ക്യാമ്പസിലെ ചെഗുവേര: ഭാഗം 18

campasilechekuvera

രചന: മിഖായേൽ

പിന്നെ നോമിനേഷൻ കൊടുത്തപ്പോ ഒരധിക സ്വാതന്ത്ര്യം ഞാനെടുത്തൂന്നുള്ളത് നേരാ..ചില ഉദ്ദേശങ്ങൾ മനസിലുണ്ട്... അതുകൊണ്ടാ അങ്ങനെ ചെയ്തേ...!!! നിന്റെ വീട്ടില് അത് വലിയ issue ആവില്ലാന്ന് അങ്കിളിന്റെ അന്നത്തെ ഇടപെടീല് കണ്ടപ്പോഴേ തോന്നി.... പിന്നെ ക്യാമ്പസിന് പരിചിതമല്ലാത്ത ഒരു പുതുമുഖം വേണം.... അതൊക്കെ ഒന്ന് കൂട്ടി വായിച്ചു നോക്കിയപ്പോ അങ്ങനെ ചെയ്യാനാ തോന്നിയത്... ചെഗുവേര വളരെ സീരിയസായി അങ്ങനെയൊക്കെ പറഞ്ഞതും എനിക്ക് സഖാവ് ചെയ്തതിൽ ഒരു തെറ്റുള്ളതായി തോന്നീല്ല...കാരണം അപ്പോ ഞാനും ആ ക്യാമ്പസിനേയും അവിടുത്തെ രാഷ്ട്രീയത്തേയും നെഞ്ചിലേറ്റാൻ തുടങ്ങിയിരുന്നു....!!!! അത് സാരല്ല... എനിക്ക് വിരോധമൊന്നുമില്ല...ദേവേട്ടൻ അന്ന് പറഞ്ഞത് ശരിയാ...ഒരു ക്ലാസ് റൂമിനുള്ളിലിരുന്ന് പഠിക്കാൻ മാത്രം തീരുമാനിച്ച് ഈ ക്യാമ്പസിലേക്ക് ഇറങ്ങി പുറപ്പെട്ടാൽ അതിന്റെ ഫലമായി ഒരു യൂണിവേഴ്സിറ്റി സെർട്ടിഫിക്കേറ്റ് മാത്രമേ എനിക്ക് ഇവിടെ നിന്നും സ്വന്തമാക്കാൻ കഴിയൂ...

പക്ഷേ ഈ ക്യാമ്പസിനെ അടുത്തറിയാൻ ശ്രമിച്ചാൽ വിലമതിക്കാനാവാത്ത കുറേ നല്ല നിമിഷങ്ങളും എക്കാലവും ഓർത്തിരിക്കാനുള്ള കുറേ നല്ല ഓർമ്മകളും എന്റെ മനസിലുണ്ടാവും... അതെനിക്ക് ഇപ്പോ ശരിയ്ക്കും ലഭിക്കുന്നുണ്ട്....!!! ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു പറഞ്ഞു...അത് കേട്ടു നിന്ന സഖാവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിളങ്ങുന്നുണ്ടായിരുന്നു...അതിനർത്ഥം സഖാവിനെ ഞാൻ ദേവേട്ടൻ എന്ന് വിളിച്ചത് സഖാവും മനസ് കൊണ്ട് ഉൾക്കൊണ്ടൂന്ന് തന്നെ....!!!! നീലാംബരി എൻ.എൻ.കക്കാടിന്റെ സഫലമീ യാത്ര വായിച്ചിട്ടുണ്ടോ...??? ഞാനതു കേട്ട് കണ്ണ് മിഴിച്ചു സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി.... ഉവ്വ്...പണ്ട് എപ്പോഴോ വായിച്ചിട്ടുണ്ട്... വരികൾ മുഴുവനായും ഓർമ്മ കിട്ടുന്നില്ല... പക്ഷേ ഞാൻ വായിച്ചിട്ടുണ്ട്....!!! മുഴുവനായും വേണ്ട...ഓർമ്മ കിട്ടുന്ന വരികൾ എനിക്ക് വേണ്ടി ഒന്ന് പാടാൻ കഴിയ്വോ ഇപ്പോ...??? സഖാവിന്റെ മുഖത്തെ ആ ഭാവങ്ങൾ എനിക്ക് തീരെ പരിചിതമല്ലായിരുന്നു...ഞാനാ മുഖത്തേക്ക് നോക്കി തന്നെ യാന്ത്രികമായി തലയാട്ടി...

