ചെകുത്താൻ-2❣️: ഭാഗം 1

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

"അച്ഛന്റെ മുത്തല്ലേടാ കരയല്ലേട്ടോ... കുഞ്ഞ് മുറിവല്ലേ... ഇപ്പൊ മാറും..." ഒന്നര വയസ്സുകാരൻ ദിവാൻഷിന്റെ കാലിലെ മുറിവിലേക്ക് മരുന്ന് വെക്കുന്നതിന്റെ കൂടെ മെല്ലെ ഊതി കൊടുത്തു.... ഉമ്മറ പടിയിൽ നിന്നും മുറ്റത്തേക്ക് വീണതാണ്... "ജാനുവേട്ടത്തീ..." കുഞ്ഞിനേയും എടുത്ത് ഹാളിലേക്ക് ചെന്ന് രുദ്രൻ നീട്ടി വിളിച്ചു... കൈകൾ നേരിയതിൽ തുടച്ചു കൊണ്ട് ജാനുവേട്ടത്തി അവിടേക്ക് വന്നു... "എന്താ കുഞ്ഞേ... മോൻക്ക് നല്ലോണം വേദന ഉണ്ടോ...??" ജാനുവേട്ടത്തി കരയുന്ന ദിവാൻഷിലേക്കും കാലിലെ കുഞ്ഞ് മുറിവിലേക്കും നോക്കി... കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ സഹിച്ചില്ല... "റൂമിൽ നിലത്തു കളിച്ചു കൊണ്ടിരുന്ന ദിവ എങ്ങനെ കോലായിലെത്തി...??" ജാനുവേട്ടത്തിയുടെ ചോദ്യത്തെ മാറ്റി നിർത്തി രുദ്രൻ മറു ചോദ്യം ചോദിച്ചതും ഞെട്ടിയത് റൂമിന്റെ വാതിൽക്കൽ നിന്ന് എത്തി നോക്കുന്ന അമേയ ആണ്... "എനിക്കറിയില്ല മോനെ..." ജാനുവേട്ടത്തി പറഞ്ഞു...

രുദ്രൻറെ കണ്ണുകൾ അമേയക്ക് നേരെ നീണ്ടു... അത് കണ്ടതും അവളൊന്നു പതറി... അവളുടെ മുഖത്തെ പതർച്ച മതിയായിരുന്നു ഇതിനു പിന്നിൽ അവളാണെന്ന് രുദ്രന് ഊഹിക്കാൻ... രുദ്രൻ വലിഞ്ഞു മുറുകിയ മുഖത്തോടെ അവൽക്കരികിലേക്ക് ചെന്നു.... "നീയല്ലേ കുഞ്ഞിനെ തള്ളിയിട്ടത്...??" അവന്റെ മൂർച്ചയെറിയ ചോദ്യം അമേയക്ക് നേരെ നീണ്ടു... അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല... തെറ്റ് ചെയ്തവരുടെ അടയാളം... "ഞാനൊന്നും അല്ല..." പറയുമ്പോൾ നോട്ടവും ശബ്ദവും ഒരു പോലെ ഇടറിയിരുന്നു.... രുദ്രൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി... ഒളി കണ്ണൽ അവനെ നോക്കിയ അമേയ അവന്റെ നോട്ടം കണ്ടതും ഉൾ വലിയാൻ ശ്രെമിച്ചു... "നിക്കെടി..." റൂമിലേക്ക് കയറാൻ ഒരുങ്ങിയ അമേയയുടെ കാലുകൾ ആരോ പിടിച്ചു നിർത്തിയത് പോലെ അവിടെ നിന്നു.... "ഇത് ഞാൻ നിനക്ക് തരുന്ന അവസാനത്തെ അവസരം ആണ്... ഇനിയെങ്ങാൻ നീ എന്റെ കുഞ്ഞിനെ ഉപദ്രവിച്ചാൽ... അതിനായി ശ്രെമിച്ചാൽ... അതുമല്ലേൽ ചിന്തിച്ചാൽ കൂടി പച്ചക്ക് കത്തിച്ചു കളയും...

