🌸അത്രമേൽ 🌸: ഭാഗം 17 || അവസാനിച്ചു

athramel priya

രചന: കൃഷ്ണപ്രിയ

അവൾ വേഗം കുളിച്ച് മുറ്റത്തെ മുല്ലയിൽ നിന്നും മുല്ലമൊട്ടുകൾ എടുത്ത് മാല കോർത്തു. വീടിന്റെ ഒരു അരുകിലായി കൂവളം ഉണ്ടായിരുന്നു. അതിൽ നിന്നും ഇലകൾ എടുത്ത് മാല കെട്ടി. അപ്പോഴേക്കും ആറുമണി ആയിരുന്നു. വേഗം രാജീവിനെയും കല്ലുമോളേയും ദുർഗ്ഗ വിളിച്ചെണീപ്പിച്ചു. മോളേ കുളിപ്പിച്ച് പട്ടുപാവാട ഇടിച്ച് സുന്ദരി കുട്ടിയാക്കി. അവൾ ഒരു മുണ്ടും നേര്യതും ഉടുത്തു റെഡിയായി. അപ്പോഴേക്കും രാജീവ് കുളിച്ച് ഒരു ഷർട്ടും മുണ്ടും ഇട്ടു വന്നു. കെട്ടിവച്ച മാലയുമായി അവർ അമ്പലത്തിലേക്ക് പോയി. ക്ഷേത്രനടയിൽ മാല വച്ച് ഭഗവാനോട് മനസ്സ് നിറയെ പ്രാർത്ഥിച്ചു. അച്ഛന്റെയും അമ്മയുടെയും വിരൽ തുമ്പിൽ തൂങ്ങി നടപ്പാതയിലൂടെ കുഞ്ഞി കൊലുസുകൾ കിലുക്കി കല്ലുമോള് നടന്നു ⚫⚫⚫ വീട്ടിൽ എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു... പ്രത്യേകിച്ച് വേണുവിന്. രാജീവിന്റെ ഇൗ മാറ്റം വേണുവിന് വിശ്വസിക്കാൻ തന്നെ സാധിച്ചില്ല...

കള്ളുമോളെ താഴത്തും തലയിലും വക്കാതെയാണ് രാജീവ് കൊണ്ട് നടന്നത്. മോളെ കൊഞ്ചിക്കുന്നതിനടക്കും അവന്റെ കണ്ണുകൾ പണികളിലേർപ്പെട്ടിരിക്കുന്ന ദുർഗ്ഗയിലേക്ക് പാളി വീഴുന്നുണ്ടായി ... അത് കണ്ടതും അവളുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു. അത് കാണുമ്പോൾ അവൻ ഒരു കള്ളചിരി ചിരിക്കും. അച്ഛേ.... മോൾദെ ഒപ്പം ഊന്നാലാതാവോ .... കല്ലുമോള് കൊഞ്ചി കൊണ്ട് രാജീവിനോട് ചോദിച്ചു. മോള് വാ .... അച്ഛ ആട്ടി തരാം. മോളോട് പറഞ്ഞു കൊണ്ട് രാജീവ് ദുർഗ്ഗയെ ഒന്ന് നോക്കി ... തന്നെയും വിളിക്കും എന്ന് പ്രതീക്ഷിച്ച് കൊണ്ട് അവൾ അവനെ നോക്കി. പക്ഷെ അവൻ മോളെയും കൊണ്ട് തിരിഞ്ഞു നടന്നു. അത് കണ്ടതും അവളുടെ മുഖം പെട്ടെന്നു വാടി. ദുർഗ്ഗപെണ്ണെ ....നീയും വാടി... ആഹ് വിളി കേട്ടതും അവളും അവർക്ക് പിന്നാലെ ഓടി . അച്ഛനും മോളും ഊഞ്ഞാലിലിരുന്നു.