അപ്പോഴും ബോധമനസ് മുമ്പെപ്പൊഴോ വായിച്ചു തീർത്ത ആ വരികളേ ഓർമ്മിച്ചെടുക്കുന്ന തിരക്കിലായിരുന്നു..... പിന്നെ ആ മുഖത്തേക്ക് നോക്കി ഓരോ വരികളായി ഞാൻ പാടി തുടങ്ങി.... 🎶ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ ആതിര വരുംപോകുമല്ലേ സഖീ? ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ നീയെന്നണിയത്തു തന്നെ നിൽക്കൂ ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്. വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! ആതിരവരുംനേരമൊരുമിച്ചുകൈകള്‍- കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി! വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?

ഓരോ വരിയും വളരെ ആസ്വദിച്ച് കേട്ടിരിക്ക്യായിരുന്നു ആള്...അവസാന വരികളോട് അടുത്തതും എന്റെയുള്ളിൽ തെളിഞ്ഞു നിന്നിരുന്ന ആ കവിത മറവിയുടെ മാറാല കെട്ടുകളിൽ പിണഞ്ഞു ചേർന്നിരുന്നു...ചെറിയ ഒരിടർച്ചയോടെ എന്റെ വരികൾ ഓരോന്നായി മുറിഞ്ഞു തുടങ്ങി... ആ കവിതയെ പാടി മുഴുവിക്കാനുള്ള വരികൾക്കായി ഞാൻ പരതുകയായിരുന്നു....സഖാവതു കേട്ട് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് ജനൽപ്പടിയിൽ കൈ ചേർത്തു.... 🎶കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം… വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ….. പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യമൂന്നു വടികളായ് നില്‍ക്കാം… ഹാ സഫലമീ യാത്ര… ഹാ സഫലമീ യാത്ര…... സഖാവിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിന്റെ മറനീക്കി ആ കവിതയുടെ ലയ ഭംഗിയെ പൂർണമാക്കും വിധമുള്ള സ്വരം ഉയർന്നു കേട്ടതും ഞാനൊരത്ഭുതത്തോടെ ആ വരികൾക്ക് കാതോർത്തു.....

വരികൾ പാടി മുഴുവിച്ച് സഖാവ് എനിക്ക് നേരെ തിരിയുമ്പോഴും ഞാനാ അമ്പരപ്പിൽ തന്നെയായിരുന്നു.... വായിച്ച പുസ്തകങ്ങളിലെ ഓരോ വരിയേയും നെഞ്ചോട് ചേർത്ത് വായിക്കണം...ഒരു പുതിയ പുസ്തകത്തിന്റെ ഗന്ധം നുകരുമ്പോൾ കിട്ടുന്ന അനുഭൂതി പോലെ മനസിൽ അവയിലെ ഓരോ വരികളും അനുഭൂതി പകരണം.... അതിന് വെറുതെ വായിച്ചു വിട്ടാൽ പോര....ആ പുസ്തകത്തിനെ അടുത്തറിയണം... പിന്നെ മറക്കില്ല... ഒരിക്കലും...!!!! ഞാനതു കേട്ട് ജാള്യതയോടെ ഒന്ന് തലതാഴ്ത്തി... ഒരുപാട് വർഷങ്ങളായി ഈ കവിത വായിച്ചിട്ട്...അതാ മറന്നു തുടങ്ങിയത്...!!! ഏകദേശം എത്ര വർഷായിട്ടുണ്ടാവും.... ഇപ്പോ തന്നെ ഡിഗ്രി എത്തീട്ടല്ലേയുള്ളൂ...അപ്പോ വർഷങ്ങളുടെ കണക്കില് രണ്ടക്കം തികയ്ക്കാൻ വഴിയില്ലല്ലോ....എന്തായാലും പാടിയ അത്രയും ഭാഗം മോശമാക്കിയില്ല.....!!! അത്രയും പറഞ്ഞ് സഖാവ് ക്ലാസ് വിട്ടു പുറത്തേക്ക് നടന്നു.... മോശമാക്കിയില്ല പോലും....നന്നായി പാടീന്നങ്ങ് തെളിച്ചു പറഞ്ഞൂടെ ഇയാൾക്ക്...പറഞ്ഞാലെന്താ മുത്ത് പൊഴിയ്വോ...???😏😏😏😏 കുറച്ചു നേരം കൂടി സംഗീതേ wait ചെയ്ത് ആ ക്ലാസിൽ തന്നെയിരുന്നു....

