ആത്മരാഗം💖 : ഭാഗം 93

athmaragam thanseeh

രചന: തൻസീഹ് വയനാട്

ദിവസങ്ങൾ കൊഴിയവെ, അമിത് അമ്മ വീടുമായി പതിയെ പൊരുത്തപ്പെട്ടു തുടങ്ങി.. എങ്കിലും പുറത്തിറങ്ങി കളിക്കാൻ കഴിയാത്തതിൽ അവനേറെ സങ്കടപ്പെട്ടു.. അമ്മയോട് എപ്പോഴും ഈ പരാതി ഉന്നയിക്കുമെങ്കിലും ഏട്ടൻ വഴക്ക് പറയുന്ന കാര്യം ആലോചിച്ച് രാഗിണി മകനെ പുറത്ത് വിടാൻ മടിച്ചു... ഒഴിവ് ദിവസങ്ങൾ വന്ന് ചേരുന്നത് തന്നെ അമിതിന് ദേഷ്യമായിരുന്നു..വീട്ടിൽ വീർപ്പുമുട്ടി കഴിയേണ്ട അവസ്ഥ അവനൊട്ടും ഇഷ്ടമായിരുന്നില്ല... അത് കൊണ്ട്,, പലപ്പോഴും അമ്മാവനെ കാണാതെയവൻ പുറത്തിറങ്ങാനും കളിക്കാനും തുടങ്ങി...അതിനിടയിൽ, തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാനും അവൻ മടി കാണിച്ചില്ല... നാട്ടിലെയും അയല്പക്കത്തേയും ആളുകളുടെ പ്രിയപ്പെട്ടവനായി അമിത് മാറുമ്പോൾ അമ്മാവന് അതൊട്ടും ദഹിച്ചില്ല....

അവനെ കുറിച്ച് നല്ലതൊന്നും കേൾക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.... മറ്റുള്ളവരുടെ മുന്നിൽ അവനെ താഴ്ത്തി കെട്ടാൻ ആയിരുന്നു അയാൾ എപ്പോഴും ആഗ്രഹിച്ചിരുന്നത്... അവന്റെ പരോപകാരം കാരണം നാട്ടിലും വീട്ടിലും അവൻ പ്രിയപ്പെട്ടതായതും അമ്മാവൻ അവനെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല.... കസിൻസിന്റെ മുന്നിൽ വെച്ച് ചീത്ത പറഞ്ഞ് നാണം കെടുത്തും എന്നതിനാൽ അമ്മാവന്റെ വിലക്ക് മറി കടന്ന് പുറത്തേക്ക് ഇറങ്ങാൻ പിന്നീടവൻ ശ്രമിച്ചില്ല.... തറവാട്ടിലെ സമ പ്രായക്കാരോടൊപ്പം കളിക്കുന്ന അമനും പുസ്തകത്തിൽ മാത്രം ശ്രദ്ധ ചെലുത്താറുള്ള ഏട്ടൻ അക്ഷിത്തിനും ഇടയിൽ അമിത് ഒതുങ്ങി ജീവിക്കാൻ തുടങ്ങി.... ഇടക്കെപ്പോഴെങ്കിലും പുറത്തിറങ്ങിയാൽ നൈനിക അത് കൃത്യമായി അച്ഛന്റെ ചെവിയിൽ എത്തിച്ച് കൊടുത്ത് അവനെ വഴക്ക് കേൾപ്പിക്കുന്നത് പതിവായിരുന്നു... എന്തോ, അച്ഛൻ അമിതിനെ വഴക്ക് പറയുമ്പോൾ അതിലൊരു സന്തോഷം അവൾ കണ്ടെത്തിയിരുന്നു...

