🌸അത്രമേൽ 🌸: ഭാഗം 9

athramel priya

രചന: കൃഷ്ണപ്രിയ

കല്ലുമോൾടെ മുഖത്തെ ആഹ് സങ്കടം കണ്ടപ്പോൾ സത്യത്തിൽ ദുർഗ്ഗക്ക് ചിരിയാണ് വന്നത്. അതെങ്ങനെയാ ശരിയാവാ .... സിംഹം ദുഷ്ടനല്ലേ .... അതു കൊണ്ടല്ലേ അവൻ ചത്തുപോയത്. അണോ .... കല്ലുമോള് സംശയത്തോടെ നോക്കി. അതേലോ .... പായസം കല്ലുമോൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. മതിയമ്മേ .... മുഖം തിരിച്ചു കൊണ്ട് കല്ലുമോള് പറഞ്ഞു. അങ്ങനെ പറഞ്ഞാൽ പറ്റില്ല. കല്ലുമോൾക്ക് മുയലച്ചന്റെ പോലെ ബുദ്ധിയുള്ള കുട്ടിയാവണ്ടേ ... അപ്പോ ഇത് മുഴുവനും കഴിക്കണം. നിച്ചും ആവണം എന്ന് പറഞ്ഞു കൊണ്ട് കല്ലു മോള് അത് കഴിക്കാൻ തുടങ്ങി. അമ്മയും മോളും ചിരിച്ചും കളിച്ചും തമാശ പറഞ്ഞും പായസം കുടിക്കുന്നത് കണ്ടു കൊണ്ടാണ് രാജീവ് അങ്ങോട്ടേയ്ക്ക് കയറി വന്നത്. ⚫⚫⚫ കല്ലുമോൾക്ക് പായസം കൊടുത്ത് കഴിഞ്ഞതും ദുർഗ്ഗ വേഗം അവളുടെ വായ കഴുകിച്ച് കല്ലുമോളെ വേണുവിന്റെ കൈയ്യിൽ ഏൽപ്പിച്ചു. രാജീവ് മുറിയിൽ പോയി ഫ്രഷ് ആയി വന്നു. മേശയിലെ ഫ്ലാസ്കിൽ നിന്നും ചായ എടുത്ത് കുടിക്കാൻ നോക്കിയപ്പോൾ അതിൽ ചായ ഉണ്ടായിരുന്നില്ല.

അവൻ ഒന്നു ചുറ്റും നോക്കി. അപ്പോഴേക്കും ഒരു ബൗളിൽ പായസവുമായി ദുർഗ്ഗ അവിടേക്ക് വന്നു. ഇന്ന് ചായ ഉണ്ടാക്കിയില്ല. ദാ പായസാണ്. അവൾ അവനു നേരെ അത് നീട്ടി. അവൻ വാങ്ങിക്കുന്നില്ല എന്ന് കണ്ടതും അവളത് മേശയിലേക്ക് വച്ചു. അവൻ കസേരയിലിരുന്ന് അത് കുടിക്കാൻ തുടങ്ങി. ഒരു സ്പൂൺ പായസം നുണഞ്ഞപ്പോഴേക്കും അവനാ രുചി പിടിച്ചു. എങ്ങനെയുണ്ട് ? അവന്റെ അഭിപ്രായം അറിയാനായി ആകാംഷയോടെ അവൾ ചോദിച്ചു. കൊള്ളില്ല... ഇഷ്ടപ്പെടാത്ത പോലെ മുഖഭാവം ഇട്ടു പറഞ്ഞു കൊണ്ട് അത് മുഴുവനും കുടിച്ചു ബൗൾ അവിടെ വച്ചു കൊണ്ട് അവൻ എഴുന്നേറ്റ് പോയി .... അത് ശരി. കൊള്ളില്ലാന്നു പറഞ്ഞു കൊണ്ട് മുഴുവനും കുടിച്ചോ .... അമ്പട കേമാ ..... അവൾ ആത്മഗതം പറഞ്ഞ് ചിരിച്ചു കൊണ്ട് ആഹ് ബൗൾ കൊണ്ടുപോയി കഴുകിവച്ചു. ⚫⚫⚫

വൈകുന്നേരം കല്ലുമോളേ മേല്കഴുകിക്കാനായി ചെറു ചൂടുവെളളവുമായി അവൾ കുളിമുറിയിലേക്ക് കയറി. ഒരു കപ്പ് വെള്ളം കല്ലുമോൾടെ ദേഹത്ത് ഒഴിച്ചതും അതിന്റെ ഇരട്ടി വെള്ളം അമ്മയുടെ മേൽ അവൾ ഒഴിച്ചു. അമ്മയും മോളും എങ്ങനെയൊക്കേയോ കുളിച്ചിറങ്ങി. കല്ലു മോൾടെ മുഖത്തും ദേഹത്തും പൗഡർ ഇട്ട് കൊടുത്ത് കറുപ്പിൽ വെള്ള പുള്ളികളുള്ള കുഞ്ഞുടുപ്പ് മോളേ ഇടീച്ചു. അവൾ ഒരു മുണ്ടും നേര്യതും ഉടുത്തു. പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ച് അതുമായി ഉമ്മറത്തേക്ക് പോയി. അവൾ അത് ഉമ്മറത്ത് വച്ച് ഭസ്മം തൊട്ടു. കല്ലുമോളുടെ നെറ്റിയിൽ ഭസ്മം നീട്ടി വരച്ചു. മോളേയും കൊണ്ട് വിളക്കിനടുത്ത് വന്നിരുന്നു നാമം ജപിച്ചു. ഓം നമചിവായ... ഓം നമചിവായ.... കല്ലുമോള് കൈകൾ കൂപ്പി മുന്നോട്ടും പിന്നോട്ടും ആഞ്ഞു കൊണ്ട് നാമം ജപിച്ചു. കല്ലുമോള് നാമം ജപിക്കുന്നത് കണ്ട് ദുർഗ്ഗയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. രാത്രിയിലേക്ക് ചോറും സാമ്പാറും ഉണ്ടാക്കി. കല്ലുമോൾക്കുള്ള ചോറ് ഒരു പാത്രത്തിലാക്കി കുറച്ച് സാമ്പാറും ഒഴിച്ച് പപ്പടം കൂട്ടികുഴച്ച് കൊണ്ട് വന്നു. മോളേ ....

