ആത്മരാഗം💖 : ഭാഗം 91

athmaragam thanseeh

രചന: തൻസീഹ് വയനാട്

13 വർഷങ്ങൾക്ക് മുൻപ് പഴമയുടെ തനിമ നിലനിർത്തുന്ന ആ തറവാട്ടിൽ നിന്നും ഒഴുകി വന്ന മധുര സംഗീതത്തിൽ പുലർന്ന ദിനം അന്ന് കൂടുതൽ സുന്ദരിയായിരുന്നു.... പുറത്തെ തുളസി തറയിൽ വെള്ളമൊഴിച്ച് ചുണ്ടിൽ പുഞ്ചിരിയുമായി കുളിച്ച് സിന്ദൂരവും ചന്ദനവും ചാർത്തിയ ആ രൂപം അകത്തേക്ക് കാൽ വെച്ചു .. ട്രിം...... ട്രിം...... ചുണ്ടിൽ മൂളിപ്പാട്ട് പാടവേ അകത്തു നിന്നും ഉയർന്ന ഫോൺ ശബ്ദം കാതിൽ കേൾക്കാൻ ഇടയായതും അവർ തന്റെ കണ്ണുകൾ അകത്തേക്ക് പായിച്ചു..... "മോനേ..... അക്ഷിത്.... ആ ഫോൺ ഇങ്ങെടുത്തേ... " മൃദുലമായ സ്വരത്തോടെ തന്റെ മൂത്ത മകനെ നീട്ടി വിളിച്ചു കൊണ്ട് തോർത്തു കൊണ്ട് കെട്ടി വെച്ച മുടി അവർ പരത്തിയിട്ടു... അമ്മയുടെ വാക്ക് കേട്ട ഉടനെ അനുസരണയുള്ള മകനായ അക്ഷിത് ഫോണുമായി ഉമ്മറത്തേക്ക് ഓടി വന്നു.... ഫോൺ വാങ്ങി ചെവിയിൽ വെച്ച അമ്മ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു... "ഹലോ.. ഏട്ടാ... " മറു തലക്കെ തന്റെ സഹോദരൻ ആണെന്ന് അറിഞ്ഞ അവരുടെ പുഞ്ചിരി വർധിച്ചു....

"ഹാ... രാഗിണീ... ഒരു പത്ത് പതിനൊന്നു മണി ആവുമ്പോഴേക്ക് ഞാൻ വരും.. എല്ലാം തയ്യാറാക്കി വെച്ചോ... " "ശെരി ഏട്ടാ... " "മ്മ്മ്.. എവിടെ നിന്റെ ആരോമൽ പുത്രൻ.. " അല്പം പുച്ഛഭാവത്തോടെ അയാൾ ചോദിച്ചതും രാഗിണി ഒന്ന് പതറി.. അമ്മ സംഗതി വഷളാക്കും എന്ന് ബോധ്യമായ അക്ഷിത്, അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.. "ആ.. അമ്മാവാ... അവൻ ഇവിടെയുണ്ട്... അങ്ങോട്ട്‌ പോരാനുള്ള ഒരുക്കത്തിലാണ്... അമ്മാവൻ എപ്പോഴാ വരുന്നേ.. " അക്ഷിതിന്റെ ശബ്ദം കേട്ട പാടെ ഗൗരവം കുറഞ്ഞ അമ്മാവൻ പിന്നീട് ചിരിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി...വരുന്ന സമയം പറഞ്ഞ് പെട്ടന്ന് റെഡിയാവാൻ പറഞ്ഞു കൊണ്ട് അയാൾ ഫോൺ വെച്ചു....ഏട്ടൻ ഫോൺ വെച്ചെന്ന് കണ്ട രാഗിണി നെടുവീർപ്പിട്ട് കൊണ്ട് പുറത്തേക്ക് കണ്ണുകൾ പായിച്ചു.... "ഈ കുട്ടി ഇതെങ്ങോട്ട് പോയിരിക്കാ... അമ്മാവൻ വരുന്ന സമയത്ത് അവനെ കണ്ടില്ലേൽ പിന്നെ അത് മതി... ഇന്നിനി ആരോട് വഴക്കിടാൻ പോയിരിക്കാണെന്നാവോ... " "എന്റെ അമ്മേ.... അവൻ ആരോടും വഴക്കിടാൻ പോയതല്ല...

