കോളേജ് ബസ് : ഭാഗം 18

College bus

രചന: റിഷാന നഫ്‌സൽ

''ഹോ സമാധാനമായി... ഇന്നത്തേതും കുഴപ്പമില്ല... നാളെ ഓണം നമുക്ക് അടിച്ചു പൊളിക്കണം..'' അനന്ദു നല്ല സന്ദോഷത്തിലാണ്. ''അതെ നാളെ നീനു സാരി ഉടുത്തു വരാമെന്നു പറഞ്ഞിട്ടുണ്ട്. ഞാൻ മുണ്ടും ഷർട്ടും അവള് സാരിയും, അടിപൊളി ആയിരിക്കും...'' അവന്റെ സംസാരം കേട്ടപ്പോ ഞാനും അനന്ദുവും അവനെ നോക്കി.. ദേ കാലു കൊണ്ട് നിലത്തു കളംവരക്കുന്നു... ''അയ്യടാ, അവന്റെ ഒരു നാണം.'' ഞങ്ങൾ ചിരിച്ചു. ''പിന്നെ മുണ്ട് ഉടുക്കാനൊന്നും എനിക്ക് പറ്റില്ല, വെറുതെ നിർബന്ധിക്കണ്ട.'' ഞാൻ തീർത്തു പറഞ്ഞു. ''അത് അല്ലെങ്കിലും നീ ഇത് വരെ ചെയ്തിട്ടുണ്ടോ?? മുണ്ട് ഉടുക്കുന്നത് പൗരുഷത്തിന്റെ ലക്ഷണമാടാ...'' അനന്ദു എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. ''ആഹ് മുണ്ടുടുത്താ ചിലപ്പോ എന്റെ പൗരുഷം നാട്ടുകാര് കാണും.. അത് വേണ്ടാന്നു വിചാരിച്ചിട്ടാ ഉടുക്കാത്തെ..'' ഞങ്ങൾ ചിരിച്ചു. ''എന്താ തമാശ ഞങ്ങളും കൂടി കേക്കട്ടെ??'' നീനുവാണ്. ''അത് ഞങ്ങൾ പൗരു...'' അജു പറയാൻ തുടങ്ങിയതും ഞാനവന്റെ വാ പൊത്തി.. ''അല്ല എവിടെ നമ്മടെ ഫൂലൻദേവിയും സോഡാ കുപ്പിയും??'' ഞാൻ ചോദിച്ചു..

അനുവിന്റെ സ്വഭാവ ഗുണം കൊണ്ട് അവൾക്കു വീണ പേരാണ് ഫുലംദേവി എന്ന്.. ''അവർ പ്രിൻസിയുടെ ഓഫീസിൽ പോയിരിക്കുവാ. എന്തിനാന്നറിയില്ല..'' അച്ചു ടെന്ഷനോടെ പറഞ്ഞു. ''എന്നിട്ടു നിങ്ങളിങ്ങു പോന്നോ??'' അനന്ദു അവരോട് ചോദിച്ചു. ''ഞങ്ങളവിടെ നിക്കാൻ പോയതാ, പക്ഷെ ഷാനു പറഞ്ഞു ബസ് വിടാതെ നോക്കാൻ ആരേലും വേണ്ടേ, നിങ്ങൾ പൊക്കോ എന്ന്.'' നീനു പറഞ്ഞു. ''ആ കയ്യിലിരിപ്പ് അതാണല്ലോ രണ്ടിന്റേം...'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ചിരിച്ചെങ്കിലും ഉള്ളിൽ ആകെ ടെൻഷൻ ആയി. എന്താവും പറ്റിയെ എന്ന് ആലോചിച്ചു തലക്കു വട്ടായി. അപ്പോഴാണ് നാരായണേട്ടൻ എന്നാൽ വിടാമെന്നും പറഞ്ഞു കേറിയേ. ''അയ്യോ പോവല്ലേ നാരായണേട്ട രണ്ടാളും കൂടി വരാനുണ്ട്..'' നീനു സങ്കടത്തോടെ പറഞ്ഞു. ''അയ്യോ ഇപ്പോളേ താമസിച്ചു മക്കളെ.. ഇനി കാത്തു നിക്കാൻ പറ്റില്ല.'' ''ഒരു 2 മിനിറ്റ കൂടി നാരായണേട്ട.'' ഞങ്ങൾ എല്ലാരും കൂടി പറഞ്ഞപ്പോ നാരായണേട്ടൻ സമ്മതിച്ചു. ''ദാ വരുന്നുണ്ട്...'' അച്ചു അവരെ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോളാ സമാധാനം ആയെ...

