ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 14

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

ഓമിന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... വീണ്ടും വീണ്ടും അവൻ ആ മരത്തെ നോക്കി..... ഒരു ചില്ല പോലും വിടാതെ പൂത്തു നിന്ന് സുഗന്ധം പരത്തി നിൽക്കുന്ന ചെമ്പക മരം... അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം അവന്റെ മനസിനെ വലിഞ്ഞു മുറുക്കി... കൈകളിലേ ചെമ്പകം പൂവിനെ അവൻ ഒന്ന് നോക്കി.... മറ്റൊരു പൂവിനോടും തോന്നാത്ത ഒരിഷ്ടം...എത്രയോ കാലം കാത്തിരുന്നതെന്തൊക്കെയോ കൈ വന്ന പോലെ.....അവനാ പൂവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു..... "പൂക്കില്ലെന്ന് പറഞ്ഞിട്ട്....? " അവന്റെ ഉള്ളിൽ ചോദ്യമുണർന്നു... "ഓം..... !!" വീട്ടിൽ നിന്ന് മുത്തശ്ശിയുടെ വിളി ഉയർന്നു കേട്ടു... അവൻ ആ മരത്തെ ഒന്ന് നോക്കിയ ശേഷം അവൾ അവനായി പൊഴിച്ച ചെമ്പകപൂവിനെ കയ്യിൽ ഭദ്രമായി സൂക്ഷിച്ച് പിന്തിരിഞ്ഞു നടന്നു.... "ഇത്ര തിടുക്കപെട്ട് നീ എങ്ങോട്ടാ പോയത്..?" ഉമ്മറത്ത് നിന്നിരുന്ന മുത്തശ്ശി അവനോട് ചോദിച്ചു.... "ഒരിക്കലും പൂക്കില്ലെന്ന് പറഞ്ഞവൾ ആദ്യപൂക്കാലത്തെ വരവേറ്റു കഴിഞ്ഞു മുത്തശ്ശി.... "

തന്റെ കയ്യിലെ ചെമ്പകപൂവിനെ മുത്തശ്ശിയുടെ നേർക്ക് നീട്ടി അവൻ പുഞ്ചിരിയോടെ പറഞ്ഞു... മുത്തശ്ശിയുടെ കണ്ണുകൾ മിഴിഞ്ഞു... "ഇത്...ഇതെങ്ങനെ....? " മറുപടി പറയാതെ ഓം മുത്തശ്ശിയുടെ കൈകളിൽ പിടിച്ചു മുറ്റത്തേക്ക് ഇറക്കി... സൈഡിലേ ഇടിഞ്ഞ മതിലിനപ്പുറം പൂത്തു നിൽക്കുന്ന ചെമ്പക മരത്തെ കണ്ട് മുത്തശ്ശി അത്ഭുതപെട്ടു.... "എന്താ ഞാനീ കാണണേ...." മുത്തശ്ശി അതിശയത്തോടെ നെഞ്ചിൽ കൈ വെച്ചു നിന്നു.... ഓം ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... റൂമിൽ ചെന്ന് ബെഡിൽ മലർന്നു കിടന്നു.... കയ്യിലുള്ള ചെമ്പകപൂവിനെ തന്നെ ഉറ്റു നോക്കി... മനസിലൂടെ വ്യാസിന്റെയും വൈശാലിയുടെയും പ്രണയകഥ ഓടി കൊണ്ടിരുന്നു.... വൈശാലി എന്ന് ഓർക്കുമ്പോഴെ മനസ്സിൽ കടന്നു വന്ന മുഖം സിദ്ധുവിന്റെ ആയിരുന്നു... ആ കരിനീല കണ്ണും മൂക്കുത്തിയും അവളെ കണ്ട് മുട്ടും മുന്നേ ഞാൻ കണ്ടിരുന്നില്ലേ.....??? അവൻ ഓർത്തു...കൈകൾ കൊണ്ട് ആ ചെമ്പകപൂവിനെ താലോലിച്ചു കൊണ്ടിരുന്നു.....  ഇന്ന് സിദ്ധുന്റെ കസിൻ ആതിരയുടെ കല്യാണദിവസമാണ്.... രണ്ട് ദിവസം മുന്നേ കണ്ടതാണ് ഓമിനെ...ഇന്നലെ തിരക്കും ബഹളവുമായി അവനെ ഒന്ന് വിളിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.... അവൻ ഇങ്ങോട്ട് വിളിച്ചപ്പോൾ കസിന്റെ കല്ല്യാണകാര്യം പറഞ്ഞതും...എല്ലാം കഴിഞ്ഞു ഫ്രീ ആവുമ്പോൾ വിളിക്ക് എന്ന് പറഞ്ഞവൻ കട്ടാക്കി.... പിന്നെ വിളിച്ചിട്ടില്ല....

ഇന്ന് ഇപ്പൊ ആരുടേയും കണ്ണിൽ പെടാതെ അവന്റെ ശബ്ദമൊന്നു കേൾക്കാൻ വേണ്ടി റൂമിൽ ചെന്ന് അവന് കാൾ ചെയ്തു... അപ്പോഴാണ് റൂമിന്റെ വാതിൽ തുറന്ന് മറ്റൊരു കസിൻ കയറി വന്നത്... സിദ്ധു ഫോൺ ചെവിയിൽ വെച്ച് അവളെ ഒന്ന് തുറിച്ചു നോക്കി... "സിദ്ധു...മുല്ലപ്പൂ എല്ലാം എവിടെയാ വെച്ചേ...അവിടെ കല്യാണപെണ്ണിന് ചൂടാൻ പൂവില്ല... " "എനിക്ക് എങ്ങനെ അറിയാന...എന്റെൽ ഒന്നുമില്ല... " ഇത്തിരി ദേഷ്യം വാക്കിൽ കലർത്തി അവൾ പറഞ്ഞു... ആ പെൺകുട്ടി അവളെ ഒന്ന് നോക്കിയ ശേഷം റൂമിന് പുറത്തേക്ക് ഇറങ്ങി പോയി... "ഹലോ..... " മറുവശത്ത് ഓം കാൾ അറ്റൻഡ് ചെയ്തിരുന്നു..... അവന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സൊന്നു തണുത്തു... "ശ്രീ..." അവൻ വിളിച്ചു...അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "ഓം...നീ ബിസിയാണോ...? " "അതേ...ഓഫീസ് വർക്ക് ഉണ്ട്...എന്തെ..." അവൻ മറുപടി കൊടുത്തു... "മ്മ്....എന്നാ ശെരി...." അവൾ നിരാശയോടെ പറഞ്ഞു... അവൻ ചിരിച്ചു... "ഞാൻ ഫ്രീ ആയാൽ അങ്ങോട്ട് വിളിക്കാം...ബൈ.. ടേക്ക് കെയർ... " അതും പറഞ്ഞവൻ കാൾ കട്ടാക്കി... സിദ്ധു ഫോൺ നെറ്റിയോട് മുട്ടിച്ചു നിന്നു.. "സിദ്ധു നീ ഇവിടെ നിൽക്കുവാണോ...? ജഗനും ജീവനും കുറേ നേരമായി നിന്നെ അന്വേഷിക്കുന്നു...അങ്ങോട്ട് ചെല്ല്.... "