മാത്രമല്ല സ്കൂളിൽ ചെറിയ വഴക്കാണ് അമിത് ഉണ്ടാക്കുന്നതെങ്കിൽ പോലും വീട്ടിൽ വന്നത് പൊലിപ്പിച്ചു പറയുന്നതിൽ അവൾ മിടുക്ക് കാണിച്ചു... നൈനികക്ക് തന്നോടുള്ള ദേഷ്യവും മനോഭാവവും അമിതിനെ വിഷമിപ്പിച്ചു എങ്കിലും ഒരിക്കൽ പോലും അവനവൾക്ക് നേരെ മുഖം കറുപ്പിച്ചില്ല.... തന്നോട് മിണ്ടാൻ വരാതെ അക്ഷിതിനോട് മാത്രം അവൾ അടുക്കുന്നതിൽ പരാതിയും പരിഭവവും പറയാൻ അവൻ നിന്നില്ല.... അവന്റെ വിഷമം മുഴുവൻ വീട്ടിൽ ഒതുങ്ങി കഴിയുന്നതിൽ ആയിരുന്നു... ആരും മിണ്ടാനോ കളിക്കാനോ ഇല്ലാതെ അമ്മാവന്റെ അനാവശ്യ വഴക്കും കേട്ട് ദിവസങ്ങൾ തള്ളി നീക്കവേ,,,, ആ സംഭവം അവന്റെയും നൈനികയുടെയും ജീവിതത്തെ മാറ്റി മറിച്ചു... അന്നൊരു ഒഴിവ് ദിനം ആയിരുന്നു..... തറവാട്ടിലെ പെൺകുട്ടികൾ എല്ലാവരും കളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു അമിതും അമനും... എട്ടാം ക്ലാസ്സ്‌ ഫൈനൽ എക്സാം അടുത്ത സമയം ആയതിനാൽ അക്ഷിത് മുറിയിൽ ഇരുന്ന് പഠിക്കുന്ന തിരക്കിലും തറവാട്ടിലെ സ്ത്രീകൾ നാലുമണി പലഹാരം തയ്യാറാക്കുന്ന തിരക്കിൽ അടുക്കളയിലും ആയിരുന്നു....

വേനൽ മഴയുടെ ആരംഭം എന്നോണം തലേന്ന് പെയ്ത മഴ കാരണം മുറ്റമാകെ ചെളിയിൽ കുളിച്ചിരുന്നു... മുറ്റത്തോട് ചേർന്നുള്ള മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടി കളിക്കുകയാണ് നൈനികയും മറ്റ് കസിൻസും... അതിനിടയിൽ അമനും അവർക്കൊപ്പം ചേർന്നതും അമിത് മുറ്റത്തേക്കിറങ്ങി.....അവനെ കണ്ട പാടെ നൈനിക പുച്ഛത്തോടെ മുഖം തിരിച്ചു... അത് കാര്യമാക്കാതെ അമിത് മതിലിൽ ഇരിക്കാനായി അങ്ങോട്ട്‌ പോകവേ പെട്ടന്നാണ് അമൻ ഊഞ്ഞാലിൽ കയറി ഇരുന്നതും കസിൻസിലൊരാൾ സ്പീഡിൽ ആട്ടി കൊടുത്തതും..കയറിൽ പിടിച്ച കൈ പെട്ടന്ന് ഊർന്നു പോയതും അമൻ നിലത്തേക്കാഞ്ഞു വീണു..... അവന്റെ കരച്ചിൽ കേട്ട അമിത് ഞൊടിയിടയിൽ തിരിഞ്ഞപ്പോൾ അവൻ വീണു കിടക്കുന്നതാണ് കണ്ടത് ... ഉടനെ വെപ്രാളത്തോടെ അവന്റെ അടുത്തേക്ക് ഓടി പോകാനായി അമിത് മുന്നോട്ടാഞ്ഞതും അശ്രദ്ധ മൂലം മുന്നിൽ നിൽക്കുന്ന നൈനികയെ ഒന്നിടിച്ചു....അടുത്ത നിമിഷം തന്നെ നൈനിക കാൽ തെന്നി കെട്ടിക്കിടന്ന ചെളിയിലേക്ക് കൈകുത്തി വീണു..

