ആത്മരാഗം💖 : ഭാഗം 90

athmaragam thanseeh

രചന: തൻസീഹ് വയനാട്

നിമിഷങ്ങൾ കഴിയും തോറും ആര്യയുടെ ഹൃദയമിടിപ്പ് വ്യത്യാസപ്പെട്ടു കൊണ്ടേയിരുന്നു.. ജനാലയിലൂടെ വിജനതയിലേക്ക് നോക്കി കൊണ്ടവൾ കയ്യിലെ ഫോൺ മുറുകെ പിടിച്ചു... ഇപ്പോഴും, എല്ലാം സ്വപ്നമാണോ എന്ന ചിന്ത മുറുകുന്ന മനസ്സിന്റെയാ കോണിൽ യാഥാർഥ്യത്തെ പൊതിഞ്ഞു സൂക്ഷിക്കാനുള്ള അവളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് അക്ഷിതിന്റെ കാർ ഗേറ്റ് കടന്ന് മുറ്റത്തു വന്ന് നിർത്തി...... അടുത്ത ക്ഷണം തന്നെ ആര്യയുടെ കണ്ണുകൾ തന്നുടെ ഹൃദയത്തിനുടമയെ തേടി..... കാറിൽ നിന്നും ആദ്യം ഇറങ്ങിയത് സൂര്യ ദാസ് ആയിരുന്നു.. പിന്നെ അമ്മയും ..... മുൻ സീറ്റിൽ നിന്നും ആദ്യം ഇറങ്ങിയത് അമിത് ആയിരുന്നു.... ജനാലക്കരികിൽ നിന്ന ആര്യ അമിതിനെ സൂക്ഷിച്ചു നോക്കി.. ഒരു ചെറു പുഞ്ചിരി അവളിൽ വിടർന്നു.. അടുത്ത നിമിഷം തന്നെ പ്രണയാർദ്രമായ നോട്ടത്തോടെ അവൾ ഡ്രൈവിങ് സീറ്റിലേക്ക് പാളി നോക്കി.... ആ സമയം കണ്ണട ശെരിയാക്കി കൊണ്ട് അക്ഷിത് ഇറങ്ങിയതും ആര്യയുടെ ഹൃദയമിടിപ്പ് ഉയർന്നു...... "ആഹാ... ഇവിടെ നിന്ന് സീൻ പിടിക്കാണല്ലേ... കള്ളീ.. " പെട്ടന്ന് പിറകിൽ വന്ന അനി ആര്യയെ പിടിച്ചു കുലുക്കിയതും അവൾ പെട്ടന്ന് നോട്ടം മാറ്റി....

"അയ്യോടാ... എന്താ ഒരു അഭിനയം.. ഞാൻ കണ്ടു മോളേ.. നീ അക്ഷിത് ചേട്ടനെ നോക്കി നിൽക്കുന്നത്... എന്നാലും എന്റെ വാവി കുട്ടിയെ ഈ ഒരു രൂപത്തിൽ കാണാൻ കഴിയുമെന്ന് വിചാരിച്ചതേയില്ല.. ഹോ ഈ പ്രണയത്തിന്റെ ഒക്കെ ഒരു ശക്തിയേയ്.... അക്ഷിത് ചേട്ടനെ ഞാൻ നമിച്ചു... " ആര്യയുടെ തോളിൽ കയ്യിട്ട് കൊണ്ട് പുറത്തേക്ക് നോക്കി അനി പറഞ്ഞതും ആര്യ അവളെ നോക്കി ചിരിച്ചു.... ആര്യ എത്രത്തോളം ഹാപ്പി ആണെന്ന് ആ ചിരിയിൽ നിന്നും അനി മനസ്സിലാക്കി... ഗൗരവക്കാരിയായ ആര്യയുടെ മുഖത്ത് പുഞ്ചിരി കണ്ടതിൽ അനിയും ഒരുപാട് സന്തോഷിച്ചു... "നിന്നെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞയച്ചതാ അമ്മ... നീ വാ.. " ആര്യയെയും കൊണ്ട് അനി അടുക്കളയിലേക്ക് നടന്നു... അവിടെ പലഹാരങ്ങൾ എല്ലാം റെഡിയാക്കി അമ്മ കാത്തിരിപ്പുണ്ടായിരുന്നു.. ഇരുവരെയും അടുക്കളയിൽ നിർത്തി കൊണ്ട് അമ്മ അവരുടെ അടുത്തേക്ക് പോകാനായി ഹാളിലേക്ക് നടന്നു.... അനിയുടെ അമ്മ അവിടെ എത്തിയപ്പോഴേക്കും അവരെയെല്ലാം ജീവനും അനിരുദ്ധ് ഉം സ്വീകരിച്ചിരുത്തിയിരുന്നു..

അച്ഛനും അമ്മയും അവരുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ അക്ഷിതിന്റെ കണ്ണുകൾ സ്ഥാനം മാറി ചുറ്റും ചലിച്ചു കൊണ്ടിരുന്നു.... പതിവില്ലാതെയൊരു വെപ്രാളവും പരവേശവും അവനിൽ മുറുകി... "എന്നാൽ വൈകിക്കേണ്ട... മോളെ വിളിക്കാം.. എല്ലാം ചടങ്ങിനനുസൃതമായി തന്നെ മുന്നോട്ട് പോകട്ടെ... " സൂര്യ ദാസ് പറഞ്ഞതും ജീവൻ തല ചെരിച്ചു കൊണ്ട് അനിയുടെ അമ്മയെ നോക്കി... ഉടനെ അവർ അകത്തേക്ക് പോയി ആര്യയുടെ കയ്യിൽ ചായയുടെ ട്രേ നൽകി.. പലഹാരം അമ്മയും എടുത്തു... ഹാളിലേക്ക് ഓരോ അടിയും വെക്കുംതോറും ആര്യയുടെ ഉള്ളം വിറക്കുന്നുണ്ടായിരുന്നു... ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണല്ലോ അവൾക്കിത്.... ഹാളിൽ എത്തിയതും അവൾ ട്രേ അവിടെ വെച്ചു... ആര്യ ഓരോരുത്തർക്കും ചായ എടുത്തു കൊടുക്കവേ അമിത് ചിരിച്ചു കൊണ്ട് അക്ഷിതിനോട് ചേർന്നിരുന്നു... "അതേയ്... വേണേൽ ഇപ്പോൾ നോക്കിക്കോ... പിന്നെ കണ്ടില്ല, കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്.," അക്ഷിത്തിനെ ഒന്ന് തോണ്ടി അമിത് മെല്ലെ പറഞ്ഞതും അവനൊന്ന് ചിരിച്ചു കൊണ്ട് ആര്യയെ നോക്കി..

"അപ്പോൾ ഇനി മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം അല്ലേ.. അടുത്ത മുഹൂർത്തം തന്നെ കുറിക്കാം.. ഇനിയിപ്പോ വെച്ച് താമസിപ്പിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ... ചേട്ടനെ നിർത്തി അനിയൻ കെട്ടി എന്ന ഇവന്റെ പേരുദോഷവും വേഗം മാറട്ടെ.. അല്ലെ ഡാ... " "അതേന്ന്... പെട്ടന്ന് രണ്ടിനെയും പിടിച്ചു കെട്ടണം.. " ചിരിച്ചു കൊണ്ട് സൂര്യ ദാസ് പറഞ്ഞതും അമിതും അതിനെ പിന്താങ്ങി... മുതിർന്നവർ കല്യാണത്തിന്റെ ഗൗരവമേറിയ ചർച്ചകളിലേക്ക് കടന്നതും ആര്യ മെല്ലെ ഉൾവലിഞ്ഞു... "അനിൽ ഏട്ടൻ അന്നെന്നെ കാണാൻ വന്നപ്പോൾ ഞങ്ങളെ നീ ലോക്ക് ചെയ്ത് പോയില്ലേ... പ്രതികാരം വീട്ടാനുള്ള സമയമായി മോളേ... " അതും പറഞ്ഞ് അനി അവളെ റൂമിലേക്ക് ഉന്തി കൊണ്ട് ഡോർ ലോക്ക് ചെയ്തു... ആര്യ എന്തെങ്കിലും പറയും മുന്നേ അനി അക്ഷിത്തിനെ വിളിച്ചു കൊണ്ട് വരാൻ ഓടി പോയിരുന്നു....

. അൽപ്പ നേരം കഴിഞ്ഞതും ഡോർ തുറക്കുന്ന ശബ്ദം അവളുടെ കാതിൽ പതിഞ്ഞു... പുഞ്ചിരിയോടെ അവൾ തല താഴ്ത്തി പിന്തിരിഞ്ഞു നിന്നു... "അമിത്... " ഒരു നിമിഷം അവൾ നെഞ്ചിൽ കൈവെച്ചതും ചെറു ചിരിയോടെ അവനെ വിളിച്ചു... തിരിഞ്ഞു നിന്നിട്ടും തന്നെ തിരിച്ചറിഞ്ഞതിൽ അന്തം വിട്ട് നിന്ന അമിതിന്റെ നേരെ അവൾ മുഖം തിരിച്ചു.... അക്ഷിത് അവളുടെ മനസ്സിൽ എത്രമാത്രം സ്ഥാനം നേടിയെന്ന് അവന് വ്യക്തമായി മനസ്സിലായി... "പ്രതീക്ഷിച്ച ആളല്ല അല്ലേ.... പറയേണ്ടതൊക്കെ രണ്ടു പേരും പരസ്പരം പറഞ്ഞു തീർത്തില്ലേ... ഇനിയിപ്പോ കുറച്ച് ഞാനും കൂടെ പറയട്ടെ മിസ്സ്‌ ആര്യ ഭദ്ര എന്ന എന്റെ ഏട്ടത്തിയമ്മേ... " അമിതിന്റെ വാക്കുകൾക്ക് ആര്യ ചിരിച്ചതും ആശ്വാസം എന്ന പോലെ അമിത് നെഞ്ചിൽ കൈ വെച്ചു... "ഹോ... എന്നോടുള്ള ദേഷ്യം മാറ്റി ഈ ഒരു ചിരി കാണാൻ എത്ര പ്രാവശ്യം ഞാൻ കോളേജിൽ പിറകെ നടന്നിട്ടുണ്ട്.. എന്നെ കാണുമ്പോൾ ഉരുണ്ടു കൂടുന്ന ആ ദേഷ്യം പൂർണമായും മാഞ്ഞു പോയല്ലോ.. സമാധാനം... "

