ആത്മരാഗം💖 : ഭാഗം 97

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഇറുകെ പുണർന്ന അമിതിൽ നിന്നും കുതറി മാറിയ അയാൾ അവനിൽ നിന്നും രണ്ടടി നീങ്ങി നിന്ന് അവന്റെ മുഖത്തേക്ക് നോക്കി.... അമിതിന്റെ മുഖം കണ്ട് അമ്പരന്നു നിൽക്കുന്ന അവനെ അമിത് വീണ്ടും പുണർന്നു.. "ഈശ്വർ...." കണ്ണുനീരോടെ വിതുമ്പി കൊണ്ട് അമിത് അടിമുടി അവനെ നോക്കി.. ക്ഷീണിച്ചു പോയ അവനെ കണ്ട് അമിതിന്റെ ഹൃദയം ഒരുപാട് നൊന്തു... "എന്ത് കോലമാണെടാ ഇത്????നിനക്ക് എന്താ പറ്റിയത്.??? ഇത്രയും കാലം എവിടെയായിരുന്നു നീ.... ????" തലമുടി പാടേ കൊഴിഞ്ഞ കണ്ണുകൾ കുഴിഞ്ഞ് ഒട്ടിയ കവിളുകളും മെല്ലിച്ച കൈകളിലേൽക്കും മാറി മാറി അമിത് നോക്കി കൊണ്ടിരുന്നു... അപ്പോഴും, ഈശ്വർ ഒരു വാക്ക് മിണ്ടാതെ തരിച്ചു നിൽക്കുകയായിരുന്നു... ഒട്ടും പ്രതീക്ഷിക്കാതെ അമിതിനെ അവിടെ കണ്ട ഷോക്കിൽ നിന്നും മുക്തനാവാതെ അവൻ തറഞ്ഞു നിന്നു..... "എന്തെങ്കിലും ഒന്ന് പറയെടാ.... എവിടെ ആയിരുന്നു നീ ഇത്രയും കാലം... അന്ന് നിന്നോട് ദേഷ്യം ഉണ്ടായിരുന്നു എങ്കിലും പിന്നീട് നിന്നെ അന്വേഷിക്കാത്ത ഇടങ്ങളുണ്ടായിരുന്നില്ല..... അവസാനം.. നിന്നെ കണ്ട് കിട്ടിയല്ലോ.... "

തന്നെ കണ്ട സന്തോഷം മുഴുവൻ മുഖത്ത് പ്രകടമാക്കിയ അമിതിനെ നോക്കി ഈശ്വർ പൊട്ടിക്കരഞ്ഞു.... അമിതിന്റെ ഇരു കൈകളും തന്റെ കൈക്കുള്ളിൽ ആക്കി മാപ്പ് പറയും വിധമവൻ കൈകൾ കൂപ്പി തല താഴ്ത്തി പിടിച്ചു... "എന്തിനാ അമിത് എന്നെയിങ്ങനെ സ്നേഹിക്കുന്നെ... പൊറുക്കാൻ കഴിയാത്ത ദ്രോഹമല്ലേ നിന്നോട് ഞാൻ ചെയ്തിട്ടുള്ളൂ... എന്നിട്ടും.... " തന്റെ കൈപിടിച്ച് കരയുന്ന ഈശ്വറിനെ അവൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു...കുറ്റബോധം കാരണം അവനു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു..... "നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ എനിക്ക് കഴിയും.. കാരണം... നീയെന്നും എന്റെ സുഹൃത്ത് ആണ്... നിന്നോടല്ലാതെ മറ്റാരോടാ ഞാൻ ക്ഷമിക്കേണ്ടത്... കഴിഞ്ഞതെല്ലാം മറന്നേക്ക്... അതൊന്നുമിനി ഓർക്കേണ്ട... " അമിതിന്റെ വാക്കുകൾക്ക് മുന്നിൽ വിതുമ്പി നിൽക്കുമ്പോൾ ആണ് അവരുടെ ഇടയിലേക്ക് നൈനിക വന്നത്.. അവളെ കണ്ടതും ഈശ്വർ കണ്ണുകൾ തുടച്ച് സംശയത്തോടെ നോക്കി....