എന്തോ ആലോചിച്ചു നിന്നിരുന്ന അവളുടെ അടുത്തേക്ക് വന്നു കൊണ്ട് യമുന പറഞ്ഞു.... "ഏട്ടൻസ് വന്നോ....?? " "മ്മ് വന്നു...നിന്നെ ചോദിക്കുന്നുണ്ട്...." അത് കേൾക്കേണ്ട താമസം അവൾ റൂമിൽ നിന്നിറങ്ങി.... കല്യാണ പന്തലിൽ ആളുകൾക്കിടയിൽ നിൽക്കുന്ന ഏട്ടന്മാരെ കണ്ടപ്പോൾ അവൾ അവരുടെ അടുത്തേക്ക് ചെന്നു..... ജഗനും ജീവനും അവളെ ചേർത്ത് പിടിച്ചു... "എന്ത് ദുഷ്ടന്മാരാ... ഇന്നലെ വരാന്ന് പറഞ്ഞു പറ്റിച്ചു ലേ... " രണ്ട് പേരുടെയും കയ്യിൽ നുള്ളി കൊണ്ട് അവൾ പരിഭവം പറഞ്ഞു.. "മനഃപൂർവം അല്ല പെണ്ണേ...ഓഫിസിൽ ഇപ്പൊ നല്ല തിരക്കാ...അത് കൊണ്ടല്ലേ... " പരിഭവിച്ചു വീർപ്പിച്ച അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ജീവൻ കാരണം പറഞ്ഞു... "മ്മ്..എന്നാ ഫങ്ക്ഷൻ കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ എന്നേം കൊണ്ട് പോവണം... " അവൾ പറയുന്നത് കേട്ട് ജീവനും ജഗനും പരസ്പരം ഒന്ന് നോക്കി ..... "എന്താ ഇത്ര ആലോചിക്കാൻ...എനിക്ക് ഇവിടെ നിൽക്കണ്ട....വല്ലാത്ത ബോറിങ്... " അവൾ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. "അത് പിന്നെ വീട്ടിലും നിനക്ക് ബോറടി തന്നെ അല്ലെ... "

ജഗന്റെ സംസാരം കേട്ട് അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.... "അല്ല..ഏട്ടാ...നമ്മുടെ പുന്നാര പെങ്ങളൊന്ന് കൂടെ സുന്ദരി ആയി അല്ലെ...മേക്കപ്പ് കുറച്ചു കൂടിയോ എന്നൊരു ഡൌട്ട്... " ജീവൻ അവളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു . "ആണോ... മേക്കപ്പ് കൂടിയോ... കാണിച്ചു തരാം ഞാൻ.... " സിദ്ധു അവനെ പൊതിരെ തല്ലാൻ തുടങ്ങി... "ആഹ്...ഡി കുരിപ്പേ...തല്ലല്ലേ...ഡീീ ആൾക്കാര് കാണും ന്ന്... " ജീവൻ അവളെ പിടിച്ചു വെച്ചു... "ജഗ.. ജീവ...സിദ്ധു....മൂന്നാളും ഇങ്ങ് വന്നേ..." ആരോടൊക്കെയോ സംസാരിച്ചു നിന്ന യമുന അവരെ മൂന്ന് പേരെയും വിളിച്ചു... സിദ്ധുവിന്റെ കയ്യും പിടിച്ചവർ രണ്ട് പേരും യമുനയുടെ അടുത്തേക്ക് ചെന്നു... "ഇവരാണ് എന്റെ മക്കൾ...ഇത് ജഗൻനാഥ്‌...പിന്നെ ഇളയവൻ ജീവാനന്ദ്...പിന്നെ ഏറ്റവും ചെറുത് മോള്..സൃഷ്ടി.... " യമുന മക്കളേ മൂന്ന് പേരും എല്ലാവർക്കും പരിജയപെടുത്തി കൊടുത്തു.... പെട്ടെന്ന് സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തു.... സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ മുഖം വിടർന്നു.... അവൾ ആരെയും ശ്രദ്ധിക്കാതെ ഫോണും എടുത്തു ഒഴിഞ്ഞ കോർണറിലേക്ക് മാറി... "നീ ഇപ്പൊ തന്നെ വിളിക്കും എന്ന് പ്രതീക്ഷിച്ചില്ലട്ടോ.... " ഫോൺ എടുത്ത ഉടനെ ചിരിയോടെ അവൾ പറഞ്ഞു... "വിളിക്കും എന്ന് ഞാൻ പറഞ്ഞാ വിളിച്ചിരിക്കും... "