"സോറി... എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു... അനിയെ വേദനിപ്പിച്ച നിന്നോട് ഒരു തരത്തിലും പൊറുക്കാനോ വിട്ട് വീഴ്ചക്കോ എന്റെ മനസ്സ് തയ്യാറായിരുന്നില്ല എന്നതായിരുന്നു സത്യം..... പലപ്പോഴും അനി പറഞ്ഞിരുന്നു എന്റെ മനസ്സിൽ മുഴുവൻ അമിതിനോടുള്ള തെറ്റിദ്ധാരണയാണെന്ന്.... അന്നതൊന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയിരുന്നില്ല.... " "എല്ലാം കഴിഞ്ഞില്ലേ.. ഇപ്പോൾ ഒരു ദേഷ്യവും ഇല്ലല്ലോ... " "ഏയ്.. ഇല്ല.. പിന്നെ എന്നെ കബളിപ്പിച്ച നിന്റെ ഏട്ടനോട് കുഞ്ഞു ദേഷ്യമുണ്ട്.. അത് അങ്ങേരോട് തീർത്തോളാം.. " ചിരിച്ചു കൊണ്ട് ആര്യ പറഞ്ഞതും അമിത് കൈകൾ കൂപ്പി.. "ഓ.. ആയിക്കോട്ടെ.. അത് എന്താന്ന് വെച്ചാൽ രണ്ടു പേരും തീർക്ക്....... ഏട്ടനോട് ഞാൻ എപ്പോഴും പറയുമായിരുന്നു ആര്യയെ മെരുക്കാൻ പാടാണെന്ന്... അപ്പോഴൊക്കെ ഏട്ടൻ പുഞ്ചിരിക്കും.. സത്യം പറഞ്ഞാൽ പുലിക്കുട്ടിയായ ആര്യ ഭദ്രയെ ഇങ്ങനെ ഒരു രൂപത്തിൽ കാണുമെന്ന് ഞാൻ വിചാരിച്ചതല്ല... " "എനിക്ക് അത്രത്തോളം ദേഷ്യം വന്നാലേ എന്റെ സ്വഭാവം മോശമാവൂ...

അല്ലാത്തപ്പോൾ ഞാൻ ഇങ്ങനെ തന്നെ... പിന്നെ... ഈ മാറ്റം കണ്ട് സന്തോഷിക്കേണ്ട... ഇനിയെന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ ഇടിച്ചു പരത്തും ഞാൻ..." കൈ ചുരുട്ടി കൊണ്ട് ആര്യ പറഞ്ഞതും അമിത് ചിരിച്ചു... "എന്റെ ഏട്ടത്തിയമ്മ ആവാൻ പോവുകയല്ലേ... ഇനിയിപ്പോ എന്നെ തല്ലാനുളള അവകാശവും അധികാരവുമുണ്ട്.." "അതൊക്കെ ഓക്കേ... പക്ഷേ ഈ ഏട്ടത്തിയമ്മ വിളി വേണോ . " "സെക്കന്റ്കൾ മാത്രം വ്യത്യാസത്തിൽ ജനിച്ചിട്ടും ഞാൻ ഏട്ടാ എന്ന് വിളിക്കുന്നുണ്ടെങ്കിൽ ആ ഏട്ടന്റെ ഭാര്യ എന്നേക്കാൾ ചെറുതാണെങ്കിലും എനിക്ക് ഏട്ടത്തിയമ്മ തന്നെയാണ്... " ചെറു ചിരിയോടെ അമിത് പറഞ്ഞതും എന്തെന്നില്ലാത്ത സന്തോഷം ആര്യയുടെ മുഖത്ത് വിരിഞ്ഞു... സന്തോഷം കൊണ്ട് കണ്ണുകൾ പോലും നിറഞ്ഞു വന്നു... ഇരുവരും തമ്മിലെ എല്ലാ പിണക്കങ്ങളും ഇണക്കങ്ങളാക്കി പിരിയുമ്പോൾ തനിക്ക് നല്ലൊരു അനിയനെ കിട്ടിയതിൽ ആര്യയുടെ മനസ്സ് തുള്ളികളിച്ചു.. ഒപ്പം, അമിതിനെ തെറ്റിദ്ധരിച്ചതിലും ദേഷ്യം വെച്ച് നടന്നതിലും കുറ്റബോധവും അവളിൽ ഉടലെടുത്തു.....

