🌸അത്രമേൽ 🌸: ഭാഗം 13

athramel priya

രചന: കൃഷ്ണപ്രിയ

ബസ് കാത്ത് നിന്ന സ്റ്റോപ്പിനോട് ചേർന്ന് ഒരു ചെറിയ കടയുണ്ടായിരുന്നു. ദുർഗ്ഗ മോളെയും കൊണ്ട് ആഹ് കടയിൽ കയറി. അവിടെ നിന്നും മോൾക്ക് രണ്ട് മൂന്ന് മുത്തുമാലയും കരിവളയും വാങ്ങി വന്നു. തിരിച്ച് വീട്ടിലെത്തുന്നവരെ കാലിലെ കൊലുസ്സിലായിരുന്നു കല്ലുമോൾടെ കൈകൾ. വീട്ടിലെത്തി വേഷം മാറി വന്ന് അകത്തളത്തിലായി വേണുവും ദുർഗ്ഗയും ഇരുന്നു. അച്ഛാ ... എനിക്കൊരു കാര്യം പറയാനുണ്ട്. ആഹ് സമയം കല്ലുമോള് അകത്തളത്തിലിറങ്ങി ഓടി നടന്നു. ആഹ് വീടാകെ കല്ലുമോൾടെ കൊഞ്ചലും കൊലുസിന്റെ കിലുക്കവും നിറഞ്ഞു നിന്നു. ⚫⚫⚫ എന്താ മോളേ പറയാനുള്ളേ ? വേണു അകത്തളത്തിലേക്ക് കാലിട്ടിരുന്ന് കൊണ്ട് ചോദിച്ചു. അത് അച്ഛാ നാളെ വീട്ടിലേക്ക് പൊയ്ക്കോട്ടെ ? ശ്രീയേട്ടനെയും ചേച്ചിയെമെല്ലാം കാണണം. പിന്നെ ആര്യനെ കണ്ടിട്ട് ഒത്തിരിയായില്ലേ ...

അവനെ കാണാൻ കൊതിയാവുന്നു. ഞാൻ നാളെ മോളേയും കൂട്ടി പൊയ്ക്കോട്ടെ ? അതിനെന്താ മോളേ .... നാളെ പോയിട്ട് വരൂ .... അത് അച്ഛാ ... രാജീവേട്ടനോടും കൂടെ വരാൻ പറയോ ? അച്ഛൻ പറഞ്ഞാൽ ഏട്ടൻ കേൾക്കും. ദുർഗ്ഗ മടിച്ചു മടിച്ചു പറഞ്ഞു. അതിനെന്താ മോളേ .... അവനോട് ഞാൻ പറഞ്ഞോളാം. വേണു ചിരിച്ചു കൊണ്ട് പറഞ്ഞു. മറുപടിയായി ദുർഗ്ഗ പുഞ്ചിരിച്ചു. ⚫⚫⚫ ഉച്ചയൂണ് കഴിഞ്ഞ് കല്ലുമോളെ ഉറക്കി ദുർഗ്ഗയും ഒന്ന് മയങ്ങി. ഉറക്കമുണരുമ്പോൾ രാജീവ് സോഫയിലിരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു. ദുർഗ്ഗ മുടി വാരികെട്ടി അടുക്കളയിലേക്ക് പോയി. ചായ വച്ച് ഗ്ലാസ്സുകളിലേക്ക് പകർന്ന് എല്ലാർക്കും കൊടുത്തു. കല്ലുമോള് അപ്പോഴേക്കും ഉറക്കം ഉണർന്നിരുന്നു. മോൾക്ക് ഒരു ഗ്ലാസ്സ് പാല് കൊടുത്തുകൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി. പിന്നാലെ കല്ലുമോളും ഓടി. പിന്നാമ്പുറത്ത് നിന്ന് തൂമ്പയും എടുത്ത് വേണു പറമ്പിലേക്കിറങ്ങി. അത് കണ്ട് ദുർഗ്ഗയും കല്ലുമോളും അവിടേക്ക് പോയി. വേണു രണ്ട് മൂന്ന് വാനം കോരിയിട്ടു.