നമ്മൾ ഇവിടെ നിന്ന് തറവാട്ടിലേക്ക് പോവുകയല്ലേ... ഇനിയിപ്പോ ഈ അടുത്ത കാലത്തൊന്നും ഇങ്ങോട്ട് വരില്ലല്ലോ... അവൻ അവന്റെ കൂട്ടുകാരോട് യാത്ര പറയാൻ പോയതാവും.. " "മ്മ്മ്.. പെട്ടന്ന് വന്നാൽ അവന് കൊള്ളാം.. അല്ലെങ്കിൽ അമ്മാവന്റെ ചീത്ത വയറു നിറയെ കേൾക്കേണ്ടി വരും.... " അതും പറഞ്ഞ് അകത്തേക്ക് കയറി പോയ രാഗിണിക്ക് പിറകെ അക്ഷിതും ഉൾവലിഞ്ഞു.... അവരുടെ അച്ഛച്ഛന്റെ മരണ ശേഷം അച്ഛൻ സൂര്യ ദാസ് പട്ടാളത്തിലേക്ക് തിരികെ പോയപ്പോൾ തറവാട്ടിൽ അമ്മയും മൂന്ന് മക്കളും തനിച്ചായിരുന്നു താമസം...രാഗിണിയുടെ സഹോദരന്റെ നിർബന്ധത്താൽ അവർ രാഗിണിയുടെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്... പത്തു മണി കഴിഞ്ഞതും രാഗിണിയുടെ മുഖത്ത് വെപ്രാളം കുമിഞ്ഞു കൂടി... ഉമ്മറത്തു ചെന്ന് നിന്ന് അവർ വഴിയിലേക്ക് ഇടയ്ക്കിടെ നോക്കാൻ തുടങ്ങി.... അത് കണ്ട അക്ഷിത് അമ്മയെ സമാധാനിപ്പിച്ചു... "അമ്മ വിഷമിക്കേണ്ട.. അമിത് ഇപ്പോൾ വരും.. " "നേരം ഒരുപാടായി... ഇവനിത് എവിടെ പോയി കിടക്കാ.... അമ്മാവൻ ഇപ്പോൾ വരും... "

പറഞ്ഞ് നാവ് ഉള്ളിലേക്കിടും മുന്നേ ഹോണടി ശബ്ദത്തോടെ വെളുത്ത അംബാസിഡർ കാർ മുറ്റത്തേക്ക് വന്നു നിർത്തി.... കാറിൽ നിന്നും ഇറങ്ങി വന്ന അമ്മാവനെ കണ്ട അക്ഷിത് തല ചെരിച്ച് തന്റെ അമ്മയെ നോക്കി... അമ്മയുടെ മുഖത്തെ ടെൻഷൻ നിമിഷം തോറും വർധിച്ചു വരുന്നത് അവൻ കണ്ടു.... "എന്താ രാഗിണീ... പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നെ... പോരാനുള്ള ഭാവം ഇല്ലേ... " സഹോദരിയെ കളിയാക്കി കൊണ്ട് അയാൾ അകത്തേക്ക് കയറി... "ഏട്ടാ... അത്... ഏട്ടന് ചായ എടുക്കട്ടെ... " കണ്ണുകൾ ഇടയ്ക്കിടെ പുറത്തേക്ക് പായിച്ചു കൊണ്ട് രാഗിണി ചോദിച്ചു.. "ഏയ്... വേണ്ട.. നമുക്ക് വേഗം തന്നെ പുറപ്പെടാം.. പറമ്പിൽ പണിക്കാരുണ്ട്.... മോനേ... നീ സാധങ്ങൾ ഒക്കെ കാറിൽ എടുത്തു വെക്ക്..." അമ്മാവന് തലയാട്ടി കൊണ്ട് അക്ഷിത് അകത്തേക്ക് പോയി തങ്ങളുടെ സാധനങ്ങൾ ഓരോന്നും കാറിൽ കൊണ്ട് വെക്കാൻ തുടങ്ങി... രാഗിണിയുടെ ചെറിയ മകനായ അഞ്ചു വയസ്സുകാരൻ അമനോട് ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ എന്തോ ഓർത്തെടുത്തു കൊണ്ട് അയാൾ തല ഉയർത്തി...