"ഇത് നൈനിക... എന്റെ ഭാര്യയാണ്.. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ വിവാഹം കഴിഞ്ഞു..... നൈനൂ... ഇത്.. ഈശ്വർ... " നൈനികക്ക് എല്ലാം അറിയുന്നത് കൊണ്ട് തന്നെ ഈശ്വറിനെ നോക്കിയവൾ പുഞ്ചിരിച്ചു... അമിതിന്റെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞ് ഈശ്വറിന് ഒരുപാട് സന്തോഷമായി...... "ഈശ്വർ... എന്താ നിന്റെ കോലം ഇങ്ങനെ... എവിടെ ആയിരുന്നു ഇത്രയും കാലം.. എന്താ നിനക്ക് സംഭവിച്ചത്... " അന്നത്തെ കാര്യത്തെ കുറിച്ച് അമിത് ചോദിച്ചതും ഈശ്വർ തല താഴ്ത്തി.... അവന്റെ കണ്ണുകൾ നിറഞ്ഞു വന്നത് കണ്ട് അമിത് അവനെയും കൊണ്ട് മണൽ പരപ്പിൽ ഇരുന്നു.. അമിതിന്റെ അടുത്ത് നൈനികയും സ്ഥാനം ഉറപ്പിച്ചു... "ഈശ്വർ..... ഹോസ്പിറ്റലിൽ നിന്നും എങ്ങോട്ടാ നീ പോയത്....???" "പറയാം അമിത്... എല്ലാം ഞാൻ പറയാം... ഹോസ്പിറ്റലിൽ നിന്നും എങ്ങോട്ടാ പോയതെന്ന് പറയും മുന്നേ എന്തിനാ പോയതെന്ന് പറയണം... അതിന് മുന്നേ ഞാൻ ഹോസ്പിറ്റലിൽ എത്തിയത് എങ്ങനെയെന്ന് നീയറിയണം.... " "അതറിയാം ഈശ്വർ... ഏട്ടൻ കാരണം അല്ലേ.... മഹി എന്നോട് പറഞ്ഞിരുന്നു.... "

അമിതിൽ നിന്നും അത് കേട്ടതും ഈശ്വർ അത്ഭുതത്തോടെ അവനെ നോക്കി... പിന്നെ ആഞ്ഞടിക്കുന്ന തിരമാലകളിലേക്ക് കണ്ണുകൾ ചലിപ്പിച്ചു.... "മ്മ്മ്... കാരണം അക്ഷിത് തന്നെയാണ്... " തിര വന്ന് കരയെ തഴുകി തിരിച്ച് കടലിലേക്ക് പിന്തിരിഞ്ഞു പോയതും ഈശ്വറിന്റെ ഓർമകളും പിറകോട്ട് സഞ്ചരിച്ചു............... സ്റ്റേഷനിൽ നിന്നും ഈശ്വറിനെ വിജനമായ സ്ഥലത്തെത്തിച്ച് മഹി തിരിച്ചു പോയ സമയം... ഈശ്വർ ചുറ്റും കണ്ണോടിച്ചു നിന്നു...മഹി കാരണം ആണെങ്കിലും സ്റ്റേഷനിൽ നിന്നും ഇറങ്ങിയതിന്റെ വിജയഭാവത്തിൽ ആയിരുന്നു ഈശ്വർ... തന്നെയെന്തിന് ഇവിടെ ഇറക്കി എന്ന ചിന്ത മനസ്സിലേക്ക് കടന്നു വന്നതും ചീറി പാഞ്ഞു വന്നൊരു ബുള്ളറ്റ് അവന്റെ ചുറ്റും കറങ്ങി... നിർത്താതെ തന്റെ ചുറ്റും ഓടിച്ചു കൊണ്ടിരിക്കുന്ന ബുള്ളറ്റിലേക്ക് ഈശ്വർ അമർഷത്തോടെ നോക്കി... ഒറ്റ നോട്ടത്തിൽ അമിത് ആണെന്ന് തെറ്റിദ്ധരിച്ച ഈശ്വർ പുച്ഛത്തോടെ ഭയം ഒട്ടുമില്ലാതെ തല ഉയർത്തി തന്നെ അവനിൽ കണ്ണുകൾ ഉറപ്പിച്ചു... പെട്ടന്ന് അവന്റെ തൊട്ടടുത്ത് ബൈക്ക് കൊണ്ട് നിർത്തിയതും ഒരടി പിന്നിലേക്ക് നീങ്ങാതെ ഈശ്വർ മുഖം തിരിച്ചു..