നിനക്ക് അറിയാലോ ഈ രുദ്രനെ..." അവന്റെ അപ്പോഴത്തെ ഭാവം കണ്ട് അമേയ ശെരിക്കും വിറച്ചു... പഴയ ചെകുത്താനായ രുദ്രന്റെ ഭാവം... അവൾ മെല്ലെ തലകുലുക്കി റൂമിലേക്ക് കടന്നു.... അവൻ കുഞ്ഞിനെ നോക്കി... അത് വല്ലാതെ കരയുന്നുണ്ട്.... "ജാനുവേട്ടത്തീ കുഞ്ഞിന് പാല് കൊണ്ടു വാ..." അവൻ പറഞ്ഞതിന് ഒന്ന് മൂളി കൊണ്ട് ജാനുവേട്ടത്തി അടുക്കളയിലേക്ക് ചെന്നു... അവൻ കോലായിലേക്കും... അവിടെയുള്ള ചാരു കസേരയിൽ ഇരുന്ന് കുഞ്ഞിനെ അവൻ നെഞ്ചോടു ചേർത്ത് കിടത്തി.... പതിയെ പുറത്ത് തട്ടി കൊടുത്തു... അവന്റെ നെഞ്ചിൻ ചൂടിൽ പറ്റി ചേർന്ന് കിടന്നപ്പോൾ കുറുമ്പൻ കരച്ചിൽ അടക്കി... കുഞ്ഞി കണ്ണുകൾ ഉരുട്ടി രുദ്രന്റെ ഹൃദയ താളം കേട്ട് കിടന്നു.... "ദാ കുഞ്ഞേ..." ജാനുവേട്ടത്തി ഫീഡിങ് ബോട്ടിൽ രുദ്രന് നേരെ നീട്ടി... അവൻ അത് വാങ്ങി കുഞ്ഞിനെ മടിയിൽ നേരെയിരുത്തി വായിലേക്ക് വെച്ച് കൊടുത്തു... അതികം കുടിച്ചില്ല... ബാക്കിയായത് തുപ്പി കളഞ്ഞു... അവന്റെ ഉള്ളൊന്ന് നീറി... മുല പാലിന്റെ ഗന്ധമാണ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകാർ... എന്നാൽ തന്റെ കുഞ്ഞിന് തന്റെ ഗന്ധമാണ്... വീണ്ടും ആ കുഞ്ഞിനെ അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു... അവന്റെ ഹൃദയ താളം താരാട്ട് ആയി കേട്ട് കൊണ്ട് കുറുമ്പൻ കണ്ണുകൾ അടച്ചു... അവരുടേതായ ലോകത്തേക്ക് മയങ്ങി.... __

"മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ... മോനെ ഓർത്തെങ്കിലും..." വൈകീട്ട് അബ്‌ദുക്കാടെ കടയിൽ ഒത്തു കൂടിയതാണ് ഉണ്ണിയും സച്ചുവും രുദ്രനും... ഇന്ന് രുദ്രന്റെ കൂടെ കുഞ്ഞുമുണ്ട്... വീട്ടിൽ ഒറ്റക്കാക്കി പോരാൻ പേടിയാണ്... അമേയയെ ഓർത്തു... ഈ കുഞ്ഞിന് വേണ്ടിയാണ് തന്റെ പാതി സ്വയം മരണത്തിനു കീഴടങ്ങിയത്... അങ്ങനെയുള്ളപ്പോൾ അവനെ വളർത്തി വലുതാക്കുക എന്നതാണ് തന്റെ ലക്ഷ്യം.... "ഇല്ലടാ... ദുർഗ്ഗയെ അല്ലാതെ മറ്റൊരു പെണ്ണിനേം എനിക്ക് ഭാര്യ ആയി കാണാൻ ആകില്ല... ഇവന് ഞാനുണ്ടല്ലോ..." രുദ്രൻ കുഞ്ഞിനെ മാറോടണച്ചു പിടിച്ചു... നെറുകയിൽ ചുണ്ടുകൾ അമർത്തി... "അല്ല രുദ്രാ... നീയെന്താ ദുർഗ്ഗയുടെ ബോഡി ഹോസ്പിറ്റലിൽ നിന്നും കാണാനോ ഏറ്റെടുത്തു സംസ്കരിക്കാനോ നിൽക്കാഞ്ഞത്...??" ചോദിക്കണമെന്ന് സച്ചു പലപ്പോയായി കരുതിയെങ്കിലും മറന്നതായിരുന്നു... ഇന്നവൻ അത് ചോദിച്ചു...