. "എവിടെ അവൻ..... അമിത്..... " ************ "അമിത്....... " പാടത്തെ ചളിയിൽ ഫുട്ബാൾ കളിക്കുന്ന പിള്ളേർ കയ്യടികളോടെ ആർത്തു വിളിച്ചു..... ടീമിന്റെ പ്രതീക്ഷയെന്നോണമുള്ള അവസാന ഗോൾ ലക്ഷ്യത്തിൽ എത്തിയതും വിജയം കൈവരിച്ച ടീം അംഗങ്ങൾ അവനെ എടുത്തുയർത്തി ആർപ്പ് വിളിച്ചു..... " അമിത്... അടിപൊളി... നമ്മുടെ ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചല്ലോ...നീ ഇന്ന് പോകുവല്ലേ... ഇനിയെന്നാ ഇങ്ങനെയൊക്കെ ഒന്ന് കൂടാനും പന്ത് തട്ടാനും നീ വരുന്നേ.... " "നീയില്ലേൽ കളിക്കാൻ ഒരു ഉഷാറും ഉണ്ടാവില്ലെടാ... " അരികിലെ തോട്ടിൽ നിന്നും കയ്യിലേയും കാലിലെയും ചളി കളയുന്നതിനിടയിൽ കൂട്ടുകാർ വിഷമത്തോടെ പറഞ്ഞതും അമിതിന്റെ മുഖം വാടി... എങ്കിലും അത് പുറമെ കാണിക്കാതെ അവൻ ചിരിച്ചു.. "ഇവിടെ കളിക്കാൻ പറ്റില്ല എന്നല്ലേ.. നമുക്ക് സ്കൂളിൽ കളിക്കാമല്ലോ... പിന്നെ ഒഴിവ് കിട്ടുമ്പോൾ ഞാൻ വരാൻ ശ്രമിക്കാം... അമ്മ വീട്ടിലേക്ക് ഇവിടെ നിന്ന് അധികം ദൂരമൊന്നും ഇല്ലല്ലോ... " "ആഹ്... നീ എപ്പോഴാ ഡാ പോകുന്നേ.. "