അമനെ പിടിച്ചെഴുന്നേൽപ്പിക്കുന്ന തിരക്കിൽ അമിത് നൈനിക വീണതൊന്നും കണ്ടിരുന്നില്ല... കരഞ്ഞു കൊണ്ടിരിക്കുന്ന അമനെ എഴുന്നേൽപ്പിച്ച് തിരിഞ്ഞതും ദേഹത്ത് മുഴുവൻ ചെളിയായി തന്നെ തുറിച്ചു നോക്കുന്ന നൈനികയെ അമിത് കണ്ടു..... അവളുടെ ദേഹത്ത് ചളി പറ്റിയത് കണ്ട് ചിരിക്കുന്ന കസിൻസിനെ കണ്ട് അവളുടെ ദേഷ്യം വർധിച്ചു... "ഡാ... നീയെന്നെ തള്ളി ഇട്ടല്ലേ... " പല്ലിറുമ്മി കൊണ്ട് നൈനിക എഴുന്നേറ്റു നിന്നതും അബദ്ധം പറ്റിയതാണെന്ന് അമിത് പറയും മുന്നേ അവൾ അവന്റെ നേരേ ചീറി.. "കാണിച്ചു തരാം ഞാൻ... എന്നെ തള്ളിയിട്ടല്ലേ..... അച്ഛനോട് പറഞ്ഞു കൊടുക്കും ഞാൻ..." അതും പറഞ്ഞവൾ അകത്തേക്കോടി പോയി.. അവളോട് എത്ര പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് അവളുടെ പിറകെ പോകാൻ അമിത് മെനക്കെട്ടില്ല... പകരം അമന്റെ കയ്യിലെയും ദേഹത്തേയും ചളി കഴുകി അവനെയും കൊണ്ട് അകത്തേക്കു കയറി.... മുറ്റത്തു നിന്നും അകത്തേക്കോടിയ നൈനിക ആർത്തു കരഞ്ഞു കൊണ്ട് അച്ഛന്റെ അടുത്തെത്തി..

.മുറിയിൽ എന്തോ പണിയിൽ ആയിരുന്ന അവളുടെ അച്ഛൻ പൊന്നോമന പുത്രിയുടെ കോലം കണ്ട് അന്തം വിട്ട്... തേങ്ങി കരയുന്ന മകളെ അരികിൽ ചേർത്ത് നിർത്തി കാര്യം അന്വേഷിച്ചു... അമിത് തള്ളിയിട്ട ദേഷ്യം പുറത്ത് കാണിച്ചു മനഃപൂർവം അവന് ചീത്ത കേൾപ്പിക്കാനായി കെട്ടിച്ചമച്ച കഥ അവൾ അച്ഛന് മുന്നിൽ വിളമ്പി... ആദ്യമേ അവനെ കുറിച്ച് ചെറിയ എന്തെങ്കിലും കേൾക്കാൻ കാത്തിരിക്കുന്ന അമ്മാവൻ ഒറ്റ മോളുടെ വാക്ക് വേദ വാക്യമായി കണ്ട് ദേഷ്യത്തോടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... ഹാളിൽ അമന്റെ കരച്ചിൽ മാറ്റുന്ന അമിതിന് നേരെ അയാൾ ചീറിയടുത്തു....കുട്ടികളെ പേടിപ്പിക്കാനായി വെട്ടി വെച്ച ചൂരൽ വടി വലിച്ചെടുത്തയാൾ അമിതിനെ പൊതിരെ തല്ലി... "അഹങ്കാരി... നിനക്കിത്ര ധൈര്യമോ... എന്റെ മോളെ നോവിക്കുമോ ഇനി... താന്തോന്നി..." പല്ല് കടിച്ചു പിടിച്ച് ദേഷ്യം മുഴുവൻ അവനെ തല്ലി തീർക്കുമ്പോൾ ശബ്ദം കേട്ട് രാഗിണി അടുക്കളയിൽ നിന്നും ഓടി വന്നു... മകനെ ഒരു കരുണയും ഇല്ലാതെ തല്ലി ചതക്കുന്നത് കണ്ട് നെഞ്ചുരുകി പോയ രാഗിണി വേഗം ചെന്ന് അവനെ വാരി പിടിച്ചു... "വേണ്ട ഏട്ടാ.... മതി.. ഇനിയും അവനെ തല്ലല്ലേ... " "മാറി നിൽക്ക് രാഗിണീ.. ഇവനെ നന്നാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ......

