ആത്മരാഗം💖 : ഭാഗം 99

athmaragam thanseeh

രചന: തൻസീഹ് വയനാട്

 അതിരാവിലെ തന്നെ കല്യാണത്തിന്റെ ബഹളത്തിൽ വീടും പന്തലും ഒരുങ്ങി നിന്നു.. ആര്യ തന്നെ എങ്ങനെ മണവാട്ടിയായി ഒരുക്കിയോ അത് പോലെ തന്നെ അവളെയും ഒരുക്കണമെന്നു അനിക്കു വാശിയായിരുന്നു...തലേന്ന് ആര്യയുടെ കൂടെ കിടക്കണം എന്നുണ്ടായിരുന്നു എങ്കിലും അനിൽ സാർ ഉണ്ടായതിനാൽ, അവളുടെ വീട്ടിൽ തന്നെ ആയിരുന്നു കിടന്നത്... നേരം വെളുക്കും മുന്നേ എഴുന്നേറ്റ അനി ആര്യയെ വിളിക്കാനായി ആര്യയുടെ വീട്ടിലേക്കോടി.. പുറത്ത് പന്തലിൽ കട്ടൻ കുടിച്ച് സംസാരത്തിൽ ഏർപ്പെട്ട ജീവനും അനിരുദ്ധ് ഉം ജിനോയും അവളുടെ പോക്ക് കണ്ട് പരസ്പരം നോക്കി ചിരിച്ചു.... ഡോർ തുറന്നപ്പോൾ ആര്യയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ശിവയെ കണ്ടവൾക്കു കുശുമ്പ് കയറി... അവൾ അവിടെയാണ് കിടന്നതെന്നു അനി അറിഞ്ഞിരുന്നില്ല... ഉടനെ തന്നെ അനി ശിവ പുതച്ചിരുന്ന പുതപ്പ് വലിച്ചൂരി..... തലയിണ എടുത്തു മാറ്റി കൊണ്ട് അത് വെച്ചവളെ തല്ലാൻ തുടങ്ങി... " ചേച്ചീ...... " ഉറക്കം കളഞ്ഞതിന്റെ ഈർഷ്യയോടെ മുഖം വീർപ്പിച്ചു കൊണ്ട് ശിവ എഴുന്നേറ്റിരുന്നു..

അനി പ്രെഗ്നന്റ് ആയതിനാൽ തന്നെ ശിവ തിരിച്ചൊന്നും ചെയ്യാതെ മിണ്ടാതിരുന്നു.. അത് മുതലെടുത്ത അനി അവളുടെ അസൂയ മുഴുവൻ തീർത്തു... ഇരുവരുടേയും ബഹളം കേട്ട് ഉണർന്ന ആര്യ അനിയെ തടഞ്ഞു വെച്ചു.. "എന്റെ അനീ... ഇത് കണ്ട് അമ്മ വന്നാൽ നിനക്ക് കിട്ടും കേട്ടോ... ഒന്നടങ്ങി ഒതുങ്ങി ഇരിക്ക് നീ... ". "മ്മ്മ്.. ചേച്ചിയുടെ വയറ്റിലുള്ള കുഞ്ഞിനെ ഓർത്ത്‌ ക്ഷമിച്ചു നിൽക്കാ ഞാൻ... നോക്കിക്കോ ഡീ.. കുഞ്ഞ് ഒന്നിങ്ങു വരട്ടെ.. കണക്ക് സഹിതം ഞാൻ തരാം... " അതും പറഞ്ഞ് കൊഞ്ഞനം കുത്തി കാണിച് ശിവ ബെഡിൽ നിന്നും എണീറ്റ് പോയി.. അവളുടെ പോക്ക് കണ്ട് ചിരിച്ച അനി ആര്യയുടെ നേരെ തിരിഞ്ഞു.. "നീയെന്ത് നോക്കി നിൽക്കാ.. പോയി പല്ല് തേച്ച് കുളിച്ച് വന്നേ... നിന്നെ നന്നായി ഒന്ന് ഒരുക്കണം... അക്ഷിത് ചേട്ടന്റെ കണ്ണ് തള്ളി പോകണം... എന്തായാലും പാവം ഒരാഴ്ച ആയില്ലേ തന്റെ പ്രാണ സഖിയെ കണ്ടിട്ട്...കണ്ട മാത്രയിൽ അങ്ങേരെ കിളി പോകണം... എണീറ്റെ വേഗം.... " ആര്യയെ ബെഡിൽ നിന്നും വലിച്ചെണീപ്പിച്ചു കൊണ്ട് അനി അവളെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു..... കുളി കഴിഞ്ഞ് എത്തിയ അവളെ കാത്ത് മുറിയിൽ തന്നെ അനി ഇരിക്കുന്നുണ്ടായിരുന്നു.. ആര്യ വന്നതും അനി അവളെ കസേരയിൽ ഇരുത്തി....

