ആത്മരാഗം💖 : ഭാഗം 92

athmaragam thanseeh

രചന: തൻസീഹ് വയനാട്

എല്ലാവരുടെയും മുന്നിൽ അമിതിനെ നാണം കെടുത്തി സ്വയം സന്തോഷം കണ്ടെത്തി കൊണ്ട് അമ്മാവൻ പോയതും അമിത് അവിടെ നിന്നും മുറിയിലേക്ക് പോയി... അമ്മാവൻ എത്രയൊക്കെ വഴക്ക് പറഞ്ഞാലും അമ്മാവനോട് ദേഷ്യമോ വെറുപ്പോ അവൻ കാണിച്ചിട്ടില്ല...മറിച്ച് തന്നെ തെറ്റിദ്ധരിക്കുന്നതിൽ സങ്കടം മാത്രം തോന്നും.... എങ്കിലും അത് പുറമെ കാണിക്കാതെ സ്ട്രോങ്ങ്‌ ആയി തല ഉയർത്തി തന്നെ മറ്റുള്ളവർക്ക് മുന്നിൽ അവൻ നിൽക്കാനാണ് അവൻ ഇഷ്ടപ്പെട്ടതും ശ്രമിച്ചിട്ടുള്ളതും ... അമിതിന്റെ മനസ്സ് വാടിയത് തൊട്ടറിഞ്ഞ അക്ഷിത് അവന്റെ കൂടെ മുറിയിലേക്ക് പോയി.. അമിതിനെ അത്രയും നേരം വീക്ഷിച്ച അവൾ, അവർ പോയതും പുച്ഛഭാവത്തോടെ അകത്തേക്ക് ഉൾവലിഞ്ഞു......... "അമീ... നീയിതൊന്നും കാര്യമാക്കേണ്ട... അമ്മാവന്റെ സ്വഭാവം നിനക്കറിയുന്നതല്ലേ.." "എനിക്കൊരു കുഴപ്പവും ഇല്ല ഏട്ടാ...എന്റെ മേൽ നൊന്താൽ ഞാൻ തിരിച്ചും നോവിക്കും... അതാ നേരത്തെ ഉണ്ടായേ... അത് കൃത്യമായി അമ്മാവൻ കാണുകയും ചെയ്യും... "

"ആരാ നിന്നെ നോവിച്ചെ.... " "ആർക്കറിയാം.. ഇവിടെ അടുത്തുള്ള പിള്ളേർ ആണെന്ന് തോന്നുന്നു... കളിക്കാൻ ആകെ ഉള്ള കൂട്ട് അവരൊക്കെയാണ്.. ഇനിയിപ്പോ അവരെന്നെ കണ്ടാൽ ആ ഭാഗത്തേക്ക് അടുപ്പിക്കില്ല.... " ചിരിച്ചു കൊണ്ട് അമിത് പറഞ്ഞതും സാരമില്ലെന്ന അർത്ഥത്തിൽ അക്ഷിത് അവന്റെ ചുമലിൽ തട്ടി... ആ സമയം വാതിൽക്കൽ നിന്ന് പാളി നോക്കുന്ന പെൺപടയെ കണ്ട് അമിതിന്റെ ശ്രദ്ധ അങ്ങോട്ടേക്കായി... അമിത് നോക്കുന്നെന്ന് കണ്ട പാടെ കൂട്ടമായി അവർ ഓടി മറഞ്ഞതും അമിത് ചിരിച്ചു.... രാത്രി ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്.... എല്ലാ കുട്ടികളും നിരന്നിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമായിരുന്നു... അമിതിന് അത് നല്ലവണ്ണം ഇഷ്ടപ്പെടുകയും ചെയ്തു.. എന്നാൽ അവിടെയും അമ്മാവൻ വന്ന് അവനെ ഓരോന്ന് പറഞ്ഞ് കുറ്റപ്പെടുത്താൻ തുടങ്ങി.. അവനെ ഇകഴ്ത്തി പറയുന്നത് കേട്ട് നേരത്തെ അവനെ വീക്ഷിച്ച രണ്ടു കണ്ണുകളിൽ വീണ്ടും പുച്ഛവും നീരസവും തങ്ങി നിന്നു.... ഭക്ഷണം കഴിച്ചു കഴിഞ്ഞ് പഠിക്കാൻ ഇരിക്കുമ്പോഴും അവൾ മാത്രം മാറിയിരുന്നു...