ചായ മുത്തി കുടിച്ച് കൊണ്ട് രുദ്രനെ നോക്കി.... "കണ്ടു... ഒരു നോക്ക് പുറത്ത് നിന്നും... പിന്നെ ഡോക്ടർ ആണ് പറഞ്ഞത് അവളുടെ ബോഡി കൊണ്ട് പോകേണ്ടെന്ന്... അത് എന്നെ കൂടുതൽ സങ്കർഷത്തിൽ ആകുമെന്ന്..." അതും പറഞ്ഞു ചായ ഗ്ലാസ്‌ അബ്‌ദുക്കാടെ കയ്യിലേക്ക് കൊടുത്ത് മൂന്ന് ചായയുടെ കാശും കൊടുത്തു രുദ്രൻ എഴുന്നേറ്റു.... "അമ്മുവിന്റെ ഡെലിവറി എന്നാണ്...??" രുദ്രൻ പോകാൻ നേരം ഉണ്ണിയെ നോക്കി ചോദിച്ചു... "അടുത്ത ആഴ്ചയാണ്..." അതിനൊന്നു പുഞ്ചിരിച്ച ശേഷം രുദ്രൻ തിരിഞ്ഞു നടന്നു.... അവന്റെ പോക്ക് കണ്ടു സച്ചുവും ഉണ്ണിയും സങ്കടത്തോടെ നോക്കി നിന്നു.... ________________ തണൽ നൽകുന്ന പാതയിലൂടെ നടന്നു നീങ്ങുന്നതിനിടെയാണ് ഒരു പെണ്ണ് ഭ്രാന്തിയെ പോലെ തനിക്കെതിരെ ഓടി വരുന്നതവൻ കാണുന്നത്... അവളുടെ സാരി ആകെ കീറി പറിഞ്ഞിരുന്നു... മുടി മുന്നിലേക്ക് അഴിഞ്ഞുലഞ്ഞു കിടക്കുന്നത് കൊണ്ട് മുഖം കാണാൻ ആയില്ല.... അവൾ ഇടയ്ക്കിടെ പിറകിലേക്ക് നോക്കുന്നുണ്ട്... അവൾക്ക് പിറകിൽ ഒരുത്തി ഓടി വരുന്നുണ്ട്...

"നിക്കെടി അവിടെ..." അവൾ അലറി... മുന്നിലുള്ളവൾ രുദ്രനെ തട്ടിയാണ് ഒടിയത്... അവൻ ഒന്ന് വേച്ചു പോയി... കുഞ്ഞിനെ മുറുകെ. പിടിച്ചിരുന്നു... അവൻ ഒന്ന് കൂടെ പിറകിലേക്ക് തിരിഞ്ഞു നോക്കി... തനിക്ക് പിറകെ വരുന്നവളെ തിരിഞ്ഞു നോക്കിയ പെണ്ണിന്റെ മുഖം അവൻ കുറച്ചായി കണ്ടതും ഒന്ന് ഞെട്ടി... ദുർഗ്ഗ....!!! അവന്റെ മനസ്സ് മന്ത്രിച്ചു... പക്ഷെ എങ്ങനെ... അവൾ എന്നേ മരിച്ചു കഴിഞ്ഞു.... അതും സ്വയം പറഞ്ഞു മനസ്സിനെ ശാന്തമാക്കി രുദ്രൻ നടന്നു... ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി... അവരെ കാണുന്നില്ല.... "ആാാാഹ്...." ദൂരെ നിന്നും ഒരലർച്ച കേട്ടു.... ദുർഗ്ഗയുടെ ശബ്ദത്തോട് ഇണങ്ങുന്ന പോലെ ശബ്‌ദം... പക്ഷെ എവിടെയൊക്കെയോ അവശതയും ക്ഷീണവും.... കുഞ്ഞ് ചിണുങ്ങിയതും അവൻ അത് വിട്ട് കുഞ്ഞിനെ നോക്കി... മെല്ലെ തട്ടി കൊണ്ടവൻ നടന്നു.... __