പുറത്തുണ്ടാക്കുന്ന തല്ല് പോരാഞ്ഞിട്ട് ഇപ്പോൾ വീട്ടിൽ ഉള്ള കുട്ടികൾക്ക് നേരെയാ അവന്റെ അഭ്യാസം... കുരുത്തം കെട്ടവൻ... " തടയാൻ ചെന്ന രാഗിണിയെ തള്ളി മാറ്റി അമ്മാവൻ വീണ്ടും അമിതിനെ തല്ലാൻ തുടങ്ങി... ഒന്ന് കരയുകയോ തടുക്കുകയോ ചെയ്യാതെ മനക്കരുത്തിൽ നിൽക്കുന്ന അമിതിനെ കണ്ട് അയാൾക്ക് ദേഷ്യം കൂടി വന്നു... "ഏട്ടാ.... വേണ്ടാ...." വീണ്ടും രാഗിണി മുന്നിൽ വന്നതും അമ്മാവൻ രാഗിണിയെ പിടിച്ച് മുറിയിലേക്ക് തള്ളി പുറത്തു നിന്നും പൂട്ടി.. അമ്മയെ പൂട്ടിയത് കണ്ടും ഏട്ടനെ വഴക്ക് പറയുന്നതും തല്ലുന്നത് കണ്ടും അമൻ ഉറക്കെ കരയാൻ തുടങ്ങി.... എന്നാൽ അവന്റെ കരച്ചിൽ അമ്മാവനിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല.... വീണ്ടും അമിതിനെ തല്ലാനായി അയാൾ വടി ഉയർത്തിയതും പെട്ടന്ന് അക്ഷിത് വന്ന് അമ്മാവന്റെ കയ്യിൽ പിടിച്ചു... "അമ്മാവാ.........." ദേഷ്യത്തോടെയുള്ള അക്ഷിത്തിന്റെ വിളി കേട്ടതും അയാളൊന്നടങ്ങി.....അക്ഷിത്തിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു,,,,,അവന്റെ മുഖഭാവം കണ്ടു ഒരു നിമിഷം വല്ലാതെയായ അയാൾ വിറ കൊള്ളുന്ന അവന്റെ കയ്യിൽ തന്റെ കൈ മോചിപ്പിച്ചു,,,,,

അവൻ പിടിച്ചയിടം ചുവന്നു നിൽക്കുന്നത് അയാൾ ശ്രദ്ധിച്ചു.....അമിതിനെ തുറിച്ചു നോക്കിയ അമ്മാവൻ വടി വലിച്ചെറിഞ്ഞ് തന്റെ മുറിയിലേക്ക് പോയി...... അക്ഷിത് അമ്മാവന് എന്നും പ്രിയപ്പെട്ടതായത് കൊണ്ടും തന്റെ മകൾക്ക് വേണ്ടി അക്ഷിത്തിനെ സ്വപ്നം കണ്ട് നടക്കുന്നതിനാലും അവന്റെ വാക്ക് കേൾക്കാതിരിക്കാനോ അവനെ പിണക്കാനോ അമ്മാവന് കഴിഞ്ഞിരുന്നില്ല.... അമ്മാവൻ പോയതും അമിത് സോഫയുടെ അടുത്ത് നിലത്ത് തല താഴ്ത്തി ഇരുന്നു... അനിയന്റെ അവസ്ഥയിൽ മനം നൊന്ത് അക്ഷിതും അവന്റെ കൂടെ ചെന്നിരുന്നു.... അടിയും ചീത്തയും ബഹളവും കേട്ട് തറവാട്ടിലെ കുട്ടികൾ എല്ലാം പേടിച്ചു വിറച്ച് മാറി നിൽക്കുകയായിരുന്നു.. അമ്മമ്മയും അമ്മായിമാരും രാഗിണിയെ അടച്ച മുറി തുറന്നു കൊടുത്തതും കരച്ചിലോടെ രാഗിണി അമിതിന്റെ അടുത്തേക്കോടി... എല്ലാവരും സങ്കടത്തോടെ അവരെ നോക്കുമ്പോൾ,, ഈ കാഴ്ചയെല്ലാം നേരിൽ കണ്ട് പകച്ചു നിന്ന നൈനിക വേദന കൊണ്ട് പുളയുന്ന അമിതിനെ നോക്കി നിന്നു.....അവളുടെ മുഖം ആകെ വിളറി വെളുത്തിരുന്നു.... ************

