🌸അത്രമേൽ 🌸: ഭാഗം 7

athramel priya

രചന: കൃഷ്ണപ്രിയ

മഹാദേവന്റെയും പാർവ്വതിദേവിയുടെയും ക്ഷേത്രത്തിൽ തൊഴുത് അവർ ഗണപതി ക്ഷേത്രത്തിലേക്ക് നടന്നു. വേണു കണ്ണടച്ച് നടയിൽ നിന്നും പ്രാർത്ഥിക്കുന്നത് തലയുയർത്തി കല്ലു മോള് നോക്കി. കണ്ണു തുറന്ന് വേണു ഏത്തമിട്ടു. അത് കണ്ടതും കല്ലു മോൾക്കും ചെയ്യണം. കാലുകൾ പിണച്ച് നിൽക്കാൻ കല്ലുമോള് നന്നേ പാടുപെട്ടു. കൈകൾ ചെവിയിൽ പിടിക്കാൻ നോക്കിയതും കാലുകൾ കഴച്ചു. വേണു വലം വയ്ക്കാൻ പോയതും കല്ലുമോളും പിന്നാലെ ഓടി .... അപ്പോഴേക്കും അമ്പല മുറ്റത്ത് മറ്റൊരു കാറ് കൂടി വന്നു നിന്നു. ⚫⚫⚫ രേവതി ആര്യനെ കൈയ്യിൽ എടുത്ത് കൊണ്ട് കാറിൽ നിന്നും ഇറങ്ങി. ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രീ ഇറങ്ങി ആര്യനെ എടുത്തു. രേവതി ദുർഗ്ഗയോട് ഇറങ്ങാൻ പറഞ്ഞു. കരിംപച്ചനിറത്തിലുള്ള കരയോടു കൂടിയ സെറ്റ് സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. ഒരു കുഞ്ഞു ജിമിക്കി കാതിലുണ്ട്. കഴുത്തിൽ ഒരു ചെറിയ മാലയും. ഇരു കൈയ്യിലും ഓരോ വളയും ഉണ്ട്. നീളൻ മുടി കുളിപിന്നൽ ഇട്ടു വച്ചിരുന്നു.

രണ്ട് മുഴം മുല്ലപൂവും മുടിയിൽ ചൂടിയിരുന്നു. കൺമഷി കൊണ്ട് കണ്ണുകൾ വാലിട്ടെഴുതിയിരുന്നു. അത്യാവശ്യം വലുപ്പത്തിലുള്ള ചുവന്ന വട്ടപ്പൊട്ട് നെറ്റിയിൽ തൊട്ടിരുന്നു. പക്ഷെ ഇതൊന്നുമല്ലായിരുന്നു അവളിലെ അഴകിനെ എടുത്ത് കാണിച്ചിരുന്നത്. അത് അവളുടെ നീളൻ മൂക്കിലുള്ള പച്ചക്കൽ മൂക്കുത്തിയിലായിരുന്നു. മുഹൂർത്തമായതും അവർ അമ്പലത്തിനുള്ളിലേക്ക് കയറി. ആര്യനെ കണ്ടതും കുഞ്ഞുട്ടാന്നും വിളിച്ച് കല്ലുമോള് ഓടി വന്നു. ആര്യന്റെ കുഞ്ഞി കൈകളിൽ പിടിച്ച് അവൾ കൊഞ്ചിച്ചു. അപ്പോഴേക്കും ശ്രീ കല്ലുമോളേ എടുത്തുയർത്തി. ഇതാരാന്ന് കല്ലുമോൾക്ക് അറിയോ .... ദുർഗ്ഗയെ ചൂണ്ടികാണിച്ച് കൊണ്ട് ശ്രീ ചോദിച്ചു. മ്ഹ്ഹ്.... ഹ്ഹ്.... അവൾ ഇല്ല എന്ന് തലയാട്ടി. ദുർഗ്ഗയും ആദ്യമായിട്ടായിരുന്നു കല്ലുമോളേ കാണുന്നത്. വെളുത്ത് പാവക്കുട്ടി പോലിരിക്കുന്ന ഒരു കുഞ്ഞുമോള് . വിളറി വെളുത്ത കണ്ണുകൾ. കൺമഷി എഴുതാറില്ലാന്ന് കണ്ടാൽ മനസിലാവും.