"അറിയില്ല...അമ്മാവൻ വൈകുന്നേരം ആവും വരുന്നത്.. ഞാൻ ചെല്ലട്ടെ... കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞിറങ്ങിയതാ.... " "ശെരി എടാ... പോയിട്ട് വാ.. നമുക്ക് സ്കൂളിൽ വെച്ച് കാണാം " കൂട്ടുകാരോട് യാത്ര പറഞ്ഞു കൊണ്ട് അമിത് വീട്ടിലേക്ക് ഓടി പോയി.. അവരുടെ സ്ഥിരം കളിക്കളം ആണ് പാടവും അരികിലെ ചെറിയ ഗ്രൗണ്ടും... അമ്മ വീട്ടിൽ പോകുന്നതിന് മുന്നേ ഒരു പ്രാവശ്യം കളിക്കാൻ വിചാരിച്ചു കൊണ്ട് രാവിലെ തന്നെ ഇറങ്ങി പുറപ്പെട്ടതാണ് അമിത്... കാൽ പന്ത് കളി രക്തത്തിൽ അലിഞ്ഞു ചേർന്നതിനാൽ കളിയുടെ ആവേശം മുറുകി കൊണ്ടിരുന്നു... അതിനാൽ സമയം പോയതൊന്നും അവനറിഞ്ഞില്ല... വേഗത്തിൽ ഓടിയ അമിത് ഗേറ്റ് കടന്ന് മുറ്റത്തേക്ക് എത്തിയതും മുറ്റത്തു കിടക്കുന്ന കാർ കണ്ട് ഒരു നിമിഷം അവനവിടെ തന്നെ നിന്നു.. "ഓ.. അമ്മാവൻ വന്നോ... ഇന്നിനി ചീത്ത കേൾക്കാൻ വേറെ എങ്ങോട്ടും പോകേണ്ട... " അടിമുടി തന്റെ കോലം ഒന്ന് നോക്കിയ ശേഷം ആത്മഗതത്തോടെ അമിത് കാറിനെ മറി കടന്ന് ഉമ്മറത്തെത്തി...ചെരുപ്പ് അഴിച്ചു വെച്ച് അകത്തേക്ക് കയറാൻ നിൽക്കവേ ദേഷ്യത്തോടെ തന്റെ മുന്നിലേക്ക് വന്നു നിന്ന അമ്മാവനെ കണ്ട് അമിത് ഒന്ന് ചിരിച്ചു... അവന്റെ ചിരി കണ്ട് ആ മുഖത്തെ ദേഷ്യം വർധിച്ചു...

"അസത്ത്... ആരുമായി തല്ല് കൂടി വരുവാണ്.. നിന്നെയൊക്കെ കെട്ടിയിട്ട് വളർത്തണം... അനുസരണയില്ലാത്ത ജന്തു.. " അമ്മാവൻ പറയുന്നത് കേട്ട് അമിത് വായും പൊളിച്ചു നിന്നു... താൻ കളിക്കാൻ പോയതാണെന്ന് പറയാനുള്ള സാവകാശം പോലും അമിതിന് കൊടുക്കാതെ അടികൂടി വരികയാണെന്ന് തെറ്റിദ്ധരിച്ച അമ്മാവൻ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി.... അവന്റെ ഷർട്ടിലേയും പാന്റിലെയും ചളിയും അവന്റെ കോലവും കണ്ടാൽ ആരായാലും തെറ്റിദ്ധരിക്കും... പോരാത്തതിന്, അല്പം എടുത്തു ചട്ടക്കാരൻ ആയ അമിത് ആരെന്നോ എന്തെന്നോ നോക്കാതെ അടി കൂടുന്ന കൂട്ടത്തിൽ ഉള്ളതാണ്.... സ്ഥിരം വഴക്ക് കൂടുന്ന പ്രകൃതക്കാരൻ ആയതിനാൽ അമ്മാവന്റെ കണ്ണിലെ കരടാണ് അമിത്.... " കണ്ടില്ലേ അവൻ മിണ്ടാതെ നിൽക്കുന്നെ... നിന്നെയൊക്കെ എങ്ങനെ വളർത്തണം എന്നെനിക്കറിയാം... എന്റെ കയ്യെത്തും ദൂരത്തേക്കാണല്ലോ നീ വരുന്നേ.... " തന്നെയെന്നും പറയാൻ സമ്മതിക്കാതെ ചീത്ത പറയുന്നത് അവസാനിപ്പിച്ച് ഒരു നോട്ടം നോക്കി അമന്റെ കയ്യും പിടിച്ച് മുറ്റത്തേക്കിറങ്ങിയ അമ്മാവനെ നോക്കി നെടുവീർപ്പിട്ട അമിത് വേഗം അകത്തേക്കോടി പോയി... "എവിടെ ആയിരുന്നെടാ ഇത്രയും നേരം... അമ്മാവന്റെ ചീത്ത കേട്ടപ്പോൾ തൃപ്തി ആയില്ലേ...."