ദുർഗ്ഗ പിന്നിൽ നിന്നും പതിയെ ആട്ടി വിട്ടു. വായുവിൽ ഊഞ്ഞാൽ ഉയർന്നു താഴുന്നതിനൊപ്പം കല്ലുമോള് ഉച്ചത്തിൽ അട്ടഹസിച്ചു. കുറച്ച് കഴിഞ്ഞതും രാജീവ് ഊഞ്ഞാലിൽ നിന്നിറങ്ങി ദുർഗ്ഗയെ പിടിച്ചിരുത്തി. ദുർഗ്ഗ മോളെ മടിയിലിരുത്തി ഊഞ്ഞാലിൽ മുറുകെ പിടിച്ചിരുന്നു. അവൻ പതിയെ ഉഞ്ഞാലാട്ടി ... അവരുടെ കളി ചിരികൾ കണ്ട് വേണു ഉമ്മറക്കോലായിൽ ഇരുന്നു. ⚫⚫⚫ ഇത്തവണ വേണു പറമ്പിൽ നനക്കാൻ പോയപ്പോൾ രാജീവും ഉണ്ടായിരുന്നു കൂടെ ... പക്ഷെ നനച്ച് നനച്ച് അവസാനം അവൻ ദുർഗ്ഗയെ കൂടെ നനച്ച .... അവളും വിട്ടു കൊടുത്തില്ല. നല്ലവണ്ണം തന്നെ അവളെയും നനച്ചു. അതിന്റെ നടുക്ക് ചെന്ന് കല്ലുമോളും നിന്നു കൊടുത്തു. അച്ഛനും അമ്മയും മോളും കൂടെ വെള്ളത്തിൽ ആർത്തുല്ലസിച്ച് കളിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഊണിനു വേണ്ടിയുള്ളവ തയ്യാറാക്കാനായി ദുർഗ്ഗ അടുക്കളയിൽ കയറി ....

രാജീവിനിഷ്ടമുള്ളതെല്ലാം ഉണ്ടാക്കാൻ അവൾക്ക് വെപ്രാളമായിരുന്നു. വേഗം എന്തെല്ലാമോക്കെയോ ഉണ്ടാക്കി .... രാജീവും കല്ലുമോളും അപ്പോൾ ടോം ആന്റ് ജെറി കാണുകയായിരുന്നു. ദുർഗ്ഗയും അടുത്ത് ചെന്നിരുന്നു. കല്ലുമോള് മൃഗങ്ങളുടെ ശബ്ദം ഇരുന്ന് അനുകരിക്കുന്നുണ്ട്. എല്ലാവർക്കും ചോറ് വിളമ്പി കൊടുത്ത് ഒരു വലിയ കിണ്ണത്തിലായി കല്ലുമോൾക്ക് ചോറെടുത്ത് ദുർഗ്ഗ വന്നു. രാജീവ് വേഗം തന്റെ പ്ലേറ്റിലെ ചോറ് കൂടെ ആഹ് കിണ്ണത്തിലേക്കിട്ടു. മനസ്സിലാവാത്ത ഭാവത്തിൽ അവൾ അവനെ നോക്കി. മോൾക്ക് മാത്രല്ല എനിക്കും കൂടെ വേണം.... അവൻ അവളെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു. അവൾക്ക് അത് കണ്ട് ചിരിയാണ് വന്നത്. വേഗം അവൾ ഓരോ ഉരുളയാക്കി കല്ലുമോൾക്കും രാജീവിനും വായിൽ വച്ച് കൊടുത്തു. രാജീവ് പതിയെ അവളുടെ വിരലിൽ കടിക്കുന്നുണ്ടായിരുന്നു. അവളപ്പോൾ അവനെ നോക്കി കണ്ണുരുട്ടും. ഇടക്ക് രാജീവ് അവൾക്കും ഓരോ ഉരുള വായിൽ വച്ചു കൊടുത്തു. ഊണെല്ലാം കഴിഞ്ഞ് ഉമ്മറക്കോലായിൽ ഇരിക്കുമ്പോഴാണ് ശ്രീ വിളിച്ചത്. രേവതിക്ക് രണ്ടാമതും വിശേഷം ഉണ്ടെന്ന് ...

അത് കേട്ടതും ദുർഗ്ഗയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കാരണം രേവതിയുടെ ആദ്യത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയത് ദുർഗ്ഗയായിരുന്നു. കല്ലുമോള് കാര്യം മനസ്സിലാവാതെ ദുർഗ്ഗയുടെയും രാജീവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി. കല്ലുമോളെ ..... ആര്യൻ കുട്ടന് ഒരു അനിയനോ അനിയത്തിയോ വരാൻ പോവാ .... കല്ലുമോൾടെ ഇരു തോളിലും പിടിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു. അമ്മേ നിച്ചും വേനം ...... കല്ലുമോള് കൊഞ്ചിക്കൊണ്ട് പറഞ്ഞു. കല്ലുമോൾടെ ആവശ്യം കേട്ട് എന്ത് പറയണമെന്നറിയാതെ ദുർഗ്ഗ രാജീവിന്റെ മുഖത്തേക്ക് നോക്കി. ആഹ് മുഖത്ത് നിർവചിക്കാനാവാത്ത ഒരു ഭാവമായിരുന്നു അവൾ കണ്ടത്. അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി. വേണു മോളെയും കൊണ്ട് സോഫയിലേക്ക് പോയിരുന്നു. മടിയിൽ കിടന്ന് മോള് ഉറക്കം പിടിച്ചിരുന്നു.

