ആത്മരാഗം💖 : ഭാഗം 96

athmaragam thanseeh

രചന: തൻസീഹ് വയനാട്

പിറ്റേന്ന് നേരം വെളുത്തതും മൂടി പുതച്ചു കിടക്കുന്ന അക്ഷിത്തിനെ കണ്ട് അമിതിന് ചിരി പൊട്ടി... അവൻ മെല്ലെ അക്ഷിതിന്റെ പുതപ്പ് വലിച്ചു മാറ്റി... ഞെട്ടിയുണർന്ന അക്ഷിത് തന്നെ നോക്കി ചിരിക്കുന്ന അമിതിനെ കണ്ട് കാര്യമറിയാതെ എഴുന്നേറ്റിരുന്നു... "നേരം ഒരുപാടായല്ലോ ഏട്ടാ.. ഇത് വരെ ഉറക്കം മതിയായില്ലേ ഇന്നലെ രാത്രി എന്തെങ്കിലും പണി ഉണ്ടായിരുന്നോ..." ഒന്ന് ആക്കി കൊണ്ടവൻ ചോദിച്ചതും ഇന്നലത്തെ കാര്യം അക്ഷിതിന്റെ മനസ്സിലേക്ക് ഓടിയെത്തി..ആര്യയുടെ അച്ഛന്റെ മുന്നിൽ താൻ ചമ്മി നാറിയതോർത്ത് അവൻ നഖം കടിച്ചു.. "ഛെ.. മോശമായി... " അറിയാതെ ആ വാക്ക് അക്ഷിതിന്റെ നാവിൽ നിന്നും വന്നതും അമിത് അക്ഷിതിന്റെ തൊട്ടടുത്തിരുന്ന് അവന്റെ മുഖത്തിന് നേരേ തന്റെ മുഖം കൊണ്ട് പോയി അവന്റെ കണ്ണുകളിലേക്ക് നോക്കി...

"എന്താ മോശമായത് ഏട്ടാ... " ഒന്ന് തല പിറകിലേക്ക് നീക്കി അവനെ നെറ്റി ചുളിച്ചു നോക്കിയ അക്ഷിത് ഒന്നുമില്ലെന്ന് ഷോൾഡർ കുലുക്കി കാണിച്ചു.... ആ സമയത്താണ് അക്ഷര മുറിയിലേക്ക് ഓടി വന്നത്... വന്ന പാടെ അവൾ ചിണുങ്ങി കൊണ്ട് അക്ഷിതിന്റെ മടിയിൽ കയറി ഇരുന്നു.. "ഏട്ടാ... ഈ അമ്മയോട് ഒന്ന് പറ, ഞാനിനി ഏട്ടന്റെ കല്യാണം കഴിഞ്ഞേ സ്കൂളിൽ പോകൂ എന്ന്.. ഇനിയിപ്പോ മൂന്ന് ദിവസം ലീവ് എടുത്താൽ പോരേ... തിങ്കൾ കഴിഞ്ഞ് ചൊവ്വാഴ്ച മുതൽ ഞാൻ പൊയ്ക്കോളാം... പ്ലീസ് ...." "അയ്യോടാ... അങ്ങനെയിപ്പോ ഏട്ടന്റെ മോൾ ലീവ് എടുക്കേണ്ട.. കല്ല്യാണ ദിവസം ആൾറെഡി ലീവ് ഉള്ള ഡേ അല്ലേ.. അത് കൊണ്ട് മോള് അതിന് മുന്നേ ചൊറിയും കുത്തി വീട്ടിൽ ഇരിക്കേണ്ട... വേഗം പോയി റെഡിയായിക്കോ.. ഇന്ന് ഞാൻ കൊണ്ട് വിടാം... " "പോടാ ഏട്ടൻ കൊരങ്ങാ.. ഞാൻ വല്യേട്ടനോടല്ലേ പറഞ്ഞേ.. കല്യാണം വല്യേട്ടന്റെയാ... " കൊഞ്ഞനം കാണിച്ചു കൊണ്ട് അക്ഷര അമിതിന് നേരേ കണ്ണുരുട്ടിയതും അമിത് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു..