ഇരുവരും ഹാളിലേക്ക് എത്തിയപ്പോൾ കല്യാണത്തിന്റെ ചർച്ച അവസാനിച്ചു കഴിഞ്ഞിരുന്നു... അമിതിന്റെ മുഖത്തെ സന്തോഷം കണ്ട അക്ഷിത്, ആര്യയും അവനും തമ്മിലുള്ള പ്രശ്നങ്ങൾ സോൾവ് ആക്കിയെന്ന് മനസ്സിലാക്കി.. ആര്യ അനിയുടെ അമ്മയുടെ മറവിലേക്ക് നിന്നതും അമിതിന്റെ അമ്മ എഴുന്നേറ്റ് വന്ന് ആര്യയുടെ കയ്യിൽ പിടിച്ച് അവരുടെ അടുത്ത് സോഫയിൽ കൊണ്ടിരുത്തി... "ജാതകം നോക്കി അടുത്ത മുഹൂർത്തം തന്നെ കുറിക്കാൻ പറയാം ട്ടോ.. " അവളുടെ കവിളിൽ തലോടി കൊണ്ട് അതും പറഞ്ഞ് അമ്മ തന്റെ കയ്യിലെ വള ഊരി ആര്യക്ക് ഇട്ട് കൊടുത്തു.. "ഇനി ഇറങ്ങാം അല്ലെ.. തറവാട്ടിലേക്ക് പോകേണ്ടേ.. " അമിതിന്റെ റിസപ്‌ഷൻ അവരുടെ അമ്മയുടെ വീട്ടിൽ വെച്ചാണ് നടത്തുന്നത്... നൈനിക അമിതിന്റെ അമ്മാവന്റെ മകൾ ആയത് കൊണ്ട് തന്നെ റിസപ്‌ഷൻ തറവാട്ടിൽ മതിയെന്ന് അമ്മാവൻ തീരുമാനിക്കുകയായിരുന്നു... പോകാനായി സൂര്യ ദാസ് എഴുന്നേറ്റതും ജീവൻ എഴുന്നേറ്റ് അദ്ദേഹത്തെ ആശ്ലേഷിച്ചു...

"അപ്പോൾ എല്ലാം പറഞ്ഞത് പോലെ.. നാളെ തന്നെ ജാതകം നോക്കി തിയ്യതി കുറിക്കാം... പിന്നെ, വൈകുന്നേരം ആര്യയെയും കൂട്ടി വരാൻ മറക്കരുത്.. കുടുംബക്കാർ എല്ലാം കാണട്ടെ അക്ഷിതിന്റെ പെണ്ണിനെ...." വരാമെന്ന് ജീവൻ വാക്ക് കൊടുത്തതും ആര്യ ഒളി കണ്ണാലെ അക്ഷിത്തിനെ നോക്കി.. പോട്ടെ എന്നവൻ കണ്ണുകൾ കൊണ്ട് പറഞ്ഞതും ആര്യ പുഞ്ചിരിച്ചു... "വാഹ്... എന്റെ വാവിയുടെ കല്യാണം... അടിച്ചു പൊളിക്കണം.. " കാർ ഗേറ്റ് കടന്ന് പോയതും അനി സന്തോഷം കൊണ്ട് ആര്യയുടെ കൈ പിടിച്ച് വട്ടം കറങ്ങി ...ഒപ്പം ശിവയും കൂടിയതും അനിക്ക് ഉന്മേഷം കൂടി.. അവളുടെ തുള്ളി ചാട്ടം കണ്ട് അനിയുടെ അമ്മയും ആര്യയും അവളെ ഒരു പോലെ വഴക്ക് പറഞ്ഞു.... ഇനി അടങ്ങി ഒതുങ്ങി നിന്നില്ലേൽ അനിൽ സാറിന്റെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടും എന്ന് അമ്മ ഭീഷണി പെടുത്തിയതും അനി പെട്ടന്ന് തന്നെ നല്ല കുട്ടിയായി അച്ചടക്കത്തോടെ നിന്നു.... ************ അമിത്തിന്റെ അമ്മവീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടന്ന് കൊണ്ടിരിക്കെയാണ് മഹിയും ലീനയും അമിതിന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്..

