണ്ട് അക്ഷര അതിനേക്കാൾ തുറുപ്പിച്ചു കൊണ്ട് അവനെ നോക്കി.. "ശെരിയാണല്ലോ അമ്മേ.. എന്തോ കോറിയ പോലെ ഉണ്ട്... വീണപ്പോൾ പറ്റിയതാവും അല്ലേ ഏട്ടാ " "ആ... അതേ.. കളിയെ പറ്റി ഈ കുട്ടി കാന്താരിക്ക് അറിയില്ലേലും അമനെ നിനക്ക് അറിയില്ലേ.. നീ പറഞ്ഞ പോലെ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ വീണപ്പോൾ കൈ മണ്ണിൽ ഉരഞ്ഞതാ... " "കണ്ടിട്ട് തോന്നുന്നില്ല " "മിണ്ടാതിരുന്ന് കഴിക്ക് പെണ്ണെ.. ഒരോ കണ്ടുപിടുത്തമായി വന്നേക്കുന്നു " അമ്മയുടെ വഴക്ക് കേട്ടതും അവൾ മുഖം വീർപ്പിച്ച് തല താഴ്ത്തി ഇരുന്നു.. അവളുടെ വീർത്ത മുഖം കണ്ട് അമിത് ചിരി കടിച്ചു പിടിച്ചു... ഇടക്ക് ചിരി ചെറിയ ഞെരക്കത്തോടെ പുറത്തേക്ക് വന്നതും അക്ഷരകുട്ടി അമിതിനെ നോക്കി കണ്ണുരുട്ടി... അവളെ നോക്കി അമിത് കൊഞ്ഞനം കുത്തിയതും അവൾ അമ്മയോട് ചിണുങ്ങി.. "അമ്മേ.. ഈ ഏട്ടൻ കളിയാക്കുന്നത് നോക്കിയേ " "ഞാനൊന്നും ചെയ്തില്ല അമ്മേ..

നുണച്ചിപാറു വെറുതെ പറയാ" "എന്റെ കയ്യീന്ന് മേടിക്കണ്ടേൽ മിണ്ടാതെ ഇരുന്ന് കഴിക്കാൻ നോക്കിക്കോ രണ്ടും.." അമ്മയുടെ താക്കീത് വന്നതും രണ്ടു പേരും സൈലന്റ് ആയി.. അവളെ വട്ട് പിടിപ്പിക്കാൻ അമിത് അമ്മയോട് ഒരു ഉരുള കെഞ്ചി ചോദിച്ചതും അമ്മ അവന് വാരി കൊടുത്തു.. ഇടത്തും വലത്തും ഇരുന്ന് അമ്മയും ഏട്ടനും അമിതിനെ ഊട്ടുന്നത് കണ്ട അക്ഷരക്കുട്ടി മുഖം വീർപ്പിച്ചിരുന്നു.. കിട്ടിയ അവസരം മുതലാക്കി അമിത് അമ്മയെ കാണാതെ അവളെ കൊഞ്ഞനം കുത്തി........ "അമ്മേ... വല്യച്ഛൻ വന്നിട്ടുണ്ട്.. അമ്മ അറിഞ്ഞോ " കഴിക്കുന്നതിനിടയിൽ എന്തോ ഓർത്തെന്ന പോലെ അക്ഷിത് പറഞ്ഞതും അമനും അക്ഷരക്കുട്ടിയും കണ്ണും മിഴിച്ചിരുന്നു.. "ങേ.. അതെപ്പോ " അമനും അക്ഷരയും ഒരുമിച്ച് ചോദിച്ചു. "ഹാ.. ഞാൻ അറിഞ്ഞു. നിങ്ങളെ വല്യമ്മ എനിക്ക് വിളിച്ചിരുന്നു .. ഇനിയിപ്പോ നിനക്കൊക്കെ വളം വെച്ച് തരാൻ ഒരാൾ ആയല്ലോ " അതും പറഞ്ഞ് അമ്മ അമിതിനെ നോക്കി കണ്ണുരുട്ടിയതും അവൻ ഒന്നുമറിയാത്ത ഭാവത്തിൽ അക്ഷിത് നീട്ടി തന്ന ചോറുരുള കഴിക്കാൻ തുടങ്ങി... ************