ഓടി വന്നു രണ്ടും കേറി. കിതക്കുന്നത് കണ്ട അനന്ദു വേഗം അനുവിന് വെള്ളം എടുത്ത് കൊടുത്തു. അവളാ ബോട്ടിൽ തീർത്തു. ഷഹന എന്റെ കയ്യിലിരുന്ന ബോട്ടിൽ തട്ടി പറിച്ചു അത് കാലി ആക്കി. അവളുടെ മുഖം ദേഷ്യം കൊണ്ട് ബലൂണ് പോലെ വീർത്തിരുന്നു... @@@@@@@@@@@@@@@@@@@@@@@ ''എന്താടി നിന്റെ മുഖത്ത് കടന്നൽ കുത്തിയോ???'' ആദി കളിയാക്കിയപ്പോൾ എനിക്ക് ദേഷ്യം കൂടി. ''ദേ വെറുതെ എന്റെ കയ്യീന്ന് കിട്ടേണ്ടേങ്കിൽ മിണ്ടാതിരുന്നോ..'' അത് കേട്ടതും എല്ലാരും ചിരി നിർത്തി അനുവിനെ നോക്കി... ''എന്താടി??'' നീനു അവളോട് ചോദിച്ചു. ''ആ തെണ്ടി പിന്നേം പണി തന്നെടി...'' അവൾ ദേഷ്യത്തോടെ പറഞ്ഞു. ''ആര്??'' അനന്ദു ചോദിച്ചു. ''അവൾ ആ ജീന, പ്രിൻസിക്ക് പരാതി കൊടുത്തിരിക്കുന്നു, നമ്മൾ അവര് കളിയ്ക്കാൻ വച്ചിരുന്ന പാട്ടു മോഷ്ടിച്ച് എന്ന്.'' ഞാൻ ദേഷ്യം കൊണ്ട് ബോട്ടൽ അമർത്തി. അത് ചളുങ്ങി പോയി. ഞാനതു ആദിക്കു കൊടുത്തു. ''നോ താങ്ക്സ്.. മോള് തന്നെ വച്ചോ. ഇനിയും ദേഷ്യം വരുമ്പോ ഉപയോഗിക്കാം. ഞങ്ങളെ തടി രക്ഷപ്പെടുമല്ലോ.''

ആദി അത് പറഞ്ഞപ്പോ ചിരി വന്നു പോയി. ''എന്താ സംഭവം ഞങ്ങക്കൊന്നും മനസ്സിലായില്ല.'' അജു പറഞ്ഞു. ജീനയെ പറ്റിയും മുമ്പുണ്ടായ പ്രശ്നങ്ങളെ പറ്റിയും അനു അവർക്കു പറഞ്ഞു കൊടുത്തു. ''അതിനു ഇപ്പൊ എന്താ പറ്റിയേ??'' ആദി ചോദിച്ചു. ''അത് ഓണം വക്കേഷൻ കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളെ കോളേജിൽ ടാലെന്റ്റ് ഫെസ്റ്റ് ഉണ്ട്. അതിൽ ഡാൻസ് ചെയ്യാനായി ഞങ്ങൾ മൂന്നാലു പാട്ടുകൾ കണ്ടു വച്ചിരുന്നു. പ്രാക്റ്റീസും തുടങ്ങി. ഇന്ന് ആ അലവലാതികൾ പോയി കംപ്ലൈന്റ്റ് കൊടുത്തിരിക്കുന്നു അത് അവരാണ് ആദ്യം സെലക്ട് ചെയ്തതു എന്നും ഞങ്ങൾ അവരെ പാട്ടുകൾ കോപ്പി അടിച്ചതാണെന്നും. പ്രിൻസി നോക്കിയപ്പോ ഞങ്ങൾ ലിസ്റ്റ് കൊടുക്കുന്നതിന് ഒരു 10 മിനിറ്റ മുന്നേ അവർ കൊടുത്തിട്ടുണ്ട്. ഇതിന് ആ ശ്രീനിഷയും കൂട്ട് നിന്നിട്ടുണ്ട്. അവളാണ് ഫെസ്റ്റിന്റെ കൺട്രോളർ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''അതിനിപ്പോ എന്താ?? നിങ്ങക്ക് പുതിയ പാട്ടു തീരുമാനിച്ചാ പോരെ.'' അജു എല്ലാത്തിനും സമാധാനം കണ്ടുപിടിച്ച രീതിയിൽ ചോദിച്ചു. ''അതാണ് പ്രശ്നം. സമയം കഴിഞ്ഞു,

