ആത്മരാഗം💖 : ഭാഗം 94

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമ്മാവൻ ദേഷ്യത്തോടെ നൈനികയെ വലിച്ചു കൊണ്ട് പോയതിൽ അമിത് കടുത്ത നിരാശയിൽ ആയിരുന്നു.... താൻ ചെയ്ത തെറ്റ് എന്താണെന്ന് അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല...തങ്ങളുടെ സൗഹൃദം ഇനി മുതൽ വിലക്കപ്പെടുമോ എന്ന ഭയം അവനിൽ ഉയർന്നു... വിചാരിച്ചു പോലെ തന്നെ അത് സംഭവിക്കുകയും ചെയ്തു..... ഇനി മുതൽ അമിതിനെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് അമ്മാവൻ നൈനികക്ക് താക്കീത് നൽകി....അവൾ ശക്തമായി എതിർക്കുക തന്നെ ചെയ്തു....പക്ഷേ അവൾക്കു കൊടുത്ത താക്കീത് കൊണ്ടും അയാൾ തൃപ്തനായിരുന്നില്ല... ഒരേ വീട്ടിൽ ആയത് കൊണ്ട് തന്നെ അവർ വീണ്ടും അടുക്കുമോ എന്നും ഒടുവിൽ ആ ബന്ധം മറ്റേതെങ്കിലും ദിശയിലേക്ക് വളരുമോ എന്നും അയാൾ കണക്ക് കൂട്ടി.... നൈനികക്ക് വേണ്ടി വളരെ കാലം മുൻപ് തന്നെ അക്ഷിത്തിനെ മനസ്സിൽ കാണാൻ തുടങ്ങിയതാണ് അമ്മാവൻ... സ്കൂളിൽ ടോപ്പർ ആയ അക്ഷിത് ഭാവിയിൽ നല്ലൊരു പദവിയിൽ എത്തുമെന്നായിരുന്നു അയാളുടെ വിചാരം... നൈനിക അമിതുമായി അടുത്താൽ അമിത് എന്ന പോക്കിരിക്ക് മകളെ കെട്ടിച്ചു കൊടുക്കേണ്ടി വരും...അതിനാൽ ഇനിയും അവർ തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായി അമ്മാവൻ നൈനികയെ ഊട്ടിയിൽ ഉള്ള ബോർഡിങ് സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു.....

ഈ വാർത്ത വളരെ വേദനയോടെയാണ് അമിത് കേട്ടത്... ഇത്രയും നാൾ ഒരുമിച്ചുണ്ടായിരുന്ന നൈനിക തന്നെ വിട്ട് പോയാൽ വീണ്ടും താൻ ഒറ്റക്കാവുമല്ലോ എന്നും കൂടാതെ താൻ കാരണമാണല്ലോ അവൾ ഇങ്ങനെയൊരു അവസ്‌ഥ വന്നതെന്നുമുള്ള ചിന്ത അവനെ ഒരുപാട് തളർത്തി... നൈനികയുടെ അവസ്ഥയും അത് പോലെ ആയിരുന്നു... താൻ ഇവിടെ വിട്ട് എങ്ങോട്ടും പോവില്ലെന്ന് അച്ഛന് മുന്നിൽ കരഞ്ഞു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല... അമ്മാവൻ ഉറച്ച തീരുമാനത്തിൽ തന്നെ ആയിരുന്നു..... നൈനികയെ ബോർഡിങ് സ്കൂളിൽ ചേർക്കുകയും താമസിയാതെ അവൾ അങ്ങോട്ട് പോവുകയും ചെയ്തു...... പരസ്പരം കാണാതിരുന്നപ്പോൾ ആണ് തങ്ങൾ എത്രമാത്രം അടുത്തിരുന്നു എന്ന് ഇരുവർക്കും മനസ്സിലായത്.... ഓരോ നിമിഷവും പതിയെ ഇഴഞ്ഞു പോകുന്ന പോലെയാണ് ഇരുവർക്കും തോന്നിയത്... നൈനിക പോയതിന് ശേഷം അവളുടെ ശബ്ദം പോലും അമ്മാവൻ അവനെ കേൾപ്പിച്ചില്ല... ഫോൺ വിളിക്കുമെങ്കിലും അമിതിനെ മാത്രം അയാൾ ഒഴിച്ച് നിർത്തി...