"ഹോ... ആ കാന്താരി പെണ്ണ് എല്ലാം കുളമാക്കുമെന്ന് വിചാരിച്ച് പേടിച്ചിരിക്കായിരുന്നു... ഭാഗ്യം... അമ്മ ഒന്നും കൂടുതലായി ചോദിച്ചില്ല.. അടിയുടെ ചെറിയ സൂചന അമ്മക്ക് കിട്ടിയാൽ അതോടെ തീർന്നു കളിയും പഠനവും ഒക്കെ.. പിന്നെ അച്ഛന്റെ അടുത്തേക്ക് കയറ്റി അയക്കും എന്നെ" ബെഡിൽ ഇരുന്ന് അക്ഷിതിനോട് വാതോരാതെ പറയുന്ന അമിതിനെ നോക്കി അക്ഷിത് അവന്റെ അരികിൽ വന്നിരുന്നു... അവന്റെ വലത്തേ കൈ തന്റെ കൈക്കുള്ളിൽ ആക്കി മലർത്തി പിടിച്ചു. പതിയെ ആ ഉള്ളനടിയിൽ തലോടി.. "ഇത് ഒന്നുമില്ല ഏട്ടാ... വലിയ വേദന ഒന്നുമില്ല..." കൈ മാറ്റാൻ അവൻ ശ്രമിച്ചെങ്കിലും അക്ഷിത് അവന്റെ കൈ മുറുകെ പിടിച്ചു... "ഏട്ടാ... സാരമില്ലെന്നേ " അവന്റെ വാക്ക് വകവെക്കാതെ അക്ഷിത് തന്റെ കയ്യിലെ മരുന്ന് അമിതിന്റെ മുറിവിൽ തേച്ചു.. ആ സമയം തന്നെ വാതിൽ തുറന്നു കൊണ്ട് അമ്മ അകത്തേക്ക് വന്നു.. അമ്മയുടെ കയ്യിൽ ഓയില്മെന്റ് കണ്ട അമിത് അമ്മയെ നോക്കി പുഞ്ചിരിച്ചു. "ആഹാ.. നീ പുരട്ടി കൊടുത്തോ..നല്ല മുറിവുണ്ടോ.. "

അരികിൽ വന്നിരുന്ന് അമ്മ അവന്റെ കൈ പിടിച്ച് നോക്കി.. "ഇല്ല അമ്മേ.. ഇത് നാളേക്ക് മാറും.. " "മ്മ്മ്.. നിന്റെ കളി നിർത്താൻ സമയം ആയിട്ടുണ്ട്.. ഇങ്ങനെ പരിക്ക് പറ്റുവാണേൽ ഇനി നീ കളിക്കാൻ പോകേണ്ട " "എന്റെ അമ്മ കുട്ടീ..... ഇനി ഞാൻ ശ്രദ്ധിച്ചോളാ... " അമ്മയുടെ ഇരു കവിളിലും പിച്ചി ഉമ്മ വെച്ച് കൊണ്ട് അമിത് പറഞ്ഞതും അമ്മ ചിരിച്ചു "കാന്താരി മുളക് ഉറങ്ങിയോ അമ്മേ " "ആവോ . ഞാൻ നിനക്ക് വാരി തന്നത് അവൾക്ക് ഇഷ്ടമായിട്ടില്ല... എന്നോട് കുറെ വഴക്ക് കൂടി അമന്റെ വാലും തൂങ്ങി അങ്ങ് പോയിരുന്നു.. ഉറങ്ങിയോ ആവോ " ചെറു ചിരിയോടെ അമ്മ പറഞ്ഞതും അമിതും അക്ഷിതും ഒരു പോലെ ചിരിച്ചു... "നിങ്ങൾ കിടന്നോ.. ഞാൻ അവളെ ചെന്ന് നോക്കട്ടെ... ചിലപ്പോൾ ഈ പേരും പറഞ്ഞ് നാളെ അവൾ സ്കൂളിൽ പോവില്ലെന്ന് പറഞ്ഞ് വാശി പിടിക്കും " "എന്ത് സ്വഭാവാ അമ്മേ അവൾക്ക്... കുരുട്ട് തന്നെ " "ആഹ്.. നിങ്ങളുടെ ഒക്കെ ബാക്കി അല്ലേ.. ഇങ്ങനയേ വരൂ... നീ ഒക്കെ തന്നെ അവളെ വഷളാക്കുന്നെ. നിന്നെ കണ്ടല്ലേ പഠിക്കുന്നെ.. പിന്നെ എങ്ങനെ " അമിതിന്റെ തലക്ക് കൊട്ടി കൊണ്ട് അമ്മ മുറി വിട്ടു പോയി... മരുന്ന് പുരട്ടിയ കൈകൾ നിവർത്തി പിടിച്ച് ഇടതു കൈ കൊണ്ട് അമിത് ഫോണിൽ തോണ്ടാൻ തുടങ്ങി,,

അക്ഷിത് പുസ്തകങ്ങൾ തുറന്ന് വെച്ച് അതിലേക്ക് ആഴ്ന്നിറങ്ങാനും...!! ************ രാവിലെ എണീറ്റ അമിത് ആദ്യം തന്നെ കണ്ണിൽ കണ്ടത് അക്ഷിതിനെയാണ്... തന്റെ കൈ തലോടുന്ന അക്ഷിതിനെ കണ്ടതും അവൻ വീണ്ടും ഉറക്കം നടിച്ചു കിടന്നു.. കുറച്ചു നേരം അമിതിനെ തലോടി ഇരുന്ന് അക്ഷിത് എഴുന്നേറ്റ് മുറിയിൽ നിന്ന് പോയി.. അക്ഷിത് പോയതും അമിത് വേദനയുള്ള കയ്യിൽ തടവി കൊണ്ട് അക്ഷിത് പോയ വഴിയേ നോക്കി പുഞ്ചിരിച്ചു.... ഇന്ന് ക്ലാസ്സ്‌ ഉള്ളതിനാൽ അമിതും അക്ഷിതും പതിവ് പോലെ വല്യമ്മയുടെ വീട്ടിൽ ബൈക്ക് നിർത്തിയിട്ട് കോളേജിലേക്ക് നടന്നു... വളവ് തിരിഞ്ഞതും മുന്നിൽ നടക്കുന്ന ലീനയെ കണ്ടതും അവൻ മുഖം തിരിച്ചു.. അവളെ കാണുന്നതേ ഇപ്പൊ അമിതിന് ദേഷ്യമാണ്.. അക്ഷിതിനോട് ഒരോന്ന് പറഞ്ഞ് അമിത് അവളെ മൈൻഡ് ചെയ്യാതെ അവളെ മറി കടന്ന് വേഗത്തിൽ നടന്നു . തന്റെ അരികിലൂടെ പോയ അമിതിനെ, ആ സമയം അവിടെ പ്രതീക്ഷിക്കാതെ കണ്ടതിന്റെ സന്തോഷത്തിൽ അവനെയും വായിനോക്കി അവൾ നടന്നു.. അവന്റെ സംസാരവും ചിരിയും ഗൗരവം നിറഞ്ഞ കണ്ണുകളിൽ മറഞ്ഞിരിക്കുന്ന കുസൃതി ഭാവവും എല്ലാം വീക്ഷിച്ചു കൊണ്ട് അവൾ അവരുടെ തൊട്ട് പിറകെ നടന്നു..