അതിൽ ദുർഗ്ഗ കൃഷിഭവനിൽ നിന്നും കിട്ടിയ വിത്ത് കുഴിച്ചിട്ടു. ഒരു വശത്ത് പയറും വെണ്ടയും പാവലവും ചിരയും എല്ലാം കുഴിച്ചിട്ടു. വീട്ടിൽ തന്നെ ഉണക്കിയെടുത്ത മത്തനും കുമ്പളവും തക്കാളിയും വഴുതനയും മുളകും എല്ലാം നട്ടു. അതിനു മുകളിലായി ചെറുതായിട്ടൊന്ന് നനച്ചു കൊടുത്തു. വലിയ ഒരു ഭാഗം സ്ഥലം ഒഴിച്ചിട്ടു. വേലായുധൻ കുറച്ച് വാഴക്കന്ന് കൊണ്ടു വരാം എന്ന് പറഞ്ഞിരുന്നു. കല്ലുമോള് അവിടമാകെ ഓടി നടന്നു. പക്ഷെ മണ്ണിരയെ കണ്ടപ്പോ തുടങ്ങിയതാ പീക്കിരി കാറി പൊളിക്കാൻ. ദുർഗ്ഗ വേഗം മോളെയും കൊണ്ട് അകത്തേക്ക് പോയി. കുറച്ച് നേരം ടി.വി കാണാൻ ഇരുന്നു. അമ്മേ .... തോം ആൻ ചെരി വയ്ക്ക് .... വയ്ക്കമ്മേ .... ദുർഗ്ഗയെ കുലുക്കി വിളിച്ചു കൊണ്ട് കല്ലു മോള് പറഞ്ഞു. ദുർഗ്ഗ വേഗം കാർട്ടൂൺനെറ്റ് വർക്ക് വച്ചു കൊടുത്തു. ടോമിനെയും ജെറിയെയും കണ്ടപ്പോൾ കല്ലുമോൾടെ മുഖത്തെ സന്തോഷം കാണണമായിരുന്നു. അവൾ കൈകൊട്ടിചിരിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ദുർഗ്ഗ അതെല്ലാം ആസ്വദിച്ചിരുന്നു. കല്ലുമോളേ....

മോൾക്ക് ടോമിനെയാണോ ജെറിയെയാണോ ഏറ്റവും ഇഷ്ടം ? ദുർഗ്ഗ മോൾടെ മുഖം തനിക്കു നേരെ പിടിച്ചു കൊണ്ട് ചോദിച്ചു. തോമിനെ .... ടി വി യിലെ പൂച്ചയെ ചൂണ്ടികാട്ടിക്കൊണ്ട് കല്ലുമോള് പറഞ്ഞു കൊണ്ട് വീണ്ടും ശ്രദ്ധ ടി.വിയിലേക്ക് കേന്ദ്രീകരിച്ചു. ദുർഗ്ഗയ്ക്ക് ഒരു കുസൃതി തോന്നി വീണ്ടും മോൾടെ മുഖം തനിക്കു നേരെ പിടിച്ചു. അപ്പോ കല്ലു മോൾക്ക് അച്ഛനെയാണോ അമ്മയെ ആണോ ഏറ്റവും ഇഷ്ടം. അച്ഛയേം അമ്മേം ഇസ്താ .... കല്ലുമോള് അലോചിക്കുക പോലും ചെയ്യാതെ പറഞ്ഞു. കല്ലുമോൾടെ മറുപടി കേട്ട് ദുർഗ്ഗയുടെ മനസ്സ് നിറഞ്ഞു. അവർ വീണ്ടും ടി.വി കണ്ടുകൊണ്ടിരുന്നു. പക്ഷെ അവർ പിന്നിൽ നിൽക്കുന്ന രാജീവിനെ കണ്ടിരുന്നില്ല. മോൾടെ മറുപടി കേട്ട് അവന്റെ കണ്ണ് നിറഞ്ഞിരുന്നു. ⚫⚫⚫ രാജീവേ.... നീ നാളെ മോളേയും കൂട്ടി ശ്രീധരന്റെ വീട്ടിലേക്ക് പോവണം. കല്യാണം കഴിഞ്ഞിട്ട് വിരുന്നു പോയിട്ടില്ലാലോ... അപ്പോ നാളെ നിങ്ങള് പോവണം. വേണു പറഞ്ഞു. അത് അച്ഛാ നാളെ പോവാൻ പറ്റില്ല. ഓഫീസിൽ പോവണം. അവളോട് വേണെങ്കിൽ പോയിട്ട് വരാൻ പറ .