ആ സമയം ഹെൽമെറ്റ്‌ ഊരിമാറ്റിയതും കണ്ണട ഉള്ളതിനാൽ തന്നെ അക്ഷിത് ആണ് അതെന്ന് മനസിലാക്കിയ ഈശ്വർ ഒന്ന് അമ്പരന്നു... അടിമുടി അവനെ നോക്കി കൊണ്ട് ഈശ്വർ ചിരിച്ചു... "ഹഹഹ... നീയായിരുന്നോ.. എന്താ നിന്റെ അനിയന് എന്റെ മുന്നിൽ വരാനുള്ള ധൈര്യം ഇല്ലേ... നീയെന്തിനാണാവോ ഇവിടേക്ക് വന്നത്.. പൊട്ടാ... " പുച്ഛഭാവത്തിൽ ഈശ്വർ പറഞ്ഞത് കേട്ട് ശാന്തനായി കൊണ്ട് അക്ഷിത് ഒന്ന് ചിരിച്ചു... "വന്ന വഴിക്ക് വേഗം സ്ഥലം വിട്ടോ... നിന്നോട് സംസാരിക്കാൻ എനിക്ക് സമയമില്ല... എന്നെയീ അവസ്ഥയിൽ എത്തിച്ച മറ്റവളോട് കുറച്ച് കണക്കുകൾ തീർക്കാനുണ്ട്... " ആര്യയെ ഓർത്ത്‌ പല്ലിറുമ്മി കൊണ്ട് ഈശ്വർ പറഞ്ഞു... "നീ ആരെയും ഇനി ഒന്നും ചെയ്യില്ല..." കനത്ത ശബ്ദം അക്ഷിതിൽ നിന്നും പുറപ്പെട്ടതും പുച്ഛത്തോടെ ഈശ്വർ അവനെ നോക്കി.... "ഒന്ന് പോടാ... എന്നോടിത് പറയാൻ നിനക്കെങ്ങനെ ധൈര്യം വന്നു... ഞാൻ ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ.. നിന്ന് ചെലക്കാതെ പൊയ്ക്കോ... "

ആര്യയോടുള്ള ദേഷ്യം അടിമുടി കത്തി നിൽക്കുന്നത് കൊണ്ട് തന്നെ അക്ഷിതിന്റെ വാക്കുകൾക്ക് അവൻ ഗൗരവം കൊടുത്തില്ല.. അവിടെ നിന്നും എങ്ങനെയെങ്കിലും പോയി തന്റെ പക വീട്ടാനുള്ള തത്രപ്പാടിൽ ആയിരുന്നു അവൻ.. ഏത് വഴിയിലൂടെയാണ് പോകേണ്ടതെന്ന് ചുറ്റും നോക്കുന്നതിനിടയിലാണ് കണ്ണട ഊരി മാറ്റി ബൈക്കിൽ വെച്ച് ഷർട്ടിന്റെ കൈ രണ്ടും കയറ്റി വെച്ച് അക്ഷിത് ഈശ്വറിന്റെ അടുത്തേക്ക് ചെന്നത്.. "എന്നെ നിനക്കും ശെരിക്കറിയില്ല... അത് കൊണ്ട് പറയാണ്... ഇനി നിന്നെ ഇവിടെ കാണരുത് . " ആജ്ഞയോടെയുള്ള സ്വരം കേട്ട് ഈശ്വറിന്റെ രക്തം തിളച്ചു...ഉടനെ അവൻ രണ്ട് കൈയും അക്ഷിതിന്റെ നെഞ്ചിലേക്ക് വെച്ച് അവനെ പിറകിലേക്ക് ഉന്തി.. "നീയാരാടാ എന്നെ അനുസരിപ്പിക്കാൻ..... എന്നെ ഇവിടെ കാണരുതെന്ന് അല്ലേ ഡാ... നിങ്ങൾ കാണാൻ പോകുന്നേ ഉള്ളൂ എന്റെ കളി.. നിന്റെ അനിയനെയും ആര്യയേയും ഞാൻ വെറുതെ വിടില്ല . രണ്ടിനെയും കൊന്ന് കുഴിച്ചു മൂടാനുമെനിക്ക് മടിയില്ല.... "