"എന്റെ അമ്മേ.. ഞാൻ തല്ല് കൂടി വരികയൊന്നും അല്ലാ.. പാടത്ത് കളിക്കാൻ പോയതാ... ഇനി അവിടെ കളിക്കാൻ പറ്റില്ലല്ലോ.. ഇത് ലാസ്റ്റ് അല്ലേ... " വിഷമ മുഖത്തോടെ മകൻ പറയുന്നത് കേട്ട അമ്മ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി.. "സാരമില്ല അമീ.. അവിടെയും ഉണ്ടാവും കുട്ടികൾ... നിനക്കവിടെ ചെന്നാലും കളിക്കാല്ലോ.. നീ വേഗം പോയി കുളിച്ച് മാറ്റിക്കെ.. ഞങ്ങൾ ഒരുങ്ങി ഇറങ്ങി.. ഇനി വൈകിയാൽ അടുത്ത ചീത്ത ഇപ്പോൾ വരും... " അത് കേട്ട പാടേ അമിത് കുളിക്കാൻ ഓടി... അക്ഷമനായി കുറെ നേരം പുറത്ത് നിന്ന അമ്മാവൻ ഉച്ചത്തിൽ വിളിച്ചപ്പോഴേക്കും അമിതിന്റെ കുളിയും ഒരുങ്ങലും കഴിഞ്ഞിരുന്നു.... പോകാൻ ഒട്ടും ഇഷ്ടമില്ലാത്തതിനാൽ എല്ലാം ആലസ്യത്തോടെയാണ് അവൻ ചെയ്തത്... എന്നാൽ അമ്മാവന്റെ ശബ്ദം ഉയർന്നതും ആ നിമിഷം അവൻ ഉമ്മറത്തെത്തി.... അമിത് കാരണം നേരം വൈകിയതിൽ കടുപ്പിച്ചൊരു നോട്ടം നോക്കിയ അമ്മാവൻ കാറിൽ കയറി... ജനിച്ച് വളർന്ന വീടും നാടും വിട്ട് പിരിയുന്ന വിഷമത്തിൽ അമിതും അക്ഷിതും അമ്മയോടൊപ്പം കാറിൽ കയറി....... ഇനിയുള്ള കുറച്ചു കാലം അമ്മ വീട്ടിൽ ആണല്ലോ എന്നോർത്ത് വരാൻ പോകുന്ന ദിവസങ്ങളെ കണ്ണിൽ കണ്ട് കൊണ്ട് അമിത് സീറ്റിൽ ചാരി ഇരുന്നു....... ************

അൽപ ദൂര യാത്രക്ക് ശേഷം അവർ രാഗിണിയുടെ വീട്ടിൽ എത്തിച്ചേർന്നു.... അവരുടെ വരവ് പ്രതീക്ഷിച്ച പോലെ തറവാട്ടിലെ എല്ലാവരും പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു... നാല് അമ്മാവന്മാരാണ് അമിതിന്. മൂത്ത അമ്മാവൻ ആണ് അവരെ കൂട്ടി കൊണ്ട് വന്നത്... രാഗിണി ഇളയതാണ്... തറവാട്ടിൽ അക്ഷിത്, അമിത്, അമൻ ഇവർ മൂന്ന് പേരെ ഒഴിച്ച് നിർത്തിയാൽ നാല് അമ്മാവന്മാർക്കും കൂടി ഒമ്പത് പെണ്മക്കൾ ആണ്.... അച്ഛച്ഛൻ വീട്ടിൽ തനിച്ചാവുന്നത് കാരണം അമ്മ വീട്ടിൽ അധികം വിരുന്നിനു വരാറില്ല ഇവർ.. അതിനാൽ തന്നെ കസിൻസുമായി വലിയ അടുപ്പം അമിത്തിനില്ല.. പോരാത്തതിന് മുഴുവൻ പെൺകുട്ടികൾ ആയതിനാൽ തന്നെ ഒരുമിച്ച് കളിക്കാൻ ആരും ഇല്ലാത്തതിനാൽ ഇങ്ങോട്ടേക്കു വരുന്നതേ അവനിഷ്ടമായിരുന്നില്ല.... കാറിൽ നിന്നിറങ്ങിയ പാടേ തങ്ങളെ വീക്ഷിക്കുന്ന പെൺപടയെ കണ്ട് ചിരിച്ചു കൊണ്ട് അമിത് അക്ഷിത്തിനെ നോക്കി... "ഇനിയിപ്പോ ഈ പീക്കിരി പിള്ളേരുമായി ഗുസ്തി പിടിക്കേണ്ടി വരും... അല്ലാതെ കളിക്കാൻ ആരും ഇല്ലല്ലോ... "