രാജീവ് താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. പറ്റില്ല രാജീവേ... നാളെ പോയേ പറ്റൂ ... നിങ്ങൾ നാളെ ചെല്ലുമെന്ന് ഞാൻ അവിടെ വിളിച്ച് പറഞ്ഞു. മറുത്തൊന്നും നീ പറയണ്ട . അത്രയും പറഞ്ഞ് വേണു മുറിയിലേക്ക് പോയി. ⚫⚫⚫ പിറ്റേന്ന് കാലത്തെ എഴുന്നേറ്റ് പണികൾ എല്ലാം തീർത്ത് കല്ലുമോളെ കുളിപ്പിച്ച് കരിംപച്ചയിൽ കസവുകരയുള്ള പട്ടുപാവാട ഇട്ട് സുന്ദരി കുട്ടിയാക്കിയ ശേഷം ദുർഗ്ഗയും റെഡിയായി വന്നു. രാജീവ് കാർ സ്റ്റാർട്ട് ആക്കി നിന്നു. വേണുവിനോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി. പോവും വഴി അവിടേക്കായി ഫ്രൂട്ട്സും പലഹാരങ്ങളും വാങ്ങിച്ചു. അവിടെ ചെന്നു കയറിയതേ ശ്രീയും രേവതിയും അവരെ സ്വീകരിച്ചു. സുജാത മാത്രം എല്ലാത്തിൽ നിന്നും മുഖം തിരിച്ചു നിന്നു. രേവതിയും ദുർഗ്ഗയും പുറത്തിരുന്നു വിശേഷങ്ങൾ ചോദിക്കുകയായിരുന്നു. കല്ലുമോള് ദുർഗ്ഗയുടെ മടിയിലിരുന്ന് ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ടിരിന്നു. അപ്പോഴാണ് ശ്രീയും രാജീവും അങ്ങോട്ടേയ്ക്ക് വന്നത്. ശ്രീയുടെ കൈയ്യിൽ ആര്യനും ഉണ്ടായിരുന്നു.

രേവതി ഊണ് റെഡിയായില്ലേ ? ശ്രീ ചോദിച്ചു. അതൊക്കെ എപ്പോഴേ റെഡിയാണ്. രേവതിയുടെ മറുപടിയും എത്തി. എങ്കിൽ വാ വിളമ്പ്. സമയം കുറെയായില്ലേ ? ശ്രീ പറഞ്ഞു. ആഹ്. എന്നാ എല്ലാരും വായോ .... രേവതി എഴുന്നേറ്റ് വീട്ടിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. ദുർഗ്ഗ മോളെയും കൊണ്ടെഴുന്നറ്റു . അപ്പോഴാണ് ശ്രീയുടെ കൈയ്യിലിരുന്ന ആര്യനെ രാജീവ് എടുത്ത് പിടിച്ചത്. ശ്രീയും രാജീവും മുൻപിലായി നടന്നു. ദുർഗ്ഗ മോളേയും കൊണ്ട് നടക്കാൻ തുടങ്ങിയതും കല്ലുമോള് ദുർഗ്ഗയുടെ കവിളിൽ പിടിച്ച് മോൾക്ക് നേരെ തിരിച്ചു. എന്തെ എന്ന ഭാവത്തിൽ പുരികം പൊക്കി മോളേ നോക്കി. അച്ഛ ന്താ അമ്മേ മോളേ എദുക്കാത്തേ....

കുഞ്ഞൂത്തനെ അച്ഛ എദുക്കുന്നുന്തല്ലോ മോളേ അച്ഛക്ക് ഇസ്തല്ലേ ? ചോദിച്ചതും മോൾടെ മുഖം വാടി. ദുർഗ്ഗയിലും ആഹ് ചോദ്യം ഒരു വിങ്ങലുണ്ടാക്കി. ആരാ പറഞ്ഞേ അച്ഛയ്ക്ക് കല്ലുമോളേ ഇഷ്ടല്ലാന്ന് . അച്ഛയ്ക്ക് ഏറ്റവും ഇഷ്ടം കല്ലുമോളെയാ ... എന്നോട് പറഞ്ഞിട്ടുണ്ടല്ലോ അത്. ദുർഗ്ഗ ചിരിച്ചുകൊണ്ട് പറഞ്ഞു. അണോ ..... കല്ലുമോൾടെ കുഞ്ഞി കണ്ണുകൾ ആകാംഷയാൽ വിടർന്നു. ആടി കുറുമ്പി പെണ്ണേ .... കുഞ്ഞി കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു. നമ്മുക്ക് ചോറുണ്ണാൻ പോവാം. ദുർഗ്ഗ തലയാട്ടി ചോദിച്ചതും കല്ലുമോൾ നന്നായിട്ട് ഒന്ന് തല കുലുക്കി സമ്മതിച്ചു. അവർ ഇരുവരും അകത്തേക്ക് കയറി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story