കല്ലുമോള് ഇവിടെ ഇരുന്ന് ചോറുണ്ണില്ല. അവൾക്ക് ഉമ്മറത്തിരുന്നാ ഞാൻ കൊടുക്കാറുള്ളത്. വേണു പറഞ്ഞതു കേട്ട് പുഞ്ചിരിച്ചു കൊണ്ട് ദുർഗ്ഗ കല്ലുമോളേയും കൊണ്ട് മുറ്റത്തേക്ക് പോയി. പുറത്ത് നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു. ഉമ്മറത്തിണ്ണയിലിരുന്ന് കുഞ്ഞുരുളകളാക്കി കല്ലുമോൾക്ക് അവൾ ചോറ് കൊടുത്തു. അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി കല്ലുമോളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ദുർഗ്ഗയും അതിനൊപ്പം തന്നെ മറുപടി പറഞ്ഞു. ചോറുണ്ട് കഴിഞ്ഞ് ഹാളിലെ കളിപ്പാട്ടങ്ങൾക്ക് നടുവിലായി കല്ലുമോളേ ഇരുത്തിക്കൊണ്ട് രാജീവിനും അച്ഛനും ചോറ് വിളമ്പി കൊടുത്തു. മോളും കൂടെ ഇരിക്ക്. വേണു പറഞ്ഞു. അവൾ അപ്പോൾ നോക്കിയത് രാജീവിന്റെ മുഖത്തേക്കാണ്. അവൻ ഇതൊന്നും അറിയാത്ത ഭാവത്തിലിരുന്നു. അവൾ ഊണുമേശയ്ക്ക് ഒരരുകിലായി ഇരുന്നു ഭക്ഷണം കഴിച്ചു. അപ്പോഴും ഹാളിലെ പാവക്കുട്ടികൾക്കിടയിൽ ഇരുന്ന് കൊഞ്ചി ചിരിച്ചു കളിക്കുന്ന കല്ലുമോളിലായിരുന്നു അവളുടെ കണ്ണുകൾ. ഇടയ്ക്കെപ്പോഴോ രാജീവും അത് ശ്രദ്ധിച്ചിരുന്നു. ⚫⚫⚫

രാത്രി കല്ലുമോളെ തോളിലിട്ട് അവൾ കൊട്ടിയുറക്കി. മോളെ കട്ടിലിലായി കിടത്തി. അവളും അരികിലായി കിടന്നു. നീയെന്താ ഇവിടെ? ചോദ്യം കേട്ടതും വാതിലിനടുത്തേക്ക് അവളുടെ കണ്ണുകൾ ചെന്നു. കട്ടിലിൽ കിടക്കുന്ന കല്ലുമോളേയും ദുർഗ്ഗയെയും മാറി മാറി നോക്കി കൊണ്ട് നിൽക്കുയായിരുന്നു രാജീവ് . ഞാൻ പിന്നെ ഇവിടെ അല്ലാതെ വേറെ എവിടെയാ കിടക്കാ ? ഇതല്ലേ ഇനി മുതൽ എന്റെ മുറി. കല്ലുമോളെ കെട്ടിപിടിച്ച് കിടന്നുകൊണ്ട് ദുർഗ്ഗ പറഞ്ഞു. അപ്പോ പിന്നെ ഞാൻ എവിടെ കിടക്കും ? അവൻ അവളെ നോക്കി ചോദിച്ചു. ദാ ഇവിടെ കിടന്നോ .... കല്ലുമോളേ തനിക്കരികിലേക്ക് ഒതുക്കി കിടത്തിക്കൊണ്ട് അവൾ പറഞ്ഞു. അയ്യടി...നിന്റെ കൂടെ എന്റെ പട്ടി കിടക്കും. അവനു ദേഷ്യം വന്നു. എന്നാ പോയി പട്ടിയെ വിളിച്ചിട്ട് വാ.... ഉരുളക്കുപ്പേരി പോലുള്ള മറുപടി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല. ഹും ..... നാശം ..... അവൻ ബെഡ് ഷീറ്റും ഒരു തലയിണയും എടുത്ത് മുറിയിലെ സോഫാസെറ്റിൽ പോയി കിടന്നു. അവന്റെ ദേഷ്യം കണ്ട് അവൾക്ക് ചിരിയാണ് വന്നത്. അപ്പോഴേക്കും കല്ലു മോള് ചുരുണ്ടു കൂടി ദുർഗ്ഗയിലേക്ക് ഒതുങ്ങി . മോളേ കെട്ടിപ്പിടിച്ച് അവളും ഉറക്കത്തിലേക്ക് വഴുതിവീണു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story