അലർച്ചയോടെ അക്ഷിത്തിന് മുന്നിൽ നിന്ന് ഈശ്വർ പറഞ്ഞതും പെട്ടന്ന്,, അക്ഷിതിന്റെ ഇടത്തെ കൈ അവന്റെ വയറ്റിൽ ശക്തമായ പ്രഹരം ഏൽപ്പിച്ചു... പിറകിലേക്ക് വേച്ചു പോയ ഈശ്വർ അമ്പരന്നു നിൽക്കെ അക്ഷിത് അവന് നേരേ ചീറിയടുത്തു..... അക്ഷിതിന്റെ കൈകരുത്തിൽ പിടിച്ചു നിൽക്കാൻ ആവാതെ കുറച്ചു നിമിഷങ്ങൾക്കകം ഈശ്വർ തളർന്നു വീണു.... വീണു കിടക്കുന്ന ഈശ്വറിന് ചുറ്റും ക്രോധത്തോടെ അക്ഷിത് നടന്നു... കയ്യിൽ പിടിച്ച വടി അവന് നേരേ ഓങ്ങി അവന്റെ വലത്തേ കാലിൽ ശക്തിയായി അടിച്ചു.. ആാാാാ...... "ഈ അടി, എന്റെ അമിതിനെ കൂടെ നിന്ന് വഞ്ചിച്ചതിനാണ്.... " വീണ്ടും അതേ ശക്തിയോടെ ഇടത്തെ കാലിൽ അക്ഷിത് അടിച്ചു.. "ഇത് എന്റെ പെണ്ണിനെ നോവിച്ചതിന്.... " അടിയുടെ വേദനയിൽ പുളഞ്ഞു കൊണ്ടിരിക്കുന്ന ഈശ്വറിന് നേരേ അക്ഷിത് വീണ്ടും വടി ഉയർത്തി പിടിച്ചു..... ആ വേദനയിലും എന്റെ പെണ്ണ് എന്ന അക്ഷിത്തിന്റെ വാക്ക് ഈശ്വറിന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.... "ഇപ്പോൾ തരാൻ പോകുന്നത് എന്തിനാണെന്ന് അറിയുമോ....

ഇത്രയൊക്കെ ആയിട്ടും തന്റെ തെറ്റുകൾ മനസ്സിലാക്കാതെ പഴയ സ്വഭാവം പുറത്തെടുക്കുന്നതിന്... അമിതിനെയും ആര്യയേയും നോവിക്കുന്നത് ഇനി മനസ്സിൽ പോലും നീ ചിന്തിച്ചു പോകരുത്... അതിനുള്ളതാണ്..... " ദേഷ്യത്തോടെ അതും പറഞ്ഞ് അവന് നേരേ വടി ഉയർത്തിയതും മഹി ഓടി വന്ന് അക്ഷിത്തിനെ പിടിച്ചു മാറ്റി... "അക്ഷിത്.... നീയെന്താ ഈ ചെയ്യുന്നേ.. ഇനിയും അടിച്ചാൽ ഇവൻ ചത്തു പോകും.... വന്നേ... " മഹി നിർബന്ധിച്ച് വടി വലിച്ചെറിഞ്ഞ് അക്ഷിത്തിനെ അവിടെ നിന്നും വലിച്ചു കൊണ്ടുപോയപ്പോഴേക്കും ഈശ്വറിന്റെ കണ്ണുകൾ അടഞ്ഞിരുന്നു............. "പിന്നീട് ഞാൻ കണ്ണുകൾ തുറക്കുന്നത് ഹോസ്പിറ്റലിൽ വെച്ചാണ്..... " നെടുവീർപ്പോടെ വാക്കുകൾ ഉതിർക്കുമ്പോഴും കടലിൽ നിന്നും ഈശ്വർ കണ്ണുകളെ മാറ്റിയില്ല.. അവന്റെ വാക്കുകൾക്കായി അമിതും നൈനികയും കാതോർത്തു.. " എപ്പോഴും പുസ്തകത്തിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന അക്ഷിതിന്റെ ആ മുഖം ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ഹോസ്പിറ്റലിൽ കിടക്കുമ്പോഴും അത് തന്നെയായിരുന്നു എന്റെ മനസ്സിൽ...