"ധനു എവിടെ...??" ഹാളിൽ ടേബിളിനരികെ യുള്ള ചെയറിൽ ഇരുന്ന് മേശയിൽ തല വെച്ച് താൻ വരുന്നത് നോക്കുന്ന അച്ചുവിനെ കണ്ടു സച്ചു പുരികം പൊക്കി ചോദിച്ചു.... അവൾ ഒന്ന് നിവർന്നിരുന്നു... "ഉറങ്ങുവാണ്..." അവൻ നീട്ടിയ കവർ വാങ്ങി കൊണ്ടവൾ പറഞ്ഞു... മെല്ലെ ആ കവർ നിവർത്തി നോക്കിയതും ബിരിയാണിയുടെ മണം മൂക്കിലേക്ക് തുളച്ചു കയറി... "ഹാഹാ... അപ്പോ എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ട്..." സച്ചുവിനെ നോക്കി തല കുലുക്കി പ്രത്യേക താളത്തിൽ അവൾ പറഞ്ഞു... "നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല... എന്റെ രണ്ടാമത്തെ ട്രോഫിക്ക് വേണ്ടിയാണ്..." അച്ചുവിന്റെ വയറിലേക്ക് അവൻ നോക്കി... "മ്മ്മ്... ആ പൂതി വേണ്ട... ധനൂന് ഒരു രണ്ട് വയസ്സാവട്ടെ... എന്നിട്ട് നോക്കാം... എന്താണ് ഭർത്താവിന്റെ പൂതി..." അവളുടെ കളിയാക്കി ചിരി ഉയർന്നതും അവൻ ചുണ്ട് കോട്ടി റൂമിലേക്ക് കയറി... തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന എട്ട് മാസം പ്രായമായ ധനു ജിത്തിനെ വാത്സല്യത്തോടെ നോക്കി...

"അടുത്ത മാസാണ് അമ്മുവിന്റെ ഡേറ്റ്... നിന്നോട് രണ്ട് ദിവസം അവളുടെ വീട്ടിൽ മോനേം കൂട്ടി ചെന്ന് നിൽക്കൊന്ന് ചോദിച്ചിരുന്നു... അവൾക്ക് ഒരു ധൈര്യത്തിന്...." സച്ചു വാതിൽക്കൽ നിൽക്കുന്ന അച്ചുവിനെ മുഖം ചെരിച്ചു നോക്കി... "അതിനെന്താ... ധനൂനെ കാണുമ്പോൾ തന്നെ അവളുടെ പാതി പേടി മാറും... ഇച്ചിരി ധൈര്യം കിട്ടും..." അവൾ പുഞ്ചിരിയോടെ പറഞ്ഞു അകത്തേക്ക് കയറി... അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു നിർത്തി അവളുടെ നെറ്റിയിൽ മുത്തി... __കണ്ണുകൾ അടച്ചപ്പോഴും ആദ്യം തെളിഞ്ഞു വന്നത് ആ ഭ്രാന്തിയെ ആണ്... തന്റെ ദുർഗ്ഗയെ പോലെ ഒരു നിമിഷം തോന്നി... ഇനി അവളാണോ... ഏയ്‌ മരിച്ചവർ എങ്ങനെ ജീവിക്കാനാണ്... അവളെ കുറിച്ചോർത്തു നടന്നത് കൊണ്ട് തനിക്ക് തോന്നിയതാണ്.... രുദ്രൻ ഓരോന്ന് ചിന്തിച്ചു കിടന്നു... തനിക്കരികിൽ കിടക്കുന്ന ദിവൻഷിനെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചിട്ടുണ്ട്...