ഒരു തരത്തിലുള്ള ഒരുക്കങ്ങളും ആഹ് മുഖത്ത് ഇല്ലായിരുന്നു. ഇത് .....കല്ലുമോളെ ഒത്തിരി ഇഷ്ടമുള്ള കല്ലു മോൾടെ അമ്മയാ ..... ശ്രീ ദുർഗ്ഗയെ നോക്കി കല്ലുമോളോട് പറഞ്ഞു. ശത്യം .... കുഞ്ഞി കണ്ണുകൾ വിടർത്തി ദുർഗ്ഗയെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു. സത്യം... ഇത് കല്ലുമോൾടെ അമ്മയാ ..... അപ്പോ വീത്തിലെ ഫോത്തോലൊള്ളത് എന്തമ്മയല്ലേ? കല്ലുമോള് തല ചെരിച്ച് പിടിച്ചു കൊണ്ട് ശ്രീയെ നോക്കി ചോദിച്ചു. പക്ഷെ അതിനുള്ള ഉത്തരം ശ്രീയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അതോ ...... അതും കല്ലുമോൾടെ അമ്മ തന്നെയാ ... ആഹ് അമ്മ തന്നെയാ എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. കല്ലുമോള് ഒറ്റയ്ക്കാ .... അത് കൊണ്ട് കല്ലു മോൾക്ക് കൂട്ടായിട്ട് എന്നോട് ചെല്ലാൻ പറഞ്ഞു. ഇനി ഞാൻ അല്ലേ ഈ ചുന്ദരി കുട്ടീടെ അമ്മ ... അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു. ആണോ ചെരിയച്ഛാ ....

കല്ലുമോള് ശ്രീയെ നോക്കി ചോദിച്ചു. ആണെന്റെ കല്ലുമോളേ.... കുഞ്ഞികവിളിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് അവൻ പറഞ്ഞു. അമ്മേ !!!!!!!... കല്ലുമോളുടെ ആഹ് ഒരു വിളി മതിയായിരുന്നു പ്രസവിച്ചില്ലെങ്കിലും അവളുടെ അമ്മയായി ദുർഗ്ഗയ്ക്ക് മാറാൻ. മോളേ ..... അവൾ കല്ലുമോളേ വാരിയെടുത്ത് ചുംബനങ്ങളാൽ മൂടി. കുഞ്ഞിനെ അവൾ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു. അതേ .... അമ്മയ്ക്കും മോൾക്കും സ്നേഹിക്കാൻ ഇനിയൊരുജന്മം മുഴുവനും ബാക്കിയുണ്ട്... ഇപ്പോ മുഹൂർത്തത്തിനു സമയമായി. വന്നേ വേഗം . കല്ലുമോളേ തിരികെയെടുത്ത് കൊണ്ട് ശ്രീ പറഞ്ഞു. അവർ വേഗം അമ്പലത്തിലേക്ക് നടന്നു. തിരുമേനി താലി പൂജിച്ച് വച്ചിരുന്നു. രാജീവ് മനസ്സില്ലാമനസ്സോടെ ദുർഗ്ഗയെ താലി ചാർത്തി. ക്ഷേത്രത്തിൽ നിന്നും കിട്ടിയ കുങ്കുമം സിന്ദൂര രേഖയിൽ തൊട്ടു കൊടുത്തു. രജിസ്റ്ററിൽ ഒപ്പുവച്ചു. നിയമപരമായി അവർ ഭാര്യ ഭർത്താക്കന്മാരായി മാറി. വിവാഹത്തിന്റെ ചടങ്ങുകൾ കഴിഞ്ഞതും കല്ലുമോള് ദുർഗ്ഗയുടെ കൈയ്യിലേക്ക് ചാടി വീണു. ദുർഗ്ഗ അവളെ കൊഞ്ചിക്കുന്ന തിരക്കിലായിന്നു.

ശ്രീയോടും രേവതിയോടും അവൾ യാത്ര പറഞ്ഞു. പോവാൻ നേരം ദുർഗ്ഗ ആര്യനെ എടുത്ത് കുഞ്ഞി നെറ്റിതടത്തിൽ മൃതുവായി മുത്തി. അവരോട് യാത്ര പറഞ്ഞ് രാജീവിന്റെ കാറിൽ കയറി വീട്ടിലേക്ക് യാത്രയായി. കാറിലിരുന്ന അത്രയും സമയവും ദുർഗ്ഗയുടെ അടുത്ത് കലപില വർത്താനം പറഞ്ഞു കൊണ്ട് ഇരിക്കായിരുന്നു .... അവളുടെ ശൈലിയിൽ തന്നെ ദുർഗ്ഗ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു. കല്ലുമോളോട് സംസാരിച്ച് വീടെത്തിയത് അവൾ അറിഞ്ഞില്ല. പഴയ രീതിയിലുള്ള ഒരു തറവാട്ടു വീട് . മുറ്റത്തൊരു വലിയ മാവുണ്ട്. മറ്റൊന്നും തന്നെ ആഹ് വിശാലമായ മുറ്റത്തില്ല. അവരെല്ലാം കാറിൽ നിന്നും ഇറങ്ങി. രാജീവ് അകത്തേക്ക് കയറി പോയി. വേണു വേഗം അകത്ത് പോയി അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തി അതുമായി ഉമ്മറത്തേക്ക് വന്നു. ഇവിടെ മുതിർന്ന സ്ത്രീകൾ ആരുമില്ല. അത് കൊണ്ടാ ഞാൻ തന്നെ ... വലതുകാല് വച്ച് കയറി വാ മോളേ ..... വിളക്ക് അവളുടെ കൈകളിലേക്ക് കൊടുത്ത് കൊണ്ട് വേണു പറഞ്ഞു. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നിലവിളക്ക് വാങ്ങി വലതുകാൽ വച്ച് അകത്തേക്ക് കയറി.