ഇരുവരും അടികൂടാനുള്ള പുറപ്പാടാണെന്ന് മനസ്സിലാക്കിയ അക്ഷിത് അക്ഷരയെ മാറ്റി നിർത്തി... "ഓക്കേ... മോള് ഇനി കല്യാണം കഴിഞ്ഞിട്ട് പോയാൽ മതി.. അമ്മയോട് ഞാൻ പറഞ്ഞോളാം.. നീ ഉണ്ടെങ്കിൽ നൈനുവിന് ഒരു കൂട്ടാവുമല്ലോ. " "ഐവാ.... ഏട്ടൻ മുത്താണ്.... " അക്ഷിതിന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് അമിതിന് കൊഞ്ഞനം കുത്തി കാണിച്ച് അക്ഷര ബെഡിൽ നിന്ന് സന്തോഷത്തോടെ ചാടിയിറങ്ങി... മുറിയിൽ നിന്നും ഓടി പോവാൻ നേരം പെട്ടന്ന് തിരികെ വന്ന് അമിതിന്റെ കവിളും ഒരുമ്മയും കൂടെ ഒരു കടിയും കൊടുത്തു കൊണ്ടവൾ ഓടി പോയി.. "ആാാ.. ഡി കാന്താരീ..... " കവിളിൽ കൈവെച്ചു കൊണ്ട് അമിതും അവൾക്ക് പിറകെ ഓടി.. അവരുടെ കുസൃതി കണ്ട് ചിരിയോടെ അക്ഷിത് ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് നടന്നു... അമിതിനെയും അക്ഷരയേയും അമ്മ ചീത്ത പറയുന്നത് കേട്ട് കൊണ്ടാണ് സ്റ്റെയർകെയ്‌സ് ഇറങ്ങി അക്ഷിത് താഴേക്ക് വന്നത്... കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത അമിതിന്റെ ചെവി പിടിച്ച് അമ്മ പൊന്നാക്കുന്നുണ്ട്..

അത് കണ്ട് ചിരിയടക്കി അരികിൽ നൈനികയും ഉണ്ട്... അക്ഷിത് കസേരയിൽ ഇരുന്ന ഉടനെ സൂര്യ ദാസ് അമിതിൽ നിന്നും കണ്ണെടുത്ത് അവനെ നോക്കി.. "ഹാ.. അക്ഷിത്... ഞാൻ ജീവനെ ഒന്ന് കാണാൻ പോകുന്നുണ്ട്.. ശനിയാഴ്ച അല്ലേ കല്യാണം.. അതുമായി ബന്ധപ്പെട്ട് ചിലത് സംസാരിക്കാൻ ഉണ്ട്... " അച്ഛൻ ആര്യയുടെ വീട്ടിലേക്ക് പോകുകയാണെന്നറിഞ്ഞ അക്ഷിതിന്റെ മുഖം വിടർന്നു.. എന്നാൽ അത് മനസ്സിലാക്കിയ അമിത് അവിടെ ഇടംകോലിട്ടു.. "അതിനെന്താ അച്ഛാ.. ഞാൻ അച്ഛന്റെ കൂടെ പോരാം.. ഏട്ടൻ ഇവിടുത്തെ കാര്യങ്ങൾ നോക്കട്ടെ... ഓഡിറ്റോറിയത്തിൽ കല്യാണം വേണ്ടെന്നല്ലേ ജീവൻ അങ്കിൾ പറഞ്ഞത്... അങ്ങനെ ആണെങ്കിൽ പന്തൽ കെട്ടലും മറ്റുമായി ഒരുപാട് ജോലികൾ ഉണ്ടാവും.. അതൊക്കെ ഏട്ടൻ നിയന്ത്രിക്കട്ടെ... പന്തൽ പണിക്കാരോട് ഇന്ന് തന്നെ വരാൻ പറയാം.. " "ഹാ.. എന്നാൽ അങ്ങനെ ആവട്ടെ..നീ എല്ലാം നോക്കില്ലേ... " അച്ഛന് തലയാട്ടി കൊടുക്കുന്ന ഏട്ടനെ കണ്ട് അമിത് ചിരിയടക്കി നിന്നു.. എന്ത് വന്നാലും ഇനി കല്യാണത്തിന്റെ അന്നേ ഏട്ടന് ആര്യയെ കാണിച്ചു കൊടുക്കൂ എന്ന കുഞ്ഞു വാശി അമിതിന് ഉണ്ടായിരുന്നു..