അതിന്റെ ലിസ്റ്റ് ഒക്കെ ആയി. ഇനി ബുദ്ധിമുട്ടാണ്.. പിന്നെ ഇങ്ങനൊരു പ്രശ്നം ആയതോണ്ട് പണിഷ്മെന്റ് ആയി പ്രിൻസി ഞങ്ങളോടിതിൽ പങ്കെടുക്കണ്ടാന്നു പറഞ്ഞു.'' അനു സങ്കടത്തോടെ പറഞ്ഞു. ''അല്ലെങ്കിലും ആ ശ്രീനിഷയ്ക്ക് നമ്മളോട് കലിപ്പാണല്ലോ.. നമ്മൾ ഇല്ലായിരുനെങ്ങിൽ അവൾ ചെയർപേഴ്സൺ ആയേനെ, ഇപ്പൊ വൈസ് ചെയർപേഴ്സൺ ആണല്ലോ.. പിന്നെ കഴിഞ്ഞ രണ്ടു കൊല്ലവും നമ്മളാണല്ലോ ഫസ്റ്റ വാങ്ങിയേ. അതിനു ആ ബിബിഎം കാർക്ക് നമ്മളോട് അല്ലെങ്കിലേ അസൂയയാ.. തെണ്ടികൾ, മരപ്പട്ടികൾ....'' നീനു ദേഷ്യത്തോടെ പറഞ്ഞു... ''ഹൈ ഹൈ, മ്ലേച്ഛം. നിങ്ങള് പെണ്കുട്ടിയോൾ ഇങ്ങനെ വൃത്തികെട്ട ഭാഷ സംസാരിക്കല്ലേ... തെറി പറയാതെ അവർക്കു നല്ല പണി എന്തെങ്കിലും കൊടുക്കുന്നതിനെ പറ്റി ആലോചിക്കൂ.'' ആദി ഒരു നമ്പൂതിരിയെ പോലെ അഭിനയിച്ചോണ്ടു പറഞ്ഞു. ''അതെന്താ, ചീത്ത വാക്കുകൾ ആൺപിള്ളേർക്കു മാത്രം ഉള്ളതാണോ. നമ്മള് പറഞ്ഞാലെന്താ കുഴപ്പം." അനു അവന്റെ നേരെ കയർത്തു. "അതെ അവളുമാര് ചെയ്തത് വച്ച് ഇതല്ല ഇതിനേക്കാൾ സ്റ്റാൻഡേർഡ് ഉള്ള തെറി ആണ് പറയേണ്ടത്." നീനുവും പറഞ്ഞു. "ആല്ലെടാ, ആദി പറഞ്ഞതാ ശെരി. ചീത്ത വിളിച്ചിട്ടൊന്നും കാര്യമില്ല അവർക്കു നല്ല ആടാറു പണി നമ്മള് കൊടുത്തിരിക്കും..."

ഞാൻ അവരെ നോക്കി പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ "പ്ലീസ് ഷാനു നീ മാത്രം ചുരിദാർ ആയാൽ എന്തോ പോലെ... കഴിഞ്ഞ രണ്ടു വർഷവും നിനക്ക് വേണ്ടി ഞങ്ങൾ ചുരിദാർ ഇട്ടു വന്നില്ലേ.. ഈ വട്ടം നമുക്ക് സാരി ഉടുക്കാം.. അല്ലെങ്കി ദാവണി..." മൂന്നാളും കൂടി ഷഹനയെ കൊണ്ട് സാരി ഉടുക്കാൻ സമ്മതിപ്പിക്കാനുള്ള ശ്രമത്തിലാണ്. "എന്റെ മക്കളെ നിങ്ങക്കെന്താ പറഞ്ഞാ മനസ്സിലാവാത്തെ... ഞാൻ സാരി ഉടുത്തു ബസിൽ കേറിയ ഇറങ്ങുമ്പോ ഞാൻ പുറത്തേക്കും സാരി വല്ലവരുടെയും കഴുത്തിലും കിടക്കും. എനിക്ക് പറ്റില്ലെടാ മാനേജ് ചെയ്യാൻ." അവളവരോട് പറയുന്ന കേട്ടപ്പോ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.. "എന്തോന്നാടി, പെൺപിള്ളേരായാൽ അതൊക്കെ മാനേജ്‌ ചെയ്യാൻ പറ്റണം." അവളെന്നെ ദഹിപ്പിക്കുന്ന പോലെ നോക്കി. "അയ്യടാ ഒരു മുണ്ടുടുത്താൽ ഫസ്റ്റ് നൈറ്റിന് മുന്നേ സസ്പെൻസ് പുറത്തായാലോ എന്ന് പേടിയുള്ള ആളാ അവളോട് ഡയലോഗ് അടികുന്നെ..." അജു അത് പറഞ്ഞപ്പോ ഞാനാകെ ചമ്മി.. അവരെല്ലാം ചിരിച്ചു... "മുമ്ബ് മുണ്ട് ഉടുത്തിട്ടു ഇയാളുടെ സസ്പെൻസ് എങ്ങാനും പുറത്തായിട്ടുണ്ടോ???"