"അപ്പോൾ തുടങ്ങാം... ഒന്നും എതിർത്തു പറയാൻ വന്നേക്കരുത്.. നന്നായി തന്നെ ഞാൻ ഒരുക്കും.. " "ഓ... ആയിക്കോട്ടെ.. " അവൾക്ക് സമ്മതം കൊടുത്തു കൊണ്ട് ആര്യ കസേരയിൽ ഇരുന്ന് കണ്ണാടിയിലേക്ക് നോക്കി.. ആ സമയത്താണ് അനിയുടെ അമ്മ മുറിയിലേക്ക് വന്നത്.. "ആദ്യം ചായ കുടിക്ക്.. എന്നിട്ട് മതി ഒരുക്കം.." അതും പറഞ്ഞ് അനിയുടെ അമ്മ അവൾക്കായി കൊണ്ട് വന്ന ചായയും പലഹാരവും തന്റെ കൈ കൊണ്ട് തന്നെ അവൾക്ക് നൽകി... ഒരമ്മയുടെ സ്നേഹവും സാമീപ്യവും എന്നും നൽകിടുന്ന അനിയുടെ അമ്മയെ നോക്കി പുഞ്ചിരിച്ച ആര്യയുടെ കണ്ണുകൾ നിറഞ്ഞു... സ്വന്തം മകളെ പോലെ, അല്ലെങ്കിൽ അതിനേക്കാൾ ഏറെ ആര്യയെ സ്നേഹിച്ച അമ്മയുടെയും കണ്ണുകൾ നിറഞ്ഞു... മുറിയിൽ നിന്നും തിരിച്ചു പോകാൻ നിന്നപ്പോൾ ആണ് ബെഡിൽ വിരിച്ചിട്ടിരിക്കുന്ന സാരി അനിയുടെ അമ്മയുടെ ശ്രദ്ധയിൽ പെട്ടത്.. ഉടനെ സാരിയിൽ അവർ തലോടി... "ഭദ്രയുടെ സാരി അല്ലേ ഇത്... ഇന്നത്തെ ദിവസം മോള് ഇത് തന്നെയായിരുന്നു ഉടുക്കേണ്ടിയിരുന്നത്....

എല്ലാവർക്കും സന്തോഷമാവും... അവളുടെ അനുഗ്രഹം മോൾക്ക് കിട്ടട്ടെ... " കൂടുതൽ ഒന്നും പറയാൻ വാക്കുകളിലെ ഇടർച്ച കാരണം അവർക്കായില്ല... തിരിഞ്ഞു നോക്കാതെ അമ്മ മുറിയിൽ നിന്ന് പോയതും ആര്യ ആ സാരി കയ്യിലെടുത്ത് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു...... നിമിഷങ്ങൾക്ക് ശേഷം സാരി ഉടുത്തു കൊണ്ടവൾ അനി നിർദ്ദേശിച്ച പോലെ കസേരയിൽ ഇരുന്നു.... എല്ലാം അനിക്ക് വിട്ടു കൊടുത്തു കൊണ്ടവൾ കസേരയിൽ മിണ്ടാതെ ഇരുന്നു...... "അടിപൊളി വാവീ... നിനക്കീ സാരി നന്നായി ചേരുന്നുണ്ട്... " മാറ്റി ഒരുക്കി തന്റെ മുന്നിൽ അവളെ നിർത്തി അടിമുടി നോക്കി കൊണ്ട് അതും പറഞ്ഞ് അനി അവളുടെ കവിളിൽ ഉമ്മ കൊടുത്തു... കണ്ണാടിയിൽ നോക്കിയ ആര്യ ഒരു നിമിഷം മൗനം പാലിച്ചു നിന്നു..... പരമ്പരാഗത പട്ടു സാരിയിൽ താൻ കൂടുതൽ സുന്ദരി ആയത് പോലെ അവൾക്ക് തോന്നി... പർപ്പിൾ കളർ പട്ട് സാരിയും അതിലേക്ക് പുത്തൻ ഫാഷൻ ആഭരണങ്ങളും... മുടി പിന്നിലേക്ക് മെടഞ്ഞിട്ട് മുല്ലപ്പൂ ഇരു സൈഡിലേക്കും പിറകിലേക്കും തൂക്കി ഇട്ടിട്ടുണ്ട്..