ബാക്കി എല്ലാവരും പേടി ആണെങ്കിൽ കൂടി അമിതിന്റെ അരികിൽ പോവുകയും കളിചിരികളോടെ സംസാരിക്കുകയും ചെയ്തിരുന്നു..... പിറ്റേ ദിവസം അമിത് വളരെ ഉത്സാഹത്തോടെയാണ് എഴുന്നേറ്റത്.. സ്കൂളിൽ ചെന്ന് കൂട്ടുകാരെ കാണാനുള്ള സന്തോഷം അവന്റെ മുഖത്ത് അതിരുകവിഞ്ഞ് കാണപ്പെട്ടു... അമ്മാവന്മാരുടെ മക്കളിൽ നാലു പേർ ഒഴികെ ബാക്കി എല്ലാവരും പഠിക്കുന്നത് ഒരേ സ്കൂളിൽ ആണ്.. അഞ്ചിലും ആറിലും ആയാണ് അവരൊക്കെ പഠിക്കുന്നത്... ഏഴാം ക്ലാസ്സിൽ നിന്നും ജയിച്ച അമിതിനെയും അക്ഷിതിനെയും അമ്മാവന്റെ നിർദ്ദേശ പ്രകാരം അവരുടെ സ്കൂളിൽ ചേർക്കുകയായിരുന്നു... അടുത്തടുത്ത നാട്ടിൽ ആയതിനാൽ തന്നെ സ്കൂളിലേക് അധികം ദൂരം ഉണ്ടായിരുന്നില്ല..... രാവിലെ യൂണിഫോം ധരിച്ച് ഒരുങ്ങി ഇറങ്ങിയ അമിത്തിന്റെയും അക്ഷിതിന്റെയും കൂടെ അമ്മാവന്മാരുടെ മക്കളും ഇറങ്ങി.... അഞ്ചു പേരുടെയും ഉത്തരവാദിത്തം അമ്മാവൻ അക്ഷിതിനെ ആണ് ഏൽപ്പിച്ചത്..

"മോനേ... കുസൃതി കൂട്ടങ്ങൾ ആണ് ഒപ്പമുള്ളത്.. സൂക്ഷിച്ചു കൊണ്ട് പോകണം... അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.. കണ്ട പിള്ളേരുമായി അടിപിടി കൂടാനല്ലേ അവന് നേരമുള്ളൂ.. " അവിടെയും അമിതിനെ താഴ്ത്തി, പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു... അമിത് കൂടെ ഉണ്ടായത് കാരണം തന്നെ അനുസരണയോടെ അവർ സ്‌കൂളിലേക്ക് നടന്നു... ************ സ്കൂളിൽ എത്തിയ അമിത് സന്തോഷത്തോടെ കൂട്ടുകാരുടെ അടുത്തേക്കോടി... ഇന്നലെ ആണ് അവിടെ നിന്നും പോന്നത് എങ്കിലും ഒരുപാട് നാളുകൾ ആയത് പോലെ അവന് തോന്നി.. വൈകുന്നേരം എല്ലാവരും പാടത്ത് കളിച്ചെന്ന് പറഞ്ഞപ്പോൾ അമിതിൽ നിരാശ പടർന്നു കയറി.... അത് മാറ്റാൻ വേണ്ടി പി ടി പിരിയഡിൽ കളിക്കാമെന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു... വൈകുന്നേരം ആയിരുന്നു പി ടി പിരിയഡ്.. അത് വരെ അമിത് ക്ലാസ്സിൽ നല്ലത് പോലെ ശ്രദ്ധിച്ചിരുന്നു... പഠിക്കാൻ അത്യാവശ്യം മിടുക്കൻ ആയിരുന്നു അമിത്.. എങ്കിലും അക്ഷിത് തന്നെയായിരുന്നു ടോപ്പ്... പഠിത്തത്തിനേക്കാൾ അമിതിന് കൂടുതൽ ഇഷ്ടം കാൽ പന്തിനോടായിരുന്നു..