വീട്ടിൽ തനിയെ ഇരിക്കുമ്പോൾ അവളുണ്ടായിരുന്ന ഓരോ ഇടങ്ങളും സ്‌കൂളിലേക്ക് പോവുമ്പോൾ പരസ്പരം മതിവരാതെ സംസാരിച്ചതുമെല്ലാമായ ഓർമ്മകൾ അമിതിനെ വീർപ്പു മുട്ടിച്ചു കൊണ്ടേയിരുന്നു... അങ്ങനെയിരിക്കെ സൂര്യ ദാസ് ലീവിന് നാട്ടിൽ വന്നതും അമിതും കുടുംബവും അവരുടെ അമ്മ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറി.....അവിടെ നിന്നും പോന്നിട്ടും അമിതിന്റെ മനസ്സിൽ നൈനിക നിറഞ്ഞു തന്നെ നിന്നു... അതിനിടെ അക്ഷര കുട്ടി ജനിച്ചതും അവളുടെ കളി ചിരിയിൽ അമിത് തന്റെ സങ്കടം മറന്നു..... നൈനികയെ ഒന്ന് കാണാനും സംസാരിക്കാനും അമിതിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഇരുവരും പരസ്പരം കാണാനുള്ള എല്ലാ വഴികളും അമ്മാവൻ അടച്ചിരുന്നു. തറവാട്ടിൽ എന്ത് പരിപാടി ഉണ്ടായാലും അമിതിനെ മാത്രം അയാൾ ക്ഷണിക്കില്ല..അമ്മാവന്റെ മനോഭാവം അറിയാവുന്നത് കൊണ്ട് തന്നെ അമിത് അമ്മ വീട്ടിലേക്ക് പുറപ്പെടാൻ മുതിരാറുമില്ല.. ആർക്കും വിഷമം ആവേണ്ട എന്ന് കരുതി രാഗിണിയും അവിടേക്കുള്ള പോക്ക് കുറച്ചു... എന്തെങ്കിലും പരിപാടി ഉണ്ടായാൽ അവർ തനിയെ മാത്രം പോകും..... അങ്ങനെ രണ്ടു മൂന്ന് വർഷം കഴിയവേ അമ്മമ്മയുടെ സപ്തതി ആഘോഷം വന്നെത്തി.....

അമിത് അപ്പോൾ ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞു നിൽക്കുവായിരുന്നു... നൈനികയാണേൽ പ്ലസ് ടു പാസ്സ് ആയി വീട്ടിലേക്ക് വന്ന സമയം ആയിരുന്നു.... വലിയ ആഘോഷം നടത്തുന്നതിനാൽ വീട്ടിലെ എല്ലാവരും പങ്കെടുക്കണമെന്ന് അമ്മമ്മ നിർബന്ധം പിടിച്ചതും അതിനെ എതിർക്കാൻ അമ്മാവന് ആവാത്തത് കൊണ്ട് തന്നെ അമിതും അമ്മ വീട്ടിലേക്ക് പുറപ്പെട്ടു.... ഒരുപാട് നാളുകൾക്കു ശേഷം നൈനികയെ കാണാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു അമിത്.....അവളുടെ സംസാരം കേൾക്കാനും അവളെ കാണാനും അവന്റെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു... എങ്കിലും അതൊന്നും അവൻ പുറത്ത് കാണിച്ചില്ല.... തറവാട്ടിൽ എല്ലാവരും ഒത്തൊരുമിച്ച നിമിഷത്തിലേക്കാണ് അമിതും കുടുംബവും വന്നിറങ്ങിയത്... ആകെ തിരക്കും ബഹളവുമായിരുന്നു... അതിനിടയിൽ അമിതിന്റെ കണ്ണുകൾ നൈനികക്കായി തിരച്ചിൽ നടത്തി.... അമ്മാവൻ ഉള്ളത് കൊണ്ട് തന്നെ അവൻ അകത്തേക്കൊന്നും പോകാൻ നിന്നില്ല... പകരം ഹാളിലെ സോഫയിൽ മറ്റ് കസിൻസിനോട് സംസാരിച്ചിരുന്നു....

