🌸അത്രമേൽ 🌸: ഭാഗം 4

athramel priya

രചന: കൃഷ്ണപ്രിയ

ശ്രീദുർഗ്ഗയെ . തരുമോ ഞങ്ങൾക്ക് അവളെ . എന്റെ കല്ലുമോളുടെ അമ്മയായിട്ട്. അമ്മാവാ.ഞങ്ങൾക്ക് സന്തോഷം ഉള്ള കാര്യമാ . പക്ഷെ അവൾ സമ്മതിക്കോ എന്നറിയണ്ടേ ? ശ്രീറാം ചോദിച്ചു. ശരിയാ. ഒരു രാണ്ടാം ഭാര്യ ആയിട്ട് വരാൻ ആഹ് കുട്ടി സമ്മതിക്കില്ലായിരിക്കും. രണ്ടാം ഭാര്യ മാത്രമല്ലാലോ രണ്ടാനമ്മ കൂടെ അല്ലേ? വേണുവിന്റെ മുഖം താണു. അമ്മാവൻ വിഷമിക്കാതെ . ഞങ്ങൾ അവളോട് ഒന്ന് സംസാരിച്ച് നോക്കട്ടെ. അവൾ നല്ല കുട്ടിയാ. സമ്മതിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. രേവതി പറഞ്ഞു. ആഹ് സമയം ആര്യനെ കളിപ്പിച്ച് പൊട്ടിചിരിക്കുന്ന കല്ലുമോളിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ. ⚫⚫⚫ അവർ കുറച്ച് നേരം കൂടെ ഇരുന്നിട്ടാണ് മടങ്ങിയത്. വൈകുന്നേരമായപ്പോൾ ഓഫീസിൽ നിന്നും രാജീവ് മടങ്ങിയെത്തി. അവനുള്ള ചായ അച്ഛൻ കൊണ്ടുപോയി കൊടുത്തു.

രാജീവേ....കല്ലുമോൾക്ക് ഒരമ്മയെ ഞാൻ കണ്ടെത്തിട്ടുണ്ട്. ശ്രീമോന്റെ വീട്ടിലെ ആഹ് കുട്ടി. ശ്രീദുർഗ്ഗ ... ആഹ് മോൾക്ക് സമ്മതം ആണെങ്കിൽ ... നീ എതിർപ്പൊന്നും പറയരുത്. വേണു മകനോടായി പറഞ്ഞു. ഇന്ന് ശ്രീമോനും രേവതിയും വന്നിരുന്നു. ഞാൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്. ആഹ് കുട്ടിയോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞാണ് അവർ മടങ്ങിയത്. മോൾടെ അമ്മയായി മാത്രം ഈ വീട്ടിൽ കഴിഞ്ഞാൽ മതിയെന്ന് പറയണം അവളോട്. എന്റെ ഭാര്യയായി വാഴാം എന്ന മോഹം വേണ്ടാന്നും പറയണം. ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കാൻ നിൽക്കരുത് അവൾ. മോളേ നോക്കാൻ വന്നാൽ അത് മാത്രം നോക്കിയാൽ മതി. ഇത്രേം പറഞ്ഞ് ബോധ്യപ്പെടുത്തിട്ട് കൊണ്ടുവന്നാ മതി ഇങ്ങോട്ട്. രാജീവ് പറഞ്ഞു കൊണ്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി. മ്ഹ്ഹ്.... അയാൾ ഒന്ന് മൂളി ... ⚫⚫⚫