അക്ഷിത്തിന് ആണേൽ പുസ്തകങ്ങൾ എന്നാൽ ജീവനാണ്.. എല്ലാ എക്സാമിനും മുഴുവൻ മാർക്കോടെ ആയിരുന്നു അക്ഷിത് പാസ്സ് ആയിരുന്നത്..... സ്കൂളിൽ ഇടയ്ക്കിടെ മറ്റുള്ളവരുമായി അടി കൂടുന്ന സ്വഭാവം ഒഴിച്ച് നിർത്തിയാൽ അമിത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു.. ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ രണ്ടാമതൊന്ന് ചിന്തിക്കാതെ സഹായം ചെയ്തു കൊടുക്കുമായിരുന്നു അവൻ.. ദേഷ്യവും എടുത്തു ചാട്ടവും കൂടുതൽ ആയതിനാൽ അവൻ ചെയ്യുന്ന നല്ല കാര്യങ്ങളേക്കാൾ അവനെ മോശപ്പെടുത്തി പരാതി പറയാനേ എല്ലാവരും ശ്രമിച്ചിരുന്നുള്ളൂ..... ഏറ്റവും ഒടുവിലെ പി ടി പിരിയഡിനായി കാത്തിരുന്ന അമിതും കൂട്ടുകാരും ബെൽ അടിച്ച ഉടനെ പുറത്തേക്കിറങ്ങി.. അക്ഷിത്തിന് അതിലൊന്നും താല്പര്യം ഇല്ലാത്തതിനാൽ അവൻ നോട്ട് എഴുതി ക്ലാസ്സിൽ തന്നെ ഇരുന്നു... എട്ടാം ക്ലാസ്സ്‌ തന്നെ രണ്ടു ഡിവിഷനുകൾക്ക് ആ നേരം പി.ടി ആയതിനാൽ അമിതിന്റെ ക്ലാസ്സിനൊപ്പം മറ്റൊരു ക്ലാസ്സും ഗ്രൗണ്ടിലേക്കിറങ്ങി.. എല്ലാ പ്രാവശ്യവും ആദ്യം എത്തി പന്തെടുക്കാറുള്ള അമിതും കൂട്ടുകാരും ഇത്തവണ ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും മറ്റ് കുട്ടികൾ പന്ത് സ്വന്തമാക്കിയിരുന്നു...

ഒരുപാട് നേരം കഴിഞ്ഞിട്ടും പന്ത് വിട്ട് തരാത്തതിൽ അമിതിന് ദേഷ്യം വന്ന് തുടങ്ങി... അവൻ ചെന്ന് ചോദിച്ചിട്ടും പന്ത് നൽകാനോ ഗ്രൗണ്ടിൽ നിന്ന് മാറാനോ അവരെ കളിക്ക് കൂട്ടാനോ അവർ തയ്യാറായില്ല.... നിസ്സാര കാര്യത്തിന് പോലും ദേഷ്യം വരുന്ന അമിതിന് ഇത് തന്നെ ധാരാളം ആയിരുന്നു... ഒന്നും രണ്ടും പറഞ്ഞ് വഴക്കായതും അവസാനം അത് കയ്യാങ്കളിയിലേക്ക് വഴി വെച്ചു....... അമിത് വഴക്കിടുന്നതും തല്ല് കൂടുന്നതും ദൂരെ നിന്നും ഒരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു.. എന്താണ് കാര്യം എന്നറിയില്ലെങ്കിലും അമിത് അങ്ങോട്ട്‌ ചെന്ന് അവരോട് വഴക്കിടുന്നതും ആദ്യം കൈവെക്കുന്നതും കണ്ട് ദേഷ്യത്തോടെ അവൾ നോക്കി നിന്നു.... അച്ഛൻ പറഞ്ഞത് പോലെ അമിത് ഒരു വഴക്കാളി തന്നെയെന്ന് അവൾക്ക് ബോധ്യമായി... "നൈനികാ.... " പെട്ടന്ന് അവളെ ആരോ വിളിച്ചതും അമിതിൽ നിന്നും കണ്ണെടുത്തു കൊണ്ട് അവൾ തിരിഞ്ഞു നോക്കി.. "ചോക്ക് എടുത്തു കൊണ്ട് വരാൻ പറഞ്ഞിട്ട് നീ ഇവിടെ നിൽക്കുവാണോ... " മൂത്ത അമ്മാവന്റെ ഒരേ ഒരു മകൾ,, അവളാണ് നൈനിക,,