കൈകളിലെ ചുവപ്പ് നിറം മറ്റെന്തിനേക്കാളും ഭംഗി തോന്നിപ്പിക്കുന്നുണ്ട്..... "വാവീ... ഇനി ഞാൻ പോയി ഒരുങ്ങി വരാം ട്ടോ..... ആ ശിവയുടെ ഒരുക്കം കഴിഞ്ഞോ ആവോ.. " അതും പറഞ്ഞ് അനി പോയതും ആര്യയും മുറിയിൽ നിന്നും ഇറങ്ങി. "ദേ നോക്കിയേ.... " ആര്യ പുറത്തേക്ക് വരുന്നത് കണ്ട മുത്തശ്ശി മുത്തശ്ശനെ തോണ്ടി വിളിച്ചു... ജീവനോട് സംസാരിക്കുകയായിരുന്നു മുത്തശ്ശൻ തല തിരിച്ചതും പുഞ്ചിരിച്ചു കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരുന്ന ആര്യയെ കണ്ടു.. അടുത്ത നിമിഷം തന്നെ അദ്ദേഹം കണ്ണും മിഴിച്ചു നിന്നു.... "ശെരിക്കും ഭദ്രയെ പോലെ...... ആ ചിരിയും നടത്തവും...... എല്ലാം... ".. വിതുമ്പലോടെ മുത്തശ്ശി പറഞ്ഞപ്പോഴേക്കും ആര്യ അടുത്തെത്തി കഴിഞ്ഞിരുന്നു... തന്നെ നോക്കി അന്തം വിട്ടു നിൽക്കുന്ന അച്ഛനെയും മുത്തശ്ശനെയും മുത്തശ്ശിയെയും നോക്കിയവൾ കൈ ഞൊടിച്ചു.. "എന്താ മൂന്ന് പേരും ഇങ്ങനെ നോക്കുന്നെ... കൊള്ളില്ലേ... " കൈ രണ്ടും ഇടുപ്പിൽ വെച്ച് അവർക്ക് മുന്നിൽ നിന്ന് പറഞ്ഞതും ജീവൻ വാക്കുകൾ കിട്ടാതെ മുഖം തിരിച്ചു...

തന്റെ പ്രിയതമ മുന്നിൽ വന്നു നിന്ന പോലെ ആയിരുന്നു അയാൾക്ക് തോന്നിയത്... കണ്ണുകളിലെ നനവ് ചിരിയാൽ മറച്ചു കൊണ്ട് അച്ഛൻ മുഖം അവൾക്ക് നേരെ തന്നെ തിരിച്ചു.. "പിന്നെ കൊള്ളാതെ . അച്ഛന്റെ മോള് എന്നും സുന്ദരി തന്നെയല്ലേ.. നിന്റെ അമ്മയെ പോലെ... " അച്ഛന്റെ വാക്കുകൾക്കവൾ പുഞ്ചിരി നൽകി കൊണ്ട് അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു... മുത്തശ്ശൻ ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു .. ഭദ്രയുടെ ഓർമ്മകൾ അദ്ദേഹത്തെ തളർത്തി തുടങ്ങിയിരുന്നു.... അത് മനസ്സിലാക്കിയ ആര്യ അദ്ദേഹത്തിന്റെ അടുത്തിരുന്ന് തോളിൽ കയ്യിട്ട് കവിളിൽ ഉമ്മ വെച്ചു.... "മുത്തശ്ശൻ കരയുവാണോ... ഇന്നെന്നെ സന്തോഷത്തോടെ യാത്ര ആക്കേണ്ട ആളാ... ഒന്ന് ചിരിച്ചേ... അല്ലേൽ ഞാൻ മിണ്ടില്ല കേട്ടോ.. " ആര്യയുടെ വാക്കുകൾ കേട്ട് മുത്തശ്ശൻ ചിരിക്കാനൊരു പാഴ്ശ്രമം നടത്തി.....അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടോ എന്തോ ജിനോ വന്നു അച്ഛന്റെ തോളിൽ തൂങ്ങി.... "ഒരു മീശ കൂടി ഉണ്ടായിരുന്നെങ്കിൽ ഇവളെ കാണാൻ കറക്റ്റ് എന്റെ ലുക്ക് ആയിരുന്നേനെ അല്ലേ....