അമിതിന് ചിരിച്ചു കൊടുത്തു കൊണ്ട് അക്ഷിത് കാറിൽ നിന്നും അവരുടെ ബാഗുകൾ എടുക്കാനായി തിരിഞ്ഞു.... ആ സമയത്താണ്, അമ്മാവൻ അമിതിന്റെ തലക്ക് കൊട്ടിയത്... "എന്ത് നോക്കി നിൽക്കാ ഡാ.. ആ ബാഗ് ഒക്കെ എടുത്തു വെച്ചേ... അക്ഷിത് ചെയ്യുന്നത് കണ്ടില്ലേ.. " കണ്ണുരുട്ടി കൊണ്ട് അമ്മാവൻ പറഞ്ഞയുടനെ അമിത് അക്ഷിതിൽ നിന്നും ബാഗ് വാങ്ങി മുന്നോട്ട് നടന്നു... രാഗിണിയും അമനും അകത്തേക്ക് കയറി എല്ലാവരോടും സംസാരം തുടങ്ങിയിരുന്നു.. അമന് അവന്റെ പ്രായത്തിലുള്ള കുട്ടികളെ കിട്ടിയതിൽ അവൻ ഹാപ്പി ആയി... വീട്ടിൽ വിരുന്നുകാർ വന്ന സന്തോഷത്തിൽ ആയിരുന്നു അവിടെ ഉള്ള പെൺകുട്ടികൾ എല്ലാം... എല്ലാവരും സന്തോഷത്തോടെ അക്ഷിതിന്റെയും അമിതിന്റെയും പിറകെ കൂടി.... രാഗിണിയുടെ അമ്മ വാത്സല്യത്തോടെ അമിതിനെയും അക്ഷിതിനെയും അമനെയും അടുത്തിരുത്തി അവർക്കായി ഉണ്ടാക്കിയ പലഹാരങ്ങൾ നൽകി... "രാഘവാ... പറമ്പിലെ പണിക്കാർ പണി മുഴുവനാക്കാതെ പോയല്ലോ.. തേങ്ങ ഒന്നും കൂട്ടിയിട്ടിട്ടില്ല.. , " രാഘവൻ സോഫയിൽ വന്നിരുന്ന പാടെ അമ്മമ്മ പറഞ്ഞതും അയാളുടെ മുഖം കനത്തു.. "ഹോ.. ഇതാണ് ഞാനിവിടെ ഇല്ലെങ്കിലുള്ള കുഴപ്പം... പെട്ടന്ന് പോയി വരാമെന്ന് കരുതിയതാ..