അച്ഛന്റെ സ്വഭാവം മുറിച്ചു വെച്ചത് പോലെ തന്നെയായിരുന്നു അവൾക്കും... ദേഷ്യക്കാരിയും വാശിക്കാരിയും... ഒറ്റ മോൾ ആയതിനാലും തറവാട്ടിലെ ആദ്യത്തെ പെൺ സന്തതി ആയതിനാലും എല്ലാവരും കൊഞ്ചിച്ച് വളർത്തിയവൾ... അമിതിന്റെ സ്കൂളിൽ തന്നെ ആറാം ക്ലാസ്സിൽ ആണ് നൈനിക പഠിക്കുന്നത്... അമിതും കുടുംബവും തറവാട്ടിലേക്ക് വന്നതിൽ എല്ലാവരും ഒരുപാട് സന്തോഷിച്ചെങ്കിലും നൈനികക്ക് മാത്രം ഇഷ്ടപ്പെട്ടില്ല.. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല, തന്റെ അച്ഛൻ ഇടയ്ക്കിടെ പറയുന്ന അമിത് എന്ന തല്ല് കൊള്ളിയെ കാണാൻ തന്നെ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല.. അച്ഛൻ പറഞ്ഞതൊക്കെ ശെരിയാണെന്ന് ഇന്നലത്തെ സംഭവം കൊണ്ടും ഇന്ന് കണ്ണ് കൊണ്ട് കണ്ടത് വെച്ചും തനിക്ക് ബോധ്യമായെന്ന് അവൾ മനസ്സിലാക്കി... അക്ഷിത്തിനെ പോലെ തന്നെ പഠിപ്പിൽ എല്ലാവരിലും മുന്നിൽ ആയിരുന്നു നൈനിക.. സ്വാഭാവികമായും തല്ല് കൂടി നടക്കുന്നവരെയും ഉഴപ്പന്മാരെയും അവൾക്കിഷ്ടമായിരുന്നില്ല....... "നൈനികാ.... " അവളുടെ കൂട്ടുകാരി വീണ്ടും വിളിച്ചതും നൈനിക ഒരിക്കൽ കൂടെ പുച്ഛഭാവത്തിൽ ഗ്രൗണ്ടിൽ അടികൂടുന്ന അമിതിനെ നോക്കി കൊണ്ട് മുഖം തിരിച്ച് കൂട്ടുകാരിക്കൊപ്പം ക്ലാസ്സിലേക്ക് നടന്നു.... ************

വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പോഴും നൈനിക അമിതിനെ നോക്കാൻ തന്നെ പോയില്ല....അക്ഷിതിന്റെ കൂടെ ആയിരുന്നു അവൾ നടന്നിരുന്നത്... സ്കൂൾ കഴിഞ്ഞുള്ള ചെറിയ പെട്ടി പീടികയുടെ അടുത്തെത്തിയതും അമിത് അങ്ങോട്ടേക്ക് ഓടി പോയി... കൂടെയുള്ള കസിൻസിന് മിട്ടായി വാങ്ങാൻ ആയിരുന്നു അവൻ പോയത്... അമ്മ നൽകിയ പൈസ കൊണ്ട് മിട്ടായി വാങ്ങി തിരികെ എത്തിയ അമിതിനെ നൈനിക അല്ലാത്തവർ ഒക്കെ സന്തോഷത്തോടെ നോക്കി..കയ്യിലുള്ള മിട്ടായി എല്ലാവർക്കും കൊടുത്ത അമിത് നൈനികക്ക് നേരെയും നീട്ടി...ഒരു നിമിഷം മിട്ടായി വാങ്ങാതെ നൈനിക അവനെ തുറിച്ചു നോക്കി. "എനിക്കൊന്നും വേണ്ടാ.... " എടുത്തടിച്ച പോലെ അതും പറഞ്ഞ് പുച്ഛ ഭാവത്തോടെ അവനെ നോക്കി വേഗം തന്നെ മുഖം തിരിച്ചു കൊണ്ടവൾ അവനെ മറികടന്നു പോയി.... കാര്യം എന്താണെന്ന് മനസ്സിലാകാതെ അമിത് അത് കാര്യമാക്കാതെ അവർക്കൊപ്പം വീട്ടിലേക്ക് നടന്നു.... വീട്ടിൽ എത്തിയിട്ടും പിന്നീട് പല സന്ദർഭങ്ങളിൽ നൈനികയുടെ പെരുമാറ്റം അമിത് ശ്രദ്ധിച്ചു..