"അമീ... നീ പോകേണ്ട.. നിന്റെയും നൈനുവിന്റെയും കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസം ആയില്ലേ.... ഇത് വരെ രണ്ടു പേരും ഒരുമിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല... ഈ കല്യാണത്തിന്റെ ബഹളത്തിൽ അതിനൊരു മുടക്കും വേണ്ട.. രണ്ടു പേരും ഒന്ന് പുറത്തൊക്കെ പോയേച്ചും വാ... " "അത് ഞാനും പറയാൻ നിന്നതാ... അമിത്.. നീ നൈനികയെയും കൂട്ടി ഒന്ന് കറങ്ങി വന്നേ.. അവൾക്കും അതിന് ആഗ്രഹം ഉണ്ടാവും.. " ഏട്ടന്റെ കല്യാണം കഴിഞ്ഞ് നാല് പേർക്കും ഒരുമിച്ച് പോകണമെന്നായിരുന്നു അവന്റെ മനസ്സിൽ... അച്ഛനും അമ്മയും ഏട്ടനും നിർബന്ധിച്ചത് കൊണ്ട് എതിര് പറയാൻ അമിതിന് തോന്നിയില്ല...ഇന്ന് തന്നെ പുറത്ത് പോയി വരാമെന്ന് അവൻ അമ്മക്ക് വാക്ക് കൊടുത്തു.. "അപ്പോൾ അച്ഛൻ ഒറ്റക്ക് പോകുമോ ജീവൻ അങ്കിളിന്റെ അടുത്തേക്ക്... " "ഞാൻ അച്ഛന്റെ കൂടെ പോകാം.. " അമിത് ചോദിച്ച ഉടനെ അമൻ എവിടെ നിന്നോ പാഞ്ഞു വന്ന് പറഞ്ഞു... "ഹാ.. നീ ആയാലും മതി..," അതും പറഞ്ഞ് സൂര്യ ദാസ് എഴുന്നേറ്റതും നിലാവുദിച്ച പോലെ അമന്റെ മുഖം തിളങ്ങി...