അവർക്ക് വീട് അറിയാത്തതിനാൽ ഒരുമിച്ച് പോകാമെന്ന് അമിത് പറഞ്ഞിരുന്നു. പോകാൻ റെഡിയായി, അക്ഷിതും അമിതും സിറ്റൗട്ടിൽ ഇരുന്ന് മഹിയുമായി സംസാരത്തിൽ ഏർപ്പെട്ടപ്പോൾ അകത്ത് നൈനികയെ അണിയിച്ചൊരുക്കുന്ന തിരക്കിൽ ആയിരുന്നു ലീന... കുഞ്ഞിനെ മഹിയെ ഏൽപ്പിച്ച് നൈനികയെ അവൾ നന്നായി തന്നെ ഒരുക്കി.... അപ്പുറത്ത്, എത്ര ഒരുങ്ങിയിട്ടും മതിയാവാതെ കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി നിൽക്കുവാണ് അമൻ... ശിവ വരുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവന്റെ ഒരുക്കം കുറച്ചു കൂടി.... താഴെ, അക്ഷര കുട്ടിയെ ഒരുക്കുന്ന പണിയിൽ ആയിരുന്നു അമ്മ... എത്ര ഒരുക്കി കൊടുത്തിട്ടും കുറ്റവും കുറവും കണ്ടു പിടിക്കുന്ന അക്ഷര കുട്ടിയും അവളെ വഴക്ക് പറഞ്ഞ് വീണ്ടും ഒരുക്കുന്ന അമ്മയും....ഇരുവരുടെയും അടിയും വഴക്കും ആസ്വദിച്ചു കൊണ്ട് സൂര്യ ദാസ് റൂമിൽ തന്നെ ഉണ്ട്.....

അങ്ങനെ മണിക്കൂറുകൾ നീണ്ട ഒരുക്കത്തിന് ശേഷം എല്ലാവരും പോകാനായി പുറത്തേക്കിറങ്ങി... വൈകുന്നേരം ആണ് റിസപ്‌ഷൻ എങ്കിലും ഉച്ചക്ക് മുന്നേ എത്തണം എന്നത് അമ്മയുടെ തീരുമാനം ആയിരുന്നു... സമയം ഒരു മണി കഴിഞ്ഞെന്ന് പിറു പിറുത്തു കൊണ്ട് അമ്മ അക്ഷരയെയും വലിച്ച് കാറിൽ കയറ്റി... അമിതും നൈനികയും അക്ഷിതും ഒരു കാറിലും മഹിയും ലീനയും അവരുടെ കാറിലും ബാക്കി ഉള്ളവർ ഒരു കാറിലും ആയി അവരുടെ അമ്മ വീട്ടിലേക്ക് യാത്ര തിരിച്ചു........... "കഴിഞ്ഞില്ലേ വാവീ... " റിസപ്ഷന് സമയം ആയതും അനിയും ആര്യയും വീട്ടുകാരും ഒരുങ്ങാൻ തുടങ്ങി... ഏറെ നേരം കഴിഞ്ഞിട്ടും മൂന്ന് മക്കളെയും കാണാത്തത് കൊണ്ട് തിരഞ്ഞു വന്നതാണ് അനിയുടെ അമ്മ... "എന്റെ അമ്മേ.. ഇവളോട് പറ മതിയെന്ന്..." അനിയെ തട്ടി മാറ്റി കൊണ്ട് ആര്യ കേണു.. അതൊന്നും പറഞ്ഞാൽ പറ്റില്ലെന്ന മട്ടിൽ അനി ആര്യയെ അണിയിച്ചൊരുക്കി കൊണ്ടിരുന്നു.. "അമ്മേ.. നോക്ക്.. ഇപ്പോൾ എന്റെ വാവി കൂടുതൽ സുന്ദരി ആയില്ലേ..." ആര്യയെ അമ്മയുടെ മുന്നിലേക്ക് നിർത്തി കൊണ്ട് അനി പറഞ്ഞു . മെറൂൺ കളർ സാരി ആയിരുന്നു ആര്യയുടെ വേഷം.. ആര്യയുടെ നെറ്റിയിൽ ഉമ്മ വെച്ച അനിയുടെ അമ്മയുടെ മിഴികൾ ഈറനണിഞ്ഞു...

"എന്റെ ഭദ്രയെ പോലെ തന്നെ... സുന്ദരി ആയിട്ടുണ്ട്.. ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ " ആര്യയുടെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ട് വരുമ്പോൾ ജീവനും പുഞ്ചിരിയോടെ ആര്യയെ നോക്കി.. അവളെ ചേർത്ത് പിടിച്ചു കൊണ്ട് കാറിൽ കയറുമ്പോൾ ആ അച്ഛന്റെ മനസ്സ് ഏറെ സന്തോഷിച്ചിരുന്നു..... അനിയും ആര്യയും കുടുംബവും എത്തിയപ്പോഴേക്ക് റിസപ്‌ഷന് ക്ഷണം കിട്ടിയവർ വന്ന് തുടങ്ങിയിരുന്നു...ആര്യ കാറിൽ നിന്നിറങ്ങിയതും സൂര്യ ദാസ് അവരുടെ അടുത്തേക്ക് ചെന്നു... "ഞങ്ങൾ ലേറ്റ് ആയോ.. " "ഏയ് ഇല്ല.. കറക്റ്റ് സമയത്ത് തന്നെയാണ് വന്നത്...വരൂ " അവരെയൊക്കെ സ്വീകരിച്ച സൂര്യ ദാസ് അവരെ കസേരകളിൽ ഇരുത്തി... അനിയും ആര്യയും അനിയുടെ അമ്മയും ശിവയും അകത്തേക്ക് കയറി... അവരെ സ്വീകരിക്കാൻ അമിതിന്റെ അമ്മ മുന്നോട്ട് വന്നു.... എല്ലാവർക്കും അക്ഷിതിന്റെ പെണ്ണാണെന്ന് പറഞ്ഞ് ആര്യയെ അവർ പരിചയപ്പെടുത്തുമ്പോൾ ആര്യയുടെ കണ്ണുകൾ അക്ഷിത്തിനെ തിരഞ്ഞു കൊണ്ടിരുന്നു.... അതിനിടയിൽ അടുത്തെവിടെയോ പോയി ഫോട്ടോ ഷൂട്ട് നടത്തി തിരിച്ചെത്തിയ അമിതും നൈനികയും അവർക്കായി ഒരുക്കിയ സ്റ്റേജിൽ കയറി ഇരിപ്പിടങ്ങളിൽ ഇരുന്നു ...... അവരെ കണ്ട പാടേ അനി സ്റ്റേജിലേക്ക് ഓടി...