എന്റെ എല്ലാ സൗന്ദര്യവും അതേ പോലെ ഇവൾക്കും കിട്ടിയിട്ടുണ്ട് അല്ലേ അച്ഛാ......" ആദ്യം മറുപടി പറഞ്ഞത് പക്ഷെ അദ്ദേഹത്തിന്റെ കയ്യിലിരുന്ന ഊന്നുവടിയായിരുന്നു..... "പ്‌ഭ.......നിന്റെ കുരുട്ടടക്ക പോലുള്ള കണ്ണും ഒന്നര മീറ്റർ നീളമുള്ള മൂക്കും ചപ്പിയ മത്തങ്ങാ പോലോത്ത മുഖവും വെച്ച് എന്റെ കൊച്ചിനെ താരാതമ്യപ്പെടുത്തുവോടാ പരട്ട നസ്രാണീ......മര്യാദക്ക് സദ്യവട്ടം നോക്കി അവിടെ ഇരുന്നോണം...ഇല്ലെങ്കിൽ നിന്റെ ചെവി രണ്ടും ഞാൻ പറിച്ചെടുക്കും...." ഉടനെ ജിനോ ചെവി രണ്ടും പൊത്തിപിടിച്ചു... "മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമെന്നാ കിളവന്റെ വിചാരം...." പിറുപിറുത്തു കൊണ്ട് അയാൾ ആര്യയെ നോക്കി കണ്ണിറുക്കി കാണിച്ചു... പെയ്യാൻ വെമ്പി നിന്ന മുത്തച്ഛന്റെ കണ്ണിൽ കപട ദേഷ്യവും ചുണ്ടിൽ വിരിഞ്ഞു വരുന്ന കുസൃതിച്ചിരിയും കണ്ട് അവളുടെ മനസ്സും തണുത്തു.... ************ "മതി അമീ... നീയെന്താ ഈ ചെയ്യുന്നേ... " "ഹേയ്.. മതി ആവുമ്പോൾ ഞാൻ നിർത്തും കേട്ടല്ലോ... ഏട്ടൻ അടങ്ങി ഒതുങ്ങി ഇരിക്ക്.. ഏട്ടന്റെ ഈ ഗെറ്റപ്പ് തന്നെ മാറ്റണം.. "

