🌸അത്രമേൽ 🌸: ഭാഗം 11

athramel priya

രചന: കൃഷ്ണപ്രിയ

അപ്പോഴാണ് രാജീവ് വന്ന് ബെഡ് ഷീറ്റ് എടുത്ത് സോഫയിൽ പോയി കിടന്നത്. ദുർഗ്ഗ കുറെ നേരം രേവതിയോട് സംസാരിച്ചിരുന്നു. അപ്പോഴേക്കും കല്ലു മോള് ഉറക്കം പിടിച്ചിരുന്നു. ഫോൺ വച്ച് മോളേ കട്ടിലിൽ കിടത്തി അവളും ഒരരുകിലായി കിടന്നു. രാത്രിയിൽ എപ്പോഴോ ദുർഗ്ഗ വെള്ളം ദാഹിച്ച് മേശയിലെ ജഗ്ഗിൽ വെള്ളം നോക്കിയപ്പോൾ അതിൽ വെള്ളം ഉണ്ടായിരുന്നില്ല. അവൾ അതുമായി താഴേക്ക് പോയി വെള്ളം കുടിച്ച് ജഗ്ഗിൽ വെള്ളവും നിറച്ച് മുറിയിലേക്ക് പോയി. ചാരിയിട്ട വാതിൽ വിടവിലൂടെ കണ്ട കാഴ്ച അവളുടെ കണ്ണുകൾ നിറച്ചു. ⚫⚫⚫ കുഞ്ഞി ചുണ്ടുകൾ പിളർത്തി നിഷ്കളങ്കമായി ഉറങ്ങി കിടക്കുന്ന കല്ലുമോളുടെ നെറ്റിയിൽ പതിയെ ചുംബിച്ച് ആഹ് മുഖത്തേക്ക് കുറെ നേരം ഉറ്റുനോക്കിയിരിക്കുകയായിരുന്നു രാജീവ്. പുതപ്പെടുത്ത് മോളേ പുതപ്പിച്ച് ആഹ് കുഞ്ഞി മുഖത്തൊന്നു തഴുകി രാജീവ് സോഫയിൽ ചെന്നു കിടന്നു. ദുർഗ്ഗ അൽപ്പനേരം കഴിഞ്ഞിട്ടാണ് അകത്ത് കയറിയത്. പലതും ചിന്തിച്ച് കിടന്നതുകൊണ്ട് ഏറെ വൈകിയാണ് അവൾ ഉറങ്ങിയത്.

രാവിലെ എഴുന്നേറ്റ് അവൾ പണികളെല്ലാം തീർത്തു. വേണു പറഞ്ഞതു പ്രകാരം വേലായുധൻ വന്ന് പറമ്പെല്ലാം വെട്ടിയൊതുക്കാൻ തുടങ്ങി. വേണുവും കൂടെ ചേർന്നു. അവർക്കുള്ള സംഭാരം ഉണ്ടാക്കുകയായിരുന്നു ദുർഗ്ഗ . അമ്മേ .....നിച്ചും വേണം .... കല്ലുമോള് അവളുടെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു. കല്ലുമോൾക്ക് അമ്മ ഇപ്പോ തരാട്ടോ.... ദുർഗ്ഗ മോളെ എടുത്ത് അടുക്കളത്തിണ്ണയിൽ ഇരുത്തി കൊണ്ട് ഒരു കുഞ്ഞു സ്റ്റീൽ ഗ്ലാസിൽ മോര് വെള്ളം ചേർത്തെടുത്തു. അതിലേക്ക് ഒരു നുള്ള് ഉപ്പിട്ട് ഇളക്കി കല്ലുമോളുടെ ചുണ്ടോട് ചേർത്തു. ഒരു കവിള് മോരുംവെള്ളം കുടിച്ചതും കല്ലു മോള് കണ്ണുകൾ ഇറുടെ അടച്ച് കൈ വിരലുകൾ ചുരുട്ടി പിടിച്ച് കുഞ്ഞി ചുണ്ടുകൾ പിളർത്തി ഒന്ന് വിറച്ചു. അത് കണ്ട് ദുർഗ്ഗയ്ക്ക് ചിരിയാണ് വന്നത്. ഇന്നാ.... ഇത്തിരി കൂടെ കുടിക്ക് .... ഗ്ലാസ് മോൾക്ക് നേരെ നീട്ടി. നിച്ച് വേന്തമ്മേ .... ഗ്ലാസ്സ് തട്ടി മാറ്റി കൊണ്ട് കല്ലുമോള് പറഞ്ഞു. എന്നാ വാ... നമ്മുക്ക് ഈ വെള്ളം അവർക്ക് കൊടുത്തിട്ട് വരാം.

