ആത്മരാഗം💖 : ഭാഗം 98

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിതിനെയും നൈനികയേയും കണ്ട് അക്ഷിത് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു... "കറങ്ങാൻ പോയിട്ട് ആ വഴിക്കങ്ങു പോയെന്ന് കരുതി..... അമ്മ ഇത്രയും നേരം കാത്തിരിക്കുവായിരുന്നു..." "അത് ഏട്ടാ, ഞങ്ങൾ ബീച്ചിൽ നിന്ന് പോരാൻ താമസിച്ചു... അതാ എത്താൻ വൈകിയേ.. " നൈനികയായിരുന്നു അത് പറഞ്ഞത്... അമിത് അക്ഷിതിന്റെ മുഖത്തേക്ക് നോക്കാതെ മൗനം പാലിച്ചു നിന്നു... ഈശ്വറിന്റെ അവസ്ഥയും അവന്റെ രൂപവും അവനിൽ അത്രമാത്രം ഷോക്ക് ഉണ്ടാക്കിയിരുന്നു... "ഹേയ്....അതൊന്നും കുഴപ്പമില്ല മോളേ... നിങ്ങൾ എന്തെങ്കിലും കഴിച്ചിരുന്നോ...???" "ആ.. ഏട്ടാ.. കഴിച്ചു.. " ഇന്നിനി അമിത്തിനൊന്നും ഇറങ്ങില്ലെന്ന് അറിയാവുന്നത് കൊണ്ട് നൈനിക കള്ളം പറഞ്ഞു.. മൂവരും അകത്തേക്ക് കയറവേ അക്ഷിത് അമിതിന്റെ മുഖത്തേക്ക് നോക്കി... "എന്താ ഡാ നിനക്ക് പറ്റിയത്.. മുഖം ആകെ വാടിയിട്ടുണ്ടല്ലോ... " "ഏയ്.. ഒന്നുമില്ല ഏട്ടാ... നല്ല തലവേദന... " "മ്മ്മ്.. ഇന്ന് വെയിലത്തായിരുന്നില്ലേ കറക്കം... നീരറങ്ങി കാണും... "

അവന്റെ തലയിൽ അക്ഷിത് തലോടിയതും അമിതിന്റെ കണ്ണുകൾ നിറഞ്ഞു.. പെട്ടന്ന് ഈശ്വറിനെ ഓർമ വന്നത് കൊണ്ട് തന്നെ ഹൃദയം തേങ്ങി... കണ്ണുകൾ കലങ്ങിയത് അക്ഷിതിൽ നിന്നും മറച്ചു വെക്കാനായി അവൻ വേഗം മുറിയിലേക്ക് പോകാനായി കോണിപ്പടി കയറി... പിറകെ നൈനികയും അക്ഷിതും ചെന്നു.... മുകളിൽ എത്തിയ നൈനിക കണ്ണുകൾ കൊണ്ട് അമിതിനെ ആശ്വസിപ്പിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് പോയി..... തനിക്കൊന്നുമില്ലെന്ന് കാണിച്ച് അമിത് ചിരിച്ചപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്... നൈനിക മുറിയിൽ കയറിയെന്ന് ഉറപ്പായതും അമിത് അക്ഷിതിന്റെ മുറിയിലേക്ക് നടന്നു... ബെഡിൽ തല താഴ്ത്തി ഇരിക്കുമ്പോൾ ആണ് അക്ഷിത് കയറി വന്നത്.. ഉടൻ തന്നെ അമിത് ബെഡിൽ ചെരിഞ്ഞു കിടന്നു..... "ഉറങ്ങിക്കോ അമീ... ഞാൻ ബാം പുരട്ടി തരാം.. വേദന കുറഞ്ഞോളും.." അവന്റെ അരികിൽ ഇരുന്ന് അക്ഷിത് നെറ്റിയിൽ ബാം പുരട്ടാൻ തുടങ്ങി.. കണ്ണുകൾ അടച്ചു കിടന്ന അമിതിന്റെ മനസ്സിൽ വീണ്ടും ഈശ്വറിന്റെ ശോഷിച്ച രൂപം തെളിഞ്ഞു വന്നു..