രാവിലെ തന്നെ അക്ഷിത്തിനെ ഒരുക്കുന്ന പണിയിൽ ആയിരുന്നു അമിത്. കൂടെ മഹിയും ഉണ്ട്..... അമിത് പറഞ്ഞതനുസരിച്ച് രാവിലെ തന്നെ അവൻ വീട്ടിൽ എത്തിയിരുന്നു... ലീന കുഞ്ഞുമായി നൈനികയോടൊപ്പം അവൾ ഒരുങ്ങുന്നതും നോക്കി അപ്പുറത്തെ മുറിയിലും കയറി കൂടിയിട്ടുണ്ട്.... അമൻ, ഇന്ന് രണ്ടിലൊന്ന് നടക്കുമെന്ന വിശ്വാസത്തിൽ ഉറച്ച തീരുമാനത്തിൽ ശിവ കാണാനായി ഒരുങ്ങാൻ തുടങ്ങി..... അക്ഷര എന്നത്തേയും പോലെ അമ്മയുമായി അടിപിടി കൂടി ഒരുങ്ങുന്നുണ്ട്..... സൂര്യ ദാസ് പന്തലിൽ തിരക്കിലാണ്... വരുന്ന ബന്ധുക്കളെ സ്വീകരിക്കുന്നും ഉണ്ട്.... അക്ഷിതിന്റെ എതിർപ്പ് ഗൗനിക്കാതെ അവനെ അടിമുടി മാറ്റി എടുക്കുന്ന തിരക്കിൽ ആണ് അമിത്.. ചന്ദന കളർ കസവ് മുണ്ടും ഷർട്ടും ധരിപ്പിച്ച് മുടി സ്റ്റൈലിൽ ഒതുക്കി കൊടുത്ത് അമിത് അക്ഷിത്തിനെ ഒരുക്കി എടുത്തു ... "ഇതെന്തിനാ.... ഇതൊന്നും വേണ്ട.. അല്ലേ അമിത്... " മാറ്റി ഒരുങ്ങി നിന്നതിന് ശേഷം അക്ഷിത് കണ്ണട എടുത്തു വെക്കാൻ നിന്നതും മഹി അവനെ തടഞ്ഞു.. "അതേ ഇതെന്തിനാ ഇനി.... ഏട്ടൻ കണ്ണട ഇല്ലാതെ നിന്നാൽ മതി... "

"ഏയ് വേണ്ട... ഞാൻ പഴയ അക്ഷിത് തന്നെയാണ്.. . എന്നുമീ കോലത്തിൽ കണ്ടാൽ മതി എല്ലാവരും.. " ചിരിച്ചു കൊണ്ട് അക്ഷിത് കണ്ണട വെച്ചതും അമിത് എതിർക്കാൻ പോയില്ല... അവന്റെ ഇഷ്ടം പോലെ ആവട്ടെ എന്ന് അമിത് കരുതി..... "ഒരുക്കം കഴിഞ്ഞോ.. മുഹൂർത്തത്തിന് മുൻപ് അവിടെ എത്തണം.. എല്ലാവരും എത്തി.. " അടുത്ത ബന്ധുക്കൾ എത്തി കഴിഞ്ഞതും അമ്മ അവരെ വിളിക്കാനായി മുറിയിലേക്ക് വന്നു... കഴിഞ്ഞെന്ന് പറഞ്ഞ് അമിതും മഹിയും അക്ഷിതിനെയും കൂട്ടി അമ്മയുടെ പിറകെ ഇറങ്ങി... താഴെ അവരെയും കാത്ത് എല്ലാവരും റെഡി ആയി നിൽപ്പുണ്ടായിരുന്നു ........ നൈനികയും അമിതും അക്ഷിതും അക്ഷരയും അമനും ഒരു കാറിലും മഹിയും ലീനയും സൂര്യ ദാസും രാഗിണിയും മറ്റൊരു കാറിലും ബാക്കി ഉള്ളവർ അവരുടെ കാറിലുമായി ആര്യയുടെ വീട്ടിലേക്ക് തിരിച്ചു..... യാത്രയിൽ ഉടനീളം അക്ഷിതിന്റെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടേയിരുന്നു..... കല്യാണ പെണ്ണായി ആര്യയെ മനസ്സിൽ സങ്കല്പിക്കുമ്പോഴൊക്കെ അവളെ കാണുവാൻ അവന്റെ മനസ്സ് തുടിച്ചിരുന്നു...

ഒരാഴ്ചയായി അവളെ കാണാൻ കഴിയാത്തതിന്റെ വിഷമം ഇന്നലെ വരെ ചെറിയ നീറ്റലായി മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് പ്രത്യേക തരം ഫീൽ ആണ് മനസ്സിൽ എന്നവൻ തിരിച്ചറിഞ്ഞു.... ഓരോ സെക്കന്റ്നും ദൈർഘ്യം കൂടുതലുള്ള പോലെ അവന് തോന്നി.... ദൂരം ഒത്തിരി പിന്നിട്ടും അവളുടെ വീട്ടിലേക്ക് എത്തിടാത്ത പോലെ.... എസി കാറിലും അക്ഷിത് വിയർത്തു കൊണ്ടിരുന്നു..... ഒടുവിൽ കാർ നിന്നതും അക്ഷിത് ഞെട്ടലോടെ തല തിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി....... വലിയ പന്തലിട്ട ആര്യയുടെ വീട് കണ്ടതും അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു... ജീവൻ വന്നവനെ കാറിൽ നിന്നിറക്കിയതും തിരക്കുകൾക്കിടയിലൂടെയും അവന്റെ കണ്ണുകൾ ആര്യക്കായി തിരച്ചിൽ നടത്തി.. "ഏട്ടാ...മണ്ഡപത്തിലേക്ക് വരാതെ എങ്ങോട്ടും പോവില്ല... ടെൻഷൻ ആവാതെ.... "