രാജീവ് മുറിയിലേക്ക് പോയി. അവിടെ ജനലരികിലായി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ദുർഗ്ഗ . അവൻ പിന്നിലൂടെ ചെന്ന് അവളെ വരിഞ്ഞു ചുറ്റി പിൻകഴുത്തിൽ മുഖമമർത്തി. എന്താ എന്റെ ദുർഗ്ഗ പെണ്ണ് ഇങ്ങനെ ആലോചിച്ച് കൂട്ടുന്നേ ? അവൻ അവളുടെ ചെവിയിലായി ചോദിച്ചു. ഞാൻ നമ്മുടെ മോള് പറഞ്ഞ കാര്യം ഓർക്കുവായിരുന്നു. വിദൂരതയിലേക്ക് നോക്കി അവൾ പറഞ്ഞു. അതിനിപ്പോ ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു. നമ്മൾ മോൾടെ ആഹ് ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കുന്നു. എന്നെ പേടിയില്ലേ അപ്പോ ? വിശ്വാസം വരാതെ അവൾ തിരിഞ്ഞു നോക്കി. പേടിയോ ? നിന്നെയോ ? എന്തിന്? അവൻ പുരികം ചുളിച്ച് കൊണ്ട് ചോദിച്ചു. ഇനിയൊരു കുഞ്ഞുണ്ടായാൽ ഞാൻ മോളെ വേർതിരിച്ച് കാണുന്ന് പേടിയുണ്ടോ രാജീവേട്ടന്. അവൾ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു. നിനക്കെന്താടി പെണ്ണെ .... എനിക്കറിയാം നിന്നെ ....നിന്നെക്കാൾ ഏറെ നിന്നെ എനിക്കറിയാം. കല്ലുമോള് കഴിഞ്ഞിട്ടേ നിനക്ക് എന്തും ഉള്ളൂ എന്നും അറിയാം...

പിന്നെ ഈ ചോദ്യത്തിന് പ്രസക്തിയില്ല. അവന്റെ മറുപടി കേട്ട് അവളുടെ കണ്ണ് നിറഞ്ഞു. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് അവനെ ഇറുകെ പുണർന്നു. അപ്പൊ എങ്ങനെയാ .... അതങ്ങ് സാധിച്ചു കൊടുക്കുവല്ലേ ? അവൻ മീശ പിരിച്ചു കൊണ്ട് അവളോട് ചോദിച്ചു .... അവളുടെ മുഖം നാണത്താൽ ചുവന്നു. തന്റെ കൈകളാൽ അവളെ കോരിയെടുത്ത് അവൻ കട്ടിലിൽ കിടത്തി. ചുണ്ടുകളിൽ ഗാഢമായി ചുംബിച്ചു. ചുംബനങ്ങളുടെ ദിശമാറി സഞ്ചരിച്ചു. പൂർണ്ണമായും അവളിലലിയാൻ തുടങ്ങി. അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുമ്പോൾ ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം നടന്നതിലുള്ള സന്തോഷമായിരുന്നു അവളിൽ .... ⚫⚫⚫ ഇന്ന് ചിങ്ങമാസത്തിലെ അത്തം ആയിരുന്നു. തലേ ദിവസം വൈകീട്ട് തന്നെ രാജീവ് പൂത്തറ എല്ലാം കെട്ടിയിരുന്നു. രാവിലെ തന്നെ അതിൽ ചാണകം മെഴുകി വച്ച് തന്റെ പൂന്തോട്ടത്തിൽ നിന്നും പൂക്കളെല്ലാം ഇറുത്തു വച്ചിരുന്നു ദുർഗ്ഗ . കല്ലുമോളെ കുളിപ്പിച്ച് പട്ടുപാവാട ഇടീച്ച് ഉമ്മറത്തേക്ക് വിട്ടു.