കോളേജ് എത്തി അമിത് അക്ഷിതിന്റെ കൂടെ ക്ലാസ്സിലേക്ക് പോയി.. ലീന അവൻ പോകുന്നതും നോക്കി നിന്നു.. അവനിൽ നിന്നൊരു നോട്ടം കൊതിച്ച അവൾ നിരാശയോടെ തന്റെ ക്ലാസ്സിലേക്ക് നടന്നു..... "ഇന്നെന്താ ആ തെണ്ടിക്ക് പറ്റിയെ.. അല്ലേൽ രാവിലെ തന്നെ മുണ്ടും മടക്കി കണിക്ക് റെഡിയായി കോളേജ് ഗേറ്റിന് മുന്നിൽ ഉണ്ടാവും.. ഇതിപ്പോ വിളിച്ചിട്ട് കട്ടാക്കുവാ " ബെഞ്ചിൽ ചെരിഞ്ഞിരുന്ന് അക്ഷിതിനോട് അമിത് പറഞ്ഞതും അക്ഷിത് അതിന് മറുപടി ഒന്നും കൊടുക്കാതെ പേപ്പറിൽ എന്തോ എഴുതാൻ തുടങ്ങി.. രണ്ടു പിരിയഡ് കഴിഞ്ഞിട്ടും ഈശ്വറിന്റെ യാതൊരു വിവരവുമില്ല.. അമിത് ഒരുപാട് തവണ വിളിച്ചു നോക്കിയെങ്കിലും ഈശ്വർ ഫോൺ എടുത്തില്ല.. അത് മതിയായിരുന്നു അമിതിന് ദേഷ്യം തിളക്കാൻ.. ഇന്റർവെൽ സമയത്ത് ഈശ്വർ കയറി വന്നതും അമിത് അവന്റെ കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു.. "എന്താ ഡാ നാറീ നിനക്ക് ഫോൺ ഒന്നെടുത്തൂടെ.. എത്ര നേരമായി വിളിക്കുന്നു.. ഏത് മറ്റേടത്ത് പോയി കിടക്കായിരുന്നു നീ " "പോടാ പട്ടീ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട... എല്ലാം ചെയ്ത് വെച്ചിട്ട് " അമിതിന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് ഈശ്വർ ബെഞ്ചിൽ ഇരുന്നു...

അടുത്തിരുന്നവനിൽ നിന്നും വെള്ളം വാങ്ങി കുടിച്ച് അവൻ കിതച്ചു കൊണ്ട് അമിതിനെ നോക്കി.. "എന്താ ഡാ.. എന്താ ഉണ്ടായത്... " "പുതുതായി ഒന്നും ഉണ്ടായിട്ടില്ല.. എല്ലാം പഴയത് തന്നെ.. ഞാനിപ്പോ വരുന്നത് എവിടെ നിന്നാണെന്നറിയോ.. പോലിസ് സ്റ്റേഷനിൽ നിന്ന്.. നമ്മുടെ si സാർ എന്നെ വിളിച്ചിരുന്നു... നീ തല്ലി ചതച്ച ആ വിഷ്ണുവും കൂട്ടരും ഹോസ്പിറ്റലിൽ ആണെന്ന്.. അതിലാർക്കോ ഒരാൾക്ക് ഇച്ചിരി കൂടുതൽ ആണെന്നും.. സംഗതി അടി പിടി കേസ് ആണെന്ന് ഡോക്ടർമാർ പോലീസിൽ അറിയിച്ചതാ.. നിന്റെ പേര് ഇതിൽ വന്നത് കണ്ടപ്പോ si സർ എന്നെ വിളിച്ചതാ... " "എന്നിട്ട്... " "പാർട്ടി പേരിൽ പല കേസിൽ പലവട്ടം ജയിലിൽ കിടന്ന് മൂപ്പർക്കെന്നെ നല്ല പരിജയം ഉണ്ട്.. ഇപ്പോൾ ഞങ്ങൾ നല്ല കമ്പനിയാ... നീ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞ് ഞാൻ മുൻപ് ഒരിക്കൽ നിന്നെ പരിചയപ്പെടുത്തിയിരുന്നു.. ഇന്ന് അവന്റെ കൂട്ടാളികളിൽ ആരെയോ ചോദ്യം ചെയ്തപ്പോ നിന്റെ പേര് പറഞ്ഞു.. ഭാഗ്യത്തിന് ആ വിഷ്ണു നിന്റെ പേരിൽ ഒരു പരാതിയും ഇല്ലെന്ന് എഴുതി ഒപ്പിട്ട് കൊടുത്തെന്ന്.. ഹാ.. എന്തായാലും സർ നിന്നെ പൊക്കാൻ നിൽക്കായിരുന്നു.. ഞാൻ ഒരു വിധം പറഞ്ഞ് ഒതുക്കി വെച്ചിട്ടുണ്ട്... " "ഓഹ്... ഇതൊക്കെ എന്ത്... " "തേങ്ങ.. എടാ പട്ടീ.. ഇനി ഏതെങ്കിലു അടിപിടി കേസിൽ ആരെങ്കിലും ഒരാൾ നിന്റെ പേര് പറഞ്ഞാൽ നിന്നെ അപ്പൊ അകത്താക്കും.. സർ ന്റെ നോട്ടപ്പുള്ളി ആയിട്ടുണ്ട് നീ.. " "ഹാ.. അതിന് ആരെങ്കിലും എന്റെ പേര് പറഞ്ഞാൽ അല്ലേ... "

"മ്മ്മ്.. ആരും പറയില്ല... അത് തന്നെ അല്ലേ നീ ഇങ്ങനെ വഷളായത്... " "നീ പോലിസ് സ്റ്റേഷനിൽ ഒക്കെ പോയി ക്ഷീണിച്ചു വന്നതല്ലേ... മോൻ കുറച്ചു നേരം വിശ്രമിക്ക്... പ്രിൻസി എന്നോട് ഓഫിസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. ഞാൻ പോയി വരാം.. " "മ്മ്മ്... അവർക്ക് വേറെ പണിയൊന്നുമില്ലേ.. ഏത് നേരവും നിന്നെ കാണാൻ വിളിച്ചു വരുത്തും... " "എന്ത്.. നീ എന്തെങ്കിലും പറഞ്ഞോ.. " "ഏയ്‌.. വേഗം പോയി വാ.. അടുത്ത പണി എവിടെ നിന്ന് വരുത്താം എന്ന് നമുക്ക് നോക്കാമെന്ന് പറഞ്ഞതാ... " ഈശ്വറിന് ഒന്ന് മൂളി കൊടുത്തു കൊണ്ട് അമിത് ഓഫിസ് മുറിയിലേക്ക് നടന്നു.. വാതിൽ തുറന്ന് അനുവാദം ചോദിച്ചു കൊണ്ട് അമിത് അകത്തേക്ക് കയറി.. "ആഹ്.. അമിത്.. ഇരിക്കൂ... ഈ വർഷം എന്താ അടിപിടി കേസിൽ മാത്രമേ ഉത്സാഹം കാണിക്കുന്നുള്ളൂ" ചിരിയോടെ പ്രിൻസി പറഞ്ഞതും അമിത് ഒന്നും മനസ്സിലാവാതെ പ്രിൻസിക്ക് മുന്നിൽ ഇരുന്നു.. "എന്താ ഡോ അമിത്.. താനീ കോളേജിന്റെ ചെയർമാൻ അല്ലേ.. ഈ വർഷം ഫ്രഷേഴ്‌സ് വന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.. ഇപ്രാവശ്യം എന്താ ഫ്രഷേഴ്‌സ് ഡേ ഒന്നും ഇല്ലേ.. " "ഓഹ്.. സോറി മേം.. അത് ഈ ആഴ്ച ടൂർണമെന്റ് വന്നത് കൊണ്ട് അതിന്റെ തിരക്കിൽ പെട്ട് പോയി.... അതെല്ലാം കഴിഞ്ഞു ഇനി നമുക്ക് ഡേറ്റ് തീരുമാനിക്കാം "