അക്ഷിതിന്റെ കണ്ണുകൾ ആര്യയെ തേടുകയാണെന്ന് മനസ്സിലാക്കിയ അമിത് മണ്ഡപത്തിലേക്ക് കയറാൻ നിന്ന അക്ഷിതിന്റെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു... അവനൊരു പുഞ്ചിരി മാത്രം നൽകി കൊണ്ട് അക്ഷിത് മണ്ഡപത്തിൽ കയറി ഇരുന്നു...... "വാവീ.... മുഹൂർത്തം ആയി . വാ.. " അക്ഷിത് വന്നതറിഞ്ഞ് സന്തോഷത്തോടെ തല താഴ്ത്തി ഇരുന്ന ആര്യയുടെ കൈ പിടിച്ചു കൊണ്ട് അനി പുറത്തേക്ക് കൊണ്ട് വന്നു.... "മോള് അച്ഛന്റെ അനുഗ്രഹം വാങ്ങി മണ്ഡപത്തിൽ കയറ്.. മുഹൂർത്തം ആയി തുടങ്ങി.. " അവളുടെ ഷോൾഡറിൽ തട്ടി കൊണ്ട് മുത്തശ്ശൻ പറഞ്ഞതും ആര്യ അച്ഛന്റെ കാൽക്കൽ വീണു.. നിറ കണ്ണുകളോടെ അച്ഛൻ അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു... "വാ മോളെ... " അനിയുടെ അമ്മയും മാമിമാരും അവളെ മണ്ഡപത്തിലേക്ക് ആനയിച്ചു......... "ഏട്ടാ.... ആര്യ വരാൻ ആയിട്ടോ... കണ്ണ് നിറയെ കണ്ടോ ഇനി.. ആരും തടുക്കില്ല... " ആര്യ പന്തലിലേക്ക് ഇറങ്ങി മണ്ഡപത്തിലേക്ക് നടന്നു വരുന്നത് കണ്ടതും അമിത് പിറകെ വന്ന് അക്ഷിതിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു... തല താഴ്ത്തി ഇരിക്കുവായിരുന്ന അക്ഷിത് അത് കേട്ടതും കണ്ണുകൾ ഇറുക്കി അടച്ചു....

അവൾ തന്റെ അടുത്തേക്ക് വരുന്നത് ഫീൽ ചെയ്തതും അവളെ കാണാൻ അവന്റെ ഹൃദയം തുടിച്ചു... മെല്ലെയവൻ കണ്ണുകൾ തുറന്നതും താലത്തിൽ കത്തിച്ചു വെച്ച ദീപത്തിന്റെ പ്രഭയിൽ , പട്ട് സാരിയുടെ പകിട്ടോടെ കരിമഷി കണ്ണുകൾ വിടർത്തി പുഞ്ചിരി തൂകി കൊണ്ട് വരുന്ന ആര്യയെ കണ്ട് അക്ഷിതിന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചു....... കാണാൻ ഏറെ കൊതിച്ച വേഷത്തിൽ തന്റെ പ്രാണസഖി അതി സുന്ദരിയായി കാണപെട്ടതും അവൾക്ക് നേരെ പുഞ്ചിരി തൂകാൻ പോലും അവൻ മറന്നു...... ആര്യ വന്ന് അക്ഷിതിന്റെ തൊട്ടടുത്ത് ഇരുന്നിട്ടും മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുവായിരുന്നു അവൻ... തന്നോട് ചേർന്നിരിക്കുന്ന അവളുടെ കണ്ണിലേക്കൊന്ന് നോക്കാൻ അവന്റെ ഹൃദയം വെമ്പി... മെല്ലെ തല ചെരിച്ചു കൊണ്ട് അക്ഷിത് അവളെ നോക്കിയതും അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് ആര്യ ഒന്ന് പുഞ്ചിരിച്ചു..... ആ സമയം പൂജാരി കർമ്മങ്ങൾ ഓരോന്ന് ചെയ്ത് തുടങ്ങിയതും അക്ഷിത് അവളിൽ നിന്നും കണ്ണെടുത്തു.....