അതിനെങ്ങനെ,, ഈ താന്തോന്നി നേരം വൈകിപ്പിചില്ലേ.....ഇനിയിപ്പോ നാളെയും അവരെ വിളിക്കേണ്ടി വരും.. കൂലിയും വേറെ കൊടുക്കണം..." അമ്മമ്മയുടെ അടുത്തിരിക്കുന്ന അമിതിനെ നോക്കി അമ്മാവൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് പോയി... പലതും പിറു പിറുത്തു പോകുന്ന അമ്മാവനെ നോക്കി അമിത് മുറിയിലേക്ക് പോയി.. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മാവൻ അങ്ങനെ പറഞ്ഞതിൽ ചെറിയൊരു സങ്കടം അവനിൽ ജനിച്ചു...... തങ്ങളുടെ വീട്ടിൽ പോന്നതിന്റെ വിഷമവും പുതിയ ഇടം പൊരുത്തപ്പെടാൻ സമയം എടുക്കുന്നതിനാലും അമിത് മുറിയിൽ തന്നെ ഒതുങ്ങി കൂടി..... "അമീ....പുറത്തെ പറമ്പിലേക്കൊക്കെ ഒന്ന് ഇറങ്ങി ചെന്ന് നോക്ക്.. പറമ്പിന്റെ തൊട്ടപ്പുറം തന്നെ പാടമാണ്... നിനക്കവിടെ പോയി കളിക്കാം.. ഇപ്പോൾ അവിടെ കളിക്കാനുള്ള സൗകര്യമൊക്കെ ഉണ്ടെന്ന് തോന്നുന്നു... " അമിതിന്റെ വാടിയുള്ള ഇരിപ്പ് കണ്ട രാഗിണി അവനോട് പുറത്തേക്ക് പോകാൻ പറഞ്ഞു.. കേട്ട ഉടനെ കണ്ണുകൾ വിടർത്തി കൊണ്ട് അമിത് വേഷം മാറി പുറത്തേക്കിറങ്ങി.... വലിയ തറവാടിന്റെ പിൻ വശത്ത് ഏക്കർ കണക്കിന് പറമ്പുണ്ട്...ഇടത് വശത്തായി ആണ് വയൽ.. അമിത് കാഴ്ചകൾ കണ്ട് വയലിന്റെ അടുത്തെത്തി.....

അവിടെ കുറച്ചു ദൂരെയായി കുട്ടികൾ കളിക്കുന്നത് കണ്ടതും അമിതിന് സന്തോഷമായി... ഇവിടെ വന്നാൽ ആരും കളിക്കാൻ ഉണ്ടാവില്ല എന്ന് ചിന്തിച്ചു വിഷമിച്ച അവന് ആ കാഴ്ച്ച ഏറെ ആശ്വാസം നൽകി.... അവരുടെ കളി നോക്കി നിൽക്കുന്നതിനിടയിൽ പെട്ടന്നാണ് ആരോ വന്ന് അവനെ ഉന്തി മാറ്റിയത്.... മുന്നോട്ടേക്കാഞ്ഞ അമിത് ബാലൻസ് ചെയ്തു നിന്ന് കൊണ്ട് ആരാണ് തന്നെ ഉന്തിയത് എന്ന് തിരിഞ്ഞു നോക്കി... "വഴിയിൽ നിന്ന് മാറി നിൽക്കെ ഡാ..." മൂന്ന് കുട്ടികൾ അവനോട് ദേഷ്യപെട്ടതും അമിത് അവരെ തുറിച്ചു നോക്കി... തന്റെ മേനി നോവിച്ചതിലുള്ള ദേഷ്യവും അവരുടെ ആജ്ഞാപന സ്വരത്തോടുള്ള ഈർഷ്യയും മൂലം അമിത് കണ്ണെടുക്കാതെ വഴിയിൽ നിന്നും മാറാതെ അവരെ നോക്കി.... അമിത് ആ തറവാട്ടിലെ കുട്ടി ആണെന്നറിയാതെ ആ കുട്ടികൾ വീണ്ടും അവന്റെ മേൽ കൈവെച്ചു.. "ആരെടാ നീ... ഞങ്ങളെ നോക്കി പേടിപ്പിക്കുന്നെ " പാടത്തേക്ക് കളിക്കാൻ പോകുന്നവർ ആണെന്ന് അവന് മനസ്സിലായി... പാടത്തേക്ക് ഇറങ്ങാനുള്ള വഴിയിൽ ആയിരുന്നു അമിത് നിന്നിരുന്നത്... "വഴിയിൽ നിന്ന് മാറെടാ.... " അമിതിനെ വയലിലേക്ക് ഉന്തി കൊണ്ട് അതും പറഞ്ഞവർ മുന്നിലേക്ക് നടക്കവേ പെട്ടന്ന് അമിത് കൈകൾ ചുരുട്ടി പിടിച്ച് അവരെയും ഉന്തി...