പതിയെ ഓർമ്മകൾ പഴയ കാലത്തേക്ക് പോയി.. കളിയും ചിരിയും കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈശ്വറിന്റെ അന്നത്തെ രൂപവും ഇന്നത്തെ രൂപവും അവനെ പാടെ തളർത്തി..... ഇനിയൊരിക്കലും ആ നല്ല നിമിഷങ്ങൾ തിരികെ കിട്ടില്ലെന്നോർത്ത് അവന്റെ ഹൃദയം തേങ്ങി.... തങ്ങളിൽ നിന്നും എന്നെന്നേക്കുമായി മാഞ്ഞു പോകാൻ തയ്യാറായി നിൽക്കുന്ന ഈശ്വറിനെ അവസാന ദിനങ്ങളിൽ എങ്കിലും കൂടെ കൂട്ടണമെന്ന് അവന്റെ മനസ്സ് അതിയായി ആഗ്രഹിച്ചു..... മനസ്സിൽ പല തീരുമാനങ്ങളും എടുത്തു കൊണ്ടവൻ കണ്ണുകൾ ഇറുക്കി അടച്ചു...... ************ പിറ്റേന്ന് നേരം പുലർന്നപ്പോൾ ഈശ്വറിന്റെ കാര്യം മനഃപൂർവം തന്നെ അമിത് മറന്നു.... കല്യാണത്തിന്റെ തിരക്കുകളിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു... വീട്ടിൽ വെച്ച് തന്നെ ആയതിനാൽ ജോലികൾ കൂടുതൽ ആയിരുന്നു.. അമിതിന്റെ കല്യാണം കഴിഞ്ഞിട്ട് അധികം ആയിട്ടില്ല എന്നതിനാൽ തന്നെ അക്ഷിതിന്റെ കല്യാണം ലളിതമാക്കാൻ ആയിരുന്നു എല്ലാവരുടെയും തീരുമാനം.... ആര്യയുടെ വീട്ടിൽ അത്യാവശ്യം വലിയ കല്യാണം തന്നെയാണ് അവർ പ്ലാൻ ചെയ്തത്..

എല്ലാം മുത്തശ്ശന്റെ തീരുമാനം ആയിരുന്നു ...കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ വന്ന മുത്തശ്ശൻ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി.... "അവർ പോയിട്ട് കുറെ നേരമായില്ലേ... കാണുന്നില്ലല്ലോ ജീവാ.... " കല്യാണത്തിനുള്ള ഡ്രെസ്സും മറ്റും വാങ്ങാനായി പോയിരിക്കുകയാണ് ആര്യയും മാമിമാരും പിന്നെ അനിയും ശിവയും... നേരം ഇരുട്ടാൻ ആയിട്ടും അവരെ കാണാത്തതിൽ ഉള്ള വെപ്രാളത്തിൽ മുറ്റത്ത് ഉലാത്തുകയാണ് മുത്തശ്ശൻ.. "അവർ വന്നോളും അച്ഛാ... കല്യാണത്തിന് വേണ്ടിയുള്ള പർച്ചേസിംഗ് അല്ലേ... നേരം ഒരുപാട് പിടിക്കും....." ജീവൻ പറഞ്ഞു നാവെടുക്കും മുന്നേ അനിരുദ്ധ് ന്റെ കാർ മുറ്റത്തു വന്ന് നിന്നു.. വാങ്ങിയ സാധനങ്ങളുമായി എല്ലാവരും കാറിൽ നിന്നിറങ്ങി... "എല്ലാം കിട്ടിയില്ലേ മോളേ... " മുത്തശ്ശന്റെ അടുത്തേക്ക് ഓടി ചെന്ന ആര്യയെ തലോടി കൊണ്ട് മുത്തശ്ശൻ ചോദിച്ചു.. "എല്ലാം കിട്ടി മുത്തശ്ശാ..ഞാനിതൊക്കെ മുത്തശ്ശിയെ കാണിക്കട്ടെ.. " സന്തോഷത്തോടെ ആര്യ അകത്തേക്ക് കയറി പോയതും നിറ കണ്ണുകളോടെ മുത്തശ്ശൻ അവൾ പോകുന്നത് നോക്കി നിന്നു..