ദീപൻ സാറിന്റെ കൈയ്യീന്ന് കണക്കിന് വാരിക്കൂട്ടി അവള് ക്ലാസിലേക്ക് ഓടിപ്പിടിച്ച് വന്നതും പിന്നീട് അധികം സമയം കളയാതെ അവളേം കൂട്ടി നേരെ കലാസ്കോഡില് ജോയിന്റ് ചെയ്തു.... പിന്നെയുള്ള രണ്ട് ക്ലാസിലും സഖാവിന് പ്രീയപ്പെട്ട സഫലമീ യാത്ര തന്നെയായിരുന്നു... ഏതോ ഒരു ക്ലാസിൽ അത് പാടുമ്പോ തൊട്ടടുത്ത ക്ലാസിൽ നിന്നും സഖാവിന്റെ തീപ്പൊരി പ്രസംഗം ഈയർന്നു കേൾക്കുന്നുണ്ടായിരുന്നു...അതിനെ ശ്രവിയ്ക്കുമ്പോഴും അവസാന വരികളെ ഞാൻ ഓർത്തെടുത്തു എന്ന് ബോധിപ്പിയ്ക്കും വിധം ഒരു താക്കീതായി എന്റെ കവിതയുടെ അവസാന വരികൾ ക്ലാസിൽ മുഴങ്ങി കേട്ടു....ആ കവിത പാടി അവസാനിക്കുമ്പോ അത് വരെയും ഉയർന്നു കേട്ട സഖാവിന്റെ ഘനഗംഭീരമായ ശബ്ദത്തിന്റെ ഉച്ചത നേരിയ തോതിൽ കുറഞ്ഞിരുന്നു....!!! ആ ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോ ആ ക്യാമ്പസ് ശരിയ്ക്കും എന്നെ അറിഞ്ഞു തുടങ്ങ്വായിരുന്നു...

എന്റെ സ്വരത്തെ ആ ക്യാമ്പസിന്റെ ഓരോ കോണും പരിചതമാക്കും വിധം ശ്രവിച്ചെടുക്ക്വായിരുന്നു.... അങ്ങനെ കലാസ്കോഡും പ്രവർത്തനങ്ങളുമായി രണ്ട് ദിവസം കൊണ്ട് ഞാനാ ക്യാമ്പസിൽ ആകെത്തുകയൊന്ന് ഫേമസായി... ആ ക്യാമ്പസിന്റെ ആസ്ഥാന ഗായികയായി ഞാനും ഗായകനായി സിഞ്ചുവും പേരെടുത്തു...രണ്ട് ദിവസത്തെ performance എല്ലാവർക്കും ഇഷ്ടമായ സ്ഥിതിയ്ക്ക് പിന്നെയുള്ളതെല്ലാം അതിലും മികച്ചതാക്കണംന്ന വാശിയായിരുന്നു ഉള്ളിൽ.... അതിന്റെ ഭാഗമായി പാട്ടുകളെല്ലാം ഒന്ന് മാറ്റിപ്പിടിയ്ക്കാൻ തന്നെ തീരുമാനിച്ചു... നോട്ടിഫിക്കേഷൻ പിന്വലിച്ചു കഴിഞ്ഞാൽ പിന്നെയെല്ലാം നാടൻപാട്ടുകൾ മതീന്നായിരുന്നു നിർദേശം..... അതിന് വേണ്ടി സിഞ്ചു പൂമരം പൂത്തുലഞ്ഞേ എന്ന song select ചെയ്തു....വേറെ വഴിയില്ലാതെ +2 കലോത്സവം മെയിൻ ഐറ്റം വഞ്ചിപ്പാട്ടായിരുന്നു ഞാൻ select ചെയ്തത്...നമ്മുടെ ഹീറോയെ ഒന്ന് പാടി കേൾപ്പിയ്ക്കാംന്ന് കരുതിയതും ആളത് ജിഷ്ണു ചേട്ടനെ ഏൽപ്പിച്ച് ക്യാമ്പെയ്നിലേക്ക് തിരിഞ്ഞു.... പക്ഷേ ജിഷ്ണു ചേട്ടൻ സംഭവം കേട്ട് ഡബിൾ ഓക്കേന്ന് പറഞ്ഞ് സിഗ്നൽ തന്നതും ഞാൻ ഐശ്വര്യമായി എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ അതങ്ങ് അവതരിപ്പിക്കാൻ തീരുമാനിച്ചു… വിജുകുമാർ സാറായിരുന്നു ക്ലാസിൽ...സാറ് മാത്രമേയുള്ളൂ ഡിപ്പാർട്ട്മെന്റിൽ എനിക്ക് സപ്പോർട്ട്....