മറ്റാരുമത് ശ്രദ്ധിച്ചില്ല എങ്കിലും അമിത് നല്ലത് പോലെ ശ്രദ്ധിച്ചു..... അവന്റെ മുഖത്തെ ഭാവം ഇടയ്ക്കിടെ നോക്കി കൊണ്ട് എല്ലാം മനസ്സിലായെന്ന അർത്ഥത്തിൽ അവൻ തലയാട്ടി...... കുറച്ചു സമയം കഴിഞ്ഞ് നൈനികയെ കൂട്ടി പുറത്ത് പോകാനായി റെഡിയായി കൊണ്ട് അമിത് ഹാളിലെ സോഫയിൽ നൈനിക ഒരുങ്ങി വരുന്നതിനായി കാത്തിരുന്നു..... ആ സമയത്താണ് ആര്യയുടെ വീട്ടിലേക്ക് പോകാനായി അമനും റെഡിയായി ഹാളിലേക്ക് വന്നത്.. അച്ഛൻ വരുന്നത് കാത്ത് മുടിയും ഷർട്ടും സ്റ്റൈൽ ആക്കി കൊണ്ട് അമനും സോഫയിൽ ഇരുന്നു.. അവന്റെ ഓരോ നീക്കവും നോക്കിയ അമിത് എഴുന്നേറ്റ് അമന്റെ തൊട്ടടുത്ത് ചെന്നിരുന്നു... "എന്താ നിന്റെ ഉദ്ദേശം.... " അമിത് അങ്ങനെ പറഞ്ഞതും എന്താ എന്ന അർത്ഥത്തിൽ അമൻ അവനെ നോക്കി... "ഞാനെല്ലാം ശ്രദ്ധിക്കുന്നുണ്ട്....ശിവയെ കാണാനാണ് നിന്റെയീ ഒരുക്കമെന്ന് എനിക്കറിയാം... ഈ പ്രായത്തിൽ ഇതൊക്കെ സാധാരണമാണ്..... വെറുതെ ഒരു ടൈം പാസ്സിന് ആണെങ്കിൽ വേറെ വല്ല പെൺകുട്ടികളെയും നോക്കുന്നതാണ് നിനക്ക് നല്ലത്.. അവളെ അറിയാലോ നിനക്ക്.. "

"അറിയാം ഏട്ടാ... ശെരിക്കറിയാം.. ആദ്യമൊക്കെ ഒരു തമാശ ആയിട്ടാണ് എനിക്കും തോന്നിയത്... സ്കൂളിൽ നിന്നോരോ പെൺകുട്ടികളെ വായിനോക്കുന്ന പോലെയെ ഇവളെയും ഞാൻ കണ്ടിരുന്നുള്ളൂ.. പക്ഷേ... പിന്നെ എന്തോ... എപ്പോഴോ.. " അമന്റെ വാക്കുകളിൽ ഗൗരവമുള്ള പോലെ തോന്നിയ അമിത് പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. "അവളെ കാണുമ്പോൾ ഒളിച്ചു കളിക്കുന്ന നീ തന്നെയാണോ ഇത്...." "അത്.. പിന്നെ..... " "എടാ.. ആദ്യം ആണുങ്ങളെ പോലെ അവളോട്‌ പെരുമാറാനും സംസാരിക്കാനും അവളുടെ മുന്നിൽ ചെന്ന് നിൽക്കാനും പഠിക്ക്.. എന്നിട്ടാവാം പ്രേമം..... പിന്നെ.... നിന്നെക്കാൾ ഒരു വയസ്സിന് കൂടുതൽ ആണ് അവൾക്കെന്ന വിചാരം വേണ്ട.. വയസ്സിലൊന്നും വലിയ കാര്യമില്ലെടാ... " അവന്റെ ഷോൾഡറിൽ തട്ടി ചിരിച്ചു കൊണ്ട് അമിത് പറഞ്ഞു....ഏട്ടനെ നോക്കി അമനും ഒന്ന് ചിരിച്ചു... ആ സമയം നൈനിക താഴേക്ക് വന്നതും അമിത് സോഫയിൽ നിന്നും എഴുന്നേറ്റു..... "പോകാം... " നൈനിക തലയാട്ടിയതും അവർ ഇരുവരും അമ്മയോട് പറയാനായി അമ്മയുടെ അടുത്തേക്ക് പോയി..