അത്രയൊക്കെ കിട്ടിയിട്ടും എന്റെ മനസ്സ് അപ്പോഴും കല്ലായിരുന്നു... ദേഷ്യവും പകയും വർധിച്ചു എന്നല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല... എന്റെ മുഖം മൂടി വലിച്ചൂരിയ ആര്യയെ, നിന്നെ പിന്നെ അക്ഷിത്തിനെ.... എല്ലാവരെയും ഈ കൈ കൊണ്ട് ഇല്ലാതെയാക്കാൻ ഞാൻ ആഗ്രഹിച്ചു.... പക്ഷേ അക്ഷിത് കാരണം ശരീരം മുഴുവൻ ഒടിഞ്ഞ അവസ്ഥയിൽ ആയിരുന്നു ഞാൻ.. രണ്ടു കാലുകളും ഒടിഞ്ഞ് മാസങ്ങളോളം ഞാൻ ഹോസ്പിറ്റലിൽ കിടന്നു.. എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചികിത്സയും അവർ ചെയ്തു തന്നു... ആരാണ് ഇതൊക്കെ ഏർപ്പാടാക്കിയതെന്ന് ഡോക്ടർമാരോടും ജീവനക്കാരോടും ഞാൻ മാറി മാറി ചോദിച്ചു.. ഒടുവിൽ അവരത് പറഞ്ഞു..... അക്ഷിത് തന്നെയായിരുന്നു എനിക്ക് ചികിത്സയും മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയത്.... " ഈശ്വർ അത് പറയുമ്പോൾ ആശ്ചര്യത്തോടെ അമിത് അവന്റെ മുഖത്തേക്ക് നോക്കി... "ഏട്ടനോ...... എനിക്ക്... എനിക്കൊന്നും അറിയില്ലായിരുന്നു... നീ ഹോസ്പിറ്റലിൽ ആയെന്ന് മാത്രം ഏട്ടൻ അന്നെന്നോട് പറഞ്ഞു...

നിന്നോട് ഒരുപാട് ദേഷ്യം ഉള്ളത് കൊണ്ട് ഞാനത് കാര്യമാക്കിയില്ല.. നിന്റെ ഒരു കാര്യവും കേൾക്കാൻ എനിക്കന്ന് താല്പര്യം ഉണ്ടായിരുന്നില്ല..... പിന്നെ എപ്പോഴോ അറിഞ്ഞു നീ ഹോസ്പിറ്റലിൽ നിന്നും എങ്ങോട്ടോ പോയെന്ന്... അതിന് ശേഷം ഒരു വിവരവും ഉണ്ടായില്ല... " "മ്മ്മ്മ്... അന്ന് ഞാൻ തന്നെ ആരോടും പറയാതെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി പോയതാണ്.. അക്ഷിത് ആണ് ചികിത്സ ഏർപ്പാടാക്കിയതെന്ന് അറിഞ്ഞപ്പോഴേക്കും എന്റെ കാലുകൾ ഒരു വിധം ശെരിയായിരുന്നു... ആരോഗ്യവും വീണ്ടെടുത്ത് തുടങ്ങിയിരുന്നു.... അപ്പോഴും നിങ്ങളോടെല്ലാം എങ്ങനെ പക വീട്ടുമെന്നായിരുന്നു ഓരോ നിമിഷവും എന്റെ ചിന്ത... അതിനാൽ തന്നെ ആരോടും പറയാതെ ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.... പഴയ പോലെ എന്റെ കൂട്ടാളികളോടൊപ്പം ചേർന്ന് ബിസിനസ് ആരംഭിച്ചു.. നിങ്ങളെ ഒതുക്കാൻ എനിക്ക് പണം ആവശ്യമായിരുന്നു.. പണം ഉണ്ടെങ്കിൽ അല്ലേ ഒപ്പം നിൽക്കാൻ ആളുകളും ഉണ്ടാവൂ... പാർട്ടി വിട്ട് ഞാൻ മയക്ക്മരുന്ന് മാഫിയയോടൊപ്പം ചേർന്നു...