"ഓഹോ.. അങ്ങനെയോ... " "അതേ..." അവനും ചിരിച്ചു... "ഓം എനിക്ക് നിന്നെ മിസ്സ്‌ ചെയ്യുന്നു..." കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു....മറുവശത്ത് നിന്ന് അവന്റെ ചിരി ഉണർന്നു... "എന്താ ചിരിക്കുന്നെ...ആം സീരിയസ്.." അവളുടെ ശബ്ദം ഉയർന്നു... "നിനക്ക് എന്നെ കാണണം എന്ന് തോന്നിയാൽ നീ പറഞ്ഞാൽ മതി...നീ എവിടെ ആയാലും നിന്റെ മുമ്പിൽ ഞാൻ എത്തിയിരിക്കും..." അവന്റെ ശബ്ദം ആർദ്രമായിരുന്നു... "ഓഹ്...ശെരി...ഇപ്പോ എനിക്ക് നിന്നെ കാണണം എന്ന് തോന്നുന്നു..." പുറകിലേ ചുമരിലേക്ക് ചാരി നിന്ന് കൊണ്ട് അവൾ കുസൃതിയോടെ പറഞ്ഞു.. "റിയലി... !!" "ആഹ്...റിയലി റിയലി മിസ്സ്‌ യൂ.... " പുഞ്ചിരിയോടെ അവൾ പറഞ്ഞു തീർത്തതും മറുവശത്ത്‌ ഫോൺ കട്ടായി... "ആഹാ കട്ടാക്കിയോ... " അവൾ ഓർത്തു ചിരിച്ചു കൊണ്ട് അവൾ ഏട്ടന്മാരുടെ അടുത്തേക്ക് നടന്നു.... "സിദ്ധു വന്നേ ഫോട്ടോ എടുക്കാം... " എല്ലാവരോടും സംസാരിച്ചു നിൽക്കെ യമുന പറഞ്ഞു... അവൾ സ്റ്റേജിലേക്ക് കയറി....ജഗനും ജീവനും ഭക്ഷണം കൊടുക്കുന്നിടത്ത് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്.... സിദ്ധു പെൺപടകൾക്കൊപ്പം ഫോട്ടോക്ക് പോസ്സ് ചെയ്തു..ഇടക്ക് കണ്ണുകൾ ആൽക്കൂട്ടത്തിൽ ചെന്നെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് മാറി ഏറ്റവും പുറകിൽ ഇരു കയ്യും മാറിൽ കെട്ടി അവളെ നോക്കി നിൽക്കുന്ന ഓമിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു ...

ഓം അവളെ നോക്കി കൈ വീശി കാണിച്ചു..... അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങവേ...ഓം അവളെ തടഞ്ഞു ... അവൾ അവിടെ നിന്ന് ചോദ്യഭാവത്തിൽ അവനെ നോക്കി.. ഓം ചിരിയോടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയിൽ ചേർത്ത് വെച്ചു.... അപ്പൊത്തന്നെ സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...അവനെ തന്നെ നോക്കി നിന്നവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു.... "ഞാൻ പറഞ്ഞില്ലേ ശ്രീ....നീ ഒന്ന് ആഗ്രഹിച്ചാൽ ഞാൻ നിന്റെ മുന്നിൽ എത്തിയിരിക്കും... " "ഞ....ഞാൻ അങ്ങോട്ട് വരാം.... " അവൾക്ക് സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു... "വേണ്ട..." പറയുന്നതിനോടൊപ്പം അവൻ ചുറ്റും ഒന്ന് നോക്കി... "എല്ലാവരും ശ്രദ്ധിക്കും...പിന്നെ..എനിക്ക് ഈ ബഹളമൊന്നും ഒട്ടും ഇഷ്ടമല്ല..." "അപ്പൊ പോവാണോ... " അവളുടെ സ്വരം നേർത്തു.... "മ്മ്..." ചിരിയോടെ അവൻ ഒന്ന് മൂളി...പ്രണയപൂർവ്വം അവളെ നോക്കി... അവളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു .. "ബൈ....ഫ്രീ ആവുമ്പോൾ വിളിക്ക്.... " അവളോടായി പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു.... സിദ്ധു ഫോൺ ചെവിയോട് ചേർത്ത് വെച്ച് കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു.... "അമ്മേ ഈ ആലോചന ഉറപ്പിച്ചോ...എന്റെ ഭാവി ഏട്ടത്തിയുടെ പേര് അഞ്ജന...ആള് ഡോക്ടറാണ്...കാണാൻ സുന്ദരിയാണ്...ഏട്ടൻ ആഗ്രഹിച്ചത് പോലെ നല്ല മുടിയുണ്ട് നാടൻ ലൂക്ക് ആണ്.... " അല്ലു കയ്യിൽ ഉള്ള പെൺകുട്ടിയുടെ ഫോട്ടോയും നോക്കി സോഫയിലേക്ക് ചാടി വീണു...

"ഇത് ഉറപ്പിക്കണേണ്ടത് നിന്റെ ഇഷ്ട്ടം നോക്കിയല്ല....ഹര നീ പറ...ഇഷ്ടായില്ലേ നിനക്ക് ആ കുട്ടിയേ... " രോഹിണി തന്റെ മടിയിൽ കിടന്നു ഫോണിൽ നോക്കി ഇരിക്കുന്ന ഹരനോട് ചോദിച്ചു... "നിങ്ങടെ ഇഷ്ട്ടം പോലെ... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ആ അത് പറ്റില്ല....പിന്നെ കെട്ട് കഴിഞ്ഞിട്ട് വീട്ടുകാരുടെ ഇഷ്ടത്തിന് കെട്ടിയതാ എന്ന് പറഞ്ഞു അതിന്റെ തലയിൽ കയറാനല്ലേ....അത് വേണ്ട... " രോഹിണി പറയുന്നത് കേട്ട് ഹരൻ ചിരിച്ചു... "എന്റെ അമ്മേ....അങ്ങനെ ഒന്നുമില്ല..നിങ്ങൾ ഇത് ഇഷ്ടമാണെങ്കിൽ എനിക്കും ഇഷ്ടാ..." "ആഹ് അപ്പൊ ഇത് ഉറപ്പിക്കാം അല്ലെ... " രോഹിണി അവന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... "മ്മ്...ശെരി... " അവൻ ചിരിയോടെ ഫോണിൽ നോക്കി കിടന്നു.... "എന്താ ഇവിടെ ഒരു ചർച്ച.... " വാതിൽക്കൽ നിന്ന് ഓം പറയുന്നത് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.. "ആഹ്... ഓം ഏട്ടന്റെ കല്യാണം ഏകദേശം സെറ്റായിട്ടോ...." അല്ലു ഹരനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.. "ഓ... റിയലി..." "Yea...വധു ഡോക്ടറാണ്... " അല്ലു സോഫയിൽ എഴുനേറ്റു ഇരുന്നു... "നിനക്ക് ചായ വല്ലതും വേണോ ഓം.... " രോഹിണി അവനോട് ചോദിച്ചു.. "മ്മ്...ഞാൻ പോയി എടുത്തോളാം... " അമ്മയുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അവൻ കിച്ചണിലേക്ക് പോയി ... "മ്മ്...ഇനി ഓമിന്റെ കല്യാണം അത് കഴിഞ്ഞ് എന്റെ... " അല്ലു ചാരി ഇരുന്നു കൊണ്ട് ആത്മഗതം പറഞ്ഞു.. "മ്മ്...അവനിപ്പോ തന്നെ മനക്കോട്ടെ കെട്ടി തുടങ്ങി അമ്മേ...? "