വീട്ടുപണികൾ എല്ലാം കഴിഞ്ഞ് കിടക്കാൻ പോവാൻ നേരമാണ് രേവതിയും ശ്രീറാമും ദുർഗ്ഗയോട് സംസാരിക്കാൻ ആയി വിളിപ്പിച്ചത്. രാത്രിയിലെ നിശബ്ദതയെ കീറിമുറിച്ച് ചീവീടിന്റെ ശബ്ദം അവിടമാകെ നിറഞ്ഞു. ടെറസ്സിലെ സിമന്റ്ബെഞ്ചിൽ ഇരിക്കുകയായിരുന്നു ശ്രീറാമും രേവതിയും. എന്തേ ശ്രീയേട്ടാ വിളിപ്പിച്ചത് ? അങ്ങോട്ട് വന്ന ദുർഗ്ഗ ചോദിച്ചു. ശ്രീയ്ക്കും രേവതിക്കും ആഹ് കാര്യം പറയാൻ ആദ്യമൊരു മടി തോന്നി. അത് ... മോളേ .... ഞങ്ങൾ നിന്റെ കല്യാണ കാര്യം പറയാൻ വേണ്ടി വിളിപ്പിച്ചതാ... രേവതി പറഞ്ഞു. എനിക്ക് കല്യാണം ഒന്നും വേണ്ട ചേച്ചി. ഞാൻ ഇവിടെ തന്നെ നിന്നോളാം. എനിക്ക് വേണ്ടി നിങ്ങളാരും ബുദ്ധിമുട്ടരുത്. അവൾ പറഞ്ഞു. എന്ത് ബുദ്ധിമുട്ട്? നിനക്ക് ഒരു ജീവിതം വേണ്ടേ? നീ ചെറുപ്പമാ... നല്ലൊരു ജീവിതമുണ്ട്. അതൊക്കെ മാറ്റി വച്ച് ഇവിടെ അടുക്കളപ്പണി ചെയ്ത് ജീവിക്കാം എന്നാണോ നിന്റെ വിചാരം...

മോളേ നിന്റെ നല്ലതിനു വേണ്ടിയാ ഈ ഏട്ടൻ പറയുന്നത്. ശ്രീ അവളെ നോക്കി പറഞ്ഞു. ശ്രീയേട്ടൻ പറയൂ .... ഞാൻ എന്താ ചെയ്യേണ്ടത് ? അച്ഛനും അമ്മയും കിടപ്പാടും എല്ലാം നഷ്ട്ടപ്പെട്ട എനിക്ക് ഒരഭയം തന്ന നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം.. ഉണ്ട ചോറിന്റെ നന്ദി ദുർഗ്ഗ കാണിക്കും ഏട്ടാ ... പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. മോളേ ...ഞങ്ങൾ പറയുന്നത് കൊണ്ട് നിനക്കൊരു വിഷമവും തോന്നരുത്. നിനക്കിഷ്ടല്ലെങ്കിൽ നീ സമ്മതിക്കണ്ട . കാരണം ഒരു ഭാര്യയായി മാത്രമല്ല നീ ചെല്ലേണ്ടത് ഒരു രണ്ടര വയസ്സുകാരിയുടെ അമ്മയായി കൂടിയാ . ശ്രീ അവളുടെ മുഖത്ത് നോക്കാനാവാതെ പറഞ്ഞു. അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ അവൻ മുഖമുയർത്തി അവളെ നോക്കി. നേരത്തെ ഉണ്ടായിരുന്ന അതേ പുഞ്ചിരി അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നു.

എനിക്ക് സമ്മതമാണ് ഏട്ടാ. കാരണം അച്ഛനും അമ്മയും നഷ്ടപ്പെട്ടവളാണ് ഞാൻ. ഒരമ്മയുടെ സ്നേഹവും വാത്സല്യവും കൊതിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും. ആഹ് എനിക്ക് ഒരു കുഞ്ഞിന്റെ അമ്മയാവാനും സ്നേഹിക്കാനും ഒരവസരം കിട്ടുന്നത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്. ദുർഗ്ഗ പറയുന്നത് കേട്ട് ഇരുവർക്കും ഒരാശ്വാസം കിട്ടി. മോളേ .... അന്നിവിടെ വന്നില്ലേ വേണുമ്മാവനും മകൻ രാജീവും. രാജീവിനൊരു മകളുണ്ട് കല്യാണി. ആഹ് കുഞ്ഞിന്റെ അമ്മയായി നിന്നെ വേണമെന്ന് അവർക്ക്. അതും നിനക്ക് സമ്മതമാണെങ്കിൽ മാത്രം. രേവതി പറഞ്ഞു. മ്മഹ്.... എനിക്കോർമയുണ്ട്. പിന്നെ മോളേ... ഒരു കാര്യം കൂടെ ഉണ്ട് . ശ്രീയാണ് പറഞ്ഞത്. എന്താ ഏട്ടാ? അത് ....രാജീവിന്റെ മകളാണെങ്കിലും അവൻ ആഹ് കുഞ്ഞിനെ ഇന്നുവരെ സ്നേഹിച്ചിട്ടില്ല. ഒന്ന് താലോലിച്ചിട്ടില്ല. വെറുപ്പോ ദേഷ്യമോ ഒന്നുമല്ല.