തുളസിയും മുക്കൂറ്റിയും തുമ്പയും ആദ്യം വച്ച് ദുർഗ്ഗയും കല്ലുമോളും പൂവിടാൻ തുടങ്ങി. വേണു അത് നോക്കി നിന്നു . അപ്പോഴേക്കും രാജീവ് എവിടെ നിന്നോ കൃഷ്ണകിരീടം പൊട്ടിച്ചു കൊണ്ട് വന്നു, അതും പൂക്കളത്തിനു ചുറ്റുമായി ഇട്ടു. പിന്നീട് തൃക്കാക്കരയപ്പനെയും മുത്തിയമ്മയേയും ആട്ടുകല്ലും അമ്മിക്കല്ലും എല്ലാം കളിമണ്ണ് കൊണ്ട് ഉണ്ടാക്കി ഉണക്കാൻ വച്ചു. വേലായുധൻ എവിടെ നിന്നോ രണ്ട് കായക്കുല കൊണ്ട് വന്നിട്ടുണ്ടായിരുന്നു. അതിൽ നിന്നും കുറെയെടുത്ത് കായ വറുത്തതും ശർക്കരവരട്ടിയും ഉണ്ടാക്കി. പകുതി എടുത്ത് ദുർഗ്ഗ വേലായുധന് കൊടുത്ത് വിട്ടു. അച്ചാറും പുളിയിഞ്ചിയും ഒക്കെ ഉണ്ടാക്കി. അതിൽ നിന്നെല്ലാം ഒരു പങ്ക് വേലായുധനും കൊടുത്തിരുന്നു. തിരുവോണത്തിന് പടികടന്ന് പൂവിട്ട് ഓണം കൊണ്ടു. കല്ലുമോളും അതിനൊത്ത നടുക്കായി ആറപ്പേ വിളിക്കാൻ ഉണ്ടായിരുന്നു. രാജീവ് കല്ലുമോൾക്കും ദുർഗ്ഗയ്ക്കും വേണുവിനും ഓണക്കോടി കൊടുത്തു. വേലായുധനോടും മക്കളോടും വരാൻ പറഞ്ഞിരുന്നു. അവർക്ക് കൊടുക്കാനും അവൻ ഓണക്കോടി വാങ്ങിയിരുന്നു.

കല്ലുമോളും വേലായുധന്റെ മക്കളും കൂടെ കളിക്കാനായി പോയപ്പോൾ ദുർഗ്ഗ സദ്യ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. രാജീവും വേണുവും വേലായുധനും അവളെ സഹായിക്കാൻ കൂടി. ഓണസദ്യയും കൂടി ആയപ്പോൾ ആഹ് വർഷത്തെ ഓണവും കഴിഞ്ഞു പോയി. ⚫⚫⚫ മൂന്ന് വർഷത്തിനു ശേഷം മറ്റൊരു ഓണം കൂടി വരവായി. ഇന്ന് കല്ലുമോള് മാത്രമല്ല ... മറ്റൊരു ആളും കൂടെ ദുർഗ്ഗക്കും രാജീവിനും ഇടയിലുണ്ട്. മറ്റാരുമല്ല അവരുടെ രണ്ടാമത്തെ അമ്പോറ്റി കുഞ്ഞുവാവ ആയ കുഞ്ഞിക്കണ്ണനും കൂടെയുണ്ട്. സത്യത്തിൽ ദുർഗ്ഗ പ്രസവിച്ചന്നെയൊള്ളൂ .... അമ്മ എന്ന പദവി ഏറ്റെടുത്തിരിക്കുന്നത് കല്ലുമോളാണ്... അവന്റെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യണമെന്ന ശാഠ്യത്തിലാണ് കക്ഷി .... പക്ഷെ ദുർഗ്ഗയെ അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ രാജീവ് സമ്മതിക്കുന്നുണ്ടായില്ല. കാരണം അവളുടെ നിറവയറ് തന്നെയായിരുന്നു. മൂന്നാമത് ഒരമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് ദുർഗ്ഗ . അച്ഛനും കല്ലുമോളും കൂടെ ഭരണം ഏറ്റെടുത്തിരിക്കുകയാണ്. രാജീവും ദുർഗ്ഗയും അവരുടെ പ്രണയത്തിന്റെ ലോകത്താണ് ഇപ്പോഴും. ഇനി വരാൻ പോവുന്ന കുഞ്ഞുവാവയ്ക്കും ചേച്ചിയമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് കല്ലുമോള് .... വരാൻ പോവുന്ന സന്തോഷങ്ങളിലേക്ക് ഇനിയവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ യാത്ര ..... (അവസാനിച്ചു)❤️❤️❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story