അമിത് പറഞ്ഞ ഓരോ വാക്കുകളും ഓർത്ത്‌ കൊണ്ട് അമൻ സോഫയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു... ശിവയുടെ മുന്നിൽ ഇനി പതറില്ലെന്ന ഉറച്ച തീരുമാനം അവൻ എടുത്തു കഴിഞ്ഞിരുന്നു...... ************ "അച്ഛാ... മുത്തശ്ശൻ വിളിച്ചിരുന്നു.. അവരൊക്കെ നാളെ തന്നെ വരുന്നെന്ന്... " ഫോൺ കയ്യിൽ പിടിച്ച് സന്തോഷത്തോടെ ആര്യ ഹാളിലേക്ക് വന്നു.. "ആഹാ... വരുന്നുണ്ടോ.. ഞാൻ പറഞ്ഞിരുന്നു രണ്ട് മൂന്ന് ദിവസം മുന്നേ തന്നെ വരാൻ.... ജിനോ എന്ത് പറഞ്ഞു... " "അങ്കിൾ ലീവ് എടുക്കാൻ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. കല്യാണത്തിന് തലേ ദിവസം എത്തുമായിരിക്കും.. മാമിയും മക്കളും മുത്തശ്ശന്റെ കൂടെ വരും.. " "എല്ലാവരും വരട്ടെ... എന്നാലല്ലേ ഇതൊരു കല്യാണ വീട് ആവൂ.. നിന്റെ അമ്മ കൂടി വേണമായിരുന്നു... " സന്തോഷത്തിനിടയിലും ആ വലിയൊരു നോവ് ഇരുവരെയും വിടാതെ പിന്തുടർന്നു.. ആര്യയുടെ മുഖം വാടിയെന്ന് മനസ്സിലായ ജീവൻ വേഗം വിഷയം മാറ്റി... "ഹാ..മോളെ... നിനക്ക് കല്യാണ സാരിയും മറ്റുമൊക്കെ എടുക്കേണ്ടേ.. "

"അത് നാളെ അവരൊക്കെ വന്നിട്ട് പോകാം.. അനിയേയും ശിവയേയും അമ്മയെയും കൂടെ കൂട്ടണം.. " "മ്മ്മ്... ഞാൻ താഴേക്കൊന്നിറങ്ങട്ടെ.. അനിരുദ്ധിനെ ഒന്ന് കാണണം.. പന്തൽ എവിടയൊക്കെ കെട്ടണമെന്ന് അവനോടും കൂടി ചോദിക്കട്ടെ... മോള് ഇനി ആരെയെങ്കിലും ക്ഷണിക്കാൻ ഉണ്ടോ എന്ന് നോക്ക്... ആരെയെങ്കിലും വിട്ട് പോയാൽ മുത്തശ്ശൻ വന്നാൽ എനിക്കാവും ചീത്ത.. " അച്ഛന് തലയാട്ടി കൊടുത്തു കൊണ്ട് ആര്യ ഫോണും പിടിച്ചു കൊണ്ട് അകത്തേക്ക് പോയി.. ജീവൻ അനിയുടെ അച്ഛന്റെ അടുത്തേക്കും. അനിരുദ്ധ്മായി സംസാരിച്ചു നിൽക്കുമ്പോൾ ആണ് അവരുടെ ഇടയിലേക്ക് സൂര്യ ദാസും അമനും കാറിൽ നിന്നിറങ്ങി വന്നത്... പറയാതെ വന്നതിനാൽ തന്നെ ജീവന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു... "നിങ്ങളോ..എന്താ പെട്ടന്ന്... " "ഓ.. പ്രത്യേകിച്ചെന്തെങ്കിലും കാരണം വേണോ എനിക്കൊന്ന് വരാൻ... കല്യാണം അടുത്തില്ലേ... അപ്പോൾ ചുമ്മാ ഒന്ന് കാണാമെന്ന് കരുതി..." "എങ്കിൽ വരൂ.. അകത്തേക്കിരിക്കാം... " "അതൊക്കെ ഇരിക്കാം...ആദ്യം ഇവിടുത്തെ കാറ്റ് കുറച്ച് കൊള്ളട്ടെ...എന്നിട്ടാവാം.. " അവർ വിശേഷം പറഞ്ഞ് നിൽക്കുമ്പോൾ അമന്റെ ശ്രദ്ധ അനിയുടെ വീട്ടിലേക്ക് ആയിരുന്നു...

