ആത്മസഖി: ഭാഗം 14

athmasagi

എഴുത്തുകാരി: അശ്വനി

"രോഹിത്... അതിൽ അഞ്ജിത എന്നൊരു നമ്പർ കാണും.. വൈഫ്‌ ആണ്.. കൂടുതൽ ഒന്നും പറയണ്ട... എവിടെ എത്തിക്കണം എന്ന് മാത്രം ചോദിക്ക്... " ശ്രീ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു എന്റെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു രോഹിതിന്റെ കയ്യിൽ വെച്ചു കൊടുത്തു... വൈഫ്‌.... അഞ്ജിത വൈഫ്‌ ആണേൽ ശ്രീയുടെ ഫോട്ടോ എങ്ങനെ.... അവളുടെ ആരായിരിക്കും... !!! ഓരോന്ന് ഓർത്തു കൊണ്ട് ശ്രീയെ തന്നെ നോക്കികൊണ്ടിരുന്നതും എന്റെ നോട്ടം കണ്ടവൾ കണ്ണടച്ച് കാണിച്ചു ഒരു താങ്ങിനെന്ന പോലെ കയ്യിൽ ചുറ്റി പിടിച്ചു തോളിൽ മുഖം അമർത്തി.. "ഡാ... വീട് ഇവിടെ അടുത്ത് ആണ്... വൈഫ് മാത്രേ ഉള്ളൂ... എന്ത് ചെയ്യും...?? " രോഹിത് കാൾ കട്ട്‌ ചെയ്തു സംശയത്തോടെ വന്നു ചോദിച്ചതും ശ്രീയും മുഖം ഉയർത്തി എന്നെ നോക്കി... "തല്ക്കാലം നമുക്ക് കൊണ്ട് വിടാം... ലൊക്കേഷൻ പറഞ്ഞു തന്നില്ലേ...?" ഞാനത് പറഞ്ഞതും ശ്രീയുടെ മുഖം തെളിഞ്ഞു... ഞാനും രോഹിതും കൂടി അയാളെ താങ്ങി പിടിച്ചു കാറിൽ കൊണ്ടു പോയി ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കൊടുത്തു... "ഡാ ഇയാളും ബാലയും തമ്മിൽ എന്താ കണക്ഷൻ..? " രോഹിത് പെണ്ണ് കേൾക്കാതെ അടക്കി പിടിച്ച ശബ്ദത്തിൽ ചോദിച്ചതും ഞാൻ അറിയില്ലെന്ന് തലയാട്ടി ശ്രീയെ നോക്കി...

അവൾ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അയാളെ തന്നെ നോക്കി ബാക്കിൽ കേറി കണ്ണുകൾ അടച്ചിരുന്നു... പെണ്ണ് മൂഡ് ഓഫ്‌ ആയിട്ട് എന്തോ പോലെ.... "അവൾക്ക് പറയാൻ തോന്നുമ്പോൾ പറയട്ടെ.. നീ വാ.. " സംശയത്തോടെ നിൽക്കുന്ന അവന്റെ തോളിൽ ഒന്നു തട്ടി പിന്നിൽ കേറി അവൾക്കടുത്ത് ഇരുന്നു... ഞാൻ വന്നതോ കയറിയതോ പെണ്ണ് അറിഞ്ഞിട്ടില്ല... കാർ നിർത്തിയതും അവൾ ഞെട്ടി കണ്ണ് തുറന്നു ചുറ്റും നോക്കി... "നമ്മൾ എത്തിയതാ... നീ വരുന്നോ...?" അവളുടെ നോട്ടം കണ്ട് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി സീറ്റിലേക്ക് താഴ്ന്നിരുന്നു... "ഇത് തന്നെയാ വീട്... വാ... " അപ്പോഴേക്ക് രോഹിത് പോയി അന്വേഷിച്ചു വന്നു പറഞ്ഞതും ഞാൻ അവളെ നോക്കി പുറത്തേക്ക് ഇറങ്ങി... ഞങ്ങൾ രണ്ടും കൂടി അയാളെ താങ്ങി എടുത്തു കൊണ്ടു പോയി സിറ്റ് ഔട്ടിൽ ഇരുത്തി... അയാളുടെ വൈഫ്‌ എന്ന് തോന്നുന്ന പെണ്ണിനെ ഒന്നു നോക്കി തിരിച്ചു കാറിൽ കേറി ഇരുന്നു... ശ്രീ കണ്ണടച്ചു കിടക്കുന്നത് കണ്ട് അവളെ ഒന്നു നോക്കി കാർ എടുത്തു...