"കഴിക്കാൻ ഒന്നും വേണ്ടായിരുന്നോ...??" വാതിൽക്കൽ നിന്ന് തന്നെ നോക്കുന്ന ജാനുവേട്ടത്തിയെ അവൻ തല ഉയർത്തി നോക്കി... പിന്നെ വേണ്ടെന്ന മട്ടിൽ തലയാട്ടി... "എന്താടാ... എന്ത് പറ്റി...??" ജാനുവേട്ടത്തി റൂമിലേക്ക് കടന്നു... അവൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു... "എനിക്കെന്ത് പറ്റാൻ..." അവൻ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു... അവനരികിൽ ജാനുവേട്ടത്തിയും... "ആമിയെ ഞാൻ ഇവിടെ നിന്ന് നാളെ തന്നെ ഓസ്‌ട്രെലിയയിലേക്ക് പറഞ്ഞയക്കുവാന്... അവൾ ഇവിടെ ഉള്ളത് കുഞ്ഞിന് ആപത്താണ്..." രുദ്രൻ ഒന്നും മിണ്ടിയില്ല... അങ്ങനെ ഇരുന്നു... "എന്റെ തെറ്റാണു... കുഞ്ഞിലേ അവളെ ഞാൻ ശ്രെദ്ധിച്ചില്ല... ഒന്ന് ശ്രെദ്ധിച്ചിരുന്നേൽ ഇന്നവൾ ഇങ്ങനെ ആകില്ലായിരുന്നു...." നിറഞ്ഞു വന്ന കണ്ണുകളെ അവനിൽ നിന്നും മറച്ചു കൊണ്ട് ജാനുവേട്ടത്തി എഴുന്നേറ്റു.... തിരികെ നടക്കുന്നതിനിടെ അവനെ ഒന്ന് നോക്കി... കുഞ്ഞിനേയും... പഴയ ചെകുത്താനിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടുണ്ടവന്.... അതും ഒരു കണക്കിന് നന്നായെന്ന് ജാനുവേട്ടത്തിക്ക് തോന്നി... ___

"ഞാനിപ്പം വരാം... കുഞ്ഞിനെ ഒന്ന് നോക്കിയേക്കണേ..." രുദ്രൻ അതും പറഞ്ഞു പുറത്തേക്ക് പോയി... വഴിയിൽ ഉടനീളം ശൂന്യത ആയിരുന്നു... ഇന്നലെ ആ ഭ്രാന്തിയെ കണ്ടത് മുതൽ മനസ്സ് അതിന് പിറകെയാണ്.... "രുദ്രാ..." നടക്കുന്നതിനിടെ പുറകിൽ നിന്നും ആ ശബ്‌ദം കേട്ടവൻ തിരിഞ്ഞു നോക്കി... ശേഖരനെ കണ്ടതും അവൻ നെറ്റി ചുളിച്ചു സംശയത്തോടെ നോക്കി... മെല്ലെ നടന്നയാൾ രുദ്രനരികിലേക്ക് ചെന്നു... "എന്താ...??" തന്റെ മുന്നിൽ വന്നു നിന്ന ശേഖരനെ നോക്കി അവൻ പുരികം പൊക്കി... "നിനക്ക് എന്നോടുള്ള ദേഷ്യം ഇത് വരെ മാറിയിട്ടില്ലേ...??" അയാളുടെ മുഖം ദയയോടെ അവനെ നോക്കി... "ഇല്ല... നിങ്ങളോട് ദുർഗ്ഗ മാപ്പ് നൽകാതെ ഞാൻ മാപ്പ് നൽകില്ല... മാപ്പ് തരാൻ അവളിനി ഇല്ല... അത് കൊണ്ട് എന്നിൽ നിന്നും മാപ്പ് പ്രതീക്ഷിക്കേണ്ട..." രുദ്രൻ പറയുന്നത് വാടിയ മുഖത്തോടെ അയാൾ കേട്ട് നിന്നു.... ഒരുപാട് തെറ്റ് ചെയ്ത തന്റെ വാക്കുകൾ അത്ര പെട്ടെന്നൊന്നും അവൻ വിശ്വസിക്കില്ല എന്ന് അറിയുന്നത് കൊണ്ട് ശേഖരൻ ക്ഷമയോടെ കാത്ത് നിൽക്കാൻ തയ്യാറായിരുന്നു...... "അമ്മേ...." കൊച്ചു കുഞ്ഞുങ്ങളെ പോലെയുള്ള ഒരു നില വിളി ഒരു ഇടുങ്ങിയ വഴിയിൽ നിന്നും ഉയർന്നു കേട്ടതും ഇരുവരും അവിടേക്ക് നോക്കി.... ഇന്നലെ കണ്ട പെണ്ണ് ഓടുന്നു... ഇന്നവൻ വെക്തമായി കണ്ടു അവളുടെ മുഖം... അവന്റെ കണ്ണുകൾ വികസിച്ചു... ദുർഗ്ഗ....!!!! അവന് നിന്നിടത്തു നിന്നും അനങ്ങാനായില്ല.... തുടരും....

Share this story