മൂത്തവർ സംസാരിക്കുന്നിടത്ത് നിൽക്കാൻ അവനെന്തോ മടി തോന്നിയതും ഫോൺ കയ്യിൽ പിടിച്ച് അവൻ മാറി നിന്നു.. "മോൻ അകത്തേക്ക് ചെല്ല്.. അവിടെ അനിയും ശിവയും ഉണ്ടാവും.... മോളേ....... ശിവാ..... " അനിരുദ്ധ് ഉറക്കെ വിളിച്ചതും ചാടി തുള്ളി കൊണ്ട് ശിവ പുറത്തേക്ക് വന്നു.. പലഹാരം വായിൽ നിറച്ച് പുറത്തേക്ക് വന്ന ശിവ അച്ഛനോടൊപ്പം അമനെ കണ്ടതും കണ്ണും തള്ളി അവിടെ തന്നെ നിന്നു.. വായിൽ നിറച്ച പലഹാരം കാരണം സംസാരിക്കാൻ കഴിയാതെ നിൽക്കുന്ന ശിവയെ കണ്ട് അമൻ ചിരി കൺട്രോൾ ചെയ്തു നിന്നു... "നീ ഇവർക്ക് കുടിക്കാൻ വല്ലതും എടുത്തേ... അനിയോട് പറ ആര്യയോട് ഇവർ വന്നെന്ന് പോയി പറയാൻ... മോൻ അകത്തേക്ക് ചെല്ല്... " അനിരുദ്ധ് പറഞ്ഞത് അനുസരിച്ചു കൊണ്ട് ശിവയെ ഒന്ന് നോക്കിയ അമൻ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു... കഷ്ടപ്പെട്ട് വായിലെ പലഹാരം മുഴുവൻ ഇറക്കിയ ശിവ അവന്റെ മുഖത്തേക്ക് നോക്കാതെ അകത്തേക്ക് ഓടി പോയി.......

പുറത്ത് മൂന്ന് അച്ഛൻമാരുടേയും സംസാരം മുറുകുമ്പോൾ ശിവയോട് എങ്ങനെയെങ്കിലും സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്നായിരുന്നു അമന്റെ മനസ്സിൽ.. അനിയും ആര്യയും അവന്റെ അടുത്ത് വന്ന് സംസാരിച്ചു എങ്കിലും അവർ പോകാൻ ഇറങ്ങുന്നത് വരെ ആ ഭാഗത്തേക്ക് തന്നെ ശിവ വന്നില്ല....അവൾക്കിതെന്ത് പറ്റി എന്നായിരുന്നു അമന്റെ ചിന്ത... എല്ലാവരോടും യാത്ര പറഞ്ഞ് ഇനി കല്യാണത്തിന് കാണാമെന്ന് പറഞ്ഞ് സൂര്യ ദാസ് കാറിൽ കയറിയതും അമൻ ഒന്ന് തിരിഞ്ഞു നോക്കി... ആ സമയം വാതിലിന്റെ മറവിൽ നിന്നും ശിവ പുറത്തേക്ക് വന്നു... അവളെ കണ്ട ഉടനെ അമന്റെ മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞു... കണ്ണുകൾ കൊണ്ട് പലതും പറഞ്ഞ് പുഞ്ചിരിയോടെ അവൻ കാറിൽ കയറി..... കാർ കണ്ണിൽ നിന്നും മറഞ്ഞതും ശിവയുടെ ചുണ്ടിലും ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.... അമന്റെ ഈ നോട്ടവും ചിരിയും ആദ്യമൊക്കെ അവളിൽ ദേഷ്യവും വെറുപ്പും ഉണ്ടാക്കുമായിരുന്നു എങ്കിലും എല്ലാ ആൺപിള്ളേരെയും പോലെയല്ല അമൻ എന്ന് അവൾക്ക് തോന്നി തുടങ്ങി...