"ഡാ... വീട്ടിൽ വിട്ടാൽ മതി... കാർ ഇനി നാളെ എടുക്കാം... " രോഹിത് സീറ്റിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞത് കേട്ട് കാർ അവന്റെ വീട്ടിലേക്കുള്ള റൂട്ടിലേക്ക് തിരിച്ചു... എന്തോ കേറിയപ്പോൾ മുതൽ കല പില ചിലച്ചു കൊണ്ടിരുന്നവൾ പെട്ടെന്ന് സൈലന്റ് ആയപ്പോൾ ഞങ്ങൾ രണ്ടു പേർക്കും ആകെ ചടച്ചു... "ബൈ..... " കാറിൽ നിന്നിറങ്ങി ശ്രീയെ നോക്കി ബൈ പറഞ്ഞതും അവൾ തലയാട്ടി കാണിച്ചു.. "ശ്രീ... മുന്നിലേക്ക് വാ... " രോഹിത് ഗേറ്റ് കടന്നു പോയെന്ന് കണ്ടതും റിവർ വ്യൂ മിററിലൂടെ അവളെ നോക്കി... എതിർത്തു ഒന്നും പറയാതെ അവൾ മുന്നിലേക്ക് കയറി തോളിലേക്ക് ചാഞ്ഞിരുന്നു... "അലേഖ്... നമുക്ക് ബീച്ചിൽ പോവാം... " തോളിൽ കിടന്നു കൊണ്ട് തന്നെ മുഖത്തു നോക്കാതെ പറഞ്ഞതും ഞാൻ തലയാട്ടി സമ്മതിച്ചു കാർ എടുത്തു... തണുത്ത കാറ്റ് വീശുന്നുണ്ട്... രാത്രി ആയതു കൊണ്ട് അത്ര തിരക്കൊന്നും ഇല്ല... നേരം ഒരുപാട് ആയിട്ടും പെണ്ണ് ഒന്നും മിണ്ടാതെ കടലിലേക്ക് തന്നെ നോക്കി മണലിൽ ഇരിക്കുവാണ്... എന്തൊക്കെയോ കൺഫ്യൂഷനിൽ ആണെന്ന് തോന്നുന്നു... ഓരോന്ന് ഓർത്തു ചുറ്റുപാടും നോക്കികൊണ്ടിരുന്നതും "അലേഖ്... " മൗനത്തെ ഭേദിച്ചു കൊണ്ട് ശ്രീ വിളിച്ചു...

അത് കേട്ടതും മുഖം തിരിച്ചു നെറ്റി ചുളിച്ചു അവളെ നോക്കി.... "അലേഖ് എന്താ ഒരിക്കൽ പോലും ഞാൻ തന്നെ ഹസ്ബൻഡ് ആയി കാണാത്തതെന്ന് ചോദിക്കാത്തത്....?" അവൾ കടലിലേക്ക് തന്നെ നോക്കി ചോദിച്ചതും ഞാനൊന്നു ചിരിച്ചു... "നിനക്ക് തോന്നുമ്പോൾ പറയട്ടെ എന്ന് കരുതി..... " ഞാൻ നിസാരമായി പറഞ്ഞതും അവളെന്നെ മുഖം തിരിച്ചു നോക്കി... " കുഞ്ഞുനാൾ മുതൽ ഒരുപാട് റെസ്ട്രിക്ഷൻസ് അനുഭവിച്ചു കൊണ്ട് വളർന്ന ആളാണ് ഞാൻ... കുട്ടനും അതേ... അച്ഛൻ ഒരു ഹെഡ്മാഷ് ആയതു കൊണ്ട് തന്നെ മാഷിന്റെ മക്കൾ എല്ലാത്തിനും മാതൃക ആവണം എന്നും ഒന്നാമത് ആവണം എന്നുമുള്ള നിർബന്ധ ബുദ്ധിയോടെ ആണ് ഞങ്ങളെ രണ്ടു പേരെയും വളർത്തിയത്... നാട്ടുകാർ എന്ത് പറയും എന്നുള്ള വേവലാതി ആണ് അച്ഛന്.. അതിനിടയിൽ ഞങ്ങളുടെ താല്പര്യം ഒന്നും രണ്ടു പേരും കാര്യം ആക്കിയിട്ടില്ല... ആദ്യം ഒക്കെ ഞാനും അനുസരിക്കുമായിരുന്നു... പോകെ പോകെ എനിക്ക് ശെരിയെന്നു തോന്നുന്നത് മാത്രം കേൾക്കും... ഞാൻ എന്താണോ... അങ്ങനെ തന്നെ നിൽക്കാൻ തുടങ്ങി.. അലേഖ്... നിനക്കറിയുമോ... അച്ഛന്റെ കൈകളുടെ വാത്സല്യം നിറഞ്ഞ തഴുകലിനേക്കാൾ....