എല്ലാവരും കൂട്ടം കൂടി നിൽക്കുന്നത് കണ്ടാൽ ഇനിയും അമ്മാവൻ വന്ന് വഴക്ക് പറയുമോ എന്ന് പേടിച്ച് എല്ലാവരും അവരവരുടെ വഴിക്ക് പോയി.. അമിതിന് തല്ല് കിട്ടിയ ഓരോ സ്ഥലത്തെ പാടിലും അമ്മയും അക്ഷിതും തലോടി കൊണ്ടിരുന്നു.. "സാരമില്ല അമ്മേ... എനിക്ക് വേദന ഒന്നുമില്ല... നൈനിക അബദ്ധത്തിൽ വീണതാ .. അല്ലാതെ ഞാനൊന്നും അറിഞ്ഞു കൊണ്ട് ചെയ്തില്ല.. " "അറിയാം അമീ... അവള് ചെറിയ കുട്ടിയല്ലേ... വീണപ്പോൾ വേദനിച്ചു കാണും... സാരമില്ല...ഇനി അച്ഛൻ വിളിക്കുമ്പോൾ ഇതൊന്നും പറയാൻ നിൽക്കേണ്ട... " അച്ഛനോട് പറയില്ലെന്ന് അമിത് തലയാട്ടിയതും അവന് കഴിക്കാൻ എടുക്കാനായി രാഗിണി അമനെയും കൊണ്ട് അടുക്കളയിലേക്ക് പോയി... "ഏട്ടാ.. എനിക്ക് കുഴപ്പം ഒന്നുമില്ല... ഏട്ടൻ പോയി പഠിച്ചോ... ഇനി ഏട്ടൻ എന്റെ എടുത്തിരിക്കുന്നത് കണ്ടാൽ അതിനാവും അടുത്ത വഴക്ക്.. ഞാൻ മുറിയിൽ പോയി കിടക്കട്ടെ... " അമിതിന്റെ അടുത്ത് നിന്ന് പോകാൻ ഒട്ടും ഇഷ്ടം ഇല്ലാതിരുന്നിട്ടും അവന്റെ നിർബന്ധം കാരണം അക്ഷിത് പഠിക്കാനായി പോയി..ഏട്ടൻ പോയതും അമിത് മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു...

ശരീരം മൊത്തം വേദന ആയതിനാൽ നടക്കാൻ ഏറെ പ്രയാസമായിരുന്നു അവന്... അവൻ മുറിയിലേക്ക് കയറിയ ഉടനെ നൈനിക വാതിൽക്കൽ വന്ന് നിന്നു... അവളുടെ മുഖമാകെ വല്ലാണ്ടായിരുന്നു... അച്ഛൻ അമിതിനെ തല്ലുമെന്ന് അവളൊരിക്കലും പ്രതീക്ഷിച്ചതല്ല.. ഇന്നേവരെ ചീത്ത പറയുകയല്ലാതെ ഒരു ദേഹോപദ്രവും അമ്മാവൻ ചെയ്തിട്ടില്ല... അതിനാൽ തന്നെ അമിതിനെ തല്ലിയത് അവൾക്കൊരു ഷോക്കായിരുന്നു... അമിത് നടക്കാൻ ബുദ്ധിമുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടതും അവളുടെ കുഞ്ഞു മനസ്സ് അവളറിയാതെ തേങ്ങി...... ബെഡിൽ കിടക്കുന്നതിന് മുന്നേ ബെഡിൽ ഇരുന്ന് കൈകളിലെ പാട് നോക്കുമ്പോൾ ആണ് അമിത് നൈനികയുടെ തേങ്ങൽ കേട്ടത് ഉടനെ അവന്റെ കണ്ണുകൾ അവളിലേക്ക് തിരിഞ്ഞു... അമിത് തന്നെ കണ്ടു എന്നുറപ്പായതും നൈനിക അവന്റെ അടുത്തേക്ക് ചെന്നു.... താൻ ഇത്രയൊക്കെ ചെയ്തിട്ടും തന്നെ നോക്കി പുഞ്ചിരി തൂകുന്ന അമിതിനെ കണ്ട് അവളുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകി... "സോറി... ഞാൻ... അച്ഛൻ... തല്ലുമെന്ന് കരുതിയില്ല....