ഹരൻ അല്ലുവിന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു... "പോടാ...നിന്നെ ഒക്കെ കെട്ടിച്ചിട്ട് വേണം...എനിക്കൊന്ന് കെട്ടാൻ... എന്നിട്ട് വേണം എന്നെ തേച്ചിട്ട് പോയവളുടെ മുന്നിലൂടെ എന്റെ പെണ്ണിനേയും ചേർത്ത് പിടിച്ചു നടക്കാൻ..... " അല്ലു നെടുവീർപ്പിട്ടു.... അപ്പോഴാണ് ഓം ചായയും എടുത്തു അങ്ങോട്ട് വന്നത്... "ഓം....അച്ഛൻ തന്ന വർക്ക്‌ എന്തായി നീ കംപ്ലീറ്റ് ചെയ്തോ..." ഹരൻ അവനോട് ചോദിച്ചു.. "ഹാ...ഞാൻ അത് അച്ഛന് മെയിൽ ചെയ്തിട്ടുണ്ട്...drawing ഇൽ വല്ല മാറ്റവും വേണമെങ്കിൽ നീയും അച്ഛനും കൂടെ ഡിസ്‌കസ് ചെയ്തിട്ട് പറ... " ചായാ മുത്തി കുടിച്ചു കൊണ്ട് ഓം സോഫയിൽ ചാരി ഇരുന്നു.... ഇടക്ക് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു...അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി....മെസ്സേജ് ഫ്രം ശ്രീ.. ❤️ അവൻ ചിരിയോടെ മെസ്സേജ് ഓപ്പൺ ആക്കി... ഫോണിൽ നോക്കി ഇരിക്കുന്ന ഓമിന്റെ മുഖത്തെ ഭാവങ്ങളും ചുണ്ടിൽ ഒളിഞ്ഞു കിടക്കുന്ന ചിരിയും സസൂഷ്മം നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു അല്ലു.... അല്ലു അടുത്ത് ഇരിക്കുന്ന ഹരനെ ഒന്ന് തോണ്ടി.... ഹരൻ അവനെ സംശയത്തോടെ നോക്കി... "ഏട്ടാ... something fishy...." "എന്ത്....?? " ഹരന് ഒന്നും മനസിലായില്ല... "ദേ അങ്ങോട്ട് നോക്ക്.... " അല്ലു ഹരന്റെ തല പിടിച്ചു ഓമിന് നേരെ തിരിച്ചു... ഫോണിൽ നോക്കി ഇരുന്നു ചായ കുടിക്കുന്ന ഓമിനെ കണ്ടപ്പോൾ ഹരൻ മുഖം ചുളിച്ചു... "അല്ലു....എവിടെയോ എന്തോ തകരാറ് ഉണ്ടല്ലോ....? " "ഉണ്ടെന്ന് അല്ല ഏട്ടാ ഉണ്ട്. അത് ഉറപ്പാ....

കാർത്തിയേയും ഹാഷിയേയും ഒന്ന് പിടിച്ചാൽ ചിലപ്പോൾ എന്തേലും തുമ്പു കിട്ടും.... " ഓമിനെ നോക്കി കൊണ്ട് അല്ലു പറഞ്ഞു.. "ഏയ്‌...എനിക്ക് തോന്നുന്നില്ല...ഇവൻ വല്ലപ്പോഴുമല്ലേ അവരുടെ കൂടെ കൂടാറോള്ളൂ...അത് കൊണ്ട് അവർക്ക് അറിയാൻ വഴിയില്ല .. " ഹരൻ സംശയത്തോടെ പറഞ്ഞു നിർത്തി... ഓം പെട്ടെന്ന് മുഖം ഉയർത്തി അവരെ നോക്കി....തന്നെ ഉറ്റു നോക്കുന്ന അല്ലുനെയും ഹരനെയും കണ്ടതും ഓം സംശയത്തോടെ അവരെ നോക്കി... "മ്മ്....എന്താ.... " പുരികം ഉയർത്തി അവൻ ചോദിച്ചു.... "Nothing.... " അല്ലു ചുമൽ അനക്കി കൊണ്ട് പറഞ്ഞു... ഹരൻ അത് ഏറ്റു പിടിച്ചു.... "എന്നോട് എന്തേലും ചോദിക്കാനുണ്ടോ..? " "ഏയ്‌ ഇല്ല.... " അവർ രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.. "മ്മ്മ്മ്..... " ഓം ഒന്ന് അമർത്തി മൂളി കൊണ്ട് ചായ കപ്പ് എടുത്തു കൊണ്ട് കിച്ചണിലേക്ക് പോയി... കുടിച്ച ഗ്ലാസ്‌ കഴുകി സ്റ്റാൻഡിൽ വെച്ച ശേഷം അവൻ രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുന്ന രോഹിണിയുടെ അടുത്തേക്ക് ചെന്നു... "മ്മ്...ഇന്ന് എന്തെ.. എഴുത്തും വരയും ഒന്നുമില്ലേ.... " സ്ലാബിൽ കയ്യൂന്നി നിൽക്കുന്ന അവനെ നോക്കി ചിരിയോടെ അവർ ചോദിച്ചു... അവൻ ഒന്ന് ചിരിച്ചതേ ഒള്ളൂ.... "അമ്മ മാറ് ഞാൻ പരത്തി തരാം...പോയി ഈ പരത്തി വെച്ചത് ചുട്ട് എടുത്തോ... " അവൻ രോഹിണിയേ മാറ്റി ചപ്പാത്തി പരത്താൻ തുടങ്ങി... ഇടക്ക് ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ട് രോഹിണിക്ക് വലിയ അത്ഭുതം ഒന്നുമുണ്ടായില്ല... അവർ ചിരിച്ചു കൊണ്ട് ജോലി തുടർന്നു....