ചൂരൽ വടിയുടെ നീറ്റൽ ആണ് ഞാൻ അറിഞ്ഞിട്ടുള്ളത്... അതിനു പറഞ്ഞിട്ടുള്ള കാരണം ഞാനൊരു തന്നിഷ്ടക്കാരി ആണെന്ന്... മറ്റുള്ളവരെ പോലെ കളിക്കാനും ചിരിക്കാനും പുറത്തു പോകാനും ഒക്കെ ഞങ്ങളും ആഗ്രഹിച്ചിട്ടുണ്ട്... എന്റെ ആഗ്രഹങ്ങളെ ചൂരൽ കൊണ്ട് അടിച്ചമർത്തിയത് ആണ് എന്നെയൊരു തന്നിഷ്ടക്കാരി ആക്കിയത്.... " നിലത്തു കുത്തിയ കയ്യിൽ മണൽ ഞെരിച്ചു കൊണ്ട് രോഷത്തോടെ പറയുന്ന അവളെ തന്നെ നോക്കിയിരുന്നു പോയി... ആ കണ്ണ് കലങ്ങിയിരുന്നത് കണ്ട് വല്ലായ്മ തോന്നി... ഒരാഴ്ച എന്റെ മുന്നിൽ ഇരുന്ന ശ്രീബാല അല്ലാതായ പോലെ... "എല്ലാം പോട്ടെ അലേഖ്... കുട്ടന്റെ കാര്യം ആലോചിക്കുമ്പോൾ ആണ് പേടി... അച്ഛനും അമ്മയും പറയുന്നതിന് അപ്പുറം ഒരു വാക്ക് പോലും തിരിച്ചു പറയാൻ അവനറിയില്ല... എനിക്ക് കിട്ടുന്ന തല്ല് കണ്ടു കണ്ടു ചെക്കന് ചൂരൽ കാണുമ്പോഴേ വിറയ്ക്കും... അവന് വേണ്ടി എപ്പോഴും ഞാൻ ആണ് സംസാരിക്കുവാ... തല്ലും ഞാൻ മേടിക്കും... അത്ര ജീവൻ ആണ് എനിക്കവൻ.....അവരെ സംബന്ധിച്ചു കൂട്ടിൽ ഇട്ടു വളർത്തുന്ന ഒരു ജീവിയാണ് അവൻ....അവനെയും കൂടി അവിടുന്ന് രക്ഷപ്പെടുത്തണം.... "

കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞതും ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു അവളെ ചേർത്തു പിടിച്ചു പുറത്തു തട്ടി കൊടുത്തു... "മനു... മനു ആരാണെന്ന് അറിയണ്ടേ...?" ശ്രീ കണ്ണ് തുടച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചതും ഞാൻ വേണം എന്ന് തലയാട്ടി കൊടുത്തു... അവൾ ഒന്നു ചിരിച്ചു... സ്വയം പരിഹസിക്കുന്നത് പോലൊരു ചിരി... "പതിനാറാം വയസുമുതൽ ശ്രീബാല പ്രാണനായി കൊണ്ട് നടന്നവൻ... മാധവ്...മാധവ് ശിവനാരായണൻ..... " അവളെന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞതും ഞാൻ പെട്ടെന്ന് പുറത്തു തട്ടുന്നത് നിർത്തി... ഓവർ ആയി ആശ്വസിപ്പിച്ചു ഇനി അവന്റെ കൂടെ എങ്ങാനും പോവണം എന്ന് പറഞ്ഞാലോ... 🙄 "എന്റെ സ്കൂളിന് അടുത്തുള്ള കോളേജിൽ ആയിരുന്നു മനു... ഞാൻ പ്ലസ് 1 ഉം അവൻ ഡിഗ്രി സെക്കന്റ്‌ ഇയറും.... " അപ്പോൾ പണ്ടേ മൂത്തവരോട് ബഹുമാനം ഇല്ലെന്ന് സാരം... !🤭 " വീട്ടിൽ നിന്ന് കിട്ടാത്ത സ്നേഹം പുറത്തു നിന്ന് കിട്ടിയപ്പോൾ മൈൻഡ് അങ്ങോട്ട് ചാഞ്ഞു... അഞ്ചു വർഷത്തെ പ്രണയം.... നിന്റെ ആലോചന വരുന്നത് വരെ എല്ലാം പഴയ പോലെ ആയിരുന്നു... " അപ്പോൾ ഞാൻ ആണോ വില്ലൻ....