പക്ഷേ ഒന്നും പച്ച പിടിച്ചില്ല... പല തവണ പിടിക്കപ്പെട്ടു.... അതിൽ നിന്നെല്ലാം എങ്ങനെയൊക്കെയോ ഊരി പോന്നു.. ഒടുവിൽ വലിയൊരു ഡീൽ നടക്കവേ പോലീസ് എന്നെ പൊക്കി.... പിന്നീട് കുറെ കാലം സെൻട്രൽ ജയിലിൽ ആയിരുന്നു... ആരും ജാമ്യംത്തിൽ എടുക്കാൻ വരാത്തത് കൊണ്ട് തന്നെ ശിക്ഷ അനുഭവിച്ചു കിടന്നു....ജയിലിൽ കിടക്കുമ്പോൾ പോലും എന്റെ മനസ്സിൽ നിങ്ങളോടുള്ള പക മാത്രമായിരുന്നു.. ഓരോ ദിവസവും അത് വളർന്നു കൊണ്ടിരുന്നു.. ഞാൻ ഇങ്ങനെ ആവാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണെന്ന ചിന്ത എന്നെ ഒരു ഭ്രാന്തനാക്കിയിരുന്നു... ജയിലിൽ നിന്നും ഇറങ്ങിയാൽ ഉടനെ നിങ്ങളെ കൊല്ലാൻ തന്നെയായിരുന്നു എന്റെ പ്ലാൻ... അത്രമാത്രം എല്ലാവരോടും പകയും ദേഷ്യവും എനിക്കുണ്ടായിരുന്നു.... പക്ഷേ.... എല്ലാം മാറി മറിഞ്ഞത് പെട്ടന്നായിരുന്നു... " എന്താണെന്ന അർത്ഥത്തിൽ അമിത് ഈശ്വറിനെ നോക്കവേ ഈശ്വർ എഴുന്നേറ്റു.. നഗ്നമായ പാദങ്ങളിൽ തിരമാലകളെ തലോടാൻ അനുവദിച്ചു കൊണ്ട് ഈശ്വർ കൈകൾ കെട്ടി വിദൂരതയിലേക്ക് നോക്കി.... " എനിക്ക് കോടതി വിധിച്ച ശിക്ഷ അനുഭവിച്ച് ദിവസങ്ങൾ തള്ളി നീക്കുമ്പോൾ ആണ് ദൈവമെനിക്ക് തക്കതായ ശിക്ഷ വിധിച്ചത്..... ഒരു ദിവസം രക്തം ശർദ്ധിച്ച് കുഴഞ്ഞു വീണ എന്നെ ജയിൽ അധികൃതർ ഹോസ്പിറ്റലിൽ എത്തിച്ചു...