മുഖത്തേക്ക് വെള്ളം വീഴുന്നത് അറിഞ്ഞാണ് സിദ്ധു കണ്ണുകൾ വലിച്ചു തുറന്നത്.... കയ്യിൽ ഫോൺ മുറുകെ പിടിച്ചിരുന്നു...അവൾ ഫോണിലേക്ക് ഒന്ന് നോക്കി....ഓമിന്റെ ഗുഡ് നൈറ്റ്‌ മെസ്സേജ് കണ്ടു.... ഇന്നലെ സംസാരിച്ച് എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല....അവൾ ചിരിച്ചു കൊണ്ട് മുഖം അമർത്തി തുടച്ചു.... മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു ജഗ്ഗ്‌ പിടിച്ചു നിൽക്കുന്ന ജീവനെ.... അടുത്ത് തന്നെ ചായയും കൊണ്ട് ജഗനും നിൽക്കുന്നുണ്ട്... അവൾ അവരെ നോക്കി ചിരിച്ചു കൊണ്ട് കൈ രണ്ടും ഉയർത്തി ഒന്ന് നിവർന്നു... "Mrng ഏട്ടൻസ്.... " "Very morning.... " ജഗൻ അവൾക്ക് നേരെ ചായ നീട്ടി.... അവൾ അത് വാങ്ങി... "സമയം എത്ര ആയെന്ന് വല്ല ബോധവും ഉണ്ടോ പെണ്ണേ നിനക്ക്....നിന്റെ കൈ കൊണ്ട് ഒരു ചായയും പ്രതീക്ഷിച്ചു എഴുന്നേൽക്കാതെ ഞാൻ കിടന്നിരുന്നെങ്കിൽ എന്തായാനെ.... " ജഗൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു.. "ഞാൻ അപ്പോഴേ പറഞ്ഞതാ ഏട്ടാ ഇവളെ കൊണ്ട് വരണ്ടാ എന്ന്...അമ്മയുടെ കൂടെ അവിടെ നിർത്തി വന്നാൽ മതിയായിരുന്നു... " ജീവൻ ബെഡിലേക്ക് ചാടി വീണു കൊണ്ട് പറഞ്ഞു... "ഈൗ.... " അവളൊന്നു ഇളിച്ചു കൊടുത്തു... "വല്ലാതെ ഇളിക്കല്ലേ...ചായ കുടിച്ച് വേഗം ഫ്രഷ് ആവ് ഒരുമിച്ചു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം... " ജഗൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. "അപ്പൊ ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കിയോ...?? " അവൾ ചായ വലിച്ചു കുടിച്ചു കൊണ്ട് ചോദിച്ചു.. "പിന്നെ അതൊക്കെ റെഡി ആക്കിയില്ലേ....

.നിന്റെ ഫേവറിറ്റ് കടല കറി ഞാൻ ഉണ്ടാക്കിയിട്ടുണ്ട്...വല്യേട്ടൻ പുട്ട്... പിന്നെ പേരിനൊരു പപ്പടം.... " ജീവൻ ഗമയിൽ പറഞ്ഞു... "ഹലോ...രാവിലെ എണീറ്റ് കറിക്ക് ഉള്ളിൽ അരിഞ്ഞതും ഇന്നലെ കടല വെള്ളത്തിൽ കുതർത്താൻ ഇട്ടതും ചായ വരെ ഉണ്ടാക്കിയത് ഒക്കെ ആരാടാ....കുറച്ചു മുന്നേ എണീറ്റ് വന്നു കറിയിൽ കുറച്ചു മുളക് പൊടിയും രണ്ട് ഇളക്ക് ഇളക്ക്...അത്രയല്ലേ നീ ചെയ്‌തുള്ളൂ... " ജഗൻ ജീവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു നിർത്തി... "ഹമ്പാ... അപ്പൊ തേങ്ങ ചിറക്കിയത് ആരാ...പത്രം കഴുകി വെച്ചതോ...പറ.... " ജീവൻ വിട്ട് കൊടുത്തില്ല... രണ്ടിന്റെയും ഇടയിൽ പെട്ട് സിദ്ധു തലക്ക് കയ്യും കൊടുത്തു ഇരുന്നു... "ഒന്ന് നിർത്ത്‌ ഏട്ടന്മാരെ..... " സഹിക്കെട്ട് അവൾ ശബ്ദമുയർത്തി... "ഹ്മ്മ്.. നിർത്തി....വേഗം ചെന്ന് ഫ്രഷായി വാ... " ജീവൻ അവളെ വലിച്ചെണീപ്പിച്ച് ബാത്‌റൂമിലേക്ക് ഉന്തി കയറ്റി.... അവൾ ഫ്രഷായി ഹാളിലേക്ക് ചെന്നു... ഡെയിനിങ് ടേബിളിൽ എല്ലാം റെഡി ആയിരുന്നു..... മൂന്ന് പേരും ഒരുമിച്ചു ഇരുന്നു... "അച്ഛൻ ഓഫിസിലേക്ക് നേരത്തെ പോയി....അമ്മയെ അവിടെ നിർത്തി നിന്നെ മാത്രം കൊണ്ട് വന്നത് അച്ഛന് ഇഷ്ടമായിട്ടില്ല.... " കഴിക്കുന്നതിനിടയിൽ ജീവൻ പറഞ്ഞു... സിദ്ധു ഒന്നും മിണ്ടിയില്ല... "ആണുങ്ങൾ മാത്രമല്ലെ ഒള്ളൂ...നമുക്ക് പുറത്തേക്ക് പോകേണ്ടി വന്നാൽ ഇവള് ഒറ്റക്ക് ആവില്ലേ .. അത് കൊണ്ടാകും അച്ഛൻ പറഞ്ഞത്.... "ജഗൻ അതും പറഞ്ഞു സിദ്ധുവിനെ നോക്കി... "അതൊന്നുമല്ല...എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാ... "