ഇനി ഞാൻ കേറി വന്നു എന്ന് പറഞ്ഞു രണ്ടും കൂടി എന്നെ കൊല്ലുമോ... 🙄...എന്നൊക്കെ ഓർത്തു മുഖം താഴ്ത്തി കണ്ണ് മിഴിച്ചു പെണ്ണിനെ നോക്കി... അവളിപ്പോഴും പറ്റി ചേർന്നു ഇരിക്കുവാണ്... ബാക്കി കൂടി പറ... എന്നിട്ട് വേണം കടലിലേക്ക് എറിയണോ വേണ്ടയോ എന്ന് ആലോചിക്കാൻ... 😬 ചെവി കൂർപ്പിച്ചു ഇരുന്നതും പെണ്ണ് വീണ്ടും പറഞ്ഞു തുടങ്ങി... "ഞാൻ ഒത്തിരി കരഞ്ഞു പറഞ്ഞതാ അലേഖ് എനിക്കി മാര്യേജ് വേണ്ടെന്ന്... അച്ഛൻ ഒരേ വാശിയിൽ ആയിരുന്നു... അച്ഛനെ സംബന്ധിച്ചു മോൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല ബന്ധം... മനുവിന് നല്ല ജോലിയില്ല...വലിയ വീടില്ല... വലിയ കുടുംബക്കാർ ഇല്ല... ഇതൊക്കെയാണ് അച്ഛൻ കണ്ടു പിടിച്ച ന്യായം.... എന്ത് ഇല്ലെങ്കിലും ഞാൻ ഹാപ്പി ആയിരുന്നേനെ അലേഖ്.... ഒരുപാട് ഒരുപാട് ഹാപ്പി ആയിരുന്നേനെ... പക്ഷേ ആരും എന്നെ കേൾക്കാൻ നിന്നില്ല... ഒടുക്കം മറ്റൊരാളുടെ കൂടെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയതും നമ്മുടെ മാര്യേജിന്റെ രണ്ടാഴ്ച മുൻപ് ഞാൻ വെയിൻ കട്ട്‌ ചെയ്തു.... " അവൾ പറഞ്ഞു നിർത്തിയതും ഞാൻ വാ പൊളിച്ചു പോയി... അവൾ മുഖം ഉയർത്തി നോക്കിയതും എന്റെ ഭാവം കണ്ട് ചിരിച്ചു കൊണ്ട് താടിയിൽ പിടിച്ചു വാ അടച്ചു...