പക്ഷെ അവനൊരകൽച്ചയുണ്ട് കല്ലുമോളോട്. ആഹ് അകൽച്ച മാറ്റി അച്ഛനെയും കല്ലുമോളേയും ഒരുമിപ്പിക്കണം. അതിനു നിനക്കു മാത്രമേ പറ്റൂ. അമ്മയുടെ മാത്രമല്ല അച്ഛന്റെയും സ്നേഹം വേണം കല്ലുമോൾക്ക്. ഏട്ടാ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ... കല്ലുമോൾടെ അമ്മ ....? പോയി .... പ്രസവത്തോടെ .... പാവായിരുന്നു കല്ലുമോൾടെ അമ്മ അഞ്ജലി ... ആഹ് കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാൻ നിന്നില്ല അവൾ. അതിനു മുൻപേ ദൈവം തിരിച്ചു വിളിച്ചു. അഞ്ജലിയുടെയും രാജീവിന്റെയും പ്രണയ വിവാഹം ആയിരുന്നു. അഞ്ജലി ഒരു നമ്പൂരികുട്ടിയാ. കോളേജിൽ രാജീവ് തേർഡിയർ പഠിക്കുമ്പോൾ ഫസ്റ്റിയർ ആയിട്ട് വന്നതാ അവൾ. ദാവണി ഉടുത്ത് വന്നതിനു ആദ്യം തന്നെ റാഗിംഗ് കിട്ടിയ അവളെ അവിടെ നിന്നും രക്ഷിച്ചത് രാജീവാ . അന്നേ അവളവന്റെ മനസ്സിൽ കയറി പറ്റി.

പിന്നീട് പലപ്പോഴായി അവളെ കണ്ടു. പേടിച്ചരണ്ട മാൻപേടയെപോലെ ഒരു പാവം അമ്പലവാസി പെൺകുട്ടി. അവന്റെ ഇഷ്ടം തുറന്നു പറയാൻ അത്ര സമയം ഒന്നും വേണ്ടി വന്നില്ല. പിന്നെ പിന്നെ അവളിലും ആഹ് ഇഷ്ടം നാമ്പെടുക്കാൻ തുടങ്ങി. വിട്ടുപിരിയാൻ ആവാത്തവിധം പരസ്പരം അവർ അടുത്തുപോയി. രാജീവിന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്ത് പോവാൻ നേരത്ത് ആഹ് പാവം ഒത്തിരി കരഞ്ഞു. എന്നാലും ഇടയ്ക്കിടക്ക് അവൻ അവളെ കാണാൻ ചെന്നിരുന്നു. രാജീവിനു ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവേണ്ടി വന്നു. അവളോട് B.com കഴിഞ്ഞ് പിജി ചെയ്യാൻ പറഞ്ഞു. അവൾ പി.ജി ഒന്നാം വർഷം ആയപ്പോഴേക്കും അവൻ തിരിച്ചെത്തി.

അഞ്ജലി കുറച്ചും കൂടെ ഒന്ന് ബോൾഡ് ആയി. അപ്പോഴും അവരുടെ ഇഷ്ടത്തിനു യാതൊരുവിധ മങ്ങലും ഏറ്റിരുന്നില്ല. രാജീവും അഞ്ജലിയും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം അവന്റെ വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അമ്മാവനും അമ്മായിക്കും എല്ലാം അവളെ ഒത്തിരി ഇഷ്ടമായിരുന്നു . അതുകൊണ്ട് തന്നെ അവരുടെ കാര്യത്തിൽ അമ്മാവനും അമ്മായിക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അവൾ പി.ജി കംപ്ലീറ്റ് ചെയ്തതും അവനും വീട്ടുകാരും അവൾടെ ഇല്ലത്തു പോയി പെണ്ണ് ചോദിച്ചു. പക്ഷെ ...... എന്താ ഏട്ടാ ?എന്താ ഉണ്ടായത് ? ദുർഗ്ഗ ആകാംഷയോടെ ചോദിച്ചു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story