കൈ ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യത്തോടെ അവൾ പറഞ്ഞു.. "അങ്ങനെ ഒന്നുമല്ല മോളേ...നമ്മളെ മൂന്നാളെയും അച്ഛൻ ഒരുപോലെയാ കണ്ടിരിക്കുന്നത്...പിന്നെ എങ്ങനയാ നിന്നെ ഇഷ്ടമില്ലാതെ ഇരിക്കുക...നമ്മുടെ അച്ഛനല്ലെടി... " ജീവൻ അവളുടെ നെറുകയിൽ തലോടി... അവൾ പിന്നെ ഒന്നും മിണ്ടിയില്ല.... ഭക്ഷണം കഴിച്ചു കഴിഞ്ഞ് മൂന്നാളും കൂടെ പാത്രമൊക്കെ കഴുകി വെച്ചു... കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങൾ കടന്നു പോയി... ഓഫിസിൽ പോകാൻ ടൈം ആയപ്പോൾ ജഗനും ജീവനും റെഡി ആയി വന്നു.... സിദ്ധു രണ്ട് പേരുടെയും തല മുടിയൊക്കെ റെഡി ആക്കി...കോളർ ഒക്കെ പെർഫെക്ട് ആക്കി കൊടുത്തു.. "എന്നാ മക്കള് പോയിട്ട് വാ... " അവൾ അവരോടായി പറഞ്ഞു... "മ്മ്...എങ്ങോട്ടേലും പോകുന്നുണ്ടേൽ വീട് പൂട്ടിയേക്കണം..ഇന്ന് ആതിരയും അവളുടെ ചെക്കനും അവന്റെ വീട്ടിലേക്ക് പോകും...അത് കഴിഞ്ഞാൽ അമ്മ ഇങ്ങോട്ട് വരും.... " ജഗൻ അവളോടായി പറഞ്ഞു.. "മ്മ്... ശെരി..." അവളൊന്നു മൂളി... അവർ യാത്ര പറഞ്ഞിറങ്ങി..  "ഡീീ....സിദ്ധു....." ബീച്ചിലൂടെ ഇരു കയ്യും മാറിൽ കെട്ടി നടക്കുമ്പോഴാണ് പുറകിൽ നിന്നൊരു വിളികേട്ടത്.... സിദ്ധു തിരിഞ്ഞു നോക്കി... "ആഹ് നീയാണോ... " അവളുടെ അടുത്തേക്ക് നടന്നു വരുന്ന അനുവിനെ കണ്ട് അവൾ ചോദിച്ചു... "അതേ ഞാൻ തന്നെ...നിന്നെ ഇപ്പൊ കാണാനെ കിട്ടുന്നില്ലല്ലോ....അന്ന് പാർക്കിൽ വെച്ച് കണ്ടതാ..." അനു പരിഭവം പറഞ്ഞു.. സിദ്ധു ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി... രണ്ടുപേരും ഒരു ഭാഗത്ത്‌ ഇരുന്നു... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ഫോൺ എടുത്തു... "ദേ ഇത് നോക്ക്... " ഫോണിലെ ഫോട്ടോ അവൾ അനുവിന് നേരെ നീട്ടി.....

ഓം അന്ന് വരച്ച സിദ്ധുവിന്റെ ചിത്രമായിരുന്നു അത്.. "ആഹാ ഇത് കൊള്ളാലോ..ആര് വരച്ചതാ..." സിദ്ധുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കൊണ്ട് അനു ചോദിച്ചു... "മ്മ്....നിക്ക്... " സിദ്ധു ചിരിച്ചു കൊണ്ട് അനുന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... ഗാലറിയിൽ നിന്ന് ഓമിന്റെ ഫോൺ കാണിച്ചു കൊടുത്തു... "ഹേ...ഇത്...ഇത്... " അനു അന്തം വിട്ട് കൊണ്ട് അവളെ നോക്കി സിദ്ധു അവളെ നോക്കി ഒന്ന് കണ്ണിറുക്കി... "ഇത് ഓംകാരചേട്ടനല്ലേ.....? " "ഹ്മ്മ്...ഓംകാര മഹേശ്വർ....my..." "മ്മ്.. നിന്റെ.... " "My....my..luv...." പറഞ്ഞു തീർന്നില്ല അവളുടെ ഫോൺ റിങ് ചെയ്തു....ഓം ആണെന്ന് കണ്ടപ്പോൾ സിദ്ധു വേഗം കാൾ അറ്റൻഡ് ചെയ്തു... "ഹലോ... ശ്രീ..നീ എവിടെയാ....? " "ഞാൻ ബീച്ചിൽ...? " പറഞ്ഞു തീർന്നില്ല...തോളിൽ ആരോ തട്ടി വിളിച്ചു....തിരിഞ്ഞു മുഖം ഉയർത്തിയപ്പോൾ കണ്ടു ചിരിയോടെ നിൽക്കുന്ന ഓമിനെ... അവൻ അവളുടെ അടുത്ത് ഇരുന്നു... "എന്നാ...സിദ്ധു...ഞാ..ഞാൻ പോട്ടെ...ഫ്രണ്ട്‌സ് വെയിറ്റ് ചെയ്യുന്നുണ്ട്... " ഓം വന്നിരുന്നപ്പോൾ തന്നെ അനു ചാടി എണീറ്റു... "നീ പോവാണോ...? " സിദ്ധു ചോദിച്ചു.. "ആഹ്.... " അവരെ രണ്ട് പേരെയും നോക്കി ചിരിച്ചു കൊണ്ട് അവൾ എസ്‌കേപ്പ് ആയി.... സിദ്ധു ഓമിന് നേരെ തിരിഞ്ഞു...അവനെ നോക്കി ചിരിച്ചു... "മ്മ്... " പുരികം ഉയർത്തി ചോദ്യഭാവത്തിൽ ഓം അവളെ നോക്കി... "മ്മ്ഹ്ഹ്.... " തോളനക്കി പറഞ്ഞു കൊണ്ട് ചെറിയ ബാൻഡ് കൊണ്ട് കെട്ടി വെച്ച അവന്റെ നീളൻ മുടികളുടെ അഴിച്ചിട്ടു.... അവ അഴിഞ്ഞ് അവന്റെ മുഖത്തേക്ക് വീണു.... അവൻ മുഖം ചുളിച്ചു കൊണ്ട് മുടി ഒതുക്കി വെക്കാൻ പോയതും സിദ്ധു അവനെ തടഞ്ഞു... "എന്തെ....?? "