അലേഖ്... ഇതിൽ ഒരു സൂപ്പർ ട്വിസ്റ്റ്‌ ഉണ്ട്.... എനിക്ക് ബോധം വന്നു കഴിഞ്ഞപ്പോൾ ഫസ്റ്റ് അറിഞ്ഞ ന്യൂസ്‌ എന്താണെന്ന് അറിയുമോ...? " അവൾ ചിരിച്ചു കൊണ്ട് ചോദിച്ചതും ഞാൻ ഇല്ലെന്ന് തലയാട്ടി excitement ഓടെ അവളെ നോക്കി... "തേച്ച പെണ്ണിന്റെ ആത്മാർത്ഥ സുഹൃത്തിനെ കെട്ടി കാമുകൻ പ്രതികാരം ചെയ്തു... " ചിരിയോടെ ആണെങ്കിലും നിറഞ്ഞ കണ്ണുകളിൽ തന്നെ കാണാം അവളുടെ സങ്കടം എത്രത്തോളം ഉണ്ടെന്നു... സത്യം പറഞ്ഞാൽ എനിക്കൊന്ന് പൊട്ടിചിരിക്കാൻ ആണ് തോന്നിയത്... പക്ഷേ ഇപ്പോൾ ചിരിച്ചാൽ ശെരിയാവില്ലെന്ന് തോന്നിയത് കൊണ്ട് മാത്രം ചിരി കടിച്ചു പിടിച്ചു അവളിൽ നിന്ന് മുഖം തിരിച്ചിരുന്നു... ഇതാണ് ശെരിക്കും തേപ്പ് 🤭... "ഈ ഒരു സംഭവത്തിന്റെ സ്പോൺസർ അച്ഛൻ ആണ്.... അച്ഛൻ വിളിച്ചു അവനോട് പറഞ്ഞു ഞാൻ മാര്യേജിനു സമ്മതിച്ചെന്ന്... കേൾക്കണ്ട താമസം ഞാൻ തേച്ചെന്നും പറഞ്ഞു സമാധാനിപ്പിക്കാൻ ചെന്ന എന്റെ ഫ്രണ്ടിനെ തന്നെ അങ്ങ് കെട്ടി... അങ്ങനെ ഞാൻ സ്നേഹിച്ച മൂന്നു പുരുഷന്മാരിൽ രണ്ടു പേരും നൈസ് ആയിട്ട് അങ്ങ് തേച്ചു ഒട്ടിച്ചു... അല്ല വിധി... ഒരു ചെറിയ പനി പോലും ഇത് വരെ വരാത്ത ഞാൻ....

ഒന്നു ചോദിച്ചു കാര്യം അറിയാൻ പോലും ശ്രമിക്കാത്തവന് വേണ്ടി ചവാൻ പോയതിനുള്ള ശിക്ഷ.... " അവൾ പറഞ്ഞു നിർത്തിയതും ഞാൻ ചിരിച്ചു പോയി... അവളുടെ മുഖം കൂർപ്പിച്ചു എളിയിൽ കൈ കൊടുത്തുള്ള നോട്ടം കണ്ടതും സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി അവളെ നോക്കി ഇളിച്ചു കാണിച്ചു.... അത് കണ്ടതും അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചിരുന്നു... "എന്നാലും ശ്രീ.... നിന്റെ കാര്യം കോമഡി ആണല്ലോ.... അപ്പോ എന്റെ ഊഹം ശെരിയാണേൽ പിന്നെ നീ വാശിയിൽ ആണ് എന്നെ മാര്യേജ് ചെയ്തത്.. പിറ്റേന്ന് തന്നെ എന്നെ വെച്ച് നീ നല്ല ഭംഗിയായി റിവഞ്ചും ചെയ്തു.... " ഞാൻ ആലോചനയോടെ പറഞ്ഞതും പെണ്ണ് എന്നെ നോക്കി ഇളിച്ചു കാണിച്ചു അതേ എന്ന് തലയാട്ടി... "ശ്രീ.... നിന്റെ അച്ഛന് ഞാൻ വിം കലക്കി കൊടുക്കട്ടെ... ഇത് പോലൊരു അരപ്പിരി ലൂസിനെ വാശി പിടിച്ചു എന്റെ തലയിൽ തന്നെ കൊണ്ടിട്ടതിന്.... " അവളുടെ ഷോൾഡറിൽ തോണ്ടി കളിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു തീരും മുൻപേ വായിൽ അടക്കം മണൽ കയറി... "ഡീീ..... " അലറി വിളിച്ചു തുറിച്ചു നോക്കി അടിക്കാൻ കൈ ഓങ്ങിയതും പെണ്ണ് പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി കളഞ്ഞു....