തന്റെ മകളും ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്നൊരു നിമിഷം അയാൾക്ക് തോന്നി പോയി.... ഭദ്രയെ ഓർത്ത്‌ കണ്ണ് നനനഞ്ഞിരിക്കുമ്പോൾ ആണ് മറ്റൊരു വണ്ടി മുറ്റത്തേക്ക് വന്ന് നിർത്തിയത്.. ആരാണെന്ന് നോക്കാനായി മുത്തശ്ശൻ തിരിഞ്ഞു നിന്നു.. ആ സമയം കാറിൽ നിന്നും ഇറങ്ങി വന്ന ജിനോയെ കണ്ട് മുത്തശ്ശൻ മുഖം തിരിച്ചു.പുള്ളിക്കാരൻ ഇപ്പോഴും ജിനോയോട് അകലം പാലിക്കുന്നുണ്ട്.... ലീവ് കഴിഞ്ഞ് ജിനോ തനിച്ചാണ് ജോലി സ്ഥലത്തേക്ക് പോയത്.. ഭാര്യയെയും മക്കളെയും തറവാട്ടിൽ തന്നെ നിർത്തി.. അതിലൊന്നും മുത്തശ്ശൻ ഒരെതിർപ്പും പറഞ്ഞില്ല..പക്ഷേ അവനെ കണ്ണിൽ കാണുമ്പോഴേക്കും ഇവിടെ മുഖം തിരിക്കാൻ തുടങ്ങും....ജിനോയ്ക്ക് അത് പിന്നെ ശീലമായി പോയി.... "അച്ഛാ.... " കൊഞ്ചലോടെ നീട്ടി വിളിച്ചു കൊണ്ട് ജിനോ അച്ഛന്റെ തോളിൽ കയ്യിട്ടതും അവനെ തുറിച്ചൊരു നോട്ടം നോക്കി അവന്റെ കൈ എടുത്ത് മാറ്റി കൊണ്ട് പന്തൽ പണി എടുക്കുന്ന ജോലിക്കാരുടെ അടുത്തേക്ക് ചെന്നു... "ഇങ്ങേർക്കിത് ഒരു മാറ്റവും ഇല്ലല്ലോ അളിയാ.. "

ജീവനെ നോക്കി ജിനോ പറഞ്ഞതും ജീവൻ ചിരിച്ചു കൊണ്ട് തലയാട്ടി.. "നീ നാളെ എത്തുമെന്നാ ഞാൻ കരുതിയെ... എന്താ ലീവ് നേരത്തെ കിട്ടിയോ.... " " ഒരു വിധം ഒപ്പിച്ചതാ... നാളെ പോലും എത്തുമെന്ന് ഞാൻ കരുതിയില്ല.. കല്യാണത്തിന്റെ അന്ന് താലികെട്ടിന് ആവും എത്തുകയെന്നാ ഞാൻ വിചാരിച്ചേ... എന്തായാലും ഒന്നെത്തി കിട്ടി... അല്ലാ... എവിടെ കല്യാണപ്പെണ്ണ്... " "അകത്തുണ്ട്.. പർച്ചേസിംഗ് ഒക്കെ കഴിഞ്ഞ് ഇപ്പോ വന്ന് കയറിയതേ ഉള്ളൂ.... " "ആഹാ.. ഞാനെന്നാൽ അകത്തേക്ക് ചെല്ലട്ടെ... " അതും പറഞ്ഞ് ജിനോ ബാഗും തോളിൽ ഇട്ട് അകത്തേക്ക് കയറി... അവിടെ മുറിയിൽ ഇരുന്ന് സാരിയും ഓർണമെന്റ്സും മുത്തശ്ശിക്ക് കാണിച്ചു കൊടുക്കുകയായിരുന്നു ആര്യ... കൂടെ അനിയും ശിവയും അവരുടെ അമ്മയും ഉണ്ട്.... അവർക്കിടയിലേക്ക് വന്ന ജിനോയെ കണ്ടതും ആര്യ തന്റെ കണ്ണുകൾ വിടർത്തി... "അങ്കിൾ.... സർപ്രൈസ് ആയിപ്പോയല്ലോ... ഇന്ന് എത്തുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.... " "ഞാനും പ്രതീക്ഷിച്ചിരുന്നില്ല.... അല്ലെങ്കിലും അപ്രതീക്ഷിതമായ കാര്യങ്ങൾ ആണല്ലോ നടന്നതൊക്കെയും... "