അവന്റെ ചോദ്യത്തിന് മറുപടി അവൾ ചിരിച്ചു കൊണ്ട് അവന്റെ മുടിയിഴകൾ ഒതുക്കി വെച്ചു... അവനും ചിരിച്ചു.... അവൾ അവന്റെ കൈകളിൽ കോർത്ത്‌ പിടിച്ചു കൊണ്ട് തോളിലേക്ക് ചാഞ്ഞിരുന്നു... "ഓം...." "മ്മ്.... " "എന്നെ മുൻപ് എപ്പോഴെങ്കിലും കണ്ടതായിട്ട് തോന്നുണ്ടോ...?? " അവളുടെ ചോദ്യം കേട്ട് അവൻ മുഖം ചെരിച്ചു നോക്കി... "എനിക്ക് തോന്നിട്ടുണ്ട്...നിന്നെ എവിടെയോ കണ്ടപ്പോലെ....അല്ല എന്നിൽ തന്നെ ആണെന്ന തോന്നൽ...." അവൾ പറഞ്ഞു നിർത്തി....ഓം ഒരു കൈ കൊണ്ട് അവളുടെ മുടിയിഴയിൽ തലോടി... "നിന്നിൽ ഞാനും എന്നിൽ നീയും ചേർന്ന് പുനർജനിച്ചതാണ് നമ്മൾ....നമ്മുടെ പ്രണയം... " പ്രണയത്തോടെ അവൻ അത് പറയുമ്പോൾ അവന്റെ ഹൃദയതാളവും ശ്രവിച്ച് അവനോട് ചേർന്നിരിക്കുകയായിരുന്നു അവൾ.... "എനിക്കെപ്പോഴും നിന്നോടൊപ്പം ഇരിക്കാൻ തോന്നുന്നു ഓം...നീയില്ലായ്മയേ ഞാനൊരുപാട് വെറുക്കുന്നു ഇപ്പോൾ..." അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു... മൗനമായ നിമിഷങ്ങൾ.... ഓം ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു... മറു കൊണ്ട് ചെറുതായി നനവുള്ള തീരത്തെ മണലിൽ എന്തോ വരച്ചിട്ടു.... സിദ്ധു തല ചെരിച്ച് അത് നോക്കി... ഒരു മരത്തിന് കീഴിൽ നിൽക്കുന്ന പെൺകുട്ടി....അവൾക്ക് മേലേക്ക് പൂക്കൾ വാഷിക്കുന്ന മരം... സിദ്ധു കണ്ണിമ വെട്ടാതെ അതിലേക്ക് തന്നെ നോക്കി... "ഇതെന്താ ഓം.... " അവൾ ചോദിച്ചു... "ഇതോ...ഇത് എന്റെ ചെറിയൊരു ആഗ്രഹമാണ് ... " അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "ആഗ്രഹമോ...?? " "മ്മ്... അതൊക്കെ ഞാൻ നിനക്ക് കാണിച്ചു തരാം..നിന്നെ പോലെ പ്രിയപ്പെട്ട മറ്റൊരാൾ കൂടെ ഉണ്ട്.." "ആരാ...?? "

"പറയാം....ഇപ്പോ ടൈം കറക്റ്റ് 6 മണി ആയി...നീ വീട്ടിലേക്ക് പൊക്കോ... " "അപ്പൊ നീ പോണില്ലേ....? " അവൾ മുഖം ചുളിച്ചു... "ഞാൻ പൊക്കോളാം....ആദ്യം നീ സ്ഥലം കാലിയാക്ക്....നിന്റെ വീട്ടിൽ അന്വേഷിക്കില്ലേ...ഇനിയും നീ ഇവിടെ എന്റെ കൂടെ നിൽക്കുന്നത് ശെരിയല്ല..ഇരുട്ടും മുന്നേ വീട്ടിൽ എത്തണം... " അവൻ എഴുനേറ്റു... അവളെയും പിടിച്ചെഴുനേൽപ്പിച്ചു.... "അപ്പൊ ഞാൻ പോണോ...?? " ചുണ്ട് ചുളുക്കി കൊണ്ട് അവൾ ചോദിച്ചു... "തീർച്ചയായും പോണം.. " അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു... ചിണുങ്ങി കൊണ്ട് അവൾ നടന്നു നീങ്ങി...ഓം അവൾ പോയതിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്...  "അച്ഛാ....ആ അനന്തന് ഇത്തവണയും പ്രൊജക്റ്റ്‌ കിട്ടാത്തതിൽ നമ്മളോട് നല്ല ദേഷ്യമുണ്ട്...." ഓഫിസ് റൂമിൽ ഇരുന്നു ഫയൽ നോക്കുന്നതിന്റെ ഇടയിൽ ഹരൻ അച്ഛനോട് പറഞ്ഞു.. "മ്മ്...അവൻ എപ്പോഴും എന്നെ തോൽപിക്കണം എന്നൊരു ചിന്തയേ ഒള്ളൂ...കുടുംബങ്ങൾ തമ്മിലും അങ്ങനെ ആയിരുന്നു...ഓം ആ തറവാട് വാങ്ങിയത് തന്നെ അനന്ദന് ഒരു അടിയായി..." നോക്കി കൊണ്ടിരുന്ന ഫയൽ അയാൾ ടേബിളിലേക്ക് ഇട്ടു... "എല്ലാ വർഷവും ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടാൻ കാരണം ഓമിന്റെ ഡിസൈനിങ്ങും നിന്റെ പ്രെസൻറ്റേഷനുമാണ്... " അയാൾ ചിരിച്ചു കൊണ്ട് ഹരന്റെ തോളിൽ തട്ടി... അവനും ചിരിച്ചു.. "അല്ല ഓം എവിടെ ഇന്ന് അവനെ കണ്ടതെ ഇല്ല.... " "അവൻ റൂമിൽ ഉണ്ട്....കുറച്ചു മുന്നേ പുറത്ത് പോയി വന്നതേ ഒള്ളൂ.... "