ഇടയ്ക്കിടെ അകത്തേക്ക് മിഴികൾ പായിക്കാനും അവൻ മറന്നില്ല... അവന്റെ പരവേശം മനസ്സിലാക്കിയ അക്ഷിത് അവന്റെ കൈകൾ പിടിച്ച് അവനെ ഒരു മുറിയിലേക്ക് കൊണ്ട് പോയി.... കാര്യം മനസ്സിലാവാതെ അമിത് അക്ഷിതിന്റെ മുഖത്തേക്ക് നോക്കി... "ഇവിടെ നിൽക്ക്.. ഞാനിപ്പോൾ വരാം... " അതും പറഞ്ഞ് അക്ഷിത് മുറിയിൽ നിന്നും പോയി... പുറത്ത് എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരുന്നു.. ജനാലയിലൂടെ അമിത് അവിടേക്ക് നോക്കി നിന്നു... അമിതിനെ മുറിയിൽ ആക്കി അക്ഷിത് നേരേ പോയത് നൈനികയുടെ അടുത്തേക്കായിരുന്നു.. എല്ലാവരും വന്ന ഉടനെ അവളുടെ കണ്ണുകളും തിരഞ്ഞത് അമിതിന് വേണ്ടി ആയിരുന്നു .. അമിത് വീട്ടിൽ ഉള്ളതിനാൽ തന്നെ അമ്മാവൻ അവളെ ചുറ്റി പറ്റി നടന്നു.. അത് കൊണ്ട് അമിതിനെ കാണാനും അവൾക്ക് കഴിഞ്ഞിരുന്നില്ല... അക്ഷിത് അവളുടെ അടുത്തേക്ക് ചെന്ന് കുശലാന്വേഷണം നടത്തിയതും അവർ തനിച്ചിരുന്ന് സംസാരിക്കട്ടെ എന്ന് കരുതി സന്തോഷത്തോടെ അമ്മാവൻ അവിടെ നിന്നും പോയി...

അമ്മാവൻ പോയതും വാടി നിൽക്കുന്ന നൈനികയുടെ മുഖത്തേക്ക് അക്ഷിത് നോക്കി... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മുറിയിലേക്ക് നടക്കവേ നൈനിക കാര്യം അന്വേഷിച്ചെങ്കിലും അക്ഷിത് ഒന്നും മിണ്ടിയില്ല... അടഞ്ഞ വാതിലിന്റെ അടുത്തെത്തിയതും അക്ഷിത് അവളുടെ കൈ വിട്ടു....എന്താണെന്ന അർത്ഥത്തിൽ നൈനിക അവനെ നോക്കി.. "അമിത് ഉണ്ട് അകത്ത്.... പോയി സംസാരിച്ചോ " പുഞ്ചിരിയോടെ അവളെ നോക്കി അക്ഷിത് പോയതും നൈനികയുടെ കണ്ണുകൾ വിടർന്നു... അടുത്ത നിമിഷം തന്നെ അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി..... വാതിൽ തുറക്കുന്ന ശബ്ദം കേട്ട അമിത്, അക്ഷിത് ആണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും തന്നെ നോക്കി നിൽക്കുന്ന നൈനികയെ കണ്ടു.... അവൾക്കൊരുപാട് മാറ്റം സംഭവിച്ചത് പോലെ അവന് തോന്നി.. ഒരുപാട് നാളുകൾക്കു ശേഷം കണ്ടത് കൊണ്ട് തന്നെ ആ പതർച്ചയിൽ അവനിൽ നിന്നൊരു വാക്കും അടർന്നു വീണില്ല... നൈനികയും അവനെ നോക്കി നിന്നു എന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല...