അവളെ ഒന്നാക്കി കൊണ്ട് ജിനോ പറഞ്ഞതും അവൾ ജിനോയ്ക്ക് ഒന്ന് ചിരിച്ചു കൊടുത്തു... "അനീ... സുഖം തന്നെയല്ലേ... " ജിനോ സാറെ കണ്ട് ഇളിച്ചു നിൽക്കുന്ന അനിയെ നോക്കി ജിനോ ചോദിച്ചതും അവൾ തലയാട്ടി.... അല്പ സമയം അവിടെ ഇരുന്ന് മുത്തശ്ശിയോട് വന്ന വിശേഷം പറഞ്ഞു തീർത്ത് ജിനോ ആര്യയുമായി അവരുടെ ഇടയിൽ നിന്നും മാറി നിന്നു... "നിന്റെയും അക്ഷിതിന്റെയും കല്യാണം... ഞാനൊട്ടും പ്രതീക്ഷിച്ചില്ല... ജീവേട്ടൻ വിളിച്ച് എല്ലാം പറഞ്ഞപ്പോൾ ഷോക്കടിച്ച പോലെ ആയിരുന്നു എന്റെ അവസ്ഥ.. സത്യം പറഞ്ഞാൽ... ഞാൻ വിചാരിച്ചിരുന്നത് അമിതും നീയും ഒന്നിക്കുമെന്നാണ്‌.. " ജിനോയുടെ വാക്കുകൾ കേട്ടതും ആര്യ പൊട്ടിച്ചിരിച്ചു.. "അമിതും ഞാനുമോ... അടി കൂടി അവസാനം പ്രണയത്തിൽ ആവുന്നത് ഇപ്പോൾ ഔട്ട്‌ ഓഫ് ഫാഷൻ ആണ് എന്റെ അങ്കിളേ... " "ഓ.. എന്നിട്ട് നിന്റെ അക്ഷിത് ചെയ്തത് ആവുമല്ലേ ഫാഷൻ.. ഒന്ന് പോടീ... എന്തായാലും ഞാൻ ഹാപ്പിയാണ്... നിന്നെ മെരുക്കാൻ പറ്റിയ ആള് തന്നെ വന്നല്ലോ " "പോടാ അങ്കിളേ... "

ആര്യ ജിനോയുടെ കയ്യിൽ പിച്ചിയതും തിരിച്ച് തല്ലാനായി ജിനോ കയ്യോങ്ങിയതും ആര്യ അകത്തേക്കോടി പോയി.....അവളുടെ അമ്മ മരിച്ചതിനു ശേഷം അവളുടെ ചിരിക്ക് ഇത്രമാത്രം തിളക്കം ഉണ്ടായിട്ടില്ലെന്ന് ജിനോ ഓർത്തു........ ************ മുറ്റം മുഴുവൻ പന്തലിട്ട് അറേഞ്ച്മെന്റ്സ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു അമിതും അക്ഷിതും സൂര്യ ദാസും എല്ലാം.. പന്തൽ പണിക്കാരും കൂടെയുണ്ട്... അതിനിടയിലാണ് അക്ഷിതിന്റെ മുഖം അമിത് ശ്രദ്ധിച്ചത്.. ഉടനെ അവൻ കളിയാക്കാനും മറന്നില്ല.. "എന്താ ഏട്ടാ... നാളെ കഴിഞ്ഞാൽ മറ്റെന്നാൾ കല്യാണമാണ്... മുഖത്തൊരു ഉഷാറില്ലല്ലോ...," "പോടാ എനിക്കൊരു ഉഷാർ കുറവും ഇല്ലാ... " "മ്മ്മ്.. മനസ്സിലായി... ആര്യയെ കാണാത്തത് കൊണ്ടല്ലേ ഈ വിമ്മിഷ്ടം... എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്... കാര്യമില്ല മോനേ.. മറ്റെന്നാൾ കതിർമണ്ഡപത്തിൽ അല്ലാതെ ഏട്ടൻ അവളെ കാണില്ല.. " "ഓ.. അങ്ങനെ ആവട്ടെ.. എനിക്കതിനൊരു പ്രശ്നവുമില്ലല്ലോ." അവനോട് പ്രശ്നം ഇല്ല എന്ന് പറഞ്ഞെങ്കിലും ആര്യയെ കാണാത്തത് കൊണ്ട് തന്നെയായിരുന്നു അക്ഷിതിന്റെ ഉന്മേഷക്കുറവിന്റെ കാരണം.. അമിത് പറഞ്ഞത് പോലെ കതിർമണ്ഡപത്തിൽ വെച്ചിനി അവളെ കാണാമെന്ന ചിന്തയിൽ അവൻ ആശ്വാസപ്പെട്ടു....