ശിവയെ അക്ഷര വലിച്ചു കൊണ്ട് പോയി... അനിയുടെ അമ്മ അമിതിന്റെ അമ്മയും കുടുംബവുമായി വിശേഷങ്ങൾ പറഞ്ഞിരുന്നു... എല്ലാവരും ഓരോ വഴിക്ക് പോയതും ആര്യ മെല്ലെ എണീറ്റ് പുറത്തിറങ്ങി.... വലിയ കുടുംബം ആയതിനാൽ റിസപ്ഷന് ഒരുപാട് പേർ ഉണ്ടായിരുന്നു.... തിക്കും തിരക്കും ബഹളവും അവിടെയാകെ നിറഞ്ഞു... അവർക്കിടയിലൂടെ ആര്യ മുന്നോട്ട് നടന്നു.... സ്റ്റേജിൽ അമിതിനും നൈനികക്കും ഒപ്പം അനിയേയും മഹിയെയും ലീനയെയും അവൾ കണ്ടു..... ഒരു നിമിഷം അവരെ നോക്കി നിന്നതും ആര്യ ചുറ്റും കണ്ണോടിച്ചു കൊണ്ട് ആ വീടിന്റെ ഇടത്തെ സൈഡിലേക്ക് പോയി... അവിടെ നിന്നാൽ എല്ലാവരെയും കാണാൻ പറ്റും.... വെളിച്ചം കുറവുള്ള അവിടേക്ക് ആര്യ ചെന്നതും പെട്ടന്നാരോ തന്നെ പിന്തുടരുന്ന പോലെ അവൾക്ക് തോന്നി..ആരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല..കുറച്ചു നേരമായി തന്നെ ആരോ വീക്ഷിക്കുന്ന പോലെ അവൾക്ക് തോന്നിയിരുന്നു.... കുറച്ചു മുന്നോട്ട് നടന്നതും വെളിച്ചം പിറകിൽ നിന്നയാളുടെ നിഴൽ അവൾക്ക് കാണിച്ചു കൊടുത്തു..... അയാളുടെ കൈ നീണ്ടു വരുന്നെന്ന് തോന്നിയതും മുഷ്ടി ചുരുട്ടി കൊണ്ടവൾ, തിരിഞ്ഞു നോക്കാതെ തന്നെ ആ കൈ കടന്നു പിടിച്ചു...

മുറുകെ പിടിച്ച കൈ അടവ് പ്രയോഗിച്ച് മുന്നിലേക്ക് വലിച്ച് ചുമരിനോട് ചേർക്കാൻ നിന്നതും പെട്ടന്ന് അയാൾ തന്റെ കൈ ഞൊടിയിടയിൽ അവളിൽ നിന്നും വേർപ്പെടുത്തി കൊണ്ട് അവളുടെ കൈ പിടിച്ച് തിരിച്ച് അവളെയൊന്ന് വട്ടം കറക്കി തന്റെ നെഞ്ചോട് ചേർത്ത് നിർത്തി... അവളുടെ ഇരു കൈകളും തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് തോന്നിയതും അയാൾ ബലം പ്രയോഗിച്ചു കൊണ്ട് അവളെ കൂടുതൽ ചേർത്ത് നിർത്തി, അവളുടെ ഷോൾഡറിൽ തന്റെ താടി അമർത്തി പിടിച്ചു..... ഉടനെ നേർത്ത ചിരിയവളിൽ വിടർന്നു വന്നു... അടുത്ത നിമിഷം തന്നെ, തന്റെ കരുത്തിൽ അവന്റെ കൈ അടർത്തി മാറ്റിയ ആര്യ കണ്ണിമ ചിമ്മും വേഗത്തിൽ അവന്റെ ഇരു കൈകളും പിറകിലേക്ക് പിടിപ്പിച്ച് അവനെ ചുമരിലേക്ക് ചേർത്ത് നിർത്തി..... "അടവ് മറന്നിട്ടില്ല... അല്ലേ.. മിസ്സ്‌ ആര്യ ഭദ്ര... " അവളുടെ മുഖത്തേക്ക് നോക്കി അക്ഷിത് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. "ആര്യ ഭദ്ര അത്ര പെട്ടന്നൊന്നും പഠിച്ച അടവുകൾ മറക്കില്ല... ഇനിയിപ്പോ അക്ഷിത് സൂര്യയുടെ കൂടെ പിടിച്ചു നിൽക്കാൻ കൂടുതൽ അടവുകൾ പഠിച്ചെടുക്കേണ്ടി വരും... "