ഇത്രയും നാളിലെ പരാതിയും പരിഭവവും കണ്ണുകൾ കൊണ്ടവർ ആ നിമിഷം പറഞ്ഞു തീർത്തു.. ചിരിയും കണ്ണുനീരും ഒരുമിച്ചു വന്ന് നൈനിക അവന്റെ മുന്നിൽ നിൽക്കവേ പെട്ടന്ന് പുറത്ത് നിന്നും അച്ഛൻ അവളെ വിളിച്ചതും ഞെട്ടലോടെ അവൾ ശ്രദ്ധ മാറ്റി.... "അച്ഛൻ....... " വാതിൽക്കലേക്ക് നോക്കി അച്ഛൻ വിളിക്കുന്നെന്ന് നൈനിക പറഞ്ഞു... അവനെ കണ്ട സന്തോഷത്തിൽ വാക്കുകൾ പൂർണമായില്ല... പോകാൻ താമസിച്ചാൽ അച്ഛൻ ഇങ്ങോട്ട് വരുമോ എന്ന് പേടിച്ചു കൊണ്ടവൾ പോയി വരാമെന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു കൊണ്ട് തിരിയാൻ നിന്നതും..... പെട്ടന്ന്..... അമിത് അവളുടെ കയ്യിൽ പിടിച്ചു വലിച്ച് തന്നിലേക്ക് ചേർത്തു നിർത്തി..... ഞെട്ടി പോയ നൈനിക അവന്റെ കണ്ണുകളിലേക്ക് നോക്കവേ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ അമർന്നു.... അടിമുടി കോരിത്തരിച്ച നൈനിക തന്റെ കണ്ണുകൾ പതിയെ അടക്കവേ അമിത് അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു..... "ലവ് യു നൈനൂ...."

അമിതിന്റെ ചുടു നിശ്വാസത്തോടെയുള്ള ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ പതിഞ്ഞതും അവൾ മെല്ലെ കണ്ണുകൾ തുറന്നു ... തന്റെ കണ്ണിലേക്കാഴ്ന്നിറങ്ങുന്ന അവന്റെ രൂപം അവളുടെ ഹൃദയതാളം വർധിപ്പിച്ചു കൊണ്ടേയിരുന്നു... ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്ന തന്റെ ശ്വാസോഛ്വാസം കാരണം ഒരു വാക്ക് മിണ്ടാൻ അവൾക്ക് കഴിഞ്ഞില്ല...അമിതിന്റെ നെഞ്ചിൽ നിന്നും അടർന്നു മാറാനോ അവന്റെ കണ്ണുകളിൽ നിന്ന് നോട്ടം തെറ്റിക്കാനോ അവൾ ശ്രമിക്കാതിരിക്കെ പെട്ടന്ന് അച്ഛന്റെ വിളി വീണ്ടും ഉയർന്നു..... അത് കേട്ടതും സ്വബോധം വീണ്ടെടുത്ത് ഞൊടിയിടയിൽ അവൾ അമിതിൽ നിന്നും വിട്ടു നിന്നു.. ഒന്നും മിണ്ടാതെ അവൾ മുഖം തിരിച്ച് മുറിയിൽ നിന്നും പോകാൻ നിന്നതും അമിത് അവളെ തന്നെ നോക്കി നിന്നു... ആ സമയം വാതിൽക്കൽ വരെ എത്തിയ നൈനിക ഒരു നിമിഷം നിന്നു.. പിന്നെ തിരിഞ്ഞവനെ ഒരു നോട്ടം നോക്കി... അവനിൽ നിന്നും കണ്ണെടുത്ത് പുറത്തേക്ക് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ അവൾ പിന്തിരിഞ്ഞ് ഓടി പോയി അവന്റെ മുന്നിൽ വന്ന് നിന്നു..