"അല്ല.. ഞാൻ പറഞ്ഞന്നേ ഉള്ളൂ.. ഈ കാര്യം പറഞ്ഞ് ചെയർമാനെ ഇങ്ങോട്ട് കണ്ടില്ല.. അപ്പോൾ അത് ഓർമ്മിപ്പിക്കാൻ വന്നതാ... നമുക്ക് അടുത്ത തിങ്കളാഴ്ച നടത്താം.. " "അതിന് ഇനിയും ഇല്ലേ മേം ഒരാഴ്ച.." "ആഹ്.. അത് ഡിഗ്രി ഡിപ്പാർട്ട്മെന്റിലേക്ക് പുതിയ രണ്ട് അഡ്മിഷൻ വന്നിട്ടുണ്ട്.. മാനേജ്മെന്റിന്റെ സ്പെഷ്യൽ കെയറോഫിലാണ് അഡ്മിഷൻ .. അവർ അടുത്ത തിങ്കളാഴ്ചയെ ജോയിൻ ചെയ്യൂ.. അവര് കൂടെ വരട്ടെ എന്ന് കരുതി... " "ഓകെ മേം.. എങ്കിൽ അങ്ങനെ ആവട്ടെ.. ഞാൻ അതിനുള്ള ഏർപ്പാട് ചെയ്യാം.. " ************ "ഐവ.. ഫ്രഷേഴ്‌സ് ഡേ.. അന്ന് ഞാൻ ഒരു കലക്ക് കലക്കും... ദേ കോളേജ് കടന്ന് വരുന്ന അവിടേം മുതൽ ഇവിടം വരെ നല്ല ചുകപ്പ് തോരണം കൊണ്ട് അലങ്കരിക്കണം.. ഫ്രഷേഴ്‌സ് ഡേ നമുക്ക് കളറാക്കണം.. " "അയ്യോടാ.. കളറാക്കാൻ ആ നിറം മാത്രമേ ഉള്ളൂ.. അടുത്ത മാസം മുതൽ എലെക്ഷൻ പരിപാടി തുടങ്ങും അന്ന് നീ കോളേജ് മൊത്തം ചുവപ്പ് പെയിന്റ് അടിച്ചോണ്ട്.. തിങ്കളാഴ്ച തത്കാലം ഇത് വേണ്ട " "വേണ്ടേൽ വേണ്ട... എന്നാലും തിങ്കൾ എന്ന് പറയുന്നത് കുറച്ചു കൂടി പോയി.. "

"ആഹ്.. ഏതോ രണ്ട് വി ഐപി കൾ വരുന്നുണ്ടെന്ന്.. അവർ വന്നിട്ട് ഫ്രഷേഴ്‌സ് ഡേ നടത്തിയാൽ മതിയെന്ന് " "അതേതാ ആ രണ്ടു വി ഐ പീസ്.. " കോളേജിന് പുറത്തെ മതിലിനു മുകളിൽ ഇരിക്കുകയായിരുന്ന ഈശ്വർ ചാടി ഇറങ്ങി കൊണ്ട് ചോദിച്ചു.. "ആ.. അറിയില്ല.. മാനേജ്‍മെന്റിന്റെ സ്പെഷ്യൽ കെയറോഫിൽ ആണത്രേ അഡ്മിഷൻ..ഒരാഴ്ച കഴിഞ്ഞേ ജോയിൻ ചെയ്യൂ എന്ന്.. " "അമ്പോ.. അതാരാണപ്പാ അങ്ങനെ രണ്ടെണ്ണം.. നിനക്ക് കൈക്ക് പണി ഉണ്ടാക്കുന്ന ഇനം ആണോ " "ആർക്കറിയാം.. എന്തായാലും ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ.. നമുക്ക് നോക്കാം... " "അതേ.. നോക്കാം... എന്തായാലും ചില്ലറക്കാരല്ല വരുന്നതെന്ന് തോന്നുന്നു.. ലേറ്റ് ആയി വന്താലും ലേസ്റ്റസ്റ്റ് ആയി വരുമെന്നല്ലേ..... മ്മ്മ്മ്... " ഈശ്വർ പറഞ്ഞതിനോട് തീർത്തും ലാഘവത്തോടെ അമിത് തലയാട്ടി.. അടുത്ത ആഴ്ചയിലെ ഫ്രഷേഴ്‌സ് ഡേ ക്ക് ചെയ്യാനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന ആയിരുന്നു അവന്റെ മനസ്സ്............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story