ഒരുപാട് വേദനിച്ചു അല്ലേ.... " അമിതിന്റെ കൈകളിലെ നീണ്ട പാടുകളിലേക്ക് നോക്കി നൈനിക പൊട്ടി കരഞ്ഞു..... അവളുടെ വാക്കുകൾ കേട്ട് ഒരു ദേഷ്യവും കാണിക്കാതെ അമിത് ചിരിച്ചു.... "ഏയ്.. സാരമില്ല.. എല്ലായിപ്പോഴും ചെയ്യാത്ത കുറ്റത്തിനല്ലേ അമ്മാവൻ വഴക്ക് പറയാറുള്ളത്... ഇന്നത് അടിയായി മാറി.. അത്രേ ഉള്ളൂ.. പിന്നെ.. മനഃപൂർവം അല്ല, അറിയാതെ തള്ളിയതാ... നീ വീണത് ഞാൻ ശ്രദ്ധിച്ചില്ല....സോറി " താൻ തെറ്റ് ചെയ്തിട്ടും തന്നോട് സോറി പറഞ്ഞ് പുഞ്ചിരിക്കുന്ന അമിതിനെ കണ്ട് അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി... ഇത്രയും നാൾ മനസ്സിൽ അമിത്തിനോടുണ്ടായിരുന്ന ദേഷ്യവും പുച്ഛവും ആ ഒറ്റ നിമിഷം കൊണ്ട് അവളിൽ നിന്നും മാഞ്ഞു പോയി.. താൻ വിചാരിച്ചു വെച്ചത് പോലെയല്ല അമിത് എന്ന് അവൾക്ക് മനസ്സിലായി.... പിന്നീട് അങ്ങോട്ട്‌ നൈനിക തന്റെ സ്വഭാവത്തിൽ പാടെ മാറ്റം വരുത്തി.. വീട്ടിൽ പഴയ പോലെ അമിതിനെ കണ്ടാൽ വഴക്കിട്ടു നടക്കുമെങ്കിലും സ്‌കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും ഇരുവരും നല്ല സൗഹൃദത്തിലായി..

വീട്ടിൽ വെച്ച് അമിതിനോട് നല്ല രീതിയിൽ സംസാരിക്കുന്നത് കണ്ടാൽ അച്ഛൻ വഴക്ക് പറഞ്ഞ് തങ്ങളുടെ സൗഹൃദം വിലക്കുമോ എന്ന ഭയം അവളിൽ ഉണ്ടായിരുന്നു... അതിനാൽ തങ്ങൾ സൗഹൃദത്തിലാണെന്ന ഒരു സൂചന പോലും അച്ഛന് അവൾ നൽകിയില്ല... ആരും മിണ്ടാൻ ഇല്ലാതെ വീട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്ന അമിതിന് നൈനികയുടെ കൂട്ട് ഒരുപാട് സന്തോഷം നൽകി... പരസ്പരം ഇണങ്ങിയും പിണങ്ങിയും സൗഹൃദപരമായി അവർ മുന്നോട്ട് നീങ്ങി.... അങ്ങനെയിരിക്കെ... പത്താം ക്ലാസ്സ്‌ റിസൾട്ട് വന്നപ്പോൾ അമിതിന് ഉയർന്ന മാർക്ക് കിട്ടി.... എല്ലാവരും ഫസ്റ്റ് റാങ്ക് കിട്ടിയ അക്ഷിത്തിനെ പുകഴ്ത്തി അവനെ പ്രകീർത്തിച്ചപ്പോൾ നൈനിക അമിതിന്റെ അടുത്തേക്കോടി ചെന്ന് അവനെ പുണർന്നു.... "അമി ചേട്ടാ.... കൺഗ്രാറ്റ്സ്...." നൈനികയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു... തുള്ളി കളിച്ചു കൊണ്ട് അവൾ അമിതിനോട് സംസാരിക്കവെ അത് കണ്ടു വന്ന അമ്മാവൻ രൂക്ഷമായി അമിതിനെ നോക്കി..... "നിനക്കെന്താ ഡീ ഇവനോടിത്ര പറയാൻ... വാ ഇങ്ങോട്ട്.... " അമിതിനെ തുറിച്ചു നോക്കി കൊണ്ട് അമ്മാവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു... .. ഇരുവരെയും ഒരുമിച്ചു കണ്ട അമ്മാവൻ നൈനിക കൈവിട്ട് പോവുമോ എന്ന ഭയത്താൽ അമിതിനെ ദേഷ്യത്തോടെ നോക്കി അവളെ അവിടെ നിന്നും കൊണ്ട് പോയി... ഒന്നും മനസ്സിലാവാതെ അമിത് അമ്മാവനെ നോക്കി നിൽക്കെ ദയനീയമായി നൈനിക അവനെ തിരിഞ്ഞു നോക്കി............. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story