അമിതിന്റെ കോളറിൽ പിടിച്ച് കാലുകൾ ഉയർത്തി അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചതും പുഞ്ചിരിയോടെ അമിത് കണ്ണുകൾ അടച്ചു.... നെറ്റിയിൽ നിന്നും ചുണ്ടുകൾ അടർന്നു മാറി അവ കവിളിൽ പതിഞ്ഞ് കാതിനടുത്തേക്ക് ചലിച്ചതും അവന്റെ ഉള്ളം തുടിച്ചു.... "ലവ് യു ടൂ... " കേൾക്കാൻ കൊതിച്ചത് കേട്ടതും അമിത് കണ്ണുകൾ തുറന്നു... അവനെ ഒന്ന് നോക്കി തല താഴ്ത്തി അവൾ ഓടി മറഞ്ഞതും ഇപ്പോൾ നടന്നതെല്ലാം സ്വപ്നമാണോ അതോ യാഥാർഥ്യമാണോ എന്നോർത്ത് അതിയായ സന്തോഷത്തിൽ അമിത് പുറത്തേക്ക് നടന്നു... പിന്നീട് അവരുടെ പ്രണയകാലം ആയിരുന്നു.. ആരോരും അറിയാതെ ഇരുവരും പ്രണയിക്കാൻ തുടങ്ങി... അമ്മാവൻ അറിഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഓർമപ്പെടുത്തിയ അക്ഷിത് തമ്മിൽ കാണണമെങ്കിൽ സംസാരിക്കണമെങ്കിൽ പഴയ പോലെ പോരടിച്ചു നിൽക്കണമെന്ന് അവരെ ഓർമപ്പെടുത്തി.. തങ്ങളുടെ പ്രണയം നഷ്ടപ്പെടുത്താതിരിക്കാൻ അക്ഷിത് പറഞ്ഞത് പോലെ അവർ പ്രവർത്തിക്കാൻ തുടങ്ങി...

അമിതിനോട് വിരോധം ഉള്ളത് പോലെ അച്ഛന് മുന്നിൽ പെരുമാറുന്ന നൈനിക അച്ഛൻ അറിയാതെ അമിതിനെ തീവ്രമായി പ്രണയിക്കാൻ തുടങ്ങി......... തിരിച്ച് അമിതും മറ്റൊരു പെണ്ണിന് മനസ്സിൽ സ്ഥാനം കൊടുക്കാതെ നൈനികയെ പ്രണയിച്ചു................. തങ്ങളുടെ പ്രണയ കഥ ഓർത്തെടുത്ത് പറഞ്ഞ് മുഴുവനാക്കിയ അമിത് നൈനികയുടെ കയ്യിൽ മുറുകെ പിടിച്ചു... പുഞ്ചിരിയോടെ നൈനിക അവന്റെ കണ്ണുകളിലേക്ക് നോക്കി..... "ഓയ്... ഞങ്ങളൊക്കെ ഇവിടെ ഉള്ള കാര്യം മറക്കല്ലേ... " ഒന്ന് തൊണ്ടയനക്കി ചുമച്ചു കൊണ്ട് അനി പറഞ്ഞതും അമിത് നൈനികയിൽ നിന്നും മുഖം തിരിച്ചു... നൈനികയും ചമ്മലോടെ മുഖം താഴ്ത്തി ചിരിച്ചു... "ഹോ... എന്നാലും പെണ്ണുങ്ങളുടെ മുഖത്തു പോലും നോക്കാത്ത ഈ കലിപ്പന്റെ ഉള്ളിൽ ഇങ്ങനെയൊരു കാമുകൻ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ...." "ഇത്രയും കേട്ടിട്ടും എന്നെ കലിപ്പാ എന്ന് വിളിക്കാൻ തോന്നുന്നുണ്ടോ അനീ.. ഞാൻ പാവം ആയിരുന്നില്ലേ.. ദേ ഇവളല്ലേ വഴക്കാളി... " "ആ.. അത് നേര്....നിങ്ങളുടെ ലവ് സ്റ്റോറി പറയുന്നതിന് മുന്നേ ഞാൻ വിചാരിച്ചത് രണ്ടും ഉടക്കി,