അവിടെ വെച്ചാണ് ആ സത്യം ഞാനറിഞ്ഞത്.. ശരീരത്തെ കാർന്ന് തിന്നുന്ന രോഗമാണ് എനിക്കെന്ന്...... ക്യാൻസർ..... !! " ഈശ്വറിന്റെ വാക്കുകളെ വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്ന അമിതിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റ് വീണു.. അവന്റെ ശരീരമാകെ നോക്കിയ അമിത് എന്ത് പറയണം എന്നറിയാതെ തരിച്ചു നിന്നു... പക്ഷേ.... ഈശ്വർ തികച്ചും ശാന്തനായിരുന്നു.. തനിക്കിനി അധികം ആയുസ്സില്ലെന്ന അറിവ് കൊണ്ടോ എന്തോ.... പുഞ്ചിരിയോടെ അവൻ തിരമാലകളെ നോക്കി.. "ജീവിതം പലപ്പോഴും ഇങ്ങനെ ആണല്ലേ അമിത്.. ജീവിക്കാനുള്ള കൊതി മനസ്സിൽ മൊട്ടിട്ട് വരുമ്പോഴേക്കും ആയുസ്സ് തീർന്നിട്ടുണ്ടാവും.... എന്റെ കാര്യത്തിൽ അത് തന്നെയാണ് സംഭവിച്ചത്.. എനിക്കിപ്പോൾ ജീവിക്കാൻ ചെറിയ കൊതി തോന്നുന്നുണ്ട്... കുറ്റങ്ങൾ എല്ലാം ഏറ്റു പറഞ്ഞ് നിങ്ങളുടെ കൂടെ പഴയ പോലെ സന്തോഷത്തോടെ...... " വാക്കുകൾ മുഴുവനാക്കാതെ അവനൊന്ന് ചിരിച്ചു.... ആ ചിരി കണ്ണിൽ തെളിഞ്ഞതും അമിതിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... " ജയിലിൽ തന്നെയാണ് എന്റെ അവസാനം എന്ന് കരുതിയതാ ഞാൻ.. അപ്പോഴാണ് ഈ രോഗം കാരണം ശിക്ഷയിൽ എനിക്ക് ഇളവ് തന്നത്.. ജയിലിൽ നിന്നിറങ്ങി എങ്ങോട്ടും പോകാൻ ഇല്ലാതെ ഞാൻ അലഞ്ഞു....

മനസ്സിലപ്പോൾ നിങ്ങളോട് യാതൊരു വിധ്വേഷവും ഉണ്ടായിരുന്നില്ല... എല്ലാം മാഞ്ഞു പോയിരുന്നു.. എന്നിട്ടും.. എന്തോ.. സഹായം തേടാൻ നിന്റെ അടുക്കലേക്ക് വരാൻ തോന്നിയില്ല..... ഞാൻ നിന്നിരുന്ന ആ പഴയ ഓർഫനേജിലേക്ക് തന്നെ പോയി.. പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ഞാനവരെ മറന്നെങ്കിലും എന്നെ അവർ മറന്നിട്ടുണ്ടായിരുന്നില്ല... ചെന്ന ഉടനെ എന്നെയവർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.... എന്റെ അവസ്ഥ അറിഞ്ഞ് ഒരുപാട് പരിതപിച്ചു.... എന്റെ എതിർപ്പ് അവഗണിച്ച് അവരെനിക്ക് ചികിത്സ തന്നു... അങ്ങനെ.. ഇവിടം വരെ എത്തി... മരിക്കുന്നതിന് മുന്നേ നിങ്ങളെയൊക്കെ കാണണം എന്നുണ്ടായിരുന്നു... പക്ഷേ മുന്നിൽ വരാൻ ധൈര്യം ഉണ്ടായില്ല.. എന്തായാലും നിന്നെ കണ്ടല്ലോ.. സന്തോഷമായി അമിത്... " എല്ലാം കേട്ട് തരിച്ചു നിൽക്കുന്ന അമിതിനെ ഈശ്വർ കെട്ടിപിടിച്ചു.... "ഈശ്വർ..... " "ഏയ്.. എന്തിനാ നീ കണ്ണ് നിറക്കുന്നത്.. കണ്ടില്ലേ ഞാൻ ചിരിച്ചു നിൽക്കുന്നത്.. ഈ രോഗം കാരണം ഞാനാകെ മാറി... ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു.. ഇപ്പോൾ മനസ്സ് തീർത്തും ശാന്തമാണ്.... " പുഞ്ചിരിച്ചു കൊണ്ട് പറയുന്ന ഈശ്വറിനെ അധിക നേരം നോക്കി നിൽക്കാൻ അമിതിന് കഴിഞ്ഞില്ല...അവന്റെ കൈകാലുകൾ തളർന്നു പോയി തുടങ്ങിയിരുന്നു.....