എന്നാൽ അടുത്ത നിമിഷം തന്നെ അവൾ പുഞ്ചിരി മായ്ച്ചു.... തന്നെക്കാൾ ചെറിയവനാണ് അമൻ എന്നും അവന് പക്വത കൈവന്നിട്ടില്ലെന്നും ഒരിക്കലും തമ്മിൽ ചേരില്ലെന്നും അവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു................. ************ പുറത്ത് പോകാൻ ഒരു അവസരം കിട്ടിയത് നന്നായി മുതലാക്കുന്ന തിരക്കിൽ ആയിരുന്നു അമിതും നൈനികയും... രാവിലെ ഇറങ്ങിയ അവർ നൈനികക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പോയി... അമിതിന് ബൈക്ക് ഓടിക്കാൻ അറിയാത്തതു കൊണ്ട് തന്നെ കാറിൽ ആയിരുന്നു ഇരുവരും ചുറ്റിയടിച്ചത്..... പ്രധാനപ്പെട്ട രണ്ട് മൂന്ന് ഇടങ്ങളിൽ പോയ ശേഷം അസ്തമയ സൂര്യനെ കാണാനായി അവർ ബീച്ചിലേക്ക് തിരിച്ചു... ശാന്തമായ തിരമാലകൾ കരക്കടുക്കുമ്പോൾ അവയിൽ കാലുകളെ നനച്ച് മണൽ പരപ്പുകളിലൂടെ ഇരുവരും കൈകോർത്തു പിടിച്ച് നടന്നു... "ഇങ്ങനെ ഒന്ന് ചേർന്ന് നടക്കാൻ എത്ര നാളത്തെ കൊതിയാ.. അന്നൊക്കെ നിന്റെ അച്ഛനെ ഓർത്ത്‌ നിന്നെയൊന്ന് ശെരിക്ക് നോക്കാൻ പോലും പേടിയായിരുന്നു....

. " നൈനികയുടെ ഒരു കയ്യിൽ മുറുകെ പിടിച്ച് അവളുടെ പാറി പറക്കുന്ന മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അമിത് പറഞ്ഞു... അവനരികിൽ നിന്ന് തന്റെ കണ്ണിലേക്ക് നോക്കുന്നത് കണ്ട് നാണത്താൽ നൈനിക അവനെ ഒന്ന് ഉന്തി കൊണ്ട് മണൽ പരപ്പിൽ ചെന്നിരുന്നു... അസതമിക്കാനുള്ള തയ്യാറെടുപ്പിൽ സൂര്യ കിരണങ്ങൾ മങ്ങി, ചുവന്ന നിറമാകെ വ്യാപിച്ചു കൊണ്ടിരുന്നു... മാനത്തിന്റെ രക്ത വർണ്ണം കടലിനും ഭംഗി കൂട്ടിയതും നൈനിക അമിതിന്റെ തോളിൽ തല വെച്ച് കടലിലേക്ക് മുങ്ങി താഴാൻ ഒരുങ്ങുന്ന സൂര്യനെ നോക്കി ഇരുന്നു.. നൈനികയുടെ തലയോട് ചേർത്ത് തന്റെ തലയും പതിയെ വെച്ച് കടലിലേക്ക് നോക്കുന്നതിനിടയിൽ അമിതിന്റെ ശ്രദ്ധ തെല്ലൊന്ന് മാറി കുറച്ചു ദൂരെയായി നിൽക്കുന്ന ഒരാളിലേക്ക് പോയി... മുഷിഞ്ഞ വസ്ത്രധാരിയായ,, എല്ലും തോലുമായ ആ രൂപത്തെ കണ്ട് തിരിച്ചറിഞ്ഞ അമിതിന്റെ ഹൃദയം ഒന്ന് പിടഞ്ഞു... കണ്ണുകൾ നിറഞ്ഞൊഴുകവേ അവൻ പെട്ടെന്നെഴുന്നേറ്റ് ആ രൂപത്തിന്റെ അടുത്തേക്കോടി അയാളെ വാരിപ്പുണർന്നു............. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story