. "ഡാാ.... " അമിത് അവരെ ഉന്തുന്നത് കണ്ട് കൊണ്ടാണ് പറമ്പിൽ ഉണ്ടായിരുന്ന അമ്മാവൻ അങ്ങോട്ടേക്ക് വന്നത്... അമ്മാവനെ കണ്ട പാടേ ആ കുട്ടികൾ വയലിലൂടെ ഓടി മറഞ്ഞു.. പറമ്പിലൂടെ പോകുന്നതിന് അയാൾ അവരെ വിലക്കിയിരുന്നു.. എങ്കിലും അയാൾ കാണാതെ , അയാളുടെ കണ്ണ് വെട്ടിച്ചു കൊണ്ട് അവർ എപ്പോഴും പോവുകയും ചെയ്യും... തങ്ങളെ കണ്ടെന്ന് ഉറപ്പിച്ചു കൊണ്ടാണ് അവർ വേഗം ഓടി പോയത്..... അവർ പോയതും അമിത് പാടത്തു നിന്നും കയറി അമ്മാവന്റെ അടുത്തേക്ക് ചെന്നു... അപ്പോഴേക്കും അയാളുടെ മുഖം ചുവന്നിരുന്നു.. "വന്ന് കയറിയില്ല... അപ്പോഴേക്ക് തുടങ്ങി അല്ലേ... നീ ആള് കൊള്ളാമല്ലോ... ഇങ് വാ " അവന്റെ കൈ വലിച്ചു കൊണ്ട് അമ്മാവൻ വീട്ടിലേക്ക് നടന്നു..... വീട്ടിലേക്ക് കയറിയ പാടേ അമിതിനെ എല്ലാവർക്കും മുന്നിലിട്ട് അയാൾ ശെരിക്കും നാണം കെടുത്തി... അമിത് ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... അമ്മാവൻ ദേഷ്യക്കാരൻ ആയതിനാൽ തന്നെ രാഗിണിയും അക്ഷിതും നിസ്സഹായരായി നോക്കി നിന്നു.....

"ഞാൻ ചെന്നപ്പോൾ അവനാ പിള്ളേരോട് അടി കൂടുകയായിരുന്നു... വന്നിട്ട് അരമണിക്കൂർ പോലും ആയില്ല.. കണ്ടില്ലേ അവന്റെ തോന്നിവാസം... ഇനി നിന്നെ കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നെ.താന്തോന്നി... " പുച്ഛത്തോടെ അമിതിനെ മറ്റ് കുട്ടികൾക്ക് മുന്നിലിട്ട് ചീത്ത പറഞ്ഞ് നാണം കെടുത്തുമ്പോൾ പെൺകുട്ടികൾ എല്ലാം അവനെ കുറച്ച് ഭയത്തോടെയാണ് നോക്കിയത്.... അമിത് എന്തോ വലിയ സംഭവം ആണെന്ന പോലെയുള്ള സംസാരം കേട്ട് അടികൂടി നടക്കുന്ന അമിത് എന്ന് അവനെ കുറിച്ച് എല്ലാവരും ധരിച്ചു വെച്ചു.... അമ്മാവന്റെ വാക്കുകൾ അവരിൽ അങ്ങനെ ഒരു മനോഭാവം ഉണ്ടാക്കി എന്നായിരുന്നു സത്യം... അമിതിനോട് സംസാരിക്കാനും അടുക്കാനും അവർ മടി കാണിച്ചു... എന്നാൽ.......... എല്ലാവരും പേടിയോടെ മാറി നിൽക്കുമ്പോൾ രണ്ടു കണ്ണുകൾ മാത്രം അവനെ സൂക്ഷ്മതയോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു.. ........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story