ഉടക്കി ലാസ്റ്റ് പ്രണയത്തിൽ ആയതെന്നാണ്.. എല്ലായിടത്തും അങ്ങനെ ആണല്ലോ സാധാരണ ഉണ്ടാവാറുള്ളത്... പക്ഷേ.. നിങ്ങളുടെ പ്രണയം ഡിഫറെൻറ് ആയിട്ടുണ്ട്... ദേ ഇവരുടെ പോലെ... " എല്ലാം കേട്ടിരിക്കുന്ന അക്ഷിതിനെയും ആര്യയെയും നോക്കി അനി പറഞ്ഞതും എല്ലാവരും അത് അംഗീകരിച്ചു... "നിങ്ങളുടെ പ്രണയം തുടങ്ങിയത് അമിത് ചേട്ടൻ പിജി ക്ക് ചേരുന്നതിന് തൊട്ട് മുന്നേ അല്ലേ... നൈനിക അപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ അല്ലേ.. ദുഷ്ടാ...,,,, അപ്പോൾ അന്ന് ഞാൻ സാരി ഉടുത്തു വന്നപ്പോൾ വായും പൊളിച്ചു നോക്കി നിന്നത് നൈനികയെ മനസ്സിൽ കണ്ട് കൊണ്ടാണല്ലേ.... " അന്നത്തെ കാര്യം ഓർത്തെടുത്തു കൊണ്ട് അനി കണ്ണുരുട്ടി ചോദിച്ചതും അമി തീർച്ചയായും എന്ന അർത്ഥത്തിൽ തലയാട്ടി.... "അന്ന് നിന്നെ കണ്ട് ശെരിക്കും ഞാൻ അന്തം വിട്ടിരുന്നു.. നൈനിക എന്റെ അടുത്തേക്ക് നടന്നു വരുന്ന പോലെ ഒരു നിമിഷം തോന്നി പോയി...." "ഓ.. നന്നായി പോയി.. പാവം ഞാൻ.. എന്നെ കണ്ട് കിളി പോയെന്ന് കരുതി അന്ന് ഞാൻ എത്ര സന്തോഷിച്ചു... അല്ലേ വാവീ.... "

പരിഭവത്തോടെ അതും പറഞ്ഞ് അനി ആര്യയുടെ നേരെ മുഖം തിരിച്ചു.. അതേ എന്ന അർത്ഥത്തിൽ ആര്യ ചിരിയോടെ തലയാട്ടി .. "മ്മ്മ്.. കിളി പോയി നിൽക്കുക തന്നെ ആയിരുന്നു.. അതിനെനിക്ക് ഇവളുടെ കയ്യിൽ നിന്ന് മതിവരുവോളം കിട്ടി .. നിന്നെ കുറിച്ച് ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു ഇവളോട്.. അവൾ സാരി ഉടുത്തു നടന്നു വന്നപ്പോൾ കാണാൻ നിന്നെ പോലെ തന്നെ ഉണ്ടായിരുന്നു എന്നും നോക്കി നിന്നു പോയെന്നും അന്നിവളോട് പറഞ്ഞതിന് കുറച്ചൊന്നുമല്ല ഇവൾ വഴക്കിട്ടത്....പിന്നെ പിണക്കം മാറ്റാൻ ഞാൻ അന്ന് രാത്രി തന്നെ ആരും കാണാതെ ഇവളുടെ മതിൽ ചാടേണ്ടി വന്നു.. ഇവളെയല്ലാതെ ഒരു പെണ്ണിനേയും നോക്കില്ലെന്ന് ആണയിട്ട് സത്യം ചെയ്യിപ്പിച്ചതിന് ശേഷമാണ് ഈ മുഖമൊന്ന് തെളിഞ്ഞത്... " കണ്ണിറുക്കി കൊണ്ട് നൈനികയെ നോക്കി അമിത് പറഞ്ഞു..എല്ലാവരും ചിരിച്ചതും അമിതിന്റെ കയ്യിൽ പതിയെ പിച്ചി കൊണ്ട് നൈനിക കണ്ണുരുട്ടി.... " എന്തായാലും രണ്ടു പേരുടെയും പ്രണയം പൊളിച്ചു.... നൈനിക അമിത് ചേട്ടനെ പ്രണയിച്ചത് നന്നായി..