എല്ലാവരും തന്നോട് മിണ്ടാൻ വരുമ്പോൾ നൈനിക പ്രത്യേക ഭാവത്തിൽ നോക്കുന്നതും മാറി നിൽക്കുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടു...... രാത്രി പഠിക്കാൻ ഇരുന്ന സമയം നൈനിക അക്ഷിതിന്റെ സഹായം തേടുന്നത് കണ്ട് കൊണ്ടാണ് അമ്മാവൻ വീട്ടിലേക്ക് കയറി വന്നത്..ഇരുവരും പഠിക്കുന്നത് കണ്ട് സന്തോഷത്തോടെ അയാൾ മുറിയിലേക്ക് പോയി... എല്ലാവരും അപ്പുറത്താണെന്ന് കണ്ട അമ്മാവൻ നേരെ രാഗിണിയുടെ അടുത്തേക്ക് ചെന്നു.... ഏട്ടനെ കണ്ടതും അമനെ പഠിപ്പിക്കുകയായിരുന്നു രാഗിണി എഴുന്നേറ്റു നിന്നു.. "എന്താ ഏട്ടാ.... " "എന്താ പറയാ.. ഇപ്രാവശ്യം പറമ്പിൽ നിന്നും കിട്ടിയ വിളയൊക്കെ കണക്കാ... വിലയെല്ലാം ഇടിഞ്ഞത് കൊണ്ട് കഷ്ടപ്പെടുന്നത് വെറുതെയാ..ഹോ ഇങ്ങനെ വിലയിടിഞ്ഞാൽ വീട്ടിലെ ചെലവൊക്കെ എങ്ങനെ നോക്കും.. കയ്യിൽ ആണേൽ പൈസയും ഇല്ല..." കട്ടിലിൽ ഇരുന്ന് വരവിന്റെയും ചെലവിന്റെയും കണക്ക് പറയുന്ന ഏട്ടനെ നോക്കി രാഗിണി മിണ്ടാതെ നിന്നു.... സ്വന്തം സഹോദരൻ പൈസക്ക് ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിഞ്ഞതും രാഗിണി വേഗം ബാഗിൽ നിന്നും പൈസ എടുത്ത് ഏട്ടന് നേരെ നീട്ടി...

സന്തോഷത്തോടെ അത് വാങ്ങാൻ നിന്നപ്പോൾ ആണ് അമിത് വാതിൽക്കൽ നിൽക്കുന്നത് അമ്മാവൻ കണ്ടത്.. ഉടനെ തന്നെ അയാൾ കൈ പിൻവലിച്ചു. "ഏയ്.. എന്തിനാപ്പൊ ഇത്.. ഇതിന്റെയൊന്നും ഒരാവശ്യവും ഇല്ല.. നീയിത് കയ്യിൽ വെച്ചേ.. അത്യാവശ്യം വേണ്ടതൊക്കെ എന്റെ കയ്യിൽ ഉണ്ട്.. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.. നീ ഇവനെ പഠിപ്പിക്ക്..." വെപ്രാളത്തോടെ അതും പറഞ്ഞ് അമ്മാവൻ അമിതിനെ രൂക്ഷമായി നോക്കി കൊണ്ട് റൂമിൽ നിന്നും പോയി.. രാഗിണിയിൽ നിന്നും ഇടക്കിടക്കുള്ളതാണ് അമ്മാവന് ഈ പൈസ ചോദിച്ചു വാങ്ങൽ. രാഗിണി ആണേൽ മറുത്തൊന്നും ചിന്തിക്കാതെ ഏട്ടന് എടുത്തു കൊടുക്കുകയും ചെയ്യും....പല കാരണങ്ങൾ പറഞ്ഞുള്ള ഈ പൈസ തട്ടലിന് പലപ്പോഴും അമിത് അമ്മാവന് ഒരു വിലങ്ങു തടിയായിരുന്നു... അമിത് എങ്ങാനും അവന്റെ അച്ഛനോട് പറഞ്ഞു കൊടുക്കുമോ എന്ന ഭയം അയാൾക്കുണ്ടായിരുന്നു..... ഇപ്പോൾ കുറച്ചായി,,രാഗിണിയിൽ നിന്നും പൈസ കിട്ടാത്തതിൽ മനസ്സിൽ ഈർഷ്യ വെച്ച് പുലർത്തുന്ന അയാൾ, അതിന് കാരണക്കാരൻ ആയ അമിതിനെ നിസ്സാര കാര്യങ്ങൾക്ക് പോലും വഴക്ക് പറയാനും മറക്കാറില്ല...