കൊട്ടും കുരവയും നാദ സ്വരങ്ങളും ഉയർന്നതും അക്ഷിത് ആര്യയുടെ കഴുത്തിൽ താലി ചാർത്തി....... ************ താലികെട്ട് കഴിഞ്ഞ ശേഷം ഇരുവരും പന്തലിൽ അവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.... പിന്നീട് ഫോട്ടോ എടുക്കലും മറ്റുമായി സമയം നീങ്ങി.... ആര്യയുടെ വീട്ടിലേക്ക് വന്നയുടനെ അമൻ ശിവയെ ഒന്ന് തനിച്ചു കിട്ടാൻ കാത്ത് നിൽക്കുവായിരുന്നു.. പക്ഷേ അവൾ അമനെ കാണുമ്പോൾ എല്ലാം ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി.... അവനെ കാണുമ്പോൾ ആദ്യത്തെ പോലെ ദേഷ്യം വരുന്നില്ല എന്നതായിരുന്നു അവളുടെ ഈ ഒഴിഞ്ഞു മാറി നടത്തത്തിന് കാരണം....... ഭക്ഷണം കഴിക്കൽ കഴിഞ്ഞും ഫോട്ടോ ഷൂട്ട് നടന്നു.... അതിനിടയിൽ ആര്യയോട് ഒന്ന് മിണ്ടാൻ പോലും അക്ഷിത്തിന് കഴിഞ്ഞില്ല......... "അമീ.... അവൻ വന്നിട്ടുണ്ട്... " ഫോട്ടോ ഷൂട്ടിന്റെ തിരക്കിൽ നിൽക്കുമ്പോൾ ആണ് മഹി അമിതിനെ വിളിച്ചു കൊണ്ട് പോയത്.... അവന്റെ വാക്കുകൾ കേട്ട് അമിത് സന്തോഷത്തോടെ മഹിയുടെ പിറകെ പോയി...

പന്തലിന് പുറത്ത് നിർത്തിയിട്ട കാറിനടുത്തേക്ക് അവന്റെ കാലുകൾ ചലിച്ചു... കാറിനകത്തേക്ക് തലയിട്ട് സംസാരിച്ച ശേഷം അമിത് മഹിയോട് എന്തോ പറഞ്ഞേൽപ്പിച്ചു കൊണ്ട് തിരിച്ച് അക്ഷിതിന്റെ അടുക്കലേക്ക് ഓടി..... "ഏട്ടാ.... " ഫോട്ടോ എടുപ്പിൽ ക്ഷീണിച്ച അക്ഷിതിന്റെയും ആര്യയുടെയും അടുത്തേക്ക് നടന്നടുത്ത അവൻ അക്ഷിത്തിനെ വിളിച്ചു... ആര്യയും അക്ഷിതും അവന്റെ നേരെ നോക്കവേ അവൻ ഒന്ന് പിറകിലേക്ക് നോക്കി കൊണ്ട് മുഖം തിരിച്ചു... "നിങ്ങൾക്ക് ആശംസകൾ അർപ്പിക്കാൻ ഒരാൾ വന്നിട്ടുണ്ട്..." "ആരാ അമീ... " സംശയത്തോടെ ചിരിച്ചു കൊണ്ട് അക്ഷിത് ചോദിച്ചതും അമിത് സൈഡിലേക്ക് നീങ്ങി നിന്നു കൊണ്ട് മുന്നിലേക്ക് നോക്കി.. അമിത് നോക്കിയ ഭാഗത്തേക്ക് നോട്ടമെറിഞ്ഞ അക്ഷിതും ആര്യയും അമ്പരന്ന് നിന്നു... വിശ്വാസം വരാതെ അവർ പരസ്പരം നോക്കി......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story