അല്ലെങ്കിൽ അക്ഷിത് ചേട്ടനെ കൊണ്ട് അച്ഛൻ കെട്ടിച്ചേനെ.... അങ്ങനെ ആണേൽ ആര്യയും അക്ഷിത് ചേട്ടനും ഒന്നാവുകയും ഇല്ല.... " ഇപ്പോഴും അവരുടെ പ്രണയകഥയിൽ ലയിച്ചിരിക്കുന്ന ലീന പെട്ടെന്നെന്തോ ഓർത്തു കൊണ്ട് പറഞ്ഞു.. അമിത് ചിരിച്ചു കൊണ്ട് ഏട്ടനെ നോക്കി .... "ഏയ്.. ഒരിക്കലും അമ്മാവൻ ഏട്ടനെ കൊണ്ട് ഇവളെ കെട്ടിക്കില്ല... അന്ന് ഏട്ടന്റെ പഠിപ്പും വിവരവും കണ്ട് വലുതാവുമ്പോൾ ഉയർന്ന സ്ഥാനത്ത് എത്തുമെന്നായിരുന്നു അമ്മാവൻ കണക്ക് കൂട്ടിയിരുന്നത്...പക്ഷേ ഏട്ടൻ ബിസിനസ് എന്നെ ഏൽപ്പിച്ച് സ്വന്തം താല്പര്യത്തിൽ സ്കൂളിൽ പഠിപ്പിക്കാൻ പോയി... അത് അമ്മാവന് ഇഷ്ടപ്പെട്ടില്ല.... ഞാനൊരു ബിസിനസ് മാൻ ആയത് കൊണ്ട് മുൻകാല ചരിത്രം നോക്കാതെ എനിക്ക് തന്നെ കെട്ടിച്ചു തന്നു.... " "ആഹ്.. എനിവേ... എല്ലാം ഭംഗിയായി തന്നെ നടന്നില്ലേ.... ഇവരുടെ പ്രണയം പൂത്തുലഞ്ഞു...

നിങ്ങളുടെ കല്യാണവും കഴിഞ്ഞു.." "മ്മ്മ്... അപ്പോൾ അറിയേണ്ടതൊക്കെ എല്ലാവരും അറിഞ്ഞില്ലേ.." "ഓ.. എനിക്കിതൊക്കെ നേരത്തെ അറിയാം...ഏത് നേരവും ഫോണിൽ തോണ്ടി കളിക്കുന്നത് കണ്ടാൽ ഊഹിക്കാവുന്നതേ ഉള്ളൂ.. " "പോടീ കാന്താരീ, നീയല്ലേലും രഹസ്യങ്ങൾ മണത്തറിയാൻ ബെസ്റ്റ് ആണല്ലോ.." അക്ഷര കുട്ടിയുടെ തലക്കൊരു കൊട്ട് കൊടുത്തു കൊണ്ട് അമിത് പറഞ്ഞു. അമിതും അക്ഷരയും തല്ല് കൂടാൻ തുടങ്ങിയതും അനി ഇരുവരെയും മാറ്റി നിർത്തി..... ആ സമയമൊക്കെ അമൻ തന്റെ പ്രണയം എപ്പോൾ പൂവണിയും എന്ന അർത്ഥത്തിൽ ശിവയെ നോക്കിയിരിക്കുവായിരുന്നു............. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story