ഏട്ടന്റെ മുഖത്തെ തേജസ്‌ കുറവിന് കാരണം ആര്യയെ കാണാത്തത് കൊണ്ടുള്ളതാണെന്ന് മനസ്സിലാക്കി കൊണ്ട് അമിത് അവന്റെ അടുത്ത് നിന്ന് അകത്തേക്ക് കയറി പോയി... അക്ഷിതിന്റെ അവസ്ഥ ഓർത്ത്‌ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് സോഫയിൽ ഇരുന്ന് എന്തോ ആലോചിക്കുന്ന അമനെ അവൻ കണ്ടത്.. ഉടനെ അവന്റെ അടുത്തേക്ക് ചെന്ന അമിത് അവന്റെ തലക്ക് കൊട്ടി... "എന്താ ഡാ... ഈ അടുത്ത കാലത്തെങ്ങാനും നീ അവളോട് മനസ്സിൽ ഉള്ളത് പറയുമോ.... " "ഏട്ടൻ നോക്കിക്കോ.. ഞാൻ പറയും.... " "മ്മ്മ്മ്... എനിക്ക് തോന്നുന്നില്ല.. അവളെ കാണുമ്പോൾ പേടിച്ചു വിറച്ച് മാറി നിൽക്കാനേ നിന്നെ കൊണ്ട് കഴിയൂ.. പ്രേമിക്കുന്നെങ്കിൽ അത് മുഖത്തു നോക്കി പറയാനുള്ള ചങ്കൂറ്റവും വേണം..നിനക്കാ സാധനം ഇല്ല... മോൻ തത്കാലം അത് മറന്നേക്ക്.... " അവന്റെ കവിളിൽ കൊട്ടി, ചിരിച്ചു കൊണ്ട് അമിത് എഴുന്നേറ്റു പോയി... 'അങ്ങനെ മറക്കാൻ കഴിയില്ലല്ലോ..... ഇനിയവൾ എങ്ങനെ പ്രതികരിച്ചാലും എനിക്ക് പ്രശ്നം ഇല്ല.. ചങ്കൂറ്റത്തോടെ തന്നെ ഞാൻ എന്റെ ഇഷ്ടം പറഞ്ഞിരിക്കും.. ' മനസ്സിൽ ഉറച്ച തീരുമാനം അമൻ എടുത്തു കഴിഞ്ഞിരുന്നു....കല്ല്യാണണദിനം പെട്ടന്നാവാനും തന്റെ മനസ്സിൽ ഉള്ളത് വേഗം അവളോട് പറയാനും അവന്റെ മനസ്സ് തുടിച്ചു.....