അമ്മാവൻ പോയതും അമിത് പുച്ഛത്തോടെ അയാളെ നോക്കി. തന്നെ വഴക്ക് പറയുമ്പോൾ ഒന്നും അമിതിന് അമ്മാവനോട് യാതൊരു നീരസവും തോന്നാറില്ല... എന്നാൽ ഈ ഒരു കാര്യത്തിൽ മാത്രം അവന് അമ്മാവനോട് വെറുപ്പും പുച്ഛവുമാണ്... പൈസ ബാഗിൽ വെച്ച് രാഗിണി വീണ്ടും അമനെ പഠിപ്പിക്കാൻ നിന്നതും അമിത് പുസ്തകങ്ങളുമായി ഹാളിലേക്ക് ചെന്നു... അവൻ വന്ന പാടെ സോഫയിൽ ഇരിക്കുകയായിരുന്ന അമ്മാവൻ ദേഷ്യത്തോടെ നോക്കി.. "ഓഹ്... തമ്പുരാൻ ഇപ്പോഴാണോ എഴുന്നള്ളുന്നെ... ഇവരെയൊക്കെ കണ്ട് പഠിക്ക്... എത്ര നേരമായി ഇരുന്നു പഠിക്കുന്നു.. നിനക്ക് തല്ല് കൂടാൻ അല്ലാതെ മറ്റെന്തിനാ അറിയാ...മ്മ്മ്.. പരീക്ഷ ഇങ് വരട്ടെ... നിന്റെ ഉഴപ്പി നടത്തം ഞാൻ കാണിച്ചു തരുന്നുണ്ട്... " .ദേഷ്യം മുഴുവൻ അവനിൽ തീർത്ത് വീണ്ടും മറ്റ് കുട്ടികൾക്ക് മുന്നിൽ അവനെ നാണം കെടുത്തി അമ്മാവൻ അകത്തേക്ക് പോയി...

അതൊന്നും കാര്യമാക്കാതെ അമിത് തന്റെ ഏട്ടന്റെ അടുത്തേക്ക് ചെന്നിരുന്നു.. "അമീ... നീ ഹോം വർക്ക് ചെയ്തില്ലേ... " "ഇല്ല.. ഏട്ടാ.. ഞാനത് മറന്നു " "ദാ.. ഞാൻ ചെയ്തിട്ടുണ്ട്.. വേഗം ഇരുന്നെഴുതിക്കോ " അക്ഷിത് അവന്റെ നോട്ട് നീട്ടി കൊടുത്തതും അമിത് അതുമായി നിലത്തിരുന്നു... മൊത്തത്തിൽ കണ്ണോടിച്ച ശേഷം അവൻ അവന്റേതായ രീതിയിൽ എഴുതാൻ തുടങ്ങി.... എന്നാൽ അക്ഷിത് നോട്ട് കൊടുക്കുന്നത് കണ്ട നൈനിക ഈർഷ്യയോടെ അവനെ നോക്കി... സ്വന്തമായി പഠിക്കാനോ എഴുതാനോ അവന് കഴിവില്ലെന്നവൾ വിചാരിച്ചു ... അച്ഛൻ പറഞ്ഞത് പോലെ തല്ല് കൂടാൻ മാത്രമാണ് അവനെ കൊണ്ട് കഴിയുക എന്നവൾ ധരിച്ചു വെച്ചു....പതിയെ പതിയെ അവളുടെ കുഞ്ഞു മനസ്സ് മുഴുവൻ അമിത് എന്ന തല്ല്കൊള്ളിയെ, ഉഴപ്പനെ പൂർണമായും വെറുക്കാനും ദേഷ്യം വെക്കാനും തുടങ്ങി......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story