ദുർഗ്ഗ തൂക്ക്പാത്രം എടുത്തു കൈയ്യിൽ പിടിച്ചു. ഗ്ലാസ്സുകൾ എടുത്തതും കല്ലുമോള് അതിൽ പിടിത്തമിട്ടു. ഞാൻ .... പിടിച്ചാമ്മേ .... ദുർഗ്ഗ മോളേ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇടത്തെ കൈയ്യിൽ തൂക്ക്പാത്രവും വലത്തെ കൈയ്യിൽ കല്ലു മോളുടെ കുഞ്ഞികൈയ്യും പിടിച്ച് നടന്നു. കല്ലുമോള് വലത്തെ കൈയ്യിലെ ഗ്ലാസ്സുകൾ നെഞ്ചോട് ചേർത്ത് പിടിച്ച് കീ ...കീ.... ശബ്ദം കേൾക്കുന്ന ചെരുപ്പുകളിട്ട് കുഞ്ഞികാലുകൾ മണ്ണിൽ ആഞ്ഞുചവിട്ടി നടന്നു. അച്ഛാ ... മോരുംവെള്ളം .... ആഹ് ചേട്ടനെയും വിളിച്ച് വാ.... ദുർഗ്ഗ വിളിച്ച് പറഞ്ഞു. കൈയ്യും കാലും കഴുകി അവരിരുവരും വന്നു വെള്ളം കുടിച്ചു. വേലായുധനെ കണ്ടപ്പോൾ ദുർഗ്ഗയ്ക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. കറുത്ത് മെലിഞ്ഞ് വയറൊട്ടിയ ഒരു മനുഷ്യൻ. പ്രായം അധികം ഇല്ലെങ്കിലും വാർധക്യം ബാധിച്ചതു പോലെ .... സംസാരശേഷിയില്ലാത്ത ഒരു പാവം. രണ്ട് പെൺകുട്ടികളെയും ഉപേക്ഷിച്ച് നാല് വർഷങ്ങൾക്ക് മുൻപ് ഭാര്യ മറ്റൊരാളുടെ കൂടെ പോയി.

എന്നാലും ഈ മനുഷ്യൻ ഒരിക്കലും പട്ടിണിയെന്തെന്ന് ആഹ് കുട്ടികളെ അറിയിച്ചിട്ടില്ല. അവരുടെ വിദ്യാഭ്യാസം മുടക്കിയിട്ടില്ല. ഒരു കുറവും അറിയിക്കാതെ മക്കളെ വളർത്തുന്ന ഒരച്ഛൻ. പട്ടിണിയിലും സ്വന്തം കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് മനസ്സ് നിറയുന്ന ഒരച്ഛൻ. കാമക്കണ്ണുകളിൽ നിന്നും മക്കളെ പൊതിഞ്ഞു പിടിച്ച് സംരക്ഷണത്തിന്റെ വലയം തീരക്കുന്ന തഴമ്പുള്ള കൈകൾ . ചിലപ്പോൾ അമ്മയെക്കാൾ വലിയ സത്യമായി മാറും അച്ഛൻ ..... ഓരോന്നും ഓർത്ത് ദുർഗ്ഗ അങ്ങനെ നിന്നു. """അമ്മേ""".... കല്ലുമോളുടെ വിളിയാണ് ദുർഗ്ഗയെ ചിന്തകളിൽ നിന്നും ഉണർത്തിയത് .... എന്താ മോളേ ..... തന്റെ വിരലിൽ പിടിച്ചു നിൽക്കുന്ന കല്ലു മോളേ നോക്കി ദുർഗ്ഗ ചോദിച്ചു. മ്മക്കും പോവാമേ അങ്ങോത്ത് .... വേണു നിൽക്കുന്ന ഇടത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് കല്ലുമോള് ചോദിച്ചു .... ഏയ് വേണ്ട വേണ്ട .....

അവിടെ പാമ്പുണ്ടാവും. നമുക്ക് വീട്ടിലേക്ക് പോവാം. അവർക്ക് ഉച്ചയ്ക്ക് ചോറ് കൊടുക്കണ്ടേ ... വാ നമ്മുക്ക് പോവാം. ദുർഗ്ഗയുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു. കുഞ്ഞികാലുകൾ അപ്പോഴും മണ്ണിൽ ആഞ്ഞുചവിട്ടി തന്നെയാണ് കല്ലുമോള് നടന്നത്. മുറത്തിൽ പച്ചക്കറികളെടുത്ത് ദുർഗ്ഗ തറയിലിരുന്നു. അത് കണ്ടതും കല്ലുമോള് ഓടി വന്ന് ദുർഗ്ഗയുടെ അടുത്തിരുന്നു. ഒരു പകുതി കഷ്ണം കാബേജ് എടുത്ത് ദുർഗ്ഗ അരിയാൻ തുടങ്ങി. അത് വേഗം അരിഞ്ഞു മാറ്റിവച്ചു. ചമ്മന്തിക്കായി ചെറുയുള്ളി നന്നാക്കാൻ തുടങ്ങിയതും ദുർഗ്ഗയുടെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകാൻ തുടങ്ങി. അത് കണ്ടതും കല്ലുമോള് അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു. ന്തിനാ അമ്മേ കരയണേ ..... കല്ലുമോള് കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ചോദിച്ചു .... കല്ലുമോളുടെ ചോദ്യം കേട്ടതും വീണ്ടും ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞു. ഒന്നൂല മോളേ ....