ഷഹന ചിരിച്ചോണ്ട് ചോദിച്ചു.. അത് കേട്ടപ്പോൾ എല്ലാരും പൊട്ടിച്ചിരിച്ചു. "പോടീ... നീയൊക്കെ കണ്ടോ, നാളെ ഞാൻ മുണ്ട് ഉടുത്തോണ്ടു വരും. നാക്കടിക്കാതെ പറ്റുമെങ്കി അവര് പറയുന്ന പോലെ ചെയ്യടി.." "ഓ അങ്ങനെ പേടിപ്പിച്ചു എന്നെ കൊണ്ട് ആരും ഒന്നും ചെയ്യിക്കാമെന്നു വിചാരിക്കണ്ട." അവൾ വാശിയോടെ പറഞ്ഞു. "അല്ലെങ്കിലും ഈ സോഡാ കുപ്പിയും വച്ചു നീ സാരി ഉടുത്താൽ ചിമ്പാൻസിക്ക് സാരി ഉടുത്തൊടുത്ത പോലെ ഉണ്ടാവും..." ഞാൻ പറഞ്ഞത് കേട്ടതും അവൾ കയ്യിലിരുന്ന ബോട്ടിൽ എന്റെ നേരെ എറിഞ്ഞു.. "പോടാ മാക്രി, കാണിച്ചു തരാം" എന്നും പറഞ്ഞു ബസ്സീന്നു ഇറങ്ങി. @@@@@@@@@@@@@@@@@@@@@@ വല്യ കാര്യം പോലെ ആദിയെ കളിയാക്കി. ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല... മുമ്പൊരിക്കൽ സ്കൂളിൽ ഒരു പരിപാടിക്ക് സാരി ഉടുത്തതാ. നടന്നു വീടിന്റെ ഗേറ്റ് എത്തിയതും എല്ലാം ഊരിപ്പോയി. തിരിച്ച വീട്ടിക്കേറി അത് മാറ്റി ഒരു ചുരിദാറിട്ടാ പോയത്.

ആ ഞാൻ സാരി ഉടുത്തു ബസിൽ എങ്ങനെ വരും എന്ന് ആലോചിച്ച എനിക്ക് വട്ടായി.. "നീ എന്തിനാ പേടിക്കുന്നെ.. നീ രാവിലെ അമ്മേടെ അടുത്ത് വാ, നല്ല അടിപൊളി ആയി ഊരാത്ത രീതിയിൽ 'അമ്മ ഉടുപ്പിച്ചു തരും." അനു എന്നെ സമാധാനിപ്പിച്ചു. "പോടീ എനിക്ക് വയ്യ, അതെങ്ങാനും ഊരിപ്പോയാ മാനം പോവും. പിന്നെ എന്റെ കയ്യിലോ ഉമ്മാന്റെ കയ്യിലോ സെറ്റ് സാരി ഇല്ല. ഉണ്ടായതിൽ ഹന്ന എന്തോ കറയും ആക്കി". ഞാൻ പറഞ്ഞതു കേട്ടപ്പോ അനു എന്നെ അടിച്ചു. "എന്താടി എന്റെ അമ്മേ്ടത് നീ ഉടുക്കില്ലേ..." "പോടീ, അത് കൊണ്ടല്ല എനിക്ക് പേടി ആയോണ്ടാ.. ഏതായാലും നമുക്ക് എന്തെങ്കിലും വഴി കാണാം...വാ.." ഞങ്ങൾ വീട്ടിലേക്കു നടന്നു. @@@@@@@@@@@@@@@@@@@@@@@ "ആഹാ നല്ല മൊഞ്ജനായിട്ടുണ്ടല്ലോ. മുണ്ട് ഉടുത്തപ്പോ എന്റെ ഇക്ക സൂപ്പർ ആയല്ലോ.. വാ നമ്മക്ക് സെൽഫി എടുക്കാം.." ആലിയ ആണ്. "എന്താ ആവശ്യം. ഇത്ര പതപ്പിക്കണ്ട. ഞാൻ രാവിലെ കുളിച്ചതാ മോള് കാര്യം പറ..." ഞാൻ പറഞ്ഞു.

എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമേ അവളിങ്ങനെ ഒക്കെ പറയാറുള്ളൂ. അല്ലെങ്കി എത്ര നല്ല ഡ്രസ്സ് ആയാലും കുറ്റമേ പറയുള്ളു. "അതെ എന്നെ ഒന്ന് സ്കൂളിൽ വിട്ടു തരോ??? സാരി ഉടുത്തു ബസിൽ കേറാൻ പറ്റാത്തൊണ്ട." ആലി ഇളിച്ചോണ്ടു പറഞ്ഞു. "അപ്പൊ എനിക്ക് കോളേജിൽ പോണ്ടേ????" ഞാൻ ദേഷ്യപ്പെട്ടു. "ഇക്ക എന്നെ വിട്ടു ബൈക്കിൽ പൊയ്ക്കോ. ഇന്ന് ഓണാഘോഷം ആയോണ്ട് കുറച്ച ലേറ്റ് ആയ കുഴപ്പമില്ലല്ലോ..." അവൾ പറഞ്ഞു. "എന്നെ കൊണ്ട് വയ്യ. പ്രത്ത്യേഗിച് മുണ്ട് ഉടുത്തോണ്ടു.. നീ പോയെ.." ഞാൻ അവളെ ഓടിച്ചു. ബൈക്കിൽ പോയാൽ അവരെയൊന്നും കാണാൻ പറ്റില്ല... അവൾക്കു മുന്നിലൂടെ മുണ്ടുടുത്തു നടക്കണം എന്നുള്ളത് വാശിയാണ്. പിന്നെ അവൾ സാരി ഉടുക്കാനുള്ള ഒരു സാധ്യതയും ഇല്ലാത്തോണ്ട് കളിയാക്കാൻ നല്ല ചാൻസ് ആണ്. ഓരോന്ന് ചിന്ദിച്ചു ചിരിച്ചോണ്ട് ഇരിക്കുമ്പോളാണ് ഒരു ശബ്ദം

"നീ ഇവളെ വിട്ടിട്ടു കോളേജിലേക്ക് പോയ മതി.." തിരിഞ്ഞു നോക്കിയപ്പോ ഉപ്പ, കൂടെ ആലിയും "ഉപ്പ എനിക്ക് പറ്റില്ല... അവൾ സ്ഥിരമായി ബസിൽ അല്ലെ പോവാറ്, പിന്നെന്താ." ഞാൻ ഉപ്പാനോട് പറഞ്ഞു. "എടാ അവൾ സാരി ഉടുത്തല്ലേ പോവുന്നെ.. അതും ആദ്യമായി. എത്ര ബുദ്ധിമുട്ടാണ് എന്നറിയോ നിനക്ക് ഇതും ഉടുത്തു നടക്കാൻ." ഉമ്മയും അവരുടെ കൂടെ കൂടി. "എനിക്കും ആസിഫിനും കുറച്ചു തിരക്കുണ്ട് ഇല്ലെങ്കി ഞങ്ങൾ കൊണ്ട് വിട്ടേനെ." എന്നും കൂടി ഉപ്പ പറഞ്ഞപ്പോ 'പെട്ടു'എന്ന് എനിക്ക് മനസ്സിലായി. എന്നാലും എനിക്കെന്റെ ഫ്രണ്ട്സിന്റെ കൂടെ പോണമെന്നു പറയാൻ തുടങ്ങിയതും വേറൊരു ശബ്ദം കൂടി കേട്ടു. ഞാനാ ഭാഗത്തേക്ക് നോക്കി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story