അർത്ഥം വെച്ചൊരു നോട്ടവും ചിരിയും അവന് നൽകി കൊണ്ട് അവൾ പറഞ്ഞതും അക്ഷിത് ഒന്നമ്പരന്നു.. പിന്നെ എന്തോ ഓർത്തെടുത്തു കൊണ്ട് ചിരിച്ചു... "അമിത് എല്ലാം പറഞ്ഞു.. അല്ലേ.." "എല്ലാം പറഞ്ഞില്ല....ചിലതൊക്കെ.." രാവിലെ സംസാരത്തിനിടയിൽ അമിത് അക്ഷിത്തിനെ കുറിച്ച് അവനറിഞ്ഞ കാര്യങ്ങളുടെ ചെറിയ സൂചന ആര്യക്ക് നൽകിയിരുന്നു...... അക്ഷിത് പുഞ്ചിരിച്ചതും തിരിച്ചവളും ചിരിച്ചു കൊണ്ട് അവനിൽ നിന്നും വിട്ട് നിന്നു.... " കേട്ടിടത്തോളം എന്ത് തോന്നി.. " " അതോ.... " അതും പറഞ്ഞു കൊണ്ട് ആര്യ ചുറ്റും നോക്കി, പിന്നെ അക്ഷിതിന്റെ അടുത്തേക്ക് ചേർന്നു നിന്നു.. "ഇയാള് ആളൊരു സംഭവം ആണെന്ന് മനസിലായി.. " "ഓ.. അങ്ങനെയാണോ... " കണ്ണിറുക്കി കൊണ്ട് അക്ഷിത് പെട്ടന്നവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു... "ഏയ്.. ആരെങ്കിലും വരും..ഇയാളെന്തിനാ എന്റെ പിറകെ വന്നത്... " " അത് നിന്റെ കണ്ണുകളെന്നെ തേടിയത് കൊണ്ട്.... പിന്നെ.... " "പിന്നെ..? " ചോദ്യഭാവത്തിൽ ആര്യ അവനെ നോക്കിയതും അക്ഷിത് പുരികം ഉയർത്തി കാണിച്ചു കൊണ്ട് ചിരിച്ചു..

"നീയിങ്ങനെ അണിഞ്ഞൊരുങ്ങി വന്നത് കൊണ്ട് മറ്റൊരു കിഷോർ ഇവിടെ ഉണ്ടാവാൻ സാധ്യത ഉണ്ട്...സോ... " അക്ഷിത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് തള്ളി പോയ ആര്യ കൈ ഒടിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ കിഷോറിന്റെ അവസ്ഥ ഓർത്തെടുത്തു... അക്ഷിതിന്റെ കണ്ണുകളിലൂടെ സംഭവം വ്യക്തമായി മനസ്സിലായ ആര്യ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "അക്ഷിതിന്റെ പെണ്ണിനെ ആരും മറ്റൊരു കണ്ണ് കൊണ്ട് നോക്കേണ്ട.. " അവന്റെ വാക്കുകളിൽ പ്രണയം തുളുമ്പിയതും ആര്യ മൗനം പാലിച്ചു... ഇരുവർക്കുമിടയിൽ അല്പ നേരം മൗനം തളം കെട്ടി നിന്നതും അക്ഷിത് അവളുടെ കണ്ണിലേക്ക് നോക്കി തന്റെ ചുണ്ടുകൾ ചലിപ്പിച്ചു..... ആര്യക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവളുടെ പ്രിയപ്പെട്ട ശബ്ദം അവളിലേക്ക് പെയ്തിറങ്ങിയതും ഇരു കണ്ണുകളും അടച്ചു കൊണ്ടവൾ അതിൽ ലയിച്ചു.... ************ റിസപ്‌ഷന്റെ തിരക്ക് ഒന്നമർന്നതും ഭക്ഷണം കഴിക്കൽ കഴിഞ്ഞ് സ്റ്റേജിന് മുന്നിൽ ഒരു ഭാഗത്തായി അക്ഷിതും ആര്യയും മഹിയും ലീനയും അനിയും അമിതും നൈനികയും ഒരുമിച്ച് കൂടി...വിശേഷങ്ങളും കളിയും ചിരിയുമായി സമയം നീക്കവേ അനി പരിഭവം പറയാൻ ആരംഭിച്ചു... "എന്നാലും അമിത് ചേട്ടൻ പറഞ്ഞില്ലല്ലോ നിങ്ങളുടെ പ്രണയത്തെ പറ്റി.... " അമിതിനെ നോക്കി കണ്ണുരുട്ടി കൊണ്ടവൾ പറഞ്ഞതും വേണോ എന്ന അർത്ഥത്തിൽ അമിത് അവളെ നോക്കി... ആ സമയം ലീനയും തലപൊക്കി...