ഹരൻ അതും പറഞ്ഞു.. സോഫയിൽ ഇരുന്നു ഫയൽ ചെക്ക് ചെയ്യാൻ തുടങ്ങി... മഹേശ്വർ ഓമിന്റെ റൂമിലേക്ക് നടന്നു.... ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഓം.... കയ്യിൽ വാടിയ ഒരു ചെമ്പകപൂവും ഉണ്ടായിരുന്നു...അവൻ അവയെ നെഞ്ചോട് ചേർത്ത് പിടിച്ചു... "ഓം.... " പുറകിൽ നിന്ന് അച്ഛന്റെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി... "ഇന്ന് എന്തെ തറവാട്ടിൽ പോയില്ലേ...." അവന്റെ തോളിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു.. അവൻ ചിരിയോടെ ഇല്ലെന്ന് തലയാട്ടി.... "നിന്റെ വർക്ക് നന്നായിരുന്നു....ഇത്തവണയും ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടി...കാരണം നീയും ഹരനുമാണ്... " അയാൾ അഭിമാനത്തോടെ അവനെ ചേർത്ത് പിടിച്ചു.... ഓമിന്റെ ഫോൺ റിങ് ചെയ്തു....ഫോൺ എടുത്തു നോക്കി... "എന്നാ നീ സംസാരിക്ക്... " മഹേശ്വർ അവന്റെ തോളിൽ തട്ടി കൊണ്ട് പുറത്തേക്ക് പോയി... അവൻ ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു... "ഇനിയും മിസ്സ്‌ ചെയ്യുന്നു എന്ന് പറയാൻ വിളിച്ചതാണോ..?? " കളിയാലേ അവൻ അവളോട് ചോദിച്ചു... "മ്മ്ഹ്ഹ്... " "പിന്നെ...?? " അവൻ ചോദിച്ചു.. "ചുമ്മാ വിളിച്ചതാ...." പറയുമ്പോൾ അവൾ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.... "ഓഹോ.... " അവൻ ചിരിച്ചു... "നമ്മൾ ഒരുപാട് ദൂരെ അല്ലെ... എപ്പോഴും കാണാൻ പറ്റുന്നില്ലല്ലോ...എനിക്ക് നിന്നെ എപ്പോഴും കണ്ട് കൊണ്ടിരിക്കണം..." പരിഭാവത്തോടെ അവൾ പറഞ്ഞു... ഓം ഒന്നും മിണ്ടായില്ല.. "ഹലോ... ഓം... "

അവൾ ഒരിക്കൽ കൂടെ വിളിച്ചു.. "മ്മ്.... " അവനൊന്നു മൂളി.... "എന്തേലും പറ... " "ശ്രീ....നീ ആകാശത്തെ പൂർണ ചന്ദ്രനെ കാണുന്നുണ്ടോ.... " അവൻ പറഞ്ഞു തീരും മുന്നേ രണ്ട് പേരുടെയും കണ്ണുകൾ ചന്ദ്രനെ ഉറ്റു നോക്കി.... "ഉണ്ട്...അതിന്..?? " "നമ്മൾ രണ്ട് പേരും ഒരേ ചന്ദ്രന് കീഴിൽ അല്ലേ....പിന്നെ എങ്ങനെ നമ്മൾക്കിടയിൽ ദൂരങ്ങൾ ഉണ്ടാവും.. മ്മ്.... " അവൻ പറയുന്നത് കേട്ട് നിലാവിനെ നോക്കി അവൾ പുഞ്ചിരിച്ചു... "ഞാൻ പൂർണചന്ദ്രനാകുമ്പോൾ നീയാകണം എന്റെ ആകാശം..... " അവന്റെ ശബ്ദം അവളുടെ കാതിനെ കുളിരണിയിച്ചു.... "ഓം...എനിക്ക് നിന്നെ...." ബാക്കി അവൾ പറയും മുന്നേ കാൾ കട്ടായിരുന്നു... ഓം തിരിച്ചു വിളിച്ചു നോക്കി..മൂന്ന് തവണ വിളിച്ചിട്ടും... അവൾ ഫോൺ എടുത്തില്ല.....പിന്നെ അവന് തോന്നി അവൾ ബിസി ആയിരിക്കും എന്ന്.. അവൻ വിളിച്ചു ശല്ല്യപെടുത്താൻ പോയില്ല... ഭക്ഷണം കഴിച്ചു വന്ന് ബെഡിൽ കിടക്കവേ അവൻ അവൾക്ക് മെസ്സേജ് അയച്ചു... ഓൺലൈനിൽ ഇല്ലായിരുന്നു... കിടന്നിട്ട് ഉറക്കം വന്നില്ല....ക്യാൻവാസിനടുത്തേക്ക് ചെന്ന് അവളുടെ ചിത്രത്തിലേക്ക് നോക്കി നിൽക്കവേ... അവന്റെ ഫോൺ റിങ് ചെയ്തു... സിദ്ധു ആയിരുന്നു... അവൻ ആവേശത്തോടെ ഫോൺ അറ്റൻഡ് ചെയ്തു... "ഹലോ....ഓം... " അവൾ സ്വരം താഴ്ത്തി വിളിച്ചു.. "നീ എവിടേയായിരുന്നു ശ്രീ...മനുഷ്യനെ ടെൻഷനടിപ്പിക്കാൻ... " അവന്റെ സ്വരം കടുത്തു.... "നീ താഴേക്ക് ഇറങ്ങി വാ ഓം..ഞാൻ നിന്റെ വീടിന്റെ മുറ്റത്തുണ്ട്.... "

"What....!!!!" അവൻ വേഗം ഫോൺ ബെഡിലേക്ക് ഇട്ട് താഴേക്ക് ഇറങ്ങി....വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ കണ്ടു മതിലിനരികിൽ പതുങ്ങി നിൽക്കുന്ന സിദ്ധുവിനെ... അവൻ അവളുടെ അടുത്തേക്ക് ചെന്നു...ഓമിനെ കണ്ടതും അവൾ മുന്നോട്ട് ആഞ്ഞ് കെട്ടിപിടിച്ചു.... "ശ്രീ..നീ എങ്ങനെ..?? എന്റെ വീട് എങ്ങനെ അറിയാം... " അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് അവൻ ചോദിച്ചു... "അതൊക്കെ പറയാം...നിങ്ങൾ എന്താ മതിലിൽ കുപ്പി ചില്ലൊക്കെ വെച്ചിരുന്നോ...എന്റെ കൈ പോയി.... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ഇരു കൈകളും അവന് നേരെ നീട്ടി... രക്തം പൊടിഞ്ഞ അവളുടെ ഉള്ളം കൈ കണ്ടപ്പോൾ അവന്റെ നെഞ്ച് പിടഞ്ഞു...കണ്ണുകളിൽ അവൻ പോലും അറിയാതെ നനവ് പടർന്നു... "എന്തിനാ...നീ... " അവൻ എന്ത് പറയണം എന്നറിയാതെ നിന്നു... പതിയെ ആ കൈകളിൽ മുഖം അമർത്തി ചുംബിച്ചു..... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story