പിറ്റേന്ന് കല്ല്യാണത്തിന്റെ തലേ ദിവസം ആയിരുന്നു... അക്ഷിതിന്റെ വീട്ടിൽ അടുത്ത ബന്ധുക്കൾ അല്ലാതെ മറ്റാരും വന്നില്ല..പക്ഷേ ആര്യയുടെ വീട് കല്ല്യാണ ബഹളത്തിൽ ആഹ്ലാദിച്ചു...... ആര്യയുടെ കയ്യിലും കാലിലും മെഹന്ദി അണിയുന്ന തിരക്കിൽ ആയിരുന്നു ശിവയും അനിയും... റസ്റ്റ് ആണെന്ന് നോക്കാതെ അനി എല്ലാ കാര്യത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു... ഒടുവിൽ അമ്മയുടെ ചീത്ത കിട്ടിയത് കാരണം അനി, അടങ്ങി ഒതുങ്ങി ഒരു ഭാഗത്തിരുന്ന് ആര്യക്ക് മെഹന്ദി അണിയാൻ തുടങ്ങി..... ജീവനും അനിരുദ്ധ് ഉം ജിനോയും മുത്തശ്ശനും എല്ലാം പന്തലിൽ ഓരോ തിരക്കിൽ ആയിരുന്നു.. താലികെട്ട് വീട്ടിൽ വെച്ച് തന്നെ ആയതിനാൽ സദ്യ നേരത്തെ ഒരുക്കാനുള്ള തയ്യാറെടുപ്പ് ഇപ്പോഴേ അവർ തുടങ്ങി കഴിഞ്ഞിരുന്നു... അനിയുടെ അമ്മയും കുടുംബത്തിലെ മറ്റ് സ്ത്രീകളും സഹായത്തിനായി പന്തലിൽ എത്തി...... "മോളേ.... മൈലാഞ്ചി ഇടൽ കഴിഞ്ഞോ." മൈലാഞ്ചി ഇട്ട് കഴിഞ്ഞ് ക്ഷീണം തോന്നിയ അനി വീട്ടിലേക്ക് പോയതും ആര്യ തന്റെ മുറിയിലേക്ക് ചെന്നു... കൈകളിലെ മൈലാഞ്ചി ചന്തം നോക്കുന്നതിനിടയിലാണ് മുത്തശ്ശി കയറി വന്നത്.... അവൾ എണീക്കാൻ നിന്നതും മുത്തശ്ശി അവളെ കട്ടിലിൽ ഇരുത്തി. "നന്നായിട്ടുണ്ട്. "

കൈകളിലേക്ക് നോക്കി കൊണ്ട് മുത്തശ്ശി പറഞ്ഞതും അവൾ ചിരിച്ചു.. "പിന്നെ മോളേ.. ഞാൻ വന്നത്... ഇത് തരാൻ ആണ്... " ഒരു പൊതി അവൾക്ക് നേരെ നീട്ടി കൊണ്ട് മുത്തശ്ശി പറഞ്ഞതും സംശയത്തോടെ അവൾ മുത്തശ്ശിയെ നോക്കി... "നിന്റെ അമ്മയുടെ കല്യാണ സാരിയാണ്... നീയും ഇതിട്ട് കാണാൻ അവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും... നാളെ ഇത് അണിഞ്ഞു കൊണ്ട് മോള് മണ്ഡപത്തിൽ കയറിയാൽ മതി.. നിന്റെ അമ്മയുടെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാവും.. " കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞതും ആര്യയുടെ കണ്ണുകളും നിറഞ്ഞു വന്നു... "ഞാൻ ഈ സാരി തന്നെ ഉടുക്കാം മുത്തശ്ശി.." സങ്കടം മറച്ചു വെച്ച് കൊണ്ട് ആര്യ ചിരിച്ചു... അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട് മുത്തശ്ശി എഴുന്നേറ്റു പോയതും ആര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഒലിച്ചു... തന്റെ ജീവിതത്തിലെ സുന്ദരമായ മുഹൂർത്തത്തിൽ അമ്മ കൂടെ ഇല്ലല്ലോ എന്ന ചിന്ത അവളുടെ ഹൃദയത്തെ മുറിപ്പെടുത്തി... ആ സമയം,,, അവളുടെ ഹൃദയം നൊന്തെന്ന് മനസ്സിലാക്കിയെന്ന അർത്ഥത്തിൽ ഫോണിലേക്കൊരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു.... പതിവായി തന്റെ മനസ്സ് കവരുന്ന ആ ശബ്ദവും ആ പാട്ടും അവളുടെ കണ്ണുനീരിനെ മായ്ച്ചു കളഞ്ഞു... അക്ഷിതിന്റെ മുഖം ഓർത്തു കൊണ്ടവൾ പുഞ്ചിരിയോടെ ആ പാട്ടിൽ ലയിച്ചു............ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story