മോളവിടെ പോയിരുന്നോ .... അടുക്കളയിലിട്ടിരിക്കുന്ന കുഞ്ഞി കസേരയിലേക്ക് ചൂണ്ടികാണിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു. കല്ലു മോള് തലയാട്ടി കൊണ്ട് ആഹ് കുഞ്ഞി കസേരയിൽ പോയി ഇരുന്നു. ദുർഗ്ഗ വേഗം ഉള്ളിയെല്ലാം നന്നാക്കിയെടുത്തു. ഉണക്ക ചെമ്മീൻ ഉണ്ടായത് തലകളഞ്ഞെടുത്ത് ചമ്മന്തിയരച്ചു. കാബേജ് തോരനും വച്ചു. മോര് കാച്ചാൻ തുടങ്ങിയപ്പോഴാണ് രാജീവ് ഒരു കവറുമായി അടുക്കളയിലേക്ക് പോയത്. അതവൻ ഫ്രിഡ്ജിൽ വച്ച് തിരിച്ചു പോയി. അവൻ പോയതും അവൾ ആഹ് കവർ എടുത്ത് നോക്കി. അത് നിറയെ ചോക്ലേറ്റ് ആയിരുന്നു. അതിൽ നിന്നും കിണ്ടർ ജോയ് ഒരെണ്ണം എടുത്ത് കല്ലുമോൾക്ക് കഴിക്കാൻ കൊടുത്തു കൊണ്ട് ദുർഗ്ഗ മോര് കാച്ചാൻ പോയി. കല്ലുമോള് ആസ്വദിച്ചു കഴിക്കുന്നതും അതിന്റെ കൂടെ കിട്ടിയ കളിപ്പാട്ടം വച്ച് കളിക്കുന്നതും വാതിൽ വിടവിലൂടെ രണ്ടു കണ്ണുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ⚫⚫⚫ ഉച്ചയ്ക്ക് പണി കഴിഞ്ഞ് കയറിയതും അവർക്കായി ദുർഗ്ഗ ചോറ് വിളമ്പി. വേലായുധന് മതിയാവുവോളം ചോറ് വിളമ്പി കൊടുത്തു.

അയാൾ അത് തിരസ്ക്കരിക്കാതെ മുഴുവനും കഴിച്ചു. കൈ കഴുകി വന്ന വേലായുധന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. വയറും മനസ്സും നിറഞ്ഞ ഒരുവന്റെ പുഞ്ചിരി.... ഉച്ചയൂണ് കഴിഞ്ഞ് വീണ്ടും പണിക്കിറങ്ങി. സന്ധ്യയോടെ തീർക്കാവുന്ന പണിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. വൈകീട്ട് ചായയ്ക്ക് പഴം പൊരിയുണ്ടാക്കുന്ന തിരക്കിലായിരുന്നു ദുർഗ്ഗ . കുറെ ഉണ്ടാക്കി വച്ചു. കല്ലുമോൾക്ക് ഓരോ കഷ്ണം മുറിച്ചെടുത്ത് ഊതിയൂതി കൊടുത്തു. വേണുവിനും വേലായുധനും ചായയും പഴം പൊരിയും കൊടുത്തു. വിളക്ക് വയ്ക്കുന്നതിനു മുൻപ് പണിയെല്ലാം കഴിഞ്ഞിരുന്നു. എണ്ണൂറ് രൂപ കൂലി കൊടുത്തതും വേലായുധൻ വീട്ടിലേക്ക് പോകാനൊരുങ്ങി. ചേട്ടാ നിൽക്കൂ ..... ദുർഗ്ഗ വിളിച്ചതും അയാൾ നിന്നു. ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞ് ദുർഗ്ഗ അകത്തേക്ക് പോയി. പിന്നാലെ കല്ലു മോളും.

തിരികെ വന്നപ്പോൾ അവളുടെ കൈയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. ദുർഗ്ഗയ്ക്ക് പിന്നിലായി ഒളിച്ചു നിന്ന കല്ലു മോള് മുന്നിലേക്ക് വന്ന് മറ്റൊരു പൊതി അയാളുടെ കൈയ്യിൽ കൊടുത്തു. ഇതൊന്താ എന്ന് വേലായുധൻ ആംഗ്യ ഭാഷയിൽ ചോദിച്ചു. അത് കുറച്ച് ചോക്ലേറ്റാ ... ഇത് പഴം പൊരിയും. കുട്ടികൾക്ക് കൊടുക്കണം. ദുർഗ്ഗ പറഞ്ഞു .... വേലായുധൻ ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കല്ലുമോളുടെ നെറുകയിൽ ഒന്നു തഴുകി ആഹ് പൊതികൾ മാറോടടുക്കി പിടിച്ച് പിൻതിരിഞ്ഞു നടന്നു. അയാൾ പോവുന്നതും നോക്കി കല്ലു മോളും ദുർഗ്ഗയും ഉമ്മറക്കോലായിൽ നിന്നു , മുകളിലെ മുറിയിലെ ജനാലിൽ കൂടെ രാജീവും നോക്കി നിന്നു ....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story