ഗിരിജാ കുമാരി വൻ കലിപ്പിൽ തന്നെ....!!!! പിന്നെ സകല ദൈവങ്ങളേയും മനസിൽ കരുതി സഖാവിന്റെ ക്ലാസിൽ തന്നെ ഞാനെന്റെ വഞ്ചിപ്പാട്ട് പാടി തുടങ്ങി....with കോറസ്.... തിരുവാറന്മുള നാഥൻ..... തിത്തൈ..തക തെയ് തെയ് തോം....(കോറസ്) തിരീവാറന്മുള നാഥൻ... തിത്തിത്താര തെയ്തെയ്....(കോറസ്) തിരുവാറന്മുള നാഥൻ തിരുവായ് കൊണ്ടരുളേണം... ഓ....തെയ്തെയ് തക തെയ് തെയ് തക തോം തക തെയ്യ തിത്തോം തിത്തോം തികൃതോം... പറഞ്ഞതങ്ങനെ തന്നെ... തിത്തൈ തക തെയ് തെയ് തോം... പറഞ്ഞതങ്ങനെ തന്നെ പാതിരാവയല്ലോ പത്നി...(2) ഏ..തെയ് തെയ് തക തെയ് തെയ് തക തോം തക തെയ്യ തിത്തോം തിത്തോം തികൃതോം....!!! കുറഞ്ഞൊന്നുറങ്ങട്ടേ ഞാൻ ഉലകിലേഴും.... ഞാനത്രേം പാടി കഴിഞ്ഞപ്പോഴേക്കും ക്ലാസുണർന്നിരുന്നു...അടുത്തുള്ള ക്ലാസുകളിൽ ക്യാമ്പെയ്ൻ എടുത്ത് നിന്നവരും മറ്റ് പാർട്ടിക്കാരുമടക്കം എല്ലാവരും എന്റെ പാട്ട് കേട്ട് ക്ലാസിന് ചുറ്റും തടിച്ചു കൂടി....

കൂട്ടത്തിൽ വിജുകുമാർ സാറ് വഞ്ചിപ്പാട്ട് കണക്കിന് നിന്നാസ്വദിയ്ക്ക്വായിരുന്നു.....!!!! എല്ലാവരും എന്റെ പാട്ടിന് കാതോർത്തതും എന്നിലെ ആവേശം ഇരട്ടിയായി.... എന്റെ ശബ്ദം വീണ്ടും ഉയർന്നു തുടങ്ങി..പാട്ടിന്റെ താളത്തിൽ കുട്ടികളെല്ലാവരും ഡസ്കിൽ താളമടിയ്ക്കാൻ കൂടി തുടങ്ങിയതും കലാസ്കോഡ് കുറഞ്ഞ സമയം കൊണ്ട് അവിടെ ഹിറ്റായി.... അന്നത്തെ ദിവസം പല വഴികളിൽ നിന്നും അഭിനന്ദന പ്രവാഹങ്ങൾ വന്നു മൂടുകയായിരുന്നു... അങ്ങനെ മൂന്ന് ദിവസത്തെ കലാസ്കോഡ് കൊണ്ട് ഞാനാ കോളേജിലങ്ങ് ഫേമസായീന്ന് വേണേ പറയാം..അതായി അവസ്ഥ... എല്ലാം കൊണ്ടും സന്തോഷത്തോടെ ഇരുന്നപ്പോഴാ ആ ദിവസം വന്നെത്തിയത്...വേറെയൊന്നുമല്ല..നോമിനേഷൻ പിൻവലിക്കേണ്ട ദിവസം....

നേരത്തെ തന്നെ കോളേജിൽ എത്തണംന്ന സഖാവിന്റെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പതിവിലും ഒരുപാട് താമസിച്ചായിരുന്നു ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്... അതുകൊണ്ട് സരയൂവും ഞങ്ങളെ കൈയ്യൊഴിഞ്ഞു... പിന്നെ കിട്ടിയ ബസ് പിടിച്ച് കോളേജിന് മുന്നിൽ ഇറങ്ങി അകത്തേക്ക് നടന്നു.... കയറി ചെല്ലുന്ന കവാടം മുതലേ students ഉം ബഹളവും ആൾക്കൂട്ടങ്ങളും ആയിരുന്നു.... സഖാവും കൂട്ടരും വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടാ ഓഫീസിനടുത്തേക്ക് നടന്നത്..... എന്നെ കണ്ട പാടെ സഖാവ് എനിക്കടുത്തേക്ക് ഓടിയടുത്തു... നീലാംബരി സമയം തീരെയില്ല...നീ പെട്ടെന്ന് പോയി നോമിനേഷൻ പിന്വലിച്ചോളൂ....!!! .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story