"അക്ഷിത് ആര്യ പ്രണയം പൂവണിഞ്ഞ സ്ഥിതിക്ക് ആരും അറിയാത്ത നിങ്ങളുടെ പ്രണയം കൂടി വെളിപ്പെടുത്തണം... " "അതേ.. എവിടെ നിന്ന് എങ്ങനെ എപ്പോൾ എന്നൊക്കെ മോൻ കൃത്യമായി പറഞ്ഞേ." "എന്റെ അനീ... ഞങ്ങളുടെ പ്രണയം സാക്ഷാത്കരിച്ചില്ലേ... കല്യാണവും കഴിഞ്ഞു ഇനിയിപ്പോ അതിനെന്ത് പ്രാധാന്യം ആണുള്ളത്.. ഇപ്പോൾ റോൾ എന്റെ ഏട്ടനും ഏട്ടത്തിയമ്മക്കും അല്ലേ.. " അക്ഷിത്തിനെയും ആര്യയേയും നോക്കി അമിത് ചിരിച്ചു കൊണ്ട് പറഞ്ഞു.. "നോ... അവർക്കുള്ള പ്രാധാന്യം നിങ്ങൾക്കുമുണ്ടിവിടെ.. അത് കൊണ്ട് പ്രണയകഥ പറഞ്ഞേ പറ്റൂ " അനി നിർബന്ധം പിടിച്ചതും അമിത് നൈനികയെ നോക്കി... നൈനിക പറ എന്ന് കാണിച്ചതും അമിത് തലയാട്ടി കൊണ്ട് അനിയുടെ നേരെ തിരിഞ്ഞു... "അമീ... പ്രണയകഥയല്ലേ... പറഞ്ഞേക്ക്.. ഒട്ടും ബോർ അടിക്കൂല.. " മഹി കൂടി പിന്താങ്ങിയതും അമിത് അക്ഷിത്തിനെ നോക്കി.. അവനും പറയാൻ പറഞ്ഞതും അമിത് കണ്ണുകൾ അടച്ചു തുറന്നു.. "ഓക്കേ... നിങ്ങൾക്ക് കേൾക്കാൻ അത്രയും ആഗ്രഹം ആണെങ്കിൽ ഞാൻ പറയാം... "

"ഉള്ളത്, ഉള്ളതുപോലെ പറയണം... അല്ലേൽ ഉണ്ടല്ലോ..." അനി കണ്ണുരുട്ടിയതും പറയാമെ എന്ന് അമിത് കൈകൂപ്പി കാണിച്ചു.. "അതിന് മുൻപ് ഒരു കാര്യം ചോദിക്കട്ടെ... " "ആ.. ചോദിക്ക്.. " "നിങ്ങളിൽ ആർക്കാ ആദ്യം ഇഷ്ടം തോന്നിയത്.. ആരാ ഇഷ്ടം പറഞ്ഞത്...നൈനിക ഒരു പാവം ആയത് കൊണ്ട് ഈ കലിപ്പൻ പെട്ടന്ന് വളച്ചിട്ടുണ്ടാവും അല്ലേ... " അനിയുടെ ഊഹം കേട്ട് അമിതും നൈനികയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു... "ഏയ്.. എന്നേക്കാൾ വലിയ കലിപ്പ് ഇവൾക്കായിരുന്നു...കണ്ണിൽ കണ്ടാൽ അടിയാ... എനിക്കിട്ട് പാര പണിയാൻ ആയിരുന്നു ഇവൾക്കിഷ്ടം.. " "ഓഹോ..അങ്ങനെ ആണോ . എന്നാ പറഞ്ഞാട്ടെ കലിപ്പിനിടയിൽ എങ്ങനെയാണ് രണ്ടു പേരുടെയും മനസ്സിൽ പ്രണയമഴ പെയ്തതെന്ന് ... " "അത്... വർഷങ്ങൾക്ക് മുൻപ്.... ദേ.. ഈ തറവാട്ടിൽ വെച്ചാണ് ഞങ്ങളുടെ അടിയും ഇടിയും പ്രണയവും എല്ലാം അരങ്ങേറിയത്...... " അമിത് നൈനികയുടെ കണ്ണിലേക്ക് നോക്കി.... അവന്റെ ഓർമകൾ പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതും ആകാംഷയോടെ മറ്റുള്ളവർ കേൾക്കാൻ റെഡിയായി ഇരുന്നു............. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story