"ഡീീ.... നിക്കെടി... പട്ടി..... " "നിൽക്കൂലെട തെണ്ടി.... " ഓടുന്നതിനു ഇടയ്ക്ക് തിരിഞ്ഞു നിന്ന് നാക്ക് നീട്ടി കോക്രി കാണിച്ചു വിളിച്ചു പറഞ്ഞു പെണ്ണ് പിന്നെയും ഓടി... 💃💃💃 എത്ര നേരം കൊണ്ട് വിളിക്കുവാ... എവിടെ പോയോ ആവോ.... !!! അലേഖിനെയും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് പത്തു മിനിറ്റ് ആയി.. ഇന്നലത്തെ മൂഡ് ഒക്കെ അവന് ഓരോന്നു പറഞ്ഞു വെറുപ്പിച്ചു മാറ്റി.. ഒടുക്കം കടലിൽ കുളിപ്പിച്ചിട്ട് ആണ് തിരിച്ചു വന്നത്... രാവിലെ സുഖം ആയി ഉറങ്ങുമ്പോൾ ആണ് അലേഖ് വന്നു വിളിച്ചേ... ആ തള്ള വിളിക്കുന്നു പോലും ജിമ്മിലേക്ക്... അതിനു വല്ല പാഷാണവും കലക്കി കൊടുക്കാൻ പറഞ്ഞതിന് അലേഖ് കൊറേ കളിയാക്കി കൊന്നു... അപ്പാർട്മെന്റിൽ തന്നെ ജിം അടക്കം സകല സൗകര്യങ്ങളും ഉണ്ട്... ഒന്നിനും പുറത്തു പോവണ്ട കാര്യം ഇല്ല... "എന്താടി....? " ഓരോന്ന് ഓർത്തു പിറുപിറുത്തു കൊണ്ട് ഇരുന്നപ്പോൾ ദാ അലേഖ് എത്തി മുഖം ചുളിച്ചു സ്റ്റെയറിൽ ഇരിക്കുന്ന എന്നെ മൊത്തമായി സ്കാൻ ചെയ്യാൻ തുടങ്ങി.. "ആദ്യായിട്ട് ജിമ്മിൽ പോയ excitementൽ കണ്ണിൽ കണ്ടതിൽ മുഴുവൻ കേറി നിരങ്ങി....കാല് നിലത്തുറയ്ക്കുന്നില്ല... " ഞാൻ നിഷ്കളങ്കമായ് ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞതും തെണ്ടി വയറും പൊത്തി ചിരിക്കാൻ തുടങ്ങി...

"വല്ല കാര്യവും ഉണ്ടോ...?" എന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് അവൻ ഒരു വിധം ചിരി അടക്കി കൈ കലർത്തി കൊണ്ട് ചോദിച്ചതും ഞാൻ മുഖവും വീർപ്പിച്ചു ഇരുന്നു... അലേഖ് നേരെ വന്നു തലയ്ക്കിട്ടൊരു കിഴുക്ക് തന്നു കൈ നീട്ടി.... ഒരു വിധം അവന്റെ കയ്യിൽ പിടിച്ചു എണീറ്റതും അവൻ കൈ വിടുവിച്ചു പുഷ്പം പോലെ എന്നെ കോരി എടുത്തു... കണ്ണ് മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി കണ്ണടച്ച് കാണിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു ഞെളിഞ്ഞങ്ങു കിടന്നു... ലിഫ്റ്റ് ഓപ്പൺ ആവാൻ വെയിറ്റ് ചെയ്യുന്നതിന് ഇടയ്ക്ക് തെണ്ടി എന്നെ കയ്യിൽ വെച്ച് തന്നെ പൊക്കിയും താഴ്ത്തിയും കളിക്കാൻ തുടങ്ങിയതും ഞാൻ പേടിച്ചു കൊണ്ട് അവനെ ഇറുക്കി പിടിച്ചു കണ്ണുരുട്ടി കാണിച്ചു... അവനതൊന്നും കാര്യം ആക്കാതെ ലിഫ്റ്റിന്റെ ഡോർ ഭാഗത്തു കാണുന്ന റിഫ്ലെക്സ് നോക്കി വീണ്ടും കളിക്കാൻ തുടങ്ങി... "പട്ടി... ഞാനിപ്പോ വീഴും.... " അവന്റെ കഴുത്തിൽ പിടിച്ചു അമർത്തി കൊണ്ട് പറഞ്ഞിട്ടും തെണ്ടിയ്ക്ക് കുലുക്കം ഇല്ല.... അടി കൂടിയും ചിരിച്ചും കളിച്ചും ഫ്ലാറ്റിനു മുന്നിൽ എത്തിയതും കാളിങ് ബെൽ അടിക്കാൻ തുടങ്ങുന്ന ആളെ കണ്ട് ഞങ്ങൾ അമ്പരപ്പോടെ പരസ്പരം നോക്കി.....അയാൾ കാളിംഗ് ബെൽ അടിച്ചു കഴിഞ്ഞു അലക്ഷ്യമായ് മുഖം തിരിച്ചതും ഞങ്ങളെ രണ്ടാളെയും കണ്ട് അടിമുടി സ്കാൻ ചെയ്തതിന് ശേഷം പുച്ഛത്തോടെ ചിരിച്ചു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story