"അക്ഷിത്തിന് സുഖമല്ലേ.... പിന്നെ.. ആര്യ.. അനി.. അവരുടെയൊക്കെ വിശേഷങ്ങൾ എന്താ.... " "അത്... ഏട്ടന്റെയും ആര്യയുടെയും വിവാഹമാണ് ശെനിയാഴ്ച... " ആ വിവരം കേട്ടതും ഈശ്വറിന് സന്തോഷമായി.. അനിയും അനിൽ സാറും തമ്മിൽ കല്യാണം കഴിച്ചതും മഹിയുടേയും ലീനയുടെയും കാര്യവും അമിത് അവനോട് പറഞ്ഞു.. എല്ലാവരും സന്തോഷത്തിൽ ആണെന്നറിഞ്ഞ ഈശ്വർ പുഞ്ചിരിച്ചു... "ആര്യയോട് ഞാൻ മാപ്പ് പറഞ്ഞെന്ന് പറയണം.. കഴിയുമെങ്കിൽ എന്നോട് ക്ഷമിക്കാനും... ഞാൻ പോകട്ടെ... നേരം ഇരുട്ടി തുടങ്ങി... " "നീ ഒറ്റക്കാണോ വന്നത്.. ഞാൻ കൊണ്ട് വിടാം... " "ഏയ് വേണ്ട.. ദേ അവരൊക്കെ ഉണ്ട് എന്റെ കൂടെ. ഓർഫനേജിൽ മാത്രം ജീവിതം തള്ളി നീക്കുന്നവർ അല്ലേ അവർ... പുറത്തൊക്കെ ഇറങ്ങി ഒന്ന് ചുറ്റി കാണിക്കാമെന്ന് കരുതി.... അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിനൊരു ആശ്വാസമാണ്... " തനിക്കൊപ്പം വന്നവരെ ചൂണ്ടി കാണിച്ചു കൊണ്ട് ഈശ്വർ പറഞ്ഞു... "ഈശ്വർ..... " തിരികെ നടക്കാൻ നേരം അമിത് അവനെ വിളിച്ചതും ഈശ്വർ ചിരിയോടെ തിരിഞ്ഞു നോക്കി..

"ഇനി എന്ന് കാണും എന്നല്ലേ.... ആയുസ്സ് എണ്ണപ്പെട്ട് കൊണ്ടിരിക്കുന്നു.... എല്ലാമൊരു പിടി ചാരമാവും മുന്നേ നിനക്ക് എപ്പോൾ കാണണം എന്ന് തോന്നിയാലും ഓർഫനേജിലേക്ക് വന്നോ... ഞാൻ അവിടെ ഉണ്ടാവും..." ചിരിച്ചു കൊണ്ട് ഈശ്വർ അതും പറഞ്ഞ് നടന്നകന്നു.... അവൻ പോകുന്നതും നോക്കി ഹൃദയത്തിൽ നീറുന്ന വേദനയോടെ അമിത് മണൽപരപ്പിൽ ഇരുന്നു... ആ സമയം നൈനിക അവന്റെ ഷോൾഡറിൽ കൈവെച്ചു.... "പോകാം... " മറ്റൊന്നും നൈനികയോട് പറയാതെ അമിത് അവളുടെ കയ്യിൽ പിടിച്ച് കാറിനടുത്തേക്ക് നടന്നു...... ഈശ്വറിനെ കണ്ട വിവരം തത്കാലം അക്ഷിതിൽ നിന്ന് മറച്ചു പിടിക്കാൻ ആയിരുന്നു അമിതിന്റെ തീരുമാനം... പക്ഷേ.... തന്നിലൊരു മാറ്റം ഉണ്ടായാൽ പെട്ടെന്നറിയുന്ന അക്ഷിതിൽ നിന്ന് എങ്ങനെ ഒളിക്കും എന്ന ചിന്ത അവനെ തളർത്തി... കാർ വീടിന്റെ മുന്നിൽ എത്തി ഇരുവരും കാറിൽ നിന്നും ഇറങ്ങിയതും സിറ്റൗട്ടിൽ തന്നെ തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന അക്ഷിത്തിനെ അമിത് കണ്ടു............ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story