അവളുടെ സാരിതുമ്പിൽ പിടിച്ചു കൊണ്ട് കല്ലുമോളും കൂടെ പോയി... ഹാളിലേക്ക് കയറിയതും കണ്ടു മാലയിട്ടു വച്ചിരിക്കുന്ന അഞ്ജലിയുടെയും ശാരദയുടെയും ഫോട്ടോ .... ഒരു നിമിഷം അവർക്ക് മുൻപിൽ കണ്ണുകൾ അടച്ച് അവൾ പ്രാർത്ഥിച്ചു. വിളക്ക് പൂജാമുറിയിൽ കൊണ്ട് പോയിവച്ചു. അപ്പോഴേക്കും രാജീവ് വണ്ടിയെടുത്ത് പുറത്തേക്ക് പോയി ... മോളൊരു കാര്യം ചെയ്യു മുറിയിൽ പോയി ഈ വേഷം ഒക്കെ മാറ്റി വരൂ... ഞാൻ അപ്പോഴേക്കും കുടിക്കാൻ എന്തെങ്കിലും എടുക്കാം. വേണു രാജീവിന്റെ മുറി കാണിച്ചു കൊടുത്ത് കൊണ്ട് ദുർഗ്ഗയോടായി പറഞ്ഞു. അച്ഛാ ഞാൻ കയറിക്കോളാം അടുക്കളേല് . അച്ഛൻ വിശ്രമിച്ചോളൂ. ഞാൻ വേഗം ഫ്രഷ് ആയി വരാം. അതിനു മറുപടിയായി അയാൾ ഒന്ന് ചിരിച്ചു. തിരിച്ച് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ മുറിയിലേക്ക് കയറി. രണ്ട് മൂന്ന് ജോഡി ഡ്രസ്സ് അവൾക്കായി വാങ്ങി വച്ചിരുന്നു. അതിൽ ഒന്നെടുത്ത് അവൾ ഫ്രഷാവാൻ കയറി. കുളിച്ചിറങ്ങിയതും കല്ലുമോള് ഓടി അവളുടെ കാലിൽ ചുറ്റി പിടിച്ചു. ദുർഗ്ഗ വേഗം കല്ലുമോളേ എടുത്തുയർത്തി.

എന്റെ കുട്ടിക്ക് വിശക്കണില്ലേ... വായോ അമ്മ പാല് തരാം. ദുർഗ്ഗ അടുക്കളയിൽ കയറി .... അത്യാവശ്യം വലിയ അടുക്കള . ഷെൽഫിലായി പൊടികളും മറ്റ് സാധനങ്ങളുടെയും ടിന്നുകൾ. എല്ലാത്തിലും ഓരോന്നിന്റെയും പേരെഴുതി വച്ചിട്ടുണ്ട്. അടുത്തായി പാത്രങ്ങൾ വയ്ക്കുന്ന വലിയൊരു സ്റ്റാന്റ്. അവൾ ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ രണ്ട് പാക്കറ്റ് പാൽ കണ്ടു. അതെടുത്ത് ചായ വച്ചു. കുഞ്ഞിനുള്ള പാല് കാച്ചി ചൂടാറാനായി മാറ്റിവച്ചു. വേണുവിനായി ഒരു ചില്ല് ഗ്ലാസിൽ അവൾ ചായ പകർന്നു കൊടുത്തു. കല്ലുമോൾക്കുള്ള പാല് ചൂടാറ്റി സ്റ്റീൽ ഗ്ലാസിലാക്കി അവൾ കുഞ്ഞിനെ കുടിപ്പിച്ചു. ആഹാ .... അച്ഛിച്ചന്റെ കല്ലുമോള് ഇന്ന് പാല് മുഴുവൻ കുടിച്ചല്ലോ .... വേണു ഇടം കണ്ണിട്ട് നോക്കി കല്ലു മോളോടായി പറഞ്ഞു. കേട്ടോ മോളേ .... ഞാൻ കൊടുക്കുമ്പോൾ ഒരു കവിള് കുടിച്ചിട്ട് ഓടി കളയും കാന്താരി . വേണു കല്ലുമോളേ നോക്കി കൊണ്ട് പറഞ്ഞു. അണോ മോളേ .... കല്ലുമോളുടെ താടി തുമ്പിൽ പിടിച്ച് ഉയർത്തി കൊണ്ട് ദുർഗ്ഗ ചോദിച്ചു. ആഹ് കുഞ്ഞി കൈകളാൽ അവളുടെ അമ്മയുടെ കഴുത്തിൽ ചുറ്റി പിടിച്ചു നിന്നു കല്ലുമോള് . കല്ലുമോൾക്ക് അവളുടെ അമ്മയെ അത്രമേൽ ഇഷ്ടമായെന്ന് ആഹ് ഒരു കാഴ്ചയിൽ നിന്നും വേണുവിന് മനസ്സിലായി. ആഹ് വയസ്സന്റെ കണ്ണുകൾ നിറഞ്ഞിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story